Friday, April 26, 2013

പ്രതിരോധത്തിൽ നിന്ന് പിടിച്ചടക്കലിലേക്ക്

ബി.ആർ.പി. ഭാസ്കർ

കാസർകോട്ട് പിടിച്ചടക്കൽ (Occupy Kasegode) സമരം നടക്കുന്ന ദിവസമാണ് ഈ വരികൾ കുറിക്കുന്നത്. എൻഡോസൾഫാൻ പീഡിതരുടെ പുനരധിവാസം ആവശ്യപ്പെട്ടുകൊണ്ട് ഒരു മാസത്തിലേറെയായി നടക്കുന്ന നിരാഹാരസമരത്തോട് സർക്കാർ സ്വീകരിച്ച അലംഭാവ പൂർണ്ണമായ സമീപനമാണ് ‘പിടിച്ചടക്കൽ’ സമരത്തിലേക്ക് നയിച്ചത്. ‘പിടിച്ചടക്കൽ’ എന്ന പേരിൽ കേരളത്തിൽ ഒരു പരിപാടി നടക്കുന്നത് ഇതാദ്യമാകണം. ഈ പേരു ഉപയോഗിച്ചില്ലെങ്കിലും ‘പിടിച്ചടക്കൽ’ സ്വഭാവമുള്ള സമരങ്ങൾ കേരളത്തിൽ മുമ്പും ഉണ്ടായിട്ടുണ്ട്. സി.കെ. ജാനുവിന്റെ നേതൃത്വത്തിൽ ആദിവാസികൾ തിരുവനന്തപുരത്തും (കുടിൽകെട്ടി സമരം) മുത്തങ്ങയിലും നടത്തിയ പ്രക്ഷോഭങ്ങൾ അടിസ്ഥാനപരമായി പിടിച്ചടക്കൽ സമരങ്ങളായിരുന്നു. ളാഹ ഗോപാലന്റെ നേതൃത്വത്തിൽ ദലിത്-ആദിവാസി വിഭാഗങ്ങളും മറ്റ് ഭൂരഹിതരും ചെങ്ങറയിൽ നടത്തിയതും പിടിച്ചടക്കൽ സമരം തന്നെ. പ്ലാച്ചിമടയിലെയും വിളപ്പിൽശാലയിലെയും സമരങ്ങളും പലപ്പോഴും പിടിച്ചടക്കൽ സ്വാഭാവം കൈവരിച്ചിരുന്നു. കൂട്ടബലാത്സംഗ സംഭവത്തെ തുടർന്ന് ഡൽഹിയിൽ നടന്നതും അത്തരത്തിലുള്ള സമരമായിരുന്നു.

പിടിച്ചടക്കൽ എന്ന് പേർ ഉണ്ടാകുന്നത് 2011 സെപ്തംബറിൽ ന്യൂയോർക്കിൽ തുടങ്ങിയ ‘ഓക്കുപൈ വാൾ സ്ട്രീറ്റ്’ പ്രക്ഷോഭത്തോടെയാണ്. അതിന്റെ ആശയപരമായ അടിത്തറ പാകിയത് സ്റ്റെഫാനെ ഹെസൽ (Stéphane Hessel) എന്ന മുൻ ഫ്രഞ്ച് നയതന്ത്രജ്ഞനാണ്. രണ്ടാം ലോകമഹായുദ്ധകാലത്ത് ജർമ്മൻ അധിനിവേശത്തിനെതിരായി ചാൾസ് ഡി ഗോളിന്റെ നേതൃത്വത്തിൽ നടന്ന ദേശീയ പ്രതിരോധ പ്രവർത്തനത്തിൽ പങ്കാളിയായിരുന്നു അദ്ദേഹം. ഒക്ടോബറർ 2010ൽ, 93ആം വയസിൽ, അദ്ദേഹം 32 പേജുള്ള ഒരു കൊച്ചു പുസ്തകമെഴുതി. പേരു Indignez Vous! (നിങ്ങൾ ക്ഷോഭിക്കൂ!). ഒരു ചെറിയ കാലയളവിൽ അതിന്റെ 15 ലക്ഷം കോപ്പികൾ വിറ്റഴിഞ്ഞു. പല ഭാഷകളിലേക്കും അത് തർജ്ജമ ചെയ്യപ്പെട്ടു. ഇംഗ്ലീഷ് പരിഭാഷ: Time for Outrage (ക്ഷോഭത്തിന് സമയമായി). അതിൽ അദ്ദേഹം എഴുതി: “നിസ്സംഗതയാണ് ഏറ്റവും മോശമായ മനോഭാവം.” ചുറ്റും നോക്കി ക്ഷോഭം ആവശ്യപ്പെടുന്ന വിഷയങ്ങൾ കണ്ടെത്താൻ അദ്ദേഹം യുവജനങ്ങളോട് ആവശ്യപ്പെട്ടു. വ്യക്തിപരമായി അദ്ദേഹത്തെ ക്ഷോഭിപ്പിക്കുന്ന രണ്ട് വിഷയങ്ങൾ ഹെസൽ എടുത്തു പറഞ്ഞൂ. ഒന്ന്. പലസ്തീൻ, രണ്ട്. മൂലധന മുതലാളിത്വം. ലോകമഹായുദ്ധകാലത്ത് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ആയുധമെടുത്ത ഹെസൽ അക്രമരഹിതവും സമാധാനപൂർണ്ണവുമായ രീതിയിൽ സമരം ചെയ്യാനാണ് പുതുതലമുറയെ ഉപദേശിച്ചത്.  

ഹെസൽ ഇക്കൊല്ലം ഫെബ്രുവരി 27ന് അന്തരിച്ചു. അതിനുമുമ്പുതന്നെ അദ്ദേഹത്തിന്റെ ആശയങ്ങളിൽനിന്ന് പ്രചോദനമുൾക്കൊണ്ടുകൊണ്ട് സ്പെയിനിൽ ഒരു സമരം നടന്നു. പുസ്തകത്തിന്റെ പേരിനെ ആസ്പദമാക്കി പ്രക്ഷോഭകർ ‘ക്ഷോഭിക്കുന്നവർ’ എന്നാണ് സ്വയം വിശേഷിപ്പിച്ചത്. അറബ് വസന്തവും വാൾ സ്ട്രീറ്റ് പിടിച്ചടക്കലും കാണുവാനും അദ്ദേഹത്തിനു കഴിഞ്ഞു. വാൾ സ്ട്രീറ്റ് പിടിച്ചടക്കലിനെ തുടർന്ന് 82 രാജ്യങ്ങളിൽ നിന്ന് സമാനമായ പരിപാടികൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ജനാധിപത്യസമൂഹങ്ങളിലും ഭരണത്തെ നിയന്ത്രിക്കുന്നത് ഒരു ശതമാനത്തിന്റെ ഉടമസ്ഥതയിലുള്ള മൂലധന സ്ഥാപനങ്ങളാണെന്ന വസ്തുതയിലേക്ക് വിരൽ ചൂണ്ടിക്കൊണ്ട് വാൾ സ്ട്രീറ്റ് പ്രക്ഷോഭകർ “ഞങ്ങളാണ് 99 ശതമാനം” എന്ന മുദ്രാവാക്യം ഉയർത്തി. ആ മുദ്രാവാക്യം ലോകമൊട്ടുക്ക് പ്രതിധ്വനിച്ചു

ഭരണകൂടങ്ങൾ പ്രതിരോധ സമരങ്ങളെയെന്നപോലെ സമാധാനപരമായ പിടിച്ചടക്കൽ സമരങ്ങളെയും ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തുകയാണ് ചെയ്യുന്നത്. പക്ഷെ ചില സാഹചര്യങ്ങളിൽ വൻ‌തോതിലുള്ള ബലപ്രയോഗം സാധ്യമാകാതെ വരാറുണ്ട്. മുത്തങ്ങയിൽ ക്രൂരമായ ആദിവാസി വേട്ട നടന്നു. തികച്ചും സമാധാനപരമായി നടന്ന വാൾ സ്ട്രീറ്റ് സമരത്തെ അമേരിക്കയിലെ കേന്ദ്ര അന്വേഷണ വിഭാഗമായ എഫ്.ബി.ഐയും വേൾഡ് ട്രെയ്ഡ് സെന്റർ ആക്രമണത്തിനുശേഷം തീവ്രവാദ ഭീഷണി നേരിടാൻ രൂപീകരിക്കപ്പെട്ട ആന്തരിക സുരക്ഷാ വകുപ്പും (Department of Homeland Security) ചേർന്നാണ് അടിച്ചമർത്തൽ നടത്തിയത്. എന്നാൽ അത് ആസൂത്രണം ചെയ്തതും ഏകോപിച്ചതും ഒരു ശതമാനത്തിന്റെ കൈകളിലുള്ള വാണിജ്യബാങ്കുകളായിരുന്നു.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടു കാലത്ത് നിരവധി ജനകീയ സമരങ്ങൾ വിജയിച്ച പ്രദേശമാണ് കേരളം. സമരങ്ങളൊക്കെ തുടങ്ങിയത് രാഷ്ട്രീയ കക്ഷികൾക്ക് പുറത്തുള്ള സാധാരണ ജനങ്ങൾ. ഡൽഹിയിലും ലോകത്തെ മറ്റ് രാജ്യങ്ങളിലും നടന്ന ശ്രദ്ധേയമായ സമരങ്ങളിലെ മുഖ്യഘടകം നാഗരിക മദ്ധ്യവർഗ്ഗമായിരുന്നു. കേരളത്തിലെ ജനകീയ സമരങ്ങളിൽ ഈ വിഭാഗത്തിന്റെ പ്രാതിനിധ്യം കുറവാണ്. കാരണം അവരിലേറെയും പാർട്ടിക്കൊടികൾക്ക് കീഴിലാണ്. തുടക്കത്തിൽ എല്ലാ രാഷ്ട്രീയ കക്ഷികളും ജനകീയ സമരങ്ങൾക്കെതിരായ നിലപാടാണ് എടുക്കുന്നത്. സമരങ്ങൾക്ക് ജനപിന്തുണയുണ്ടെന്ന് ബോധ്യമാകുമ്പോൾ കക്ഷികൾ സമീപനത്തിൽ ചെറിയ മാറ്റം വരുത്തുന്നു. പാർട്ടിയുടെ അടിത്തറ സംരക്ഷിക്കാൻ പ്രാദേശിക ഘടകങ്ങളെ സമരാനുകൂല സമീപനം സ്വീകരിക്കാൻ സംസ്ഥാന നേതൃത്വങ്ങൾ അനുവദിക്കുന്നു.

വിജയിച്ച സമരങ്ങളുടെ ചരിത്രം പഠിക്കുമ്പോൾ ഒരു കാര്യം വ്യക്തമാകും. ദൃഢനിശ്ചയത്തോടെ രംഗത്തിറങ്ങുന്ന ജനങ്ങൾക്ക് ഭരണകൂടത്തിന്റെ തെറ്റായ പരിപാടികൾക്ക് തടയിടാൻ കഴിയുന്നുണ്ട്. എന്നാൽ അതിനെ ശരിയുടെ പാതയിലേക്ക് കൊണ്ടുവരാൻ കഴിയുന്നില്ല. ശക്തമായ പിടിച്ചടക്കൽ സമരങ്ങളിൽ കൂടിയാവും ജനങ്ങൾക്ക് അതിനു കഴിയുക.(പാഠഭേദം, ഏപ്രിൽ 2013)

Friday, April 19, 2013

ഭൂമിയുടെ ഉടമസ്ഥതയും വിനിയോഗവും

ബി.ആർ.പി. ഭാസ്കർ

വിഷുവിന് പറന്നുയരുമെന്ന് മുഖ്യമന്ത്രി പറഞ്ഞ എയർ കേരള വിമാനം ആകാശത്തെങ്ങും കാണാനില്ല. കേരളത്തെ ആഗസ്റ്റ് 2015ഓടെ ഭൂരഹിതരില്ലാത്ത സംസ്ഥാനമാക്കി മാറ്റുമെന്ന പ്രഖ്യാപനവും ഇതുപോലെ പുകയാകുന്ന ലക്ഷണമാണ് കാണുന്നത്.
ഭൂരഹിതർക്ക് ഭൂമിക്ക് അപേക്ഷ നൽകാനായി സർക്കാർ കഴിഞ്ഞ കൊല്ലം മൂന്നര ലക്ഷം അപേക്ഷകൾ അച്ചടിച്ച് എല്ലാ ജില്ലകളിലും വിതരണം ചെയ്തിരുന്നു. ജൂൺ 30 ആയിരുന്നു അപേക്ഷ നൽകാനുള്ള അവസാന തീയതി. പത്രവാർത്തകൾ ശരിയാണെങ്കിൽ ഇപ്പോൾ 2,33,232 അപേക്ഷകൾ സർക്കാരിന്റെ മുന്നിലുണ്ട്. ഒരു അപേക്ഷകന് മൂന്ന് സെന്റ് എന്ന കണക്കിന് കൊടുക്കാൻ 7,000 ഏക്കർ ഭൂമി വേണം. വഴിയിടാൻ ആവശ്യമായ സ്ഥലം വേറെയും. എന്നാൽ സർക്കാരിന് 3,500 ഏക്കർ ഭൂമിയെ കണ്ടെത്താനായിട്ടിള്ളു. അതുകൊണ്ട് പകുതി അപേക്ഷകർക്കുപോലും ഭൂമി നൽകാനാവില്ല. അങ്ങനെ പോകുന്നു സർക്കാർ ഭാഷ്യം. യാഥാർത്ഥ്യബോധമില്ലാതെയാണ് സർക്കാർ നീങ്ങുന്നതെന്ന് വ്യക്തം.

ഭൂരഹിതർ രണ്ട് വിഭാഗത്തിൽ പെടുന്നു. ചിലർക്കു തല ചായ്ക്കാൻ ഒരിടം മാത്രമെ ആവശ്യമുള്ളു. ഈ വിഭാഗത്തിൽ പെട്ടവരെ മൂന്നു സെന്റ് കൊടുത്ത് തൃപ്തിപ്പെടുത്താം. എന്നാൽ മറ്റ് ചിലർക്കു വേണ്ടത് കൃഷി ചെയ്ത് ഉപജീവനം നടത്താൻ ആവശ്യമായ ഭൂമിയാണ്. ആദിവാസികൾ സി.കെ. ജാനുവിന്റെ നേതൃത്വത്തിൽ തലസ്ഥാനത്ത് കുടിൽകെട്ടി സമരം നടത്തിയപ്പോൾ കേരളം ഭൂപരിഷ്കരണത്തിലൂടെ ഭൂപ്രശ്നം പരിഹരിച്ചെന്ന അവകാശവാദം പൂർണ്ണമായും ശരിയല്ലെന്ന് വ്യക്തമായി. മുത്തങ്ങയിൽ ആദിവാസികൾക്കുനേരെ വെടിവെച്ച സർക്കാരിനു പിന്നീട് അവരുടെ ആവശ്യം ന്യായമാണെന്ന് സമ്മതിക്കേണ്ടി വന്നു. ചെങ്ങറയിൽ ളാഹ ഗോപാലന്റെ നേതൃത്വത്തിൽ നടന്ന സമരത്തിൽ ആദിവാസികളും ദലിതരും മാത്രമല്ല മറ്റ് വിഭാഗങ്ങളിൽ‌പെട്ട ഭൂരഹിതരും പങ്കെടുക്കുകയുണ്ടായി. ആ സമരം ഒത്തുതീർപ്പായത് കൃഷിഭൂമി എന്ന ആശയം ഭാഗികമായി  അംഗീകരിച്ചുകൊണ്ടാണ്. നിർഭാഗ്യവശാൽ പലർക്കും കൊടുത്തത് കൃഷി ചെയ്യാൻ പറ്റിയ ഭൂമിയായിരുന്നില്ല. കൊല്ലം ജില്ലയിലെ അരിപ്പയിൽ കൃഷിഭൂമി ആവശ്യപ്പെട്ടുകൊണ്ട് എല്ലാ വിഭാഗങ്ങളിലും പെട്ട 1500ഓളം കുടുംബങ്ങൾ ശ്രീരാമൻ കൊയ്യോന്റെ നേതൃത്വത്തിൽ മൂന്നര മാസമായി സമരം നടത്തുകയാണ്. അവരിൽ ചിലർ ചെങ്ങറയിൽ നൽകിയ ഭൂമി കൃഷിക്കു പറ്റിയതല്ലാത്തതുകൊണ്ട് വീണ്ടും സമരമുഖത്തെത്തിയവരാണ്.

ചെങ്ങറയിൽ രണ്ടാം ഭൂപരിഷ്കരണം എന്ന മുറവിളി ഉയർന്നപ്പോൾ അതിനെ പുച്ഛിച്ചുതള്ളിയവർക്ക് പിന്നീട് ആ മുദ്രാവാക്യം ഏറ്റെടുക്കേണ്ടി വന്നു. ഇ.എം.എസ്. സർക്കാർ തുടങ്ങി വെക്കുകയും അച്യുത മേനോൻ സർക്കാർ പൂർത്തിയാക്കുകയും ചെയ്ത ഭൂപരിഷ്കരണം ധീരമായ നടപടിയായിരുന്നെന്ന കാര്യത്തിൽ സംശയമില്ല. പക്ഷെ അതിന് പരിമിതികളുണ്ടായിരുന്നു. നിയമം പാസാക്കിയെടുക്കാൻ വേണ്ടി വന്ന ഒന്നരപ്പതിറ്റാണ്ടിൽ മിച്ചഭൂമിയിലേറെയും അപ്രത്യക്ഷമായി. ആ നിയമത്തിന്റെ ഫലമായി ഭൂമിയിൽ ഉടമസ്ഥാവകാശം ലഭിച്ചത് പാടത്തു പണിയെടുക്കുന്നവർക്കല്ല, മദ്ധ്യവർത്തികളായ കുടിയാന്മാർക്കാണ്. അവരിൽ പലർക്കും അതിനിടയിൽ കാർഷികവൃത്തിയിലുള്ള താല്പര്യം നഷ്ടപ്പെട്ടിരുന്നു. അവർ ഭക്ഷ്യവിളകളിൽനിന്ന് നാണ്യവിളകളിലേക്ക് മാറുകയൊ മറ്റ് ഉപജീവനമാർഗ്ഗങ്ങൾ സ്വീകരിക്കുകയൊ ചെയ്തു. ഒടുവിൽ ഭൂപരിഷ്കരണം കൃഷിയെ വളർത്തുന്നതിനു പകരം തളർത്തി.

രണ്ടാം ഭൂപരിഷ്കരണത്തിലൂടെ രണ്ട് വിഭാഗം ഭൂരഹിതരുടെയും പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയണം.  ഇപ്പോഴും കാർഷികവൃത്തിയിൽ താല്പര്യം നഷ്ടപ്പെട്ടിട്ടില്ലാത്ത ജനങ്ങൾക്ക് ആവശ്യമായ കൃഷിഭൂമി  നൽകാൻ തോട്ടമുടമകൾ അനധികൃതമായി  കൈവശം വെച്ചിരിക്കുന്ന ഭൂമിയുടെ ഒരംശം മതി. ഈ ഭൂമി തിരിച്ചുപിടിക്കുന്ന കാര്യത്തിൽ നിശ്ചയദാർഢ്യത്തോടെ നീങ്ങാൻ സർക്കാരിനു കഴിയുന്നില്ല. ഒരു തോട്ടം സംബന്ധിച്ച ഹർജി ഹൈക്കോടതിയിൽ വന്നപ്പോൾ  ഒന്നിനു പിറകെ ഒന്നായി നിരവധി ജഡ്ജിമാർ സ്വയം ഒഴിവായത് തോട്ടമുടമയുടെ മുന്നിൽ നിയമവും എന്തുകൊണ്ടോ നിസ്സഹായമാണെന്ന സൂചനയാണ് നൽകുന്നു.

എല്ലാവർക്കും പാർപ്പിടം എന്ന ആശയം മുൻ‌നിർത്തിയാണ് രാജഭരണകാലത്തും അതിനു ശേഷവും സംസ്ഥാനത്ത് ദലിത് കോളനികൾ സ്ഥാപിക്കപ്പെട്ടത്. സാമൂഹ്യ ബഹിഷ്കരണത്തിന്റെ പുതിയ രൂപമായാണ് ഇന്ന് ദലിതർ ഈ കോളനികളെ കാണുന്നത്. എം.എൻ. ഗോവിന്ദൻ നായർ മന്ത്രിയായിരിക്കെ ആവിഷ്കരിച്ച ലക്ഷം വീട് പദ്ധതി പാർപ്പിട പ്രശ്നം പരിഹരിക്കാനുള്ള വലിയൊരു പരിപാടിയിരുന്നു. അതിനുശേഷം ചില കേന്ദ്ര പദ്ധതികൾ നടപ്പാക്കുകയല്ലാതെ കേരളത്തിലെ മാറിയ സാഹചര്യങ്ങൾ കണക്കിലെടുത്തുകൊണ്ട് ഒരു പദ്ധതി രൂപകല്പന ചെയ്യാൻ കേരളത്തിനു കഴിഞ്ഞിട്ടില്ല. 
മൂന്നായി വിഭജിച്ചുകിടന്ന  കേരളത്തെ ഒന്നായി കണ്ടുകൊണ്ട് അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി രംഗത്ത് വരുമ്പോൾ ഇത് ഒന്നേകാൽ കോടി ജനങ്ങളുടെ മാത്രം നാടായിരുന്നു. എം. എൻ ലക്ഷം വീട് പദ്ധതി തയ്യാറാക്കുമ്പോൾ ജനസംഖ്യ 2.13 കോടി ആയിരുന്നു. ഇന്ന് അത് 3.31 കോടിക്കു മുകളിലാണ്. ഈ സാഹചര്യത്തിൽ പാർപ്പിട പ്രശ്നം ഗൌരവപൂർവ്വം പുന:പരിശോധിക്കേണ്ടതല്ലേ? ജനസംഖ്യാ വർദ്ധനവിനോടൊപ്പം നഗരവത്കരണത്തിന്റെ വ്യാപ്തിയും പാർപ്പിടപ്രശ്നം പരിഗണിക്കുമ്പോൾ പ്രസക്തമാണ്. എം.എന്റെ കാലത്ത് ഇവിടെ വലിയ നഗരവത്കരണം നടന്നിരുന്നില്ല. ഏറ്റവും പുതിയ സെൻസസ് റിപ്പോർട്ട് അനുസരിച്ച്  കേരളത്തിലെ ജനസംഖ്യയുടെ 48 ശതമാനം നഗരവാസികളാണ്. ഇത് രണ്ട് കൊല്ലം മുമ്പത്തെ അവസ്ഥയാണെന്ന് ഓർക്കണം. ഒരുപക്ഷെ ഇപ്പോൾ ജനസംഖ്യയുടെ പകുതി നഗരങ്ങളിലായിരിക്കും.  


കേരളം ഒരു വലിയ ‘നഗരവത്കൃത സ്റ്റേറ്റ്’ ആയി രൂപാന്തരപ്പെടുകയാണ്. സംസ്ഥാനത്തെ 14 ജില്ലകളിൽ ആറെണ്ണത്തിൽ 2011ൽതന്നെ ഗ്രാമവാസികളേക്കാൾ കൂടുതൽ നഗരവാസികൾ ആയിരുന്നു. കണ്ണൂർ, കോഴിക്കോട്, തൃശ്ശൂർ, എറണാകുളം ജില്ലകളിൽ നഗരവാസികൾ ഗ്രാമവാസികളുടെ ഇരട്ടിയൊ അതിലധികമോ ആയിരുന്നു. ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിൽ നഗരവാസികൾ 54 ശതമാനം വീതമായിരുന്നു. കൊല്ലം, മലപ്പുറം ജില്ലകൾ 45 ശതമാനവും 44 ശതമാനവും നഗരവാസികളോടെ തൊട്ടു പിറകിലും. ഇങ്ങനെയുള്ള നാട്ടിലെ ഭരണാധികാരികൾ ചിന്തിക്കേണ്ടത് മുന്ന് സെന്റ് വീടുകളെ കുറിച്ചല്ല, ബഹുനില കെട്ടിടങ്ങളെ കുറിച്ചാണ്. വെളിയിൽ നിന്നൊരു മാതൃക വേണമെങ്കിൽ കടുത്ത ഭൂദൌർലഭ്യമുള്ള ഹോങ്‌കോങ്ങിന്റെ അനുഭവത്തിൽ നിന്ന് പാഠം ഉൾക്കൊള്ളാവുന്നതാണ്. ചൈനയിലെ വിപ്ലവത്തെ തുടർന്ന് 1950കളിലെത്തിയ അഭയാർത്ഥികളുടെ പാർപ്പിടപ്രശ്നം ബ്രിട്ടീഷ് ഭരണാധികാരികൾ പരിഹരിച്ചത് ബഹുനില കെട്ടിടങ്ങൾ നിർമ്മിച്ചു തുച്ഛമായ പ്രതിമാസ തവണ വ്യവസ്ഥയിൽ നൽകിക്കൊണ്ടാണ്. അഭയാർത്ഥികളുടെ എണ്ണം കണക്കാക്കി, അഞ്ചു പേർക്ക് ഒരു ഒറ്റമുറി ഫ്ലാറ്റ് എന്ന അടിസ്ഥാനത്തിൽ, ആവശ്യമായത്ര ഫ്ലാറ്റുകളുള്ള ബഹുനില കെട്ടിട സമുച്ചയങ്ങൾ അവർ ഉണ്ടാക്കി.

ഭൂതകാലത്തിന്റെ തടവറയിൽ കഴിയാതെ കൃഷി ഉപജീവനമാർഗ്ഗമായി സ്വീകരിക്കാൻ തയ്യാറുള്ളവർക്ക് കുടുംബം പോറ്റാൻ ആവശ്യമായ കൃഷിഭൂമിയും നഗരങ്ങളിൽ മറ്റ് തൊഴിലുകൾ ചെയ്ത് ഉപജീവനം നടത്തുന്നവർക്ക് പണിയിടങ്ങൾക്കടുത്ത് ബഹുനില പാർപ്പിടങ്ങളും എന്ന തരത്തിൽ നമുക്ക് ചിന്തിക്കാം. രണ്ടും മൂന്നും സെന്റ് ഭൂമിയിൽ കഴിയുന്ന ദലിതർ അടുക്കള കുത്തിപ്പൊളിച്ച് ശവം സംസ്കരിക്കേണ്ട ഗതികേടിലാണെന്നത് സർക്കാരിന് അറിയാത്ത കാര്യമാവില്ല. പക്ഷെ അതിന് പരിഹാരം കാണാൻ ഒരു ശ്രമവും നടത്തുന്നതായി അറിവില്ല.

കടുത്ത ഭൂദൌർലഭ്യം അനുഭവിക്കുന്ന എല്ലാ രാജ്യങ്ങളും ഭൂവിനിയോഗം സംബന്ധിച്ച് നിയമനിർമ്മാണം നടത്തുകയും നിയമങ്ങൾ കർശനമായി നടപ്പാക്കുകയും ചെയ്യുന്നുണ്ട്. കേരളം ഇക്കാര്യത്തിൽ ഇനിയും ഒരു ശാസ്ത്രീയ സമീപനം സ്വീകരിച്ചിട്ടില്ല. ഉള്ള നിയമങ്ങൾ തന്നെ സത്യസന്ധമായി നടപ്പാക്കുന്നുമില്ല. ഇതെല്ലാം  അപകടകരമായ സ്ഥിതിവിശേഷം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. (ജനയുഗം, ഏപ്രിൽ 17, 2013)

Thursday, April 4, 2013

ധാർമ്മികത നഷ്പ്പെട്ട ഭരണകൂടം

ബി.ആർ.പി. ഭാസ്കർ

ഭരണകേന്ദ്രങ്ങളിൽ നിന്നുയരുന്ന ദുർഗന്ധം അസഹനീയമായിരിക്കുന്നു. ഏതാനും മന്ത്രിമാർ വിജിലൻസ് അന്വേഷണം നേരിടുകയാണ്. ആരോപണവിധേയർ സ്ഥാനമൊഴിഞ്ഞുകൊണ്ട് അന്വേഷണം നേരിടുന്ന രീതി നെഹ്രുവിന്റെ കാലത്ത് കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും രൂപപ്പെട്ടിരുന്നു. രണ്ട് അടിസ്ഥാന തത്വങ്ങളുടെ പിൻബലത്തിൽ ആ പാരമ്പര്യം വികസിച്ചു. അതിലൊന്ന് സംശയത്തിന്റെ നിഴലിൽ നിൽക്കുന്നയാൾ അധികാരസ്ഥാനത്ത് തുടരാൻ പാടില്ലെന്നതാണ്. മറ്റേത് ആരോപണ വിധേയനെ തൽ‌സ്ഥാനത്ത് നിലനിർത്തിക്കൊണ്ടു നടത്തുന്ന അന്വേഷണം വിശ്വാസയോഗ്യമാവില്ലെന്നതും. നമ്മുടെ ജനാധിപത്യവ്യവസ്ഥക്ക് ശക്തിപകർന്ന ആ പാരമ്പര്യം കോൺഗ്രസും അത് നയിക്കുന്ന സർക്കാരുകളും ഇപ്പോൾ പിന്തുടരുന്നില്ല.

കേരളത്തിലെ ഇരുമുന്നണി സമ്പ്രദായം നിലവിൽ വന്നത് മൂന്നു പതിറ്റാണ്ടു മുമ്പാണ്. ഈ കാലയളവിൽ കേരളം കണ്ട ഏറ്റവും മോശപ്പെട്ട സർക്കാരാണ് ഉമ്മൻ ചാണ്ടിയുടേതെന്ന് പറയാതെ വയ്യ. ഇത്രയധികം മന്ത്രിമാർ ഒരേസമയം അഴിമതി ആരോപണം നേരിട്ട മറ്റൊരു കാലഘട്ടമില്ല. ചില മന്ത്രിമാർ ഒന്നിലധികം അന്വേഷണം നേരിടുന്നുണ്ട്. നിയമസഭയിൽ നേരിയ ഭൂരിപക്ഷം മാത്രമുള്ള മുന്നണിക്ക് ആരോപണവിധേയർ അന്വേഷണവേളയിൽ മാറി നിൽക്കണമെന്ന് പറയാൻ കഴിയാത്ത അവസ്ഥയാണുള്ളത്. സർക്കാരിന് എത്ര നേട്ടങ്ങൾ അവകാശപ്പെടാനുണ്ടായാലും അവ നഷ്ടപ്പെട്ട ധാർമ്മികതക്ക് പകരമാവില്ല.

ഈ സർക്കാരിന്റെ പരാജയം പ്രധാനമായും മുന്നണിയെ നയിക്കുന്ന കോൺഗ്രസിന്റെയും മുഖ്യമന്ത്രിയുടെയും പരാജയമാണ്. ഒരർത്ഥത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ തന്നെ തുടങ്ങിയതാണത്. വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരുമെന്ന് കരുതിയ യു.ഡി.എഫിന് നേരിയ ഭൂരിപക്ഷത്തോടെ കടന്നുകൂടാനേ കഴിഞ്ഞുള്ളു. തെരഞ്ഞെടുപ്പു ഫലം സൂക്ഷ്മമായി വിശകലനം ചെയ്യുമ്പോൾ യു.ഡി.എഫ് ജയിച്ചെങ്കിലും കോൺഗ്രസ് തോൽക്കുകയായിരുന്നെന്ന് കാണാം. കോൺഗ്രസിന്റെ 81 സ്ഥാനാർത്ഥികളിൽ 38 പേർ മാത്രമാണ് ജയിച്ചത്. അതായത് ഭൂരിപക്ഷം കോൺഗ്രസ് സ്ഥാനാർത്ഥികളും തോറ്റു. നേരത്തെ യു.ഡി.എഫ്. ജയിച്ച 2001ലെ തെരഞ്ഞടുപ്പുഫലവുമായി താരതമ്യപ്പെടുത്തുമ്പോൾ കോൺഗ്രസിന്റെ തോൽ‌വിയുടെ വ്യാപ്തി വ്യക്തമാകും. അന്ന് പാർട്ടി 88 സ്ഥാനാർത്ഥികളെ നിർത്തി. അവരിൽ 62 പേർ വിജയിച്ചു. ജനാധിപത്യവ്യവസ്ഥയിൽ പരാജയമുണ്ടാകുമ്പോൾ പാർട്ടികൾ കാരണങ്ങൾ അന്വേഷിക്കുകയും കാരണക്കാർക്കെതിരെ നടപടി എടുക്കുകയും ചെയ്യാറുണ്ട്. കോൺഗ്രസിൽ പ്രാദേശികനേതൃത്വങ്ങൾ നിലനിൽക്കുന്നത് കേന്ദ്ര നേതൃത്വത്തിന്റെ സന്മനസിന്റെ അടിസ്ഥാനത്തിലായതുകൊണ്ട് അത്തരം പ്രക്രിയകൾക്ക് പ്രസക്തിയില്ല. പാർട്ടിയെ ‌പരാജയത്തിലേക്ക് നയിച്ചവർക്ക് തോൽ‌വി മറികടന്നു ഭരണനേതൃത്വം ഏറ്റെടുക്കാൻ കഴിഞ്ഞു.

കോൺഗ്രസ് പരാജയപ്പെട്ടിട്ടും യു.ഡി.എഫിന് അധികാരം ലഭിച്ചത് മുസ്ലിം ലീഗ്, കേരളാ കോൺഗ്രസ് എന്നീ ഘടകകക്ഷികൾ വമ്പിച്ച വിജയം നേടിയതുകൊണ്ടാണ്. അവരുടെ മുന്നിൽ മുട്ടുകുത്തിക്കൊണ്ടാണ് മുഖ്യമന്ത്രി രണ്ട് കൊല്ലം തള്ളിനീക്കിയത്. കെ. ബി. ഗണേഷ് കുമാറിന്റെ രാജിയിൽ കലാശിച്ച സംഭവവികാസങ്ങൾ ഈ സർക്കാരിൽ ധാർമ്മികതയുടെ എന്തെങ്കിലും അംശം അവശേഷിച്ചിരുന്നെങ്കിൽ അതും ഇല്ലാതാക്കിയിരിക്കുന്നു.

ഗണേഷ് കുമാറിന്റെ ഭാര്യ യാമിനി തങ്കച്ചി മുഖ്യമന്ത്രിയെ കണ്ട് ഭർത്താവിനെതിരെ ഗാർഹിക പീഡനാരോപണം ഉന്നയിച്ചപ്പോൾ അദ്ദേഹത്തിന്റെ മുന്നിൽ രണ്ട് വഴികളുണ്ടായിരുന്നു. അദ്ദേഹത്തിന് അവരിൽ നിന്ന് പരാതി എഴുതി വാങ്ങി പൊലീസിനു കൈമാറാമായിരുന്നു. അല്ലെങ്കിൽ പൊലീസ് സ്റ്റേഷനിൽ പോയി പരാതി നൽകാൻ പറയാമായിരുന്നു. തികച്ചും  ഔപചാരികവും ഔദ്യോഗികവുമായി പ്രശ്നത്തെ സമീപിച്ചിരുന്നെങ്കിൽ സ്വീകരിക്കാവുന്ന മാർഗ്ഗമാണത്. സഹപ്രവർത്തകന്റെ കുടുംബപ്രശ്നമെന്ന നിലയിൽ, നിയമനടപടികളിലേക്ക് കടക്കാതെ, സൌഹൃദപരമായ സമീപനത്തിലൂടെ രമ്യമായ പരിഹാരം കാണാൻ ശ്രമിക്കുകയെന്നതായിരുന്നു മറ്റേ മാർഗ്ഗം. അദ്ദേഹം രണ്ടാമത്തെ മാർഗ്ഗം സ്വീകരിച്ചതിനെ ഒരു വലിയ കുറ്റമായി ഞാൻ കാണുന്നില്ല – പ്രത്യേകിച്ചും യാമിനി തങ്കച്ചിക്ക് അത് സ്വീകാര്യമായിരുന്ന സാഹചര്യത്തിൽ. എന്നാൽ പിന്നീടുണ്ടായ സംഭവങ്ങൾ അദ്ദേഹത്തിന്റെ സമീപനം സൌഹൃദപരത്തേക്കാൾ രാഷ്ട്രീയപ്രേരിതമായിരുന്നെന്ന് വ്യക്തമാക്കുന്നു.

മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടില്ലെന്ന് യാമിനി തങ്കച്ചിയിൽനിന്ന് എഴുതി വാങ്ങിയിട്ട് ആ കത്ത് നിയമസഭയിൽ വായിച്ചത് ഒരുദാഹരണം. എഴുതിക്കൊണ്ടുപോയ പരാതി അന്ന് നൽകാതിരുന്ന സാഹചര്യം അവർ വെളിപ്പെടുത്തിയിട്ടുള്ളത് അവിശ്വസിക്കേണ്ട കാര്യമില്ല. പ്രശ്നം രമ്യമായി പരിഹരിക്കപ്പെടാതെ പോയതിന് ഉമ്മൻ ചാണ്ടിയെ പഴിക്കാനാവില്ല. എന്നാൽ ശ്രമം പരാജയപ്പെട്ടശേഷം മുഖ്യമന്ത്രിപദം ആവശ്യപ്പെടുന്ന ധാർമ്മിക സമീപനം അദ്ദേഹത്തിന് സ്വീകരിക്കാൻ കഴിഞ്ഞില്ലെന്നതിനെ ഗുരുതരമായി കാണേണ്ടിയിരിക്കുന്നു. മുഖ്യമന്ത്രിയുടെ അറിവോടെ തയ്യാറാക്കപ്പെട്ട, ഉഭയസമ്മതപ്രകാരം വിവാഹബന്ധം വേർപെടുത്താനുള്ള ഹർജി ഉപേക്ഷിച്ചുകൊണ്ട് തിങ്കളാഴ്ച രാവിലെ ഗണേഷ് കുമാർ വിവാഹമോചനം ആവശ്യപ്പെട്ടുകൊണ്ട് കുടുംബകോടതിയിൽ നൽകിയ അപേക്ഷയിൽ ഭാര്യ തന്നെ ശാരീരികമായി പീഡിപ്പിച്ചെന്ന് ആരോപിക്കുകയുണ്ടായി. പീഡനമേറ്റതിന് തെളിവായി കുറെ ഫോട്ടോകളും അദ്ദേഹം ഹാജരാക്കി. തുടർന്ന് അദ്ദേഹത്തിന്റെ പേഴ്സണൽ സ്റ്റാഫിൽ പെട്ട ഒരാൾ പീഡനത്തിന് ദൃക്‌സാക്ഷിയായി മാധ്യമങ്ങൾക്കു മുന്നിൽ അവതരിക്കുകയും ചെയ്തു. വിവാഹമോചനക്കേസുകൾ കൈകാര്യം ചെയ്യുന്ന വക്കീലന്മാർ സന്തം കക്ഷിയുടെ ഭാഗം കൊഴുപ്പിക്കാൻ ആരോപണങ്ങൾ ഉന്നയിക്കുന്നത് അസാധാരണമല്ല. ഒരു നല്ല മേക്ക്-അപ്മാന് പീഡനലക്ഷണങ്ങൾ സൃഷ്ടിക്കാനാകുമെന്നതുകൊണ്ട് ഫോട്ടോകളിലും വലിയ വിശ്വാസം അർപ്പിക്കാനാവില്ല. തെളിവുകൾ പരിശോധിച്ചു അദ്ദേഹത്തിന്റെ ആരോപണം ശരിയാണോ എന്ന് തീരുമാനിക്കേണ്ടത് ബന്ധപ്പെട്ട കോടതിയാണ്. സ്വാധീനം ചെലുത്താനുള്ള കഴിവുള്ളതുകൊണ്ട് ആരോപണവിധേയനായ മന്ത്രി സ്ഥാനമൊഴിയണമെന്ന നിലപാടെടുക്കുന്നത് ശരിയാണെങ്കിൽ അതേ കാരണത്താൽ ആരോപണം ഉന്നയിക്കുന്ന മന്ത്രിയും സ്ഥാനമൊഴിയേണ്ടതല്ലേ? പക്ഷെ ഗണേഷ് കുമാറിനോട് രാജിവെച്ച് കേസ് നടത്താൻ ഉമ്മൻ ചാണ്ടി പറഞ്ഞില്ല. ഭർത്താവ് തന്നെ ശാരീരികമായി പീഡിപ്പിക്കുകയായിരുന്നെന്ന് യാമിനി തങ്കച്ചി ആദ്യം മാദ്ധ്യമങ്ങൾക്കു മുന്നിലും പിന്നീട് മുഖ്യമന്തിക്കു മുന്നിലും ഒടുവിൽ പൊലീസിനു മുന്നിലും ആരോപിക്കുകയും അങ്ങനെ മന്ത്രി സ്ത്രീപീഡന നിയമപ്രകാരമുള്ള നടപടിക്കു വിധേയനാകുന്ന സാഹചര്യം ഉയരുകയും ചെയ്തപ്പോൾ മാത്രമാണ് ഗണേഷ് കുമാർ അർദ്ധരാത്രി മന്ത്രിപദം രാജി വെച്ചത്. മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടല്ല, താൻ സ്വമനസാലെ രാജിവെക്കുകയായിരുന്നെന്ന ഗണേഷ് കുമാറിന്റെ പ്രസ്താവം ഉമ്മൻ ചാണ്ടി നിഷേധിച്ചിട്ടില്ല. അങ്ങനെ അദ്ദേഹം ധാർമ്മിക ഉത്തരവാദിത്വം നിറവേറ്റിയില്ലെന്ന് തെളിഞ്ഞിരിക്കുന്നു. ഈ സാഹചര്യത്തിൽ അദ്ദേഹം രാജിവെക്കണമെന്ന പ്രതിപക്ഷ ആവശ്യം തികച്ചും ന്യായമാണ്. (ജനയുഗം, ഏപ്രിൽ 3, 2013)

Monday, April 1, 2013

പത്രവായന കൂടുന്നോ കുറയുന്നോ?


വീണ്ടും നമ്പർ 1, മലയാള മനോരമ മാർച്ച് 31ന് പ്രഖ്യാപിച്ചു. വിളംബരം ഇങ്ങനെ: “പ്രാദേശിക ഭാഷകളിൽ ഇന്ത്യയിൽ ഏറ്റവുമധികം  വായനക്കാരുള്ള  ദിനപത്രമായി മലയാള മനോരമ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.”

യഥാർത്ഥത്തിൽ നടന്നത് തെരഞ്ഞെടുപ്പല്ല, റീഡർഷിപ്പ് സർവേ ആണ്. പത്രക്കാരും പരസ്യക്കാരും ചേർന്നുണ്ടാക്കിയ സംഘടന ഓരോ മൂന്നു മാസത്തിലും സാമ്പിൾ സർവേ നടത്തി അതിന്റെ അടിസ്ഥാനത്തിൽ എത്രപേർ ഏത് പത്രം വായിക്കുന്നെന്ന് കണ്ടെത്താൻ ശ്രമിക്കുന്നു. അതിനെ തെരഞ്ഞെടുപ്പ് എന്ന് വിശേഷിപ്പിക്കാനാവില്ല.

മനോരമ ഒന്നാം പേജിൽ നൽകിയ അറിയിപ്പ് 2012ലെ അവസാന മൂന്നു മാസക്കാലത്തെ ഇൻഡ്യൻ റീഡർഷിപ്പ് സർവേ ഫലത്തെ ആസ്പദമാക്കിയുള്ളതാണ്. അതനുസരിച്ച് മനോരമക്ക് 97.60 ലക്ഷം വായനക്കാരാണുള്ളത്. ആറു മാസത്തിൽ മനോരമക്ക് 50,000 വായനക്കാരുടെ വർദ്ധന ഉണ്ടായെന്നും രണ്ടാമത്തെ ദിനപത്രത്തിന് (മാതൃഭൂമി എന്ന് വായിക്കുക) 1.59 ലക്ഷം വായനക്കാർ കുറയുകയാണുണ്ടായതെന്നും മനോരമ പറയുന്നു.

ഇവിടെ രണ്ട് ചോദ്യങ്ങൾ ഉയരുന്നു.

ഒന്ന്. പുതിയ സർവേയിൽ ലഭിച്ച വിവരം മൂന്നു മാസം മുമ്പ് നടത്തിയതിൽ കണ്ടതുമായി താരതമ്യപ്പെടുത്തുന്നതിനു പകരം മനോരമ ആറു മാസം മുമ്പത്തെ സർവേഫലവുമായി താരതമ്യപ്പെടുത്തുന്നത് എന്തുകൊണ്ടാണ്?

രണ്ട്. ആറു മാസത്തിൽ മനോരമക്ക് 50,000 വായനക്കാർ കൂടുകയും മാതൃഭൂമിക്ക് 1.59 ലക്ഷം കുറയുകയും ചെയ്തെങ്കിൽ രണ്ട് പത്രങ്ങൾക്കുംകൂടി ഈ കാലയളവിൽ ഒരു ലക്ഷത്തിളേറെ വായനക്കാർ നഷ്ടപ്പെട്ടെന്നാണ് മനസിലാക്കേണ്ടത്. ഈ വായനക്കാർ വലിയ പത്രങ്ങളെ ഉപേക്ഷിച്ചുകൊണ്ട് മറ്റ് പത്രങ്ങളിലേക്ക് നീങ്ങുകയായിരുന്നൊ അതോ അവർ പത്രവായന ഉപേക്ഷിച്ചുവോ?

മാതൃഭൂമി ഇൻഡ്യൻ റീഡർഷിപ്പ് സർവേ ഫലം സംബന്ധിച്ച് ഒരു വിവരവും നൽകിയില്ല. എന്നാൽ ഒരു വർഷത്തിനുള്ളിൽ 1,12,365 കോപ്പികളുടെ വൻ വർദ്ധന ഉണ്ടായതായി മാതൃഭൂമി വിളംബരം ചെയ്തു. മൊത്തം പ്രചാരം ഇപ്പോൾ 13,86,960 കോപ്പികളാണെന്നും മാതൃഭൂമി വെളിപ്പെടുത്തി.

മാതൃഭൂമി നിരത്തുന്നത് വായനക്കാരെ സംബന്ധിക്കുന്ന കണക്കുകളല്ല, വരിക്കാരെ സംബന്ധിക്കുന്നവയാണ്. ആഡിറ്റ് ബ്യൂറോ ഓഫ് സർക്കുലേഷൻ എന്ന സംഘടന പ്രചാരം സംബന്ധിച്ച കണക്കുകൾ ഓരോ ആറു മാസവും പരിശോധിച്ച് സർട്ടിഫിക്കറ്റുകൾ നൽകുന്നു. പക്ഷെ മാതൃഭൂമി ആറു മാസം മുമ്പത്തെ കണക്കുമായി താരതമ്യപ്പെടുത്താതെ ഒരു കൊല്ലത്തെ വളർച്ചയെ കുറിച്ചാണ് സംസാരിക്കുന്നത്.

മനോരമ ആനുകാലികങ്ങളെ സംബന്ധിച്ച ചില വിവരങ്ങളും നൽകുന്നുണ്ട്. വനിത 21.53 ലക്ഷം വായനക്കാരോടെ രാജ്യത്തു തന്നെ (ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള പ്രസിദ്ധീകരണങ്ങളുൾപ്പെടെ) ഒന്നാം സ്ഥാനം നിലനിർത്തിയതായി അത് പറയുന്നു. എന്നാൽ വായനക്കാരുടെ എണ്ണം കൂടിയതായി അവകാശപ്പെടുന്നില്ല.

രാജ്യത്ത് ഏറ്റവുമധികം പേർ വായിക്കുന്ന കുട്ടികളുടെ വാരിക എന്ന സ്ഥാനം ബാലരമയും ജനപ്രിയ മലയാളം വാരികകളിലെ ഒന്നാം സ്ഥാനം മലയാള മനോരമ ആഴ്ചപ്പതിപ്പും നിലനിർത്തിയതായും മനോരമ റിപ്പോർട്ട് പറയുന്നു. ഈ പ്രസിദ്ധീകരണങ്ങളുടെ വായനക്കാരുടെ എണ്ണം സംബന്ധിച്ച വിവരവും നൽകുന്നില്ല.

ഓരോ പത്രസ്ഥാപനവും അതിന് അനുകൂലമായ വിവരങ്ങൾക്കു മാത്രം പ്രചാരം നൽകുന്നത് സ്വാഭാവികമാണ്. നിർഭാഗ്യവശാൽ അവർ വെളിപ്പെടുത്തുന്ന വിവരങ്ങളിൽ നിന്ന് വായന വളരുകയാണോ കുറയുകയാണോ എന്നുറപ്പിക്കാനാവുന്നില്ല.