ബി.ആർ.പി. ഭാസ്കർചരിത്രം പുനർവായനയ്ക്ക് വിധേയമാണ്. ചരിത്രപുരുഷന്മാരും. ചിലപ്പോൾ പുതിയ വസ്തുതകൾ പുനർവായന ആവശ്യമാക്കുന്നു. ചിലപ്പോൾ, പുതിയ വസ്തുതകൾ ഇല്ലെങ്കിൽ കൂടി, പഴയ വസ്തുതകളെ പുതിയ വീക്ഷണകോണുകളിൽ കൂടി പരിശോധിക്കാൻ നമുക്കാകുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രചാരത്തിലുള്ള പുരാണേതിഹാസങ്ങളിലെ വീരനായകന്മാരും പ്രതിനായകന്മാരും പുനർവായനയിലൂടെയും പുനരാഖ്യാനത്തിലൂടെയും രൂപഭേദം സംഭവിച്ച മുൻകാല നേതാക്കളാണെന്ന് കരുതാൻ ന്യായമുണ്ട്. കേരള നവോത്ഥാനം എന്ന് വിവക്ഷിക്കപ്പെടുന്ന പരിഷ്കരണ പ്രസ്ഥാനങ്ങൾക്ക് അപചയം സംഭവിക്കുകയും വ്യത്യസ്ത വിഭാഗങ്ങൾ അവയുടെ നേട്ടങ്ങളും കോട്ടങ്ങളും താന്താങ്ങളുടേ താല്പര്യങ്ങളുടെ വെളിച്ചത്തിൽ വിലയിരുത്തുകയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ വ്യാപകമായ തോതിൽ പുനർവായനയുണ്ടാകുന്നത് സ്വാഭാവികമാണ്.
സമീപകാലത്ത് ഏറെ പരിശോധനയ്ക്ക് വിധേയനായിട്ടുള്ള ഒരു വ്യക്തിയാണ് സ്വദേശാഭിമാനി പത്രാധിപരായിരുന്ന കെ. രാമകൃഷ്ണപിള്ള. അദ്ദേഹത്തെ തിരുവിതാംകൂറിൽ നിന്ന് നാടുകടത്തിയതിന്റെ 101ആം വാർഷികത്തിൽ നേരത്തെ പ്രചാരം നേടിയ ചില കാര്യങ്ങൾ വസ്തുതാപരമാണോ എന്ന സംശയം ഉയർത്തുന്ന ഒരു ലേഖനം കേരള സർക്കാരിന്റെ പുരാരേഖശേഖരത്തിലുള്ള നിരവധി സാമൂഹിക പരിഷ്കരണകാല രേഖകൾ പരിശോധിച്ച.ചെറായി രാമദാസ് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എഴുതുകയുണ്ടായി. പത്രത്തിന്റെ ഉടമ വക്കം അബ്ദുൾ ഖാദർ മൌലവിയും രാമകൃഷ്ണപിള്ളയും തമ്മിൽ മാതൃകാപരമായ ബന്ധമാണുണ്ടായിരുന്നതെന്ന വിശ്വാസം ചോദ്യം ചെയ്യാനുതകുന്ന ചില വസ്തുതകൾ ആ ലേഖനത്തിലുണ്ട്. പത്രം തിരുവനന്തപുരത്തുനിന്ന് പ്രസിദ്ധീകരിച്ചപ്പോൾ രാമകൃഷ്ണപിള്ള അതിന്റെ പ്രസാധകൻ കൂടിയായിരുന്നതുകൊണ്ട് മറ്റാരുടെയും അനുമതി കൂടാതെ തനിക്ക് ഇഷ്ടമുള്ളത് അച്ചടിക്കാൻ കഴിയുമായിരുന്നെന്ന് രാമദാസ് പറയുന്നു.
“എന്റെ പത്രാധിപരെക്കൂടാതെ എനിക്ക് പത്രമെന്തിന്, അച്ചുക്കൂടമെന്തിന്?“ എന്ന് മൌലവി തന്നോട് പറഞ്ഞതായി രാമകൃഷ്ണപിള്ളയുടെ ഭാര്യ വർഷങ്ങൾക്കുശേഷം എഴുതിയതിന്റെ അടിസ്ഥാനത്തിൽ ജീവചരിത്രകാരനായ ടി. വേണുഗോപാലൻ അദ്ദേഹത്തെ “പത്രാധിപർ നഷ്ടപ്പെട്ടതിൽമാത്രം നിസ്വനായി വിലപിച്ച, പത്രാധിപരെ കൂടാതെ മറ്റെല്ലാം തിരിച്ചുകിട്ടിയിട്ടും എന്ത്കാര്യം എന്ന് ശഠിച്ച” ഉടമയായി ചിത്രീകരിച്ചിരുന്നു പരിശോധിച്ച രേഖകളിൽ നിന്ന് വ്യക്തമാകുന്ന മൂന്ന് വസ്തുതകൾ ചൂണ്ടിക്കാട്ടി രാനദാസ് മൌലവിയുടെ പ്രസ്താവത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്യുന്നു. പത്രാധിപർ നഷ്ടപ്പെട്ടശേഷം കണ്ടുകെട്ടിയ അച്ചുക്കൂടം വീണ്ടെടുക്കാൻ മൌലവി ശ്രമിക്കുകയുണ്ടായി. അതിനായി നൽകിയ അപേക്ഷയിൽ അദ്ദേഹം രാമകൃഷ്ണപിള്ളയെ തള്ളിപ്പറഞ്ഞു. അപേക്ഷ നൽകിയ വിവരം രാമകൃഷ്ണപിള്ളയെ അറിയിച്ചതുമില്ല.
ഉടമയും പത്രാധിപരും തമ്മിലുള്ള ബന്ധം വിലയിരുത്തുന്നിടത്ത് ഈ വസ്തുതകൾക്ക് എത്രമാത്രം പ്രാധാന്യം കല്പിക്കേണം?
രാമകൃഷ്ണപിള്ള പ്രസാധകസ്ഥാനം വഹിച്ചിരുന്നെങ്കിലും അച്ചുക്കൂടത്തിന്റെ (പത്രത്തിന്റെയും) ഉടമസ്ഥാവകാശം മൌലവി അദ്ദേഹത്തിന് കൈമാറിയതായി കാണുന്നില്ല. ആ നിലയ്ക്ക് അദ്ദേഹത്തിന് പത്രാധിപരുടെ പ്രവർത്തനം അസ്വീകാര്യമായിരുന്നെങ്കിൽ ഇടപെട്ട് തടയാൻ തീർച്ചയായും കഴിയുമായിരുന്നു. തിരുവിതാകൂർ ഭരണകൂടം നാടുകടത്തലിന് വുവസ്ഥ ചെയ്യുന്ന ചട്ടങ്ങൾ രൂപീകരിക്കുന്നതായും അതിന്റെ ലക്ഷ്യം രാമകൃഷ്ണപിള്ളയാണെന്നും മലബാറിൽ നിന്നുള്ള രണ്ട് പ്രസിദ്ധീകരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. തിരുവനന്തപുരത്ത് ചിലർക്കെങ്കിലും അറിവുണ്ടായിരുന്ന ഈ വിവരം മൌലവി അറിഞ്ഞിരുന്നില്ലെന്ന് വിശ്വസിക്കാൻ പ്രയാസമാണ്. ആ ഘട്ടത്തിൽ രാമകൃഷ്ണപിള്ളയിൽ നിന്ന് പത്രവും അച്ചുക്കൂടവും തിരിച്ചെടുക്കാൻ മൌലവി ശ്രമിച്ചതിന് തെളിവുകളില്ലാത്ത സാഹചര്യത്തിൽ അദ്ദേഹത്തെ പത്രാധിപർക്ക് പൂർണ്ണ പ്രവർത്തന സ്വാതന്ത്ര്യം നൽകിയ ഉടമയായി തുടർന്നും കാണാവുന്നതാണ്.
നാടുകടത്തൽ വാർഷികാചരണ വേളയിൽ രാമകൃഷ്ണപിള്ളയെ ഭരണകൂടത്തിനെതിരെ ധീരമായ നിലപാടെടുത്ത പത്രാധിപർ എന്ന നിലയിൽ പ്രകീർത്തിച്ച പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ അദ്ദേഹത്തെ പത്രപ്രവർത്തകർക്ക് ഉത്തമ മാതൃകയായി എടുത്തുകാട്ടുകയും ചെയ്തിരുന്നു. പത്രപ്രവർത്തനത്തിന്റെ അടിസ്ഥാന തത്വങ്ങളെ കുറിച്ച് ആദ്യമായി മലയാളത്തിൽ എഴുതിയ പത്രാധിപരാണ് രാമകൃഷ്ണപിള്ള. എന്നാൽ അദ്ദേഹത്തിന്റെ പത്രപ്രവർത്തന ശൈലി അവയ്ക്ക് അനുസൃതമായിരുന്നില്ല. ദിവാൻ പി. രാജഗോപാലാചാരിയുടെ ജാരബന്ധങ്ങളെ സൂചിപ്പിക്കാനായി അദ്ദേഹത്തിന്റെ പേര് സ്വദേശാഭിമാനി ജാരഗോപാലാചാരി എന്ന് അച്ചടിക്കുകയുണ്ടായി. ഓരോ അച്ചും കൈകൊണ്ട് പെറുക്കി നിരത്തിയിരുന്ന അക്കാലത്ത് അതൊരു കൈപ്പിഴയാണെന്നല്ലെ തോന്നുകയുള്ളു? മഞ്ഞപത്രങ്ങൾക്ക് മാത്രം സ്വീകരിക്കാവുന്ന മാതൃകയാണിത്
രാമകൃഷ്ണപിള്ളയെ രാജഗോപാലാചാരിക്കെതിരെ തിരിച്ചത് ഉയർന്ന സാന്മാർഗിക സങ്കല്പമാണെന്ന് കരുതാനാവില്ല. അദ്ദേഹം ദിവാനായിരുന്ന 1907-14 കാലത്ത് തിരുവിതാംകൂടിൽ സാമൂഹ്യപ്രസ്ഥാനങ്ങൾ ശക്തിപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. ജാതിഭേദവും മതദ്വേഷവുമില്ലാത്ത മാതൃകാസ്ഥാനമെന്ന ആശയം സമൂഹത്തിന്റെ മുന്നിൽ അവതരിപ്പിക്കപ്പെട്ടു കഴിഞ്ഞിരുന്നു. എന്നാൽ സമൂഹത്തിന്റെ ഫ്യൂഡൽ സ്വഭാവം അപ്പോഴും ശക്തമായിരുന്നു. തകഴിയുടെ ‘കയറി‘ൽ നിന്ന് ലഭിക്കുന്ന ചിത്രം വിശ്വസനീയമാണെങ്കിൽ --അല്ലെന്ന് കരുതാൻ കാരണം കാണുന്നില്ല -- വൈദിക സമൂഹം സൃഷ്ടിച്ച ലൈംഗിക കോളനിയിൽ നിന്ന് കേരളം പൂർണ്ണ മോചനം നേടിയിരുന്നില്ല. സ്വജാതീയ വിവാഹം എന്ന ആശയം നമ്പൂതിരി സമുദായത്തിലെ ഇളംമുറക്കാരുടെ മനസ്സിൽ രൂപപ്പെട്ടിരുന്നില്ല. നിരവധി കുടുംബങ്ങൾ ബ്രാഹ്മണ ബന്ധം കാംക്ഷിക്കുക്കയും ബ്രാഹ്മണന് ഒന്നിലധികം സ്ത്രീകളുമായി ബന്ധം സ്ഥാപിക്കുന്നതിന് തടസ്സമില്ലാതിരിക്കുകയും ചെയ്ത അക്കാലത്ത് ദിവാന്റെ മുന്നിൽ പല വാതിലുകളും തുറന്നെങ്കിൽ അത്ഭുതപ്പെടാനില്ല. അന്നത്തെ സംഭവങ്ങൾ വിലയിരുത്തേണ്ടത് ഇന്നത്തെ സ്ത്രീപീഡന സങ്കല്പത്തിന്റെ അടിസ്ഥാനത്തിലല്ല.
രാമകൃഷ്ണപിള്ളയുടെ കലഹം ദുഷിച്ച സാമൂഹ്യ വ്യവസ്ഥയോടായിരുന്നില്ല, രാജഗോപാലാചാരിയോടായിരുന്നു. മഹാരാജാവ് ഉൾപ്പെടെ പല പ്രമാണിമാരുടെയും ലീലകൾ തിരുവനന്തപുരത്ത് അങ്ങാടിപ്പാട്ടായിരുന്നു. പക്ഷെ ദിവാന്റെ പരസ്ത്രീഗമനം മാത്രമാണ് രാമകൃഷ്ണപിള്ളക്ക് വിഷയമായത്.
നാടുകടത്തപ്പെട്ട രാമകൃഷ്ണപിള്ളയ്ക്ക് അനുകൂലമായി സംസാരിക്കാൻ രാജഭക്തരായ തിരുവിതാംകൂറിറുകാർ ധൈര്യം നേടിയത് സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം മാത്രമാണ്. തുടർന്ന് അവർ രാമകൃഷ്ണപിള്ളയെ നായകനും രാജഗോപാലാചാരിയെ പ്രതിനായകനുമാക്കി രാഷ്ട്രീയ പുരാണം മെനഞ്ഞെടുത്തു. രാമകൃഷ്ണപിള്ളയുടെ രക്തസാക്ഷിത്വ വിപണനം അദ്ദേഹത്തിന്റെ ദേവഭാവം തുടർച്ചയായി ഉയർത്തുകയും അതിനൊത്ത് രാജഗോപാലാചാരിയുടെ ആസുരഭാവം വളരുകയും ചെയ്തു.
തിരുവിതാംകൂറിൽ വരുന്നതിനു മുമ്പ്, 1897 മുതൽ 1901 വരെ, രാജഗോപാലാചാരി കൊച്ചി ദിവാനായിരുന്നു. അവിടത്തെ അദ്ദേഹംത്തിന്റെ പ്രവർത്തനം പരക്കെ ശ്രദ്ധിക്കപ്പെട്ടിരുന്നതായി അദ്ദേഹത്തെ പുനർവായനയ്ക്ക് വിധേയമാക്കിയ ഡോ. എസ്. ഷാജി പറയുന്നു. എസ്.എൻ.ഡി.പി. യോഗത്തിന്റെ ഉടമസ്ഥതയിലുള്ള ‘യോഗനാദ’ത്തിന്റെ രണ്ട് ലക്കങ്ങളിലായി പ്രസിദ്ധീകരിച്ച “തെറ്റിദ്ധരിപ്പിക്കപ്പെട്ട സർ രാജഗോപാലാചാരി” എന്ന ലേഖനത്തിൽ അദ്ദേഹം എഴുതുന്നു: “കൊച്ചി ദിവാനായിരുന്ന രാജഗോപാലാചാരിയെപ്പറ്റി കെ. രാമകൃഷ്ണപിള്ളക്കു പോലും വളരെ മതിപ്പായിരുന്നു. ‘പരിഷ്കൃതമായ ഭരണനീതിബോധമുള്ള’, ‘ബ്രിട്ടീഷ് ഗവണ്മെന്റിന്റെ ആദരവ് അർഹിച്ചിരുന്ന്‘, ‘തീഷ്ണബുദ്ധി‘യായ, ‘ഉത്തമനായ മന്ത്രി’ എന്നൊക്കെയായിരുന്നു രാജഗോപാലാചാരിയെ രാമകൃഷ്ണപിള്ള വിലയിരുത്തിയത്.” കൊച്ചിയിൽ ഉത്തമനായിരുന്ന രാജഗോപാലാചാരി തിരുവിതാംകൂറിൽ എത്തിയപ്പോൾ രാമകൃഷ്ണപിള്ളയുടെ കണ്ണുകളിൽ മറ്റൊരാളായെങ്കിൽ അതിന്റെ കാരണം അന്വേഷിക്കേണ്ടത് തിരുവിതാംകൂറിൽ അദ്ദേഹം കൈക്കൊണ്ട നടപടികളുടെ കൂടി അടിസ്ഥാനത്തിലാണ്.
കൊച്ചി ദിവാനെന്ന നിലയിൽ രാജഗോപാലാചാരി അവിടത്തെ ഭരണസംവിധാനം നവീകരിക്കുകയും അതിനെ മുന്നോട്ടു നയിക്കുകയും ചെയ്ത ഘട്ടത്തിൽ തിരുവിതാംകൂർ ഭരണകൂടം ഫ്യൂഡൽ സമീപനത്തിൽ അയവു വരുത്താനുള്ള സമ്മർദ്ദം ചെറുക്കുകയായിരുന്നു. മദിരാശിയിൽനിന്ന് മെഡിക്കൽ ഡിപ്ലോമ സമ്പാദിച്ചശേഷം സർക്കാർ ജോലിക്ക് അപേക്ഷിച്ച ഡോ. പി. പല്പുവിനു നൽകിയ മറുപടി അദ്ദേഹത്തിന്റെ ജാതിയിൽ പെട്ടവർക്ക് ജോലി നൽകാറില്ലെന്നായിരുന്നു. പരദേശ ബ്രാഹ്മണർ കയ്യടക്കി വെച്ചിരുന്ന ഉന്നത തസ്തികകൾ വിട്ടുകിട്ടാൻ വേണ്ടി നായർ സമുദായം നടത്തിയ നീക്കത്തിന്റെ ഭാഗമായി പതിനായിരത്തിൽ പരം ഒപ്പുകളോടെ 1891ൽ മഹാരാജാവിന് മലയാളി മെമ്മോറിയൽ സമർപ്പിക്കപ്പെട്ടു. അതിലുമേറെ ഒപ്പുകളോടെ 1895ൽ ഡോ. പല്പു ഈഴവ മെമ്മോറിയൽ സമർപ്പിച്ചു. അതിലെ പ്രധാന ആവശ്യങ്ങൾ നിയമസഭാ പ്രാതിനിധ്യവും സർക്കാർ ജോലിയുമായിരുന്നു. ദിവാൻ എസ്. ശങ്കരസുബ്ബയ്യർ (1882-98) അതിന് മറുപടിപോലും നൽകിയില്ല. അദ്ദേഹം വിരമിച്ചശേഷമാണ് ഈഴവ പ്രാതിനിധ്യത്തിനായി എസ്.എൻ.ഡി.പി. യോഗം ജനറൽ സെകട്ടറി കൂടിയായിരുന്ന മഹാകവി കുമരനാശാൻ നിയമസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടത്. രാജഗോപാലാചാരി കൂടുതൽ മുന്നോട്ടുപോകാൻ തയ്യാറായി. അദ്ദേഹം ദലിത് കുട്ടികൾക്ക് വിദ്യാഭ്യാസത്തിന് അവസരം നൽകണമെന്ന അയ്യൻകാളിയുടെ ആവശ്യം അംഗീകരിച്ചു. അയ്യൻകാളിയെ നിയമസഭയിലേക്ക് നോമിനേറ്റ് ചെയ്യുകയും ചെയ്തു.
പൊതുവിദ്യാലയങ്ങൾ ദലിത് കുട്ടികൾക്കായി തുറന്നുകൊടുത്തപ്പോൾ നായർ സമുദായത്തിൽ നിന്നും ശക്തമായ എതിർപ്പുണ്ടായി. അല്പം മുമ്പ് മാത്രം സ്കൂൾ പ്രവേശനത്തിന് അർഹത നേടിയ ഈഴവരും ചില സ്ഥലങ്ങളിൽ നായന്മാരോടൊപ്പം കൂടി. അവർ തങ്ങളുടെ കുട്ടികളെ പിൻവലിക്കുമെന്ന് ഭീഷണിപ്പെടുത്തി. പുലയക്കുട്ടികൾക്ക് പ്രവേശനം നൽകിയ ചില സ്കൂളുകൾ തീവെയ്ക്കപ്പെട്ടു. നായർ രോഷം ശക്തിയായി പ്രകടമായ ഒരിടം രാമകൃഷ്ണപിള്ളയുടെ നാടായ നെയ്യാറ്റിങ്കരയായിരുന്നു. രാമാകൃഷ്ണപിള്ള തന്നെയും പുലയക്കുട്ടികളെ മറ്റ് കുട്ടികൾക്കൊപ്പമിരുത്തി പഠിപ്പിക്കുന്നതിനെ അതിശക്തമായി എതിർത്തു. ഇരുവിഭാഗങ്ങളുടെയും മാനസിക വികാസത്തിൽ വലിയ വ്യത്യാസമുണ്ടെന്നും അവരെ ഒന്നിച്ചിരുത്തി പഠിപ്പിക്കുന്നത് കാളയെയും പോത്തിനെയും ഒരേ നുകത്തിൽ കെട്ടി പാടത്തിറക്കുന്നതു പോലെയാണെന്നും അദ്ദേഹം സമർത്ഥിച്ചു. രാജഗോപാലാചാരി ഇത്തരം വാദങ്ങൾ ചെവിക്കൊണ്ടില്ല. ഒരു സ്കൂളിൽ പുലയക്കുട്ടികളെ പ്രവേശിപ്പിച്ചതിനെ തുടർന്ന് മറ്റ് ജാതികളിൽ പെട്ട കുട്ടികളും ചില അദ്ധ്യാപകരും വിട്ടുപോയതായി വിവരം ലഭിച്ചപ്പോൾ, മറ്റ് കുട്ടികളില്ലെങ്കിൽ പുലയക്കുട്ടികളെ മാത്രം വെച്ചു പഠിപ്പിക്കണെമെന്ന് അദ്ദേഹം നിഷ്കർഷിച്ചതായി ഡോ. ഷാജി രേഖപ്പെടുത്തുന്നു. ദിവാന്റെ ഉറച്ച നിലപാട് വെളിപ്പെട്ടപ്പോൾ വിട്ടുനിന്ന അദ്ധ്യാപകരും കുട്ടികളും തിരിച്ചെത്തി.
കേരള സമൂഹത്തിൽ പതിറ്റാണ്ടുകൾക്കു മുമ്പ് ആരംഭിച്ച സാമൂഹ്യ നവീകരണ പ്രസ്ഥാനങ്ങളുടെ സാംഗത്യം മനസിലാക്കി രാജഗോപാലാചാരി സ്വീകരിച്ച സമീപനം മാറ്റങ്ങളുടെ വേഗത കൂട്ടി. നായർ സമുദായത്തിലെ പരിഷ്കരണവാദികളുടെ പ്രധാന ആവശ്യങ്ങൾ സംബന്ധ-മരുമക്കത്തായ വ്യവസ്ഥകൾ പരിഷ്കരിക്കണമെന്നതായിരുന്നു. രാജഗോപാലാചാരി അതിനോട് അനുഭാവപൂർവം പ്രതികരിച്ചു. അദ്ദേഹത്തിന്റെ കാലത്ത് നിലവിൽ വന്ന നായർ റെഗുലേഷൻ സംബന്ധത്തിന് നിയമസാധുത നൽക്കുകയും മരുമക്കത്തായം നിർത്തലാക്കാനുള്ള പ്രക്രിയക്ക് തുടക്കം കുറിക്കുകയും ചെയ്തു. ഈഴവ ക്രൈസ്തവ സമൂഹങ്ങളുടെ പിന്തുടർച്ചാവകാശം സംബന്ധിക്കുന്ന നിയമങ്ങളും പരിഷ്കരിക്കപ്പെട്ടു.
കേരളത്തിൽ ഇപ്പോൾ പ്രകടമായിക്കൊണ്ടൊരിക്കുന്ന പ്രതിലോമ പ്രവണതകൾ തടയാൻ നമുക്കാകണമെങ്കിൽ കൂടുതൽ പുനർവായന ആവശ്യമാണ്. അത് ശരിയായ രീതിയിൽ ആവുകയും വേണം. തെറ്റായ രീതിയിലുള്ള പുനർവായന ഇതിനകം തന്നെ ദുഷ്പ്രവണതകൾക്ക് ശക്തി പകർന്നിട്ടുണ്ട്.
വേണ്ടുവോളം സുരന്മാരെയും അസുരന്മാരെയും മുൻതലമുറകൾ നമുക്ക് സൃഷ്ടിച്ചുതന്നിട്ടുണ്ട്. ആ നിലയ്ക്ക് ഓരോ തലമുറയും മുൻതലമുറകളിൽപെട്ടവരെ വിലയിരുത്തുമ്പോൾ അവരെ ശക്തികളും ദൌർബല്യങ്ങളുമുള്ള മനുഷ്യരായി നിലനിർത്താൻ ശ്രദ്ധിക്കേണ്ടതാണ്.
മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ഒക്ടോബർ 16-22, 2011 ലക്കത്തിൽ “സ്വദേശാഭിമനി: പുനർവായനയിലെ അനീതി” എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിക്കപ്പെട്ട ലേഖനത്തിന്റെ മൂലരൂപം