Wednesday, June 3, 2009

സ്നേഹത്തിന്റെ സന്ദേശം

ബി.ആര്‍.പി. ഭാസ്കര്‍

ജീവിതത്തിലെന്നപോലെ മരണത്തിലും കമലാ സുറയ്യ ഉദാത്തമായ സ്നേഹത്തിന്റെ സന്ദേശവാഹകയായി. ആ സന്ദേശം സഫലമാക്കുന്നതില്‍ ജീവിതകാലത്ത് നേടാനായതിനേക്കാള്‍ വലിയ വിജയമാണ് ഒരുപക്ഷെ മരണാനന്തരം അവര്‍ക്ക് കൈവരിക്കാനായി. പാളയം ജുമാ മസ്ജിദിലെ കബറിസ്ഥാനില്‍ അള്ളാഹുവിന്റെ മഹത്വം വിളംബരം ചെയ്യുന്ന വചനങ്ങള്‍ക്കിടയില്‍ കമലയുടെ ചേതനയറ്റ ശരീരം ഭൂമി ഏറ്റുവാങ്ങുന്നതിന് സാക്ഷ്യം വഹിക്കാനെത്തിയ ജനക്കൂട്ടം അതാണ് സൂചിപ്പിക്കുന്നത്.

പുറം ലോകത്തുനിന്ന് കിട്ടിയ തരത്തിലുള്ള ആദരം കേരളം തനിക്ക് നല്‍കിയില്ലെന്ന് കമലാ ദാസ് എന്ന മാധവിക്കുട്ടി പറയുമായിരുന്നു. സത്യസന്ധതയിലും ആത്മാര്‍ത്ഥതയിലും നൂറില്‍ നൂറു മാര്‍ക്കിനും അര്‍ഹയായ വ്യക്തിയായിരുന്നു അവര്‍. അത്രമാത്രം സത്യസന്ധതയും ആത്മാര്‍ത്ഥതയും ഉള്‍ക്കൊള്ളാനുള്ള കഴിവ് കേരളസമൂഹത്തിനില്ലാത്തതുകൊണ്ടാവണം ജീവിച്ചിരിക്കെ അവരെ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാന്‍ നമുക്കായില്ല. അന്ത്യ യാത്രയിലുടനീളം അഞ്ജലിയര്‍പ്പിക്കാനെത്തിയ ജനക്കൂട്ടം ഉള്ളിന്റെ ഉള്ളില്‍ നാം പ്രകടിപ്പിക്കാതെ കാത്തുസൂക്ഷിച്ച ആദരത്തിന് തെളിവാണ്.

പൂനെയില്‍ നിന്ന് കേരളത്തിലേക്കുള്ള യാത്രയില്‍ മക്കള്‍ മോനു, ചിന്നന്‍, ജയസൂര്യ, മറ്റ് കുടുംബാംഗങ്ങള്‍ എന്നിവരോടൊപ്പം മതപണ്ഡിതന്‍ ശൈഖ് മുഹമ്മദ് കാരാകുന്ന് ഉള്‍പ്പെടെ ഏതാനും ഇസ്ലാമിക കുടുംബാംഗങ്ങളുമുണ്ടായിരുന്നു. മുംബായില്‍ നിന്ന് സാംസ്കാരിക മന്ത്രിയുടെ നേതൃത്വത്തില്‍ ഔദ്യോഗിക സംഘവും ചേര്‍ന്നു. രാത്രി വൈകി തിരുവനന്തപുരത്തെത്തുമ്പൊഴേക്കും മലയാളികള്‍ കമലാ സുരയ്യയെ നെഞ്ചിലേറ്റിയിരുന്നെന്ന കാര്യത്തില്‍ സംശയത്തിന് ഇടമുണ്ടായിരുന്നില്ല

മുമ്പെങ്ങും കണ്ടിട്ടില്ലാത്ത രംഗങ്ങളാണ് കബറിസ്ഥാനില്‍ കണ്ടതെന്ന് അവിടത്തെ രീതികള്‍ അറിവുള്ളവര്‍ പറയുന്നു. സന്ദര്‍ഭത്തിന്റെ സവിശേഷത തിരിച്ചറിഞ്ഞ് മസ്ജിദ് ഭാരവാഹികള്‍ ഉദാരമായ സമീപനം സ്വീകരിച്ചു. പള്ളിപ്പറമ്പിലെ സ്ഥലപരിമിതി പരിഗണിച്ച് ആചാരവെടിയുള്‍പ്പെടെ ഔദ്യോഗിക ബഹുമതിയുടെ ഭാഗമായുള്ള ചടങ്ങുകള്‍ സമീപത്തുള്ള ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ വെച്ചു നടത്തുന്നതിനെക്കുറിച്ച് അധികൃതര്‍ ആലോചിച്ചു. എന്നാല്‍ ബന്ധപ്പെട്ടവര്‍ വേണ്ട ഏര്‍പ്പാടുകള്‍ അവിടെത്തന്നെ ചെയ്തുകൊടുത്തു.

കമലാ ദാസിന്റെ മതപരിവര്‍ത്തനം വ്യക്തിപരമായ തീരുമാനമായിരുന്നു. അതെടുത്ത സാഹചര്യം അവര്‍ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. അത് മനസ്സിലാക്കാന്‍ അവര്‍ക്ക് പ്രയാസമുണ്ടായിരുന്നില്ല. എന്നാല്‍ സമൂഹത്തില്‍ അത് മനസ്സിലാക്കാനാകാത്തവരും ഉണ്ടായിരുന്നതുകൊണ്ട് ഭീഷണികള്‍ നേരിടേണ്ടിവന്നു. ഇസ്ലാമിക സമൂഹത്തിന് അവര്‍ക്ക് സുരക്ഷിതത്വബോധം നല്‍കാന്‍ കഴിഞ്ഞു.

ജുമാ മസ്ജിദിലെ ഖബറിസ്ഥാനില്‍ നിന്ന് പ്രസരിച്ചത് സ്നേഹത്തിന്റെ സന്ദേശമാണ്. മലയാളി മനസ്സിന്റെ അടിത്തട്ടില്‍ ഒളിഞ്ഞുകിടക്കുന്ന, നവോത്ഥാനമൂല്യങ്ങളുടെ ഭാഗമായ, മതസൌഹാര്‍ദ്ദ ചിന്ത തട്ടിയുണര്‍ത്തിയിട്ടാണ് കമലാ സുറയ്യ കടന്നുപോയിരിക്കുന്നത്. (മാധ്യമം, ജൂൺ 3, 2009)

3 comments:

chithrakaran:ചിത്രകാരന്‍ said...

സമൂഹത്തിനും,വിവിധ മതങ്ങള്‍ക്കും അവര്‍നല്‍കിയത്
ശുദ്ധമായ മനുഷ്യസ്നേഹത്തിന്റെ സൂര്യപ്രകാശം തന്നെയായിരുന്നു.

ഹന്‍ല്ലലത്ത് Hanllalath said...

...ആദരാഞ്ജലികളോടെ...

Pongummoodan said...

നമ്മുടെ കൺ‌മുന്നിൽ നിന്നും അവർ ഓർമ്മകളിലേയ്ക്ക് കുടിയേറിയിരിക്കുന്നു.അവർ ചൊരിഞ്ഞ സ്നേഹത്തിന്റെ സന്ദേശം നമുക്കിനി പ്രചരിപ്പിക്കാം. ആദരഞ്ജലികളോടെ....