Thursday, November 5, 2009

മാറുന്ന കേരളത്തിൽ മാറാതെ നിൽക്കുന്ന ഒരിടം

അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഒരു പ്രദേശമാണ് കേരളം. കഴിഞ്ഞ നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ ഇതൊരു ദരിദ്രസംസ്ഥാനമായിരുന്നു. പുറത്തുനിന്ന് വലിയ തോതിൽ പണം ഒഴുകിയെത്തി തുടങ്ങിയതോടെ കേരളം ദാരിദ്ര്യത്തിൽ നിന്ന് കരകയറാൻ തുടങ്ങി. ഇപ്പോൾ ഇതൊരു സമ്പന്നസംസ്ഥാനമാണ്. പുറത്തുനിന്നുള്ള പണം പല ചാലുകളിലൂടെ ഒഴുകുന്നു. ആ ചാലുകളുടെ ഇരുവശത്തുമുള്ളവർക്ക് അതിന്റെ ഗുണം ഏറിയൊ കുറഞ്ഞൊ ലഭിക്കുന്നു. തീരദേശത്തുകൂടി യാത്രചെയ്യുമ്പോൾ സംസ്ഥാനത്തിന്റെ തെക്കേ അറ്റം മുതൽ വടക്കേ അറ്റം വരെ വലിയ തോതിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതായി കാണാം. ഗ്രാമങ്ങൾ നഗരങ്ങളായി മാറുന്നു. നഗരങ്ങൾ വൻ‌നഗരങ്ങളായി മാറുന്നു. ഗ്രാമനഗരത്തുടർച്ചയായിരുന്ന തീരപ്രദേശം നഗരത്തുടർച്ചയായി മാറുന്നു. എല്ലായിടത്തും മുൻപ് കണ്ടതിൽ നിന്ന് വ്യത്യസ്തമായ കാഴ്ചകൾ നമ്മെ കാത്തിരിക്കുന്നു.

ഇങ്ങനെ നാട് അതിവേഗം മാറിക്കൊണ്ടിരിക്കുമ്പോൾ ഒരു പ്രദേശം മാറ്റമില്ലാതെ നിൽക്കുന്നത് ഒന്ന് ചിന്തിച്ച് നോക്കുക. സമയം പോയതറിയാതെ മരവിച്ചു നിൽക്കുന്ന ഒരിടം. അത്തരത്തിലുള്ള ഒരനുഭവമാണ് ഒൿടോബർ 7ന് കൊല്ലം ജില്ലയിലെ പരവൂർ എന്ന സ്ഥലത്തുള്ള കോട്ടപ്പുറം ഹൈസ്കൂളിൽ പോയപ്പോൾ എനിക്കുണ്ടായത്. ഞാൻ ആദ്യം പഠിച്ച സ്കൂളാണത്. നാലു കൊല്ലം പ്രൈമറി സ്കൂളിൽ പഠിപ്പിക്കുന്നതെല്ലാം വീട്ടിലിരുന്നു പഠിച്ചശേഷം 1938ൽ ഞാൻ അവിടെ പ്രിപ്പാരട്ടറി ക്ലാസിൽ ചേർന്നു. അന്ന് അതിന്റെ പേർ കോട്ടപ്പുറം ഇംഗ്ലീഷ് ഹൈസ്കൂൾ എന്നായിരുനുന്നു. (അധ്യയന ഭാഷ മാറിയപ്പോൾ പേരിൽ നിന്ന് ‘ഇംഗ്ലീഷ്’ ഒഴിവാക്കപ്പെട്ടു.) മൂന്നര കൊല്ലം അവിടെ പഠിച്ചശേഷം 1942ൽ കൊല്ലത്തെ ക്രേവൻ എൽ.എം.എസ്. സ്കൂളിലേക്ക് പോയി. അതിനുശേഷം പല തവണ പരവൂരിൽ പോയെങ്കിലും സ്കൂളിൽ പോകാൻ അവസരമുണ്ടായില്ല. അടുത്ത കാലത്ത് രൂപീകൃതമായ പൂർവ വിദ്യാർത്ഥി സംഘടനയുടെ അദ്ധ്യക്ഷനും മുൻ‌മന്ത്രിയുമായ സി.വി. പത്മരാജൻ ഒരു ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണിച്ചപ്പോൾ അതിയായ സന്തോഷമുണ്ടായി. നീണ്ട 67 കൊല്ലങ്ങൾക്കുശേഷം സ്കൂൾ സന്ദർശിക്കാൻ അവസരം ലഭിച്ചിരിക്കുന്നു! വളരെ കാലം സ്കൂളിലെ പ്രഥമാ‍ദ്ധ്യാപകാനായിരുന്ന കെ. കുഞ്ഞുണ്ണിപ്പിള്ളയുടെ 101-‍ാം ജന്മവാർഷികാഘോഷമാണ് പ്രധാന പരിപാടിയെന്നത് ആഹ്ലാദം വർദ്ധിപ്പിച്ചു.

സ്കൂൾ പറമ്പിൽ കടന്നപ്പോൾ എല്ലാം ഞാൻ അവിടം വിട്ടപ്പോഴത്തെ അവസ്ഥയിൽ നിൽക്കുന്നു. അതേ മരങ്ങൾ, അതേ കെട്ടിടങ്ങൾ, കൂടുതൽ പഴകിയ അവസ്ഥയിൽ. ഹെഡ്മാസ്റ്ററുടെ മുറിയിൽ ചെന്നപ്പോൾ അവിടെ ശ്രീ ചിത്തിര തിരുനാൾ ബാലരാമ വർമ്മ മഹാരാജവിന്റെ ഒരു അർദ്ധകായ പ്രതിമയും ഛായാചിത്രവും. അതും എന്റെ കാലത്ത് ഉണ്ടായിരുന്നതാവണം. മാറ്റം സൂചിപ്പിക്കുന്ന എന്തെങ്കിലും കണ്ടെത്താൻ ഞാൻ നാലുപാടും നോക്കി. അപ്പോൾ സ്കൂൾ കെട്ടിടങ്ങൾക്കപ്പുറം ഉയർന്നു നിൽക്കുന്ന മൊബൈൽ ടവ്വറുകൾ കണ്ടു. പരവൂർ മാറിയിരിക്കുന്നു. മാറാത്തത് കോട്ടപ്പുറം സ്കൂൽ മാത്രം.

ഞാൻ അവിടെ പഠിക്കുമ്പോൾ കുഞ്ഞുണ്ണിപ്പിള്ള സാർ കുട്ടികൾക്ക് പ്രിയങ്കരനായ, ഖദർധാരിയായ, യുവ അദ്ധ്യാപകനായിരുന്നു. പിൽക്കാലത്ത് അദ്ദേഹം പ്രധാന അദ്ധ്യാപകനായി. പരവൂരിൽ കമ്മ്യുണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിൽ അദ്ദേഹം വലിയ പങ്ക് വഹിച്ചതായി ചടങ്ങ് ഉത്ഘാടനം ചെയ്ത പൂർവ വിദ്യാർത്ഥിയും തൊഴിൽ മന്ത്രിയുമായ പി.കെ. ഗുരുദാസൻ പറഞ്ഞു. പൂർവ വിദ്യാർത്ഥിയും പൂർവ അദ്ധ്യാപകനുമായ പത്മരാജൻ കുഞ്ഞുണ്ണിപ്പിള്ള സാറിന്റെ ഛായാചിത്രം അനാച്ഛാദനം ചെയ്തു. അവിടെ എന്റെ സമകാലികനായിരുന്ന അലിഗഢ് സർവകലാശാലാ മുൻ പ്രോവൈസ് ചാൻസലർ കെ.എം. ബഹാവുദ്ദീൻ മുഖ്യ പ്രഭാഷണം നടത്തി. കുഞ്ഞുണ്ണിപ്പിള്ള സാറിന്റെ ഭാര്യ ശ്രീമതി പി. വസന്തകുമാരിദേവി അമ്മയെയും അദ്ദേഹത്തോടൊപ്പം അവിടെ സേവനം അനുഷ്ഠിച്ച അധ്യാപകരെയും പൊന്നാട അണിയിക്കുന്ന ചുമതലയാണ് സംഘാടകർ എനിക്ക് നൽകിയത്.

ഒരു പാഠപുസ്തകത്തിലെ ‘മതമില്ലാത്ത ജീവൻ’ എന്ന പാഠം ഉയർത്തിയ വാദങ്ങൾ കേരളത്തിൽ അലയടിച്ചുകൊണ്ടിരുന്ന സമയത്ത് മാതൃഭൂമി ആഴ്ചപ്പതിപ്പ് എന്റെ വിദ്യാർത്ഥികാലത്തെ ജ്ഞാനനിർമ്മിതിയെക്കുറിച്ച് ഒരു ലേഖനം എഴുതാൻ എന്നോട് ആവശ്യപ്പെട്ടിരുന്നു. സ്കൂളുകളിൽ ചെലവഴിച്ച കാലത്തെ ഓർമ്മകൾ പുതുക്കാൻ അത് എന്നെ സഹായിച്ചു. അപ്പോഴാണ് കോട്ടപ്പുറം സ്കൂൾ എനിക്ക് എത്രയധികം ഗുണം ചെയ്തുവെന്ന് ഞാൻ തിരിച്ചറിഞ്ഞത്.

കോട്ടപ്പുറം സ്കൂൾ 102 കൊല്ലം മുമ്പാണ് സ്ഥാപിതമായത്. വളരെക്കാലം അത് കൊല്ലത്തിനും ആറ്റിങ്ങലിനും ഇടയ്ക്കുള്ള ഏക ഇംഗ്ലീഷ് ഹൈസ്കൂൾ ആയിരുന്നു. അതുകൊണ്ടു തന്നെ പരവൂരിനു പുറത്തുനിന്ന് അത് ധാരാളം വിദ്യാർത്ഥികളെ ആകർഷിച്ചിരുന്നു. ഇന്ന് അത് പരിതാപകരമായ അവസ്ഥയിലാണ്. രക്ഷകർത്താക്കൾക്ക് താല്പര്യം ഇംഗ്ലീഷ് മീഡിയത്തിലാകയാൽ, മറ്റ് സർക്കാർ എയ്ഡഡ് സ്കൂളുകളെപ്പോലെ ഇപ്പോൾ അതിന് കുട്ടികളെ ആകർഷിക്കാനാകുന്നില്ല. മറ്റൊരു പ്രശ്നം മാനേജ്‌മെന്റ് ദുർബലമാണെന്നതാണ്. രണ്ട് കുടുംബംഗങ്ങൾ സംയുക്തമായാണ് സ്കൂൾ ഭരിക്കുന്നത്. സ്കൂളിന്റെ അവസ്ഥ മെച്ചപ്പെടുത്തുന്നതിൽ അവർ വേണ്ടത്ര താല്പര്യം കാട്ടുന്നില്ലെന്ന് പറയപ്പെടുന്നു. സ്കൂൾ മെച്ചപ്പെടുത്തുന്നതിന് പദ്ധതി തയ്യാറാക്കിയാൽ സഹായം നൽകാൻ പൂർവ വിദ്യാർത്ഥികളുടെ ഒരു വലിയ സമൂഹം പരവൂരിലും പുറത്തുമുണ്ട്.

ഞാൻ പഠിക്കുന്ന കാലത്ത് കോട്ടപ്പുറം സ്കൂളിൽ ആൺകുട്ടികളും പെൺകുട്ടികളും ഉണ്ടായിരുന്നു. ഇപ്പോൾ അവിടെ ആൺകുട്ടികളേയുള്ളു. അത് ആൺപള്ളിക്കൂടമായ കഥ പത്മരാജൻ പറഞ്ഞു. അടുത്തു എസ്. എൻ. വി. സ്കൂൾ എന്നൊര്രു മിഡിൽ സ്കൂൾ ഉണ്ടായിരുന്നു. സാധാരണയായി ഈഴവ കുടുംബങ്ങളിലെ കുട്ടികൾ അവിടെ മിഡിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷമെ നായർ ഉടമഥതയിലുള്ള കോട്ടപ്പുറം സ്കൂളിൽ വന്നിരുന്നുള്ളു. എസ്.എൻ.വി. സ്കൂൾ ഹൈസ്കൂളായി ഉയർത്താൻ ശ്രമം നടത്തിയപ്പോൾ അവിടെനിന്ന് ഉയർന്ന ക്ലാസുകളിലേക്കുള്ള കുട്ടികളുടെ വരബ് നിലയ്ക്കുമെന്നതുകൊണ്ട് കോട്ടപ്പുറം സ്കൂൾ മാനേജ്‌മെന്റ് എതിർത്തു. പനമ്പള്ളി ഗോവിന്ദമേനോൻ ആയിരുന്നു വിദ്യാഭ്യാസ മന്ത്രി. രണ്ട് സമുദായങ്ങളും തമ്മിലുള്ള മത്സരം തീർക്കാൻ അദ്ദേഹം ഒരു മാർഗ്ഗം കണ്ടെത്തി. എസ്.എൻ.വി. സ്കൂൾ ഹൈസ്കൂളായി ഉയർത്താൻ അനുവദിക്കുക. അതിനെ പെൺപള്ളിക്കൂടമാക്കുക. കോട്ടപ്പുറം ഹൈസ്കൂളിനെ ആൺപള്ളിക്കൂടവുമാക്കുക. അങ്ങനെ രണ്ട് സമുദായങ്ങളിലെയും ആൺകുട്ടികൾ ഒന്നിച്ച് കോട്ടപ്പുറം സ്കൂളിലും പെൺകുട്ടികൾ ഒരുമിച്ച് എസ്.എൻ.വി.സ്കൂളിലും പഠിക്കാൻ തുടങ്ങി..

1 comment:

Vempally|വെമ്പള്ളി said...

എല്ലാം മാറണം എങ്കിലും ഇതു വായിക്കാനൊരു പ്രത്യേക സുഖമുണ്ട്