ബി.ആർ.പി. ഭാസ്കർ
കേരളത്തിലെയും
കർണ്ണാടകത്തിലെയും പൊലീസ് സേനകളും തീവ്രവാദിവിരുദ്ധ പ്രവർത്തനത്തിൽ പ്രത്യേക പരിശീലനം
ലഭിച്ച വിഭാഗങ്ങളും ചേർന്ന് മാവോയിസ്റ്റുകളെ പിടിക്കാൻ കാട്ടിലേക്ക് പോയിട്ട് ദിവസങ്ങളായി.
ഇതുവരെ അവർക്ക് ആരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
കേരളത്തിൽ തീവ്രവാദികൾ
സജീവമാണെന്ന ധാരണ പരത്തുന്ന വാർത്തകൾ അടിയ്ക്കടി മാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്.
അഞ്ചു കൊല്ലം മുമ്പത്തെ ഒരു വാർത്തയിൽ തുടങ്ങാം. എൽ.ഡി.എഫ്. ഭരണകാലമാണ്. കോടിയേരി ബാലകൃഷ്ണൻ
ആഭ്യന്തരമന്ത്രി. രമൺ ശ്രീവാസ്തവ പൊലീസ് മേധാവി. കർണ്ണാടകത്തിലെ ഒരു ടിവി റിപ്പോർട്ടർക്ക് കേരളത്തിൽ
സ്ഫോടനം നടക്കുമെന്ന് മുജാഹിദിന്റെ പേരിൽ
ഫോൺ സന്ദേശം വരുന്നു: “ബാംഗ്ലൂർ കഴിഞ്ഞു, ഗുജറാത്ത് കഴിഞ്ഞു, ഇന്ന് രാത്രി
ഏഴിന് കേരളത്തിൽ
സ്ഫോടനം.” ദുബായ് നമ്പറിൽ നിന്നാണ് വിളി. റിപ്പോർട്ടർ വിവരം കർണ്ണാടക
പൊലീസിനെ അറിയിക്കുന്നു, കർണ്ണാടക ഡി.ജി.പി. കേരള ഡി.ജി.പിയെ
അറിയിക്കുന്നു. അദ്ദേഹം ഉന്നതതല
യോഗം വിളിക്കുന്നു. “പൊതു ഇടങ്ങളെല്ലാം സൂക്ഷ്മനിരീക്ഷണത്തിൽ,” ശ്രീവാസ്തവ മാദ്ധ്യമങ്ങളോട്
പറഞ്ഞു.
പത്ര വാർത്തയിലെ അവസാന വാചകം ഇങ്ങനെ: പരിഭ്രാന്തി വേണ്ടെന്നും കിംവദന്തി പരത്തരുതെന്നും
ആഭ്യന്ത്രമന്ത്രി പറഞ്ഞു. ഇപ്പോഴത്തെ മാവോയിസ്റ്റ് വേട്ടയുടെ വാർത്ത അവസാനിച്ചതും സമാനമായ
വാചകത്തോടെ: പരിഭ്രാന്തി വേണ്ടെന്നും സ്ഥിതിഗതികൾ നേരിടാൻ സംസ്ഥാനം സജ്ജമാണെന്നും മുഖ്യമന്ത്രി
ഉമ്മൻ ചാണ്ടി പറഞ്ഞു.
രാജ്യത്ത്
ഭീകരപ്രവർത്തനങ്ങൾ നടക്കുന്നതുകൊണ്ട് തീവ്രവാദി സംഘങ്ങൾ ഉയർത്തുന്ന ഭീഷണിയെ ലാഘവബുദ്ധിയോടെ
തള്ളിക്കളയാനാവില്ല. സ്രോതസ് എത്ര തന്നെ സംശയാസ്പദമായാലും, സന്ദേശങ്ങളെ ഗൌരവപൂർവ്വം
പരിഗണിച്ച് ഉചിതമായ നടപടികളെടുക്കാനുള്ള ചുമതല അധികൃതർക്കുണ്ട്. അതേസമയം ജനങ്ങളുടെ
പൂർണ്ണമായ പിന്തുണ കൂടാതെ ഭീകരപ്രവർത്തനം തടയാനാവില്ലെന്ന് തിരിച്ചറിഞ്ഞുകൊണ്ട് അവരിൽ
അനാവശ്യമായ ഭയാശങ്കകൾ ജനിപ്പിക്കാതിരിക്കാൻ അധികൃതർ ശ്രദ്ധിക്കേണ്ടതുണ്ട്.
കേരളത്തിൽ തീവ്രവാദം
വളരുകയാണെന്ന ധാരണ പരത്താൻ ശ്രമങ്ങൾ മുമ്പുമുണ്ടായിട്ടുണ്ട്. സി.കെ.ജാനുവിന്റെ നേതൃത്വത്തിൽ
മുത്തങ്ങയിൽ സമരം നടക്കുമ്പോൾ ആദിവാസികളെ തീവ്രവാദികളാക്കാനും വർക്കലയിൽ ഒരു
കൊലപാതകം നടന്നപ്പോൾ ദലിതരെ തീവ്രവാദികളാക്കാനും ഔദ്യോഗികതലത്തിൽ ശ്രമങ്ങളുണ്ടായി. സംസ്ഥാന
പൊലീസിന്റെ നിലപാട് പക്ഷപാതപരമായതുകൊണ്ട് മുത്തങ്ങാ അന്വേഷണം സി.ബി.ഐയെ ഏല്പിച്ചെങ്കിലും ആ ഏജൻസി സ്വതന്ത്രമായ
അന്വേഷണം നടത്താതെ സംസ്ഥാന പൊലീസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നീങ്ങുകയാണ്
ചെയ്തത്. പൊലീസ് അതിക്രമത്തെക്കുറിച്ച് അവർ അന്വേഷിച്ചതേയില്ല. വർക്കല സംഭവത്തെ തുടർന്ന്
പൊലിസ് സംസ്ഥാനവ്യാപകമായി ദലിത് ഹ്യൂമൻ റൈറ്റ്സ് മൂവ്‌മെന്റ് പ്രവർത്തകരെ വേട്ടയാടി.
അവർക്കെതിരെ എടുത്ത കേസുകൾ ഇപ്പോഴും എങ്ങുമെത്താതെ കിടക്കുന്നു.
അബ്ദുൾ നാസർ
മ്‌അദനി കോയമ്പത്തൂർ സ്ഫോടനക്കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട് തിരിച്ചെത്തിയശേഷം കേരളത്തെ
മുസ്ലിം തീവ്രവാദ കേന്ദ്രമായി ചിത്രീകരിക്കാൻ ചില ബാഹ്യശക്തികൾ നടത്തിയ ശ്രമമാണ് ബംഗ്ലൂരിലെ ഒരു സ്ഫോടനവുമായി
ബന്ധപ്പെട്ടുള്ള അദ്ദേഹത്തിന്റെ അറസ്റ്റിൽ കലാശിച്ചത്. തീവ്രവാദ സ്വഭാവമുള്ള ചില സംഭവങ്ങളുടെ
അന്വേഷണം കേരളം നാഷനൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിക്ക് കൈമാറുകയുണ്ടായി. കശ്മീർ അതിർത്തിയിൽ
നടന്ന ഏറ്റുമുട്ടലിൽ കേരളത്തിൽ നിന്നുള്ളവരും കൊല്ലപ്പെട്ടതോടെ രാജ്യത്തിന്റെ തെക്കേ
അറ്റം മുതൽ വടക്കേ അറ്റം വരെ നീളുന്ന ഒരു തീവ്രവാദ പാതയുണ്ടായി. എൻ.ഐ.എ എറണാകുളം കോടതിയിൽ
നിന്ന് സമ്പാദിച്ച വാറന്റിന്റെ അടിസ്ഥാനത്തിൽ രണ്ട് ദിവസം മുമ്പ് ഝാർഖണ്ടിലെ ഒരു മുസ്ലിം
യുവാവ് അറസ്റ്റ് ചെയ്യപ്പെട്ടു. കൈവെട്ടു കേസ് പോലുള്ള ചില ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും
മുസ്ലിം തീവ്രവാദം ശക്തമാണെന്ന ധാരണ വിശ്വസനീയമായ അന്വേഷണത്തിലൂടെ ഇനിയും തെളിയിക്കപ്പെട്ടിട്ടില്ല.
കശ്മീരിൽ കൊല്ലപ്പെട്ട മലയാളികൾ അവിടെയെത്തിയ സാഹചര്യം വ്യക്തമാക്കാൻ കേന്ദ്ര അന്വേഷണ
ഏജൻസികൾക്കൊ സംസ്ഥാന പൊലീസിനൊ ആയിട്ടില്ല.
ഇപ്പോൾ മാവോയിസ്റ്റ് തീവ്രവാദത്തിന് മുസ്ലിം തീവ്രവാദത്തേക്കാൾ കേരളത്തിൽ സ്വീകാര്യത ലഭിക്കുമെന്ന
വിശ്വാസത്തിലാണ് അധികൃതർ നീങ്ങുന്നതെന്ന് തോന്നുന്നു. അഞ്ചു കൊല്ലം മുമ്പും ഇത്തരത്തിലുള്ള
സമീപനമുണ്ടായിരുന്നു. പീപ്പിൾസ് മാർച്ച് എന്ന പേരിൽ ഒരു മാവോയിസ്റ്റ് അനുകൂല മാസികയും
വെബ്‌സൈറ്റും നടത്തിയിരുന്ന പി. ഗോവിന്ദൻകുട്ടിയെ അന്ന് പൊലീസ് അറസ്റ്റ് ചെയ്യുകയും
മാസിക നിരോധിക്കുകയും വെബ്‌സൈറ്റ് അടക്കുകയും ചെയ്യുകയുണ്ടായി. മാസിക നിരോധിച്ചുകൊണ്ടുള്ള
ഉത്തരവ് അപ്പീലിൽ റദ്ദു ചെയ്യപ്പെട്ടു. ഒരു കേസും കൂടാതെ ഗോവിന്ദൻകുട്ടി പിന്നീട് മോചിപ്പിക്കപ്പെടുകയും
ചെയ്തു. ഇപ്പോഴത്തെ മാവോയിസ്റ്റ്‌വേട്ടക്കൊപ്പവും പൊലീസിന്റെ ഭാഗത്തുനിന്ന്
അടിച്ചമർത്തൽ നടപടികൾ ഉണ്ടാകുന്നുണ്ട്. നാല്പതിൽപരം പേരാണ് അറസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളത്.
ചെന്നൈയിൽ നിന്ന് ഒരു യോഗത്തിൽ പങ്കെടുക്കാൻ മാവേലിക്കര എത്തിയ മനുഷ്യാവകാശ പ്രവർത്തകനും
മുൻ ആണവശാസ്ത്രജ്ഞനുമായ എസ്. ഗോപാൽ ആണ് അതിലൊരാൾ. നിയമവിരുദ്ധ പ്രവർത്തനങ്ങൾ നിരോധിക്കുന്ന,
യു.എ.പി.എ. എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന അൺലാഫുൽ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട്
അനുസരിച്ചാണ് അറസ്റ്റുകൾ. പ്രതികൾക്ക് എളുപ്പം ജാമ്യം കിട്ടാതിരിക്കുന്നതിനാണ് പൊലീസ്
പലപ്പോഴും ഈ നിയമത്തെ ആശ്രയിക്കുന്നത്. എന്തെങ്കിലും
തീവ്രവാദ പ്രവർത്തനത്തിന്റെ പേരിലല്ല അറസ്റ്റുകൾ. യോഗം ചേർന്നു, ലഘുലേഖ വിതരണം ചെയ്തു
തുടങ്ങിയ കുറ്റങ്ങളാണ് അറ്സ്റ്റ് ചെയ്യപ്പെട്ടവരിൽ ആരോപിക്കപ്പെട്ടിട്ടുള്ളത്. ഇതെല്ലാം
ഭരണഘടന വാഗ്ദാനം ചെയ്യുന്ന മൌലികാവകാശങ്ങളിൽ
പെടുന്നവയാണ്. ഇത് ഉയർന്ന പൊലീസ് ഉദ്യോഗസ്ഥന്മാർക്ക് അറിയാത്തതല്ല. അതുകൊണ്ട് കുറ്റം ചെയ്തെന്ന് കോടതിയെ
ബോദ്ധ്യപ്പെടുത്തി ശിക്ഷ വാങ്ങി കൊടുക്കാമെന്ന ഉദ്ദേശത്തോടെയല്ല അറസ്റ്റുകളെന്നു വേണം
കരുതാൻ. ഗോവിന്ദൻകുട്ടിയുടെ കാര്യത്തിലെന്ന പോലെ കുറച്ചു കാലം ജയിലിലടയ്ക്കുന്നതിനപ്പുറമൊന്നു ം അവർ
പ്രതീക്ഷിക്കുന്നുണ്ടാകില്ല.
തീവ്രവാദിഭീഷണിയുടെ പേരിൽ
ഭരണകൂടം നടത്തുന്ന ഇത്തരം പ്രവൃത്തികൾ നമ്മുടെ ജനാധിപത്യവ്യവസ്ഥയുടെ ദൌർബല്യത്തിന്
തെളിവാണ്.(ജനയുഗം, മാർച്ച് 6, 2013)
No comments:
Post a Comment