Thursday, June 13, 2013

പൊലീസിന്റെ നിയമബാഹ്യ അജണ്ടകൾ

ബി.ആർ.പി. ഭാസ്കർ

ഐ.പി.എൽ. വാതുവെയ്പ് കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട കേരള ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന് നാലാഴ്ചക്കുശേഷം ജാമ്യം ലഭിച്ചിരിക്കുന്നു. ഡൽഹി പൊലീസ് മുംബായിൽ പോയാണ് അറസ്റ്റ് നടത്തിയത്. ശ്രീശാന്ത് പൊലീസ് ആരോപിക്കുന്ന കുറ്റങ്ങൾ ചെയ്തെന്നതിന് പ്രഥമദൃഷ്ട്യാ തെളിവൊന്നും ഹാജരാക്കപ്പെട്ടിട്ടില്ല. വിദേശത്തു കഴിയുന്ന അധോലോക നായകന്മാരുമായി ശ്രീശാന്തിന് ബന്ധമുണ്ടെന്നു പറഞ്ഞുകൊണ്ട് മാഫിയാ സംഘങ്ങളെ നിയന്ത്രിക്കാനായി മഹാരാഷ്ട്രാ സർക്കാരുണ്ടാക്കിയ ‘മകോക്ക’ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന കരിനിയമവും പ്രയോഗിക്കപ്പെട്ടു. ജാമ്യം അനുവദിച്ച ജഡ്ജി ഇത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ചിറ്ട്ടുണ്ട്.  ഇതെല്ലാം പൊലീസിന് നിയമബാഹ്യമായ അജണ്ടയുണ്ടോ എന്ന സംശയം ഉയർത്തുന്നു.

ശ്രീശാന്തിനെ അറസ്റ്റ് ചെയ്ത ദിവസം മുതൽ ഡൽഹി പൊലീസ് പലതും വിളിച്ചുപറയുകയും മാദ്ധ്യമങ്ങൾ അവ ആവേശത്തോടെ പ്രചരിപ്പിക്കുകയും ചെയ്തു. മലയാള മാദ്ധ്യമങ്ങൾ വിഷയം കൈകാര്യം ചെയ്ത രീതി പരിശോധിക്കുമ്പോൾ ചാരക്കേസ് അനുഭവത്തിൽ നിന്നും ഒരു പാഠവും പഠിച്ചിട്ടില്ലെന്ന് വ്യക്തമാകുന്നു. പഠിച്ചെങ്കിൽ തന്നെ അത് വിസ്മരിച്ചിരിക്കുന്നു. കേസ് ദുർബലമാണെന്ന അറിവാകണം മകോക്ക പ്രയോഗിക്കാൻ കാരണമായത്. ഇത്തരം കരിനിയമങ്ങൾ പൊലീസിന് പ്രിയങ്കരമാകുന്നത് ജാമ്യം തടയാൻ സഹായിക്കുന്നു എന്നതു കൊണ്ടു മാത്രമല്ല. അവ പ്രതി കുറ്റം ചെയ്തെന്ന് തെളിയിക്കാനുള്ള ബാദ്ധ്യതയിൽ നിന്ന് പൊലീസിനെ ഒഴിവാക്കുന്നു. പകരം കുറ്റം ചെയ്തില്ലെന്ന് തെളിയിക്കാനുള്ള ബാദ്ധ്യത പ്രതിയിൽ നിക്ഷിപ്തമാകുന്നു.

ടാഡാ, പോട്ടാ എന്നീ ഭീകരവിരുദ്ധ നിയമങ്ങളിലും ഇത്തരം വ്യവസ്ഥകളുണ്ടായിരുന്നു. രണ്ടും ദുരുപയോഗപ്പെടുത്തപ്പെട്ടു. അതിനാൽ ശക്തമായ എതിർപ്പുണ്ടാവുകയും അവ ഉപേക്ഷിക്കാൻ കേന്ദ്രം നിർബന്ധിതമാവുകയും ചെയ്തു. അത്തരത്തിലുള്ള നിയമം കൂടാതെ അധോലോക സംഘങ്ങളെ നിയന്ത്രിക്കാനാവില്ലെന്ന പൊലീസിന്റെ വാദം അംഗീകരിച്ചുകൊണ്ടാണ് മഹാരാഷ്ട്രാ സർക്കാർ 1999ൽ മകോക്ക ഉണ്ടാക്കിയത്. അത് 2002ൽ ഡൽഹിയിലേക്ക് നീട്ടപ്പെട്ടു. ഇത്തരം നിയമങ്ങൾ കുറുക്കുവഴികൾ നൽകിയിട്ടും പൊലീസിന് അവ ഉപയോഗിച്ചു കുറ്റവാളികൾക്ക് ശിക്ഷ വാങ്ങിക്കൊടുക്കാൻ കഴിയാറില്ല. ഔദ്യോഗിക കണക്കുകളനുസരിച്ച് 76,000 പേർക്കെതിരെയാണ് ടാഡാ പ്രകാരം കേസെടുത്തത്. എന്നാൽ ശിക്ഷിക്കപ്പെട്ടത് 1.3 ശതമാനം പേർ മാത്രം. പോട്ട പ്രകാരം 1,031 പേർക്കെതിരെ കേസെടുക്കപ്പെട്ടു. അവിടെയും ശിക്ഷാനിരക്ക് ഏതാണ്ട് ഇതു തന്നെ. കുറ്റവാളികൾക്ക് ശിക്ഷ വാങ്ങിക്കൊടുക്കാനല്ല, സംശയിക്കുന്നവരെ ശിക്ഷ കൂടാതെ ദീർഘകാലം തുറുങ്കിലടക്കാനാണ് പൊലീസ് ഇത്തരം നിയമങ്ങളെ ആശ്രയിക്കുന്നതെന്ന് ഇതിൽനിന്നും മനസിലാക്കാവുന്നതാണ്.

ഡൽഹി പൊലീസ് മുംബായിൽ ചെന്ന് ശ്രീശാന്തിനെ പിടിച്ചുകൊണ്ടു പോയതിന്റെ പിന്നാലെ അവിടത്തെ പൊലീസും ഒരു വാതുവെയ്പ് കേസെടുത്തു. അന്വേഷണം സംബന്ധിച്ചു രണ്ടു കൂട്ടരും നൽകുന്ന വിവരങ്ങൾ അവർ ഒരു മത്സരത്തിൽ ഏർപ്പെട്ടിരിക്കുന്നെന്ന പ്രതീതി ജനിപ്പിക്കുന്നു. അടുത്ത കാലത്തുണ്ടായ തീവ്രവാദ സ്ത്രീപീഡന സംഭവങ്ങൾ കൈകാര്യം ചെയ്യുന്നതിലെ വീഴ്ചകളുടെ പേരിൽ പഴി കേൾക്കേണ്ടി വന്ന പൊലീസ് സേനകളും അവയെ നയിക്കുന്ന ഉദ്യോഗസ്ഥന്മാരും ഈ കേസുകളെ പ്രതിച്ഛായ നന്നാക്കാനുള്ള മാർഗ്ഗങ്ങളായി കാണുന്നുണ്ടാകാം.

വാതുവെയ്പ് ഒരു പുതിയ കാര്യമല്ല. ദാവൂദ് ഇബ്രാഹം രംഗപ്രവേശം ചെയ്യുന്നതിനു മുമ്പു തന്നെ മുംബായ് ഒരു വലിയ വാതുവെയ്പ് കേന്ദ്രമായിരുന്നു. ഒരു കാലത്ത് പത്രങ്ങളിൽ ദിവസേന വന്നിരുന്ന ന്യൂ യോർക്ക് കോട്ടൺ മാർക്കറ്റ് നിരക്കിനെ അടിസ്ഥാനമാക്കി വാതുവെയ്പ് സംഘടിപ്പിക്കുന്ന ദേശവ്യാപകമായ ഒരു സിണ്ടിക്കേറ്റ് ആ നഗരത്തിൽ പ്രവർത്തിച്ചിരുന്നു. അതിനെ തകർത്തത് മുംബായ് പൊലീസ് അല്ല, അമേരിക്കയിലെ പൊലീസ് ആണ്. ആ സിൻഡിക്കേറ്റിനുവേണ്ടി ഒരു ഇടനിലക്കാരൻ ന്യൂ യോർക്ക് മാർക്കറ്റ് നിരക്കുകൾ നിശ്ചയിക്കുന്നതായി അവർ കണ്ടെത്തുകയും അയാളെ പിടികൂടി, വിചാരണ നടത്തി ശിക്ഷിക്കുകയും ചെയ്തു. ഐ.പി.എൽ പോലുള്ള പരിപാടികൾ പണം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ മാത്രം രൂപകല്പന ചെയ്തിട്ടുള്ളതാണ്. വലിയ തോതിൽ കാശു മുടക്കാൻ കഴിവുള്ളവർക്ക് മാത്രമെ ടീം ഉണ്ടാക്കാനാകൂ. ടീമുകൾ കളിക്കാരെ ലേലത്തിൽ പിടിക്കുന്നു. സർക്കാർ നികുതി ഇളവ് നൽകി പരിപാടിയെ പ്രോത്സാഹിപ്പിക്കുന്നു. ഇതൊക്കെ വാതുവെയ്പ് പോലുള്ള വഷളത്തങ്ങൾ വളർത്തുന്നതിൽ അത്ഭുതപ്പെടാനുണ്ടോ?

കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്കെതിരെ നടപടിയെടുക്കാനുള്ള ചുമതല പൊലീസ് സേനക്കുണ്ട്. ചുമതല നിർവഹിക്കുന്നതിൽ അത് തുടർച്ചയായി പരാജയപ്പെട്ടതിന്റെ ഫലമായി ചില തരം കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് പ്രത്യേക സേനകൾ രൂപീകരിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോൾ ഒരു വലിയ കുറ്റകൃത്യം നടക്കുമ്പോൾ ആരാണ് അന്വേഷണം നടത്തേണ്ടതതെന്ന് തീരുമാനിക്കാൻ തന്നെ എളുപ്പമല്ല. രണ്ട് ഇറ്റാലിയൻ പട്ടാളക്കാർ പ്രതികളായ കടൽക്കൊല കേസിന്റെ കാര്യത്തിൽ നാം ഇത് കണ്ടു. കേരള പൊലിസിൽ നിന്ന് ക്രൈം ബ്രാഞ്ചിലേക്കും പിന്നെ സി.ബി.ഐയിലേക്കും ഒടുവിൽ എൻ.ഐ.എയിലേക്കും അത് കൈമാറ്റം ചെയ്യപ്പെട്ടു. അതിനിടെ ഏത് നിയമപ്രകാരം കേസ് എടുണമെന്ന കാര്യത്തിൽ ചിന്താക്കുഴപ്പമുണ്ടായി. ഇനിയും അക്കാര്യത്തിൽ വ്യക്തതയുണ്ടായിട്ടില്ല. നിയമബാഹുല്യവും അന്വേഷണ സംവിധാനങ്ങളുടെ ബാഹുല്യവും നീതിന്യായ പ്രക്രിയ അതീവ സങ്കീർണ്ണമാക്കിയിരിക്കുന്നു.   

കരിനിയമങ്ങൾ കൂടാതെ കഴിയില്ലെന്ന അവസ്ഥയിലാണ് ഭരണാധികാരികളും പൊലീസും. പൊതുജനാഭിപ്രായം മാനിച്ച് ഒരു കരിനിയമം പിൻ‌വലിക്കുമ്പോൾ സർക്കാർ സമാന വ്യവസ്ഥകളുള്ള മറ്റൊന്ന് കൊണ്ടുവരുന്നു. അങ്ങനെ ഏറ്റവും ഒടുവിൽ ഉണ്ടായതാണ് അൺലാഫുൾ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട് അഥവാ യുഎപിഎ. വേണ്ടത്ര തെളിവില്ലാതെയൊ കൃത്രിമമായി തെളിവുകളുണ്ടാക്കിയൊ, നിയമബാഹ്യമായ അജണ്ടകളുടെ അടിസ്ഥാനത്തിൽ, ഏതെങ്കിലും വ്യക്തികൾക്കൊ വിഭാഗങ്ങൾക്കൊ എതിരായി കേസെടുക്കുന്ന രീതി രാജ്യമൊട്ടുക്ക് വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. ബി.ജെ.പി. ഭരണകാലത്ത് കർണ്ണാടക പൊലീസ് അബ്ദുൾ നാസർ മ്‌അദനിക്കും തദ്ദേശീയരായ ചില മുസ്ലിം യുവാക്കൾക്കുമെതിരെ എടുത്ത കേസുകൾ പ്രത്യക്ഷത്തിൽ ഈ ഗണത്തിൽ പെടുന്നു. ഹിന്ദുത്വപക്ഷക്കാരായ പത്രപ്രവർത്തകരെ കൊല്ലാൻ പദ്ധതിയിട്ടെന്ന ആരോപണം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട ഡക്കാൺ ഹെറാൾഡ് റിപ്പോർട്ടറും പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള ഡി.ആർ.ഡി.ഓയിലെ യുവ ഗവേഷകനും നിരപരാധികളാണെന്ന് എൻ.ഐ.എ. കണ്ടെത്തിയതിനെ തുടർന്ന് കോടതി അവരെ കുറ്റവിമുക്തരാക്കി. യുഎപിഎ ചുമത്തിയിരുന്നതുകൊണ്ട്  ജാമ്യം നിഷേധിക്കപ്പെട്ട് മാസങ്ങൾ ജയിലിൽ കഴിഞ്ഞശേഷം പുറത്തു വന്ന് റിപ്പോർട്ടറെ പത്രം തിരിച്ചെടുത്തു. എന്നാൽ ഡി.ആർ.ഡി.ഓ ഗവേഷകൻ ഇപ്പോഴും പുറത്താണ്.

കേരളത്തിലും യുഎപി‌എ പ്രകാരം 100 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. അതിൽ 92 പേർ മുസ്ലിങ്ങളാണ്. പ്രവാചകനിന്ദയുടെ പേരിൽ മൂവാറ്റുപുഴയിലെ കോളെജ് അദ്ധ്യാപകന്റെ കൈ വെട്ടിയതു സംബന്ധിച്ചും നാറാത്ത് സായുധ പരിശീലനം നടത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ടും ചാർജു ചെയ്തിട്ടുള്ള കേസുകളിലെ പ്രതികളാണവർ. ഇന്ത്യൻ പീനൽ കോഡ് വകുപ്പുകളനുസരിച്ച് നടപടിയെടുക്കാനും കുറ്റക്കാരെന്ന് കോടതിക്ക് ബോദ്ധ്യപ്പെട്ടാൽ ശിക്ഷിക്കാനും കഴിയുമെന്നിരിക്കെ യുഎപിഎ കൂടി ഉൾപ്പെടുത്തിയത് എന്തിനാണെന്ന് വ്യക്തമല്ല. ഈ നിയമപ്രകാരം നടപടി നേരിടുന്ന മറ്റുള്ളവർ നക്സലൈറ്റുകൾ ആണെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ യോഗം ചേരാനായി മാവേലിക്കരയിലെത്തിയെന്നല്ലാതെ അവർ എന്തെങ്കിലും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതായി പൊലീസ് ഭാഷ്യത്തിൽ പോലുമില്ല. നൂറു കോടി രൂപായുടെ ആകർഷണത്തിൽ നാം ഈയിടെ പാടുപെട്ട് മലയാളത്തിന് ശ്രേഷ്ഠപദവി നേടുകയുണ്ടായി. പൊതുസമൂഹവും രാഷ്ട്രീയ പ്രസ്ഥാനങ്ങളും ജാഗ്രത പുലർത്തിയില്ലെങ്കിൽ ഭീകരവിരുദ്ധ പ്രവർത്തനത്തിന് കേന്ദ്രം വാഗ്ദാനം ചെയ്യുന്ന കോടികളുടെ പ്രലോഭനത്തിൽ യുഎപി‌എ പ്രയോഗം വ്യാപകമായെന്നിരിക്കും. (ജനയുഗം, ജൂൺ 12, 2013)

No comments: