Sunday, November 8, 2009

ഇരകളുടെ ലോകം

പ്രതിപക്ഷ നേതാവ് ഉമ്മൻ ചാണ്ടിയെ സംബന്ധിക്കുന്ന നർമ്മ കഥകൾ അടങ്ങുന്ന ഒരു പുസ്തകം കഴിഞ്ഞ ദിവസം കേന്ദ്ര സഹമന്ത്രി ശശി തരൂർ പ്രകാശനം ചെയ്യുകയുണ്ടായി. “കുഞ്ഞൂഞ്ഞ് കഥകൾ: അല്പം കാര്യങ്ങളും” എന്ന ആ പുസ്തകം രചിച്ചത് അദ്ദേഹത്തിന്റെ പ്രസ് സെക്രട്ടറിയായി പ്രവർത്തിക്കുന്ന പബ്ലിക് റിലേഷൻസ് വകുപ്പ് ഉദ്യോഗസ്ഥൻ പി.റ്റി. ചാക്കോ ആണ്. അതേ ചടങ്ങിൽ വെച്ച് ചാക്കോയുടെ “ഇരകളുടെ ലോകം” എന്ന പുസ്തകം ഞാൻ പ്രകാശനം ചെയ്തു. ദീപിക പത്രത്തിൽ പ്രവർത്തിക്കുന്ന കാലത്ത് എഴുതിയ അന്വേഷണാത്മക പരമ്പരകളുടെ സമാഹാരമാണ് അത്. ചാക്കോക്ക് പത്തിൽപരം പുരസ്കാരങ്ങൾ നേടിക്കൊടുത്ത, വ്യത്യസ്ത വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അഞ്ചു പരമ്പരകൾ അതിലുണ്ട്.

“ഹൃദയത്തിൽ പട്ടട എരിയുന്നവർ” എന്ന പരമ്പരയിൽ കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ ദുരിതം അനുഭവിക്കുന്നവരുടെ ജീവിതത്തിലേക്ക് ചാക്കോ വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നു. ഇരകളിൽ കമ്മ്യൂണിസ്റ്റുകാരുണ്ട്, കോൺഗ്രസ്സുകാരുണ്ട്, ആറെസ്സെസ്സുകാരുണ്ട്. രാഷ്ട്രീയ ലേബലുകൾക്കപ്പുറം അവരുടെ ദുരന്തത്തെ ഒരു മാനുഷികപ്രശ്നമെന്ന നിലയിൽ ചാക്കോ സമീപിക്കുന്നു. അപൂർവമായി ഒരു നേതാവിന്റെ മേൽ വാൾ പതിക്കുകയൊ ബുള്ളറ്റ് തുളച്ചുകയറുകയൊ ചെയ്യാറുണ്ടെങ്കിലും പൊതുവിൽ കണ്ണൂരിലെ അക്രമത്തിന്റെ ഇരകൾ പാവപ്പെട്ട മനുഷ്യരാണ്. പലരും കൂലിപ്പണിക്കാർ.

ലോക്കപ്പുകളിൽ അവസാനിച്ച ജീവിതങ്ങളുടെ കഥയാണ് ചാക്കോ “മൂന്നാം മുറയിൽ ചിതറിയവർ” എന്ന പരമ്പരയിൽ പറയുന്നത്. കുറ്റവാളികളായ പൊലീസുകാരെ നിയമത്തിനു മുമ്പിലെത്തിച്ച് ശിക്ഷ വാങ്ങിക്കൊടുത്ത ഡി.വൈ.എസ്.പി. രാജശേഖര കാരണവരുടെ ദുർമരണവും പരാമർശിക്കപ്പെടുന്നുണ്ട്.

കോവളത്തെ വിദേശ വിവാഹങ്ങളാണ് ചാക്കോ അന്വേഷണവിധേയമാക്കുന്ന മറ്റൊരു വിഷയം. ലോട്ടറി പോലെ ചിലർ അതിലൂടെ രക്ഷപ്പെട്ടപ്പോൾ ബഹുഭൂരിപക്ഷം പെണ്ണുങ്ങളും ജീവിതം തുലച്ചതായി ലേഖകൻ കണ്ടെത്തുന്നു.

“കരിമണലിലെ കറുത്ത പണം” എന്ന പരമ്പരയിൽ ചാക്കോ പൊതുസ്വത്ത് കൈക്കലാക്കാൻ സ്വകാര്യ സംരംഭകർ നടത്തുന്ന ശ്രമങ്ങൾ തുറന്നുകാട്ടുന്നു. അധികമൊന്നും അറിയപ്പെടാത്ത മൊണാസൈറ്റിന്റെ ചരിത്രവും അതിൽ അനാവരണം ചെയ്യപ്പെടുന്നു.

പുതിയ ആഗോള സാമ്പത്തിക വ്യവസ്ഥ സംബന്ധിച്ച ചർച്ചകൾ നടക്കുന്ന കാലത്ത് സംസ്ഥാനത്ത് നിലനിന്നിരുന്ന ആശങ്കകൾ പ്രതിഫലിക്കുന്ന പരമ്പരയാണ് “ആഗോളവത്കരണവും കാർഷിക കേരളവും”. ആഗോളവത്കരണം റബർ കർഷകരെ പ്രതികൂലമായി ബാധിക്കുമെന്ന ഭയം അന്ന് നിലനിന്നിരുന്നു. എന്നാൽ ആസിയാൻ കരാർ കേരളത്തിൽ പുതിയ ആശങ്കകൾ ഉയർത്തുമ്പോൾ, റബർ കർഷകരെ മാത്രമാണ് വിദേശ വെല്ലുവിളി നേരിടാൻ പ്രാപ്തിയുള്ളവരായി നമുക്ക് കാണാൻ കഴിയുന്നത്.

പ്രഭാത് ബുക് ഹൌസ് ആണ് “ഇരകളുടെ ലോകം” പ്രസിദ്ധീകരിച്ചിട്ടുള്ളത്. വില 115 രൂപ.

2 comments:

ഹന്‍ല്ലലത്ത് Hanllalath said...

നന്ദി..ഈ പരിചയപ്പെടുത്തലിന്.

Pongummoodan said...

വാങ്ങുകയും വായിക്കുകയും ചെയ്യുന്നുണ്ട്. പരിചയപ്പെടുത്തിയതില്‍ സന്തോഷം. നന്ദി സാര്‍.