Sunday, June 8, 2014

മന്ത്രി മഞ്ഞളാംകുഴി അലിക്ക് ഒരു തുറന്ന കത്ത്



ജൂൺ 8, 2014

ബഹു. മഞ്ഞളാംകുഴി അലി,
നഗരകാര്യ, ന്യൂനപക്ഷക്ഷേമ മന്ത്രി

പ്രിയപ്പെട്ട മന്ത്രി അലി,

ഇന്നത്തെ മാധ്യമം ദിനപത്രത്തിൽ “അനാഥരുടെ കഞ്ഞിയിൽ മണ്ണിടരുത്“ എന്ന ശീർഷകത്തിൽ താങ്കൾ എഴുതിയിട്ടുള്ള ലേഖനം എന്നെ അത്ഭുതപ്പെടുത്തി. ജനങ്ങളുടെ കണ്ണിൽ മണ്ണിടരുത് എന്നാണ് എനിക്ക് താങ്കളോട് പറയാനുള്ളത്.

മതിയായ രേഖകളില്ലാതെ അന്യസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് കുട്ടികളെ കൊണ്ടുവന്നതിൽ ശരികേടുണ്ടെന്ന് സമ്മതിക്കാൻ താങ്കൾ തയ്യാറായതിൽ സന്തോഷമുണ്ട്. സംഭവത്തിൽ ഉൾപ്പെട്ടിരിക്കുന്ന സ്ഥാപനങ്ങളുടെ നടത്തിപ്പുകാരിൽ താല്പര്യമുള്ളതുകൊണ്ടാകണം ആ ശരികേടുകൾ കുറ്റകൃത്യങ്ങളാണെന്ന വസ്തുത അംഗീകരിക്കാൻ താങ്കൾക്ക് ബുദ്ധിമുട്ടുള്ളത്.

രേഖകൾ കൈവശപ്പെടുത്താനുള്ള പ്രായോഗികബുദ്ധിമുട്ടുകൾ മനസിലാക്കണമെന്ന് താങ്കൾ ആവശ്യപ്പെടുന്നു. ആ പ്രായോഗികബുദ്ധിമുട്ടുകൾ പരിഹരിച്ച രീതി മനസിലാക്കാൻ താങ്കളും ശ്രമിക്കണം. വ്യാജ സർട്ടിഫിക്കറ്റുകളിലൂടെയാണ് അവ പരിഹരിക്കപ്പെട്ടത്. അതിന്റെ ഉത്തരവാദിത്വം കുട്ടികൾക്കൊ രക്ഷിതാക്കൾക്കൊ അല്ല. അത്തരം  രേഖകൾ ചമയ്ക്കാനുള്ള അറിവും കുബുദ്ധിയുമുള്ളവരല്ല അവർ. അത് ചെയ്തത് ഇടനിലക്കാരാകണം. ഒറ്റനോട്ടത്തിൽ തന്നെ വ്യാജമെന്ന് മനസിലാക്കാനാകുന്ന രേഖകളായിരുന്നു പലതുമെന്ന് മാധ്യമങ്ങളിലൂടെ പുറത്തു വന്നിട്ടുള്ള വിവരത്തിൽ നിന്ന് വ്യക്തമാണ്. അക്ഷരാഭ്യാസവും സാമൂഹികമായ അറിവുകളുമില്ലാത്ത കുടുംബങ്ങളിൽ നിന്നുള്ള കുട്ടികളും അച്ഛനമ്മമാരും വ്യാജരേഖ എന്തെന്നും അതെങ്ങനെ തിരിച്ചറിയാമെന്നും അറിവുള്ളവരാകില്ല. പക്ഷെ ഇടനിലക്കാർ ആ അറിവുള്ളവരാണ്. 

രേഖകൾ സ്വീകരിച്ച അനാഥാലയ നടത്തിപ്പുകാർ അക്ഷരാഭ്യാസവും സാമൂഹികമായ അറിവുകളും ഉള്ളവരാണല്ലൊ. അവർക്ക് രേഖകൾ വ്യാജമാണെന്ന് തിരിച്ചറിയാനായില്ലെന്ന് വിശ്വസിക്കുവാൻ മാത്രം സാധുവും ബുദ്ധിഹീനനുമാണ് താങ്കളെന്ന് ഞാൻ കരുതുന്നില്ല. ഇത്തരം വ്യാജരേഖകളുടെ അടിസ്ഥാനത്തിലാണ് കേരള സർക്കാർ ചില അനാഥാലായങ്ങൾക്ക് പണം നൽകിയത്. കഴിഞ്ഞ ദിവസം ഒരു ചാനൽ ചർച്ചയിൽ ഒരു അനാഥാലായ പ്രതിനിധി തങ്ങൾ അപേക്ഷ നൽകിയിട്ടല്ല സർക്കാർ ഗ്രാന്റ് നൽകിയതെന്ന് പറയുകയുണ്ടായി. അപേക്ഷ കൂടതെ അനാഥാലയ നടത്തിപ്പുകാരെ വിളിച്ചു വരുത്തി കാശു കൊടുക്കുന്ന പതിവും സർക്കാരിനുണ്ടോ? അതൊ ഉത്തരവാദിത്വത്തിൽ നിന്നൊഴിയാൻ ആ മനുഷ്യൻ കള്ളം പറയുകയായിരുന്നോ? അങ്ങനെയാണെങ്കിൽ അത് അനാഥാലയ നടത്തിപ്പുകാരുടെ സത്യസന്ധതെയെക്കുറിച്ച് സംശയങ്ങളുയർത്തുന്നു.

കേരളത്തിലെപ്പോലെ കാര്യക്ഷമമായി രാജ്യത്തെങ്ങും യത്തീംഖാനകൾ പ്രവർത്തിക്കുന്നില്ല എന്ന് താങ്കൾ പറയുന്നു. ഇപ്പോൾ നമ്മുടെ മുന്നിലുള്ള പ്രശ്നം അവയുടെ കാര്യക്ഷമതയല്ല, സത്യസന്ധതയാണ്. അവ നിയമങ്ങൾ പാലിക്കുന്നുണ്ടോ എന്നാണറിയേണ്ടത്. അക്കാര്യത്തിൽ മൌനം പാലിച്ചുകൊണ്ട് മറ്റ് വിഷയങ്ങളിലേക്ക് ശ്രദ്ധ തിരിച്ചു വിടാനാണ് താങ്കൾ ശ്രമിക്കുന്നത്. അതിനായി താങ്കൾ മുസ്ലീം സ്ഥാപനങ്ങളിൽ ക്രമക്കേടുണ്ടെന്ന് ആരെങ്കിലും പറഞ്ഞാൽ അതിന്റെ അടിസ്ഥാനം വർഗ്ഗീയതയാണെന്ന ദു:സൂചനയും നൽകുന്നു. മന്ത്രിയായ താങ്കൾ മതപരമായ പുകമറ സൃഷ്ടിച്ച് നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരെ സംരക്ഷിക്കാൻ ശ്രമിക്കുന്നത് അപലനീയമാണ്.

യത്തീംഖാനകൾ നല്ല പ്രവർത്തനം കാഴ്ചവെക്കുന്നുണ്ടെന്ന് ചൂണ്ടിക്കാണിക്കുമ്പോൾ ഒരു നല്ല കാര്യവും നല്ലതല്ലാത്ത കാര്യങ്ങൾ ചെയ്യാനുള്ള അവകാശം നൽകുന്നില്ലെന്ന് താങ്കൾ മനസിലാക്കണം. നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ നടന്നിട്ടുണ്ടെങ്കിൽ കുറ്റവാളികളെ നിയമത്തിനു മുമ്പിൽ കൊണ്ടുവരികതന്നെവേണം. ന്യൂനപക്ഷക്ഷേമത്തിനായുള്ള താങ്കളുടെ ശ്രമങ്ങൾ നേരായ വഴികളിലൂടെയാകട്ടെ.

ബി.ആർ.പി. ഭാസ്കർ

മന്ത്രി മഞ്ഞളാംകുഴി അലിയുടെ ലേഖനം ഇവിടെ വായിക്കാം

8 comments:

തെക്കു said...

Well said sir...

Unknown said...

കൊച്ചു കുട്ടികളെ കടത്തി കൊണ്ട് വന്നു അനധികൃതമായി യത്തീം ഖാനകളിൽ പാര്പിച്ചതിനെ ന്യായീകരിക്കാൻ സംസ്ഥാന ന്യൂനപക്ഷ മന്ത്രി, ന്യൂനപക്ഷ കമ്മീഷൻ . ഇങ്ങനെ ഒരു ആരോപണം എല്കേണ്ടി വരുന്നത് ഒരു ഹിന്ദു സ്ഥാപനമാണെങ്കിൽ എന്താകുമായിരുന്നു മതേതരന്മാരുടെ ബഹളം അമ്രിതാനന്ദമയിക്കെതിരെ കല്ലെറിഞ്ഞ സഖാക്കൾ ഇതൊന്നും കാണുന്നില്ലേ അതോ യത്തീം ഖാന നടത്തിപ്പിൽ പിണറായിക്കും പങ്കുണ്ടോ .മീഡിയ വണ്ണും ഇന്ത്യാവിഷനും ചന്ദ്രികയുമൊക്കെ ആരുടെ എന്ത് മതേതര താത്പര്യമാണ് സംരക്ഷിക്കുന്നത് സംസ്ഥാനം ഭരിക്കുന്ന മന്ത്രി ന്യൂനപക്ഷങ്ങളുടെ മാത്രം മന്ത്രിയല്ല എന്ന് ഓര്ക്കുന്നത് നന്ന്

ktahmed mattanur said...
This comment has been removed by the author.
ktahmed mattanur said...

അനാഥാലയത്തിന്റെ നടത്തിപ്പുകാർ ചെയ്ത തെറ്റെന്താണ്‍ എന്നതിൽ ഒതുങ്ങി നിന്ന് സംസാരിച്ച താങ്കളെ പോലുള്ളവരോട് ബഹുമാനം തോന്നുന്നു,ഈ തെറ്റുകൾ വേണ്ടപ്പെട്ടവർ ചെയ്തിട്ടുണ്ട് എന്നുള്ള സമ്മതമാണ് രേഖകൾ ശരിയാക്കാം,എന്നൊക്കെയുള്ള പ്രസ്താവനകൾ,എന്നാൽ സർ" ഇതാണോ മാധ്യമങ്ങൾ ചര്ച്ച ചെയ്യുന്നത്,സമൂഹം ബഹുമാനം നല്കുന്ന ജസ്റ്റിസ് ശ്രീദേവിയെ പോലുള്ളവർ ചാനൽ ചർച്ചകളിൽ വന്നു വിഷയത്തിൽ നിന്നും തികച്ചും മാറി ഭീഗരവാതവും അവയവകച്ചവടവും പെണ്വാണിഭവും വില്പനയും ചേര്ന്ന ഒരു വൻ ഗൂഡാലോചനയാണു അവിടെ നടക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്ന പറയുമ്പോൾ ആ തരം പ്രസ്ഥാവനകളെയാണ്‍ എതിർകേണ്ടി വരുന്നത് എന്നതിൽ ഒരു നിസ്സഹായതയുണ്ട്,മതം മാറ്റം പോലും അവിടെ നടക്കുന്നു എന്ന പറയുമ്പോൾ എത്ര നിസാരമായാണ്‍ അവർ അതിനെ കാണുന്നത് എന്ന് മനസിലാവും,ഈ ചോദ്യങ്ങൾ പൊതു സമൂഹത്തിന്റെ മുന്നിലേക്ക് ഇത്തരം പേർ ഇട്ടുകൊടുക്കുമ്പോൾ യഥാർത പ്രശ്നങ്ങളിൽ നിന്നും വിഷയം മാറി ആട് ഒരു ചെന്നായയാക്കപ്പെടുന്നു,ആ ബോധം വെറുതെയെങ്കിലും കല്ലെരിയുവാനുള്ള ഉൽസാഹമുണ്ടാക്കുകയും ചെയ്യും,ഉത്തരേന്ത്യൻ ചേരിക\ളിലെ കുറെ പാവപ്പെട്ട കുട്ടികള്ക്ക് വിദ്യാഭ്യാസവും വസ്ത്രവും പാര്പ്പിടവും നല്കുന്നു എന്ന നല്ല ഒരു ലക്ഷ്യത്തിനു വന്ന പാകപ്പിഴകൾ ഇത്രയും ഭീഭത്സമായ വാര്ത്താ പ്രാധാന്യം അർഹിക്കുന്നുണ്ടോ,അല്ല അതൊരു സമുദായം ഏറ്റെടുത്തു നടത്തുന്നു എന്നതോ? ആ കുട്ടികൾ ചേരിയിൽ തന്നെ തലമുറകള കഴിയേണ്ടവരാണ്‍ എന്ന വംശീയ ബോധമാണോ ഇതിലടങ്ങിയിട്ടുള്ളത്,,ജസ്റ്റിസ് ആരോപിക്കുമ്പോലെ എന്തെങ്കിലും ആ സ്ഥാപനത്തിൽ നടന്നിട്ടുള്ള കഴിഞ്ഞ കാല സമ്പവങ്ങൾ ഉണ്ടായിരുന്നെങ്കിൽ പറയുന്നതിന് ന്യായമുണ്ടാകുമായിരുന്നു,,ഈ തരം സ്ഥാപനങ്ങൾ നടത്തുന്നവരിൽ സാമ്പത്തികലാഭം കാണുന്നവർ ചിലര് കണ്ടേക്കാം,അതൊന്നും ഈ തരം ആരോപണങ്ങൾക് ഹേതുവല്ലല്ലോ,താങ്കള് മുകളിലെഴുതിയത് പോലെ രേഖകളെ കുറിച്ച് അറിവില്ലാത്ത ചേരികളിലെ കുട്ടികളെ മുൻപേ പഠിച്ചു കൊണ്ടിരിക്കുന്ന കുട്ടികളുടെ കൂടെയാണ്‍ വന്നിട്ടുള്ളത്,പുതിയതായി വന്ന കുട്ടികൾ പഠനത്തിലേർപെടുകയും തുടർന് ശരിയായ രേഖകൾ ഹാജരാക്കി നിയപപ്രകാരം പഠനം തുടരുകയും ചെയ്തവരാണ് അവിടെയുള്ള കൂടുതൽ കുട്ടികളും,കള്ളരേഖ തുടർ വിദ്യാഭ്യാസത്തിനു ഉപകരിക്കില്ലല്ലോ,അതെന്തായാലും നിയമപ്രകാരം തെറ്റ് എന്നു ഥാപങ്ങൾ അംഗീകരിക്കുന്നു,വിഷയം അവിടെ നില്കുന്നില്ല എന്നതിലാണ് കാര്യത്തിന്റെ ഗൌരവം ,ഒന്ന് കൂടി ലോകത്തുള്ള ഏതെങ്കിലും സ്ഥാപനം അവിടെ പഠിച്ചു പാതി വഴിയിൽ പഠനം ഉപേക്ഷിച്ച ,കല്ല്യാണം കഴിഞ്ഞു പോയി സ്ഥപനം വിട്ടു പോയ വിദ്യാർഥികളുടെ ഇപ്പോഴുള്ള അവസ്ഥ സൂക്ഷിക്കുന്നുണ്ടോ?,ഇത്തരം ചോദ്യങ്ങളിൽ ഒന്നും ഒളിഞ്ഞിരിക്കുന്നില്ല എന്ന് മനസിലാകാൻ പറ്റുമോ,നാല് നന്മ ചെയ്യുക,നല്ലത് ചിന്തിക്കുക,നമുക്ക് സമാധാനമുണ്ടാവുക തന്നെ ചെയ്യും.ഇനി ഒന്ന് കൂടി വലിയ വാര്ത്താ പ്രാധാന്യം കിട്ടിയ ഈ സമ്പവങ്ങൽ സർകാരിനു ആന്യേഷിച്ചേ പറ്റൂ,അനാഥാലയങ്ങൾ നടത്തുന്നവർ അതിന്റെ വാതിലുകൾ മലർകേ തുറന്നിടുകയും അന്ന്യേഷണം സ്വാഗതം ചെയ്യുകയും വേണം,നിങ്ങൾ സാമ്പത്തികമായ തിരിമറി നടത്തിയിട്ടുണ്ടെങ്കിൽ അതന്ന്യേഷിക്കുവാനല്ല സർക്കാർ വരുന്നത്,പൊതു സമൂഹത്തിൽ ഉള്ള സംശയ ദുരീകരണത്തിനു വേണ്ടിയാണു,അത് പോലെ മാധ്യമങ്ങൾ കഥ രചിക്കരുത്,കേരളത്തിലെ സൌഹാര്ടം തകര്തത്തിനു നിങ്ങളായിരിക്കും കാരണക്കാർ.

Rajeev said...

Really appreciate ur candid and honest views on child trafficking.I do not understand why these Muslim organisations are taking this issue as an affront on their right to run orphanages or schools in Kerala.

Rajeev said...

Really appreciate your open letter to expose the biased perspectives of Muslim organizations in the state.I do not understand why these people are not admitting this issue as a serious one involving child trafficking. ALL liberal and conscious people should support u for this timely intervention

Manikandan said...

ഇതൊക്കെത്തന്നെയല്ലെ ഈ മന്ത്രിയിൽ നിന്നും പ്രതീക്ഷിക്കാൻ പറ്റൂ. തെറ്റുചെയ്തവരെ ശിക്ഷിക്കണം. ഇവിടെ തെറ്റുകാർ കുട്ടികളോ അവരുടെ രക്ഷിതാക്കളോ അല്ല. മറിച്ച് അങ്ങ് ചൂണ്ടിക്കാട്ടിയപോലെ ഇടനിലക്കാരും അനാധാലയനടത്തിപ്പുകാരും ആണ്. അതിൽ അനാധാലയനടത്തിപ്പുകാർ ഭരണപക്ഷത്ത് മഞ്ഞളാംകുഴി അലിയെപ്പോലെ പലർക്കും വേണ്ടപ്പെട്ടവരാണ്. അതാണ് നടപടി എടുക്കുന്നതിൽ ഇത്രയും മടി.

Ravi said...

രേഖകൾ കൈവശപ്പെടുത്താനുള്ള പ്രായോഗികബുദ്ധിമുട്ടുകൾ മനസിലാക്കണമെന്ന് താങ്കൾ ആവശ്യപ്പെടുന്നു. ആ പ്രായോഗികബുദ്ധിമുട്ടുകൾ പരിഹരിച്ച രീതി മനസിലാക്കാൻ താങ്കളും ശ്രമിക്കണം. Veedu vackan aagraham ullavar swanthamayi rekhakal undaki pani thudangu. Okke sarkar pinne angeekarichu tharum. Avarkum ariyam yadhartha rekhakal undan ulla budhimuttu.............