Monday, November 2, 2009

നമ്മൾ/അവർ: സാമൂഹികാവസ്ഥയെ നിർവചിക്കുന്ന ദ്വന്ദം

കാലത്ത് നടക്കാൻ പോയ വർക്കലയിലെ ശിവപ്രസാദിനെ ഒരു കാരണവും കൂടാതെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയെന്ന വാർത്ത കേരളത്തെ ഞെട്ടിച്ചു. കൊലപാതകം നമുക്ക് പുത്തരിയല്ല. പക്ഷെ അതിന് ഒരു കാരണം വേണം. അത് കുടുംബവഴക്കാകാം, വസ്തുതർക്കമാകാം, രാഷ്ട്രീയ പകപോക്കലാകാം. ‘മോട്ടീവി’ന്റെ അഭാവത്തിൽ പ്രതി കുറ്റക്കാരനാണെന്ന് സംശയാതീതമായി തെളിയിക്കാൻ പ്രയാസമുണ്ടാകുമെന്നതുകൊണ്ട് കൊലപാതകം അന്വേഷിക്കുന്ന പൊലീസിന് കാരണം കണ്ടെത്തേണ്ടതുണ്ട്. കാരണം എന്തായാലും അത് അറിയുമ്പോൾ നാം ഏറെക്കുറെ തൃപ്തരാകും, അതോടെ കൊലയുമായി നമുക്ക് പൊരുത്തപ്പെടാനുമാകും.

വർക്കലയിൽ പൊലീസ് വളരെ വേഗം കാരണം കണ്ടെത്തി. ദലിത് ഹ്യൂമൻ റൈറ്റ്സ് മൂവ്‌മെന്റ് (ഡി.എച്ച്.ആർ.എം) എന്നൊരു തീവ്രവാദി സംഘടന അതിന്റെ ശക്തി നാട്ടുകാരെ ബോധിപ്പിക്കാനായി കൊലപാതകം നടത്തുകയായിരുന്നു. മറ്റൊരാളെ കൊല്ലാൻ നടത്തിയ ശ്രമം പരാജയപ്പെട്ടശേഷമാണ് ശിവപ്രസാദിനെ വെട്ടിയത്. കേരളത്തിലെ മദ്ധ്യവർഗ്ഗ സമൂഹം അതുകേട്ട് പകച്ചു നിന്നു. “നിരപരാധിയായ ശിവപ്രസാദിനു ഇത് സംഭവിക്കാമെങ്കിൽ എനിക്കും നിങ്ങൾക്കും ഇത് സംഭവിക്കാം“ എന്ന് അവർ ഭയത്തോടെ ഓർത്തു. ശിവപ്രസാദ് ‘നമ്മളി’ൽ ഒരാളാണ്. കൊലയാളികൾ ‘നമ്മളി’ൽ പെടുന്നവരല്ല. ‘അവരി’ൽ പെടുന്നവരാണ്.

ശിവപ്രസാദിന്റെ കൊലപാതകത്തെയും കാരണം കണ്ടെത്തലിനെയും തുടർന്ന് പൊലീസ് വ്യാപകമായ ദലിത് വേട്ട ആരംഭിച്ചു. അവർ നിരവധി യുവാക്കളെ കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ചു. അറസ്റ്റും പീഡനവും ഭയന്ന് ആണുങ്ങൾ ഒളിവിൽ പോയി. തൊടുവെ കോളനിയിൽ ശിവസേന പ്രവർത്തകർ ഡി.എച്ച്.ആർ.എം പ്രവർത്തകർക്കെതിരെ വൻ തോതിൽ അക്രമം അഴിച്ചുവിട്ടു. അവർ ഒമ്പത് വീടുകൾ ആക്രമിച്ച് വസ്തുവഹകൾ നശിപ്പിച്ചു. കുട്ടികളുടെ പാഠപുസ്തകങ്ങൾ വലിച്ചുകീറി. അതൊന്നും വാർത്തയായില്ല. അത് സംഭവിച്ചത് ‘നമ്മൾ‘ക്കല്ലല്ലൊ, ‘അവർ‘ക്കല്ലേ?

ഈ സംഭവപരമ്പരകൾ നടന്ന് ഒരു മാസത്തിനുശേഷം വസ്തുതാപഠനത്തിന് വർക്കലയിലെത്തിയ മനുഷ്യാവകാശപ്രവർത്തകർ കോളനികളിലെ അവസ്ഥയെ കുറിച്ച് മാധ്യമങ്ങളെ അറിയിച്ചു. ശിവപ്രസാദിന്റെ മരണം ഞെട്ടിപ്പിച്ച മദ്ധ്യവർഗ്ഗത്തെ കോളനിനിവാസികളുടെ ദുര്യോഗം ഞെട്ടിപ്പിച്ചില്ല. ശിവപ്രസാദിന് സംഭവിച്ചത് നമുക്കും സംഭവിക്കാവുന്നതാണ്. എന്നാൽ ദലിതർക്ക് സംഭവിച്ചത് ‘നമ്മൾ’ക്ക് സംഭവിക്കില്ല. അത് ‘അവർ‘ക്കു മാത്രം സംഭവിക്കുന്നതാണ്.

ദലിത് ജനാധിപത്യ ഐക്യമുന്നണി ഒൿടോബർ 27ന് പൊലീസ്-ശിവസേനാ അതിക്രമങ്ങൾക്കെതിരെ വർക്കല പൊലീസ് സ്റ്റേഷനു മുന്നിൽ ധർണ്ണ നടത്തി. ഏകദേശം 1,000 പേർ പങ്കെടുത്തു. ആണുങ്ങൾ ഒളിവിൽ തുടരുന്നതുകൊണ്ട് അത് ഫലത്തിൽ പെണ്ണുങ്ങളുടെ പ്രകടനമായി മാറി. ധർണ്ണയിൽ പങ്കെടുത്തവർ തൊടുവെയിൽ തിരിച്ചെത്തിയപ്പോൾ ശിവസേന അവരെ ആക്രമിച്ചു. ഏഴു പെണ്ണുങ്ങൾ രാത്രി പരിക്കുകളോടെ ആശുപതികളിൽ പ്രവേശിപ്പിക്കപ്പെട്ടു. അതും വലിയ പ്രശ്നമായില്ല. കാരണം അത് ‘നമ്മൾ’ക്ക് സംഭവിക്കാവുന്നതല്ല, ‘അവർ’ക്കു മാത്രം സംഭവിക്കുന്നതാണ്.

ഡി.എച്ച്.ആർ.എം. പ്രവർത്തകർ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നിൽ ധർണ്ണ നടത്തി. ആണും പെണ്ണുമായി ഏകദേശം 200 പേർ ഉണ്ടായിരുന്നു. എല്ലാവരും ഒരേ വേഷം ധരിച്ചിരുന്നു -- ബി.ആർ.അംബദ്കറുടെ ചിത്രം ആലേഖനം ചെയ്ത കറുത്ത ടി-ഷർട്ടും ജീൻസും. പ്രകടനത്തിന്റെ ദൃശ്യങ്ങൾ മദ്ധ്യവർഗ്ഗത്തിന്റെ ഭീതി വർദ്ധിപ്പിച്ചു. പട്ടാളക്കാരെപ്പോലെ യൂണിഫാം ധരിക്കുന്നെങ്കിൽ അവർ ഭീകരന്മാർ തന്നെയാകണമല്ലൊ. സി.പി.എമ്മിന്റെ യൂണിഫോമിട്ട റെഡ് വോളന്റിയർമാർ ബാൻഡുമായി മാർച്ച് ചെയ്യുന്നത് കാണുമ്പോഴില്ലാത്ത ഭയം ഡി.എച്ച്.ആർ.എം പ്രവർത്തകർ യൂണിഫോമിട്ട് വരിവരിയായി ഇരിക്കുന്നതു കാണുമ്പോൾ ഉണ്ടാകുന്നതെന്നുകൊണ്ടാണ്?

“ഞങ്ങളുടെ കറുത്ത യൂനിഫോമിൽ മാത്രം ദുരൂഹതയും തീവ്രതയും കാണുന്നുവെങ്കിൽ അത് ആ വേഷത്തോടുള്ള വിരോധം കൊണ്ടല്ല, ഞങ്ങളുടെ കറുത്ത തൊലിയോടുള്ള അടങ്ങാത്ത വിദ്വേഷം മൂലമാണ്“ എന്ന് ഡി.എച്ച്.ആർ.എം. ചെയർമാൻ വി. വി. ശെൽ‌വരാജ് ഈയിടെ പറയുകയുണ്ടായി. എന്നാൽ ആ വേഷത്തെ വെറുക്കാൻ കേരളത്തിലെ മദ്ധ്യവർഗ്ഗത്തിന് കറുപ്പ് നിറം കൂടാതെ വേറെയും കാരണങ്ങളുണ്ട്. ഒന്ന് അത് പാശ്ചാത്യമാണെന്നതാണ്. മറ്റൊന്ന് ആണും പെണ്ണും ഒരേ യൂണിഫോം ധരിക്കുന്നെന്നതാണ്.

ആർ.എസ്.എസിന് തുടക്കം മുതൽ യൂണിഫോമുണ്ട്. അത് വന്നത് ഭാരതത്തിന്റെ സാംസ്കാരിക പാരമ്പര്യത്തിൽ നിന്നല്ല. വെള്ളക്കാരന്റെ സൈനിക പാരമ്പര്യത്തിൽ നിന്നാണ്. ‘നമ്മൾ’ യൂണിഫോം ധരിക്കും, പക്ഷെ ‘അവർ’ക്ക് യൂണിഫോം ധരിക്കാൻ എന്തവകാശമാണുള്ളത്? ഇനി യൂണിഫോം ധരിക്കാൻ അനുവദിച്ചാൽ തന്നെ ആർ. എസ്.എസിന്റെ നിക്കറിനേക്കാളും സി.പി.എമ്മിന്റെ ട്രൌസറിനേക്കാളും ആധുനികമായ ടീ-ഷർട്ടും ജീൻസും ധരിക്കാമൊ?

ഡി.എച്ച്.ആർ.എമ്മിന്റെ യൂണിഫോം പുരുഷമേധാവിത്വം കല്പിച്ചിട്ടുള്ള ലിംഗവിഭജനത്തെ പരസ്യമായി വെല്ലുവിളിക്കുന്ന ഒന്നാണ്. സി.പി.എം പോലും ആണുങ്ങൾക്കു മാത്രമെ ട്രൌസർ ധരിക്കാനുള്ള അവകാശം നൽകിയിട്ടുള്ളൂ. റെഡ് പെണ്ണുങ്ങളുടെ യൂണിഫോം സാരിയാണ്. ‘നമ്മൾ’ പെണ്ണുങ്ങളെ സാരിയിൽ നിന്ന് ചുരിദാരിലേക്ക് പോലും മാറ്റാത്തപ്പോഴാണ് ‘അവർ‘ പ്ര്ണ്ണുങ്ങലെ ജീൻസ് ധരിപ്പിക്കുന്നത്. ആ ധിക്കാരം എങ്ങനെ പൊറുക്കാനാകും?

11 comments:

Harikrishnan:ഹരികൃഷ്ണൻ said...

അറുപതുകളുടെ അവസാനം എഴുപതുകളുടെ ആദ്യം കേരളത്തിലെ നക്സലൈറ്റുപ്രസ്ഥാനത്തിനു നേരെ ഉണ്ടായിരുന്ന പോലീസ്, മാധ്യമ, മധ്യവർത്തി പ്രചാരണങ്ങളുമായി ഒരു താരതമ്യം തോന്നുന്നു ഇവിടെ. ചില കുറ്റാന്വേഷണചിത്രങ്ങളിൽ നായകകഥാപാത്രത്തിനു് മാത്രം ലഭിക്കുന്ന തുമ്പുകൾ പോലെ ഒന്നോ രണ്ടൊ ദിവസം കൊണ്ടു് പോലീസിനു് എല്ലാം മനസ്സിലാവുന്നു..കുറ്റവാളികൾ പിടിയിൽ ആവുന്നു..പ്രചരണങ്ങൾ തുടങ്ങുന്നു.. ‘ചാരക്കഥയിൽ’ സംഭവിച്ചതു പോലെ ഇട്ടുകൊടുത്ത ഒരു ചരടിനു പുറകെ എല്ലാവരും ആഘോഷപൂർവ്വം..

ജിവി/JiVi said...

'അവരുടെ’ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ‘നമ്മള് ‘ പോയി. ‘അവരുടെ’ പ്രശ്നങ്ങള്‍ മനസ്സിലാക്കി -ശിവസേനയും പിന്നെ‘മറ്റവരുമാണ്’ പ്രശ്നം. ‘മറ്റവരെ’ ശിവസേനയുമായി സാമ്യപ്പെടുത്താന്‍ പറ്റിയത് വന്‍ ലാഭം തന്നെ.

Brown Country said...

സര്‍,
കേരളത്തില്‍ നമ്മള്‍-അവര്‍ എന്ന ഒരു ദ്വന്ദം മാത്രമല്ല ഉള്ളത്. ജാതികളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും ട്രേഡ് യൂണിയനുകളുടെയും പല 'നമ്മള്‍' കമ്പര്ടുമെന്റുകളില്‍ ഭൂരിപക്ഷം മലയാളികളും ദിനം പ്രതിയെന്നോണം യാത്ര ചെയ്യുന്നുണ്ടാകണം.

പക്ഷെ വർക്കലയിൽ നടക്കാനിറങ്ങിയ ശിവപ്രസാദിനെ ആരോ കഴുത്ത് വെട്ടിക്കൊന്നുവെന്ന വാര്‍ത്ത‍ ആളുകളെ ഞെട്ടിച്ചത് അദ്ദേഹം മധ്യവര്‍ഗ സമൂഹത്തിന്റെ പ്രതിനിധി ആയതുകൊണ്ട് മാത്രമല്ല.
ഇപ്രകാരം ആര് കൊല്ലപ്പെട്ടാലും ഞെട്ടുന്ന ഒരു മനസാക്ഷി ഇപ്പോഴും പലര്‍ക്കും ഇപ്പോഴും സ്വന്തമായി ഉണ്ട്.

തോടുവേ കോളനിയിലെ അക്രമം പുറം ലോകവും കോളനി നിവാസികളും തമ്മിലുള്ളതല്ല. താങ്കള്‍ അറിഞ്ഞു കാണുമോ എന്നറിയില്ല, കഴിഞ്ഞ ആഴ്ച കോളനിയില്‍ ശിവസേനയുടെ യൂനിറ്റ് ഉദ്ഘാടനം ചെയ്യപ്പെടുകയുണ്ടായി. അവിടെ നടക്കുന്ന അക്രമങ്ങള്‍ക്ക് തുടക്കം കുറിച്ചതില്‍ ഇപ്പോള്‍ അതീവ നിഷ്കളങ്ങരായി ഭാവിക്കുന്ന dhrm പ്രവര്‍ത്തകര്‍ക്കും പങ്കുണ്ട്.

സത്യം പറഞ്ഞാല്‍, പ്രശ്നം ഗോധ്ര മാതിരി ഒരു കലാപമായി മാറാത്തത് അവിടെ പ്രബലരായ കോണ്ഗ്രസ്, സി പി എം തുടങ്ങിയ മറ്റു പാര്‍ടികളുടെയും സര്‍വ്വോപരി എസ്‌ എന്‍ ഡി പി-യുടെയും പാകതയോ അതോ താല്പര്യമില്ലയ്മയോ ഒക്കെ തന്നെയാണ്. ഒരുപറ്റം ശിവസേന ഗുണ്ടകള്‍ കോളനിയില്‍ അക്രമം നടത്തിയില്ലായിരുന്നെന്കില്‍ താങ്കള്‍ പോലും ഒരു പക്ഷെ ഈ വിഷയത്തില്‍ താത്പര്യം എടുക്കുമായിരുന്നുവോ?

കൊല്ലപ്പെട്ടവര്‍ക്കും ഉണ്ടായിരുന്നില്ലേ സര്‍, കഴുത്തില്‍ കത്തി കയറുന്നതിനു മുന്‍പ്‌ , ചില മനുഷ്യാവകാശങ്ങളൊക്കെ?

ജനശക്തി said...

ജിവീ....:)

B.R.P.Bhaskar said...

ജിവി/JiVi, കേരളത്തില്‍ ഗോധ്രായൊ നന്ദിഗ്രാമൊ ഉണ്ടാകാത്തത് തങ്ങളുടെ ആവശ്യങ്ങള്‍ക്ക് മുത്തങ്ങയും ചെങ്ങറയും വര്‍ക്കലയും മതിയെന്ന് ബന്ധപ്പെട്ടവര്‍ തീരുമാനിച്ചതുകൊണ്ടാണോ?

B.R.P.Bhaskar said...

ജിവി/JiVi ചോദിക്കുന്നു: “കൊല്ലപ്പെട്ടവര്‍ക്കും ഉണ്ടായിരുന്നില്ലേ സര്‍, കഴുത്തില്‍ കത്തി കയറുന്നതിനു മുന്‍പ്‌, ചില മനുഷ്യാവകാശങ്ങളൊക്കെ?” ഉണ്ടായിരുന്നു, സര്‍. അവ നിഷേധിച്ചവര്‍ക്കെതിരെ നടപടിയെടുക്കാന്‍ വ്യവസ്ഥ ചെയ്യുന്ന നിയമങ്ങള്‍ രാജ്യത്തുണ്ട്. കൊല ചെയ്തവരുടെ (ഈ ഘട്ടത്തില്‍, കൊല ചെയ്തെന്ന് പൊലീസ് ആരോപിക്കുന്നവരുടെ എന്ന് പറയുന്നതാവും ശരി) വംശത്തെ മൊത്തമായി ഗോധ്രാ മോഡലിലൊ നന്ദിഗ്രാം മോഡലിലൊ വര്‍ക്കല മോഡലിലൊ കൈകാര്യം ചെയ്യാന്‍ ആ നിയമങ്ങള്‍ അനുവദിക്കുന്നില്ലെന്ന് മാത്രമാണ് ഞാന്‍ ചൂണ്ടിക്കാണിക്കുന്നത്.

ജിവി/JiVi said...

സര്‍,
എന്നെ വിളിച്ച് എഴുതിയ മറുപടികള്‍ ബ്രൌണ്‍ കൌണ്ടി എന്നയാല്‍ക്കുള്ളതാണ്.

അതിലും താങ്കള്‍ നടത്തുന്ന ചില സാമ്യപ്പെടുത്തലുകള്‍ അലോസരപ്പെടുത്തുന്നവയാണ്. എന്നെ മാത്രമല്ല, എല്ലാവരെയും.

ഗോധ്ര - നന്ദിഗ്രാം -
വര്‍ക്കല - ചെങ്ങറ - മുത്തങ്ങ

B.R.P.Bhaskar said...

ജിവി/JiVi, മറ്റൊരാള്‍ എഴുതിയ കമന്റിന് താങ്കളുടെ പേരു പറഞ്ഞുകൊണ്ട് മറുപടി എഴുതിയതിന് ക്ഷമ ചോദിക്കുന്നു.

Anonymous said...
This comment has been removed by a blog administrator.
Anonymous said...

ഞാന്‍ ദളിതരെ അനുകൂലിയ്ക്കുന്നു .അവരും സംഘടിയ്ക്കണം. ഈ ജനാധിപത്യ വ്യവസ്ഥിതിയില്‍ അവര്‍ക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ട്. അടിച്ചമര്‍ത്താന്‍ ആര്‍ക്കും അവകാശവുമില്ല. ഈ രാഷ്ട്രീയ പാര്‍ട്ടികളുടെ ഇടയില്‍ ദളിതര്‍ക്ക് നീതി കിട്ടില്ല എന്നത് സത്യം. പോരാട്ടം ഭരണ വര്ഗ്ഗതോടാണ് വേണ്ടത്..എല്ലാ ഭാവുകങ്ങളും..

നിസ്സഹായന്‍ said...

അവരേയും നമ്മളേയും അടിയാളര്‍ മേലാളര്‍ എന്ന് അടയാളപ്പെടുത്തിയിട്ടുണ്ടെന്ന് നമുക്ക് സമ്മതിച്ചു കൊടുക്കാന്‍ പറ്റുമോ ? വര്‍ഗ്ഗവിപ്ലവകാരികളും സാംസ്ക്കാരിക-വര്‍ഗ്ഗീയ വിപ്ലവകാരികളും യോജിപ്പിലെത്തിക്കഴിഞ്ഞ കാര്യമാണത്. അതുകൊണ്ട് ദളിതരെ എത്ര ക്രൂരമായി പീഢിപ്പിച്ചാലും വംശീയമായി ഉന്മൂലനം ചെയ്താലും നമുക്കെങ്ങനെ ചോദിക്കാനാകും. അതുകൊണ്ട് സ്വന്തം സംഘടന വളര്‍ത്താന്‍ അവര്‍ ഒരു നിരപരാധിയെ കൊന്നു എന്നു പറഞ്ഞാല്‍ അതില്‍ വലിയൊരു യുക്തിരാഹിത്യം കാണുകയോ അല്ലെങ്കില്‍ നമുക്ക് വിധേയരാകാതെ സ്വത്വരാഷ്ട്രീയവും സ്വത്വസംസ്ക്കാരവും മെനയുന്നതിനാല്‍ വേട്ടയാടാന്‍ നാം തന്നെയുണ്ടാക്കിയ കെണിയാണിതെന്ന് നമുക്ക് സ്വയം വിശ്വസിപ്പിക്കേണ്ടതായ കാര്യങ്ങളോ ഇല്ല.