Wednesday, June 5, 2013

ജനസൌഹൃദ പൊലീസ് സേനയും പൊലീസ്‌സൌഹൃദ ജനങ്ങളും

ബി.ആർ.പി. ഭാസ്കർ

തിരുവിതാംകൂറിൽ പൊലീസ് സംവിധാനം നിലവിൽ വന്ന കാലത്തെ ഒരു തമാശക്കഥയുണ്ട്. പിൽക്കാലത്ത് ‘തീപ്പെട്ടിക്കോൽ’ എന്ന ദുഷ്പേരു നേടിക്കൊടുത്ത തൊപ്പിയും ധരിച്ച്  പൊലീസുകാരൻ രാത്രിയിൽ റോന്തു ചുറ്റുകയായിരുന്നു. മുമ്പിൽ ഒരാൾ നടക്കുന്നു. എവിടെയൊ കവടി നിരത്താൻ പോയിട്ട് മടങ്ങുന്ന കണിയാനാണ്. പൊലീസുകാരൻ ആൾ കള്ളനാണോ എന്ന് സംശയിക്കുന്നു. കാൽ‌പെരുമാറ്റം കേട്ടു കണിയാൻ തിരിഞ്ഞുനോക്കുമ്പോൾ നിലാവെളിച്ചത്തിൽ തൊപ്പിയുടെ മുകളിലെ ചുവപ്പ് ജ്വലിക്കുന്നു. തലയിൽ നെരിപ്പോടുള്ള അറുകൊല രക്തം ഊറ്റിക്കുടിക്കാനായി പിന്തുടരുകയാണെന്ന് കരുതി അയാൾ നടപ്പിന്റെ വേഗത കൂട്ടുന്നു. അത് പൊലീസുകാരന്റെ സംശയം ബലപ്പെടുത്തുന്നു. അയാളും വേഗത കൂട്ടുന്നു. അപ്പോൾ കണിയാൻ ഓടുന്നു. അതോടെ ആൾ കള്ളൻ തന്നെയെന്ന് ഉറപ്പിച്ച പൊലീസുകാരനും ഓടുന്നു.. പിടികൂടപ്പെടുമെന്നായപ്പോൾ കണിയാൻ നിലത്തു വീണുകൊണ്ട് പറയുന്നു: ‘ദാ കിടക്കുന്നു, കീന്തിക്കുടിച്ചോളൂ.’

കഥയിൽനിന്ന് അന്ധവിശ്വാസത്തിന്റെ അംശം മാറ്റിയാൽ അവശേഷിക്കുന്നത് പരസ്പര സംശയമാണ്. ഒരു നൂറ്റാണ്ടിലധികം കടന്നുപോയെങ്കിലും ആ സംശയത്തിന്റെ അംശം ഇപ്പോഴും നിലനിൽക്കുന്നു. പൊലീസുകാരെ കണ്ട്, പൊലീസുകാരാണെന്ന് തിരിച്ചറിഞ്ഞ്, പേടിച്ചോടുന്നവർ ആറ്റിലൊ കിണറ്റിലൊ വീഴുന്ന കഥകൾ ഇക്കാലത്ത് കേൾക്കാനുണ്ട്.

മനുഷ്യാവകാശ സംവാദങ്ങളിൽ പൊലീസും ജനങ്ങളും എതിർചേരികളിലാണ്. ഒരളവു വരെ അത് സ്വാഭാവികമാണ്. കാരണം പൊലീസ് അധികാരം പ്രയോഗിക്കുന്നവരും ജനങ്ങൾ അധികാരപ്രയോഗത്തിന് വിധേയരാകുന്നവരുമാണ്. ഇത് ജനാധിപത്യവ്യവസ്ഥയിൽ ഉണ്ടായിക്കൂടാത്ത വൈജാത്യമാണ്. എന്തെന്നാൽ, അടിസ്ഥാനപരമായി, ജനാധിപത്യ സമൂഹത്തിൽ മനുഷ്യാവകാശ സംരക്ഷകരുടെ ഒന്നാം നിര പൊലീസ് സേനയാണ്. പക്ഷെ അതിനെ ജനം സംശയത്തോടെ വീക്ഷിക്കുന്നു.

ഭരണകൂടം ഏതുതരത്തിലുള്ളതായാലും ക്രമസമാധാനപാലനത്തിന് പൊലീസ് സേന കൂടിയേ തീരൂ. കൊളോണിയൽ ഭരണകൂടം ഒന്നര നൂറ്റാണ്ട് മുമ്പ് സ്ഥാപിച്ച പൊലീസ് സംവിധാനത്തിന്റെ തുടർച്ചയാണ് ഇന്ന് രാജ്യത്ത് നിലനിൽക്കുന്നത്. അതിനെ ജനാധിപത്യ വ്യവസ്ഥ്ക്ക് അനുയോജ്യമായ രീതിയിൽ പരിഷ്കരിക്കുന്ന കാര്യത്തിൽ സ്വാതന്ത്ര്യപ്രാപ്തിക്കു ശേഷം ഭരണകൂടങ്ങൾ വേണ്ടത്ര ശുഷ്കാന്തി കാട്ടിയില്ല. അതിനുള്ള ശ്രമങ്ങൾ ഇപ്പോഴും നടക്കുന്നതേയുള്ളു.

ആന്ധ്ര പ്രദേശിലെ ഒരു മുൻ ഡി.ജി.പി. ഐ.പി.എസിലെ ഒരാദ്യകാല അനുഭവത്തെക്കുറിച്ച് എഴുതിയിട്ടുണ്ട്. അദ്ദേഹം ഒരു പൊലീസ് സ്റ്റേഷനിൽ ഇരിക്കുമ്പോൾ ഒരു ഗ്രാമീണൻ അവിടെ വന്ന് തനിക്കൊരു പരാതിയുണ്ടെന്ന് പറഞ്ഞു. ഉടൻ തന്നെ ഇൻസ്പെക്ടർ അയാളെ തലങ്ങും വിലങ്ങും മർദ്ദിച്ചു. എന്നിട്ട് ചോദിച്ചു: “എന്താ തന്റെ പരാതി?” പരാതിക്കാരൻ പോയശേഷം യുവ ഐ.പി.എസ് ആഫീസർ ഇൻസ്പെക്ടറോട് അയാളെ എന്തിനാണ് തല്ലിയതെന്ന് ചോദിച്ചു. “സർ, ഇവിടെ വരുന്നവരാരും സത്യം പറയാനല്ല വരുന്നത്. ഒന്ന് പൂശിക്കഴിയുമ്പോൾ സത്യം പുറത്തുവരും” എന്നായിരുന്നു ഇൻസ്പെക്ടറുടെ മറുപടി. പൊലീസിന്റെ കൊളോണിയൽ-ഫ്യൂഡൽ പാരമ്പര്യത്തിൽ അധിഷ്ടിതമായ സമീപനമാണ് ആ വാക്കുകളിലുള്ളത്. ജനങ്ങളെ വിശ്വസിക്കാത്ത പൊലീസും പൊലീസിനെ വിശ്വസിക്കാത്ത ജനങ്ങളും ആ പാരമ്പര്യത്തിന്റെ ഭാഗമാണ്.

തെറ്റോ ശരിയോ ആകട്ടെ, ആ ഇൻസ്പെകടർക്ക് തന്റെ ചെയ്തിക്ക് ന്യായീകരണമായി പറയാൻ ഒരു കാരണമുണ്ടായിരുന്നു. ചില പ്രവൃത്തികൾക്ക് അതുണ്ടായില്ലെന്നിരിക്കും. എനിക്ക് നല്ല പരിചയമുള്ളയാളായിരുന്നു പ്രശസ്ത സിനിമാനടൻ സത്യൻ. തിരുവനന്തപുരത്തെ അമച്വർ നാടകവേദിയിലെ നടനെന്ന നിലയിലാണ് അദ്ദേഹത്തെ പരിചയപ്പെടുന്നത്. അദ്ദേഹം തൈക്കാട് പൊലീസ് ട്രെയിനിങ് സ്കൂളിൽ പ്രവർത്തിക്കുന്ന കാലത്ത് സിനിമയിൽ പ്രവർത്തിക്കുന്നതിനുള്ള അവസരത്തെക്കുറിച്ച് അറിയിക്കാൻ അവിടെപോയി അദ്ദേഹത്തെ കാണുകയുണ്ടായി. ഞാൻ മദ്രാസിൽ പണിയെടുക്കുന്ന കാലത്ത് ഷൂട്ടിങ്ങിനായി വരുമ്പോൾ അദ്ദേഹത്തെ കാണുമായിരുന്നു. സത്യൻ ആലപ്പുഴയിൽ സബ്‌ഇൻസ്പെക്ടറായിരിക്കെ കസ്റ്റഡിയിലെടുത്ത ഒരാളെ വഴിനീളെ മർദ്ദിക്കുന്നതു കണ്ടതായി പ്രശസ്ത നിരൂപകൻ കെ.പി.അപ്പന്റെ ഒരു ലേഖനത്തിൽ വായിച്ചപ്പോൾ എനിക്ക് വിശ്വസിക്കാനായില്ല. ഞാൻ അറിഞ്ഞത് നാടക-സിനിമാ നടനായ സത്യനെയാണ്, പൊലീസ് ഇൻസ്പെക്ടറായ സത്യനെയായിരുന്നില്ല എന്ന് അപ്പോൾ ബോധ്യപ്പെട്ടു.  

ഇടിവണ്ടി, നടയടി തുടങ്ങിയ പദപ്രയോഗങ്ങൾക്ക് കാരണമായ മുറകൾ യുക്തിസഹമായ വിശദീകരണം നൽകാനാവാത്ത കേവല ബലപ്രയോഗങ്ങളാണ്. ഇത് പൊലീസിന്റെയും മറ്റ് സായുധസേനകളുടെയും മാത്രം പ്രശ്നമല്ല. രാഷ്ട്രീയ-തൊഴിലാളി-യുവജന-വിദ്യാർത്ഥി പ്രസ്ഥാനങ്ങളുൾപ്പെടെ എല്ലാ സംഘടിത സംവിധാനങ്ങളും ബലപ്രയോഗം നടത്താറുണ്ട്. ഗാന്ധിജി നിയമനിഷേധ സമരം ആരംഭിച്ച കാലത്തു തന്നെ പല നേതാക്കളും അത് അപകടകരമായ നീക്കമാണെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. അദ്ദേഹം സമാധാനപരമായ സമരങ്ങളിലാണ് വിശ്വാസം അർപ്പിച്ചത്. സമാധാനപരമായി നടത്തുന്ന സമരങ്ങൾ ഭരണാധികാരികൾ ശ്രദ്ധിക്കുന്നില്ലെന്ന ധാരണയാണ് പലപ്പോഴും അക്രമത്തിന് കാരണമാകുന്നത്. ഭരണകൂടം സമരത്തിലേർപ്പെട്ടിരിക്കുന്നവർ ഉന്നയിക്കുന്ന പ്രശ്നങ്ങളോട് കൂടുതൽ ക്രിയാത്മകമായി പ്രതികരിച്ചാൽ ഈ പ്രവണത തടയാനാകും.

ഏതാനും കൊല്ലം മുമ്പ് കേരളത്തിൽ നടത്തിയ ഒരു സർവേയിൽ പങ്കെടുത്തവരിൽ ബഹുഭൂരിപക്ഷവും മൂന്നാം മുറ പ്രയോഗം ന്യായീകരിച്ചതായി പ്രശസ്ത ക്രിമിനോളജിസ്റ്റ് ജയിംസ് വടക്കുംചേരി എഴുതുകയുണ്ടായി. ആ അവസ്ഥ തന്നെയാകും ഒരുപക്ഷെ ഇപ്പോഴും മദ്ധ്യവർഗ്ഗത്തിനിടയിൽ നിലനിൽക്കുന്നത്. തങ്ങളിൽ ഒരാൾ ഇരയാകുമ്പോൾ മാത്രമാണ് അവർ സാധാരണയായി പ്രതിഷേധശബ്ദമുയർത്തുന്നത്. അവരാക്കട്ടെ അപൂർവ്വമായി മാത്രമെ  ഇരകളാകാറുള്ളു. എത്ര ജനപിന്തുണയുണ്ടായാലും തെറ്റ് തെറ്റു തന്നെയാണ്.

രാജ്യത്തെ ഏറ്റവും മെച്ചപ്പെട്ട പൊലീസ് എന്ന ഖ്യാതി കേരളത്തിലെ സേനയ്ക്കുണ്ട്. കോമൺ‌വെൽത്ത് ഹ്യൂമൻ റൈറ്റ്സ് ഇനിഷ്യേറ്റീവ് എന്ന മനുഷ്യാവകാശ സംഘടന തിരുവനന്തപുരത്തു നടത്തിയ പരിപാടിയിൽ ഒരുയർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ ഇത് അഭിമാനപൂർവ്വം ചൂണ്ടിക്കാട്ടിയപ്പോൾ സി.ബി.ഐ അഡിഷനൽ ഡയറക്ടറായിരുന്ന സി.എം. രാധാകൃഷ്ണൻ നായർ സമയോചിതമായ ഒരോർമ്മപ്പെടുത്തൽ നടത്തി: യു.പി.യേക്കാളും ബീഹാറിനേക്കാളുമൊക്കെ മെച്ചമാണെന്നേ അതിനർത്ഥമുള്ളു!

പൊലീസിന്റെ പ്രധാന പ്രവർത്തനങ്ങളായ കുറ്റാന്വേഷണവും കുറ്റം തടയലും ഫലപ്രദമായി നടത്തുന്നതിനു ജനങ്ങളുടെ സഹകരണം അനുപേക്ഷണീയമാണ്.  അതുറപ്പാക്കുന്നതിന് പൊലീസിനെ ജനസൌഹൃദമാക്കുന്നതിനോടൊപ്പം ജനങ്ങളെ പൊലീസ്‌സൌഹൃദമാക്കുകയും വേണം. (കേരള പൊലീസ് അസോസിയേഷൻ സ്മരണിക 2013)

1 comment:

John Mathew said...

Sir, congratulations, but police behavior varies from person to person, if the victim is a Dalit or any other backward community member the treatment is totally different.Kerala police is highly caste oriented.