Monday, November 30, 2009

മാധ്യമ പഠനങ്ങൾ

ജീവചരിത്രകാരനെന്ന നിലയിൽ പ്രശസ്തിനേടിയ പി.കെ.പരമേശ്വരൻ നായരുടെ പേരിലുള്ള ട്രസ്റ്റ് ഓരോ കൊല്ലവും ഓരോ ചർച്ചാസമ്മേളനം സംഘടിപ്പിക്കുന്നു. സമ്മേളനങ്ങളിൽ അവതരിപ്പിക്കപ്പെടുന്ന പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ 17 പ്രബന്ധസമാഹാരങ്ങൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്.

കഴിഞ്ഞ കൊല്ലം മാധ്യമങ്ങളെക്കുറിച്ചാണ് പി.കെ. പരമേശ്വരൻ നായർ സ്മാരക ട്രസ്റ്റ് ചർച്ച സംഘടിപ്പിച്ചത്. ആ ചർച്ചാസമ്മേളനത്തിൽ അവതരിപ്പിക്കപ്പെട്ട 15 പ്രബന്ധങ്ങൾ ‘മാധ്യമ പഠനങ്ങൾ‘ എന്ന പേരിൽ സമാഹരിക്കപ്പെട്ടിരിക്കുന്നു.

പ്രബന്ധകാരന്മാരും പ്രബന്ധങ്ങളും:

ടി.ജെ.എസ്.ജോർജ്: പത്രപ്രവർത്തനത്തിലെ പ്രവണതകളും പരീക്ഷണങ്ങളും
എൻ.രാമചന്ദ്രൻ: പത്രപ്രവർത്തനത്തിലെ അദൃശ്യചക്രങ്ങൾ
ബി.ആർ.പി.ഭാസ്കർ: അധികാരവും മാധ്യമങ്ങളും
തോട്ടം രാജശേഖരൻ: ഗവണ്മെന്റും മാധ്യമങ്ങളും
ലീലാ മേനോൻ: ദൃശ്യമാധ്യമങ്ങളുടെ കാലികപ്രസക്തി
എം.കെ.ശിവശങ്കരൻ: ശ്രാവ്യമാധ്യമങ്ങളുടെ സാധ്യതകൾ
ഡോ. സെബാസ്റ്റ്യൻ പോൾ: അധിനിവേശവും മാധ്യമങ്ങളും
ഡോ.അച്യുത്ശങ്കർ എസ്. നായർ: മാധ്യമങ്ങളും വിവരസാങ്കേതികവിദ്യയും
ഡോ.ഷാജി ജേക്കബ്: സാഹിത്യവും മാധ്യമങ്ങളും
ഡോ.ബി.വി.ശശികുമാർ: ബദൽ മാധ്യമങ്ങൾ
എസ്.ഡി.പ്രിൻസ്: ഇലൿട്രോണിക് ജേർണലിസം
പി.പി.ജെയിംസ്: അന്വേഷണാത്മകപത്രപ്രവർത്തനം
സി.ഗൌരിദാസൻ നായർ: പരസ്യവും ഉപഭോഗത്വരയും
പ്രൊഫ. പന്മന രാമചന്ദ്രൻ നായർ: മാധ്യമങ്ങളും മലയാളവും
ഡോ.എഴുമറ്റൂർ രാജരാജവർമ്മ: മാധ്യമങ്ങളും സംസ്കാരവും

എഡിറ്റർ:
പ്രൊഫ. പന്മന രാമചന്ദ്രൻ നായർ
വില: 85 രൂപ

പ്രസാധകർ:
പി.കെ.പരമേശ്വരൻ നായർ മെമ്മോറിയൽ ട്രസ്റ്റ്,
പൂജപ്പുര, തിരുവനന്തപുരം 695012

വിതരണം:
കറന്റ് ബുക്സ്

Wednesday, November 25, 2009

കേരളത്തിലെ വിദ്യാഭ്യാസരംഗം സംബന്ധിച്ച ചില വസ്തുതകൾ

പാർശ്വവൽകരിക്കപ്പെട്ട വിഭാഗങ്ങളുടെ സാക്ഷരതാ നിരക്ക്:
പട്ടിക ജാതി – 79.65%
പട്ടിക വർഗ്ഗം – 57.09%
അട്ടപ്പാടിയിലെ ചില ആദിവാസി ഊരുകളിൽ -- 38.62%
ആദിവാസി സ്ത്രീകൾ -- 51%
മത്സ്യത്തൊഴിലാളി സ്ത്രീകൾ -- 44%

പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾ പൂർണ്ണമായും സർക്കാർ, എയ്ഡഡ് സ്കൂളുകളെ ആശ്രയിക്കുന്നു.

കുട്ടികൾ കുറവായതുകൊണ്ട് അടച്ചുപൂട്ടൽ ഭീഷണി നേരിടുന്ന സർക്കാർ, എയ്ഡഡ് സ്കൂളുകൾ -- 1694 (2007-08ലെ സർക്കാർ കണക്ക്)

പ്രത്യേക വിഭാഗങ്ങൾക്കായുള്ള സ്കൂളുകൾ:

ട്രൈബൽ സ്കൂളുകൾ - 90. വയനാടും കണ്ണൂരും പോലെ ധാരാളം ആദിവാസികളുള്ള ചില ജില്ലകളിൽ ലോവർ പ്രൈമറി ട്രൈബൽ സ്കൂളുകളില്ല.

ഫിഷറീസ് സ്കൂൾ - 61 (ഏകദേശം 10 മാത്രമേയുള്ളെന്നാണ് അനൌദ്യോഗിക കണക്ക്)

ചിലയിടങ്ങളിൽ ആദിവാസി കുട്ടികൾക്ക് 40 കിലോമീറ്റർ ദൂരെയുള്ള സ്കൂളുകളിൽ പോകേണ്ടി വരുന്നു. സർക്കാർ റസിഡൻഷ്യൽ സ്കൂളുകൾ കുറവായതുകൊണ്ട് അവർ ചിലപ്പോൾ സ്വന്തം ചെലവിൽ സ്വകാര്യ ഹോസ്റ്റലുകളിൽ താമസിക്കാൻ നിർബന്ധിതരാകുന്നു.

പല ആദിവാസി പ്രദേശങ്ങളിലും ഒരദ്ധ്യാപകൻ മാത്രമുള്ള സ്കൂളുകളാണുള്ളത്. ആ അദ്ധ്യാപകൻ നാല് ക്ലാസ്സുകൾ എടുക്കുന്നതു കൂടാതെ ഉച്ച ഭഷണത്തിന്റെ കാര്യവും നോക്കണം.

ഏഴും എട്ടും ക്ലാസുകൾ കഴിഞ്ഞ് പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളിലെ കുട്ടികൾ വലിയ തോതിൽ കൊഴിഞ്ഞുപോകുന്നു.

ദലിത് കുട്ടികളിൽ 99% സ്കൂളിൽ ചേരുന്നു. 5% ലോവർ പ്രൈമറി തലത്തിലും 5% അപ്പർ പ്രൈമറി തലത്തിലും വിട്ടുപോകുന്നു. കഴിഞ്ഞ പത്തു കൊല്ലത്തെ കണക്കുകൾ അനുസരിച്ച് 50% മാത്രമാണ് പത്താം സ്റ്റാൻഡേർഡ് പാസാകുന്നത്. ഉപരി വിദ്യാഭ്യാസത്തിനു പോകുന്നത് 10%. ബിരുദധാരികളാകുന്നത് 5% മാത്രം.

കേരളം നൂറു ശതമാനം സാക്ഷരത നേടിയ മാതൃകാ സംസ്ഥാനമാണെന്നത് ഒരു മിഥ്യ മാത്രമാണ്. ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ നിലവാരം കുറഞ്ഞ വിദ്യാഭ്യാസം കിട്ടുന്നവരൊ സാമ്പത്തിക പരാധീനത മൂലമൊ സ്കൂൾ അപ്രാപ്യം ആയതുമൂലമൊ സ്കൂൾ സംവിധാനത്തിൽ പ്രവേശിക്കാൻ പോലുമാകാത്തവരൊ ആണ്.

‘ക്രൈ” (CRY -- Child Rights and You) എന്ന സംഘടന “എല്ലാ കുട്ടികൾക്കും തുല്യ വിദ്യാഭ്യാസം” എന്ന ആശയം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി തയ്യാറാക്കിയ രേഖയിൽ നിന്നാണ് മുകളിലുള്ള വിവരങ്ങൾ ഏടുത്തിട്ടുള്ളത്.

തുല്യ വിയാഭ്യാസം സംബന്ധിച്ച് കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് നൽകാൻ ‘ക്രൈ” തയ്യാറാക്കിയിട്ടുള്ള അവകാശപത്രികയിൽ ഡിസംബർ 10 വരെ ഒപ്പിടാവുന്നതാണ്.

“ക്രൈ”യുമായി ബന്ധപ്പെടാൻ

Send SMS to 58558 with the word CRY and your name and surname
Phones:
Mumbai 022-2309 6845,
New Delhi 011-2469 3137,
Bangalore 080-2548 4952
Chennai 044-2836 5545

Sunday, November 22, 2009

ഹാർട്ട് ഗൈഡും ദ് ലെറ്റേഴ്സും

തിരുവനന്തപുരത്ത് ഇന്നലെ നടന്ന ഒരു ചടങ്ങിൽ വെച്ച് പ്രകാശനം ചെയ്യപ്പെട്ട രണ്ട് പ്രസിദ്ധീകരണങ്ങളാണ് ഹാർട്ട് ഗൈഡും ദ് ലെറ്റേഴ്സും.

‘ഹാർട്ട് ഗൈഡ്’ മലയാളത്തിലാണ്. പുസ്തകരൂപത്തിലാണത്. The Letters ഇംഗ്ലീഷിലാണ്. മാസികയുടെ രൂപത്തിൽ.

ഒരേ കാലത്ത് തിരുവനന്തപുരത്ത് കലാശാലാ വിദ്യാർത്ഥികളായിരുന്ന ഒരു സംഘമാണ് ഈ പ്രസിദ്ധീകരണങ്ങൾക്ക് പിന്നിലുള്ളത്. അതുകൊണ്ടുതന്നെ പ്രകാശനച്ചടങ്ങ് നടന്ന ഐ.എം.എ. ഹാളിൽ ഒരു പൂർവവിദ്യാർത്ഥി സംഗമത്തിന്റെ അന്തരീക്ഷമുണ്ടായിരുന്നു.

പ്രശസ്ത ഹൃദ്രോഗവിദഗ്ദ്ധൻ ഡോ. ജി. വിജയരാഘവൻ പുസ്തകം പ്രകാശനം ചെയ്തു. ഞാൻ മാസികയും.

ഹൃദ്രോഗം, രക്തസമ്മർദ്ദം, കൊളസ്ട്രോൾ, പ്രമേഹം എന്നിവയെ സംബന്ധിക്കുന്ന വിവരങ്ങൾ ലളിതമായ ഭാഷയിൽ നൽകുന്ന 14 ലേഖനങ്ങളാണ് ‘ഹൃദ്രോഗ’ത്തിലുള്ളത്. എസ്.എസ്.ലാൽ, ശ്രീജിത്ത് എൻ. കുമാർ, ആർ.സി. ശ്രീകുമാർ, എൻ.സുൽഫി എന്നീ നാല് ഡോക്ടർമാരടങ്ങുന്ന എഡിറ്റോറിയൽ ബോർഡാണ് അത് തയ്യാറാക്കിയത്. വില അഞ്ചു രൂപ. പ്രസാധകർ: സയൻസ് ഇന്റർനാഷനൽ

ഏഷ്യാനെറ്റ് ചാനലിന്റെ ‘പൾസ്’ എന്ന ആരോഗ്യകാര്യ പരിപാടിയുടെ ആദ്യകാല അവതാരകനായിരുന്ന ഡോ. ലാൽ ഇപ്പോൾ ജനീവയിൽ ഡബ്ല്യൂ എച്ച് ഓ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ലോക ആരോഗ്യ സംഘടനയിൽ ഉദ്യോഗസ്ഥനാണ്.

‘ഹാർട്ട് ഗൈഡി’ൽ അദ്ദേഹം എഴുതുന്നു: “ഹൃദയത്തെയും ഹൃദയസംരക്ഷണത്തേയും പറ്റി പൊതുജനങ്ങളെ ബോധവാന്മാരാക്കുകയെന്ന കർത്തവ്യം ഏറ്റെടുത്തു നടത്തുന്ന പ്രസ്ഥാനങ്ങൾ നിരവധിയുണ്ട്. എങ്കിലും ഈ വിഷയത്തിലുള്ള സമാന്യ വിജ്ഞാനം പൊതുജനത്തിനാവശ്യമായ അളവിൽ കൃത്യമായി എത്തിക്കുകയെന്നത് പലപ്പോഴും ഒരു വെല്ലുവിളിയായി അവശേഷിക്കുന്നു. ഈ വെല്ലുവിളി ഏറ്റെടുക്കേണ്ട ബാധ്യത സയൻസ് ഇന്റർനാഷനലിനും ഉണ്ടെന്ന് അതിന്റെ പ്രവർത്തകർ തിരിച്ചറിയുന്നു. ആ തിരിച്ചറിവിന്റെ പ്രതിഫലനമാണ് ഈ പ്രസിദ്ധീകരണം. തുടക്കം ഹൃദയത്തിലാണ്. ഇനിയും പലതും പറയാനുണ്ട്. വരും ലക്കങ്ങളിൽ മറ്റ് പ്രധാന വിഷയങ്ങൾ വായനക്കാർക്ക് പ്രതീക്ഷിക്കാം.”

മേൽവിലാസം:
സയൻസ് ഇന്റർനാഷനൽ,
കെ-5, കൊച്ചാർ റോഡ്,
ശാസ്തമംഗലം,
തിരുവനന്തപുരം – 10
ഫോൺ 0471-2311174, 944657567

ഇംഗ്ലീഷിലുള്ള പ്രസിദ്ധീകരണമായ The Letters-നെക്കുറിച്ച് ഇംഗ്ലീഷ് ബ്ലോഗിൽ എഴുതുന്നതാണ്.

Monday, November 16, 2009

മലബാർ കലാപം 1921-‘22

ചരിത്രകാരനും ചരിത്രാദ്ധ്യാപകനുമെന്ന നിലയിൽ പ്രശസ്തനായ ഡോ. എം. ഗംഗാധരൻ രചിച്ച “The Malabar Rebellion” എന്ന ഗ്രന്ഥത്തിന്റെ മലയാള പരിഭാഷ ‘മലബാർ കലാപം 1921 – ‘22“ എന്ന പേരിൽ ഡി.സി. ബുക്സ് പ്രസിദ്ധീകരിച്ചിരിക്കുന്നു. എ.പി.കുഞ്ഞാമു ആണ് പുസ്തകം പരിഭാഷപ്പെടുത്തിയിട്ടുള്ളത്.

പ്രസാധകർ പുസ്തകം അവതരിപ്പിക്കുന്നതിങ്ങനെ: “കർഷകകലാപം, സാമുദായിക കലാപം, വർഗീയ ലഹള, ജന്മിത്വവിരുദ്ധകലാപം, ബ്രിട്ടീഷ് ആധിപത്യത്തിനെതിരെയുള്ള കലാപം എന്നിങ്ങനെ 1921-22 കാലഘട്ടത്തിൽ മലബാറിൽ നടന്ന പോരാട്ടങ്ങളെക്കുറിച്ച് വിവിധ വ്യാഖ്യാനങ്ങളുണ്ട്. വസ്തുതകളുടെയും രേഖകളുടെയും അടിസ്ഥാനത്തിൽ ആ പോരാട്ടങ്ങളെ വിവരിക്കുകയാണ് പ്രശസ്ത ചരിത്രപണ്ഡിതനായ എം. ഗംഗാധരൻ. ഒരേയൊരു തലം മാത്രമല്ല പോരാട്ടങ്ങൾക്കുള്ളതെന്നും ചരിത്രത്തെ തുറന്നിടുകയാണ് വേണ്ടതെന്നുമുള്ള ഒരു കാഴ്ചപ്പാടിലൂടെ മലബാർ കലാപരേഖകൾ നിരത്തുന്ന വ്യത്യസ്തമായ ചരിത്രപഠനം.”

ഡോ. ഗംഗാധരൻ മലബാർ കലാപത്തിന്റെ ആഘാതവും പ്രത്യാഘാതവും ഇങ്ങനെ വിലയിരുത്തുന്നു: “മലബാർ കലാപത്തിന്റെ അടിസ്ഥാനസ്വഭാവം വർഗ്ഗീയമല്ല. എങ്കിലും അതിന്റെ ആഘാതവും അനന്തരഫലങ്ങളും വർഗ്ഗീയവികാരങ്ങളും വർഗ്ഗീയരാഷ്ട്രീയവും രാജ്യത്തുടനീളം മൊത്തത്തിൽ വളരുന്നതിൽ ഗണ്യമായ പങ്ക് വഹിച്ചിട്ടുണ്ട്. മലബാറിൽ കലാപത്തിനുശേഷം ദേശീയവാദികളുടെ പ്രവർത്തനം ഏതാണ്ട് അസാധ്യമായിത്തീർന്നു.“

Sunday, November 8, 2009

ഇരകളുടെ ലോകം

പ്രതിപക്ഷ നേതാവ് ഉമ്മൻ ചാണ്ടിയെ സംബന്ധിക്കുന്ന നർമ്മ കഥകൾ അടങ്ങുന്ന ഒരു പുസ്തകം കഴിഞ്ഞ ദിവസം കേന്ദ്ര സഹമന്ത്രി ശശി തരൂർ പ്രകാശനം ചെയ്യുകയുണ്ടായി. “കുഞ്ഞൂഞ്ഞ് കഥകൾ: അല്പം കാര്യങ്ങളും” എന്ന ആ പുസ്തകം രചിച്ചത് അദ്ദേഹത്തിന്റെ പ്രസ് സെക്രട്ടറിയായി പ്രവർത്തിക്കുന്ന പബ്ലിക് റിലേഷൻസ് വകുപ്പ് ഉദ്യോഗസ്ഥൻ പി.റ്റി. ചാക്കോ ആണ്. അതേ ചടങ്ങിൽ വെച്ച് ചാക്കോയുടെ “ഇരകളുടെ ലോകം” എന്ന പുസ്തകം ഞാൻ പ്രകാശനം ചെയ്തു. ദീപിക പത്രത്തിൽ പ്രവർത്തിക്കുന്ന കാലത്ത് എഴുതിയ അന്വേഷണാത്മക പരമ്പരകളുടെ സമാഹാരമാണ് അത്. ചാക്കോക്ക് പത്തിൽപരം പുരസ്കാരങ്ങൾ നേടിക്കൊടുത്ത, വ്യത്യസ്ത വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അഞ്ചു പരമ്പരകൾ അതിലുണ്ട്.

“ഹൃദയത്തിൽ പട്ടട എരിയുന്നവർ” എന്ന പരമ്പരയിൽ കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ ദുരിതം അനുഭവിക്കുന്നവരുടെ ജീവിതത്തിലേക്ക് ചാക്കോ വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നു. ഇരകളിൽ കമ്മ്യൂണിസ്റ്റുകാരുണ്ട്, കോൺഗ്രസ്സുകാരുണ്ട്, ആറെസ്സെസ്സുകാരുണ്ട്. രാഷ്ട്രീയ ലേബലുകൾക്കപ്പുറം അവരുടെ ദുരന്തത്തെ ഒരു മാനുഷികപ്രശ്നമെന്ന നിലയിൽ ചാക്കോ സമീപിക്കുന്നു. അപൂർവമായി ഒരു നേതാവിന്റെ മേൽ വാൾ പതിക്കുകയൊ ബുള്ളറ്റ് തുളച്ചുകയറുകയൊ ചെയ്യാറുണ്ടെങ്കിലും പൊതുവിൽ കണ്ണൂരിലെ അക്രമത്തിന്റെ ഇരകൾ പാവപ്പെട്ട മനുഷ്യരാണ്. പലരും കൂലിപ്പണിക്കാർ.

ലോക്കപ്പുകളിൽ അവസാനിച്ച ജീവിതങ്ങളുടെ കഥയാണ് ചാക്കോ “മൂന്നാം മുറയിൽ ചിതറിയവർ” എന്ന പരമ്പരയിൽ പറയുന്നത്. കുറ്റവാളികളായ പൊലീസുകാരെ നിയമത്തിനു മുമ്പിലെത്തിച്ച് ശിക്ഷ വാങ്ങിക്കൊടുത്ത ഡി.വൈ.എസ്.പി. രാജശേഖര കാരണവരുടെ ദുർമരണവും പരാമർശിക്കപ്പെടുന്നുണ്ട്.

കോവളത്തെ വിദേശ വിവാഹങ്ങളാണ് ചാക്കോ അന്വേഷണവിധേയമാക്കുന്ന മറ്റൊരു വിഷയം. ലോട്ടറി പോലെ ചിലർ അതിലൂടെ രക്ഷപ്പെട്ടപ്പോൾ ബഹുഭൂരിപക്ഷം പെണ്ണുങ്ങളും ജീവിതം തുലച്ചതായി ലേഖകൻ കണ്ടെത്തുന്നു.

“കരിമണലിലെ കറുത്ത പണം” എന്ന പരമ്പരയിൽ ചാക്കോ പൊതുസ്വത്ത് കൈക്കലാക്കാൻ സ്വകാര്യ സംരംഭകർ നടത്തുന്ന ശ്രമങ്ങൾ തുറന്നുകാട്ടുന്നു. അധികമൊന്നും അറിയപ്പെടാത്ത മൊണാസൈറ്റിന്റെ ചരിത്രവും അതിൽ അനാവരണം ചെയ്യപ്പെടുന്നു.

പുതിയ ആഗോള സാമ്പത്തിക വ്യവസ്ഥ സംബന്ധിച്ച ചർച്ചകൾ നടക്കുന്ന കാലത്ത് സംസ്ഥാനത്ത് നിലനിന്നിരുന്ന ആശങ്കകൾ പ്രതിഫലിക്കുന്ന പരമ്പരയാണ് “ആഗോളവത്കരണവും കാർഷിക കേരളവും”. ആഗോളവത്കരണം റബർ കർഷകരെ പ്രതികൂലമായി ബാധിക്കുമെന്ന ഭയം അന്ന് നിലനിന്നിരുന്നു. എന്നാൽ ആസിയാൻ കരാർ കേരളത്തിൽ പുതിയ ആശങ്കകൾ ഉയർത്തുമ്പോൾ, റബർ കർഷകരെ മാത്രമാണ് വിദേശ വെല്ലുവിളി നേരിടാൻ പ്രാപ്തിയുള്ളവരായി നമുക്ക് കാണാൻ കഴിയുന്നത്.

പ്രഭാത് ബുക് ഹൌസ് ആണ് “ഇരകളുടെ ലോകം” പ്രസിദ്ധീകരിച്ചിട്ടുള്ളത്. വില 115 രൂപ.

Thursday, November 5, 2009

മാറുന്ന കേരളത്തിൽ മാറാതെ നിൽക്കുന്ന ഒരിടം

അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഒരു പ്രദേശമാണ് കേരളം. കഴിഞ്ഞ നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ ഇതൊരു ദരിദ്രസംസ്ഥാനമായിരുന്നു. പുറത്തുനിന്ന് വലിയ തോതിൽ പണം ഒഴുകിയെത്തി തുടങ്ങിയതോടെ കേരളം ദാരിദ്ര്യത്തിൽ നിന്ന് കരകയറാൻ തുടങ്ങി. ഇപ്പോൾ ഇതൊരു സമ്പന്നസംസ്ഥാനമാണ്. പുറത്തുനിന്നുള്ള പണം പല ചാലുകളിലൂടെ ഒഴുകുന്നു. ആ ചാലുകളുടെ ഇരുവശത്തുമുള്ളവർക്ക് അതിന്റെ ഗുണം ഏറിയൊ കുറഞ്ഞൊ ലഭിക്കുന്നു. തീരദേശത്തുകൂടി യാത്രചെയ്യുമ്പോൾ സംസ്ഥാനത്തിന്റെ തെക്കേ അറ്റം മുതൽ വടക്കേ അറ്റം വരെ വലിയ തോതിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതായി കാണാം. ഗ്രാമങ്ങൾ നഗരങ്ങളായി മാറുന്നു. നഗരങ്ങൾ വൻ‌നഗരങ്ങളായി മാറുന്നു. ഗ്രാമനഗരത്തുടർച്ചയായിരുന്ന തീരപ്രദേശം നഗരത്തുടർച്ചയായി മാറുന്നു. എല്ലായിടത്തും മുൻപ് കണ്ടതിൽ നിന്ന് വ്യത്യസ്തമായ കാഴ്ചകൾ നമ്മെ കാത്തിരിക്കുന്നു.

ഇങ്ങനെ നാട് അതിവേഗം മാറിക്കൊണ്ടിരിക്കുമ്പോൾ ഒരു പ്രദേശം മാറ്റമില്ലാതെ നിൽക്കുന്നത് ഒന്ന് ചിന്തിച്ച് നോക്കുക. സമയം പോയതറിയാതെ മരവിച്ചു നിൽക്കുന്ന ഒരിടം. അത്തരത്തിലുള്ള ഒരനുഭവമാണ് ഒൿടോബർ 7ന് കൊല്ലം ജില്ലയിലെ പരവൂർ എന്ന സ്ഥലത്തുള്ള കോട്ടപ്പുറം ഹൈസ്കൂളിൽ പോയപ്പോൾ എനിക്കുണ്ടായത്. ഞാൻ ആദ്യം പഠിച്ച സ്കൂളാണത്. നാലു കൊല്ലം പ്രൈമറി സ്കൂളിൽ പഠിപ്പിക്കുന്നതെല്ലാം വീട്ടിലിരുന്നു പഠിച്ചശേഷം 1938ൽ ഞാൻ അവിടെ പ്രിപ്പാരട്ടറി ക്ലാസിൽ ചേർന്നു. അന്ന് അതിന്റെ പേർ കോട്ടപ്പുറം ഇംഗ്ലീഷ് ഹൈസ്കൂൾ എന്നായിരുനുന്നു. (അധ്യയന ഭാഷ മാറിയപ്പോൾ പേരിൽ നിന്ന് ‘ഇംഗ്ലീഷ്’ ഒഴിവാക്കപ്പെട്ടു.) മൂന്നര കൊല്ലം അവിടെ പഠിച്ചശേഷം 1942ൽ കൊല്ലത്തെ ക്രേവൻ എൽ.എം.എസ്. സ്കൂളിലേക്ക് പോയി. അതിനുശേഷം പല തവണ പരവൂരിൽ പോയെങ്കിലും സ്കൂളിൽ പോകാൻ അവസരമുണ്ടായില്ല. അടുത്ത കാലത്ത് രൂപീകൃതമായ പൂർവ വിദ്യാർത്ഥി സംഘടനയുടെ അദ്ധ്യക്ഷനും മുൻ‌മന്ത്രിയുമായ സി.വി. പത്മരാജൻ ഒരു ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണിച്ചപ്പോൾ അതിയായ സന്തോഷമുണ്ടായി. നീണ്ട 67 കൊല്ലങ്ങൾക്കുശേഷം സ്കൂൾ സന്ദർശിക്കാൻ അവസരം ലഭിച്ചിരിക്കുന്നു! വളരെ കാലം സ്കൂളിലെ പ്രഥമാ‍ദ്ധ്യാപകാനായിരുന്ന കെ. കുഞ്ഞുണ്ണിപ്പിള്ളയുടെ 101-‍ാം ജന്മവാർഷികാഘോഷമാണ് പ്രധാന പരിപാടിയെന്നത് ആഹ്ലാദം വർദ്ധിപ്പിച്ചു.

സ്കൂൾ പറമ്പിൽ കടന്നപ്പോൾ എല്ലാം ഞാൻ അവിടം വിട്ടപ്പോഴത്തെ അവസ്ഥയിൽ നിൽക്കുന്നു. അതേ മരങ്ങൾ, അതേ കെട്ടിടങ്ങൾ, കൂടുതൽ പഴകിയ അവസ്ഥയിൽ. ഹെഡ്മാസ്റ്ററുടെ മുറിയിൽ ചെന്നപ്പോൾ അവിടെ ശ്രീ ചിത്തിര തിരുനാൾ ബാലരാമ വർമ്മ മഹാരാജവിന്റെ ഒരു അർദ്ധകായ പ്രതിമയും ഛായാചിത്രവും. അതും എന്റെ കാലത്ത് ഉണ്ടായിരുന്നതാവണം. മാറ്റം സൂചിപ്പിക്കുന്ന എന്തെങ്കിലും കണ്ടെത്താൻ ഞാൻ നാലുപാടും നോക്കി. അപ്പോൾ സ്കൂൾ കെട്ടിടങ്ങൾക്കപ്പുറം ഉയർന്നു നിൽക്കുന്ന മൊബൈൽ ടവ്വറുകൾ കണ്ടു. പരവൂർ മാറിയിരിക്കുന്നു. മാറാത്തത് കോട്ടപ്പുറം സ്കൂൽ മാത്രം.

ഞാൻ അവിടെ പഠിക്കുമ്പോൾ കുഞ്ഞുണ്ണിപ്പിള്ള സാർ കുട്ടികൾക്ക് പ്രിയങ്കരനായ, ഖദർധാരിയായ, യുവ അദ്ധ്യാപകനായിരുന്നു. പിൽക്കാലത്ത് അദ്ദേഹം പ്രധാന അദ്ധ്യാപകനായി. പരവൂരിൽ കമ്മ്യുണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിൽ അദ്ദേഹം വലിയ പങ്ക് വഹിച്ചതായി ചടങ്ങ് ഉത്ഘാടനം ചെയ്ത പൂർവ വിദ്യാർത്ഥിയും തൊഴിൽ മന്ത്രിയുമായ പി.കെ. ഗുരുദാസൻ പറഞ്ഞു. പൂർവ വിദ്യാർത്ഥിയും പൂർവ അദ്ധ്യാപകനുമായ പത്മരാജൻ കുഞ്ഞുണ്ണിപ്പിള്ള സാറിന്റെ ഛായാചിത്രം അനാച്ഛാദനം ചെയ്തു. അവിടെ എന്റെ സമകാലികനായിരുന്ന അലിഗഢ് സർവകലാശാലാ മുൻ പ്രോവൈസ് ചാൻസലർ കെ.എം. ബഹാവുദ്ദീൻ മുഖ്യ പ്രഭാഷണം നടത്തി. കുഞ്ഞുണ്ണിപ്പിള്ള സാറിന്റെ ഭാര്യ ശ്രീമതി പി. വസന്തകുമാരിദേവി അമ്മയെയും അദ്ദേഹത്തോടൊപ്പം അവിടെ സേവനം അനുഷ്ഠിച്ച അധ്യാപകരെയും പൊന്നാട അണിയിക്കുന്ന ചുമതലയാണ് സംഘാടകർ എനിക്ക് നൽകിയത്.

ഒരു പാഠപുസ്തകത്തിലെ ‘മതമില്ലാത്ത ജീവൻ’ എന്ന പാഠം ഉയർത്തിയ വാദങ്ങൾ കേരളത്തിൽ അലയടിച്ചുകൊണ്ടിരുന്ന സമയത്ത് മാതൃഭൂമി ആഴ്ചപ്പതിപ്പ് എന്റെ വിദ്യാർത്ഥികാലത്തെ ജ്ഞാനനിർമ്മിതിയെക്കുറിച്ച് ഒരു ലേഖനം എഴുതാൻ എന്നോട് ആവശ്യപ്പെട്ടിരുന്നു. സ്കൂളുകളിൽ ചെലവഴിച്ച കാലത്തെ ഓർമ്മകൾ പുതുക്കാൻ അത് എന്നെ സഹായിച്ചു. അപ്പോഴാണ് കോട്ടപ്പുറം സ്കൂൾ എനിക്ക് എത്രയധികം ഗുണം ചെയ്തുവെന്ന് ഞാൻ തിരിച്ചറിഞ്ഞത്.

കോട്ടപ്പുറം സ്കൂൾ 102 കൊല്ലം മുമ്പാണ് സ്ഥാപിതമായത്. വളരെക്കാലം അത് കൊല്ലത്തിനും ആറ്റിങ്ങലിനും ഇടയ്ക്കുള്ള ഏക ഇംഗ്ലീഷ് ഹൈസ്കൂൾ ആയിരുന്നു. അതുകൊണ്ടു തന്നെ പരവൂരിനു പുറത്തുനിന്ന് അത് ധാരാളം വിദ്യാർത്ഥികളെ ആകർഷിച്ചിരുന്നു. ഇന്ന് അത് പരിതാപകരമായ അവസ്ഥയിലാണ്. രക്ഷകർത്താക്കൾക്ക് താല്പര്യം ഇംഗ്ലീഷ് മീഡിയത്തിലാകയാൽ, മറ്റ് സർക്കാർ എയ്ഡഡ് സ്കൂളുകളെപ്പോലെ ഇപ്പോൾ അതിന് കുട്ടികളെ ആകർഷിക്കാനാകുന്നില്ല. മറ്റൊരു പ്രശ്നം മാനേജ്‌മെന്റ് ദുർബലമാണെന്നതാണ്. രണ്ട് കുടുംബംഗങ്ങൾ സംയുക്തമായാണ് സ്കൂൾ ഭരിക്കുന്നത്. സ്കൂളിന്റെ അവസ്ഥ മെച്ചപ്പെടുത്തുന്നതിൽ അവർ വേണ്ടത്ര താല്പര്യം കാട്ടുന്നില്ലെന്ന് പറയപ്പെടുന്നു. സ്കൂൾ മെച്ചപ്പെടുത്തുന്നതിന് പദ്ധതി തയ്യാറാക്കിയാൽ സഹായം നൽകാൻ പൂർവ വിദ്യാർത്ഥികളുടെ ഒരു വലിയ സമൂഹം പരവൂരിലും പുറത്തുമുണ്ട്.

ഞാൻ പഠിക്കുന്ന കാലത്ത് കോട്ടപ്പുറം സ്കൂളിൽ ആൺകുട്ടികളും പെൺകുട്ടികളും ഉണ്ടായിരുന്നു. ഇപ്പോൾ അവിടെ ആൺകുട്ടികളേയുള്ളു. അത് ആൺപള്ളിക്കൂടമായ കഥ പത്മരാജൻ പറഞ്ഞു. അടുത്തു എസ്. എൻ. വി. സ്കൂൾ എന്നൊര്രു മിഡിൽ സ്കൂൾ ഉണ്ടായിരുന്നു. സാധാരണയായി ഈഴവ കുടുംബങ്ങളിലെ കുട്ടികൾ അവിടെ മിഡിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷമെ നായർ ഉടമഥതയിലുള്ള കോട്ടപ്പുറം സ്കൂളിൽ വന്നിരുന്നുള്ളു. എസ്.എൻ.വി. സ്കൂൾ ഹൈസ്കൂളായി ഉയർത്താൻ ശ്രമം നടത്തിയപ്പോൾ അവിടെനിന്ന് ഉയർന്ന ക്ലാസുകളിലേക്കുള്ള കുട്ടികളുടെ വരബ് നിലയ്ക്കുമെന്നതുകൊണ്ട് കോട്ടപ്പുറം സ്കൂൾ മാനേജ്‌മെന്റ് എതിർത്തു. പനമ്പള്ളി ഗോവിന്ദമേനോൻ ആയിരുന്നു വിദ്യാഭ്യാസ മന്ത്രി. രണ്ട് സമുദായങ്ങളും തമ്മിലുള്ള മത്സരം തീർക്കാൻ അദ്ദേഹം ഒരു മാർഗ്ഗം കണ്ടെത്തി. എസ്.എൻ.വി. സ്കൂൾ ഹൈസ്കൂളായി ഉയർത്താൻ അനുവദിക്കുക. അതിനെ പെൺപള്ളിക്കൂടമാക്കുക. കോട്ടപ്പുറം ഹൈസ്കൂളിനെ ആൺപള്ളിക്കൂടവുമാക്കുക. അങ്ങനെ രണ്ട് സമുദായങ്ങളിലെയും ആൺകുട്ടികൾ ഒന്നിച്ച് കോട്ടപ്പുറം സ്കൂളിലും പെൺകുട്ടികൾ ഒരുമിച്ച് എസ്.എൻ.വി.സ്കൂളിലും പഠിക്കാൻ തുടങ്ങി..

Wednesday, November 4, 2009

വർക്കല കൊലപാതകം സി.ബി.ഐ. അന്വേഷിക്കണമെന്ന് ദലിത് ആക്ഷൻ കൌൺസിൽ

വർക്കലയിലെ ശിവപ്രസാദിന്റെ കൊലപാതകം സംബന്ധിച്ച അന്വേഷണം സി.ബി.ഐ.ക്ക് വിടണമെന്ന് വിവിധ ദലിത് സംഘടനകൾ ചേർന്ന് രൂപീകരിച്ച ദലിത് ആക്ഷൻ കൌൺസിൽ മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.

ബി.എസ്.പി., ദലിത് സേവാ സമിതി, അംബേദ്കർ ഐക്യവേദി എന്നിവയും വിവിധ ദലിത് ക്രൈസ്തവ സംഘടനകളും ഉൾപ്പെടെ 14 സംഘടനകളുടെ സംയുക്ത വേദിയാണ് ദേശീയ അധ;കൃത വർഗ്ഗ ലീഗിന്റെ സംസ്ഥാന പ്രസിഡന്റ് കരകുളം സത്യകുമാർ അദ്ധ്യക്ഷനായുള്ള ആക്ഷൻ കൌൺസിൽ.

സത്യകുമാറുമായി പി.ജയചന്ദ്രൻ നടത്തിയ അഭിമുഖസംഭാണത്തിന്റെ റിപ്പോർട്ട് “ഡി.എച്ച്.ആർ.എമ്മിന്റെ മറവിൽ ദലിത് കോളനികളിൽ പൊലീസ് തേർവാഴ്ച” എന്ന തലക്കെട്ടിൽ കേരള ശബ്ദം ഈയാഴ്ച (നവംബർ 15, 2009ലെ ലക്കം) പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വർക്കല സംഭങ്ങളെ സംബന്ധിച്ച് പൊലീസ് നൽകിയിട്ടുള്ളതും മാധ്യമങ്ങൾ പ്രചരിപ്പിച്ചതുമായ ചില കഥകൾ സത്യകുമാർ അഭിമുഖസംഭാഷണത്തിൽ ചോദ്യം ചെയ്യുന്നുണ്ട്. ജയചന്ദ്രന്റെ റിപ്പോർട്ടിൽ നിന്ന്:

വർക്കലയിൽ കൊല ചെയ്യപ്പെട്ട ശിവപ്രസാദ് മുൻപ് ശിവസേനക്കാരനായിരുന്നു. പിന്നീട് വിട്ടുപോയി…

മറ്റൊരാരോപണം ശ്രീനാരായണഗുരുവിന്റെ പ്രതിമ തകർത്തു എന്നുള്ളതാണ്. ഒരിക്കലും ദലിതരായി ജനിച്ചവരാരും ശ്രീനാരായണ പ്രതിമ തകർക്കില്ല. അംബേദ്കറേയും അയ്യങ്കാളിയേയും പോലെതന്നെ ശ്രീനാരായണഗുരുവിനെയും ആരാധിക്കുന്നവരാണ് ദലിതർ…

പൊലീസ് മറച്ചുപിടിച്ച ശിവപ്രസാദിന്റെ ശിവസേനയുമായുള്ള പൂർവബന്ധത്തെക്കുറിച്ച് മറ്റൊരു ദലിത് നേതാവായ പന്തളം രാജേന്ദ്രനിൽ നിന്നും ഞാൻ നേരത്തെ കേട്ടിരുന്നു. സംഘടന വിട്ട ശിവപ്രസാദിനെ തിരികെ കൊണ്ടുവരാൻ താൻ ശ്രമിച്ചിരുന്നതായി ശിവസേനയുടെ മുൻ സംസ്ഥാന സെക്രട്ടറി തന്നോട് പറഞ്ഞതായി ദലിത്-മനുഷ്യാവകാശ പ്രവർത്തകരുടെ ഒരു യോഗത്തിൽ സംസാരിക്കവെ രാജേന്ദ്രൻ വെളിപ്പെടുത്തി.

Monday, November 2, 2009

നമ്മൾ/അവർ: സാമൂഹികാവസ്ഥയെ നിർവചിക്കുന്ന ദ്വന്ദം

കാലത്ത് നടക്കാൻ പോയ വർക്കലയിലെ ശിവപ്രസാദിനെ ഒരു കാരണവും കൂടാതെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയെന്ന വാർത്ത കേരളത്തെ ഞെട്ടിച്ചു. കൊലപാതകം നമുക്ക് പുത്തരിയല്ല. പക്ഷെ അതിന് ഒരു കാരണം വേണം. അത് കുടുംബവഴക്കാകാം, വസ്തുതർക്കമാകാം, രാഷ്ട്രീയ പകപോക്കലാകാം. ‘മോട്ടീവി’ന്റെ അഭാവത്തിൽ പ്രതി കുറ്റക്കാരനാണെന്ന് സംശയാതീതമായി തെളിയിക്കാൻ പ്രയാസമുണ്ടാകുമെന്നതുകൊണ്ട് കൊലപാതകം അന്വേഷിക്കുന്ന പൊലീസിന് കാരണം കണ്ടെത്തേണ്ടതുണ്ട്. കാരണം എന്തായാലും അത് അറിയുമ്പോൾ നാം ഏറെക്കുറെ തൃപ്തരാകും, അതോടെ കൊലയുമായി നമുക്ക് പൊരുത്തപ്പെടാനുമാകും.

വർക്കലയിൽ പൊലീസ് വളരെ വേഗം കാരണം കണ്ടെത്തി. ദലിത് ഹ്യൂമൻ റൈറ്റ്സ് മൂവ്‌മെന്റ് (ഡി.എച്ച്.ആർ.എം) എന്നൊരു തീവ്രവാദി സംഘടന അതിന്റെ ശക്തി നാട്ടുകാരെ ബോധിപ്പിക്കാനായി കൊലപാതകം നടത്തുകയായിരുന്നു. മറ്റൊരാളെ കൊല്ലാൻ നടത്തിയ ശ്രമം പരാജയപ്പെട്ടശേഷമാണ് ശിവപ്രസാദിനെ വെട്ടിയത്. കേരളത്തിലെ മദ്ധ്യവർഗ്ഗ സമൂഹം അതുകേട്ട് പകച്ചു നിന്നു. “നിരപരാധിയായ ശിവപ്രസാദിനു ഇത് സംഭവിക്കാമെങ്കിൽ എനിക്കും നിങ്ങൾക്കും ഇത് സംഭവിക്കാം“ എന്ന് അവർ ഭയത്തോടെ ഓർത്തു. ശിവപ്രസാദ് ‘നമ്മളി’ൽ ഒരാളാണ്. കൊലയാളികൾ ‘നമ്മളി’ൽ പെടുന്നവരല്ല. ‘അവരി’ൽ പെടുന്നവരാണ്.

ശിവപ്രസാദിന്റെ കൊലപാതകത്തെയും കാരണം കണ്ടെത്തലിനെയും തുടർന്ന് പൊലീസ് വ്യാപകമായ ദലിത് വേട്ട ആരംഭിച്ചു. അവർ നിരവധി യുവാക്കളെ കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ചു. അറസ്റ്റും പീഡനവും ഭയന്ന് ആണുങ്ങൾ ഒളിവിൽ പോയി. തൊടുവെ കോളനിയിൽ ശിവസേന പ്രവർത്തകർ ഡി.എച്ച്.ആർ.എം പ്രവർത്തകർക്കെതിരെ വൻ തോതിൽ അക്രമം അഴിച്ചുവിട്ടു. അവർ ഒമ്പത് വീടുകൾ ആക്രമിച്ച് വസ്തുവഹകൾ നശിപ്പിച്ചു. കുട്ടികളുടെ പാഠപുസ്തകങ്ങൾ വലിച്ചുകീറി. അതൊന്നും വാർത്തയായില്ല. അത് സംഭവിച്ചത് ‘നമ്മൾ‘ക്കല്ലല്ലൊ, ‘അവർ‘ക്കല്ലേ?

ഈ സംഭവപരമ്പരകൾ നടന്ന് ഒരു മാസത്തിനുശേഷം വസ്തുതാപഠനത്തിന് വർക്കലയിലെത്തിയ മനുഷ്യാവകാശപ്രവർത്തകർ കോളനികളിലെ അവസ്ഥയെ കുറിച്ച് മാധ്യമങ്ങളെ അറിയിച്ചു. ശിവപ്രസാദിന്റെ മരണം ഞെട്ടിപ്പിച്ച മദ്ധ്യവർഗ്ഗത്തെ കോളനിനിവാസികളുടെ ദുര്യോഗം ഞെട്ടിപ്പിച്ചില്ല. ശിവപ്രസാദിന് സംഭവിച്ചത് നമുക്കും സംഭവിക്കാവുന്നതാണ്. എന്നാൽ ദലിതർക്ക് സംഭവിച്ചത് ‘നമ്മൾ’ക്ക് സംഭവിക്കില്ല. അത് ‘അവർ‘ക്കു മാത്രം സംഭവിക്കുന്നതാണ്.

ദലിത് ജനാധിപത്യ ഐക്യമുന്നണി ഒൿടോബർ 27ന് പൊലീസ്-ശിവസേനാ അതിക്രമങ്ങൾക്കെതിരെ വർക്കല പൊലീസ് സ്റ്റേഷനു മുന്നിൽ ധർണ്ണ നടത്തി. ഏകദേശം 1,000 പേർ പങ്കെടുത്തു. ആണുങ്ങൾ ഒളിവിൽ തുടരുന്നതുകൊണ്ട് അത് ഫലത്തിൽ പെണ്ണുങ്ങളുടെ പ്രകടനമായി മാറി. ധർണ്ണയിൽ പങ്കെടുത്തവർ തൊടുവെയിൽ തിരിച്ചെത്തിയപ്പോൾ ശിവസേന അവരെ ആക്രമിച്ചു. ഏഴു പെണ്ണുങ്ങൾ രാത്രി പരിക്കുകളോടെ ആശുപതികളിൽ പ്രവേശിപ്പിക്കപ്പെട്ടു. അതും വലിയ പ്രശ്നമായില്ല. കാരണം അത് ‘നമ്മൾ’ക്ക് സംഭവിക്കാവുന്നതല്ല, ‘അവർ’ക്കു മാത്രം സംഭവിക്കുന്നതാണ്.

ഡി.എച്ച്.ആർ.എം. പ്രവർത്തകർ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നിൽ ധർണ്ണ നടത്തി. ആണും പെണ്ണുമായി ഏകദേശം 200 പേർ ഉണ്ടായിരുന്നു. എല്ലാവരും ഒരേ വേഷം ധരിച്ചിരുന്നു -- ബി.ആർ.അംബദ്കറുടെ ചിത്രം ആലേഖനം ചെയ്ത കറുത്ത ടി-ഷർട്ടും ജീൻസും. പ്രകടനത്തിന്റെ ദൃശ്യങ്ങൾ മദ്ധ്യവർഗ്ഗത്തിന്റെ ഭീതി വർദ്ധിപ്പിച്ചു. പട്ടാളക്കാരെപ്പോലെ യൂണിഫാം ധരിക്കുന്നെങ്കിൽ അവർ ഭീകരന്മാർ തന്നെയാകണമല്ലൊ. സി.പി.എമ്മിന്റെ യൂണിഫോമിട്ട റെഡ് വോളന്റിയർമാർ ബാൻഡുമായി മാർച്ച് ചെയ്യുന്നത് കാണുമ്പോഴില്ലാത്ത ഭയം ഡി.എച്ച്.ആർ.എം പ്രവർത്തകർ യൂണിഫോമിട്ട് വരിവരിയായി ഇരിക്കുന്നതു കാണുമ്പോൾ ഉണ്ടാകുന്നതെന്നുകൊണ്ടാണ്?

“ഞങ്ങളുടെ കറുത്ത യൂനിഫോമിൽ മാത്രം ദുരൂഹതയും തീവ്രതയും കാണുന്നുവെങ്കിൽ അത് ആ വേഷത്തോടുള്ള വിരോധം കൊണ്ടല്ല, ഞങ്ങളുടെ കറുത്ത തൊലിയോടുള്ള അടങ്ങാത്ത വിദ്വേഷം മൂലമാണ്“ എന്ന് ഡി.എച്ച്.ആർ.എം. ചെയർമാൻ വി. വി. ശെൽ‌വരാജ് ഈയിടെ പറയുകയുണ്ടായി. എന്നാൽ ആ വേഷത്തെ വെറുക്കാൻ കേരളത്തിലെ മദ്ധ്യവർഗ്ഗത്തിന് കറുപ്പ് നിറം കൂടാതെ വേറെയും കാരണങ്ങളുണ്ട്. ഒന്ന് അത് പാശ്ചാത്യമാണെന്നതാണ്. മറ്റൊന്ന് ആണും പെണ്ണും ഒരേ യൂണിഫോം ധരിക്കുന്നെന്നതാണ്.

ആർ.എസ്.എസിന് തുടക്കം മുതൽ യൂണിഫോമുണ്ട്. അത് വന്നത് ഭാരതത്തിന്റെ സാംസ്കാരിക പാരമ്പര്യത്തിൽ നിന്നല്ല. വെള്ളക്കാരന്റെ സൈനിക പാരമ്പര്യത്തിൽ നിന്നാണ്. ‘നമ്മൾ’ യൂണിഫോം ധരിക്കും, പക്ഷെ ‘അവർ’ക്ക് യൂണിഫോം ധരിക്കാൻ എന്തവകാശമാണുള്ളത്? ഇനി യൂണിഫോം ധരിക്കാൻ അനുവദിച്ചാൽ തന്നെ ആർ. എസ്.എസിന്റെ നിക്കറിനേക്കാളും സി.പി.എമ്മിന്റെ ട്രൌസറിനേക്കാളും ആധുനികമായ ടീ-ഷർട്ടും ജീൻസും ധരിക്കാമൊ?

ഡി.എച്ച്.ആർ.എമ്മിന്റെ യൂണിഫോം പുരുഷമേധാവിത്വം കല്പിച്ചിട്ടുള്ള ലിംഗവിഭജനത്തെ പരസ്യമായി വെല്ലുവിളിക്കുന്ന ഒന്നാണ്. സി.പി.എം പോലും ആണുങ്ങൾക്കു മാത്രമെ ട്രൌസർ ധരിക്കാനുള്ള അവകാശം നൽകിയിട്ടുള്ളൂ. റെഡ് പെണ്ണുങ്ങളുടെ യൂണിഫോം സാരിയാണ്. ‘നമ്മൾ’ പെണ്ണുങ്ങളെ സാരിയിൽ നിന്ന് ചുരിദാരിലേക്ക് പോലും മാറ്റാത്തപ്പോഴാണ് ‘അവർ‘ പ്ര്ണ്ണുങ്ങലെ ജീൻസ് ധരിപ്പിക്കുന്നത്. ആ ധിക്കാരം എങ്ങനെ പൊറുക്കാനാകും?