Tuesday, January 26, 2010

വിചാരണയായി മാറുന്ന മാധ്യമ ഇടപെടൽ

മറ്റ് പല ആധുനിക സംവിധാനങ്ങളെയും പോലെ മാധ്യമങ്ങളും വിദേശികളില്‍നിന്ന് നമുക്ക് കിട്ടിയതാണ്. പത്രരംഗത്തു പൊതുവിലും, പത്രപ്രവര്‍ത്തനശൈലിയില്‍ പ്രത്യേകിച്ചും, കഴിഞ്ഞ രണ്ട് നൂറ്റാണ്ടുകാലത്തുണ്ടായ നല്ലതും ചീത്തയുമായ മാറ്റങ്ങള്‍ക്കെല്ലാം നാം വിദേശികള്‍ക്ക് കടപ്പെട്ടിരിക്കുന്നു. മാധ്യമ വിചാരണ എന്ന പ്രതിഭാസവും ജനിച്ചത് വിദേശത്തുതന്നെ. മാധ്യമങ്ങളുടെ ഇടപെടലുകള്‍ മാധ്യമ വിചാരണകളായി മാറുന്നെന്ന ആക്ഷേപം പാശ്ചാത്യ രാജ്യങ്ങളില്‍ പതിറ്റാണ്ടുകള്‍ക്കു മുമ്പ് കേട്ടുതുടങ്ങിയതാണ്. ഇവിടെ ഈയിടെ മാത്രമാണ് അത് കേട്ടുതുടങ്ങിയത്. അത് ചില ഗുരുതരമായ പ്രശ്നങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. മാധ്യമരംഗത്ത് സമീപകാലത്തുണ്ടായ മാറ്റങ്ങളുടെ വെളിച്ചത്തിലാണ് അവ പരിശോധിക്കപ്പെടേണ്ടത്.

നമ്മുടെ ഭരണഘടനയില്‍ പത്രസ്വാതന്ത്ര്യത്തെക്കുറിച്ച് പരാമര്‍ശമില്ല. ഭരണഘടന രൂപീകരിക്കുന്ന വേളയില്‍ അംഗങ്ങള്‍ ഇക്കാര്യം ഉയര്‍ത്തിയപ്പോള്‍ പത്രസ്വാതന്ത്ര്യം പൌരന്മാരുടെ അഭിപ്രായ ആവിഷ്കാര സ്വാതന്ത്ര്യങ്ങളുടെ ഭാഗമാണെന്നും അത് പ്രത്യേകം ഏടുത്തുപറയേണ്ട കാര്യമില്ലെന്നുമുള്ള നിലപാടാണ് ഡോ. ബി. ആര്‍. അംബേദ്കര്‍ എടുത്തത്. പിന്നീട് സുപ്രീം കോടതിയും നിരവധി വിധികളില്‍ ഇതേ നിലപാട് സ്വീകരിച്ചു. ഇതില്‍നിന്ന് മനസ്സിലാക്കേണ്ട ഒരു വസ്തുത ഇന്ത്യയിലെ പൌരന്മാര്‍ക്കില്ലാത്ത ഒരു സ്വാതന്ത്ര്യവും അവകാശവും മാധ്യമങ്ങള്‍ക്കില്ലെന്നതാണ്. സ്വാതന്ത്ര്യത്തിന്റെ ആദ്യ വര്‍ഷങ്ങളില്‍ അധികാരികളെ അലോസരപ്പെടുത്തുന്ന തരത്തിലുള്ള പ്രവര്‍ത്തനത്തില്‍ നിന്ന് പത്രങ്ങള്‍ വിട്ടുനിന്നു. രണ്ടാം ലോക മഹായുദ്ധ കാലത്ത് സെന്‍സര്‍ഷിപ്പ് നിയന്ത്രണങ്ങള്‍ക്കു വിധേയമായി പ്രവര്‍ത്തിച്ച മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ സ്വയംനിയന്ത്രണം പാലിക്കാന്‍ കഴിവുള്ളവരായിരുന്നു. രാജ്യം വര്‍ഗ്ഗീയ കലാപം, സായുധ വിപ്ലവം തുടങ്ങിയവ നേരിടുന്ന സാഹചര്യത്തില്‍ അവര്‍ മൃദുസമീപനം സ്വീകരിക്കാന്‍ തയ്യാറായി.

അടിയന്തിരാവസ്ഥ പത്രപ്രവര്‍ത്തകര്‍ക്ക് പത്രസ്വാതന്ത്ര്യത്തിന്റെ വില മനസ്സിലാക്കി കൊടുത്തു. അതോടെ സ്വാതന്ത്ര്യം ഉപയോഗിക്കാന്‍ അവര്‍ സന്നദ്ധരായി. രാജീവ് ഗാന്ധി കേന്ദ്രത്തിലും ജഗന്നാഥ് മിശ്ര ബീഹാറിലും പില്‍ക്കാലത്ത് പത്രങ്ങളെ നിയന്ത്രിക്കുന്ന നിയമങ്ങളുണ്ടാക്കാന്‍ നടത്തിയ ശ്രമങ്ങളെ അവര്‍ ചെറുത്തു തോല്പിച്ചു. ഇന്ന് പത്രങ്ങള്‍ മാത്രമല്ല പൊതുജനങ്ങളും പത്രസ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുന്ന ഒരു നിയമവും അംഗീകരിക്കാന്‍ തായ്യാറാവില്ല.

സ്വകാര്യ ദൃശ്യചാനലുകളൂടെ വരവോടെ മാധ്യമ രംഗത്ത് കഴിഞ്ഞ രണ്ട് പതിറ്റാണ്ടു കാലത്ത് വലിയ മാറ്റങ്ങളുണ്ടായി. ഒരു ചുരുങ്ങിയ കാലയളവില്‍ രാജ്യത്ത് 300ല്‍ പരം ചാനലുകളുണ്ടായി. ഇന്ന് വന്‍‌നഗരങ്ങളില്‍ മാത്രമല്ല കേരളം പോലെയുള്ള പല സംസ്ഥാനങ്ങളിലും മുഖ്യ സംഭവവികാസങ്ങളെക്കുറിച്ച് ജനങ്ങള്‍ ആദ്യം അറിയുന്നത് ടെലിവിഷനിലൂടെയാണ്. എന്നാല്‍ പത്രങ്ങളുടെ പ്രാധാന്യം കുറഞ്ഞിട്ടില്ല. അവ ഇപ്പോഴും വളര്‍ന്നുകൊണ്ടിരിക്കുന്നു. പുതിയ പത്രങ്ങള്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. ഈ പത്രങ്ങളുടെയും ചാനലുകളുടെയും നടത്തിപ്പിനാവശ്യമായത്ര പരിശീലനം ലഭിച്ച മാധ്യമ പ്രവര്‍ത്തകര്‍ രാജ്യത്തുണ്ടായിരുന്നില്ല. മാധ്യമരംഗത്തിന്റെ വളര്‍ച്ചയ്‌ക്കൊത്ത് മാധ്യമപ്രവര്‍ത്തകരെ പരിശീലിപ്പിക്കാനുള്ള സംവിധാനങ്ങള്‍ വികസിച്ചില്ല. ഇതിന്റെ ഫലമായി അപക്വമായ നേതൃത്വത്തിന്‍ കീഴില്‍ വേണ്ടത്ര പരിശീലനം ലഭിച്ചിട്ടില്ലാത്ത മാധ്യമപ്രവര്‍ത്തകര്‍ സ്ഥാപനങ്ങള്‍ നടത്തുന്ന സാഹചര്യം നിലനില്‍ക്കുന്നുണ്ട്.

ഇതേ കാലയളവില്‍ മാധ്യമ ഉടമകളുടെ സമീപനത്തില്‍ ഒരു വലിയ മാറ്റവുമുണ്ടായി. ഒരു വലിയ പത്രസ്ഥാപനത്തിന്റെ ഉടമ പത്രം തനിക്ക് ഒരുല്പന്നം മാത്രമാണെന്നും പത്രവ്യവസായം മറ്റേതൊരു വ്യവസായവും പോലെ ലാഭമുണ്ടാക്കാനുള്ളതാനെന്നും പ്രഖ്യാപിച്ചുകൊണ്ട് പത്രാധിപരെ തരം താഴ്ത്തുകയും പരസ്യം ശേഖരിച്ച് പത്രത്തിന് ലാഭമുണ്ടാക്കി കൊടുക്കുന്ന അഡ്വര്‍ട്ടൈസിങ് മാനേജരെ അദ്ദേഹത്തിനു മുകളില്‍ പ്രതിഷ്ഠിക്കുകയും ചെയ്തു. വായനക്കാരനെ പ്രലോഭിപ്പിച്ച് ആകര്‍ഷിക്കുന്ന രീതി പത്രലോകത്ത് സാര്‍വത്രികമായി. ടെലിവിഷന്‍ ചാനലുകള്‍ വിജ്ഞാനത്തേക്കാള്‍ ലാഭകരമായ വിനോദത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. വാര്‍ത്താ ചാനലുകളിലും ഇതിന് അനുസൃതമായ മാറ്റങ്ങളുണ്ടായി.

ഈ പശ്ചാത്തലത്തില്‍ നോക്കുമ്പോള്‍ മാധ്യമ ഇടപെടലുകള്‍ വിചാരണകളായി പരിണമിക്കുന്നത് മാധ്യമങ്ങള്‍ വാണിജ്യവത്കരിക്കപ്പെടുകയും അവയുടെ പ്രൊഫഷനല്‍ അടിത്തറ ദുര്‍ബലമാവുകയും ചെയ്തതുകൊണ്ടാണെന്ന് കാണാനാവും. അതിനുള്ള ശരിയായ പരിഹാരം പ്രൊഫഷനലിസം ശക്തിപ്പെടുത്തുകയെന്നതാണ്. അപ്പോഴും ബോധപൂര്‍വമുള്ള തെറ്റായ ഇടപെടലുകള്‍ ഉണ്ടായെന്നിരിക്കും. അതിന് നിയമപരമായി പരിഹാരം തേടേണ്ടിയും വന്നേക്കും. ഈ അടിസ്ഥാനത്തിലാണ് വിചാരണകളായി മാറുന്ന ഇടപെടലുകളെ കോടതിയലക്ഷ്യത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് ലാ കമ്മിഷന്‍ മൂന്ന് കൊല്ലം മുമ്പ് നിര്‍ദ്ദേശിച്ചത്. അതിനായി ഒരു കരട് നിയമം അത് സര്‍ക്കാരിന് സമര്‍പ്പിക്കുകയും ചെയ്തു.

കേസ് കോടതിയിലെത്തുമ്പോള്‍ വിഷയം ‘സബ് ജൂഡിസ്’ ആകുന്നു. അതിനുശേഷം നീതിപൂര്‍വകമായ വിചാരണക്ക് തടസമാകാവുന്ന എന്തെങ്കിലും പ്രസിദ്ധീകരിച്ചാല്‍ അത് കോടതിയലക്ഷ്യത്തിന്റെ പരിധിയില്‍ വരും. ഇക്കാര്യം അറിയാവുന്നതുകൊണ്ട് ഉത്തരവാദിത്വബോധമുള്ള മാധ്യമങ്ങള്‍ അത് ചെയ്യാറില്ല. എന്നാല്‍ അന്വേഷണം നടക്കുന്ന ഘട്ടത്തില്‍, അതായത് കേസ് കോടതിയിലെത്തുന്നതിനു മുമ്പ്, മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് കോടതിയലക്ഷ്യ നിയമത്തിന്റെ പരിധിയില്‍ വരുന്നില്ല. ആ ഘട്ടത്തില്‍ നീതിപൂര്‍വകമായ വിചാരണക്ക് തടസമാകുന്ന തരത്തിലുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ പ്രത്യ്ക്ഷപ്പെടാറുണ്ട്. അവ ചിലപ്പോള്‍ പൊലീസ് പിടികൂടിയവരെ കുറ്റവാളികളായൊ നിരപരാധികളായൊ ചിത്രീകരിക്കാറുമുണ്ട്. ഇത് നീതിപൂര്‍വമായ വിചാരണയ്ക്ക് തടസമാകുന്നു. ഇത്തരം ഇടപെടല്‍ ഒഴിവാക്കാനായി, കേസ് സജീവം (ആക്ടീവ്) ആകുന്ന ഘട്ടത്തില്‍തന്നെ അത് സംബന്ധിച്ച വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കുന്നതിന് ഹൈക്കോടതിക്ക് അധികാരം നല്‍കുന്ന വ്യവസ്ഥ ലാ കമ്മിഷന്‍ തയ്യാറാക്കിയ കരട് നിയമത്തിലുണ്ട്. വിലക്ക് ഒരാഴ്ചത്തേക്കാവും. ഈ കാലയളവില്‍ ബന്ധപ്പെട്ട മാധ്യമത്തിന് കോടതിയെ സമീപിച്ച് വിലക്ക് നീക്കണമെന്ന് ആവശ്യപ്പെടാം. അപ്രകാരം നീക്കപ്പെടുന്നില്ലെങ്കില്‍ ഏഴ് ദിവസത്തിനുശേഷവും വില്‍ക്ക് തുടരും. വിലക്ക് ലംഘിച്ചാല്‍ സ്വാഭാവികമായും കോടതിയലക്ഷ്യത്തിന് നടപടിയുണ്ടാകും.

പ്രത്യക്ഷത്തില്‍ കരട് നിയമം വിഭാവന ചെയ്യുന്നത് തികച്ചും യുക്തിസഹമായ നിയന്ത്രണമാണെന്ന് തോന്നാം. വിലക്കുത്തരവിന് കാലാവധി നിശ്ചയിച്ചിട്ടുള്ളതു കൊണ്ട് സെന്‍സര്‍ഷിപ്പിന്റെ സ്വഭാവമില്ലെന്ന് വാദിക്കാവുന്നതാണ്. എന്നാല്‍ ഏത് സാഹചര്യങ്ങളിലാകും കോടതി വിലക്ക് ഏര്‍പ്പെടുത്തുകയെന്നാലോചിക്കുമ്പോള്‍ ഇത് അത്ര നല്ല നീക്കമല്ലെന്ന് കാണാനാകും. കേരളത്തില്‍ സമീപകാലത്ത് ജനശ്രദ്ധ ആകര്‍ഷിച്ച രണ്ട് കേസുകളാണ് പോള്‍ മുത്തൂറ്റ് വധക്കേസും വര്‍ക്കല ശിവപ്രസാദ് കൊലക്കേസും. ആദ്യത്തേതില്‍ കൊല്ലപ്പെട്ടത് ഒരു വലിയ വ്യവസായിയാണ്. അന്വേഷണത്തിന്റെ പ്രാരംഭഘട്ടത്തില്‍ തന്നെ പ്രതിപ്പട്ടികയില്‍ വി.ഐ.പി. ബന്ധങ്ങളുണ്ടെന്ന് കരുതപ്പെടുന്ന ഗൂണ്ടകളുണ്ടായേക്കുമെന്ന സൂചനകളുണ്ടായിരുന്നു. . രണ്ടാമത്തേതില്‍ കൊല്ലപ്പെട്ടത് ഒരു സാധാരണ മനുഷ്യനായിരുന്നു. സംശയത്തിന്റെ നിഴലിലുണ്ടായിരുന്നത് അറിയപ്പെടുന്ന ബന്ധങ്ങളൊന്നുമില്ലാത്ത ഏതാനും ദലിത യുവാക്കളും. രണ്ടിലും കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ പൊലീസ് കുറ്റം തെളിഞ്ഞതായി അവകാശപ്പെട്ടു. പൊലീസിന്റെ സമീപനത്തെക്കുറിച്ച് സംശയങ്ങള്‍ ജനിപ്പിക്കുന്ന സാഹചര്യങ്ങള്‍ ര്‍ണ്ടു കേസുജക്കിലും ഉണ്ടായിരുന്നു. എന്നാല്‍ മാധ്യമ വിചാരണയുടെ പരിധിയില്‍ കൊണ്ടുവരാവുന്ന തരത്തിലുള്ള റിപ്പോര്‍ട്ടിങ് ആദ്യ കേസില്‍ മാത്രമെ ഉണ്ടായുള്ളൂ. രണ്ടാമത്തേതില്‍ മാധ്യമങ്ങള്‍ പൊലീസ് ഭാഷ്യം അപ്പാടെ സ്വീകരിച്ചു. അധികാരവും സമ്പത്തുമുള്ളവര്‍ ഇരകളൊ പ്രതികളൊ ആകുമ്പോഴാണ് സാധാരണയായി മാധ്യമങ്ങള്‍ ഇടപെടുന്നതും അന്വേഷണത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്യുന്നതുമെന്ന് ഇതില്‍ നിന്ന് വായിച്ചെടുക്കാവുന്നതാണ്.

നമ്മുടെ നീതിന്യായ വ്യവസ്ഥ ധാരാളം സമയവും പണവും ആവശ്യപ്പെടുന്നതാണ്. അതുകൊണ്ടുതന്നെ അധികാരവും സമ്പത്തുമുള്ളയാള്‍ക്ക് അവയില്ലാത്തയാളേക്കാള്‍ അനുകൂലമായ സാഹചര്യം അത് നല്‍കുന്നു. ഹൈക്കോടതി വെള്ളിയാഴ്ച ജയില്‍ ശിക്ഷ നല്‍കിയ വ്യവസായി തിങ്കളാഴ്ച കോടതി കൂടുന്നതുവരെ ജയിലില്‍ കഴിയുന്നത് ഒഴിവാക്കാനായി രണ്ട് ജഡ്ജിമാര്‍ അത്താഴത്തിനുശേഷം അതിലൊരാളുടെ വീട്ടിലിരുന്ന് അപ്പീല്‍ കേട്ട ചരിത്രം നമ്മുടെ സുപ്രീം കോടതിക്കുണ്ട്. എന്നാല്‍ വീട്ടില്‍ നിന്ന് രാത്രി ആട്ടിയോടിപ്പിക്കപ്പെടുന്ന ഒരു ദലിതന് ജഡ്ജിയുടെ വാതിലില്‍ മുട്ടി നീതി ആവശ്യപ്പെടാനാകില്ല. ലാ കമ്മിഷന്‍ നിര്‍ദ്ദേശിച്ചതുപോലെ ഹൈക്കോടതികള്‍ക്ക് മാധ്യമങ്ങള്‍ക്ക് വില്‍ക്കു കല്പിക്കാനുള്ള അധികാരം നല്‍കിയാല്‍ തടയപ്പെടുന്നത് രാഷ്ട്രീയസ്വാധീനവും സാമ്പത്തികശേഷിയുമുള്ള വ്യക്തികളെ പ്രതികൂലമാായി ബാധിക്കാനിടയുള്ള വാര്‍ത്തകളാകും. അതിനെ നീതിന്യായവ്യവസ്ഥയുടെ വിജയമായി കാണാനാവില്ല.

യഥാര്‍ത്ഥത്തില്‍ മാധ്യമ വിചാരണയില്‍ അടങ്ങിയിരിക്കുന്ന പ്രശ്നം വ്യത്യസ്ത അവകാശങ്ങള്‍ തമ്മിലുള്ള സംഘട്ടനമാണ്. സ്വകാര്യത നിലനിര്‍ത്താനുള്ള അവകാശവും അറിയുവാനുള്ള അവകാശവും തമ്മില്‍ സംഘട്ടനമുണ്ടാകുന്ന ഘട്ടങ്ങളുണ്ട്. ഒന്ന് വ്യക്തിയുടെ അവകാശവും മറ്റേത് സമൂഹത്തിന്റെ പൊതുവായ അവകാശവുമാണ്. ഈ വസ്തുത തിരിച്ചറിഞ്ഞുകൊണ്ടുവേണം അതിന് പരിഹാരം കാണാന്‍. ഒരു അവകാശവും പരമവും നിരുപാധികവുമല്ല. സ്വകാര്യത നിലനിര്‍ത്താനുള്ള അവകാശം എല്ലാ വ്യക്തികള്‍ക്കും ഒരുപോലെ അവകാശപ്പെടാന്‍ കഴിയില്ല. ആരോരുമറിയാതെ എവിടെയൊ സ്വസ്ഥമായി ജീവിതം തള്ളിനീക്കുന്ന ഒരു ബാലകൃഷ്ണനുള്ള സ്വകാര്യത കോടിയേരി ബാലകൃഷ്ണന് അവകാശപ്പെടാനാവില്ല. കാരണം അദ്ദേഹം പൊതുമണ്ഡലത്തില്‍ പ്രവര്‍ത്തിക്കുന്നയാളാണ്. അദ്ദേഹത്തിന്റെ പ്രവൃത്തികള്‍ അദ്ദേഹം വഹിക്കുന്ന സ്ഥാനങ്ങള്‍ക്ക് യോജിച്ചതാണോയെന്ന് പരിശോധിക്കാനുള്ള അവകാശം പൊതുജനങ്ങള്‍ക്കുണ്ട്. പൊതുജനങ്ങള്‍ക്കുള്ള അവകാശം മാധ്യമങ്ങള്‍ക്കുമുണ്ട്.

മാധ്യമങ്ങള്‍ കുറ്റവിചാരണ നടത്തുന്നെന്ന ആക്ഷേപം ഉന്നയിക്കുന്നവര്‍ പ്രശ്നത്തെ നീതിപൂര്‍വകമായ വിചാരണക്കുള്ള കുറ്റാരോപിതനായ വ്യക്തിയുടെ അവകാശവും വിവരങ്ങള്‍ ശേഖരിക്കാനും വിതരണം ചെയ്യാനുമുള്ള മാധ്യമങ്ങളുടെ അവകാശവും. തമ്മില്‍ സംഘട്ടനമായാവാം കാണുന്നത്. എന്നാല്‍ നീതിപൂര്‍വകമായ വിചാരണ എന്നത് പ്രതിയുടെ മാത്രം ആവശ്യമല്ല, സമൂഹത്തിന്റെ പൊതുവായ ആവശ്യമാണ്. മാധ്യമപ്രവര്‍ത്തകരുടെ മനസുകളിലും ഉണ്ടാകേണ്ട ഒന്നാണത്. അന്വേഷണം ശരിയായ ദിശയിലല്ലെന്ന് കാണുമ്പോള്‍ അത് തുറന്നു കാട്ടുന്ന മാധ്യമം സമൂഹതാല്പര്യം മുന്‍‌നിര്‍ത്തി പൊതുധര്‍മ്മം നിര്‍വഹിക്കുകയാണ് ചെയ്യുന്നത്.

ദേശീയതലത്തിലും സംസ്ഥാനതലത്തിലും സമീപകാലത്ത് മാധ്യമ ഇടപെടലുകളുടെ ഫലമായി കുറ്റാന്വേഷണത്തിന്റെ ഗതിയില്‍ മാറ്റമുണ്ടായ സംഭവങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുമ്പോള്‍ അവയുടെ പ്രവര്‍ത്തനം പലപ്പോഴും ഗുണപരമായിരുന്നെന്ന് സമ്മതിക്കേണ്ടി വരും. അന്വേഷണത്തിലെ വീഴ്ചകള്‍ മൂലം കൊലക്കേസുകളില്‍ നിന്ന് വിചാരണ കൂടാതെ രക്ഷപ്പെടുമായിരുന്ന സ്വാധീനശേഷിയുള്ള പലരെയും കോടതിയിലെത്തിക്കാന്‍ മാധ്യമങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. മറിച്ചുള്ള അനുഭവങ്ങളും തീര്‍ച്ചയായും ഉണ്ടായിട്ടുണ്ട്. അക്കൂട്ടത്തില്‍ തൊഴില്പരമായ ദൌര്‍ബല്യങ്ങളുടെ ഫലമായുണ്ടായ വീഴ്ചകളുണ്ട്. തൊഴില്‍മൂല്യങ്ങള്‍ ശക്തിപ്പെടുത്താനായാല്‍ അത്തരം സംഭവങ്ങള്‍ ഒഴിവാക്കാനാവും. മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും ഒരിക്കലും ദുരുദ്ദേശ്യത്തോടെ ഇടപെടല്‍ നടത്തില്ലെന്ന്. പറയാനാവില്ല. പക്ഷെ ഏത് സ്ഥാപനത്തെക്കുറിച്ചാണ് അങ്ങനെ പറയാനാകുന്നത്? അധികാരം കയ്യാളുന്ന രാഷ്ട്രീയ കക്ഷികളെക്കുറിച്ചും അവരുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന പൊലീസിനെക്കുറിച്ചും തീര്‍ച്ചയായും അങ്ങനെ പറയാനാകില്ല. കോടതിയലെത്തും മുമ്പ് കോടതിയലക്ഷ്യഭീഷണി ഉയര്‍ത്തി മാധ്യമങ്ങളുടെ സ്വതന്ത്രമായ പ്രവര്‍ത്തനം തടസപ്പെടുത്തുന്നത് ഗുണത്തേക്കാളേറെ ദോഷമാവും ചെയ്യുക. കാരണം അത് അന്വേഷണ ഏജന്‍സികളുടെ വഴിപിഴച്ച നീക്കങ്ങള്‍ക്ക് യഥാകാലം തടയിടാനുള്ള അവസരം നഷ്ടമാക്കും.

കേരള സർവകലാശാലാ‍ നിയമ വകുപ്പ് 2009 ഡിസംബർ 1ന് സംഘടിപ്പിച്ച ചർച്ച ഉത്ഘാടനം ചെയ്തുകൊണ്ട് ചെയതുകൊണ്ട് നടത്തിയ പ്രസംഗത്തെ ആസ്പദമാക്കി തയ്യാറാക്കിയതാണ് ഈ ലേഖനം

Saturday, January 23, 2010

ഉടൻ ആവശ്യമുണ്ട് 10,000 സ്ത്രീകളെ

ബി.ആര്‍.പി.ഭാസ്കര്‍

ഒരു പത്രത്തിലും നിങ്ങള്‍ ഇങ്ങനെയൊരു പരസ്യം കാണില്ല: “ഉടന്‍ ആവശ്യമുണ്ട്. 10,000 സ്ത്രീകളെ”. തൊഴിലന്വേഷിച്ചു നടക്കുന്നവര്‍ പ്രതീക്ഷയോടെ വായിക്കുന്ന പ്രസിദ്ധീകരണങ്ങളില്‍ വാര്‍ത്തയായും ഈ വിവരമുണ്ടാണ്ടാകില്ല. പക്ഷെ ഇത് സത്യമാണ്. രാഷ്ട്രീയ കേരളത്തിന് അടിയന്തിരമായി പതിനായിരത്തില്‍‌പരം സ്ത്രീകളെ ആവശ്യമുണ്ട്. സാമാന്യം നല്ല സേവന വേതന വ്യവസ്ഥകള്‍ ലഭ്യമാണ്. യോഗ്യതാ മാനദണ്ഡം വളരെ ലളിതവും. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള പ്രായമുണ്ടാവണം. അത്രതന്നെ.

ഇന്ത്യയില്‍ ആണുങ്ങളേക്കാള്‍ കൂടുതല്‍ പെണ്ണുങ്ങളുള്ള ഒരേ ഒരു സംസ്ഥാനം കേരളമാണ്. ഇവിടെ തൊഴിലന്വേഷിച്ചു നടക്കുന്നവരിലും സ്ത്രീകളാണ് കൂടുതല്‍. ഈ വര്‍ഷം സര്‍ക്കാര്‍ നിയമസഭയില്‍ വെച്ച സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട് അനുസരിച്ച് സംസ്ഥാനത്തെ എം‌പ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്ത് തൊഴിലിനായി കാത്തിരിക്കുന്ന 39.53 ലക്ഷം പേരില്‍ 23.08 ലക്ഷം-– 58 ശതമാനം —സ്ത്രീകളാണ്. എല്ലാ ജില്ലകളിലും തൊഴില്‍തേടുന്നവരില്‍ ഭൂരിഭാഗവും സ്ത്രീകളാണ്.

അടുത്ത കൊല്ലം നടക്കാനിരിക്കുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പാണ് സ്ത്രീകള്‍ക്ക് 10,000ല്‍ പരം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നത്. പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളിലെ സ്ത്രീപ്രാതിനിധ്യം 33 ശതമാനത്തില്‍ നിന്ന് 50 ശതമാനമായി ഉയര്‍ത്താനുള്ള കേന്ദ്ര തീരുമാനമാണ് ഇത് സാധ്യമാക്കിയിട്ടുള്ളത്. ഈ തീരുമാനം നടപ്പാക്കാനാവശ്യമായ നിയമ ഭേദഗതി കേരള നിയമസഭ പാസാക്കി ക്കഴിഞ്ഞു.

സംസ്ഥാനത്ത് ഏകദേശം 1,000 ഗ്രാമ പഞ്ചായത്തുകളും 150ല്‍ പരം ബ്ലോക്ക് പഞ്ചായത്തുകളും 14 ജില്ലാ പഞ്ചായത്തുകളുമാണുള്ളത്. (പുനര്‍നിര്‍ണ്ണയ പ്രക്രിയയുടെ ഫലമായി സ്ഥാപനങ്ങളുടെയും വാര്‍ഡുകളുടെയും എണ്ണത്തില്‍ മാറ്റമുണ്ടാകുമെന്നതു കൊണ്ടാണ് കൃത്യമായ എണ്ണം പറയാതെ ഏകദേശ കണക്കുകള്‍ നല്‍കുന്നത്.) കൂടാതെ 50ല്‍ പരം മുനിസിപ്പാലിറ്റികളും അഞ്ച് കോര്‍പ്പറേഷനുകളുമുണ്ട്. എല്ലാറ്റിലും കൂടി 22,000ല്‍ പരം അംഗങ്ങള്‍. അതായത് സംവരണം ചെയ്യപ്പെട്ട സ്ഥാനങ്ങള്‍ വഹിക്കാന്‍ 11,000ല്‍ പരം സ്തീകളെ വേണം. ഏകദേശം 500 പേരെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആകാനും അത്രതന്നെ പേരെ വൈസ് പ്രസിഡന്റ് ആകാനും, 75ല്‍ പരം പേരെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആകാനും, ഏഴ് പേരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആകാനും 26 പേരെ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ആകാനും മൂന്നു പേരെ സിറ്റി മേയര്‍ ആകാനും വേണം.

ഇതൊരു പുതിയ സാഹചര്യമല്ല. പഞ്ചായത്തിന്റെ മൂന്നു തലങ്ങളിലും സ്ത്രീകള്‍ക്ക് മൂന്നിലൊന്ന് സംവരണം ഏര്‍പ്പെടുത്തിയപ്പോഴും ഇതുപോലൊരു സാഹചര്യം നാം നേരിടുകയുണ്ടായി. അതിനുമുമ്പ് ഓരോ പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും മത്സരിക്കാന്‍ ഒരു പാര്‍ട്ടിക്ക് ഒന്നൊ രണ്ടൊ സ്ത്രീകള്‍ മതിയായിരുന്നു. സ്ത്രീയിലൂടെ കുടുംബസ്വത്ത് കൈമാറുന്ന മരുമക്കത്തായ സമ്പ്രദായം പല നൂറ്റാണ്ടുകാലം നിലനിന്ന നാടായതുകൊണ്ട് ഇവിടെ സ്ത്രീകള്‍ക്ക് മറ്റ് പ്രദേശങ്ങളിലേതിനേക്കാള്‍ മെച്ചപ്പെട്ട പദവിയുണ്ടായിരുന്നു. അതുകൊണ്ട് ഒന്നൊ രണ്ടൊ സ്ത്രീകളെ കണ്ടെത്തുന്നത് പ്രയാസമുള്ള കാര്യമായിരുന്നില്ല. പക്ഷെ മൂന്നിലൊന്ന് സംവരണം വന്നപ്പൊഴേക്കും മരുമക്കത്തായ വ്യവസ്ഥയുടെ സ്വാധീനം തുടച്ചുനീക്കി പൂര്‍ണ്ണ പുരുഷാധിപത്യം സ്ഥാപിക്കപ്പെടുകയും അതിന്റെ ഫലമായി പൊതുരംഗത്തു നിന്ന് സ്ത്രീകള്‍ നിഷ്ക്രമിച്ചു തുടങ്ങുകയും ചെയ്തിരുന്നു. അതോടെ അക്കമ്മ ചെറിയാനെയും എ. വി. കുട്ടിമാളു അമ്മയെയും സൃഷ്ടിച്ച കോണ്‍ഗ്രസിനും കെ. ആര്‍. ഗൌരിയെയും റോസമ്മ പുന്നൂസിനെയും വളര്‍ത്തിയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും നേതൃഗുണമുള്ള സ്ത്രീകളെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള കഴിവ് നഷ്ടപ്പെടുകയും ചെയ്തു. ഇന്ന് ഏറ്റവും വലിയ കക്ഷിക്കും, ഏറിയാല്‍, ഒരു പി.കെ.ശ്രീമതിയെ സൃഷ്ടിക്കാനുള്ള കഴിവേയുള്ളു. കുറേ കാലമായി സംസ്ഥാനത്ത് മാറിയും തിരിഞ്ഞും അധികാരത്തിലേറുന്ന മുന്നണികളിലെ മറ്റ് ഘടക കക്ഷികളുടെ കാര്യം അതിലും പരിതാപകരമാണ്. അവരുടെ നിയമസഭാ കക്ഷികളില്‍ സ്ത്രീവേഷമേയില്ല.

നേതാക്കന്മാരുടെ ഭാര്യമാരെയും മക്കളെയും മത്സരരംഗത്തിറക്കിയാണ് പാര്‍ട്ടികള്‍ പഞ്ചായത്തുകളിലെ മൂന്നിലൊന്ന് സ്ഥാനങ്ങള്‍ നിറയ്ക്കാനാവശ്യമായ സ്ത്രീകളെ കണ്ടെത്തിയത്. കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ ആവശ്യമായ വലിയ കക്ഷികള്‍ക്ക് നേതൃകുടുംബങ്ങള്‍ക്കു പുറത്തു നിന്നും സ്ഥാനാര്‍ത്ഥികളെ കണ്ടെത്തേണ്ടി വന്നു. അവര്‍ യുവജന-വിദ്യാര്‍ത്ഥി പോഷക സംഘടനകളില്‍ പ്രവര്‍ത്തിച്ചിരുന്നവരെ കൂടി അണിനിരത്തി. ഏറ്റവും വിജയകരമായി ഇത് ചെയ്തത് സി.പി.എം. ആണ്. വനിതാ സംവരണ സീറ്റുകളിലെ മികച്ച പ്രകടനം ത്രിതല പഞ്ചായത്തുകളില്‍ വലിയ വിജയം കൈവരിക്കാന്‍ അതിനെ സഹായിച്ചു.

കൂടുതല്‍ സ്ഥാനാര്‍ത്ഥിനികള്‍ ആവശ്യമായ സാഹചര്യത്തില്‍ വലിയ കക്ഷികള്‍ അവര്‍ക്കായുള്ള അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. സി.പി.എമ്മില്‍ ഇപ്പോള്‍ പല തലങ്ങളിലുള്ള ഘടകങ്ങള്‍ ഈ പ്രക്രിയയില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ഇന്‍ഡ്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ അടുത്തിടെ ചേര്‍ന്ന സംസ്ഥാന നേതൃയോഗം പഞ്ചായത്ത് തെരഞ്ഞെടുപ്പ് ആവശ്യം മുന്നില്‍കണ്ടുകൊണ്ട് വനിതാ വിഭാഗത്തിന്റെ പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്താന്‍ തീരുമാനിക്കുകയുണ്ടായി. വനിതാ ലീഗ് ശക്തിപ്പെടുത്തുന്നതിന് പ്രേരകമായി ലീഗ് നേതൃത്വം ചൂണ്ടിക്കാണിച്ച ഒരു വസ്തുത ജമാത്തെ ഇസ്ലാമിയുടെ മഹിളാ വിഭാഗം ഈയിടെ കൂടുതല്‍ പ്രവര്‍ത്തനക്ഷമമായിട്ടുണ്ടെന്നതാണ്. ഇത് രണ്ടും കൂട്ടിവായിക്കുമ്പോള്‍ ഇസ്ലാമിക സമൂഹത്തിലെ വിഭാഗീയശക്തികള്‍ വ്യാപകമായ ബലപരീക്ഷണത്തിന് തയ്യാറെടുക്കുകയാണെന്ന സൂചനയാണ് ലഭിക്കുന്നത്. മുസ്ലിം ഭൂരിപക്ഷപ്രദേശങ്ങളില്‍ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പു വേളയില്‍ ഇത് പ്രകടമാകുമെന്ന് കരുതാം. അതോടെ കക്ഷിരാഷ്ട്രീയം മലീമസമാക്കിക്കഴിഞ്ഞ പ്രാദേശിക സ്വയംഭരണ തെരഞ്ഞെടുപ്പ് രംഗത്ത്, സംസ്ഥാന ദേശീയ തെരഞ്ഞെടുപ്പ് രംഗങ്ങളിലെന്ന പോലെ, ജാതിമത വിഭാഗീയതകള്‍ അവശേഷിപ്പിക്കുന്ന മാലിന്യങ്ങളും പ്രത്യക്ഷപ്പെടും.

വനിതാ സംവരണത്തിന്റെ ഫലമായുണ്ടായ മാറ്റങ്ങള്‍ വിലയിരുത്തുന്ന നിരവധി പഠനങ്ങള്‍ ഉതിനകം ഉണ്ടായിട്ടുണ്ട്. സംവരണം ഏര്‍പ്പെടുത്തിയ ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ വിജയിച്ച നിരവധി സ്ത്രീകള്‍ തങ്ങള്‍ക്ക് സ്ഥാനാര്‍ത്ഥികളാകാന്‍ തീരെ താല്പര്യമുണ്ടായിരുന്നില്ലെന്ന് ഒരു ഗവേഷകയോട് പറയുകയുണ്ടായി. പാര്‍ട്ടി പറഞ്ഞതുകൊണ്ടാണ് നിന്നതെന്ന് ചിലര്‍ വ്യക്തമാക്കി. തന്നോട് സമ്മതം പോലും ചോദിക്കാതെയാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതെന്ന് ഒരാള്‍പറഞ്ഞു. സജീവരാഷ്ട്രീയത്തിലുള്ള അച്ഛന്‍ പറഞ്ഞതുകൊണ്ട് താന്‍ നിന്നു എന്നാണ് ഒരു യുവതി പറഞ്ഞത്.

പഞ്ചായത്തംഗങ്ങളായ പല സ്ത്രീകളും വീണ്ടും മത്സരിക്കാന്‍ താല്പര്യമില്ലെന്ന് പറഞ്ഞതായി 2002ല്‍ പുറത്തു വന്ന ഒരു ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പുരുഷമേധാവിത്വവുമായുള്ള ഇടപെടലുകളിലെ തിക്താനുഭങ്ങളാണ് അവരെ അങ്ങനെ പറയാന്‍ പ്രേരിപ്പിച്ചത്. തന്റേടത്തോടെ പ്രവര്‍ത്തിച്ച ചിലര്‍ തങ്ങള്‍ക്ക് അവഹേളനവും അപഖ്യാതിയും നേരിടേണ്ടി വന്നതായി വെളിപ്പെടുത്തി. കാലക്രമത്തില്‍ സ്ഥിതി അല്പം മെച്ചപ്പെട്ടതായും തങ്ങള്‍ പറയുന്നത് കേള്‍ക്കാനുള്ള സന്മനസ് പുരുഷന്മാര്‍ കാട്ടി തുടങ്ങിയതായും ചില സ്ത്രീകള്‍ പറഞ്ഞു.

ഒരു വനിതാ അംഗത്തിന് നല്‍കുന്ന സ്വാതന്ത്ര്യം കൂടുതല്‍ അധികാരങ്ങളുള്ള വനിതാ പഞ്ചായത്ത് പ്രസിഡന്റിന് നല്‍കാന്‍ ഒരു പാര്‍ട്ടിയും തയ്യാറില്ലെന്നതാണ് വാസ്തവം. സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ ശ്രമിച്ച പ്രസിഡന്റുമാര്‍ക്ക് കടിഞ്ഞാണിടാന്‍ ഏതറ്റം വരെ പോകാനും കക്ഷികള്‍ക്ക് മടിയില്ല. കാസര്‍കോട് ജില്ലയിലെ പുതിഗെയില്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ഫാത്തിമ സുഹ്രയുടെ വീട് സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ തീയിട്ട് നശിപ്പിച്ചതായി 1997ല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഈയിടെ തിരുവനന്തപുരം ജില്ലയിലെ അഞ്ചുതെങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന അലോഷി അലക്സിനെ സ്വന്തം പാര്‍ട്ടി അവിശ്വാസപ്രമേയത്തിലൂടെ നീക്കിയിട്ട് മറ്റൊരാളെ അവരോധിച്ചു. പാര്‍ട്ടിയുടെ പ്രാദേശിക നേതൃത്വത്തിന്റെ കല്പനകള്‍ നിരസിച്ചതിനാണ് ഇരുവരും ശിക്ഷിക്കപ്പെട്ടത്. അലോഷി അലക്സിനെ പ്രതിരോധിക്കാന്‍ സ്ഥലവാസികള്‍ ഒരു വിഫലശ്രമം നടത്തി. പഞ്ചായത്ത് ആപ്പീസ് ഉപരോധിച്ചുകൊണ്ട് അവര്‍ അവിശ്വാസപ്രമേയം ചര്‍ച്ച ചെയ്യാനുള്ള യോഗം തടഞ്ഞു. കൂട്ടം കൂടുന്നത് നിരോധിച്ചുകൊണ്ട് മജിസ്ട്രേട്ട് ഉത്തരവ് പുറപ്പെടുവിച്ച ശേഷം പഞ്ചായത്ത് രണ്ടാമതും യോഗം വിളിച്ചു. നിരോധനാജ്ഞ ലംഘിക്കുന്നില്ലെന്ന് ഉറപ്പ് വരുത്താന്‍ വലിയ പൊലീസ് സംഘവും നിയോഗിക്കെപ്പെട്ടു.

പുരുഷാധിപത്യം സ്ത്രീയുടെ പൊതുമണ്ഡലം പരിമിതപ്പെടുത്തുന്ന സാഹചര്യം സംസ്ഥാനത്ത് നിലനില്‍ക്കുന്നതായി 2006നും 2008നുമിടയ്ക്ക് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് സ്റ്റഡീസിലെ എസ്. ഇരുദയരാജനും ജെ. ദേവികയും വിലയിരുത്തുകയുണ്ടായി. അതേസമയം അവര്‍ ഭാവിയെക്കുറിച്ച് ശുഭപ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്തു. രാഷ്ട്രീയ കക്ഷികളിലെ അധികാരശൃംഖല ദുര്‍ബലമാകുന്നതോടെ സ്ത്രീകള്‍ക്ക് കൂടുതല്‍ അവസരം ലഭിക്കുമെന്ന വിശ്വാസമാണ് ശുഭപ്രതീക്ഷയുടെ അടിസ്ഥാനം. എന്നാല്‍ ഏറ്റവും കൂടുതല്‍ വനിതാ പഞ്ചായത്ത് പ്രസിഡന്റുമാരുള്ള കക്ഷിയില്‍ അധികാരശൃംഖല ദുര്‍ബലപ്പെടുന്നതിന്റെ ലക്ഷണമൊന്നും കാണാനില്ല. . പോളിറ്റ്ബ്യൂറോതലം വരെ ഉയര്‍ന്ന മുഖ്യമന്ത്രിയെ താഴ്ത്തിക്കെട്ടി കൂച്ചുവിലങ്ങിടാന്‍ കഴിവുള്ള കക്ഷിയാണത്. ഒരു പഞ്ചായത്ത് അധ്യക്ഷക്ക് എന്ത് പ്രവര്‍ത്തന സ്വാതന്ത്ര്യമാണ് അത് നല്‍കുക? അധികാരശൃംഖല ദുര്‍ബലപ്പെട്ടാല്‍ തന്നെയും അതിന്റെ പ്രയോജനം സ്ത്രീകള്‍ക്ക് ലഭിക്കുമെന്ന് കരുതാന്‍ ന്യായമില്ല. പൊതുമണ്ഡലത്തില്‍ സ്ത്രീയുടെ സ്ഥാനം പരിമിതപ്പെടുത്തുന്ന പ്രധാന ഘടകം പുരുഷാധിപത്യമാണ്. അതില്‍ അയവുണ്ടാകാത്തിടത്തോളം നില മെച്ചപ്പെടില്ല.

പാര്‍ട്ടികള്‍ക്ക് പോഷക സംഘടനകളില്‍ നിന്ന് കിട്ടിയ പല സ്ഥാനാര്‍ത്ഥികളും സര്‍ക്കാര്‍ ജോലിക്ക് അപേക്ഷ കൊടുത്തിട്ട് കാത്തിരിക്കുന്നവരായിരുന്നു. നിയമനം ലഭിച്ചപ്പോള്‍ അവര്‍ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനം ഉപേക്ഷിച്ച് സ്ഥിരതയുള്ള സര്‍ക്കാര്‍ ജോലി സ്വീകരിച്ചു. ഒരു സ്ത്രീ പഞ്ചായത്ത് അദ്ധ്യക്ഷ പദവി അതേ പഞ്ചായത്തിന്റെ കീഴില്‍ തൂപ്പുകാരിയായി ജോലി സ്വീകരിച്ചതായി ഏതാനും കൊല്ലം മുമ്പ് വാര്‍ത്തയുണ്ടായിരുന്നു. സ്ത്രീശാക്തീകരണം ലക്ഷ്യമിട്ടാണ് പഞ്ചായത്തുകളില്‍ വനിതാ സംവരണം ഏര്‍പ്പെടുത്തിയത്. ലക്ഷ്യം നിറവേറ്റുന്നതില്‍ വിജയിക്കുന്നെന്ന വിശ്വാസമാകണം പ്രാതിനിധ്യം 33ല്‍ നിന്ന് 50 ശതമാനമായി ഉയര്‍ത്താന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ പ്രേരിപ്പിച്ചത്. ശാക്തീകരണം നടക്കുന്നെങ്കില്‍ ഒരു സ്ത്രീ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഉപേക്ഷിച്ച് തൂപ്പുകാരിയാകുമോ? രാഷ്ട്രീയരംഗത്ത് പുരുഷാധിപത്യം തുടരുന്നിടത്തോളം സംവരണത്തിന് സ്ത്രീപ്രാതിനിധ്യം ഉറപ്പാക്കാനല്ലാതെ ശാക്തീകരണം ഉറപ്പാക്കാന്‍ കഴിയുകയില്ല. സംവരണത്തോത് ഉയര്‍ത്തുമ്പോള്‍ പ്രാതിനിധ്യം ഉയരും. പക്ഷെ അത് ശാക്തീകരണത്തിലേക്ക് നയിക്കുകയില്ല. പാര്‍ട്ടി അച്ചടക്ക സംവിധാനം ഉപയോഗിച്ചും സാമദാനഭേദദണ്ഡമുറകള്‍ പ്രയോഗിച്ചും തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങള്‍ വഹിക്കുന്ന സ്ത്രീകളെ പാര്‍ട്ടികള്‍ തുടര്‍ന്നും അടിമപ്പെടുത്തുമെന്ന കാര്യത്തില്‍ സംശയം വേണ്ട. സാമ്പ്രദായിക കക്ഷിരാഷ്ട്രീയ സംവിധാനങ്ങള്‍ക്കു പുറത്ത് സ്ത്രീകള്‍ക്ക് ശക്തി സംഭരിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ സ്ത്രീശാക്തീകരണം യാഥാര്‍ത്ഥ്യമാകൂ. പഞ്ചായത്തുകളിലെ ഉയര്‍ന്ന സ്ത്രീപ്രാതിനിധ്യം അതിനുള്ള അവസരം തുറക്കുന്നുണ്ട്. അത് പ്രയോജനപ്പെടുത്താന്‍ കക്ഷിരാഷ്ട്രീയത്തിന്റെ ഭാഗമല്ലാത്ത സ്ത്രീസംഘടനകള്‍ക്കാകുമൊ എന്നതാണ് പ്രശ്നം. (മാതൃഭൂമി ആഴ്ചപ്പതിപ്പ്, ജനുവരി 17, 2010)

Friday, January 22, 2010

പോൾ മുത്തൂറ്റ് വധക്കേസിൽ പൊലീസിന് സാക്ഷ്യപത്രം നൽകിയവർ എവിടെ?

പോൾ മുത്തൂറ്റ് വധക്കേസിന്റെ അന്വേഷണം പ്രാരംഭഘട്ടത്തിലായിരുന്നപ്പോൾ സി.പി.എം.സംസ്ഥാന സെക്രട്ടറിയും ആഭ്യന്തര മന്ത്രിയും അത് ശരിയായ ദിശയിലാണ് നീങ്ങുന്നതെന്ന് സാക്ഷ്യപ്പെടുത്തുകയുണ്ടായി. അന്വേഷണം സി.ബി.ഐ.ക്ക് കൈമാറണമെന്ന് ആവശ്യപ്പെടുന്ന ഒരു ഹർജി ഹൈക്കോടതിയുടെ മുന്നിലെത്തി. അന്വേഷണം പ്രാരംഭഘട്ടത്തിലിരിക്കുമ്പോൾ ഇടപെടുന്നത് ശരിയല്ലെന്ന് പറഞ്ഞുകൊണ്ട് കോടതി ഹർജി തള്ളി. അതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ശരിയായ രീതിയിലാണ് മുന്നോട്ടു പോകുന്നതെന്ന് കോടതിയും അംഗീകരിച്ചതായി നേതാക്കന്മാർ അവകാശപ്പെട്ടു. തുടർന്ന് സൈബർ കൂലിപ്പട്ടാളം ഈ ബ്ലോഗുൾപ്പെടെ പലയിടങ്ങളിലും കുന്തം കുലുക്കി പ്രകടനം നടത്തുകയുണ്ടായി.

ആ കേസിൽ പൊലീസ് നടത്തിയ അന്വേഷണത്തെക്കുറിച്ചുള്ള ഹൈക്കോടതിയുടെ സുചിന്തിതമായ അഭിപ്രായം ഇപ്പോൾ നമ്മുടെ മുന്നിലുണ്ട്. തുടക്കം മുതൽക്കെ പിഴവുകളുണ്ടായിരുന്നെന്നാണ് കോടതി നിരീക്ഷിച്ചിട്ടുള്ളത്. പോളിന്റെ അച്ഛൻ സമർപ്പിച്ച ഹർജിയിൽ തീർപ്പു കല്പിച്ച ഹൈക്കോടതി അന്വേഷണം സി.ബി.ഐക്ക് കൈമാറാൻ ഉത്തരവിട്ടു.

ഹൈക്കോടതിയുടെ തീരുമാനം എന്താവുമെന്ന് മുൻ‌കൂട്ടി മനസ്സിലാക്കിയ മന്ത്രി നല്ല കാലേക്കൂട്ടി പ്ലേറ്റ് മാറ്റി. ആരെക്കൊണ്ട് അന്വേഷിപ്പിക്കുന്നതിനോടും എതിർപ്പില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു. മന്ത്രിക്കൊപ്പം പൊലീസിന് സാക്ഷ്യപത്രം നൽകിയ പാർട്ടി സെക്രട്ടറിയുടെയും ബ്ലോഗുകളിൽ പൊരുതിയ കൂലിപ്പട്ടാളത്തിന്റെയും പ്രതികരണങ്ങൾ ഇനിയും ലഭ്യമായിട്ടില്ല.

Monday, January 18, 2010

മനുഷ്യാവകാശ അവബോധം കുറവായ കേരളം

ബി.ആർ.പി.ഭാസ്കർ

സമ്പൂർണ്ണ സാക്ഷരത, ഉയർന്ന സാമൂഹിക നിലവാരം, മികച്ച പൊതുപ്രവർത്തന പാരമ്പര്യം, ശക്തമായ രാഷ്ട്രീയ അവബോധം – ഇതെല്ലാമുള്ളിടത്ത് ഉയർന്ന മനുഷ്യാവകാശ അവബോധം പ്രതീക്ഷിക്കാവുന്നതാണ്. എന്നാൽ ഇതെല്ലാമുണ്ടായിട്ടും മനുഷ്യാവകാശ അവബോധം കുറവായ പ്രദേശമാണ് കേരളം. ഇത് തത്ത്വവും പ്രയോഗവും തമ്മിലുള്ള പൊരുത്തക്കേടിന്റെ പ്രശ്നം മാത്രമല്ല. അവകാശബോധവും അധികാരമോഹവും തമ്മിലുള്ള വൈരുദ്ധ്യവും ഇതിൽ അടങ്ങിയിരിക്കുന്നു.

അതിക്രൂരവും തികച്ചും വിവേചനപരവുമായ രീതിയിലാണ് കേരളത്തിൽ വർണ്ണ വ്യവസ്ഥ നടപ്പിലാക്കപ്പെട്ടത്. അത് പ്രയോഗപഥത്തിലെത്തിക്കുന്നതിൽ സഹകരിച്ച വിഭാഗത്തോടുപോലും ജാതിമേധാവിത്വം കരുണ കാട്ടിയില്ല. ആയുധധാരികളെന്ന നിലയിൽ ക്ഷത്രിയപദവിക്ക് അർഹരായിട്ടും അവരെ ശൂദ്രരായി നിലനിർത്തി. ക്ഷത്രിയൻ മാത്രമല്ല വൈശ്യനും വേണ്ടെന്നു ജാതിമേധാവിത്വം തീരുമാനിച്ചു. വ്യാപാര മേഖല അത് ഇതരമതസ്ഥർക്കു വിട്ടുകൊടുത്തു.

പത്തൊമ്പതാം നൂറ്റാണ്ടിൽ തുടങ്ങി കഴിഞ്ഞ നൂറ്റാണ്ടിന്റെ മദ്ധ്യം വരെ തുടർന്ന വിവിധ പരിപാടികളിലൂടെ ഫ്യൂഡൽ കാലത്ത് രൂപപ്പെട്ട പല കൊടിയ മനുഷ്യാവകാശ ധ്വംസനങ്ങളും ഇല്ലാതാക്കാൻ കേരളത്തിന് കഴിഞ്ഞു. സാമൂഹ്യതലത്തിൽ ആരംഭിച്ച് രാഷ്ട്രീയതലത്തിലേക്ക് വ്യാപിച്ച പരിഷ്കരണപ്രസ്ഥാനങ്ങളാണ് അത് സാധ്യമാക്കിയത്. എല്ലാ പ്രസ്ഥാനങ്ങളും വിമോചനപരമായ പ്രവർത്തനങ്ങളാണ് നടത്തിയതെങ്കിലും എല്ലാവരുടേയും താല്പര്യം ഒരേ തരത്തിലുള്ളവയായിരുന്നില്ല. പഴയ വ്യവസ്ഥ ദുരിതം സമ്മാനിച്ചതിന്റെ ഫലമായി സമൂഹികമായ അവശതകൾ അനുഭവിച്ചിരുന്നവരുടെ ആവശ്യം തുല്യതയും തുല്യാവസരങ്ങളും ആയിരുന്നു. അവ ഉറപ്പാക്കാനായി അവർ വിദ്യാഭ്യാസ സൌകര്യങ്ങൾ തേടി. വ്യവസ്ഥയുടെ ഗുണം അനുഭവിച്ചവരെ പരിഷ്കരണത്തിന്റെ പാതയിലെത്തിച്ചത് ആധുനിക വിദ്യാഭ്യാസത്തിലൂടെ രൂപപ്പെടുന്ന സമൂഹത്തിൽ നിലവിലുള്ള ഉയർന്ന സ്ഥാനം നഷ്ടപ്പെടുമെന്ന ഭയമായിരുന്നു. എങ്ങനെ മേൽക്കോയ്മ നിലനിർത്താമെന്നാണ് അവർ ആലോചിച്ചത്. ആ വിഭാഗങ്ങളിലെ യുവാക്കളാണ് സമൂഹ്യ നവീകരണ പരിപാടികളുമായി മുന്നോട്ടുവന്നത്. മുതിർന്ന തലമുറയ്ക്ക് അതിൽ വലിയ താല്പര്യമുണ്ടായിരുന്നില്ല. ഒരു ഘട്ടം കഴിഞ്ഞപ്പോൾ യുവാക്കൾ സാമൂഹ്യതലത്തിൽ നിന്ന് പിൻ‌വാങ്ങുകയും രാഷ്ട്രീയ മാറ്റത്തിനായുള്ള ശ്രമത്തിൽ പങ്കാളികളാവുകയും ചെയ്തു. അതൊടെ അവരുടെ ലക്ഷ്യം പുതിയ സാമൂഹ്യക്രമം എന്നതിനു പകരം രാഷ്ട്രീയാധികാരമായി. അങ്ങനെ “ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും സോദരത്വേനെ വാഴുന്ന മാതൃകാസ്ഥാനം“ എന്ന ഉദാത്തമായ നവോത്ഥാന സങ്കല്പം സഫലമാകാതെ പോയി.

ആധുനിക വിദ്യാഭ്യാസം ഇന്ത്യയൊട്ടുക്ക് ഒരു മദ്ധ്യവർഗ്ഗ സമൂഹത്തെ രൂപപ്പെടുത്തി. മദ്ധ്യവർഗ്ഗത്തിനു മേൽകൈയുള്ള സംസ്ഥാനമാണ് ഇന്നത്തെ കേരളം. മാർക്സ് തന്റെ ചുറ്റും കണ്ട തരത്തിലുള്ള മുതലാളിവർഗ്ഗവും തൊഴിലാളിവർഗ്ഗവും ഇവിടെ ഒരിക്കലും ഉണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ വിദേശപ്പണവുമായെത്തുന്നവരടങ്ങുന്ന ഒരു പുതിയ മുതലാളിവർഗ്ഗം ഉയർന്നു വരുന്നുണ്ട്. മലയാളികൾക്ക് താല്പര്യമില്ലാത്ത താണ ജോലികൾ ചെയ്യാൻ പുറത്തുനിന്നു വരുന്നവരടങ്ങുന്ന ഒരു പുതിയ തൊഴിലാളി വർഗ്ഗവും ഉയർന്നു വരുന്നുണ്ട്. മദ്ധ്യവർഗ്ഗത്തെ നയിക്കുന്നത് സ്വാർത്ഥതാല്പര്യമാണ്. അവർക്ക് ലഭിക്കുന്ന വിദ്യാഭ്യാസം സ്വാർത്ഥതയെ മറികടക്കാൻ അവരെ പ്രാപ്തരാക്കുന്നില്ല. സ്വന്തം കാര്യം നോക്കാനാണ് അത് അവരെ പഠിപ്പിക്കുന്നത്. ഈ സാഹചര്യത്തിൽ മനുഷ്യാവകാശ അവബോധം കുറവായതിൽ അത്ഭുതപ്പെടാനില്ല.

ആരെല്ലാമാണ് കേരളത്തിലെ മദ്ധ്യവർഗ്ഗത്തിലുള്ളത്? പഴയ വ്യവസ്ഥയിലെ മേലാളർ ഏതാണ്ട് പൂർണ്ണമായും അതിലുണ്ട്. അതേസമയം കീഴാളർ ഏതാണ്ട് പൂർണ്ണമായും അതിനു പുറത്താണ്. പട്ടികജാതികളിൽ നിന്ന് തീരെ ചെറിയ ശതമാനത്തിനും പട്ടിക വർഗ്ഗങ്ങളിൽ നിന്ന് അതിലും ചെറിയ ശതമാനത്തിനും മാത്രമാണ് വിദ്യാഭ്യാസവും ഉദ്യോഗങ്ങളും നേടിക്കൊണ്ട് മദ്ധ്യവർഗ്ഗനിരയിലെത്താനായിട്ടുള്ളത്. പിന്നോക്ക വിഭാഗങ്ങളെന്ന് വിവക്ഷിക്കപ്പെടുന്നവരിൽ നിന്ന് കുറേക്കൂടി കൂടുതൽ പേർക്ക് മദ്ധ്യവർഗ്ഗ കൂട്ടായ്മയിൽ പ്രവേശിക്കാൻ കഴിഞ്ഞിട്ടുണ്ട്. എന്നാൽ അവരിലെയും ഭൂരിഭാഗം അതിനു പുറത്താണ്. വീടില്ലാത്തവരുടെയും ഭൂമിയില്ലാത്തവരുടെയും ദാരിദ്ര്യരേഖക്കു താഴെ കഴിയുന്നവരുടെയും കണക്കുകൾ പരിശോധിച്ചാൽ ഒരു കാര്യം വ്യക്തമാകും. പഴയ വ്യവസ്ഥയിൽ ഇല്ലായ്മ അനുഭവിച്ചവരിലേറെയും പുതിയ വ്യവസ്ഥയിലും ഇല്ലായമ അനുഭവിക്കുന്നു. നാം ഏറെ അഭിമാനം കൊള്ളുന്ന സാമൂഹ്യ പുരോഗതിയുടെ പരിമിതമായ സ്വഭാവം ഇത് വ്യക്തമാക്കുന്നു. ‘വിപ്ലവകര‘മെന്ന് അധികാരി വർഗ്ഗം അവകാശപ്പെടുന്ന ഭൂപരിഷ്കരണത്തിന്റെ പരിധിയിൽനിന്ന് കർഷകത്തൊഴിലാളികൾ -- ഇവരിലേറെയും ദലിതർ ആയിരുന്നെവെന്ന് ഓർക്കുക -- പൂർണ്ണമായും ഒഴിവാക്കപ്പെട്ടതുകൊണ്ട് അതും സാമൂഹികമാറ്റം ആവശ്യപ്പെട്ടില്ല.

കേരളത്തിലെ ശോചനീയമായ മനുഷ്യാവകാശ നിലവാരത്തിന് മറ്റൊരു കാരണം കൂടിയുണ്ട്. അത് അവകാശ സംരക്ഷകരാകേണ്ട പ്രസ്ഥാനങ്ങൾ അധികാരത്തിന്റെ ഭാഗമായെന്നതാണ്. ഒരു ആധുനിക ജനാധിപത്യ വ്യവസ്ഥയിൽ മനുഷ്യാവകാശ പോരാട്ടത്തിന്റെ മുൻ‌നിരയിലുണ്ടാകേണ്ടവർാണ് പൊലീസുകാർ. കാരണം അവർ ജനങ്ങൾക്ക് സംരക്ഷണം നൽകാനായി ആയുധം പേറുന്നവരാണ്. എന്നാൽ പൊലീസ് സേനയുടെ ഫ്യൂഡൽ-കൊളോണിയൽ പാരമ്പര്യം അവരെ മനുഷ്യാവകാശ ധ്വംസനത്തിന്റെ മുൻ‌നിരക്കാരാക്കിയിരിക്കുന്നു. സംഘടിതശക്തിയിലൂടെയാണ് പല വിഭാഗങ്ങളും അവശതകളിൽ നിന്ന് മോചനം നേടിയിട്ടുള്ളത്. എല്ലാ സംഘടിത ശക്തികളും സ്ഥാപനവത്കരിക്കപ്പെട്ടു കഴിയുമ്പോൾ മറ്റ് വിഭാഗങ്ങളുടെ മനുഷ്യാവകാശങ്ങൾക്ക് ഭീഷണിയാകുന്നു. കേരളത്തിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും അവയുടെ നിയന്ത്രണത്തിലുള്ള വിദ്യാർത്ഥി, യുവജന, തൊഴിലാളി സംഘടനകളുടെയും പ്രവർത്തനങ്ങളിൽ ഇത്തരത്തിലുള്ള ഭാവമാറ്റം കാണാവുന്നതാണ്. എല്ലാറ്റിനേയും പാർട്ടി കൊടികൾക്കു കീഴിൽ കൊണ്ടുവരാനുള്ള ഒരു പ്രവണത നമ്മുടെ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കുണ്ട്. അതിന്റെ ഫലമായി പൊതുസമൂഹത്തിന്റെ ഭാഗമാകേണ്ട പല സംഘടനകളും രാഷ്ട്രീയ കക്ഷികളുടെ ഉപകരണങ്ങളായി തീർന്നിട്ടുണ്ട്. ഈ സാഹചര്യങ്ങൾ മാറാതെ സാമൂഹിക വളർച്ചയ്ക്കനുസരിച്ചുള്ള മനുഷ്യാവകാശ അവബോധം പ്രതീക്ഷിക്കാവുന്നതല്ല. (ഭരണചക്രം മാസിക, ജനുവരി 2010)

Thursday, January 14, 2010

സത്യനും സത്യജിത് റേയും പിന്നെ രാജ് കപൂറും



നടൻ സത്യന് ചലച്ചിത്ര പ്രതിഭ സത്യജിത് റേയെ പുച്ഛമായിരുന്നെന്ന് ധ്വനിപ്പിക്കുന്ന ഒരു ലേഖനം (“പരനിന്ദയും ആത്മാനുരാഗവും”) സമകാലിക മലയാളം വാരികയുടെ പുതിയ ലക്കത്തിൽ അതിന്റെ പത്രാധിപർ എസ്. ജയചന്ദ്രൻ നായർ എഴുതിയിട്ടുണ്ട്.

കേട്ടുകേൾവിയുടെ അടിസ്ഥാനത്തിലാണ് എഴുതുന്നതെന്ന് പത്രാധിപരുടെ വാക്കുകൾ തന്നെ വ്യക്തമാക്കുന്നു. അദ്ദേഹം എഴുതുന്നു: “പഥേർ പാഞ്ചലി കണ്ടതിനുശേഷം പ്രസിദ്ധ നടൻ സത്യൻ പറഞ്ഞുവത്രെ. ‘ഒരു മൂവി ക്യാമറയും ഇരുപത്തയ്യായിരം രൂപയുമുണ്ടെങ്കിൽ അവന്റെ തന്തപ്പടം എടുത്തു ഞാൻ കാണിച്ചുതരാം.’“

അതുകേട്ട കൌമുദി പത്രാധിപർ കെ. ബാലകൃഷ്ണൻ ഇങ്ങനെ പ്രതികരിച്ചത്രെ. “ഫ, എരപ്പേ അയാളുടെ (സത്യജിത് റേ) ചെരുപ്പിന്റെ വാറഴിക്കാനുള്ള യോഗ്യത നിനക്കുണ്ടോ?”

പത്രാധിപർ തുടരുന്നു: “ഈ കഥ സത്യമാവാനാണ് സാദ്ധ്യത. വിശേഷിച്ച് പ്രധാന കഥാപുരുഷൻ കെ. ബാലകൃഷ്ണനായതുകൊണ്ട്.”

ബാലകൃഷ്ണന്റേതായി കൊടുത്തിട്ടുള്ള വാക്കുകൾ അദ്ദേഹം പറഞ്ഞിട്ടുണ്ടാവാം. പക്ഷെ സത്യന്റേതായി കൊടുത്തിരിക്കുന്നവ അദ്ദേഹം ഉപയോഗിച്ചവയാണെന്ന് വിശ്വസിക്കാൻ എനിക്കാവില്ല. കാരണം എന്നോടും എന്റെ സുഹൃത്ത് ആന്റണി എം. തോമസിനോടുമൊപ്പമാണ് സത്യൻ ആ ചിത്രം കണ്ടത്. സത്യനിൽ അത് വലിയ മതിപ്പുളവാക്കി.

ഞാൻ അന്ന് ഹിന്ദു പത്രത്തിൽ സബ്‌എഡിറ്ററാണ്. ആന്റണി മദ്രാസ് കൃസ്റ്റ്യൻ കോളെജിൽ മലയാളം ട്യൂട്ടറും. (അദ്ദേഹം പിന്നീട് അമേരിക്കയിലേക്ക് കുടിയേറുകയും വാണിജ്യരംഗത്ത് വൻ വിജയം കൈവരിക്കുകയും ചെയ്തു.) പഥേർ പാഞ്ചലി കാണാൻ താംബരത്തെ കോളെജ് ക്യാമ്പസിൽ നിന്ന് നഗരത്തിലെത്തിയ ആന്റണി എന്നോട് ചോദിച്ചു: “നമുക്ക് സത്യനെ കൂടി കൂട്ടിയാലോ?”

ഞങ്ങൾ സ്വാമീസ് ലോഡ്ജിലെ സത്യന്റെ മുറിയിലെത്തിയപ്പോൾ അദ്ദേഹം അന്നത്തെ ഷൂട്ടിങ് കഴിഞ്ഞ് മടങ്ങിയെത്തിയിരുന്നു. സന്തോഷത്തോടെ അദ്ദേഹം ഞങ്ങളുടെ ക്ഷണം സ്വീകരിച്ചു.

കാൻ ഫെസ്റ്റിവൽ ജൂറിയുടെ പ്രശംസ നേടിയശേഷമാണ് പഥേർ പാഞ്ചലി മദിരാശിയിലെത്തിയത്. പക്ഷെ അത് കാണാൻ താല്പര്യമുള്ളവർ കുറവായിരുന്നു. ബാൽക്കണിയിൽ ഞങ്ങൾ മൂന്നു പേരെ കൂടാതെ മറ്റൊരു മൂവർ സംഘവും. അഞ്ചോ ആറോ പേർ താഴെയും അത്രതന്നെ.

സത്യൻ താല്പര്യത്തോടെ പടം കണ്ടു. ഇടയ്ക്ക് അഭിപ്രായപ്രകടനങ്ങൾ നടത്തുകയും ചെയ്തു. അഭിനേതാക്കൾ ക്യാമറയിലേക്ക് നോക്കുന്നില്ലെന്ന് അദ്ദേഹം ശ്രദ്ധിച്ചു. ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള നാടൻ നാടകരംഗം കണ്ടപ്പോൾ സത്യൻ പറഞ്ഞു: “ഇത് നമ്മുടെ സാധാരണ സിനിമ. തന്റെ സിനിമ വ്യത്യസ്തമാണെന്ന് മനസ്സിലാക്കിത്തരാനാണ് ഈ നാടകം ഉൾപ്പെടുത്തിയിരിക്കുന്നത്“

സിനിമ കഴിഞ്ഞ് ഇറങ്ങിയപ്പോൾ സത്യൻ ഞങ്ങളോടായി പറഞ്ഞു: “എന്തിനാണ് നിങ്ങൾ ഇത് കാണാൻ എന്നെ കൂട്ടിക്കൊണ്ടുവന്നതെന്ന് മനസ്സിലായി. ഇതാണ് സിനിമ എന്ന് എനിക്ക് മനസ്സിലാക്കിത്തരാൻ, അല്ലേ? പക്ഷെ ഞാൻ ക്യാമറയിൽ നോക്കിയില്ലെങ്കിൽ അങ്ങോട്ട് നോക്കെന്ന് ഡയറക്ടർ പറയും.”

പഥേർ പാഞ്ചലിയുടെ പിന്നാലെയാണ് രാജ് കപൂറിന്റെ ജാഗ്‌തെ രഹൊ വന്നത്. മദിരാശിയിലെ ഫിലിം ജേർണലിസ്റ്റ്സ് അസോസ്യേഷന് നേരത്തെ നൽകിയ വാഗ്ദാനം പാലിക്കാനായി രാജ് അതിന്റെ അഖിലേന്ത്യാ പ്രിമിയർ അവിടെ നടത്തി. പടത്തെക്കുറിച്ച് പത്രപ്രവർത്തകരുമായി സംസാരിക്കുമ്പോൾ താൻ പല ബോക്സ് ഓഫീസ് ഫോർമുലകളും ബോധപൂർവം തള്ളിക്കളഞ്ഞതായി അദ്ദേഹം പറഞ്ഞു.

പഥേർ പാഞ്ചലി കണ്ടോയെന്ന് ഞാൻ രാജ് കപൂറിനോട് ചോദിച്ചു. “സത്യജിത് റേ ഒരു ജീനിയസ്സാണ്. ഞാൻ എന്റെ ചിത്രത്തെ അദ്ദേഹത്തിന്റേതുമായി താരതമ്യപ്പെടുത്തില്ല” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

Wednesday, January 13, 2010

മാധ്യമങ്ങൾ ആയിരിക്കുന്നതും ആയിരിക്കേണ്ടതും

ബി.ആർ.പി.ഭാസ്കർ

ഇന്നത്തെ കേരളത്തിന്റെ നിർമ്മിതിയിൽ എഴുപതുകൾ നിർണ്ണായകമായ പങ്കാണ് വഹിച്ചത്. പക്ഷെ ചില രാഷ്ട്രീയ വക്താക്കൾ അവകാശപ്പെടുന്നതുപോലെ നമ്മുടെ സാമൂഹ്യ പുരോഗതിയുമായി അതിനു വലിയ ബന്ധമില്ല. വിദ്യാഭ്യാസ-ആരോഗ്യ രംഗങ്ങളിൽ കേരളം അതിനും മുമ്പെ മുന്നേറ്റം ആരംഭിച്ചിരുന്നെന്ന് സെൻസസ് റിപ്പോർട്ടുകൾ സാക്ഷ്യപ്പെടുത്തുന്നു. ദരിദ്ര കേരളം സമ്പന്ന സംസ്ഥാനമായി മാറാൻ തുടങ്ങിയതും എഴുപതുകളിലാണ്. ആ പ്രക്രിയയിൽ ഭരണകൂടത്തിനൊ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കൊ പ്രത്യക്ഷത്തിൽ പങ്കുണ്ടായിരുന്നില്ലെന്നത് മറ്റൊരു കാര്യം. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലുള്ള അവയുടെ പരാജയം പ്രവാസത്തിന് ആക്കം കൂട്ടുക വഴി പരോക്ഷമായി അതിനെ സഹായിച്ചെന്നു മാത്രം.

എഴുപതുകൾ കേരളത്തിന്റെ രാഷ്ട്രീയ ഭാവി നിർണ്ണയിച്ചു. അത് ആശയ സംഘട്ടനത്തിന്റെ കാലമായിരുന്നു. ഇടിമുഴക്കവുമായി വന്ന വസന്തം പരാജയപ്പെട്ടു. ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ കാലവും മാർഗ്ഗവും നിർണ്ണയിക്കുന്നതിൽ നക്സലൈറ്റ് പ്രസ്ഥാനത്തിന് പിഴവ് പറ്റിയെന്ന് കാണാം. പക്ഷെ തോറ്റവർ തെറ്റ് ചെയ്തവരും ജയിച്ചവർ ശരി ചെയ്തവരുമാകുന്നില്ല. യഥാർത്ഥത്തിൽ, അന്ന് ഞങ്ങൾ ചെയ്തതായിരുന്നു ശരിയെന്ന് സത്യസന്ധമായി പറയാൻ ആർക്കാണ് കഴിയുക? സ്വന്തം നിലനിൽ‌പ്പിനുവേണ്ടി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് ജനാധിപത്യത്തെ അപകടത്തിലാക്കിയ കോൺഗ്രസ്സിനോ? ആശയപരമായ ഭിന്നതകൾ അവഗണിച്ചു കൊണ്ട് എല്ലാ അസന്തുഷ്ട വിഭാഗങ്ങളെയും ഒന്നിപ്പിച്ച് രാജ്യത്ത് സമ്പൂർണ്ണ വിപ്ലഹം ഉണ്ടാക്കാമെന്ന് വ്യാമോഹിച്ച ജയപ്രകാശ് നാരായണനോ? അടിയന്തിരാവസ്ഥാ ഭരണകൂടത്തെ പിന്താങ്ങിയ സി.പി.ഐക്കോ? കോൺഗ്രസിനെ തോല്പിക്കാൻ വിവിധ വർഗ്ഗീയകക്ഷികളുമായി കൂട്ടുകൂടി അവയ്ക്ക് മാന്യത നേടിക്കൊടുക്കുകയും സംസ്ഥാനത്തും രാജ്യത്തും അവയെ വളരാൻ സഹായിക്കുകയും ചെയ്ത സി.പി.എമ്മിനോ? ഇന്ന് കേരളത്തിൽ പ്രകടമാകുന്ന എല്ലാ ജീർണ്ണതകളുടെയും അടിവേരുകൾ നീളുന്നത് അന്ന് ജയിച്ചവരുടെ മൂല്യനിരാസത്തിലേക്കാണ്. ഇപ്പോഴും അവശേഷിക്കുന്ന നന്മയുടെ തുരുത്തുകൾക്ക് നാം നന്ദി പറയേണ്ടത് മൂല്യങ്ങൾ ഉയർത്തിക്കാട്ടി തോറ്റവരോടാണ്.

മാധ്യമങ്ങളുടെ സമകാലികാവസ്ഥയെക്കുറിച്ചുള്ള അന്വേഷണം ആരംഭിക്കേണ്ടതും അതേ കാ‍ലഘട്ടത്തിൽ നിന്നു തന്നെ. ‘ഇൻഡ്യാസ് ന്യൂസ്‌പേപ്പർ റെവല്യൂഷൻ‘ എന്ന ഗവേഷണ ഗ്രന്ഥത്തിൽ --ഇത് മലയാളത്തിലും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്– റോബിൻ ജെഫ്രി മലയാള മനോരമയുടെ പുൽ‌പ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണത്തിന്റെയും തുടർന്നുള്ള സംഭവങ്ങളുടെയും റിപ്പോർട്ടിങ് മലയാള പത്രപ്രവർത്തനത്തിൽ പുതിയ ഘട്ടത്തിന്റെ തുടക്കം കുറിച്ചതായി പറയുന്നുണ്ട്. അതിൽ എല്ലാമുണ്ടായിരുന്നതായി ജെഫ്രി ചൂണ്ടിക്കാണിക്കുന്നു: കൊലപാതകം, ദുരൂഹത, പ്രാദേശിക ഉത്ഭവം, ദേശീയവും അന്താദ്ദേശീയവുമായ ബന്ധങ്ങൾ എല്ലാം. പോരെങ്കിൽ പെണ്ണും. കാൽ നൂറ്റാണ്ടിനുശേഷം ജെഫ്രി പഠനം നടത്തുമ്പോൾ മലബാറിൽ പത്രത്തിന്റെ വളർച്ചയ്ക്ക് സഹായിച്ച ഒരു വലിയ ഘടകം അതായിരുന്നുവെന്ന് മനോരമയുടെ പല തലങ്ങളിലുള്ള പ്രവർത്തകർ ഒരേ സ്വരത്തിൽ അദ്ദേഹത്തോട് പറഞ്ഞു. പത്രം വിൽക്കാൻ ഏതുതരം വാർത്തയാണ് വേണ്ടതെന്ന് അത് കാണിച്ചുതന്നെന്നാണ് ഒരു ലേഖകൻ പറഞ്ഞത്.

പുൽ‌പ്പള്ളി ആക്രമണം തുടർക്കഥയായി മനോരമയിൽ നിറഞ്ഞത് 1968 നവംബർ-ഡിസംബറിലാണ്. (എഴുപതുകൾ നേരത്തേ പിറന്നെന്നർത്ഥം.) പത്രം തികച്ചും യാദൃശ്ചികമായി വിജയപാത കണ്ടെത്തുകയായിരുന്നില്ല. സി.ഐ.എ.യുടെ പ്രചോദനത്തിൽ സ്ഥാപിതമായതെന്ന് നാഷനൽ ഹെറാൾഡ് പത്രാധിപർ എം. ചലപതി റാവു ഒരു മുഖപ്രസംഗത്തിൽ വിശേഷിപ്പിച്ച ഇന്റർനാഷനൽ പ്രസ് ഇൻസ്റ്റിറ്റ്യൂട്ട് (ഐ.പി.ഐ) മുൻ‌കൈയെടുത്ത് രൂപീകരിച്ച മനിലാ ആസ്ഥാനമായുള്ള പ്രസ് ഫൌണ്ടേഷൻ ഓഫ് ഏഷ്യയും ന്യൂ ഡൽഹി ആസ്ഥാനമായുള്ള പ്രസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡ്യയും പുതിയ പാശ്ചാത്യ ആശയങ്ങൾ നമ്മുടെ ഭൂഖണ്ഡത്തിൽ പ്രചരിപ്പിക്കാനായി 1960കളുടെ ആദ്യപാദത്തിൽ ശില്പശാലകൾ നടത്തുകയുണ്ടായി. പലിശീലനക്കളരികളിലേക്ക് ഐ.പി.ഐ. നിയോഗിച്ച വിദഗ്ദ്ധന്മാർ ജനപ്രിയ പത്രപ്രവർത്തനത്തിന്റെ (popular journalism) പ്രയോക്താക്കളായിരുന്നു. ഗുണമേന്മാ പത്രപ്രവർത്തനത്തിന്റെ (quality journalism) ഒരു വക്താവുപോലും അവരുടെ കൂട്ടത്തിലുണ്ടായിരുന്നില്ല. അവർ മുന്നോട്ടുവെച്ച പാശ്ചാത്യ ജനപ്രിയ മാതൃക ആദ്യം നെഞ്ചിലേറ്റിയ ഇന്ത്യൻ പത്രങ്ങളിലൊന്ന് മനോരമയായിരുന്നു. അത് വിജയം കണ്ടപ്പോൾ അതിന്റെ പിമ്പെ ഗമിച്ചു മലയാള മാധ്യമരംഗത്തെ ബഹുഗോക്കളെല്ലാം.

രണ്ടുമൂന്ന് നൂറ്റാണ്ടുകാലത്തെ പ്രവർത്തനത്തിനിടയിൽ ലോക പത്രരംഗത്ത് ചില തൊഴിൽ മൂല്യങ്ങൾ അംഗീകാരം നേടിയിരുന്നു. അതിലൊന്ന് വസ്തുതകളെ മാനിക്കാൻ പത്രങ്ങളും പത്രപ്രവർത്തകരും ബാധ്യസ്ഥരാണെന്നും അവയെ അഭിപ്രായവുമായി കൂട്ടിക്കുഴയ്ക്കാൻ പാടില്ലെന്നതുമാണ്. ദ് മാഞ്ചെസ്റ്റർ ഗാർഡിയൻ പത്രാധിപരായിരുന്ന സി.പി. സ്‌കോട്ട് ഈ ആശയത്തെ ഇങ്ങനെ അവതരിപ്പിച്ചു: ‘Facts are sacred; comment is free’ (വസ്തുതകൾ പാവനമാണ്; അഭിപ്രായം സ്വതന്ത്രവും). മറ്റൊന്ന് സങ്കുചിത താല്പര്യങ്ങൾക്കതീതമായുയരാനും സമൂഹത്തിന്റെ ഉത്തമ താല്പര്യങ്ങൾ മുൻ‌നിർത്തി പ്രവർത്തിക്കാനുമുള്ള ചുമതല പത്രങ്ങൾക്കും പത്രപ്രവർത്തകർക്കും ഉണ്ടെന്നതാണ്. വാണിജ്യതാല്പര്യങ്ങൾ പത്രരംഗത്ത് മേൽകൈ നേടിയതോടെ ഈ തത്വങ്ങൾ ബലികഴിക്കപ്പെട്ടു. പത്രങ്ങൾ പ്രബോധനത്തിന്റെ രീതി ഉപേക്ഷിച്ച് പ്രകമ്പനം കൊള്ളിക്കുന്ന ശൈലി സ്വീകരിച്ചു. വിവരത്തിനു മേൽ വിനോദം സ്ഥാനം പിടിച്ചു.

ദൃശ്യമാധ്യമങ്ങളുടെ വരവ് കച്ചവട താല്പര്യങ്ങൾക്ക് കൂടുതൽ ശക്തി പകർന്നു. കെടുകാര്യസ്ഥത പാപ്പരാക്കിയ കേരള സർക്കാരും ഇപ്പോൾ അവരുമായി പങ്ക് ചേർന്നിരിക്കുന്നു. പരമ്പരാഗത വ്യവസായങ്ങളെ സഹായിക്കാനെന്ന വ്യാജേന അവർ സ്വർണ്ണവ്യാപാരികളും സൂപ്പർ മാർക്കറ്റുകളുമായി ചേർന്ന്. ആഡംബര വസ്തുക്കളുടെ ഉപഭോഗം വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ്. വായനക്കാരെയും പ്രേക്ഷകരെയും ആകർഷിക്കാനായി വാണിജ്യസ്ഥാപനങ്ങളുടെ ചെലവിൽ മാധ്യമങ്ങൾ പരിപാടികൾ നടത്തുന്നു. റീയാലിറ്റി ഷോകൾ സ്‌പോൺസർ ചെയ്യാൻ മൊബൈൽ കമ്പനികൾ മത്സരിക്കുകയാണ്. ഷോകളിൽ പങ്കെടുക്കുന്നവരുടെ അഭ്യുദയകാംക്ഷികൾ അയക്കുന്ന എസ്.എം.എസുകൾക്ക് ഈ കമ്പനികൾ ഈടാക്കുന്നത് അവർ നൽകുന്ന സേവനവുമായി ഒരു ബന്ധവുമില്ലാത്ത നിരക്കാണ്. അത് ചെയ്യുന്നത് സുതാര്യമായല്ല താനും. വിദഗ്ദ്ധ ജഡ്ജിമാർ പ്രകടനം വിലയിരുത്തി നിശ്ചയിക്കുന്ന റാങ്ക് തകിടം മറിച്ചു കൊണ്ട് നന്നായി പാടാൻ കഴിഞ്ഞില്ലെന്ന് തുറന്നു സമ്മതിക്കുന്നയാളെ മുന്നിലെത്തിച്ച് ഈ സന്ദേശങ്ങൾ റീയാലിറ്റിയെ വികലമാക്കുന്നത് ‘നമുക്കും കിട്ടണം പണം’ എന്ന ഏക ഇന പരിപാടിയുമായി മുന്നോട്ടുപോകുന്ന ചാനലിനെയൊ മൊബൈൽ കമ്പനിയെയൊ അലോസരപ്പെടുത്തുന്നില്ല. ജഡ്ജിമാർ ധരിക്കുന്ന വസ്ത്രങ്ങൾ ഏത് തുണിക്കടകൾ നൽകിയതാണെന്ന് ചാനൽ വിളിച്ചുപറയുന്നു. ഇതെല്ലാം മാധ്യമങ്ങൾ വാണിജ്യ താല്പര്യങ്ങളുടെ കൂട്ടിക്കൊടുപ്പുകാരുടെ തലത്തിലേക്ക് താഴുന്നതിന്റെ സൂചനകളാണ്.

കേരളവിപണിയിൽ ഉപഭോക്താക്കളെ കാത്തിരിക്കുന്നത് ആഭരണക്കടകളും കാർ നിർമ്മാതാക്കളും മാത്രമല്ല. മാധ്യമങ്ങളും രാഷ്ട്രീയ കക്ഷികളും അമ്പലങ്ങളും ആൾദൈവങ്ങളുമൊക്കെ അവിടെ വലയും വിരിച്ച് ഇരിക്കുകയാണ്. അവർ ഒന്നിച്ചും ഭിന്നിച്ചും ഉപഭോക്താക്കൾക്കായി മത്സരിക്കുന്നു. അവിടെ തൽക്കാലികാവശ്യങ്ങൾ മുൻ‌നിർത്തിയുള്ള സഖ്യങ്ങളും ശത്രുതകളും കാലാകാലങ്ങളിൽ രൂപപ്പെടുന്നു. സി.പി.എം. സംസ്ഥാന സെക്രട്ടറിയുടെ അപ്രീതിക്ക് പാത്രമായ മാതൃഭൂമി പത്രാധിപരുടെ വേർപാട് കരാർ കാലാവധി അവസാനിച്ചതുകൊണ്ടു മാത്രം സംഭവിച്ചതാണോ? പത്രാധിപർ പോയിട്ടും പത്രത്തിന്റെ സമീപനം മാറിയില്ലെന്ന സെക്രട്ടറിയുടെ പരിഭവം പറച്ചിലും പത്രം ഇടതു മുന്നണിയിലെ ഘടകകക്ഷിയല്ലെന്ന മാനേജിങ് ഡയറക്ടറുടെ പ്രസ്താവവും അല്ലെന്ന സൂചനയാണ് നൽകുന്നത്.

പിണക്കങ്ങൾക്കിടയിലും കേരളത്തിൽ ഇടതെന്നും വലതെന്നും വിവക്ഷിക്കപ്പെടുന്ന ചേരികൾ ഒന്നിക്കുന്ന ഒരു അധികാര മണ്ഡലമുണ്ട്. രാഷ്ട്രീയ കക്ഷികളോടും ഉദ്യോഗസ്ഥ വൃന്ദത്തോടുമൊപ്പം അവിടെ മാധ്യമങ്ങളുമുണ്ട്. വ്യവസ്ഥയുടെ സൂക്ഷിപ്പുകാരെന്ന നിലയിലുള്ള പൊതുവായ താല്പര്യമാണ് രാഷ്ട്രീയ മാധ്യമ സിണ്ടിക്കേറ്റുകളുടെ ഒന്നിപ്പിക്കുന്നത്. ഈ ഒന്നിക്കൽ ആദ്യം പ്രകടമായതും എഴുപതുകളിലാണ്. സൈലന്റ് വാലി പദ്ധതിക്കെതിരെ അവർ അന്ന് ഒറ്റക്കെട്ടായി. ഏറ്റവും ഒടുവിൽ അത് പ്രകടമായത് വ്യവസ്ഥയെ ചോദ്യം ചെയ്യാനുള്ള ധൈര്യം കാട്ടിയ ഒരു ദലിത് സംഘടനക്ക് തീവ്രവാദി പട്ടം നൽകുന്നിടത്താണ്. വർക്കലയിൽ നിന്നുള്ള ഒരേ വാചകങ്ങളിലുള്ള റിപ്പോർട്ടുകൾ സിണ്ടിക്കേറ്റ് പ്രവർത്തനത്തിന് തെളിവാണ്. പക്ഷെ പാർട്ടി സെക്രട്ടറിയെ അത് ക്ഷുഭിതനാക്കുന്നില്ല. കാരണം ഈ സിണ്ടിക്കേറ്റ് പ്രവർത്തനം പാർട്ടി പങ്കുവെക്കുന്ന താല്പര്യങ്ങൾക്കനുസൃതമാണ്. മുഖ്യധാരാ രാഷ്ട്രീയ താല്പര്യങ്ങൾ വ്യത്യസ്തമാകുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങളാണ് തീവ്രവാദ പ്രവർത്തനത്തിന്റെ പേരിൽ കേരളത്തിൽ ഇപ്പോൾ നടക്കുന്ന കോലാഹലങ്ങളിൽ കാണാനാവുന്നത്. മലിനീകൃത രാഷ്ട്രീയവും മലിനീകൃത മാധ്യമപ്രവർത്തനവും ഒത്തുചേരുമ്പോൾ തീർത്തും ദുസ്സഹമായ അവസ്ഥ സംജാതമാകുന്നു.

കഴിഞ്ഞ മാസത്തെ ഒരു വലിയ തലക്കെട്ട് കാണുക. “അന്വേഷണം കോയമ്പത്തൂർ ജയിലിലേക്ക്. ബസ് കത്തിക്കലിനു ശേഷം മ‌അദനിയെ സൂഫിയ വിളിച്ചെന്ന് സൂചന”. ഭാര്യ ഭർത്താവുമായി സംസാരിച്ചത്രെ. ഭർത്താവ് ജയിലിലാണ്. അദ്ദേഹത്തെ മോചിപ്പിക്കണെമെന്ന് ആവശ്യപ്പെട്ട് ചിലർ ബസ് കത്തിക്കപ്പെടുന്നു. ആ വിവരം അറിയുന്ന ഭാര്യ, ഭർത്താവുമായി ഫോണിൽ ബന്ധപ്പെടാനുള്ള അവസരമുണ്ടെങ്കിൽ അക്കാര്യം വിളിച്ചു പറയുമെന്ന് സ്വാഭാവികമായും കരുതാം. അത് ഭർത്താവൊ ഭാര്യയൊ ബസ് കത്തിക്കലിൽ പങ്കാളിയായതിന് തെളിവാകുമൊ? ഈ തലക്കെട്ട് വായിച്ചപ്പോൾ അമ്പതില്പരം വർഷങ്ങൾക്കുമുമ്പ് ചെന്നൈയിൽ നടന്ന പ്രമാദമായ ഒരു കൊലക്കേസ് ഓർമ്മയിൽ വന്നു. ആളവന്താർ എന്നൊരാൽ കൊല്ലപ്പെട്ടു. മലയാളി ദമ്പതികളായിരുന്നു കേസിലെ പ്രതികൾ. അവർ വിവാഹിതരാകുന്നതിനു മുമ്പ് കൊല്ലപ്പെട്ടയാൾക്ക് സ്ത്രീയുമായി ബന്ധമുണ്ടായിരുന്നെന്നും വിവാഹത്തിനു ശേഷം അയാൾ വീണ്ടും ബന്ധം സ്ഥാപിക്കാൻ ശ്രമിച്ചതിൽ ക്ഷുഭിതനായ ഭർത്താവ് ഭാര്യയെ അയച്ച് അയാളെ വീട്ടിൽ വിളിച്ചു വരുത്തി കൊലപ്പെടുത്തിയെന്നായിരുന്നു പൊലീസ് ആരോപിച്ചത്. കൊലപാതകം ആസൂത്രിതമായിരുന്നെന്ന് തെളിയിക്കാൻ സാക്ഷികളിലൂടെ പ്രോസിക്യൂഷൻ രണ്ട് വസ്തുതകൾ സ്ഥാപിച്ചു. കൊലപാതകം നടന്ന ദിവസം സ്ത്രീ ആളവന്താറുടെ കടയിൽ ചെന്ന് അയാളുമായി സംസാരിച്ചിരുന്നു. അവൾ പോയതിന്റെ പിന്നാലെ അയാൾ കടയിൽ നിന്നിറങ്ങി. കൊല ചെയ്യാൻ ഉപയോഗിച്ചത് അയൽ‌വാസിയുടെ വലിയ കത്തിയായിരുന്നു. തലേ ദിവസം ഭർത്താവ് തന്നിൽ നിന്ന് കത്തി കടം വാങ്ങിയതായി അയൽക്കാരൻ പറഞ്ഞു. മുൻ‌വിധിയോടെ വസ്തുതകളെ സമീപിക്കുന്ന ഒരു കേൾവിക്കാരനൊ ജഡ്ജിക്കു തന്നെയൊ പ്രതികൾ കുറ്റക്കാരാണെന്ന നിഗമനത്തിലെത്താൻ ഇത്രയും മതിയാകും. എന്നാൽ എ.എസ്.പി.അയ്യർ എന്ന പ്രഗത്ഭനായ ജഡ്ജിക്ക് അത് ബോധ്യമായില്ല. സ്ത്രീ ആളവന്താരുമായി സംസാരിക്കുന്നത് കണ്ട സാക്ഷികൾ അവരുടെ സംഭാഷണം കേട്ടിരുന്നില്ല. അതായത് സംസാരിച്ചു എന്നതിനല്ലാതെ അവൾ അയാളെ വീട്ടിലേക്ക് ക്ഷണിച്ചു എന്നതിന് തെളിവില്ല. അതിനു മുമ്പും ദമ്പതികൾ കത്തി കടം വാങ്ങിയിരുന്നതായി അയൽക്കാരന്റെ മൊഴിയിലുണ്ടായിരുന്നു. ആ നിലയ്ക്ക് കത്തി വാങ്ങിയത് കൊല നടത്താനാണെന്ന നിഗമനത്തിലെത്താൻ മതിയായ തെളിവില്ല. മുൻ‌കൂട്ടി തിരുമാനിച്ച കൊലപാതകം എന്ന പ്രോസിക്യൂഷൻ വാദം തള്ളിക്കൊണ്ട് ജഡ്ജി ഭർത്താവിന് ‘കൊലപാതകമല്ലാത്ത നരഹത്യ’ എന്ന കുറഞ്ഞ കുറ്റത്തിന് ശിക്ഷിച്ചു.

പത്രം വിൽക്കാൻ വേണ്ടതെന്താണെന്ന, എഴുപതുകളിൽ പഠിച്ച പാഠം പത്രാധിപരെ ഇപ്പോഴും നയിക്കുന്നു. വോട്ട് കിട്ടാൻ വേണ്ടതെന്താണെന്ന, എഴുപതുകളിൽ പഠിച്ച പാഠം രാഷ്ട്രീയ നേതാക്കളെ ഇപ്പോഴും നയിക്കുന്നു. രാഷ്ട്രീയ രംഗവും മാധ്യമംഗം ആകെ മലിനമായിരിക്കുന്നെന്ന ധാരണ വേണ്ട. രണ്ടിടത്തും നന്മയുടെ തുരുത്തുകൾ നിലനിൽക്കുന്നുണ്ട്. കേരളത്തിലെ മാധ്യമരംഗത്ത് അവശേഷിക്കുന്ന നന്മയിലും എഴുപതുകളുടെ സംഭാവനയുണ്ട്. മൂല്യനിരാസത്തിന്റെ ആ കാലത്ത് മൂല്യങ്ങൾ മുറുകെപ്പിടിച്ചിരുന്നവരുടെ സ്വാധീനം അതിൽ കാണാം.

മാധ്യമപ്രവർത്തനം ഒരു ശ്രേഷ്ഠമായ തൊഴിൽ മേഖലയാണെന്ന തിരിച്ചറിവ് അതിന്റെ എല്ലാ തലങ്ങളിലുള്ളവർക്ക്, പ്രത്യേകിച്ചും നേതൃതലത്തിലുള്ളവർക്ക്, അടിയന്തിരമായി ഉണ്ടാകേണ്ടിയിരിക്കുന്നു. നല്ല പരിശീലനത്തിലൂടെയാണ് നല്ല പത്രപ്രവർത്തകർ ഉണ്ടാകുന്നത്. ഒരു കാലത്ത് നല്ല പത്രാധിപന്മാരുടെ കീഴിൽ പ്രവർത്തിച്ചുകൊണ്ടാണ് യുവപത്രപ്രവർത്തകർ നല്ല പരിശീലനം നേടിയിരുന്നത്. മാധ്യമങ്ങളുടെ വളർച്ച പത്രപ്രവർത്തന പരിശീലനത്തിന്റെ രീതികളിൽ മാറ്റങ്ങൾ അനിവാര്യമാക്കി. ജെഫ്രി രേഖപ്പെടുത്തിയതിനേക്കാൾ വലിയൊരു വിപ്ലവമാണ് കേരളത്തിലെയും ഇന്ത്യയിലെയും മാധ്യമലോകത്ത് പിന്നീടുണ്ടായത്. കഴിഞ്ഞ രണ്ടു മൂന്ന് പതിറ്റാണ്ടു കാലത്ത് നിരവധി പുതിയ പത്രങ്ങളും ചാനലുകളും രംഗപ്രവേശം ചെയ്തു. മാധ്യമങ്ങളുടെ വളർച്ചക്കൊത്ത് പരിശീലന സംവിധാനങ്ങൾ വളർന്നില്ല. മാധ്യമങ്ങളുടെ സമീപനങ്ങളിലുണ്ടായ ഗുണപരമല്ലാത്ത വ്യതിയാനവും അവയുടെ സുഗമമായ നടത്തിപ്പിനാവശ്യമായത്ര മാധ്യമപ്രവർത്തകരുടെ അഭാവവും ചേർന്ന് അതീവ ഗുരുതരമായ അവസ്ഥ സൃഷ്ടിച്ചിരിക്കുന്നു.

മാധ്യമങ്ങൾ സമൂഹത്തിന്റെ ഭാഗമാണ്. മാധ്യമപ്രവർത്തകർ ഈ സമൂഹത്തിൽ നിന്ന് വരുന്നവരും. സ്വാഭാവികമായും സമൂഹത്തിലെ നല്ലതും ചീത്തയുമായ പ്രവണതകൾ മാധ്യമങ്ങളിൽ പ്രതിഫലിക്കും. ചുരുക്കത്തിൽ മാധ്യമപ്രവർത്തകരെ മാത്രം ദുർഗ്ഗുണ പരിഹാര പാഠശാലയിൽ അയച്ചുകൊണ്ട് തീർക്കാവുന്ന പ്രശ്നമല്ല നാം നേരിടുന്നത്. മൂല്യങ്ങൾ തിരിച്ചു പിടിക്കാനുള്ള ശ്രമം ജീർണ്ണത പടർന്നുകൊണ്ടിരിക്കുന്ന എല്ലാ മേഖലകളിലും ഉണ്ടാകേണ്ടിയിരിക്കുന്നു. വിജയികളുടെ മനസ്സിൽ -- കൃത്യമായി പറഞ്ഞാൽ, വിജയിച്ചുകൊണ്ടിരിക്കുന്നെന്ന് വിശ്വസിക്കുന്നവരുടെ മനസ്സിൽ -– മാറ്റം ആവശ്യമാണെന്ന ചിന്ത ഉദിക്കാനിടയില്ല. അവരെ മാറാൻ നിർബന്ധിക്കാനുള്ള കഴിവ് സമൂഹത്തിനുണ്ടാവണം. തങ്ങളെ അവഗണിച്ചുകൊണ്ട് ഏറെ മുന്നോട്ടു പോകാൻ രാഷ്ട്രീയപ്രസ്ഥാനങ്ങൾക്കും മാധ്യമസ്ഥാപനങ്ങൾക്കും കഴിയില്ലെന്ന വസ്തുത പൊതുജനങ്ങൾ തിരിച്ചറിയുമ്പോഴെ ഗുണപരമായ മാറ്റങ്ങൾ പ്രതീക്ഷിക്കാനാവൂ.--മാധ്റ്യമം ആഴ്ചപ്പതിപ്പ്, ജനുവരി 18, 2010