Monday, September 3, 2012

അകലുന്ന സമത്വസുന്ദര സങ്കല്പം

ബി.ആർ.പി. ഭാസ്കർ

ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളിൽ നിന്ന് വ്യത്യസ്തമായ രീതിയിലാണ് കേരള സംസ്ഥാനം വികസിക്കുന്നത്. ഇത് ആദ്യം കണ്ടെത്തിയത് ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള യുനിഡൊ എന്ന ചുരുക്കപ്പേരുള്ള വ്യാവസായിക വികസന സംഘടന (UN Industrial Development Organization) ആണ്. വ്യവസായവത്കരണം കൂടതെ വികസിത രാജ്യങ്ങളുടേതിനു തുല്യമായ സാമൂഹ്യപുരോഗതി കേരളം നേടിയതായി ചൂണ്ടിക്കാട്ടിയ യുനിഡൊ ഇതെങ്ങനെയാണ് സാധ്യമായതെന്ന് പഠിക്കണമെന്ന് നിർദ്ദേശിച്ചു. കേരളസമൂഹത്തിന്റെ വികസന രഹസ്യം മനസിലാക്കാനായാൽ വ്യവസായവത്കരണത്തിനായി മുറവിളികൂട്ടുന്ന രാജ്യങ്ങളുടെ മുന്നിൽ അതിനെ മാതൃകയായി ഉയർത്തിക്കാട്ടാമെന്ന് യുനിഡൊ കണക്കു കൂട്ടി. അങ്ങനെയാണ് അമർത്യാ സെൻ കേരളത്തെ കുറിച്ച് പഠിക്കാനും ഉപന്യസിക്കാനും തുടങ്ങിയതും നമ്മിൽ ചിലർ നാമൊരു വികസനമാതൃകയുണ്ടാക്കിയെന്ന് തെറ്റിദ്ധരിച്ചതും.

യുനിഡൊ ‘കേരള മാതൃക’ കണ്ടെത്തിയത് നാല്പതിൽ‌പരം കൊല്ലം മുമ്പാണ്. അന്ന് ഇതൊരു ദരിദ്ര സംസ്ഥാനമായിരുന്നു. സംസ്ഥാനത്തെ ആളോഹരി വരുമാനം ദേശീയ ശരാശരിക്കു താഴെ. എല്ലാവരും പതിവായി അരിക്കും പഞ്ചസാരക്കും റേഷൻ കടകളെ  ആശ്രയിച്ചിരുന്നു. ഇന്ന് കേരളം ഒരു സമ്പന്നസംസ്ഥാനമാണ്. ആളോഹരി വരുമാനത്തിൽ രാജ്യത്ത് ഒന്നാമത്.  പൊതുവിപണിയിൽ നിന്ന് നല്ല ഭക്ഷ്യധാന്യങ്ങൾ വാങ്ങാനുള്ള കഴിവുള്ളതുകൊണ്ട് ഭൂരിപക്ഷം ജനങ്ങളും റേഷൻ കടയിൽ പോകുന്നില്ല. ദാരിദ്ര്യരേഖയ്ക്കു താഴെയെന്ന് സാക്ഷ്യപ്പെടുത്തുന്ന കാർഡിന്റെ ബലത്തിൽ സൌജന്യമായൊ കുറഞ്ഞ വിലക്കൊ ലഭിക്കുന്ന സാധനങ്ങൾ വാങ്ങാൻ താല്പര്യമുള്ളവർ മാത്രമെ റേഷൻ കടകളിൽ പോകുന്നുള്ളു. ഈ മാറ്റത്തിനിടയിൽ ‘കേരള മാതൃക’യിൽ അഭിമാനം കൊള്ളുന്നതിന്റെ പൊള്ളത്തരം പലർക്കും മനസ്സിലായി.

കേരളത്തെ സമ്പന്ന സംസ്ഥാനമാക്കി മാറ്റിയത് വിദേശത്തേക്കുണ്ടായ ആളൊഴുക്കും തുടർന്ന് ഇങ്ങോട്ടുണ്ടായ പണമൊഴുക്കുമാണ്. പുറത്തു തൊഴിലെടുക്കുന്നവരിൽനിന്ന് ഏറ്റവുമധികം പണം കിട്ടുന്ന രാജ്യം ഇന്ത്യയാണ്. ഇന്ത്യയിൽ ഏറ്റവുമധികം പണം കിട്ടുന്ന സംസ്ഥാനം കേരളവും. പാശ്ചാത്യരാജ്യങ്ങളിലേക്ക് കുടിയേറിയ ഉയർന്ന വിദ്യാഭ്യാസം നേടിയവരേക്കാൾ സംസ്ഥാനത്തിന് ഗുണം ചെയ്യുന്നത് ഗൾഫ് രാജ്യങ്ങളിൽ താരതമ്യേന ചെറിയ ജോലികൾ ഏർപ്പെട്ടിരിക്കുന്നവരാണ്. ഗൾഫ് പണമൊഴുക്ക് സംബന്ധിച്ച വിവരം ശേഖരിക്കാൻ ഈ ലേഖകൻ 1978ൽ ശ്രമിച്ചപ്പോൾ സർക്കാരിന് ഒരു വിവരവും നൽകാനായില്ല. ചില ബാങ്ക് മാനേജർമാരുമായി സംസാരിച്ചപ്പോൾ പ്രതിവർഷം 300 കോടി രൂപയോളം വരുന്നുണ്ടെന്ന് പറഞ്ഞു. ഇപ്പോൾ തിരുവനന്തപുരത്തെ സെന്റർ ഫോർ ഡവലപ്‌മെന്റ് സ്റ്റഡീസ് ഗൾഫ് പണമൊഴുക്ക് സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുകയും പഠനവിധേയമാക്കുകയും ചെയ്യുന്നുണ്ട്. ഒരു യു.എൻ. ഏജൻസി സാമ്പത്തിക സഹായം നൽകിയതോടെയാണ് അത് പഠനങ്ങൾ തുടങ്ങിയത്. ഇപ്പോൾ വിദേശത്തു നിന്ന് ഓരോ കൊല്ലവും എത്തുന്നത് 50,000 കോടിയോളം രൂപയാണ്.  

പുറത്തുനിന്നെത്തുന്ന പണത്തിന്റെ കണക്ക് ലഭ്യമാണെങ്കിലും അത് കേരളീയ ജീവിതത്തിൽ ചെലുത്തുന്ന സ്വാധീനവും വരുത്തിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളും പഠിക്കാനും വിലയിരുത്താനും ഏതെങ്കിലും ഔദ്യോഗികസംവിധാനമൊ അക്കാദമിക സ്ഥാപനമൊ ഇപ്പോഴും ശ്രമിക്കുന്നില്ല. സംസ്ഥാനത്ത് അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന സേവന വ്യവസായ മേഖലയിലെ കുതിപ്പിന്റെയും ഉപഭോഗ സംസ്കാരത്തിന്റെ തള്ളിച്ചയുടെയും പിന്നിൽ അതിന്റെ സ്വാധീനം പ്രകടമാണ്. ഗൾഫ് പ്രവാസികളിലേറെയും സാധാരണഗതിയിൽ നാട്ടിൽ വേണ്ടത്ര അവസരങ്ങൾ കിട്ടാത്ത വിഭാഗങ്ങളിൽ പെടുന്നവരാണ്. അതുകൊണ്ട് തുടക്കത്തിൽ പുറത്തുനിന്നുള്ള പണമൊഴുക്ക് സമൂഹത്തിലെ അസമത്വം കുറയ്ക്കുന്നതിന് സഹായിച്ചു. എന്നാൽ ആ ഘട്ടം കഴിഞ്ഞിരിക്കുന്നു. ഏതാനും കൊല്ലം മുമ്പ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തിയ പഠനം അസമത്വം വർദ്ധിച്ചുവരുന്നതായി കണ്ടെത്തുകയുണ്ടായി. ആ വളർച്ച ഇപ്പോഴും തുടരുകയാണ്. അതിന്റെ ഫലമായി കേരളത്തെ മൊത്തത്തിൽ വാങ്ങാൻ കഴിവുള്ള ഒരു അതിസമ്പന്ന വിഭാഗം ഇതിനകം ഉയർന്നു വന്നിട്ടുണ്ട്. രാഷ്ട്രീയ മാധ്യമ രംഗങ്ങളിൽ വലിയ സ്വാധീനം ഈ വിഭാഗത്തിനുണ്ട്.

കേരളം ഇപ്പോൾ അഭിമുഖീകരിക്കുന്ന ചില പ്രശ്നങ്ങൾ പതിറ്റാണ്ടുകളായി തുടരുന്ന വലിയ പണമൊഴുക്കിന്റെ ഫലമായുണ്ടായവയാണ്. മാലിന്യപ്രശ്നവും ഗതാഗതപ്രശ്നവും ഇക്കൂട്ടത്തിൽ പെടുന്നു. ഇന്ന് ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ നഗരവത്കരണം നടക്കുന്നത് ഇവിടെയാണ്. വടക്കേ അറ്റം മുതൽ തെക്കേ അറ്റം വരെ പ്രധാന പാതകളുടെ രണ്ട് വശത്തും നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ ‘നഗരഗ്രാമ തുടർച്ച’ ആയിരുന്ന കേരളത്തെ ‘നഗരത്തുടർച്ച’ ആയി മാറ്റിക്കൊണ്ടിരിക്കുന്നു. തീരദേശ മേഖലയിൽ നഗരങ്ങൾക്കിടയിലുള്ള പല ഗ്രാമങ്ങളും അപ്രത്യക്ഷമായിക്കഴിഞ്ഞു. ഇന്നത്തെ തോതിൽ നിർമ്മാണപ്രവർത്തനങ്ങൾ ഏതാനും കൊല്ലം കൂടി തുടർന്നാൽ ഈ മേഖലയിൽ 500 കിലോമീറ്റർ നീളമുള്ള, റിബൺ രൂപത്തിലുള്ള ഒരു വൻ‌നഗരത്തുടർച്ച രൂപപ്പെടും. അങ്ങനെയൊന്ന് അമേരിക്ക ഉൾപ്പെടെ ഒരു സമ്പന്ന പറുദീസയിലും ഇതിനു മുമ്പുണ്ടായിരുന്നില്ല.

ഏതാനും പതിറ്റാണ്ടുകൾക്കു മുമ്പ് തുടങ്ങിയ നഗരവത്കരണത്തിന്റെ സ്വഭാവം മനസ്സിലാക്കി ഉചിതമായ നടപടികൾ കൈക്കൊള്ളുന്നതിൽ അധികാരികൾ പരാജയപ്പെട്ടു. നഗരങ്ങൾക്കു പുറത്ത്  ജനവാസം ഇല്ലാത്തതൊ കുറവുള്ളതൊ ആയ ഇടങ്ങൾ കണ്ടെത്തി മാലിന്യങ്ങൾ നിക്ഷേപിക്കുന്ന രീതി ഇന്നത്തെ കേരളത്തിൽ പ്രായോഗികമല്ല. മാലിന്യ നിർമ്മാർജ്ജനം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ചുമതലയിൽ പെടുന്നു. നമ്മുടെ ചിന്താപദ്ധതിയിൽ വികേന്ദ്രീകരണത്തിന് ഉയർന്ന സ്ഥാനമുണ്ട്. എന്നാൽ ജനങ്ങൾ തിങ്ങി പാർക്കുന്ന തീരദേശത്തുള്ള ഒരു സ്വയംഭരണ സ്ഥാപനത്തിനും ഇന്ന് സ്വന്തം നിലയിൽ തൃപ്തികരമായ മാലിന്യസംസ്കരണ സംവിധാനം ഉണ്ടാക്കാനാവില്ല. ഇത് മനസിലാക്കാതെയാണ് മേയർമാരും മന്ത്രിമാരും ജഡ്ജിമാരും മാലിന്യപ്രശ്നവുമായി മല്ലിടുന്നത്.

രാജ്യത്ത് ഏറ്റവുമധികം മോട്ടോർ വാഹനങ്ങൾ വിൽക്കപ്പെടുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. അച്ഛനമ്മമാർ സ്വർണ്ണത്തിൽ പൊതിഞ്ഞ്, ആഡംബര കാറുകളിലടച്ച് മക്കളെ വരന്മാരെ ഏല്പിക്കുന്നു. ഏത് ഷോറൂമിൽ ചെന്നാലും അതിനായി തയ്യാറാക്കിയ കാറുകൾ കാണാവുന്നതാണ്. ആഡംബര വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് അതിവേഗപാതകൾ വേണം. അതിനാവശ്യമായ സ്ഥലം കണ്ടെത്താൻ പ്രയാസം അനുഭവപ്പെടുന്നു. ശാസ്ത്രീയ പഠനങ്ങൾ നടത്തി ഗതാഗത സംബന്ധമായ ആവശ്യങ്ങൾ കൃത്യമായി മനസ്സിലാക്കി പദ്ധതികൾ തയ്യാറാക്കുന്നതിനു പകരം ഓരോരോ സ്ഥാപിത താല്പര്യങ്ങളുടെ ആവശ്യങ്ങൾ മുൻ‌നിർത്തി ഭരണാധികാരികൾ വിമാനത്താവളം, റയിൽ കൊറിഡോർ, മെട്രോ, എക്സ്പ്രസ്‌വേ എന്നിങ്ങനെ പല പരിപാടികളും പ്രഖ്യാപിക്കുന്നു. റോഡ് പദ്ധതികൾ നടപ്പാക്കാനുള്ള പണം കൈയിലില്ലാത്തതുകൊണ്ട് സർക്കാർ അവ ടോൾ പിരിച്ച് മുതലും ലാഭവും ഈടാക്കാൻ അവകാശം നൽകിക്കൊണ്ട് കരാറുകാരെ ഏല്പിക്കുന്നു. ഇത്രകാലവും  ഉപയോഗിച്ചിരുന്ന പാതകൾ കൊട്ടിയടച്ചുകൊണ്ട് ടോൾ ‌പാതകൾ നിർമ്മിക്കുന്നതിനും അതിനായി വീടുകളും കടകളും ഒഴുപ്പിക്കുന്നതിനും എതിരെ ജനങ്ങൾ സംഘടിക്കുന്നു.  

ഇത്തരം പ്രശ്നങ്ങൾ സമൂഹത്തിൽ സൃഷ്ടിക്കുന്ന വലിയ ചേരിതിരിവ് ദരിദ്രാവസ്ഥയിൽ നിന്ന് സമ്പന്നതയിലേക്ക് ഉയരുന്നതിനിടയിൽ കഴിഞ്ഞ നൂറ്റാണ്ടിൽ പ്രഖ്യാപിച്ച സമത്വസുന്ദര കേരളം എന്ന ലക്ഷ്യത്തിൽ നിന്ന് ബഹുദൂരം പിന്നോട്ടു പോയതായി നമ്മെ ഓർമ്മിപ്പിക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന അപകടം മനസ്സിലാക്കാൻ കുറഞ്ഞപക്ഷം കേരളത്തിലെ ഇടതുപക്ഷ കക്ഷികൾക്കെങ്കിലും കഴിയേണ്ടതാണ്. സമത്വത്തിൽ അധിഷ്ഠിതമായ സമൂഹമെന്ന ആശയം ജനമനസ്സുകളിൽ നേരത്തെ തന്നെ ഇടം പിടിച്ചിരുന്നതു കൊണ്ടാണ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് കേരളത്തിൽ അതിവേഗം വളരാനും സ്വാതന്ത്ര്യം നേടി പത്തു കൊല്ലത്തിനകം അധികാരത്തിലേറാനും കഴിഞ്ഞത്. കേരള നവോത്ഥാനമെന്ന് നാം  വിവക്ഷിക്കുന്ന സാമൂഹ്യ നവീകരണ പ്രവർത്തനങ്ങൾ അടിസ്ഥാനപരമായി പലതരം അസമത്വങ്ങൾക്കെതിരായ പോരാട്ടങ്ങളായിരുന്നു. ജാതീയമായ അവശതകൾ അനുഭവിച്ചിരുന്നവരുടെ സമരങ്ങൾ പൊതുസമൂഹത്തിൽ നിലനിന്നിരുന്ന അസമത്വത്തിനെതെരായിരുന്നു. അത്തരത്തിലുള്ള അവശതകളില്ലാതിരുന്നവരുടെ സമരങ്ങൾ സ്വന്തം സമുദായങ്ങൾക്കുള്ളിൽ നിലനിന്നിരുന്ന അസമത്വത്തിനെതിരെയായിരുന്നു. രാഷ്ട്രീയ കക്ഷികൾ രംഗപ്രവേശം ചെയ്തത് സമത്വ സങ്കല്പം മുന്നോട്ടു കൊണ്ടുപോകുമെന്ന വാഗ്ദാനത്തോടെയാണ്. ഇടതുപ്രസ്ഥാനത്തിന്റെ വാഗ്ദാനം കൂടുതൽ വിശ്വാസയോഗ്യമായി കണ്ടതുകൊണ്ടാണ് താഴെത്തട്ടിലുള്ള ജനങ്ങൾ വലിയ തോതിൽ അങ്ങോട്ടൊഴുകിയത്.

സ്വപ്നം സാക്ഷാത്കരിക്കുന്നതിനുള്ള പടിയെന്ന നിലയിലാണ് ജനങ്ങൾ ഒറ്റയ്ക്ക് മത്സരിച്ച കമ്മ്യൂണിസ്റ്റ് പാർട്ടിയെ വിജയിപ്പിച്ചത്.  ഇന്ന് കമ്മ്യൂണിസ്റ്റ് കക്ഷികൾ അധികാര രാഷ്ട്രീയത്തിന്റെ അവിഭാജ്യഘടകങ്ങളാണ്. എന്നിട്ടും സമത്വസുന്ദര കേരളം എന്ന ലക്ഷ്യം അകലുന്നതായി അനുഭവപ്പെടുന്നു. ഇതെങ്ങനെ സംഭവിച്ചുവെന്ന് പരിശോധിക്കാനുള്ള ചുമതല ഇടതുപക്ഷത്തിനുണ്ട്. (ജനയുഗം ഓണപ്പതിപ്പ്, 2012)

2 comments:

Unknown said...

good article ..keep writing .

Manikandan said...

ഗൾഫ് പണത്തിന്റെ ഒഴുക്ക് ഇന്ന് മുൻകാലങ്ങളെ അപേക്ഷിച്ച് കുറഞ്ഞു വരികയല്ലെ. കേരളത്തിന് എക്കാലവും ആശ്രയിക്കാവുന്ന ഒന്നായി ഗൾഫ് മലയാളികൾ ഉണ്ടാകും എന്ന് കരുതാൻ സാധിക്കില്ല. കഴിഞ്ഞ വർഷത്തെ കാര്യം എടുത്താൽ തന്നെ കുറഞ്ഞ ചിലവിൽ നാട്ടിൽ നിന്നും ഗൾഫിൽ എത്താനും തിരിച്ച് നാട്ടിൽ വരാനും സാധിച്ചിരുന്നു. എന്നാൽ കുറെ നാളുകളായി വിമാനക്കമ്പനികൾ യാത്രാനിരക്കുകൾ വർദ്ധിപ്പിക്കുന്നതിനാൽ പലർക്കും (പ്രത്യേകിച്ചും സാർ നേരത്തെ പറഞ്ഞ ഇടത്തരം ജോലികളിൽ പ്രവർത്തിചെയ്യുന്നവർക്ക്) തങ്ങളുടെ സമ്പാദ്യത്തിന്റെ നല്ലൊരു ശതമാനം നാട്ടിലേയ്ക്കുള്ള യാത്രക്കായി മാറ്റിവെയ്ക്കേണ്ട അവസ്ഥയാണ്. ഗൾഫ് മേഖലയിൽ കുറഞ്ഞുവരുന്ന തൊഴിൽ സദ്ധ്യതകളും ആശങ്കയോടെ കാണേണ്ട സമയം ആണെന്ന് തോന്നുന്നു.