Thursday, March 21, 2013

ഭരണത്തിന്റെ അളവുകോൽ ജനോപകാരമാണ്


ബി.ആർ.പി. ഭാസ്കർ

ആദ്യതവണയിലെന്നപോലെ ഇത്തവണയും ‘അതിവേഗം ബഹുദൂരം’ എന്ന മുദ്രാവാക്യം മുഴക്കിക്കൊണ്ടാണ് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായത്. എല്ലാ ജില്ലകളിലും ഓടിയെത്തി പൊതുജനസമ്പർക്ക പരിപാടികൾ നടത്തി പരാതിക്കാരായ വ്യക്തികൾക്ക് ആശ്വാസം നൽകിക്കൊണ്ട് അദ്ദേഹം വേഗത്തെ കുറിച്ച് നാട്ടുകാരെ ബോധ്യപ്പെടുത്തി. തനിച്ചും മറ്റു മന്ത്രിമാരെക്കൂട്ടിയും അടിയ്ക്കടി ഡൽഹി യാത്ര നടത്തി ബഹുദൂരം പോകാനുള്ള കഴിവും അദ്ദേഹം പ്രകടമാക്കി. പക്ഷെ ഭരണമെന്നത് പൊതുജനസമ്പർക്കമല്ല. ഭരണത്തിന്റെ മേന്മ നിശ്ചയിക്കുന്നത് ഭരണാധികാരിയുടെ വേഗത്തെ അടിസ്ഥാനമാക്കിയല്ല, എടുക്കുന്ന നടപടികൾ എത്രമാത്രം ജനോപകാരപ്രദമാണെന്നതിനെ അടിസ്ഥാനമാക്കിയാണ്.

കേരളം കണ്ട ഏറ്റവും വലിയ മാനുഷികദുരന്തമാണ് എൻഡോസൾഫാൻ ഉപയോഗത്തിലൂടെ കാസർകോട്ട് ഉണ്ടായത്. രാജ്യത്ത് പലയിടങ്ങളിലും ആ കീടനാശിനി വ്യാപകമായി ഉപയോഗിക്കപ്പെട്ടെങ്കിലും അവിടെ സംഭവിച്ച തരത്തിലുള്ള ദുരന്തം മറ്റെങ്ങുമുണ്ടായില്ല. അതിന്റെ കാരണം വ്യക്തമാണ്. ഉപദ്രവകാരികളായ കീടങ്ങളെ നശിപ്പിക്കാനായി ചെടികളുടെമേൽ നേരിട്ട് പ്രയോഗിക്കേണ്ട വിഷവസ്തു കാസർകോട്ട് പ്രദേശത്തെ കശുവണ്ടി തോട്ടങ്ങളിൽ ആകാശത്തുനിന്ന് വിതറുകയായിരുന്നു. കാൽ നൂറ്റാണ്ടുകാലം അത് തുടർന്നു. അങ്ങനെ ആ പ്രദേശത്തെ വായുവും വെള്ളവും മലിനമായി. മനുഷ്യ ശരീരങ്ങളിൽ കടന്നുകൂടിയ വിഷാംശങ്ങൾ അർബുദം ഉൾപ്പെടെ പല മാരകരോഗങ്ങൾക്കും കാരണമായി. നിരവധി കുഞ്ഞുങ്ങൾ ശാരീരികവും മാനസികവുമായ വൈകല്യങ്ങളോടെ ജനിച്ചു. ഗർഭസ്ഥശിശുവിന് വൈകല്യമുണ്ടെന്ന് പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്ന് പല സ്ത്രീകളും ഗർഭഛിദ്രം തേടി.

നിരുത്തരവാദപരമായ രീതിയിൽ കീടനാശിനി ഉപയോഗിച്ചത് പ്ലാന്റേഷൻ കോർപ്പറേഷൻ ഓഫ് കേരള എന്ന പൊതുമേഖലാ സ്ഥാപനമാണ്. അത് 1976 മുതൽ 2000 വരെ ഓരോ കൊല്ലവും മൂന്ന് തവണയാണ് ആകാശത്തു നിന്ന് എൻഡോസൾഫാൻ വിതറിയത്. എൻഡോസൾഫാന്റെ ഉത്പാദനത്തിലും പൊതുമേഖലാ സ്ഥാപനങ്ങൾക്ക് പങ്കുണ്ട്. ഇതെല്ലാം ദുരിതബാധിതർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകാനുള്ള ഭരണകൂടത്തിന്റെ ഉത്തരവാദിത്വം വർദ്ധിപ്പിക്കുന്നു. എന്നാൽ വളരെക്കാലം കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഈ ഉത്തരവാദിത്വത്തിൽ നിന്ന് ബോധപൂർവ്വം ഒഴിഞ്ഞുമാറുകയാണ് ചെയ്തത്. സ്ഥലവാസികളും പരിസ്ഥിതി-ആരോഗ്യ പ്രവർത്തകരും വിവിധ സംഘടനകളും നിരന്തരം നടത്തിയ പ്രക്ഷോഭങ്ങളുടെയും മജിസ്ട്രേട്ട് കോടതി മുതൽ സുപ്രീം കോടതി വരെ നടത്തിയ നിയമയുദ്ധങ്ങളുടെയും ഫലമായി അധികൃതർ ഒടുവിൽ എൻഡോസൾഫാന്റെ ഉപയോഗം നിർത്തി.

കാസർകോട്ടേക്ക് ഒരു പഠനസംഘത്തെ അയച്ച ദേശീയ മനുഷ്യാവകാശ കമ്മിഷൻ അതിന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ 2010 ഡിസംബർ 31ന് ദുരിതാശ്വാസം സംബന്ധിച്ച് സംസ്ഥാന സർക്കാരിന് വ്യക്തമായ ചില നിർദ്ദേശങ്ങൾ നൽകി. കാലാവധി തീരാറായ എൽ.ഡി.എഫ്. സർക്കാർ ചില നടപടികൾ എടുത്തു. യു.ഡി.എഫ്. സർക്കാർ നിർദ്ദേശങ്ങളും അംഗീകരിച്ചതായി പ്രഖ്യാപിച്ചെങ്കിലും അവ ഇനിയും പൂർണ്ണമായി നടപ്പിലായിട്ടില്ല. ഈ സാഹചര്യത്തിൽ എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി കാസർകോട്ട് ഫെബ്രുവരി 18ന് ആരംഭിച്ച അനിശ്ചിതകാല നിരാഹാര സത്യഗ്രഹം രണ്ടാം മാസത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്.

ഈ സമരത്തോടുള്ള സർക്കാരിന്റെ സമീപനം അതിവേഗ ബഹദൂര മുദ്രാവാക്യത്തിന്റെ പൊള്ളത്തരം വെളിവാക്കുന്നു. ബന്ധപ്പെട്ടവരുമായി ചർച്ചക്ക് അദ്ദേഹം നിശ്ചയിച്ച തീയതി മാർച്ച് 25 ആണ്. അതിനിടയിൽ ആരോഗ്യം വഷളായതിനെ തുടർന്ന് ആദ്യ സത്യഗ്രഹികളെ പൊലീസ് ആശുപതിയിലേക്ക് നീക്കി. തുടർന്ന് പരിസ്ഥിതി പ്രവർത്തകൻ എ. മോഹൻ‌കുമാർ 16 ദിവസം മുമ്പ് നിരാഹാര സത്യഗ്രഹം തുടങ്ങി. ഇന്നലെ (ചൊവ്വാഴ്ച) അദ്ദേഹത്തെയും അറസ്റ്റ് ചെയ്തു. ആശുപത്രിയിലും നിരാഹാരസമരം തുടരുമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. തിങ്കളാഴ്ച ഡൽഹി ഉൾപ്പെടെ പല സ്ഥലങ്ങളിലും ഈ സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്ന പരിപാടികൾ നടക്കുകയുണ്ടായി. കാസർകോട്ട് മനുഷ്യമതിൽ തീർക്കപ്പെട്ടു. ഇതിന്റെയൊക്കെ ഫലമായി മുഖ്യമന്ത്രി വേഗത അല്പം കൂട്ടി. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലുള്ള സംഭാഷണം മുന്നു ദിവസം നേരത്തെ -- മാർച്ച് 22ന് – ആകാമെന്ന് സർക്കാർ ഇന്നലെ ജനകീയ മുന്നണി പ്രവർത്തകരെ അറിയിച്ചു.

കേരളം അഭിമുഖീകരിക്കുന്ന മറ്റ് പല പ്രശ്നങ്ങളിലുമെന്ന പോലെ, എൻഡോസൽഫാൻ വിഷയത്തിലും ഭരണകൂടത്തിന്റെ വാക്കും പ്രവൃത്തിയും തമ്മിൽ പ്രകടമായ അന്തരമുണ്ട്. മുഖ്യമന്ത്രിയുടെ വെബ്സൈറ്റ് യു.ഡി.എഫ്. സർക്കാർ ഈ പ്രശ്നം പരിഹരിച്ചു കഴിഞ്ഞെന്ന ധാരണ പരത്താൻ ശ്രമിക്കുന്നു. ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ നിർദ്ദേശങ്ങൾ  പൂർണ്ണമായും അടിയന്തിരമായും നടപ്പാക്കണമെന്നതാണ് ജനകീയ മുന്നണി ഉന്നയിച്ചിട്ടുള്ള പ്രധാന ആവശ്യം. സർക്കാർ തയ്യാറാക്കിയിട്ടുള്ള രോഗികളുടെ പട്ടികയിൽ ദുരിതമനുഭവിക്കുന്ന എല്ലാവരും പെടുന്നില്ല. അർഹരായ മുഴുവൻ ആളുകളെയും അതിൽ ഉൾപ്പെടുത്തി ചികിത്സയും സഹായവും നൽകണമെന്നതാണ് മറ്റൊരാവശ്യം. പല രോഗികളും ചികിത്സക്ക് മംഗലാപുരത്തെ ആശുപത്രികളെ ആശ്രയിക്കുന്നുണ്ട്. അവർക്ക് ആവശ്യമായ ചികിത്സാ സൌകര്യങ്ങൾ കാസർകോട് ജില്ലയിൽ തന്നെ സർക്കാർ ഏർപ്പെടുത്തണം.

എൻഡോസൾഫാൻ ദുരിതബാധിതർക്ക് ചികിത്സാ സൌകര്യങ്ങൾ മാത്രം പോരാ. അവരുടെ തകർക്കപ്പെട്ട ജീവിതം കരുപ്പിടിപ്പിക്കാൻ സഹായിക്കാനുള്ള ബാധ്യതയും സർക്കാരിനുണ്ട്. പുനരധിവാസ പദ്ധതികൾ അഞ്ചു വർഷത്തിൽ അവസാനിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന വാർത്തകൾ അവരിൽ വലിയ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. പുനരധിവാസത്തിന് വ്യക്തമായ പരിപാടികൾ ഇനിയും തയ്യാറാക്കിയിട്ടില്ലാത്ത സ്ഥിതിക്ക് ഈ തീരുമാനത്തെ ചുമതലയിൽ നിന്നും ഒളിച്ചോടാനുള്ള ശ്രമമായെ കാണാനാകൂ. നിത്യരോഗികളായവരെ ജീവിതകാലം മുഴുവൻ സംരക്ഷിക്കാനുള്ള ബാധ്യത സർക്കാരിനുണ്ടെന്നിരിക്കെ പുനരധിവാസ പരിപാടിക്ക് സമയപരിധി നിശ്ചയിക്കുന്നത് അംഗീകരിക്കാനാവില്ല. പ്ലാന്റേഷൻ കോർപ്പറേഷൻ ആകാശത്തുനിന്ന് എൻഡോസൾഫാൻ വിതറുന്നത് നിർത്തിയിട്ട് 13 കൊല്ലമായെങ്കിലും ജന്മവൈകല്യമുള്ള കുട്ടികൾ ഇപ്പോഴും ജനിക്കുന്നുണ്ട്. അവരെ സഹായിക്കാനുള്ള ബാധ്യതയും ഭരണകൂടത്തിനുണ്ട്.

ഈ സർക്കാർ ഒരു വർഷം പൂർത്തിയാക്കിയപ്പോൾ മുഖ്യമന്ത്രി അതിനെ വിശേഷിപ്പിച്ചത് ‘കാരുണ്യ വർഷം’ എന്നാണ്. കാരുണ്യം നിഷേധിക്കപ്പെട്ട ഒരുകൂട്ടം ജനങ്ങളുടെ രോദനമാണ് കാസർകോട്ടു കേൾക്കുന്നത്. ധനമന്ത്രി കഴിഞ്ഞയാഴ്ച നിയമസഭയിൽ അവതരിപ്പിച്ച ‘ക്ഷേമ ബജറ്റി‘ൽ അവർക്കായി നീക്കി വെച്ചിട്ടുള്ളത് 20 കോടി രൂപ മാത്രമാണ്. ഈ ദുരിതത്തിനു കാരണക്കാരായ പ്ലാന്റേഷൻ കോർപ്പറേഷന് ദുരിതാശ്വാസ പ്രവർത്തനത്തിൽ പങ്കാളിയാകാനുള്ള കടമയുണ്ട്. സർക്കാർ ആവശ്യപ്പെട്ടാൽ പണം നൽകാൻ തയ്യാറാണെന്ന് അതിന്റെ ചുമതലക്കാർ പറഞ്ഞിട്ടുമുണ്ട്. എന്നിട്ടും സർക്കാർ അലംഭാവം തുടരുകയാണ്. (ജനയുഗം, മാർച്ച് 20, 2013)

No comments: