എൻ. രാമചന്ദ്രൻ
ബി.ആർ.പി. ഭാസ്കർ
കേരളത്തിലെ ഇടതു പരിസരം രൂപപ്പെടുത്തിയ തലമുറയുടെ ഭാഗമായിരുന്നു അന്തരിച്ച കേരള കൌമുദി എഡിറ്റോറിയൽ അഡ്വൈസർ എൻ. രാമചന്ദ്രൻ. നന്നെ ചെറുപ്പത്തിൽ അദ്ദേഹം രാഷ്ട്രീയപ്രവർത്തനവും പത്രപ്രവർത്തനവും ആരംഭിച്ചു. രാഷ്ട്രീയരംഗത്ത് ഉയരാനുള്ള സാദ്ധ്യതയുണ്ടായിരുന്നിട്ടും അദ്ദേഹം അതു വേണ്ടെന്നുവെച്ച് പത്രപ്രവർത്തനത്തിൽ ഉറച്ചു നിന്നു. അദ്ദേഹത്തിന്റെ ജീവിതം “പഴയ യോദ്ധാക്കൾ മരിക്കുന്നില്ല, അവർ മങ്ങിമറയുന്നു” എന്ന ഇംഗ്ലീഷ് ചൊല്ല് അന്വർത്ഥമാക്കുന്നു.
രാമചന്ദ്രനുമായുള്ള എന്റെ ബന്ധം വിദ്യാർത്ഥികാലത്ത് തുടങ്ങിയതാണ്. നിയമവിദ്യാർത്ഥിയായി അദ്ദേഹം തിരുവനന്തപുരത്ത് എത്തുമ്പോൾ ഞാൻ ഇന്റർമീഡിയേറ്റ് വിദ്യാർത്ഥിയാണ്. കുറച്ചു കാലം ഞങ്ങൾ ഒരേ ലോഡ്ജിലായിരുന്നു താമസം. ലോ കോളെജിലെ സഹപാഠിയും ഉറ്റമിത്രവുമായിരുന്ന പട്ടത്തുവിള കരുണാകരൻ ചന്ദ്രനെ – അങ്ങനെയാണ് സുഹൃത്തുക്കൾക്കിടയിൽ അദ്ദേഹം അറിയപ്പെട്ടിരുന്നത് – കാണാൻ എന്നും അവിടെ എത്തിയിരുന്നു. മിക്ക ദിവസവും ഞാനും അവരുടെ സംഭാഷണങ്ങളിൽ പങ്ക് ചേരും. അത് എന്റെ രാഷ്ട്രീയ വിദ്യാഭ്യാസത്തിന്റെ ഭാഗമായി. ഒരു ദിവസം ഞങ്ങൾ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ അടുത്തുള്ള ട്രെയ്‌ഡ് യൂണിയൻ ആപ്പീസിൽ നിന്ന് ഒരാൾ വന്ന് അടുത്ത ദിവസം തെരഞ്ഞെടുപ്പു നടക്കുന്ന കഴക്കൂട്ടം മണ്ഡലത്തിൽ ഇടതു മുന്നണി സ്ഥാനാർത്ഥിയുടെ പോളിങ് ഏജന്റുമാരായി പ്രവർത്തിക്കാൻ ആളെ വേണമെന്ന് പറഞ്ഞു. ഞങ്ങൾ ഉടൻ തന്നെ സമ്മതം അറിയിച്ചു.
സംഭവം 1948ലാണ്. തിരുവിതാംകൂറിൽ സ്വാതന്ത്ര്യപ്രാപ്തിക്കു ശേഷമുള്ള
ആദ്യ തെരഞ്ഞെടുപ്പ് നടക്കുന്നു. പ്രായപൂർത്തിയായ എല്ലാവർക്കും വോട്ടവകാശമുള്ള ആദ്യ
തെരഞ്ഞെടുപ്പാണ്. തിരുവിതാംകൂറിന് ഭരണഘടന ഉണ്ടാക്കുന്നതിനായി കോൺസ്റ്റിറ്റുവന്റ് അസംബ്ലി
രൂപീകരിക്കുകയാണ് ലക്ഷ്യം.(പ്രത്യേക ഭരണഘടന എന്ന ആശയം പിന്നീട് ഉപേക്ഷിക്കപ്പെട്ടു.)
സ്വാതന്ത്ര്യ സമരം നയിച്ച കക്ഷിയെന്ന നിലയിൽ കോൺഗ്രസ് വമ്പിച്ച ഭൂരിപക്ഷത്തോടെ ജയിക്കുമെന്ന
കാര്യത്തിൽ ആർക്കും സംശയമുണ്ടായിരുന്നില്ല. എങ്കിലും ബൂർഷ്വാ കക്ഷിയായ കോൺഗ്രസിനെ എതിർക്കണമെന്ന് ഇടതുപക്ഷം
തീരുമാനിച്ചു. ഇടതുപക്ഷമെന്നാൽ കേരളാ സോഷ്യലിസ്റ്റ് പാർട്ടിയും നിരോധിക്കപ്പെട്ടിരുന്ന
കമ്മ്യൂണിസ്റ്റ് പാർട്ടിയും. തെരഞ്ഞെടുപ്പു കഴിഞ്ഞാലുടൻ തിരുവിതാംകൂറിന്റെ പ്രധാനമന്ത്രി
ആകേണ്ട പട്ടം താണുപിള്ളക്കെതിരെ തിരുവനന്തപുരത്ത് മത്സരിച്ചത് കെ.എസ്.പി. നേതാവ് എൻ.
ശ്രീകണ്ഠൻ നായർ. കൊല്ലത്ത് ആർ. ശങ്കറിനെതിരെ ടി.കെ. ദിവാകരൻ. കഴക്കൂട്ടത്തെ കോൺഗ്രസ്
സ്ഥാനാർത്ഥി കെ.ആർ. ഇലങ്കത്തിന്റെ എതിരാളി കരുതൽ തടങ്കൽ നിയമപ്രകാരം ജയിലിൽ കഴിയുന്ന
കമ്മ്യൂണിസ്റ്റുകാരനായ കാട്ടായിക്കോണം ശ്രീധർ. കഴക്കൂട്ടത്തെ പോളിങ്ങിനു ശേഷം ദിവാകരനുവേണ്ടി
പ്രവർത്തിക്കാൻ കൊല്ലത്തെക്കു പോയതോടെ ചന്ദ്രന്റെ നിയമപഠനം അവസാനിച്ചു.
എന്റെ അച്ഛൻ, എ.കെ. ഭാസ്കർ, കൊല്ലത്തുനിന്ന് നവഭാരതം എന്ന പേരിൽ ആരംഭിച്ച
ദിനപത്രത്തിലാണ് രാമചന്ദ്രൻ പത്രപ്രവർത്തനം തുടങ്ങിയത്. ദീർഘകാലം മലയാളരാജ്യം പത്രത്തിൽ
പ്രവർത്തിച്ചിരുന്ന എൻ. ബാപ്പുറാവുവും കേരള കൌമുദിയിൽ നിന്നു വന്ന കെ. കാർത്തികേയനുമായിരുന്നു
മുഖ്യപത്രാധിപന്മാർ. ചന്ദ്രൻ ബാപ്പുറാവുവിന്റെ നേതൃത്വത്തിലുള്ള ടീമിലായിരുന്നു. ആദ്യകാലപത്രപ്രവർത്തകർ സമൂഹികമൊ
രാഷ്ട്രീയപരമൊ ആയ ദൌത്യത്തിന്റെ ഭാഗമായി ആ തൊഴിൽ മേഖല തെരഞ്ഞെടുത്തവരായിരുന്നു. അത്തരം പരിഗണനകൾ കൂടാതെ പത്രപ്രവർത്തകമായ വ്യക്തിയായിരുന്നു ബാപ്പുറാവു. ആ നിലയ്ക്ക് മലയാളത്തിലെ ആദ്യ പ്രൊഫഷനൽ പത്രാധിപർ എന്ന
ബഹുമതി അദ്ദേഹത്തിന് അവകാശപ്പെട്ടതാണ്. ഒഴിവു സമയങ്ങളിൽ നവഭാരതത്തിലെ പത്രപ്രവർത്തകർക്കൊപ്പം
ധാരാളം സമയം ചെലവഴിച്ചിരുന്ന ഞാൻ ആദ്യഗുരുവായി കരുതുന്നത് അദ്ദേഹത്തെയാണ്.
ഇടതുപക്ഷ
കക്ഷികളെ സംബന്ധിക്കുന്ന വാർത്തകൾ ആദ്യമായി പ്രത്യക്ഷപ്പെട്ടത് നവഭാരതത്തിന്റെ
താളുകളിലാണ്. അതിന്റെ പിന്നിൽ ഡസ്കിൽ പ്രവർത്തിച്ചിരുന്ന ചന്ദ്രൻ, റിപ്പോർട്ടർമാരായിരുന്ന
ആർ. ലക്ഷ്മണൻ, എ.ആർ. കുട്ടി എന്നിവരുടെ താല്പര്യം പ്രകടമായിരുന്നു.
ആദ്യം
കെ.എസ്.പി.യോടും പിന്നീട് അതു വിട്ട് ബംഗാളിലെ ആർ.എസ്.പി.യുമായി
കൈകോർത്ത ശ്രീകണ്ഠൻ നായർ വിഭാഗത്തോടും ആഭിമുഖ്യം പുലർത്തിയിരുന്ന
രാമചന്ദ്രൻ രാഷ്ട്രീയരംഗത്തും
ട്രെയ്‌ഡ് യൂണിയൻ രംഗത്തും സജീവമായിരുന്നു. കെ.എസ്.പി. നേതാക്കൾ പതിവായി
പ്രസംഗം ആരംഭിച്ചിരുന്നത്
“ഞങ്ങൾ മാർക്സിന്റെ തത്വസംഹിതയിലും ലെനിന്റെ വിശദീകരണത്തിലും
വിശ്വസിക്കുന്നു” എന്നു
പ്രഖ്യാപിച്ചുകൊണ്ടാണ്. സ്റ്റാലിനിസത്തെ അംഗീകരിക്കാനാകാത്തതു കൊണ്ടാണ്
തങ്ങൾ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പോകാത്തതെന്ന് ആ പ്രസ്താവം വ്യക്തമാക്കി.
ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ
ആശയസമരത്തിൽ സ്റ്റാലിനെതിരെ ട്രോട്സ്കിക്കൊപ്പമായിരുന്നു അവർ. സ്റ്റാലിൻ
ട്രോട്സ്കിയെ
വർഗ്ഗവഞ്ചകനും കുലംകുത്തിയും പരനാറിയുമായൊക്കെ ചിത്രീകരിക്കുകയും
അദ്ദേഹത്തിനെതിരെ
കടുത്ത അവമതിപ്പ് ഉണ്ടാക്കുകയും ചെയ്തതുകൊണ്ട്
ട്രോട്സ്കിയൈറ്റുകളാണെന്ന് തുറന്നു പറയാൻ അവർ മടിച്ചു.
എ.ഡി. കോട്ടൺ മില്ലിലെ തൊഴിലാളി
സമരത്തെ തുടർന്ന് ശ്രീകണ്ഠൻ നായർ ജയിലിലായപ്പോൾ അത് മുന്നോട്ടു കൊണ്ടുപോകുന്ന ചുമതല
യൂണിയന്റെ ആക്ടിങ് പ്രസിഡന്റെന്ന നിലയിൽ രാമചന്ദ്രനിലായി. ചില അക്രമസംഭവങ്ങളെ തുടർന്ന് പൊലീസ്
രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായതോടെ അദ്ദേഹം ഒളിവിൽ പോയി. തന്മൂലം നവഭാരതത്തിന്റെ പ്രസിദ്ധീകരണം
കൊല്ലത്തു നിന്ന് തിരുവനന്തപുരത്തേക്ക് മാറ്റിയപ്പോൾ ചന്ദ്രൻ അവിടെ ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ
ഉപദേശപ്രകാരം പി.കെ.ബാലകൃഷ്ണൻ, സി.എൻ. ശ്രീകണ്ഠൻ നായർ എന്നിവരെ അച്ഛൻ പത്രാധിപസമിതിയിൽ
ഉൾപ്പെടുത്തി. അവരുടെ സാന്നിദ്ധ്യം സമാനചിന്താഗതിക്കാരായ ചിലരെ നവഭാരതം ആപ്പീസിലെ പതിവ്
സന്ദർശകരാക്കി. തകഴി ശിവശങ്കരപ്പിള്ളയും അടൂർ ഭാസിയും അക്കൂട്ടത്തിൽ പെടുന്നു.
സി.
കേശവൻ തിരു-കൊച്ചി മുഖ്യമന്ത്രിയായതോടെ രാഷ്ട്രീയ സാഹചര്യം മാറി. കോട്ടൺ മിൽ സമരം സംബന്ധിച്ച്
അറസ്റ്റു ചെയ്തവരെ വെച്ചു പൊലീസ് അതിനകം കേസിലെ നടപടികൾ പൂർത്തിയാക്കിയിരുന്നു. രാമചന്ദ്രനെ
പിടികൂടിയാൽ വീണ്ടും സാക്ഷികളെ ഹാജരാക്കി കേസ് നടത്തേണ്ടി വരുമെന്നതുകൊണ്ട് പൊലീസിന്
അറസ്റ്റിൽ താല്പര്യമില്ലാതായി. ഈ സാഹചര്യത്തിൽ ഒളിവു ജീവിതം അവസാനിപ്പിച്ച് തിരികെ
ജോലിയിൽ പ്രവേശിക്കാൻ അച്ചൻ നിർദ്ദേശിച്ചു.
നവഭാരതത്തിന്റെ
പ്രസിദ്ധീകരണം
നിലച്ചശേഷം കേരളകൌമുദിയിലെത്തിയ രാമചന്ദ്രൻ 62 കൊല്ലത്തെ സേവനത്തിനിടയിൽ
അവിടെ
മുഖപ്രസംഗം എഴുത്തുകാരനും റസിഡന്റ് എഡിറ്ററും എഡിറ്റോറിയൽ അഡ്വൈസറുമായി.
പത്രത്തിന്റെ ദീർഘകാല വായനക്കാരുടെ മനസുകളിൽ സ്ഥാപക പത്രാധിപർ കെ. സുകുമാരനും എം.എസ്. മണിക്കുമൊപ്പം രാമചന്ദ്രൻ സ്ഥാനം
പിടിച്ചു. രാഷ്ട്രീയ നിയോഗങ്ങൾ ഏറ്റെടുക്കാൻ അദ്ദേഹം രണ്ട് തവണ -- ആർ.എസ്.പിയിൽ സഹപ്രവർത്തകനായിരുന്ന
ടി.കെ. ദിവാകരൻ മന്ത്രിയായപ്പോൾ അദ്ദേഹത്തിന്റെ സെക്രട്ടറിയായി പ്രവർത്തിക്കാനും പി.
എസ്.സി. അംഗമായി സേവനമനുഷ്ടിക്കാനും -- താൽക്കാലികമായി പത്രപ്രവർത്തനം വിടുകയുണ്ടായി.
രണ്ട് തവണയും പത്രപ്രവർത്തനമാണ് തന്റെ മണ്ഡലമെന്ന തിരിച്ചറിവ് അദ്ദേഹത്തെ തിരിച്ചെത്തിച്ചു.
കെ. ബാലകൃഷ്ണന്റെ പത്രാധിപത്യത്തിലുള്ള കൌമുദി വാരികയിൽ എഴുതിയിരുന്ന പംക്തിയിലൂടെ
നേരത്തെ തന്നെ അദ്ദേഹം പക്വമതിയും സൂക്ഷ്മദൃക്കുമായ രാഷ്ട്രീയ നിരീക്ഷകൻ എന്ന നിലയിൽ
ശ്രദ്ധിക്കപ്പെട്ടിരുന്നു. പിൽക്കാലത്ത് കൊല്ലത്തു നിന്നുള്ള കേരളശബ്ദം വാരികയിലും
അദ്ദേഹം പംക്തികാരനായി. ആശയങ്ങളുടെ ലോകത്ത് വ്യാപരിച്ച പത്രപ്രവർത്തകനായിരുന്നു
അദ്ദേഹം.
ചിന്തയിലെ കൃത്യതയും സരളതയും അദ്ദേഹത്തിന്റെ മുഖപ്രസംഗങ്ങളിലും
പംക്തികളിലും പ്രതിഫലിച്ചു. ആരെയും മുറിവേല്പിക്കാതെ തന്നെ നിശിതമായി
വിമർശിക്കാനുള്ള അസാധാരണമായ കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു.
വ്യക്തിയെന്ന നിലയിലും പത്രപ്രവർത്തകനെന്ന നിലയിലും എൻ. രാമചന്ദ്രനിൽ
നിറഞ്ഞു നിന്ന നന്മകളുടെ ഉറവിടം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന് ന നവോത്ഥാന മൂല്യങ്ങളാണ്.
അദ്ദേഹത്തിന്റെ അച്ഛൻ പി.ആർ. നാരായണനും അമ്മ പി.ആർ. മന്ദാകിനിയും ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ
പ്രവർത്തകരായിരുന്നു. പി.ആർ. നാരായണൻ ടി.കെ. മാധവനോടൊപ്പം ദേശാഭിമാനിയിലും സി.വി. കുഞ്ഞുരാമനോടൊപ്പം
കൌമുദിയിലും പ്രവർത്തിച്ചിരുന്നു. പി.ആർ. മന്ദാകിനി സ്ത്രീകൾക്കുവേണ്ടിയുള്ള സഹോദരി
എന്ന മാസികയുടെ പത്രാധിപയായിരുന്നു. നവോത്ഥാനമൂല്യങ്ങൾ സ്വാംശീകരിക്കുകയും അവയെ രാഷ്ട്രീയം,
പത്രപ്രവർത്തനം തുടങ്ങി വിവിധ മേഖലകളിലേക്ക് സംക്രമിപ്പിക്കാൻ യത്നിക്കുകയും ചെയ്ത
നിരവധി പേർ ആ ഘട്ടത്തിൽ വിവിധ മണ്ഡലങ്ങളിൽ ഉയർന്നു വന്നിരുന്നു. ആ ജനുസിൽ പെട്ട അവസാന
കണ്ണികളിലെന്നാണ് രാമചന്ദ്രന്റെ ചരമത്തോടെ ഇല്ലാതായിരിക്കുന്നത്. (കലാകൌമുദി, ജൂൺ 22, 2014)
No comments:
Post a Comment