Wednesday, June 10, 2009

പൊലീസിന്റെ രാഷ്ട്രീയ പക്ഷപാതിത്വവും അധികാരദുർവിനിയോഗബും

കേരളാ പൊലീസ് അസോസിയേഷന്റെ മുഖപത്രമായ കാവൽ കൈരളിയുടെ മേയ് ലക്കത്തിലെ മുഖപ്രസംഗം ആ സംഘടനയുടെ രാഷ്ട്രീയ പക്ഷപാതിത്വത്തിന് തെളിവാണ്. അസോസിയേഷന്റെ പ്രാതിനിധ്യസ്വഭാവം പരിഗണിക്കുമ്പോൾ അതിനെ പൊലീസ് സേനയെ മൊത്തത്തിൽ ബാധിച്ചിട്ടുള്ള രാഷ്ട്രീയ ചായ്‌വിന്റെ സൂചനയായും കാണാം. മറ്റൊരു വസ്തുതയും അതിൽനിന്ന് വായിച്ചെടുക്കാം. ഒന്നുകിൽ പൊലീസിന്റെ അധികാരത്തിന്റെ പരിമിതിയെക്കുറിച്ച് സേനാംഗങ്ങൾക്ക് വേണ്ടത്ര അറിവില്ല. അല്ലെങ്കിൽ പരിമിതികൾ മാനിക്കാൻ അത് തയ്യാറല്ല.

ലോക് സഭാ തെരഞ്ഞെടുപ്പിനുശേഷം അറസ്റ്റു ചെയ്യപ്പെട്ട മൂന്നു പേരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് കെ. സുധാകരൻ എം.എൽ.എ. (അദ്ദേഹം തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയുമായിരുന്നു) കണ്ണൂർ പൊലീസ് സ്റ്റേഷനിൽ നടത്തിയ സത്യാഗ്രഹമാണ് ‘ക്രമസമാധാനം – നേരും നെറിയും’ എന്ന തലക്കെട്ടിലുള്ള മുഖപ്രസംഗം എഴുതാൻ എഡിറ്റർ കെ. രാജനെ പ്രേരിപ്പിച്ചത്.

ഒരു പൊതു തത്ത്വം അവതരിപ്പിച്ചുകൊണ്ടാണ് പത്രാധിപർ വിഷയത്തിലേക്ക് കടക്കുന്നത്: “കുറ്റം ചെയ്യുന്നവരെയും കുറ്റകൃത്യത്തിൽ ഏർപ്പെടാൻ സാദ്ധ്യതയുള്ളവരെയും പിടികൂടി നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരിക എന്നത് പോലീസിന്റെ ജോലിയാണ്. എന്നാൽ അതിനെ തടസ്സപ്പെടുത്തുകയും നിയമത്തേയും നിയമവ്യവസ്ഥയേയും അപകടപ്പെടുത്തുംവിധം ജനനേതാക്കന്മാർ പ്രവർത്തിക്കുന്നത് അപകടകരമാണ്.“

കണ്ണൂർ സംഭവങ്ങളെക്കുറിച്ച് അദ്ദേഹം നൽകുന്ന വിവരം ഇതാണ്: “പൊതു തെരഞ്ഞെടുപ്പ് അവസാനിച്ചശേഷം കണ്ണൂരിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. അവരാകട്ടെ അന്യജില്ലക്കാരും നിരവധി ക്രിമിനൽ കേസ്സിൽ പ്രതികളുമാണ്. അവരുടെ അവിടത്തെ ആഗമന ഉദ്ദേശ്യത്തെപ്പറ്റി അന്വേഷണം നടത്തേണ്ടത് പോലീസിന്റെ കടമയാണ്. അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്ത് സത്യം കണ്ടെത്തേണ്ടതും നിരപരാധികളാണെകിൽ വിട്ടയക്കേണ്ടതും മറിച്ച് അക്രമത്തിനോ മോഷണത്തിനോ വന്നവരാണെങ്കിൽ അവരെ നിയമത്തിനു മുമ്പിൽ കൊണ്ടുവരാനുള്ള ബാദ്ധ്യതയും പോലീസിനുള്ളതാണ്. എന്നാൽ അറസ്റ്റ് ചെയ്തവരെ ചോദ്യം ചെയ്യാനെ പാടില്ല എന്ന ധാർഷ്ട്യത്തോടെ ഒരു എം.എൽ.എ. കണ്ണൂർ ഠൌൺ സി.ഐ. ഓഫീസിൽ കയറി അറസ്റ്റ് ചെയ്ത പോലീസിന് നേരെ അസഭ്യവർഷം നടത്തുകയും ചോദ്യം ചെയ്യാനൊരുങ്ങിയ സബ് ഇൻസ്‌പെക്ടറെ പിടിച്ചു തള്ളുകയും കൃത്യനിർവ്വഹണത്തിന് തടസം സൃഷ്ടിച്ച് പതിനഞ്ച് മണിക്കൂർ അനുയായികളോടൊപ്പം സത്യാഗ്രഹമിരുന്നതും തൊഴിൽ മര്യാദ ലംഘനവും തനികാടത്തവുമാണ്.“

മൂന്നു പേരുടെ അറസ്റ്റ് സംബന്ധിച്ച് പത്രാധിപർ നൽകുന്ന വിവരം പൊലീസ് നടപടിയെക്കുറിച്ച് സംശയങ്ങൾ ഉണർത്തുന്നു. ഒരാൾ അന്യജില്ലയിൽ നിന്ന് വന്നെന്നതും അയാൾ ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നതും അയാളെ അറസ്റ്റ് ചെയ്യാൻ മതിയായ കാരണങ്ങളല്ല. ഒരാളെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്ത് യാത്രോദ്ദേശ്യം കുറ്റകൃത്യം ചെയ്യാനല്ലെന്ന് ഉറപ്പ് വരുത്താൻ പൊലീസിന് അധികാരമില്ല. അയാൾ കുറ്റകൃത്യം ചെയ്യാൻ വന്നതാണെന്ന് വിശ്വസിക്കാൻ മതിയായ കാരണമുണ്ടെങ്കിലാണ് പൊലീസിന് ഇടപെടാൻ അവകാശമുള്ളത്. ചോദ്യം ചെയ്യാൻ ഒരാളെ കസ്റ്റഡിയിലെടുക്കാൻ പൊലീസിന് അധികാരമുണ്ട്. അതിന് അയാളെ അറസ്റ്റ് ചെയ്യേണ്ട ആവശ്യമില്ല. ചോദ്യംചെയ്യലിൽ കുറ്റകൃത്യം ചെയ്തതായൊ ചെയ്യാൻ പദ്ധതിയിട്ടതായൊ ബോധ്യപ്പെട്ടാൽ മാത്രം അറസ്റ്റ് ചെയ്താൽ മതി. പത്രാധിപരുടെ വിവരണത്തിൽ നിന്ന് വ്യക്തമാകുന്നത് കണ്ണൂരിൽ ആദ്യം അറസ്റ്റ് പിന്നെ ചോദ്യം ചെയ്യൽ എന്ന സമീപനമാണ് പൊലീസ് സ്വീകരിച്ചതെന്നാണ്. ഈ സാഹചര്യത്തിൽ എവിടെ നിന്ന് ലഭിച്ച എന്ത് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് മൂന്നു പേരെ അറസ്റ്റ് ചെയ്തതെന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു. തെരഞ്ഞെടുപ്പ് ദിവസം അക്രമം കാട്ടാൻ കോൺഗ്രസ് കണ്ണൂരിൽ ക്രിമിനലുകളെ കൊണ്ടുവന്നിരുന്നതായി ജില്ലയിലെ സി.പി.എം. നേതാക്കൾ ആരോപിച്ചിരുന്നു. അവരുടെ വാക്കിന്റെ അടിസ്ഥാനത്തിലാണോ പൊലീസ് അറസ്റ്റ് നടത്തിയത്?

സുധാകരനുമുമ്പും പല രാഷ്ട്രീയ നേതാക്കളും പ്രവർത്തകരും അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്ന ആവശ്യവുമായി പൊലീസ് സ്റ്റേഷനുകളിൽൽ കയറിചെന്നിട്ടുണ്ട്. അഏഅസ്റ്റ് ചെയ്തവരെ പിടിച്ചിറക്കിക്കൊണ്ടുപോയ അവസരങ്ങളുമുണ്ട്. മന്ത്രിമാരും ഭരണകക്ഷിയുടെ പോഷക സംഘടനാ നേതാക്കളും അങ്ങനെ ചെയ്തിട്ടുണ്ട്. അവർ പൊലീസ് സേനാംഗങ്ങളെ മർദ്ദിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. അതൊന്നും പരാമർശിക്കാതെ പത്രാധിപർ സുധാകരന്റെ ധർണ്ണയിൽ ശ്രദ്ധ കേന്ദ്രീകരിച്ചത് ഓർമ്മശക്തി കുറവായതുകൊണ്ടാണെന്ന് തോന്നുന്നില്ല. പത്രാധിപരുടെ രാഷ്ട്രീയ പക്ഷപാതിത്വമാണ് ഒവിടെ പ്രകടമാകുന്നത്. തടസം സൃഷിക്കുന്നവരെ രാഷ്ട്രീയം നോക്കാതെ വിമർശിക്കാനാകാത്ത പൊലീസിന് ക്രമസമാധാന പരിപാലനത്തിൽ നേരും നേറിയും പാലിക്കാൻ എങ്ങനെയാണ് കഴിയുക?

4 comments:

Pongummoodan said...

സാർ,

പക്ഷപാതിത്വം. അതേത് മേഖലയിലായാലും ഒഴിവാക്കപ്പെടേണ്ടതാണ്. പ്രത്യേകിച്ച്, നിയമപാലകരായ പോലീസുകാർ പക്ഷപാതികളാവുക എന്നാൽ നിരാലംബരും നിസ്സഹായരുമായ ഒരുകൂട്ടമാൾക്കാർക്ക് പ്രത്യക്ഷത്തിൽ നീതി നിഷേധിക്കപ്പെടാനുള്ള സാഹചര്യമൊരുക്കുക എന്നതു തന്നെയാണ്. അതുകൊണ്ടുതന്നെ പോലീസുകാരുടെ ഇടയിലുള്ള രാഷ്ട്രീയ പക്ഷപാതിത്വത്തിനും അധികാരദുർവിനിയോഗത്തിനുമെതിരായുള്ള ഈ പോസ്റ്റ് ഏതെങ്കിലും രീതിയിൽ ഗുണപരമാവണേയെന്നേ ഒരു വായനക്കാരനെന്ന നിലയിൽ എനിക്ക് പ്രാർത്ഥിക്കാനുള്ളു. എന്നാൽ ഒന്നും നടക്കില്ല സാർ. ഇവിടെ രാഷ്ട്രീയക്കാർ അല്ലെങ്കിൽ സാമൂഹ്യസേവനം നടത്തുന്നവരെന്നവകാശപ്പെടുന്നവർ അനീതിക്കും അക്രമത്തിനും ചുക്കാൻ പിടിക്കുന്നവരല്ലേ? ഇക്കാര്യം എന്നേക്കാൾ എത്രയോ നന്നായി അറിയാവുന്ന ഒരുവ്യക്തിയാണ് താങ്കൾ. എങ്കിലും അങ്ങനൊരു അറിവ് മനസ്സിൽ വച്ചുകൊണ്ടുതന്നെ ഇങ്ങനൊരു പോസ്റ്റ് എഴുതാൻ സാർ സമയം കണ്ടെത്തിയതിൽ നന്ദി. നന്മയുടെ പക്ഷത്താണ് സാർ എന്നറിയുമ്പോൾ വ്യക്തിപരമായി ഞാനനുഭവിക്കുന്ന സന്തോഷം വാക്കുകൾകൊണ്ട് പ്രകടിപ്പിക്കാനാവുന്നതല്ല.

ഇന്നലെ ഏഷ്യാനെറ്റ് ന്യൂസിൽ താങ്കളെയും ശ്രീ. ടി.എം ജേക്കബ്ബിനെയും ശ്രീ. ശക്തിധരനെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള പരിപാടി ഞാൻ കണ്ടിരുന്നു. സാർ പറയാതെ പറഞ്ഞ കാര്യങ്ങൾ അതിൽനിന്നും ഞാൻ മനസ്സിലാക്കി. നിസ്സഹായരായ ‘ബഹുജനം കഴുത’കളുടെ കൂടെ അങ്ങുണ്ടെന്ന അറിവ്‌ എന്നെ സന്തോഷിപ്പിക്കുന്നു. നന്ദി സാർ.

ബഹുമാനപൂർവ്വം
പോങ്ങുമ്മുടൻ

BHASKAR said...

പോങ്ങുമ്മൂടന്: ഒന്നും നടക്കില്ലായിരിക്കാം. എന്നാലും പറയാന്‍ കഴിയുന്നത് പറയുകയും ചെയ്യാന്‍ കഴിയുന്നത് ചെയ്യുകയും വേണമെന്ന് ഞാന്‍ വിശ്വസിക്കുന്നു. നടക്കുമെന്ന പ്രതീക്ഷ കൂടാതെ ചെയ്ത കാര്യങ്ങള്‍ ഫലം കണ്ട അനുഭവം എനിക്കുണ്ട്. അഗസ്ത്യവനം ബയോളൊജിക്കല്‍ പാര്‍ക്കിന്റെ പേരില്‍ ആദിവാസികളെ റിസര്‍വ് വനത്തില്‍ നിന്ന് ഒഴിപ്പിക്കാന്‍ കേരള സര്‍ക്കാര്‍ പദ്ധതിയിട്ടപ്പോള്‍ അതിനെതിരെ വിജില്‍ ഇന്ത്യാ മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ സമര പരിപാടി സംഘടിപ്പിച്ചത് എന്തെങ്കിലും നടക്കുമെന്ന് പ്രതീക്ഷയോടെയല്ല. രാഷ്ട്രീയ ഔദ്യോഗിക നേതൃത്വം ഒറ്റക്കെട്ടായി അതിന്റെ പിന്നില്‍ ഉണ്ടായിരുന്നു. പക്ഷെ ഒരു പ്രത്യേക സാഹചര്യത്തില്‍ ഹൈക്കോടതി പദ്ധതി സ്റ്റേ ചെയ്തു. സ്റ്റേ മറികടക്കാനാവാതെ സര്‍ക്കാരിന് ഒഴിപ്പിക്കല്‍ നീക്കം ഉപേക്ഷിക്കേണ്ടി വന്നു.

Pongummoodan said...

"എന്നാൽ ഒന്നും നടക്കില്ല സാർ." എന്ന എന്റെ പ്രയോഗം സധാരണക്കാരന്റെ നിരാശയിൽനിന്നുണ്ടായതാണ്. സാർ തെറ്റിദ്ധരിച്ചിട്ടില്ലല്ലോ അല്ലേ?

BHASKAR said...

ഇല്ല, പൊങ്ങുമ്മൂടൻ, തെറ്റിദ്ധരിച്ചിട്ടില്ല. നിരാശാബോധത്തിന്നിടയിലും നമ്മാലാവുന്നത് നമുക്ക് ചെയ്യാം.