ബി.ആർ.പി. ഭാസ്കർ
സോളാർ തട്ടിപ്പ് കേരള രാഷ്ട്രീയത്തെ കലുഷിതവും മലീമസവുമാക്കുക മാത്രമല്ല നിയമസഭാ പ്രവർത്തനം അസാദ്ധ്യമാക്കുകയും ചെയ്തിരിക്കുന്നു. തെരുവു പ്രകടനങ്ങളെപ്പോലെ സഭക്കുള്ളിലെ പ്രകടനങ്ങളും നമ്മുടെ ജനാധിപത്യപ്രക്രിയയുടെ ഭാഗമായിത്തീർന്നിട്ടുണ്ട്. രണ്ടുതരത്തിലുള്ള പ്രകടനങ്ങളും മുമ്പത്തേക്കാൾ വ്യാപകമായതിന്റെ ഒരു പ്രധാന കാരണം ഭരണകൂടങ്ങൾ ജനവികാരം മനസിലാക്കുന്നില്ലെന്നതാണ്. മനസിലാക്കിയാൽ തന്നെയും അത് മാനിക്കേണ്ടതില്ലെന്നും അധികാരികൾ വിശ്വസിക്കുന്നു. പ്രബുദ്ധമെന്ന് സ്വയം കരുതുന്ന കേരള സമൂഹത്തിൽ ജനവികാരത്തിന് പുല്ലുവില കല്പിക്കാതെ മുന്നോട്ടു പോകാൻ ഭരണകൂടത്തിനു കഴിയുന്നുവെന്നത് നമ്മുടെ ജനാധിപത്യബോധം ദുർബലമായതുകൊണ്ടാണ്.
കഴിഞ്ഞ ഏതാനും ദിവസങ്ങളിലെ പ്രസ്താവനായുദ്ധങ്ങൾ ശ്രദ്ധിച്ചാൽ എങ്ങനെയാണ് ഭരണകൂടം ജനവികാരത്തെ പരാജയപ്പെടുത്തുന്നതെന്ന് മനസിലാക്കാൻ കഴിയും. നിരവധി തട്ടിപ്പുകേസുകളിൽ പ്രധാന പ്രതികളായ ദമ്പതികൾ മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ പെട്ട ഒന്നിലധികം പേരുമായി നിരന്തരം ടെലിഫോൺ ബന്ധം പുലർത്തിപ്പോരുന്നുവെന്ന വിവരം പ്രചരിച്ചതോടെയാണ് ഉമ്മൻ ചാണ്ടി സർക്കാർ പ്രതിരോധത്തിലായത്. സ്വന്തം ഫോണില്ലാത്ത മുഖ്യമന്ത്രി ഇവരുടെ മൊബൈലുകളാണ് ഉപയോഗപ്പെടുത്തിയിരുന്നത്. തുരുതുരെയുള്ള ഫോൺവിളികൾ സ്വാഭാവികമായും സുതാര്യമായി പ്രവർത്തിക്കുന്നെന്ന് അവകാശപ്പെട്ടിരുന്ന മുഖ്യമന്ത്രിയെ കുറിച്ചുതന്നെ സംശയങ്ങളുണർത്താൻ പോരുന്നവയായിരുന്നു.
ഓരോ ഘട്ടത്തിലും മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും നൽകിയ വിശദീകരണങ്ങളിലെ പല വിവരങ്ങളും പൂർണ്ണമായും ശരിയല്ലെന്ന് പിന്നീട് പുറത്തുവന്നവ വ്യക്തമാക്കി. ചില സ്റ്റാഫ് അംഗങ്ങളുടെ പ്രവൃത്തികൾ സംശയാസ്പദമാണെന്ന് കരുതാൻ പോരുന്ന ധാരാളം വിവരങ്ങൾ വെളിച്ചത്തുവന്നിട്ടും അവർക്കെതിരെ നടപടിയെടുക്കാൻ മുഖ്യമന്ത്രി തയ്യാറായില്ല. ആരെയെങ്കിലും ബലിയാടാക്കി രക്ഷപ്പെടാൻ ശ്രമിക്കില്ലെന്ന് ഒരു ഘട്ടത്തിൽ മുഖ്യമന്ത്രി പറയുകയുണ്ടായി. ഏത് നല്ല നേതാവും ആശ്രിതരെ സംരക്ഷിക്കും. എന്നാൽ ആശ്രിതസംരക്ഷണം ആത്യന്തികലക്ഷ്യമാകാൻ പാടില്ല. ആശ്രിതരുടെ പ്രവർത്തനം തന്റെ ഭരണപരപായ ചുമതലകൾ സത്യസന്ധമായി നിറവേറ്റുന്നതിനു തടസമാണെന്ന് കണ്ടാൽ അവരെ പുറത്താക്കണം. അതിനു ഭരണാധികാരി മടിക്കുമ്പോൾ അവർ പ്രവർത്തിച്ചത് അദ്ദേഹത്തിന്റെ അറിവോടെയായിരുന്നില്ലെങ്കിൽ തന്നെയും അവരുടെ പ്രവൃത്തികൾക്ക് അദ്ദേഹത്തിന്റെ പിൽക്കാല സമ്മതമുണ്ടായിരുന്നെന്ന് വരുന്നു.
മുഖ്യമന്ത്രി രാജിവെക്കണമെന്ന പ്രതിപക്ഷ ആവശ്യം അദ്ദേഹവും ആഭ്യന്തരമന്ത്രിയും പ്രതിരോധിക്കുന്നത് ഇപ്പോൾ നടക്കുന്ന പൊലീസ് അന്വേഷണം കഴിയുമ്പോൾ കുറ്റവാളികൾക്കെതിരെ നടപടിയുണ്ടാകുമെന്ന് ആവർത്തിച്ചു പ്രഖ്യാപിച്ചുകൊണ്ടാണ്. ഇതൊരു മുടന്തൻ ന്യായമാണ്. പൊലീസ് നടത്തുന്നത് ക്രിമിനൽ നിയമപ്രകാരമുള്ള അന്വേഷണങ്ങളാണ്. മുഖ്യമന്ത്രിയുടെ രാജി എന്നത് ഒരു രാഷ്ട്രീയ ആവശ്യമാണ്. അദ്ദേഹം സ്റ്റാഫംഗങ്ങളായി തെരഞ്ഞെടുത്ത ഏതാനും പേർ ഇതിനകം പൊലീസ് അന്വേഷണങ്ങളുടെ പരിധിയിൽ വന്നിട്ടുണ്ട്. അവർ കുറ്റകൃത്യങ്ങൾ ചെയ്തൊ ഇല്ലയൊ എന്നത് ഈ അന്വേഷണങ്ങൾ പൂർത്തിയായശേഷം വിചാരണകളിലൂടെ ബന്ധപ്പെട്ട കോടതികൾ തീരുമാനിക്കേണ്ട കാര്യമാണ്. നമ്മുടെ നീതിന്യായ സമ്പ്രദായത്തിന്റെ പാരമ്പര്യം വെച്ചു നോക്കുമ്പോൾ ആ തീരുമാനത്തിന് പതിറ്റാണ്ടുകാലമെങ്കിലും കാത്തിരിക്കേണ്ടിവരും. നിയമവ്യവസ്ഥ അവരെ ഒടുവിൽ കുറ്റവിമുക്തരാക്കിയാലും അനഭിലഷണീയരായ വ്യക്തികളുമായി അനുചിതമായ ബന്ധം പുലർത്തിയെന്ന വസ്തുത അവശേഷിക്കും. അതിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കും പരോക്ഷമായെങ്കിലുമുണ്ട്.
സ്വ്വതന്ത്ര്യത്തിന്റെ ആദ്യകാലത്ത് എൽ.ഐ.സി. കുംഭകോണം അന്വേഷിച്ച ജസ്റ്റിസ് എം.സി. ഛഗ്ല മന്ത്രിമാരുടെ ഉത്തരവാദിത്വം സംബന്ധിച്ച് ഉന്നത ജനാധിപത്യമൂല്യങ്ങളിൽ അധിഷ്ഠിതമായ ഒരു നിരീക്ഷണം നടത്തുകയുണ്ടായി. തന്റെ കീഴിലുള്ള ഉദ്യോഗസ്ഥന്മാരുടെ തീരുമാനങ്ങൾക്ക് മന്ത്രിക്ക് സൃഷ്ടിപരമായ ഉത്തരവാദിത്വമുണ്ടന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. (‘കൺസ്ട്രക്ടീവ് റസ്പോൺസിബിലിറ്റി’ എന്ന ഇംഗ്ലീഷ് പദങ്ങളാണ് അദ്ദേഹം ഉപയോഗിച്ചത്). ഛഗ്ലയുടെ നിരീക്ഷണം അംഗീകരിച്ചുകൊണ്ട് പ്രധാനമന്ത്രി ജവഹർലാൽ നെഹ്രു ധനമന്ത്രിയായിരുന്ന ടി.ടി.കൃഷ്ണമാചാരിയുടെ രാജി ആവശ്യപ്പെട്ടു. അങ്ങനെ ഒരു മഹത്തായ ജനാധിപത്യ പാരമ്പര്യം സ്ഥാപിക്കപ്പെട്ടു. അതു കളഞ്ഞുകുളിച്ച കോൺഗ്രസുകാരെ അതെക്കുറിച്ച് ഓർമ്മിപ്പിക്കുന്നതുകൊണ്ട് പ്രയോജനമുണ്ടാവില്ലെന്നു വരാം. എന്നാൽ അവർ മറന്നുകൂടാത്ത ഒരു വസ്തുതയുണ്ട്. അത് ജോപ്പനെയും ജിക്കിമോനെയും സലിം രാജുവിനെയുമൊക്കെ അളക്കുന്ന അളവുകോൽ കൊണ്ടല്ല ഉമ്മൻ ചാണ്ടിയെ അളക്കുന്നതെന്നതാണ്. കോൺഗ്രസുകാരുടെ ഓർമ്മക്കുവേണ്ടി രണ്ട് കാര്യങ്ങൾ കൂടി ചൂണ്ടിക്കാണിക്കട്ടെ. അന്നത്തെ രാജി കൃഷ്ണമാചാരിക്ക് മന്ത്രിസഭയിലേക്ക് മടങ്ങിവരുന്നതിനു തടസമായില്ല. തീവണ്ടി അപകടത്തിന്റെ ധാർമ്മികമായ ഉത്തരവാദിത്വം സ്വയം ഏറ്റെടുത്തുകൊണ്ട് റയിൽമന്ത്രി സ്ഥാനം ഉപേക്ഷിച്ച ലാൽ ബഹദൂർ ശാസ്ത്രി പിന്നീട് പ്രധാനമന്ത്രിയായി.
തട്ടിപ്പു കേസ് പ്രതികളെ സംരക്ഷിക്കുന്നെന്ന ആരോപണം മറികടക്കാൻ മുഖ്യമന്ത്രിപറഞ്ഞ ചില കാര്യങ്ങൾ പരിശോധനയർഹിക്കുന്നു. ബിജു രാധാകൃഷ്ണനും സരിതാ നായർക്കുമെതിരായ 14 വഞ്ചനക്കേസുകൾ എൽ.ഡി.എഫ് ഭരണകാലത്താണ് ഉത്ഭവിച്ചതെന്നും അവയിൽ ഒരു നടപടിയും എടുക്കാതിരുന്നിട്ടാണ് യു.ഡി.എഫ് സർക്കാരിനെതിരെ തിരിയുന്നതെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. ഈ തട്ടിപ്പുകൾ സംബന്ധിച്ച് ജുഡിഷ്യൽ അന്വേഷണം വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തിരസ്കരിച്ചതിനെ ന്യായീകരിക്കാൻ ടോട്ടൽ ഫോർ യൂ തട്ടിപ്പിനെ കുറിച്ച് ജുഡിഷ്യൽ അന്വേഷണം നടത്തണമെന്ന് തങ്ങൾ പ്രതിപക്ഷത്തു നിന്ന് ഉന്നയിച്ച ആവശ്യം എൽ.ഡി.എഫ് സർക്കാർ തള്ളിയ കാര്യം അദ്ദേഹം ഓർമ്മിപ്പിച്ചു. ഈ വാദങ്ങൾക്കടിയിൽ മുന്നണി രാഷ്ട്രീയത്തിന്റെ കീഴിൽ വളർന്നുകൊണ്ടിരിക്കുന്നതും പാപം ചെയ്യാത്തവൻ കല്ലെറിയട്ടെ എന്ന ധാർമ്മികതത്വത്തിന്റെ വികലമായ അനുകരണവുമായ ഒരാശയമുണ്ട്. അത് ഒരു മുന്നണി ചെയതിട്ടുള്ള പാതകങ്ങൾ ആവർത്തിക്കാനുള്ള അവകാശം മറ്റേ മുന്നണിക്കുണ്ടെന്നതാണ്. ഇത് അംഗീകരിക്കാനാവുന്ന ഒന്നല്ല. (ജനയുഗം, ജൂൺ 26, 2013)

No comments:
Post a Comment