Tuesday, June 10, 2014

ഏകകക്ഷിഭരണവും ഇന്ത്യയുടെ ഭാവിയും

ബി.ആർ.പി. ഭാസ്കർ
ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ് പൂർത്തിയായിരിക്കുന്നു. നരേന്ദ്ര മോഡുയുടെ നേതൃത്വത്തിൽ ഭാരതീയ ജനതാ പാർട്ടി കേന്ദ്രത്തിൽ അധികാരം നേടിയിരിക്കിന്നു. പത്തു കൊല്ലമായി കേന്ദ്രം ഭരിക്കുന്ന, കോൺഗ്രസ് നയിക്കുന്ന യുണൈറ്റഡ്  പ്രോഗ്രസീവ് അലയൻസ് (യു.പി.എ) സർക്കാരിനെ അഴിമതിയും കെടുകാര്യസ്ഥതയും വീഴ്ത്തുമെന്ന കാര്യത്തിൽ സംശയമുണ്ടായിരുന്നില്ല. എന്നാൽ രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ പ്രേരണയിൽ ബി.ജെ.പി. പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയ മോഡിയുടെ വൻ വിജയം ആ പാർട്ടിയും അദ്ദേഹവും പ്രതീക്ഷിച്ചതിനേക്കാൾ വലുതായി.

കോൺഗ്രസ് ക്ഷയിക്കുകയും രാജ്യമൊട്ടുക്ക് വേരോട്ടമുള്ള മറ്റൊരു കക്ഷി ഉയർന്നു വരാതിരിക്കുകയും ചെയ്ത സാഹചര്യത്തിൽ ഒറ്റക്കക്ഷി ഭരണത്തിന്റെ കാലം കഴിഞ്ഞെന്ന ധാരണയിലായിരുന്നു എല്ലാവരും. ബി.ജെ.പി. ഏറ്റവും വലിയ ഒറ്റക്കക്ഷിയും എൻ.ഡി.എ ഏറ്റവും വലിയ മുന്നണിയും ആകുന്ന സാഹചര്യം പലരും മുന്നിൽ കണ്ടു.  തൂക്കു സഭയാകും ഉണ്ടാവുകയെന്നും അധികാരം നേടാൻ ബി.ജെ.പിക്ക് കൂടുതൽ കക്ഷികളുടെ പിന്തുണ തേടേണ്ടി വരുമെന്നാണ് അവർ കരുതിയത്. അങ്ങനെ വരുമ്പോൾ സഖ്യകക്ഷികളുടെ നിർബന്ധത്തിനു വഴങ്ങി മോഡിയെ തഴഞ്ഞ് സർക്കാരിനെ നയിക്കാൻ മറ്റൊരു നേതാവിനെ കണ്ടെത്താൻ ബി.ജെ.പി. നിർബന്ധിതമാകുമെന്ന് ആ പാർട്ടിയുടെ ചില നേതാക്കൾ പോലും വിശ്വസിച്ചു.

കോൺഗ്രസ് കനത്ത തിരിച്ചടി നേരിടുമെന്ന് വ്യക്തമായിരുന്നെങ്കിലും അതിന്റെ നേതാക്കളും പ്രതീക്ഷ കൈവിട്ടില്ല. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകൾക്കു ശേഷവും സംഭവിച്ചതുപോലെ ബി.ജെ.പി. അധികാരത്തിൽ വരുന്നത് തടയാൻ മതനിരപേക്ഷ നിലപാടുള്ള ചെറു ദേശീയ കക്ഷികളും പ്രാദേശിക കക്ഷികളും വീണ്ടും തങ്ങളെ പിന്തുണക്കുമെന്ന് അവർ വിശ്വസിച്ചു. ആ കക്ഷികളിൽ പലതിന്റെയും നേതാക്കളാകട്ടെ തങ്ങളുടെ നേതൃത്വത്തിൽ മൂന്നാം മുന്നണി സർക്കാരുണ്ടാക്കുന്നത് സ്വപ്നം കാണുകയായിരുന്നു. സ്വന്തം സംസ്ഥാനങ്ങളിൽ വലിയ നേട്ടമുണ്ടാക്കിയാൽ മൂന്നാം മുന്നണി സർക്കാരിന്റെ നേതൃത്വം അവകാശപ്പെടാൻ കഴിയുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും തമിഴ് നാട് മുഖ്യമന്ത്രി ജെ. ജയലളിതയും ഒഡിഷാ മുഖ്യമന്തി നവീൻ പട്നായിക്കുമൊക്കെ കണക്കു കൂട്ടി. അവരുടെ കക്ഷികളായ തൃണമൂൽ കോൺഗ്രസും അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകവും ബിജു ജനതാ ദളും നേരത്തെ ബി.ജെ.പി.യുമായി സഖ്യത്തിലേർപ്പെട്ടിടുള്ളവരാണ്. ഇത്തവണ അതിനോടൊപ്പം പോകാൻ അവർ കൂട്ടാക്കിയില്ല. പകരം ഒറ്റക്ക് മത്സരിച്ച് പരമാവധി സീറ്റുകൾ നേടാൻ അവർ ശ്രമിച്ചു, അതിൽ അവർ വിജയിക്കുകയും ചെയ്തു. ബി.ജെ.പിക്ക്  ഒറ്റക്കു ഭരിക്കാനുള്ള ഭൂരിപക്ഷം നൽകിക്കൊണ്ട് വോട്ടർമാർ എല്ലാ‍വരുടെയും കണക്കുകൂട്ടൽ തെറ്റിച്ചു.

നിരവധി കോടി വോട്ടർമാരുള്ള രാജ്യമാണിത്. മറ്റൊരു ജനാധിപത്യ രാജ്യത്തിലുമില്ലാത്ത വൈവിധ്യവുമുണ്ടിവിടെ. ഈ വൈവിധ്യങ്ങളുടെ പ്രതിഫലനം തെരഞ്ഞെടുപ്പു ഫലങ്ങളിൽ സ്വാഭാവികമായും പ്രതീക്ഷിക്കാം. എന്നാൽ ഓരോ പാർലമെന്റ് തെരഞ്ഞെടുപ്പു ഫലവും സൂക്ഷ്മമായി വിലയിരുത്തുമ്പോൾ ഒരു പൊതുമനസ് കൃത്യമായി കണക്കുകൂട്ടി തീരുമാനമെടുത്തതുപോലെ തോന്നും. എന്നു മാത്രമല്ല നിലവിലുള്ള സാഹചര്യത്തിൽ വിവേകശാലിയായ ഒരു പൌരൻ എടുക്കാവുന്ന തീരുമാനമാണ് അതിൽ പ്രതിഫലിക്കുന്നതെന്നും കാണാം. അടിയന്തിരാവസ്ഥാ ഭരണകൂടത്തിന് ജനങ്ങളുടെ അംഗീകാരം നേടാൻ ഇന്ദിരാ ഗാന്ധി 1977ൽ തെരഞ്ഞെടുപ്പു നടത്തിയപ്പോൾ വ്യത്യസ്ത കക്ഷികൾ പെട്ടെന്ന് തല്ലിക്കൂട്ടിയ ജനതാ പാർട്ടിയായിരുന്നു പ്രധാന എതിർകക്ഷി. അതിനെ ജനങ്ങൾ മടികൂടാതെ അധികാരത്തിലേറ്റി. അടിയന്തിരാവസ്ഥ അവസാനിക്കുമെന്ന് ഉറപ്പു വരുത്താൻ ഉത്തർ പ്രദേശിലെ രണ്ട് ഗ്രാമീണ മണ്ഡലങ്ങളിലെ വോട്ടർമാർ ഇന്ദിരാ ഗാന്ധിയെയും സഞ്ജയ് ഗാന്ധിയെയും തോല്പിച്ചു. ജനതാ പാർട്ടി നേതാക്കൾ അടിച്ചു പിരിഞ്ഞതിനെ തുടർന്ന് മൂന്നു കൊല്ലത്തിൽ വീണ്ടും ഒരു സർക്കാരിനെ തെരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടപ്പോൾ വോട്ടർമാർ ഇന്ദിരാ ഗാന്ധിയെ തിരിച്ചു വിളിച്ചു. .

ഇത്തരത്തിൽ മുൻ‌കൂട്ടി നിശ്ചയിച്ചതെന്ന പ്രതീതി നൽകുന്നതായിരുന്നു 1998ലെയും 1999ലെയും തെരഞ്ഞെടുപ്പുഫലങ്ങളും. കോൺഗ്രസിന് 25.82 ശതമാനം വോട്ടും ബി.ജെ.പിക്ക് 25.59 ശതമാനം വോട്ടുമാണ് 1998ൽ ലഭിച്ചത്. വോട്ടുവിഹിതം കാൽ ശതമാനം കുറവായിരുന്നിട്ടും ബി.ജെ.പി. 182 സീറ്റോടെ ആദ്യമായി ലോക് സഭയിലെ ഏറ്റവും വലിയ കക്ഷിയായി. കോൺഗ്രസിന് കിട്ടിയത് 141 സീറ്റ് മാത്രം. ബി.ജെ.പി. ഉണ്ടാക്കിയ കൂട്ടുമന്ത്രിസഭ വേഗം നിലം‌പതിച്ചു. അടുത്ത കൊല്ലം വീണ്ടും തെരഞ്ഞെടുപ്പ് നടന്നു. പുതിയ സഖ്യകക്ഷികൾക്ക് മത്സരിക്കാനായി ബി.ജെ.പി. കുറെ സീറ്റുകൾ വിട്ടുകൊടുത്തു. മത്സരിച്ച സീറ്റുകളുടെ എണ്ണം കുറഞ്ഞതുകൊണ്ട്  ബി.ജെ.പിയുടെ വോട്ടുവിഹിതം 23.79 ശതമാനമായി കുറഞ്ഞു. പക്ഷെ സീറ്റിന്റെ എണ്ണം പഴയതുപോലെ 182. കോൺഗ്രസിന്റെ വോട്ടുവിഹിതം കൂടിയെങ്കിലും സീറ്റുകൾ 114 ആയി കുറഞ്ഞു.. ബി.ജെ.പിയുടെ നേതൃത്വത്തിൽ രൂപപ്പെട്ട പുതിയ എൻ.ഡി.എ സർക്കാരിന്  അഞ്ചു കൊല്ലത്തെ കാലാവധി പൂർത്തിയാക്കാനായി.

ആ രണ്ട് തെരഞ്ഞെടുപ്പുഫലങ്ങളും ബി.ജെ.പിക്കല്ലാതെ മറ്റൊരു കക്ഷിക്ക് സർക്കാർ രൂപീകരിക്കാൻ അവസരം നൽകുന്നതായിരുന്നില്ല. അതിനുശേഷം സാഹചര്യം മാറി. കോൺഗ്രസ് 2004ലെ തെരഞ്ഞെടുപ്പിൽ 145 സീറ്റോടെ വീണ്ടും ഏറ്റവും വലിയ കക്ഷിയായി. കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ സീറ്റുകൾ 37ൽ നിന്ന് 53 ആയി ഉയർന്നു. ബി.ജെ.പിയുടെ തിരിച്ചുവരവ് തടയാൻ ഇടതുപക്ഷം കോൺഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ സർക്കാരിനെ പുറത്തു നിന്ന് പിന്തുണക്കാൻ തയ്യാറായി. സർക്കാർ കാലാവധി പൂർത്തിയാക്കും മുമ്പ് അമേരിക്കയുമായുണ്ടാക്കിയ ആണവ കരാരിൽ പ്രതിഷേധിച്ച് ഇടതുപക്ഷം പിന്തുണ പിൻ‌വലിച്ചു. വീണ്ടും തെരഞ്ഞെടുപ്പു നടന്നപ്പോൾ ഇടതു കക്ഷികളുടെ പിന്തുണ കൂടാതെ തന്നെ യു.പി.എക്ക് അധികാരത്തിൽ തുടരാൻ കഴിയുന്ന തരത്തിലുള്ള ജനവിധിയുണ്ടായി.

മുൻ തെരഞ്ഞെടുപ്പുകളിൽ പ്രകടമായ തരത്തിലുള്ള അനിവാര്യത ഇത്തവണത്തെ തെരഞ്ഞെടുപ്പുഫലത്തിലുമുണ്ട്. ബി.ജെ.പി. അല്ലാതെ മറ്റൊരു കക്ഷിയെ സർക്കാർ രൂപീകരണത്തിന് അവകാശമുന്നയിക്കാൻ ഈ ജനവിധി അനുവദിക്കുന്നില്ല. മോഡിക്ക് പ്രധാനമന്ത്രിയാകാൻ പുതിയ സഖ്യകക്ഷികൾ ആവശ്യമില്ലെന്നു തന്നെയല്ല ഇപ്പോൾ കൂടെയുള്ളവരുടെ സമ്മർദ്ദത്തിനു വഴങ്ങേണ്ടതുമില്ല. ഇത് സ്ഥിരതയുള്ള ഭരണം കാഴ്ച വെക്കാനുള്ള അവസരം സൃഷ്ടിച്ചിരിക്കുന്നു.

എൻ.ഡി.എ. സർക്കാരിനെ 1998-2004 കാലത്ത് നയിച്ച അടൽ ബിഹാരി വാജ്പേയിയിൽ നിന്നും വ്യത്യസതനാണ് നരേന്ദ്ര മോഡി എന്ന വിലയിരുത്തലാണ് മോഡിയുടെ വരവിനെ കുറിച്ച് ആശങ്ക ഉയർത്തിയിട്ടുള്ളത്. ഗുജറാത്ത് കലാപം അമർച്ച ചെയ്യുന്നതിൽ വീഴ്ച വരുത്തിയ മോഡി ‘രാജധർമ്മം‘ പാലിച്ചില്ലെന്ന അഭിപ്രായം വാജ്പേയിക്കുണ്ടായിരുന്നു. മൊറാർജി ദേശായിയുടെ നേതൃത്വത്തിലുള്ള ജനതാ സർക്കാരിൽ വിദേശകാര്യ മന്ത്രിയായപ്പോൾ മന്ത്രി അല്ലാതെ മറ്റൊന്നും മാറിയിട്ടില്ലെന്ന് പറഞ്ഞുകൊണ്ട് ഭരണത്തുടർച്ച നിലനിർത്തുമെന്ന സന്ദേശം വാജ്പേയി നൽകിയിരുന്നു. അതേസമയം ഒരു വലിയ മാറ്റം അദ്ദേഹം വരുത്തി. അത് ഇസ്രായേലുമായുള്ള ബന്ധം മെച്ചപ്പെടുത്തിയതാണ്. ഇന്ത്യ ഇസ്രായേലിന് നേരത്തെ അംഗീകാരം നൽകിയിരുന്നെങ്കിലും പശ്ചിമ ഏഷ്യൻ രാജ്യങ്ങളുടെ വികാരം മാനിച്ച് നയതന്ത്ര ബന്ധം സ്ഥാപിച്ചിരുന്നില്ല. പ്രമുഖ മുസ്ലിം രാജ്യമായ ഈജിപ്ത് ഇസ്രായേലുമായി ബന്ധം സ്ഥാപിച്ചശേഷവും ഇന്ത്യ വിട്ടു നിന്നു. അവിടെ വാജ്പേയി ഒരു തിരുത്തൽ നടത്തിയെന്ന് കരുതിയാൽ മതി. പ്രധാനമന്ത്രിയെന്ന നിലയിൽ വാജ്പേയി എടുത്ത ഒരു സുപ്രധാന തീരുമാനം ആണവ ബോംബ് പരീക്ഷണമാണ്. കോൺഗ്രസ് സർക്കാരുകളുടെ കാലത്ത് വേണ്ട ഏർപ്പാടുകൾ ചെയ്തിരുന്നതുകൊണ്ടാണ്  അധികാരമേറ്റ് ദിവ്സങ്ങൾക്കുള്ളിൽ പരീക്ഷണം നടത്താൻ അദ്ദേഹത്തിന്റെ സർക്കാരിനായത്. ഈ നടപടികളേക്കാളൊക്കെ പ്രാധാന്യമർഹിക്കുന്നതാണ്  വലിയ ഒച്ചപ്പാടുണ്ടാക്കാതെ സർക്കാർ അക്കാലത്ത് എടുത്ത ചില നടപടികൾ. ഹിന്ദുത്വ താല്പര്യങ്ങൾക്കനുസൃതമായി സ്കൂൾ പാഠപുസ്തകങ്ങൾ പരിഷ്കരിക്കപ്പെട്ടു. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിൽ നുഴഞ്ഞു കയറ്റമുണ്ടായി.

തെരഞ്ഞെടുപ്പു കാലത്ത് നരേന്ദ്ര മോഡി വികസനത്തെ കുറിച്ച് നിരന്തരം സംസാരിച്ചെങ്കിലും ബി.ജെ.പി.യുടെ പ്രചാരണത്തിൽ സംഘ പരിവാറിന്റെ ഹിന്ദുത്വ അജണ്ടയിൽ പെടുന്ന വിഷയങ്ങളും ഉയർന്നു വന്നിരുന്നു. വികസനം ന്ന മുദ്രാവാക്യത്തിന്റെ അടിസ്ഥാനത്തിൽ എല്ലാവരെയും ഒന്നിപ്പിക്കാനുള്ള മോഡി പദ്ധതി സമവായത്തിലേക്ക് വിരൽ ചൂണ്ടുന്നു. എന്നാൽ ബി.ജെ.പി. പ്രകടന പത്രികയിൽ എഴുതിച്ചേർത്തിട്ടുള്ള ഹിന്ദുത്വ അജണ്ട, പ്രത്യേകിച്ചും ബാബ്രി മസ്‌ജിദ് നിന്ന സ്ഥലത്ത് രാമ ക്ഷേത്രം നിർമ്മിക്കാനുള്ള പരിപാടി, വർഗ്ഗീയ വിഭജനം ശക്തിപ്പെടുത്തുന്നതാണ്. ഈ വൈപരീത്യം മോഡി എങ്ങനെ കൈകാര്യം ചെയ്യുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. 

ബി.ജെ.പീയെക്കൊണ്ട് മോഡിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിപ്പിക്കാൻ ആർ. എസ്.എസിന് കുറച്ചു പാടുപെടേണ്ടി വന്നിരുന്നു. ഗോവയിൽ ചേർന്ന പാർട്ടി യോഗത്തിൽ വെച്ച് തീരുമാനമെടുപ്പിക്കാൻ കഴിഞ്ഞില്ല. അതുകൊണ്ട് അദ്ദേഹം തെരഞ്ഞെടുപ്പു പ്രചാരണം നയിക്കുമെന്ന അറിയിപ്പു മാത്രമെ അന്നുണ്ടായുള്ളു. ഇപ്പോൾ സജീവമായി രംഗത്തുള്ള ഏറ്റവും മുതിർന്ന നേതാവായ ലാൽ കിഷൻ അദ്വാനിയുടെയും ലോക് സഭയിലെ പ്രതിപക്ഷ നേതാവായ സുഷമാ സ്വരാജിന്റെയും അസംതൃപ്തി അവഗണിച്ചുകൊണ്ടാണ് ഒടുവിൽ പാർട്ടി സംഘ പരിവാർ നിർദ്ദേശം അംഗീകരിച്ചത്. മോഡി കടന്നു വന്നില്ലെങ്കിൽ പ്രധാനമന്ത്രി പദത്തിലേക്ക് പരിഗണിക്കപ്പെടാവുന്നവരെന്ന നിലയിലാണ് അവരുടെ എതിർപ്പിനെ കാണേണ്ടത്. അതിനെ ഗുജറാത്ത് കലാപം സംബന്ധിച്ച് മോഡി കേട്ട പഴിയുമായി ബന്ധിപ്പിക്കേണ്ടതില്ല.

മോഡിയുടെ പ്രധാനമന്ത്രിപദ സ്ഥാനാർത്ഥിത്വത്തോടുള്ള മതനിരപേക്ഷ സമൂഹത്തിന്റെ പ്രതികരണം ആദ്യമായി വാക്കുകളിൽ പ്രകടിപ്പിച്ചത് പ്രശസ്ത കന്നഡ സാഹിത്യകാരനും ജ്ഞാനപീഠ ജേതാവുമായ യു.ആർ. അനന്തമൂർത്തി ആണ്. മോദി ഭരിക്കുന്ന രാജ്യത്ത് ജീവിക്കില്ല എന്നാണ് അദ്ദേഹം പറഞ്ഞത്.  അത് അക്ഷരാർത്ഥത്തിൽ എടുക്കേണ്ട പ്രസ്താവമായിരുന്നില്ല. അദ്ദേഹം മോഡിയുടെ വരവിനോടുള്ള എതിർപ്പ് ശക്തമായി പ്രകടിപ്പിച്ചുവെന്നു മാത്രം. പിന്നീട് ബംഗ്ലൂരുവിൽ പ്രമുഖ ബി.ജെ.പി. നേതാവായ അനന്ത കുമാറിനെതിരെ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച നന്ദൻ നിലക്കെനിക്കു വേണ്ടി അനന്തമൂർത്തി വീടുകൾ കയറിയിറങ്ങി. പ്രായാധിക്യം മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന അദ്ദേഹം അങ്ങനെ തന്റെ എതിർപ്പ് പ്രായോഗികതലത്തിലും പ്രകടിപ്പിച്ചു.  മോഡിയുടെ വരവ് ആപത്കരമാണെന്ന് കരുതുന്ന സാംസ്കാരിക നായകന്മാർ രാജ്യത്ത് വേറെയുമുണ്ടായിരുന്നു. എന്നാൽ അദ്ദേഹത്തെപ്പോലെ അത് തടയുവാൻ അവശതകൾ മറന്നുകൊണ്ട് പ്രവർത്തിച്ചവർ ഏറെയുണ്ടാകില്ല. 

തെരഞ്ഞെടുപ്പു ഫലം വന്നപ്പോൾ സംഘ പരിവാർ അനുകൂലികൾ ബംഗ്ലൂരുവിൽ നിന്ന് കൊളൊംബൊ വഴി പാകിസ്ഥാനിലെ കറാച്ചിയിലേക്ക് പോകാനുള്ള വിമാന ടിക്കറ്റ് അനന്തമൂർത്തിക്ക് അയച്ചു കൊടുത്തു. അദ്ദേഹത്തിനു പോകാൻ അവർ തെരഞ്ഞെടുത്ത സ്ഥലം അവരുടെ മനസ് എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് വ്യക്തമാക്കുന്നു.

മോഡിയുടെ സ്ഥാനാർത്ഥിത്വം ഉയർത്തുന്ന എതിർപ്പുകളെ മറികടക്കാനാകുമെന്ന സംഘ പരിവാർ കണക്കുകൂട്ടൽ ശരിയായിരുന്നെന്ന് പിൽക്കാല സംഭവങ്ങൾ തെളിയിച്ചു. ഗുജറാത്ത് കലാപത്തിന്റെ കാര്യത്തിൽ സുപ്രീം കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയെന്ന്  അനുയായികൾ അവകാശപ്പെടുന്നുണ്ട്. ഇത് പൂർണ്ണമായും ശരിയല്ല. അയോദ്ധ്യയിൽ നിന്ന് മടങ്ങുന്ന കർസേവകർ യാത്ര ചെയ്തിരുന്ന റയിൽ കോച്ച്  ഗോധ്ര സ്റ്റേഷനിൽ വെച്ചു തീയിടപ്പെട്ടതിനെ തുടർന്ന് പലയിടത്തും മുസ്ലിങ്ങൾ ആക്രമിക്കപ്പെട്ടപ്പോൾ ഹിന്ദുക്കൾക്ക് പ്രതികാരം ചെയ്യാൻ സമയം നൽകണമെന്ന് മോദി പറഞ്ഞെന്ന് ഡി.ജി.പി. തലം വരെയെത്തിയ ഐ.പി.എസ് ഉദ്യോഗസ്ഥനായ ആർ.ബി. ശ്രീകുമാർ ഒരു സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊതുസമൂഹത്തിൽ നിന്ന് ആരോപണങ്ങൾ ഉയർന്നെങ്കിലും സുപ്രീം കോടതി നിയോഗിച്ച ഉന്നതതല അന്വേഷണ സംഘം അദ്ദേഹത്തെ പ്രോസിക്യൂട്ട് ചെയ്യാനുള്ള തെളിവുകളില്ലെന്ന നിഗമനത്തിലാണെത്തിയത്.  എന്നാൽ ആ സംഘത്തിന്റെ റിപ്പോർട്ടിനെ ആധാരമാക്കിത്തന്നെ പ്രോസിക്യൂട്ടു ചെയ്യാനുള്ള തെളിവുണ്ടെന്ന് കോടതിയെ സഹായിക്കാൻ നിയോഗിക്കപ്പെട്ട പ്രമുഖ അഭിഭാഷകൻ അഭിപ്രായപ്പെട്ടിരുന്നു.  

മനുഷ്യാവകാശ പ്രവർത്തകയായ ടീസ്റ്റ സെതൽ‌വാദ് മുതലായവർ വർഷങ്ങളായി നടത്തിയ ഇടപെടലിന്റെ ഫലമായി ഗുജറാത്ത് പൊലീസ് ഫലപ്രദമായി അന്വേഷിക്കാതിരുന്ന പല സംഭവങ്ങളും പ്രത്യേക സംഘം അന്വേഷിക്കുകയും ഏതാനും കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരികയും ചെയ്തിട്ടുണ്ട്. അതിന്റെ ഫലമായി ശിക്ഷിക്കപ്പെട്ടവരിൽ മോഡിയുടെ മന്ത്രിസഭയിൽ അംഗമായിരുന്ന മായാ കൊഡ്‌നാനി എന്ന സ്ത്രീയും ബജ്രങ് ദൾ പോലുള്ള സംഘ പരിവാർ സംഘടനകളിലെ ചില പ്രമുഖരും ഉൾപ്പെടുന്നു. ടെഹൽക, കോബ്രാ പോസ്റ്റ് എന്നീ അന്വേഷണാത്മക മാധ്യമങ്ങൾ കലാപത്തിൽ സംഘ പരിവാർ വഹിച്ച പങ്കിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു കൊണ്ടുവന്നിട്ടുമുണ്ട്. ഇതൊന്നും ഗുജറാത്തിലെ ജനങ്ങളെ ബി.ജെ.പിയെയും മോദിയെയും കുറിച്ച് പുനർചിന്തനത്തിന് പ്രേരിപ്പിച്ചിട്ടില്ല. രാജ്യമൊട്ടുക്കുള്ള ഒരു വലിയ വിഭാഗം ജനങ്ങളും ഇതെല്ലാം അവഗണിക്കാൻ തയ്യാറാണെന്ന് ലോക് സഭാ തെരഞ്ഞെടുപ്പു ഫലം വ്യക്തമാക്കുന്നു.

കുറ്റാരോപണമുണ്ടാകുമ്പോൾ അതിനെ രാഷ്ട്രീയമായി നേരിടുമെന്നും ജനങ്ങളുടെ കോടതിയെ സമീപിക്കുമെന്നുമൊക്കെ രാഷ്ട്രീയ നേതാക്കൾ പതിവായി പ്രഖ്യാപിക്കാറുണ്ട്. എന്നാൽ തെരഞ്ഞെടുപ്പ് വിജയത്തിന് ഒരു കുറ്റകൃത്യവും കഴുകിക്കളയാനാവില്ല. അതേസമയം വിചാരണയിലൂടെ തെളിയിക്കപ്പെട്ടിട്ടില്ലാത്ത ആരോപണത്തിന്റെ പേരിൽ  തെരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധിയെ അയോഗ്യനാക്കാനുമാകില്ല.

തെരഞ്ഞെടുപ്പിനു മുമ്പു തന്നെ നരേന്ദ്ര മോഡിയുടെ വിജയസാദ്ധ്യത കണക്കിലെടുത്ത് അദ്ദേഹത്തോടുള്ള എതിർപ്പിന്റെ തീവ്രത കുറയ്ക്കാൻ പലരും തയ്യാറായി. കാൽ നൂറ്റാണ്ടു മുമ്പ് രാജീവ് ഗാന്ധി നൽകിയ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച് ലോക് സഭാംഗമായ പ്രമുഖ പത്രാധിപർ എം.ജെ. അൿബർ ബി.ജെ.പിയിൽ ചേർന്നുകൊണ്ട് വീണ്ടും രാഷ്ട്രീയത്തിലിറങ്ങി. പാർട്ടി അദ്ദേഹത്തെ അതിന്റെ വക്താവായി നിയമിക്കുകയും ചെയ്തു. അമേരിക്കയിലെ ഇന്ത്യൻ വംശജർക്കിടയിൽ മോഡി വലിയ ചേരിതിരിവ് ഉണ്ടാക്കിയിരുന്നു. ഗുജറാത്തികളടങ്ങുന്ന ഒരു സംഘം മോഡിയെ പ്രഭാഷണം നടത്താൻ ക്ഷണിച്ചപ്പോൾ മറ്റൊരു വിഭാഗം ഇന്ത്യാക്കാർ വംശഹത്യയുടെ പേരിൽ എതിർത്തതിനെ തുടർന്ന് അമേരിക്കൻ സർക്കാർ അദ്ദേഹത്തിന് സന്ദർശന വിസ നിഷേധിക്കുകയുണ്ടായി. നിയമാനുസൃതം തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ തലവനെന്ന നിലയിൽ അമേരിക്ക അദ്ദേഹത്തോടുള്ള സമീപനം മാറ്റാൻ ഇപ്പോൾ നിർബന്ധിതമായിരിക്കുന്നു. സാമ്പത്തിക ശാസ്ത്രജ്ഞനും കൊളംബിയ സർവകലാശാല പ്രൊഫസറുമായ ജഗദീശ് ഭഗവതി, ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിൿസ് മുൻഡയറക്ടറും ബ്രിട്ടീഷ് ലേബർ പാർട്ടി മുൻ ചെയർമാനുമായ മേഘ്നാഥ് ദേശായ് പ്രഭു എന്നിവർ മോദിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ള വിദേശീയ ഇന്ത്യാക്കാരിൽ പെടുന്നു . ഇരുവരും ഗുജറാത്തികളാണ്.

മോഡി പ്രധാനമന്ത്രിയാകുന്നതിനെ കുറിച്ച് എന്തെല്ലാം ഭയാശങ്കകളുണ്ടെങ്കിലും ലോക് സഭയിൽ വ്യക്തമായ ഭൂരിപക്ഷമുള്ള കക്ഷിയുടെ നേതാവെന്ന നിലയിൽ അദ്ദേഹത്തിന്റെ അധികാര പ്രവേശം അംഗീകരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ലഭിച്ചിട്ടുള്ള ഭൂരിപക്ഷത്തിന് പരിമിതികളുണ്ട്. പ്രകടനപത്രികയിൽ പാർട്ടി ആവർത്തിച്ചിട്ടുള്ള പൊതു സിവിൽ നിയമം, കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കൽ തുടങ്ങിയ പരിപാടികൾ നടപ്പാക്കാൻ ഭരണഘടന ഭേദഗതി ചെയ്യേണ്ടതുണ്ട്. അതിനാകട്ടെ പാർലമെന്റ് മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ ബിൽ പാസാക്കണം. അതിനുള്ള അംഗബലം ബി.ജെ.പിക്കും സഖ്യകക്ഷികൾക്കുമില്ല. ലോക് സഭയിൽ വലിയ ഭൂരിപക്ഷമുണ്ടെങ്കിലും രാജ്യ സഭയിൽ കേവല ഭൂരിപക്ഷം ഇല്ലാത്തതിനാൽ സാധാരണ നിയമനിർമ്മാണത്തിനു പോലും ബി.ജെ.പിക്ക് എൻ.ഡി.എക്കു പുറത്തുള്ള കക്ഷികളുടെ സഹായം ആവശ്യമാണ്. കേവലം 31 ശതമാനം ജനങ്ങളുടെ പിന്തുണയോടെയാണ് ബി.ജെ.പി. ലോക് സഭയിൽ ഭൂരിപക്ഷം നേടിയിട്ടുള്ളത്. ഇത്ര കുറഞ്ഞ വോട്ടുവിഹിതത്തോടെ ഒരു കക്ഷിക്ക് ഇതിനുമുമ്പ് വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിട്ടില്ല. രാജ്യത്തെ വോട്ടർമാരിൽ മൂന്നിൽ രണ്ടോളം വോട്ടു ചെയ്തത് എൻ.ഡി.എ സഖ്യത്തിനു പുറത്തുള്ള കക്ഷികൾക്കാണെന്ന വസ്തുത മോദിക്ക് കണക്കിലെടുക്കേണ്ടി വരും.

ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് നിയമാനുസൃതമല്ലാത്ത നടപടികളുണ്ടാകുന്ന സാഹചര്യങ്ങൾ മറ്റ് കക്ഷികളുടെ ഭരണത്തിലും നാം നേരിട്ടിട്ടുള്ളതാണ്. ഭരണകക്ഷിയോട് ആഭിമുഖ്യമുള്ള സംഘടനകൾ നിയമം കയ്യിലെടുക്കുകയാണെങ്കിൽ  അതിനേക്കാൾ ഭയാനകമായ അവസ്ഥ സംജാതമാകും. കർണ്ണാടകത്തിൽ തെരഞ്ഞെടുപ്പു വിജയം ആഘോഷിക്കുന്നതിനിടയിൽ ക്രൈസ്തവ ആരാധനാലയങ്ങൾ ആക്രമിക്കപ്പെട്ടെന്ന വാർത്തയെ ആപത്‌സൂചനയായി കാണേണ്ടതാണ്.  നമ്മുടെ ഭരണഘടനാ സംവിധാനം പരസ്പരം നിയന്ത്രിക്കുന്ന എക്സിക്യൂട്ടീവ്, ലെജിസ്ലേച്ചർ, ജുഡിഷ്യറി എന്നിവ വിഭാവന ചെയ്യുന്ന ഒന്നാണ്. .അത് ഫലപ്രമായി പ്രവർത്തിക്കാത്ത സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ട്. ഇനിയും ഉണ്ടായെന്നുമിരിക്കും. അപ്പോൾ ജനാധിപത്യപരമായ മാർഗ്ഗങ്ങളിലൂടെ അതിനെ ചെറുക്കുകയാണ് നമുക്ക് ചെയ്യാനാകുന്നത്. സന്ദർഭം ആവശ്യപ്പെടുമ്പോൾ സ്വാതന്ത്ര്യത്തിന്റെ വില കൊടുക്കാൻ തയ്യാറാണെങ്കിൽ മാത്രമെ സ്വാതന്ത്ര്യം നിലനിർത്താനാകൂ.(മാതൃഭൂമി ആഴ്ചപ്പതിപ്പ്, ജൂൺ 1, 2014)

No comments: