Monday, April 23, 2012

ജീവിതം എന്നെ എന്ത് പഠിപ്പിച്ചു



സമകാലിക മലയാളം വാരിക 1997ൽ പ്രസിദ്ധീകരിച്ചു തുടങ്ങിയതു മുതൽ ഏതാനും വർഷം അതിന്റെ അവസാന പേജിൽ ‘ജീവിതം എന്നെ എന്ത് പഠിപ്പിച്ച്?” എന്നൊരു പംക്തിയുണ്ടായിരുന്നു. ടി.എൻ. ജയചന്ദ്രൻ ആയിരുന്നു സമ്പാദകൻ. വിവിധ തുറകളിൽ പ്രവർത്തിച്ചിരുന്ന വ്യക്തികളോട് അദ്ദേഹം ജീവിതം അവരെ എന്തു പഠിപ്പിച്ചുവെന്ന് ചോദിക്കുകയും അവരുടെ ഉത്തരങ്ങൾ ക്രോഡീകരിക്കുകയുമാണ് ചെയ്തത്.   

ആ പംക്തിയിൽ പ്രസിദ്ധീകരിച്ച എന്റെ ഉത്തരങ്ങൾ ഇവിടെ പകർത്തുന്നു.

ആത്മാഭിമാനത്തോടെ, മന:സാക്ഷിക്ക് മുറിവേൽക്കാതെ ജീവിക്കുക; മറ്റുള്ളവർക്കും അങ്ങനെ ജീവിക്കുവാനുള്ള അവകാശമുണ്ടെന്ന് അംഗീകരിക്കുക.

എല്ലാവർക്കും എല്ലാക്കാലവും എടുത്ത് പ്രയോഗിക്കാവുന്ന ജീവിത നിയമങ്ങളില്ല. സാഹചര്യത്തിന്റെ അടിസ്ഥാനത്തിൽ ഓരോ വ്യക്തിയും അനുയോജ്യമായ ചട്ടങ്ങൾ രൂപീകരിക്കുന്നു.

വിഷമഘട്ടങ്ങളിൽ എടുക്കാനുദ്ദേശിക്കുന്ന തീരുമാനത്തിന്റെ അനന്തരഫലങ്ങളെക്കുറിച്ച് ചിന്തിക്കുകയും അവയെ നേരിടാൻ മാനസികമായി തയ്യാറെടുക്കുകയും ചെയ്യുക.

മന:സാക്ഷിക്കനുസരിച്ച് പ്രവർത്തിക്കണമെന്ന് നിർവബ്ധമുള്ള ഒരാൾക്ക് അതിന് വില കൊടുക്കേണ്ടി വന്നേക്കാം. അത് സന്തോഷത്തോടെ കൊടുക്കുക. അത് പലപ്പോഴും നാം ഭയപ്പെടുന്നത്ര വലുതല്ല.

ഒരു ശിശു വളരുന്തോറും ബന്ധങ്ങളും വലുതാകുന്നു. അമ്മ, കുടുംബം, ജാതി/മതം, വർഗ്ഗം, ഗ്രാമം/പട്ടണം, രാജ്യം എന്നിങ്ങനെ കൂടുതൽ കൂടുതൽ വലയങ്ങളുണ്ടാകുന്നു. ഒരു വലയം കടന്നു കൂടുതൽ വലുതായ ഒന്നിലേക്ക് ബന്ധങ്ങൾ വ്യാപിപ്പിക്കാനുള്ള കഴിവ് ഇല്ലാതാകുമ്പോൾ വ്യക്തിയുടെ വളർച്ച നിന്നു എന്നർത്ഥം.

Thursday, April 19, 2012

നാണപ്പന്റെ ഓർമ്മയിൽ...


എം.പി. നാരായണപിള്ള എന്ന നാണപ്പൻ വിട്ടുപിരിഞ്ഞിട്ട് 14 വർഷമാകുന്നു. മേയ് 19നാണ് പതിന്നാലാം ചരമവാർഷികം.

നാണപ്പന്റെ അന്തിക്കൂട്ട് എന്ന ചെറുകഥാ സമാഹാരം മേയ് 1969ൽ കറന്റ് ബുക്സ്, തൃശ്ശൂർ, പ്രസിദ്ധീകരിച്ചു. എട്ട് കഥകൾ ഉൾക്കൊള്ളിച്ചിട്ടുള്ള അതിൽ കുറിച്ചിട്ടുള്ള വില: Rs. 1-75!

ഒരു ഉപക്രമത്തോടെയാണ് പുസ്തകം തുടങ്ങുന്നത്. അതിൽ ആ സുഹൃത്ത് ഇങ്ങനെ കുറിച്ചു:

   ഇതെന്റെ രണ്ടാമത്തെ* പുസ്തകമാണ്.
   പക്ഷെ, ആദ്യകാലങ്ങളിൽ എഴുതിയ രണ്ട് കഥകൾ ഇതിലാണ് പ്രസിദ്ധീകരിക്കുന്നത്: കള്ളൻ, അന്തിക്കൂട്ട് എന്നീ കഥകൾ. ഇതിൽ ‘കള്ളൻ’ എന്റെ ആദ്യത്തെ കഥയാണ്. ആദ്യം പ്രസിദ്ധീകരിച്ചതും പ്രായപൂർത്തിയായതിനുശേഷം ആദ്യം എഴുതിയതും.

    അതുകൊണ്ടീ കഥയോട് എനിക്കല്പം കൂടുതൽ പ്രേമം തോന്നുകയെന്നത് സ്വാഭാവികമാണ്; ക്ഷന്തവ്യവുമാണ്. എഴുതിത്തീർക്കാൻ രണ്ട് മാസം വേണ്ടിവന്നു. തിരിച്ചയക്കുമോയെന്ന ഭയംകൊണ്ട് ഞാനിത് പോക്കറ്റിലിട്ടുകൊണ്ട് നടക്കുകയായിരുന്നു. അന്നിത് പ്രസിദ്ധീകരണത്തിനയക്കാൻ എന്നെ നിർബന്ധിച്ചതും എനിക്കതിനുവേണ്ട ധൈര്യം ഉണ്ടാക്കിത്തന്നതുമായ ഒരാളുണ്ട്: ബാബു രാജേന്ദ്രപ്രസാദ് ഭാസ്കർ. ആ ചെറിയ സഹായം –പ്രചോദനം അല്ലെങ്കിൽ പുഷ് – വളരെ വിലയേറിയതായിരുന്നു എന്ന് ഇന്നെനിക്ക് മനസ്സിലാക്കാൻ കഴിയുന്നുണ്ട്. കാരണം അന്നാ പുഷ് കിട്ടിയില്ലെങ്കിൽ ഈ കഥ പ്രസിദ്ധീകരണത്തിനയക്കില്ലായിരുന്നു. അറിയാതെ ഒരു ദിവസം മുണ്ടലക്കുന്ന വെളുത്തേടത്തി യമുനയിൽ ഇഅതടിച്ചു നനച്ചേനേ. എന്റെ രോഗം സാഹിത്യത്തിൽനിന്നു മറ്റു വല്ല ഉന്മാദത്തിലേയ്ക്കും തിരിഞ്ഞേക്കാമായിരുന്നു.
   എം.പി.നാരായണപിള്ള  
‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌---------------------------------------------------------------------------------------------------------------------
*ആദ്യത്തെ പുസ്തകം ‘മുരുകൻ എന്ന പാമ്പാട്ടി’, കറന്റ് ബുക്സ്, തൃശ്ശൂർ

Sunday, April 15, 2012

അധികാരികളുടെ ആണവപ്രേമം

ബി.ആർ.പി.ഭാസ്കർ

ആണവോർജ്ജ പ്രശ്നത്തിൽ തുറന്ന ചർച്ച വേണമെന്ന ഒരു സംഘം ലേഖകരുടെ അഭിപ്രായം തികച്ചും ന്യായയുക്തമാണ്. എന്നാൽ കൂടംകുളം ആണവ നിലയത്തിന്റെ സുരക്ഷയെക്കുറിച്ചുള്ള ചർച്ചകളിൽ അവിടത്തെ സാങ്കേതികവിദഗ്ദ്ധരുടെ നിലപാടുകൾക്ക് എൻഡോസൾഫാൻ വിഷയത്തിൽ കാസർകോട്ട് ആകാശത്തുനിന്ന് കീടനാശിനി വിതറിയ പ്ലാന്റേഷൻ കോർപ്പറേഷൻ അധികൃതരുടെയും ജീവനക്കാരുടെയും നിലപാടിനേക്കാൾ പ്രാധാന്യം കല്പിക്കേണ്ടതുണ്ടോ?

ശാസ്ത്രവും സാങ്കേതികവിദ്യയും പഴയ അന്ധവിശ്വാസങ്ങളെ തൂത്തെറിയുന്നതോടൊപ്പം ചിലപ്പോൾ കപടശാസ്ത്രീയസമീപനം സ്വീകരിച്ചുകൊണ്ട് പുതിയ അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കാറുണ്ട്. ലേഖകസംഘത്തിന്റെ വാദഗതികളിൽ ഈ പ്രവണത കാണാവുന്നതാണ്. നിത്യേന ജനങ്ങൾ പ്രകൃതിയിൽ നിന്ന് അണുവികരണം നേരിടുന്നതുകൊണ്ട് സർക്കാരിന്റെ വകയായി കുറച്ചു കൊടുക്കുന്നതുകൊണ്ട് ഒരു കുഴപ്പവും വരില്ലെന്ന അവരുടെ വാദത്തിൽ അത് ശക്തിയായി പ്രതിഫലിക്കുന്നുണ്ട്. പലതരം വിഷവസ്തുക്കളും വാതകങ്ങളും ഭൂമിയിൽ നേരത്തെ തന്നെയുള്ളപ്പോൾ എന്തുകൊണ്ട് എൻഡോസൾഫാനും കീടനാശിനി കലർന്ന കോളകളും ആയിക്കൂടാ എന്നും ചോദിക്കാവുന്നതാണ്. കൽ‌പാക്കം ആണവനിലയത്തിനു സമീപത്തുള്ള സ്ത്രീകളിൽ തൈറോയ്ഡ് ക്യാൻസർ കണ്ടെത്തിയെന്ന റിപ്പോർട്ടിന്റെ വിശ്വാസ്യതയെ അവർ ചോദ്യം ചെയ്യുന്നത് ശ്രദ്ധിക്കുക. “ആണവവികരണം എന്തേ സ്ത്രീകളിൽ മാത്രം തൈറോയ്ഡ് ക്യാൻസർ ഉണ്ടാക്കുന്നു?“ അവർ ചോദിക്കുന്നു. തൈറോയ്ഡ് ക്യാൻസർ എല്ലായിടത്തും പുരുഷന്മാരേക്കാൾ സ്ത്രീകളെയാണ് ബാധിക്കുന്നതെന്ന് ഒരു ഗൂഗിൾ അന്വേഷണം നടത്തിയാൽതന്നെ മനസിലാക്കാവുന്നതേയുള്ളു. എന്തു സംഭവിച്ചാലും കൂടംകുളം റിയാക്ടർ തകരില്ലെന്ന് എ.പി.ജെ. അബ്ദുൽ കലാം തൊട്ട് ഇങ്ങോട്ടുള്ള ശാസ്ത്രസാങ്കേതിക ഉദ്യോഗസ്ഥവൃന്ദം വാദിക്കുന്നു. എന്തു സംഭവിച്ചാലും ടൈറ്റാനിക് മുങ്ങില്ലെന്നായിരുന്നു ആ കപ്പൽ നിർമ്മിച്ചവരുടെ അവകാശവാദം. ആദ്യയാത്രയിൽ തന്നെ അത് മുങ്ങി.

വികസനപ്രക്രിയയിൽ ആണവോർജ്ജത്തിന് സ്ഥാനം നൽകണമൊ, നൽകുന്നെങ്കിൽ അത് ഏത് തരത്തിലുള്ളതാവണം? ഇതാണ് വ്യാപകമായി ചർച്ച ചെയ്യപ്പെടേണ്ട വിഷയം. ചർച്ച നടക്കേണ്ടത് ആണവോർജ്ജത്തിലൂടെയല്ലാതെ രക്ഷയില്ലെന്ന് വിശ്വസിക്കുന്ന സാങ്കേതിക പെന്തക്കോസ്തുകാരും അത് തങ്ങളുടെ ജീവിതം അപകടത്തിലാക്കുമെന്ന് ഭയപ്പെടുന്ന സാധാരണക്കാരായ ജനങ്ങളും തമ്മിലല്ല, രാജ്യത്തെ നയപരിപാടികൾ രൂപീകരിക്കുന്നവരും ബന്ധപ്പെട്ട വിഷയങ്ങളിൽ വൈദഗ്ദ്ധ്യമുള്ളവരും തമ്മിലാണ്.  ചർച്ചകൾ നടക്കേണ്ടത് നയപരിപാടികൾ രൂപകല്പന ചെയ്യുന്ന ഘട്ടത്തിലാണ്. ആ ഘട്ടത്തിൽ ഭരണാധികാരികളും ശാസ്ത്ര-സാങ്കേതിക ഉദ്യോഗസ്ഥരും ഉണർന്ന് പ്രവർത്തിച്ചിരുന്നെങ്കിൽ 14,000 കോടി രൂപ ചെലവാക്കിയ ശേഷം കൂടംകുളം പദ്ധതിയുമായി മുന്നോട്ടുപോകാനാവാത്ത സാഹചര്യം ഒഴിവാക്കാമായിരുന്നു. ഈ വൈകിയ വേളയിലും വിവേകത്തിന്റെ പാത സ്വീകരിക്കാതെ സമാധാനപരമായി എതിർപ്പ് പ്രകടിപ്പിക്കുന്ന ജനങ്ങളെയും സന്നദ്ധ സംഘടനകളെയും ജനാധിപത്യത്തിന് നിരക്കാത്ത മാർഗ്ഗങ്ങളുപയോഗിച്ച് അമർച്ച ചെയ്യാനാണ് ഭരണകൂടം ശ്രമിക്കുന്നത്.

ആണവ വിഷയത്തിൽ തുറന്ന, സത്യസന്ധമായ ചർച്ചയ്ക്ക് അനുയോജ്യമായ സാഹചര്യങ്ങളല്ല നിലവിലുള്ളത്. ആണവോർജ്ജം സൈനികാവശ്യങ്ങൾക്ക് ഉപയോഗിക്കാനാവുന്നതായതുകൊണ്ട് സർക്കാർ അതീവ രഹസ്യമായാണ് ഈ വിഷയം കൈകാര്യം ചെയ്യുന്നത്. ആണവോർജ്ജ വകുപ്പ് സ്ഥാപിതമായ കാലം മുതൽക്കെ പ്രധാനമന്ത്രിയുടെ കീഴിലാണ്. മറ്റ് വകുപ്പുകളുടെ പ്രവർത്തനം പരിശോധിക്കുന്നതുപോലെ ഈ വകുപ്പിന്റെ കാര്യങ്ങൾ പാർലമെന്റിന് പരിശോധിക്കാനാവില്ല. ആണവ സുരക്ഷാ സംവിധാനം ആണവ വകുപ്പിന്റെ കീഴിൽ തന്നെയാണ്. ഇതൊരു നല്ല കീഴ്വഴക്കമല്ല. ഇക്കാര്യത്തിൽ റയിൽ‌വേ ഒരു മാതൃക സൃഷ്ടിച്ചിട്ടുണ്ട്. ഒരുദ്യോഗസ്ഥൻ റയിൽ സുരക്ഷാ കമ്മിഷണറായി നിയമിക്കപ്പെടുമ്പോൾ അയാൾ ഭരണപരമായി മറ്റൊരു വകുപ്പിന്റെ കീഴിലേക്ക് മാറ്റപ്പെടുന്നു. ആണവോർജ്ജവ വകുപ്പിന് പുറത്ത് സുതാര്യവും സ്വതന്ത്രവുമായ സുരക്ഷാ സം‌വിധാനമുണ്ടാക്കാൻ സർക്കാർ തയ്യാറാകാത്തിടത്തോളം സുരക്ഷിതത്വത്തെ കുറിച്ചുള്ള അതിന്റെ അവകാശവാദങ്ങൾ മുഖവിലക്കെടുക്കാനാവില്ല.

ശാസ്ത്ര-സാങ്കേതിക ഉദ്യോഗസ്ഥരുൾപ്പെടെ എല്ലാവർക്കും അവരവരുടേതായ സ്ഥാപിത താല്പര്യങ്ങളുണ്ട്. തങ്ങൾക്ക് അറിവുള്ളതും പരിചിതവുമായ സാങ്കേതികവിദ്യയിൽ അവർ അമിതവിശ്വാസമർപ്പിക്കും. കേരളത്തിന്റെ ഊർജ്ജമേഖലയിൽ നിന്നു തന്നെ ഇതിന് തെളിവ് കണ്ടെത്താനാവുന്നതാണ്. ജലവൈദ്യുതിയിൽ പരിജ്ഞാനവും പരിചയവുമുള്ളവരാണ് നമ്മുടെ ഇലക്ട്രിസിറ്റി ബോർഡുദ്യോഗസ്ഥർ. പരിസ്ഥിതിക്ക് കോട്ടം തട്ടാതെ ഇനിയും വൻ ജലവൈദ്യുതി പദ്ധതികൾ നടപ്പാക്കാൻ കഴിയില്ലെന്ന് വ്യക്തമായിട്ടും അവർ അവയ്ക്കായി മുറവിളികൂട്ടുകയും മറ്റ് പദ്ധതികൾക്ക്  തടസം സൃഷ്ടിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഈ സമീപനം തന്നെയാണ് ആണവ വകുപ്പുദ്യോഗസ്ഥരുടെ നിലപാടിലും പ്രകടമാകുന്നത്.

ഇന്ത്യൻ ആണവശാസ്ത്രത്തിന്റെ പിതാവായറിയപ്പെടുന്ന ഹോമി ജെ. ഭാഭ ഈ മേഖലയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് സ്വാതന്ത്ര്യപ്രാപ്തിക്കുമുമ്പു തന്നെ രാജ്യത്ത് അത് സംബന്ധിച്ച പഠനങ്ങൾക്ക് തുടക്കം കുറിച്ചയാളാണ്. സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം സർക്കാരിനെ അതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്താൻ അദ്ദേഹത്തിനായി. ജലവൈദ്യുതിയേക്കാൾ കുറഞ്ഞ ചിലവിൽ ആണവോർജ്ജം ഉത്പാദിപ്പിക്കാനാകുമെന്ന് അദ്ദേഹം വിശ്വസിച്ചു. അദ്ദേഹം ആണവോർജ്ജവത്തിൽ അർപ്പിച്ച വിശ്വാസത്തെ അന്നത്തെ ശാസ്ത്രീയമായ അറിവിന്റെയും അനുഭവത്തിന്റെയും വെളിച്ചത്തിലാണ് കാണേണ്ടത്. താരതമ്യേന ചെറിയ രണ്ട് ബോംബുകൾ നിർമ്മിച്ച് ജപ്പാനിലിട്ട് ആ രാജ്യത്തെ കീഴ്പ്പെടുത്തി ആണവയുഗത്തിന്റെ പിറവി പ്രഖ്യാപിച്ച അമേരിക്ക കൂടുതൽ ശേഷിയുള്ള ബോംബുകളുണ്ടാക്കാൻ പരീക്ഷണങ്ങൾ നടത്തുകയായിരുന്നു. സോവിയറ്റ് യൂണിയനും അമേരിക്കയുടെ സുഹൃത്തുക്കളായ   ബ്രിട്ടനും ഫ്രാൻസും സ്വന്തം ബോംബുകളുണ്ടാക്കി വൻ‌ശക്തിപദവി നിലനിർത്താനുള്ള ശ്രമവും ആരംഭിച്ചിരുന്നു. വ്യാവസായിക യുഗത്തിൽ പിന്തള്ളപ്പെട്ടതുപോലെ ആണവ യുഗത്തിലും ഇന്ത്യ പിന്തള്ളപ്പെടരുതെന്ന ചിന്തയാണ് നെഹ്രുവിനെയും ഭാഭയെയും നയിച്ചത്. ഇന്ത്യ സമാധാനപരമായ ആവശ്യങ്ങൾക്ക് മാത്രമെ അണുശക്തി ഉപയോഗിക്കുകയുള്ളുവെന്ന് നെഹ്രു ആവർത്തിച്ചു പ്രഖ്യാപിച്ചെങ്കിലും ആദ്യം മുതൽ തന്നെ ആണവായുധ പദ്ധതി ലക്ഷ്യമിട്ടിരുന്നുവെന്നത് ഇന്നൊരു രഹസ്യമല്ല.

ആണവോർജ്ജത്തിന്റെ സമാധാനപരമായ ഉപയോഗം ചർച്ച ചെയ്യാൻ ഐക്യരാഷ്ട്രസഭ 1955ൽ ജനീവയിൽ വിളിച്ചു കൂട്ടിയ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഊർജ്ജാ‍വശ്യങ്ങൾ നിറവേറ്റാൻ ഇന്ത്യ ഈ സാങ്കേതികവിദ്യ കൂടുതലായി ഉപയോഗിക്കേണ്ടതാണെന്ന് ഹോമി ഭാഭ പറയുകയുണ്ടായി. അറ്റോമിക് എനർജി കമ്മിഷൻ ചെയർമാനായിരുന്ന എം.ആർ. ശ്രീനിവാസൻ 2005ൽ ഭാഭായുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് 50 കൊല്ലങ്ങൾക്കുശേഷവും അദ്ദേഹത്തിന്റെ വാദങ്ങൾ നിലനിൽക്കുന്നതായി അവകാശപ്പെട്ടു. അമേരിക്കയുടെ 1979ലെ ത്രീ മൈൽ ഐലൻഡ് ദുരന്തത്തിന്റെയും സോവിയറ്റ് യൂണിയന്റെ 1986ലെ ചെർണോബിൽ ദുരന്തത്തിന്റെയും വെളിച്ചത്തിൽ പല രാജ്യങ്ങളും അതിനകം അവരുടെ ആണവ പദ്ധതികൾ പുന:പരിശോധനക്ക് വിധേയമാക്കിയിരുന്നു. പക്ഷെ ഭാഭയെ ആണവ മതത്തിന്റെ അന്തിമ പ്രവാചകനായി ഉയർത്തിയ ഇന്ത്യൻ ശാസ്ത്രലോകത്തിന് അദ്ദേഹത്തിന്റേത് അവസാന വാക്കായി. കഴിഞ്ഞ കൊല്ലം ഒരു സുനാമി ജപ്പാനിലെ ഫുക്കുഷിമയിലെ ആണവ കേന്ദ്രം തകർത്തു. ജപ്പാനിലെ 13 കോടി ജനങ്ങളിൽ ഏതാണ്ട് 10 ശതമാനം താമസിക്കുന്നത് തലസ്ഥാനമായ ടോക്യോവിലാണ്. ആ വൻ‌നഗരം പൂർണ്ണമായി ഇല്ലാതാകുമെന്നുപോലും താൻ അന്ന് ഭയപ്പെട്ടതായി ഉയർന്ന സർക്കാർ വക്താവ് ഈയിടെ വെളിപ്പെടുത്തുകയുണ്ടായി. വേണ്ടിവന്നാൽ ജീവൻ ത്യജിക്കാൻ തയ്യാറായി മുന്നോട്ടുവന്ന ഏതാനും പേരെ തകർന്ന ആണവകേന്ദ്രത്തിലേക്കയച്ചാണ് ജപ്പാൻ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്.

ആണവോർജ്ജവത്തിൽ അമിതവിശ്വാസം അർപ്പിച്ചിരുന്ന കൂടുതൽ രാജ്യങ്ങളെ നയം പുന:പരിശോധിക്കാൻ ഫുക്കുഷിമ അനുഭവം പ്രേരിപ്പിച്ചു. എന്നാൽ പാലം കുലുങ്ങിയാലും തങ്ങൾ കുലുങ്ങില്ലെന്നു പറഞ്ഞു നിൽക്കുന്ന രണ്ട് കേളന്മാർ ഇപ്പോഴുമുണ്ട്: ഇന്ത്യയും ചൈനയും. കൃത്യമായി പറഞ്ഞാൽ, ഈ രാജ്യങ്ങളിലെ ഭരണാധികാരികളാണ് ആ കേളന്മാർ. ലോക സമ്പദ്‌വ്യവസ്ഥയുടെ കൊടുമുടി ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരിക്കുന്ന രാജ്യങ്ങളാണ് ചൈനയും ഇന്ത്യയും. വിദേശങ്ങളിൽ ആധിപത്യം സ്ഥാപിച്ച് കുറഞ്ഞ വിലയ്ക്ക് എണ്ണ സംഘടിപ്പിച്ച് മുന്നേറിയ പാശ്ചാത്യ രാജ്യങ്ങൾ സ്വീകരിച്ച വികസന മാതൃകയാണ് ഇരുവരും പിന്തുടരുന്നത്. ഇത് രണ്ട് പ്രശ്നങ്ങൾ ഉയർത്തുന്നു: വൻ‌തോതിലുള്ള ഊർജ്ജ ഉപഭോഗമാണ് ഒന്ന്. വിഷ വാതകങ്ങളുടെ വൻ‌തോതിലുള്ള പുറന്തള്ളലാണ് മറ്റേത്. ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുള്ള ശാസ്ത്രീയ ഗവേഷണങ്ങൾ രണ്ട് രാജ്യങ്ങളിലും നടക്കുന്നില്ല. പകരം പാശ്ചാത്യ രാജ്യങ്ങൾ ചെയ്തതെല്ലാം തങ്ങൾക്കും ചെയ്യാനാവുമെന്ന് തെളിയിക്കാനുള്ള ശ്രമത്തിലാണ് രണ്ടിടത്തെയും ഭരണാധികാരികളും ശാസ്ത്ര-സാങ്കേതിക ഉദ്യോഗസ്ഥരും. (ശാസ്ത്രജ്ഞന്മാർ എന്ന വിശേഷണം ബോധപൂർവ്വം ഒഴിവാക്കുകയാണ്.)

ആണവ-മിസൈൽ സാങ്കേതികവിദ്യകൾ വൻശക്തി പദവി നിർണ്ണയിക്കുന്ന ഘടകങ്ങളാണ്. ഈ മേഖലകളിലെ നേട്ടങ്ങൾ ജനങ്ങളിൽ അഭിമാനബോധം വളർത്താൻ സഹായിക്കുന്നുണ്ട്. ഈ അഭിമാനബോധം ശാസ്ത്ര-സാങ്കേതിക മേഖലകളിൽ മൌലികമായ സംഭാവനകൾ നൽകാൻ നമുക്കാകുന്നില്ലെന്ന വസ്തുത മറച്ചുവെക്കാൻ സഹായിക്കുകയും ചെയ്യുന്നു. മർമ്മപ്രധാനമായ ചില ശാസ്ത്ര-സാങ്കേതിക മേഖലകളിൽ അമേരിക്കയെ പിന്തള്ളി മുന്നേറിയ രാജ്യമായിരുന്നു സോവിയറ്റ് യൂണിയൻ. അതിന്റെ പതനത്തിൽനിന്ന് ഇന്ത്യ ഒരു പാഠം പഠിക്കേണ്ടതുണ്ട്. അത് വിശാല ജനതാല്പര്യങ്ങൾ അവഗണിച്ചുകൊണ്ട് കെട്ടി ഉയർത്തുന്ന വൻശക്തി പദവി എപ്പോൾ വേണമെങ്കിലും വീഴാവുന്ന ചീട്ടുകൊട്ടാരമാണെന്നതാണ്. സ്വന്തമായ അണുബോംബില്ലാതിരുന്ന കാലത്താണ് ചൈന അമേരിക്കയുടെ വടക്കോട്ടുള്ള തള്ളിക്കയറ്റം തടയാനായി കൊറിയൻ യുദ്ധത്തിൽ നേരിട്ട് ഇടപെട്ടത്. അമേരിക്ക അണുബോംബിടാനുള്ള സാദ്ധ്യത മാവൊ സെതുങ്ങിനെ പിന്തിരിപ്പിച്ചില്ല. അണുബോംബ് വർഷമുണ്ടായാലും ചൈനയിൽ പിന്നെയും ജനങ്ങൾ ബാക്കിയുണ്ടാകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ആണവ കേന്ദ്രം തകർന്ന് വലിയ തോതിൽ  നാശനഷ്ടമുണ്ടായാലും പിന്നെയും ജനങ്ങൾ ബാക്കിയുണ്ടാകുമെന്ന വിശ്വാസത്തിൽ നയപരിപാടികൾ രൂപീകരിക്കാൻ ഒരു ജനാധിപത്യ ഭരണകൂടത്തിന് അവകാശമില്ല.

കൂടം‌കുളത്തും സമീപ പ്രദേശങ്ങളിലുമുള്ള ജനങ്ങളെ സമരപാതയിലെത്തിച്ചത് ആണവ കേന്ദ്രം അവരുടെ ജീവനും ഉപജീവനമാർഗ്ഗങ്ങൾക്കും ഉയർത്തുന്ന ഭീഷണിയാണ്. സമരത്തിന് പിന്തുണ നൽകിക്കൊണ്ട് ഭരണകൂടത്തിന്റെ ശക്തിയെ നേരിടാനുള്ള മനോബലം അവർക്ക് നൽകുന്ന സർക്കാരിതര സംഘടനകളെ പൊലീസിനെയും മറ്റ് ഔദ്യോഗിക സംവിധാനങ്ങളെയും ഉപയോഗിച്ച് ഒതുക്കാൻ സർക്കാർ ശ്രമിക്കുന്നതിനിടയ്ക്കാണ് ചർച്ച എന്ന ആശയവുമായുള്ള ആണവ സാങ്കേതിക വിദഗ്ദ്ധ ബ്രിഗേഡിന്റെ രംഗപ്രവേശം.  ചർച്ച ആവശ്യമാണ് എന്നാൽ ചർച്ച ചെയ്യേണ്ട വിഷയം കൂടം‌കുളം കേന്ദ്രം വേണമോ വേണ്ടയോ എന്നതല്ല, ആണവ പദ്ധതികളുമായി രാജ്യം മുന്നോട്ടു പോകണമോ വേണ്ടയോ എന്നതാണ്. ആണവോർജ്ജോത്പാദനം തുടങ്ങിയിട്ട് ആറു പതിറ്റാണ്ടായെങ്കിലും ആണവമാലിന്യങ്ങൾ സംസ്കരിക്കാൻ ഒരു രാജ്യവും വിശ്വസനീയമായ ഒരു മാർഗ്ഗവും ഇതുവരെ കണ്ടെത്തിയിട്ടില്ല.   

ആണവ വിഷയത്തിൽ രാജ്യം ഇപ്പോൾ രണ്ട് ചേരികളായി തിരിഞ്ഞുനിൽക്കുകയാണ്. സർക്കാരിനൊപ്പം അതിനെ നയിക്കുന്ന കോൺഗ്രസ് കക്ഷി മാത്രമല്ല, പ്രതിപക്ഷ കക്ഷികളായ ബി.ജെ.പി.യും സി.പി.എമ്മുമുണ്ട്. അമേരിക്കയുമായി ഒന്നാം യു.പി.എ. സർക്കാർ ഒപ്പിട്ട ആണവ കരാറിൽ പ്രതിഷേധിച്ച് ഇടതു പാർട്ടികൾ അതിനുള്ള പിന്തുണ പിൻ‌വലിച്ചിരുന്നു. റഷ്യയുടെ ഉപരകരണങ്ങൾക്കു പകരം അമേരിക്കയുടേതാണ് കൂടംകുളത്ത് സ്ഥാപിച്ചിരുന്നതെങ്കിൽ സി.പി.എം. നിലപാട് ഇതുതന്നെയാകുമായിരുന്നെന്ന് തോന്നുന്നില്ല. ആണവ വിഷയത്തിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമീപനം ഒരിക്കലും സത്യസന്ധമായിരുന്നില്ല. അമേരിക്ക ഏക ആണവശക്തിയായിരുന്ന കാലത്താണ് അന്താദ്ദേശീയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ലോക സമാധാന കൌൺസിൽ രൂപീകരിച്ചുകൊണ്ട് ആണവായുധങ്ങൾക്കെതിരെ ആഗോളാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിച്ചത്. സോവിയറ്റ് യൂണിയൻ ആണവശക്തിയായി മാറിയശേഷം അതിന്റെ പ്രവർത്തനം മന്ദഗതിയിലായി. ചൈനയും അണുബോംബുണ്ടാക്കിയതോടെ അത് പൂർണ്ണമായും നിശ്ചലമായി. ഇന്ന് കമ്മ്യൂണിസ്റ്റുകാർ ലോക സമാധാന പ്രസ്ഥാനത്തെക്കുറിച്ച് സംസാരിക്കുന്നത് കേൾക്കാനാവില്ല.  

ആണവ വിഷയത്തിൽ രാജ്യത്തുണ്ടായിട്ടുള്ള ചേരിതിരിവിന്റെ സ്വഭാവം ശ്രദ്ധയർഹിക്കുന്നു. അധികാരിവർഗ്ഗം കക്ഷിഭേദമന്യെ ഒരു വശത്തും സാധാരണ ജനങ്ങൾ മറുവശത്തുമായി അണിനിരന്നിരിക്കുകയാണ്. അസ്വസ്ഥജനകമായ ഈ യാഥാർത്ഥ്യം മറച്ചു പിടിക്കാനാണ്  ഭരണകൂടം കൂടംകുളത്തെ ജനകീയ സമരത്തെ വിദേശ എൻ.ജി.ഒ. മാരുടെ സമരമായി ചിത്രീകരിക്കുന്നത്. ഇത്തരത്തിലുള്ള ചേരിതിരിവ് വിദേശരാജ്യങ്ങളിലും കാണാവുന്നതാണ്. പാശ്ചാത്യരാജ്യങ്ങളിലെ ചില സർക്കാരിതര സംഘടനകൾ ആണവവിരുദ്ധ സമരങ്ങളെ പിന്തുണക്കുമ്പോൾ അവിടത്തെ ഭരണകൂടങ്ങൾ ആഗോള ആണവ വിപണിയെ നിയന്ത്രിക്കുന്നവരും ഇന്ത്യ ആണവോർജ്ജത്തെ കൂടുതലായി ആശ്രയിക്കണമെന്ന് ആഗ്രഹിക്കുന്നവരുമാണ്. അതിന്റെ അർത്ഥം അവർ ഇന്ത്യ ലോക ശക്തിയായി വളർന്നു കാണാൻ ആഗ്രഹിക്കുന്നുവെന്നല്ല. തങ്ങളുടെ നിയന്ത്രണത്തിനു വിധേയമായി മാത്രം ഇന്ത്യ ആണവ പദ്ധതികൾ നടപ്പിലാക്കണമെന്നതാണ് അവരുടെ നിലപാട്. അതിന് അനുയോജ്യമായ കരാറാണ് അമേരിക്ക ഇന്ത്യയുമായി ഒപ്പിട്ടത്. നമ്മുടെ സർക്കർ ആണവോർജ്ജ പദ്ധതികൾ ഉപേക്ഷിക്കാൻ തയ്യാറായാൽ ഏറ്റവും കൂടുതൽ ചേതം അനുഭവിക്കുക നമ്മളല്ല, നമുക്ക് ആണവ സാമഗ്രികൾ വിറ്റ് തങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ തരണം ചെയ്യാമെന്ന പ്രതീക്ഷയിൽ കഴിയുന്ന വിദേശരാജ്യങ്ങളാണ്.   

സൌരോർജ്ജത്തിന്റെ കാര്യക്ഷമമായ ഉപയോഗമാണ് ലോകം നേരിടുന്ന ഗുരുതരമായ ഊർജ്ജ പ്രതിസന്ധിക്കുള്ള ശരിയായ പരിഹാരമെന്നത് പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ള വസ്തുതയാണ്. സൌരൊർജ്ജത്തിന്റെ ഉത്പാദനം സംബന്ധിച്ച സാങ്കേതികവിദ്യ ഇപ്പോൾ  തന്നെ ലഭ്യമാണ്. എന്നാൽ  ചെലവ് കൂടുതലായതുകൊണ്ടും ഏറെ സ്ഥലസൌകര്യങ്ങൾ ആവശ്യമായതുകൊണ്ടും അത് വലിയ തോതിൽ ഉത്പാദിപ്പിക്കാനും ഉപയോഗിക്കാനും കഴിയുന്നില്ല. ചെലവ് കുറഞ്ഞ സൌരോർജ്ജ സാങ്കേതികവിദ്യ വികസിപ്പിക്കാനായാൽ ഏറ്റവുമധികം പ്രയോജനം ലഭിക്കുന്നത് ഇന്ത്യക്കായിരിക്കും. കാരണം അമേരിക്കക്കൊ ഏതെങ്കിലും യൂറോപ്യൻ രാജ്യത്തിനൊ ഇന്ത്യയോളം സൂര്യപ്രകാശം ലഭിക്കുന്നില്ലെന്നതുതന്നെ. പക്ഷെ നിരവധി ലക്ഷം കോടി രൂപയുടെ ആണവ പദ്ധതികൾ ഏറ്റെടുത്തിട്ടുള്ള ഇന്ത്യാ ഗവൺ‌മെന്റ് അതിന്റെ ഒരു ശതമാനം പോലും സൌരോർജ്ജ ഗവേഷണത്തിനായി നീക്കിവെക്കുന്നില്ല. ഇതിന്റെ പ്രധാന കാരണം ആഗോള അധികാര രാഷ്ട്രീയത്തിൽ ആണവോർജ്ജത്തിനുള്ള സ്ഥാനം സൌരോർജ്ജത്തിനില്ലാത്തതാണ്. സൌരോർജ്ജം ഉപയോഗിച്ച് ലോകത്ത് വമ്പിച്ച നാശം വിതക്കാൻ കഴിയുന്ന കുറെ ആയുധങ്ങൾ അമേരിക്ക വികസിപ്പിച്ചെടുത്താൽ നമ്മുടെ ഭരണാധികാരികൾ അതിലേക്ക് ശ്രദ്ധ തിരിച്ചുവിടാനും അതിനായി വൻ‌തോതിൽ പണം ചെലവാക്കാനും തയ്യാറാകുമെന്ന കാര്യത്തിൽ സംശയം വേണ്ട.

രാജ്യതന്ത്രജ്ഞനും രാഷ്ട്രീയക്കാരനും തമ്മിലുള്ള തരത്തിലുള്ള അന്തരം ശാസ്ത്രജ്ഞന്മാരും ശാസ്ത്ര ഉദ്യോഗസ്ഥന്മാരും തമ്മിലുമുണ്ട്. ഒരു ശാസ്ത്രജ്ഞൻ ഈവിധ വിഷയങ്ങൾ എങ്ങനെയാണ് കൈകാര്യം ചെയ്യുകയെന്ന് മനസിലാക്കാൻ ആൽബർട്ട് ഐൻസ്റ്റൈന്റെ ജീവിതത്തിലേക്ക് കണ്ണോടിച്ചാൽ മതി. രണ്ടാം ലോക മഹായുദ്ധകാലത്ത് ജർമ്മനി വിട്ട് അമേരിക്കയിലെത്തുമ്പോൾ ഹിറ്റ്ലർ ഭരണകൂടം ആണവ മിസൈൽ രംഗങ്ങളിൽ വലിയ താല്പര്യമെടുക്കുന്നുണ്ടെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. അണുബോംബുണ്ടാക്കാനുള്ള ശ്രമത്തിൽ ജർമ്മനി വിജയിച്ചാൽ അത് യുദ്ധത്തിന്റെ ഗതി മാറ്റിമറിക്കുമെന്നതിനാൽ അതിനു മുമ്പ് അമേരിക്ക ബോംബുണ്ടാക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. പ്രസിഡന്റിനെ കണ്ട് അദ്ദേഹം ഈ ആഗ്രഹം അറിയിക്കുകയും അതിനായി സർക്കാരിനുമേൽ സമ്മർദ്ദം ചെലുത്താൻ മറ്റ് ശാസ്ത്രജ്ഞരെ പ്രേരിപ്പിക്കുകയും ചെയ്തു. യുദ്ധത്തിനുശേഷം അമേരിക്ക ആണവായുധ പരിപാടികൾ തുടരുകയും മറ്റ് രാജ്യങ്ങളും ആ പാതയിലേക്ക് നീങ്ങുകയും ചെയ്തപ്പോൾ അദ്ദേഹം അതിനെതിരായി ശബ്ദമുയർത്തുകയും മറ്റ് ശാസ്ത്രജ്ഞരെയും സമാധാനത്തിനുവേണ്ടിയുള്ള യജ്ഞത്തിൽ പങ്കാളികളാകാൻ പ്രേരിപ്പിക്കുകയും ചെയ്തു.  (മാതൃഭൂമി ആഴ്ചപ്പതിപ്പ്, ഏപ്രിൽ 8-14, 2012.

Tuesday, April 10, 2012

കോഴിക്കോട്ടെ സി പി.എം കോൺഗ്രസ് നഗരി എന്തിന്റെ മാതൃകയിൽ തീർത്തതായിരുന്നു?

സി.പി.എം. സമ്മേളന നഗരി
(മലയാളം വെബ്സൈറ്റിൽ റൂബിൻ ഡിക്രൂസിന്റെ ലേഖനത്തോടൊപ്പമുള്ള ചിത്രം )

സി.പി. എം. സമ്മേളന വേദി റോമിലെ കോളോസിയത്തിന്റെ മാതൃകയിലുള്ളതായിരുന്നെന്ന് പല മലയാള മാദ്ധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. സിംഹത്തിന്റെ മുന്നിൽ ക്രിസ്ത്യാനികളെ എറിഞ്ഞുകൊടുക്കുന്ന കാഴ്ച കാണാൻ കൊളോസിയത്തിൽ ജനങ്ങളെത്തിയിരുന്നെന്ന് ചിലർ ഓർമ്മിപ്പിക്കുകയും ചെയ്തു.    

മാദ്ധ്യമ റിപ്പോർട്ടുകളെ പരിഹസിച്ചുകൊണ്ട് “കൊളോസിയം കണ്ട പത്രക്കാർ” എന്ന തലക്കെട്ടിൽ റൂബിൻ ഡിക്രൂസ് മലയാളം വെബ്സൈറ്റിൽ ഒരു ലേഖനം എഴുതിയിരിക്കുന്നു.


സമ്മേളന വേദി ഗ്രീക്ക്-റോമൻ വസ്തുശില്പ മാതൃകയിലായത് കോഴിക്കോട്ടെ ആർക്കൊ പറ്റിയ ബുദ്ധിമോശമാണെന്ന് പറഞ്ഞുകൊണ്ടാണ് ഡിക്രൂസ് ലേഖനം ആരംഭിക്കുന്നത്. പക്ഷെ അദ്ദേഹത്തെ അതിലേറെ അത്ഭുതപ്പെടുത്തിയത് പത്രങ്ങളുടെയും പത്രാധിപന്മാരുടെയും പൊതുവിജ്ഞാന നിലവരമാണ്. “കൊളോസിയം കണ്ടാൽ എങ്ങനെയിരിക്കും എന്നറിയുന്ന ആളുകൾ പത്രസ്ഥാപനങ്ങളിൽ എവിടെയെങ്കിലും വേണ്ടേ?“ അദ്ദേഹം ചോദിക്കുന്നു.

സമ്മേളനവേദി കൊളോസിയത്തിന്റെ മാതൃകയിലല്ലെന്ന് ബോധ്യപ്പെടുത്താൻ ഡിക്രൂസ് ലേഖനത്തോടൊപ്പം റോമിലെ ആ കെട്ടിടത്തിന്റെ അവശിഷ്ടത്തിന്റെ ചിത്രവും കൊടുത്തിട്ടുണ്ട്.
(അത് ചുവടെ ചേർക്കുന്നു)



“റോമിലെ ഫോറത്തിലൂടെ നടന്ന് നടന്നു കൊളോസിയം വരെ പോവുക മനോഹരമായ ഒരനുഭവമാണ്,” ഡിക്രൂസ് എഴുതുന്നു. “ഞാന്‍ ആ വഴിയിലൂടെ പലതവണ നടന്ന് കൊളോസിയത്തില്‍ കയറി മനുഷ്യരെ മൃഗങ്ങള്‍ക്ക് തിന്നാനിട്ടു കൊടുത്ത സ്ഥലം നോക്കി നിന്നിട്ടുണ്ട്.”

ഒരു പത്രം കൊളോസിയം ഗ്രീസിലാണെന്ന് പറഞ്ഞതായി ഡിക്രൂസ് ചൂണ്ടിക്കാട്ടുന്നു.

വേദി ഗ്രീക്ക്-റോമൻ മതൃകയിലാണെന്ന് ഡിക്രൂസ് സമ്മതിക്കുന്നുണ്ട്. പക്ഷെ കൊളോസിയത്തെയല്ല മാതൃകയാക്കിയത്. പിന്നെ എന്തിനെയാവാം കോഴിക്കോട്ട് ബുദ്ധിമോശം കാട്ടിയ ആൾ മാതൃകയാക്കിയത്? ഈ ചോദ്യത്തിന് ശരിയായ ഉത്തരം പറഞ്ഞാൽ തരാൻ ഒരു കോടി രൂപയൊന്നും എന്റെ കയ്യിലില്ല. എങ്കിലും കോടീശ്വരൻ മാതൃകയിൽ ഏതാനും ഓപ്ഷനുകൾ തരാം: ഗ്രീസിനെ കൂടാതെ മൂന്ന് വത്തിക്കാൻ ദൃശ്യങ്ങളും ഇവിടെ അവതരിപ്പിക്കുന്നു.

1.    1. ഗ്രീസ്: അക്രോപോളിസ്  
         






        2. വത്തിക്കാൻ (ദൃശ്യം 1)

            

       3. വത്തിക്കാൻ (ദൃശ്യം 2)

                     
        4. വത്തിക്കാൻ (ദൃശ്യം 3)
      
              



           


            






Sunday, March 18, 2012

ജാതിമതകേരളത്തിന്റെ ഗതിവിഗതികൾ

ബി.ആർ.പി.ഭാസ്കർ

ലാലൂരിൽ കുന്നുകൂടിക്കിടക്കുന്ന മാലിന്യങ്ങൾ നീക്കം ചെയ്യാനുള്ള തീരുമാനം ഉടനടി നടപ്പിലാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കെ. വേണു ആരംഭിച്ച നിരാഹാരസമരം ഒരാഴ്ച പിന്നിട്ടപ്പോൾ ആ വിവരം ഞാൻ ഫേസ്ബുക്കിൽ രേഖപ്പെടുത്തുകയുണ്ടായി. അതിനോടുള്ള സുഹൃത്തുക്കളുടെ പ്രതികരണം കേരള സമൂഹം സമകാലിക പ്രശ്നങ്ങളെ സമീപിക്കുന്ന രീതി മനസിലാക്കാൻ സഹായിക്കുന്ന തരത്തിലുള്ളതായിരുന്നു. “വേണുവിന് വേറേ ഒരു വിഷയവും കിട്ടിയില്ലേ നിരാഹാരം കിടക്കാൻ?” ഒരു സുഹൃത്ത് ചോദിച്ചു. നക്സലൈറ്റ് പ്രസ്ഥാനകാലം മുതലുള്ള വേണുവിന്റെ രാഷ്ട്രീയസമീപനങ്ങളെ കുറിച്ചുള്ള അഭിപ്രായപ്രകടനങ്ങളുമുണ്ടായി. വളരെ ചുരുക്കം പേരെ മാലിന്യപ്രശ്നത്തെ കുറിച്ച് എന്തെങ്കിലും പറഞ്ഞുള്ളു. നിരാഹാരസമരം തുടർന്ന പത്ത് ദിവസക്കാലത്ത് മാദ്ധ്യമങ്ങളും അതിലേക്ക് നയിച്ച മാലിന്യപ്രശ്നത്തിൽ വലിയ താല്പര്യമെടുത്തില്ല. കടൽ വെടിവെയ്പ്, തിരുകേശം, പിറവം ഉപതെരഞ്ഞെടുപ്പ്, കണ്ണൂർ സിപി‌എം-ലീഗ് സംഘർഷം എന്നിവയ്ക്കിടയിൽ അത് മുങ്ങിപ്പോയി.

കേരളം നേരിടുന്ന തരത്തിലുള്ള മാലിന്യപ്രശ്നം ലോകത്ത് ഒരു പ്രദേശവും ഇതിനുമുമ്പ് നേരിട്ടിട്ടില്ല. കാരണം നഗരങ്ങൾക്കിടയിൽ മാലിന്യങ്ങൾ തള്ളാനും സംസ്കരിക്കാനും വിജനപ്രദേശം കണ്ടെത്താനാവാത്ത സാഹചര്യം മറ്റെങ്ങുമുണ്ടായിട്ടില്ല. സാമൂഹ്യ ശാസ്ത്രജ്ഞർ നഗര-ഗ്രാമത്തുടർച്ചയെന്ന് വിശേഷിപ്പിച്ചിരുന്ന കേരളത്തിന്റെ തീര-മദ്ധ്യ മേഖലകളിൽ -- വിശേഷിച്ചും ദേശീയപാതകളുടെയും മെയിൻ സെൻ‌ട്രൽ റോഡിന്റെയും ഇരുവശത്തുമുള്ള പ്രദേശങ്ങളിൽ -- ദ്രുതഗതിയിൽ നടക്കുന്ന നിർമ്മാണപ്രവർത്തനങ്ങളുടെ ഫലമായി 550 കിലോമീറ്റർ നീളമുള്ള ഒരു നഗരത്തുടർച്ച രൂപപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഒരു വികസിത രാജ്യവും കണ്ടിട്ടില്ലാത്ത പ്രതിഭാസമാണിത്. അനിയന്ത്രിത നഗരവത്കരണം സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ മുൻ‌കൂട്ടി കണ്ട് ഉചിതമായ നടപടികൾ കൈക്കൊള്ളാൻ നമ്മുടെ ഭരണാധികാരികൾക്കായില്ല.

മാലിന്യക്കൂമ്പാരമുൾപ്പെടെ ഇപ്പോൾ സംസ്ഥാനത്തിന്റെ മുന്നിലുള്ള മിക്കവാറും എല്ലാ പ്രശ്നങ്ങളും, അടിസ്ഥാനപരമായി, ഫ്യൂഡൽസ്വാധീനത്തിൽനിന്ന് മോചിതമായിട്ടില്ലാത്ത സമൂഹം ഫ്യൂഡൽചിന്താഗതിയിൽനിന്ന് മോചിതമായിട്ടില്ലാത്ത നേതൃത്വത്തിന്റെ കീഴിൽ ആധുനികയുഗത്തിലേക്ക് കാലുകുത്തുന്നതിന്റെ ഫലമായി ഉയർന്നു വന്നിട്ടുള്ളവയാണ്. ഉപരിപ്ലവവീക്ഷണത്തിൽ, കടൽ വെടിവെയ്പ്, തിരുകേശം, പിറവം, കണ്ണൂർ സംഘർഷം തുടങ്ങിയവ സമൂഹത്തിന്റെ അജണ്ട നിശ്ചയിക്കുന്ന പ്രസ്ഥാനങ്ങൾക്കും സ്ഥാപനങ്ങൾക്കും നഗരശുചിതത്വത്തേക്കാൾ പ്രാധാന്യമുള്ള വിഷയങ്ങളാകുന്നത് രാഷ്ട്രീയമാനം മൂലമാണെന്ന് തോന്നാവുന്നതാണ്. യഥാർത്ഥത്തിൽ അജണ്ടയിൽ അവ മുൻ‌ഗണന നേടുന്നത് ജാതിമതമാനത്തിന്റെ അടിസ്ഥാനത്തിലാണ്. രാഷ്ട്രീയ നേതാക്കളുടെ പ്രസ്താവങ്ങളും അവയ്ക്ക് മാദ്ധ്യമങ്ങൾ നൽകുന്ന പ്രാമുഖ്യവും ഇത് വ്യക്തമാക്കുന്നുണ്ട്. ഇന്നത്തെ കേരളം ജാതിഭേദവും മതവിദ്വേഷവുമില്ലാത്ത മാതൃകാസ്ഥാനമല്ല. അതിന്റെ രാഷ്ട്രീയഗതിവിഗതികൾ നിർണ്ണയിക്കുന്നത് ജാതിമതചിന്തകളാണ്.

കടലിൽ മീൻ പിടിക്കാൻ പോകുന്നവർ കൊല്ലപ്പെടുകയൊ ശ്രീലങ്കയിലൊ പാകിസ്ഥാനിലൊ ജയിലിലാവുകയും ചെയ്ത സംഭവങ്ങൾ മുമ്പുണ്ടായിട്ടുണ്ട്. അക്രമം നടത്തിയത് ഇറ്റലിയുടെ കപ്പലായത് നീണ്ടകര സംഭവത്തിന്റെ സ്വഭാവം മാറ്റി. കർദ്ദിനാൾ മാർ ആലഞ്ചേരി വത്തിക്കാൻ വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലെ പ്രസ്താവം പ്രശ്നത്തെ ജാതിമതചട്ടക്കൂട്ടിൽ കുടുക്കി. ഏജൻസി പിന്നീട് റിപ്പോർട്ട് തിരുത്തിയെങ്കിലും കർദ്ദിനാൾ പുതിയ സ്ഥാനലബ്ധിയിൽ മതിമറന്ന് അരുതാത്തത് പറഞ്ഞുവെന്ന് കരുതേണ്ടിയിരിക്കുന്നു. ഏതൊരു റിപ്പോർട്ടർക്കും തെറ്റ് പറ്റാം. എന്നാൽ വിഷയത്തിൽ ഇടപെടാൻ കത്തോലിക്കാ മന്ത്രിമാർക്ക് താൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന പ്രസ്താവം ശൂന്യതയിൽ നിന്ന് റിപ്പോർട്ടർ മെനഞ്ഞെടുത്തതാവാനുള്ള സാധ്യത കുറവാണ്. ഉപരിവർഗ്ഗ സഭാ മേലധികാരിയായ ആലഞ്ചേരിയുടെ പ്രസ്താവനക്കെതിരെ കൊല്ലപ്പെട്ട മീൻ‌പിടിത്തക്കാരുടെ സഭാ തലവനായ ആർച്ച്ബിഷപ്പ് സൂസൈപാക്യം രംഗത്ത് വന്നത് കേരളത്തിലെ ജാതിമതചിത്രത്തിന്റെ സങ്കീർണ്ണത വെളിവാക്ക്ക്കുന്നു.

തിരുകേശം കുറച്ചുകാലമായി മുസ്ലിം സമൂഹം ചർച്ച ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. പുരോഗമനവാദികൾ മാത്രമല്ല പല യാഥാസ്ഥിതിക വിഭാഗങ്ങളും കാന്തപുരം മുസലിയാർ കോടിക്കണക്കിനു രൂപ പിരിച്ച് വലിയൊരു പള്ളിയുണ്ടാക്കി സ്ഥാപിക്കാനുദ്ദേശിക്കുന്ന, പ്രവാചകന്റേതെന്ന് പറയപ്പെടുന്ന തിരുശേഷിപ്പിനെതിരെ നിലപാടെടുത്തിട്ടുണ്ട്. അവരുടെ എതിർപ്പിനു പിന്നിൽ മൂന്ന് കാരണങ്ങളുണ്ട്. അത് പ്രവാചകന്റെ മുടിയാണെന്ന മുസലിയാരുടെ അവകാശവാദം അവർ അംഗീകരിക്കുന്നില്ല. എന്തെങ്കിലും പ്രവാചകബന്ധം ഉണ്ടെങ്കിൽ തന്നെയും അത് സൂക്ഷിച്ചുവെക്കുന്നതും ആരാധിക്കുന്നതും അനിസ്ലാമികമാണെന്നു അവർ കരുതുന്നു. മാത്രമല്ല പദ്ധതിയുടെ പിന്നിലുള്ളത് മതതാല്പര്യങ്ങളല്ല, കേവലം കച്ചവട താല്പര്യങ്ങളാണെന്ന് അവർ വിശ്വസിക്കുകയും ചെയ്യുന്നു.

കേരള സമൂഹത്തിലെ മാറ്റങ്ങൾ സൂക്ഷ്മമായി വീക്ഷിക്കുന്ന ഏതൊരാൾക്കും എല്ലാ ജാതിമത വിഭാഗങ്ങളിലും പിന്തിരിപ്പൻ ശക്തികൾ പ്രബലപ്പെട്ടുകൊണ്ടിരിക്കുന്നതായി കാണാം. ഈ പ്രവണത ഏറ്റവും ശക്തമായി പ്രകടമാകുന്നത് ഒരുപക്ഷെ മുസ്ലിം സമുദായത്തിലാണ്. ദേശീയതലത്തിൽ ന്യൂനപക്ഷവിരുദ്ധത വളരുന്ന സാഹചര്യത്തിൽ ഇതിനെ അതിന്റെ ഫലമായുള്ള ഉൾവലിവായി കാണാവുന്നതാണ്. ഇവിടെ, വർഷങ്ങൾക്ക് മുമ്പ്, അധികാരത്തിനു പുറത്തു നിൽക്കുന്ന ഘട്ടത്തിൽ ഷേഖ് മുഹമ്മദ് അബ്ദുള്ള ഒരഭിമുഖത്തിൽ എന്നോട് പറഞ്ഞ വാക്കുകൾ ഓർത്തുപോകുന്നു: “ഇന്ത്യയിലെ മുസ്ലിങ്ങൾ ഉൾവലിഞ്ഞിരിക്കുന്നു. അവർ പുറത്തുവന്ന് മുഖ്യധാരയിൽ പ്രവേശിക്കണം.” എണ്ണത്തിൽ മുസ്ലിങ്ങളേക്കാളേറെ പിന്നിൽ നിൽക്കുന്ന ക്രൈസ്തവരിൽ ഈ പ്രവണത താരതമ്യേന കുറവാണെന്നത് സംഖ്യാബലത്തിനപ്പുറം ചില ഘടകങ്ങളും പരിഗണിക്കപ്പെടേണ്ടതാണെന്ന് വ്യക്തമാക്കുന്നു.

കാന്തപുരം മുസലിയാർ വിഭാവനം ചെയ്യുന്ന തിരുമുടി പ്രദർശനം ഇന്ത്യയിൽ ആദ്യത്തേതല്ല. ശ്രീനഗറിലെ ഹസ്രത്ബൽ പള്ളിയിൽ വളരെക്കാലമായി പ്രവാചകന്റേതെന്ന് പറയപ്പെടുന്ന മുടി സൂക്ഷിച്ചുവെച്ചിട്ടുണ്ട്. അമ്പതിൽ‌പരം വർഷങ്ങൾക്കു മുമ്പ് ആ തിരുശേഷിപ്പ് ഒരു ദിവസം അപ്രത്യക്ഷമായി. മഞ്ഞുപെയ്യുന്ന കൊടുംതണുപ്പിൽ തുറന്ന സ്ഥലങ്ങളിൽ പകലും രാത്രിയും തമ്പടിച്ചുകൊണ്ട് ജനങ്ങൾ പ്രതിഷേധിച്ചു. അന്വേഷണം ഊർജ്ജിതപ്പെടുത്താൻ കേന്ദ്രമന്ത്രി ലാൽ ബഹദൂർ ശാസ്ത്രി കശ്മീരിലെത്തി. ദിവസങ്ങൾക്കകം തിരുശേഷിപ്പ് കണ്ടെടുത്ത് പുന:സ്ഥാപിക്കപ്പെട്ടു. അതിനുമുമ്പൊ അതിനുശേഷമൊ മുടിയുടെ പവിത്രതയെക്കുറിച്ച് ബോധ്യപ്പെട്ട് ഇന്ത്യയുടെ ഇതര ഭാഗങ്ങളിൽ നിന്ന് മുസ്ലിങ്ങൾ അങ്ങോട്ട് ചെന്നിട്ടില്ല. ഈ സാഹചര്യത്തിൽ മുസലിയാരുടെ കൈവശമുള്ളതിനും ഒരു പ്രാദേശിക കാഴ്ചവസ്തു എന്നതിനപ്പുറം പ്രാധാന്യം നേടാനായെന്ന് വരില്ല.

പിണറായി വിജയന്റെ പരസ്യപ്രസ്താവന മുസ്ലിം സമുദായത്തിനുള്ളിൽ ഒതുങ്ങി നിന്ന മുടിവിവാദം പൊതുമണ്ഡലത്തിലേക്ക് കൊണ്ടുവന്നു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാകട്ടെ മാദ്ധ്യമപ്രവർത്തകർ അഭിപ്രായം ആരാഞ്ഞപ്പോൾ തനിക്ക് അതിനുള്ള പാണ്ഡിത്യമില്ലെന്ന് പറഞ്ഞ് തന്ത്രപൂർവ്വം ഒഴിയുകയാണ് ചെയ്തത്. മറ്റു കക്ഷി നേതാക്കൾ കടന്നുചെല്ലാൻ മടിച്ചിടത്തേക്ക് ധൈര്യപൂർവ്വം കടന്നു ചെന്ന സി.പി.എം നേതാവിന്റെ നേർക്ക് ഫേസ്ബുക്കിൽ അഭിനന്ദനങ്ങൾ പ്രവഹിച്ചു. പക്ഷെ അദ്ദേഹത്തെ നയിച്ച ചേതോവികാരം സമൂഹത്തെ അന്ധവിശ്വാസത്തിൻ നിന്ന് രക്ഷിക്കാനുള്ള മോഹമാണെന്ന് കരുതാനാവില്ല. എന്തെന്നാൽ ഹിന്ദുമത വിശ്വാസികൾക്കിടയിൽ പടർന്നുകൊണ്ടിരിക്കുന്ന അന്ധവിശ്വാസങ്ങൾക്കെതിരെ സമാനമായ സമീപനം അദ്ദേഹം എടുത്തതായി കാണുന്നില്ല. സ്വാമി വിവേകാനന്ദൻ 19ആം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ തിരുവനന്തപുരം സന്ദർശിച്ചപ്പോൾ വിശ്രമിക്കാനുപയോഗിച്ച കട്ടിൽ ഭാരതീയ വിചാരകേന്ദ്രം അന്ന് അദ്ദേഹത്തിന് ആതിഥ്യമരുളിയ മനൊന്മണിയം സുന്ദരം പിള്ളയുടെ പിൻ‌ഗാമികളിൽ ഈയിടെ ആഘോഷപൂർവ്വം ഏറ്റെടുക്കുകയുണ്ടായി. മുന്നൊ നാലൊ ദിവസം സ്വാമികൾ ഉപയോഗിച്ചതിന്റെ ഫലമായി ആ കട്ടിലിന് ദിവ്യത്വമൊ പവിത്രതെയൊ കൈവന്നെന്ന് കരുതാനാവുമൊ? അതൊന്നും മാദ്ധ്യമ ആഘോഷത്തിന് തടസമായില്ല. ഇന്ന് കേരളത്തിൽ സവർണ്ണമൂല്യങ്ങൾ പുന:സ്ഥാപിക്കാൻ ശ്രമം നടക്കുകയാണ്. അതിന് കാർമികത്വം വഹിക്കുന്നത് മാദ്ധ്യമങ്ങളാണ്, പ്രത്യേകിച്ചും ദൃശ്യമാദ്ധ്യമങ്ങൾ. പരമ്പരകളിലൂടെ നിത്യവും അവ പ്രസരിപ്പിക്കുന്ന സാംസ്കാരികമാലിന്യത്തിനെതിരെ പിണറായി വിജയൻ സംസാരിച്ചിട്ടില്ല. അദ്ദേഹം മുൻ‌കൈയെടുത്ത് സ്ഥാപിക്കുകയും ഇപ്പോഴും നിയന്ത്രിക്കുകയും ചെയ്യുന്ന ചാനലിനെ ആ പാതയിൽ നിന്ന് പിന്തിരിപ്പിക്കാൻ അദ്ദേഹം ശ്രമിച്ചതായും അറിവില്ല. ഒരു എം.എൽ.എ.യുടെ കുഞ്ഞിനെ പള്ളിയിൽ കൊണ്ടു പോയി മാമോദീസ മുക്കിയെന്ന വാർത്ത പാർട്ടിക്ക് അപമാനകരമായി കണ്ട സെക്രട്ടറി ഒരു ബ്രാഞ്ച് സെക്രട്ടറി അമ്പലത്തിൽ ശാന്തിപ്പണി ചെയ്യുന്നതിലും ശബരിമലയിൽ ശാന്തിയായി പോയതിലും ഒരപാകതയും കണ്ടില്ല. ഒരു ക്രൈസ്തവ പുരോഹിതനെ നികൃഷ്ടജീവി എന്ന് വിശേഷിപ്പിച്ച അദ്ദേഹം ആ വിശേഷണം അർഹിക്കുന്ന ഒരു കള്ളസന്യാസിയെ കണ്ടെത്തിയതായും അറിവില്ല. ഈ സംഭവങ്ങൾ ഇവിടെ പരാമർശിക്കുന്നത് സി.പി.എമ്മിന്റെയൊ പിണറായി വിജയന്റെയൊ മതനിരപേക്ഷത ചോദ്യം ചെയ്യാനല്ല അത് ദുർബലമായ അടിത്തറയിലാണ് നിൽക്കുന്നതെന്ന് ഓർമ്മിപ്പിക്കുവാനാണ്.

തുടക്കം മുതൽതന്നെ ഇന്ത്യയിൽ മതനിരപേക്ഷതയെക്കുറിച്ച് ചിന്താക്കുഴപ്പം നിലനിന്നിരുന്നു. ഗാന്ധി എല്ലാ മതങ്ങൾക്കും രാഷ്ട്രീയത്തിൽ സ്ഥാനം നൽകിക്കൊണ്ട് ഒരു ഭാരതീയ മതനിരപേക്ഷ സമീപനം രൂപപ്പെടുത്തിയപ്പോൾ മതത്തെ രാഷ്ട്രീയത്തിൽ നിന്ന് വേർപെടുത്തുന്ന പാശ്ചാത്യ മാതൃകയാണ് നെഹ്രുവിന് സ്വീകാര്യമായത്. വർഗവൈരുദ്ധ്യം പരിഹരിക്കപ്പെടുമ്പോൾ ജാതിയും മതവുമെല്ലാം പ്രശ്നമല്ലാതാകുമെന്നതാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ താത്വിക നിലപാട്. ഇതിന്റെ അടിസ്ഥാനത്തിൽ 1940കളിൽ അവിഭക്ത സി.പി.ഐ. അഖിലേന്ത്യാ മുസ്ലിം ലീഗിന്റെ പാകിസ്ഥാൻ വാദത്തിന് പിന്തുണ നൽകിയിരുന്നു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വളരാൻ ഹിന്ദു ഇന്ത്യയേക്കാൾ കൂടുതൽ സാധ്യത മുസ്ലിം പാകിസ്ഥാനിലാണെന്ന കണക്കുകൂട്ടലിൽ “പച്ചയിലൂടെ ചുവപ്പിലേക്ക്” (To Red via Green) എന്നൊരു മുദ്രാവാക്യവും പാർട്ടി സ്വീകരിച്ചു. മതത്തെക്കുറിച്ചുള്ള ധാരണകൾ തെറ്റായിരുന്നെന്ന് സോവിയറ്റ് യൂണിയനിലേയും കിഴക്കേ യൂറോപ്പിലേയും അനുഭവങ്ങളും ജാതിയെക്കുറിച്ചുള്ള ധാരണകൾ അബദ്ധജടിലമാണെന്ന് ഈ രാജ്യത്തെ അനുഭവങ്ങളും വ്യക്തമാക്കിയിട്ടും യാഥാർത്ഥ്യബോധത്തോടെ പ്രശ്നത്തെ സമീപിക്കാൻ സി.പി.എമ്മിന് ഇനിയും കഴിഞ്ഞിട്ടില്ല. ഈ വസ്തുതയോടൊപ്പം കേരളത്തിലെ പാർട്ടിയുടെ ജാതിമത ഘടനയും പരിഗണിക്കപ്പെടേണ്ടതുണ്ട്. അവസാനം പ്രസിദ്ധീകരിച്ച (2007ലെ) കണക്കുകളനുസരിച്ച് പാർട്ടിഅംഗങ്ങളിൽ മുസ്ലിങ്ങൾ 10.35 ശതമാനം മാത്രമാണ്. ഇന്ത്യയിലാകെ 45,000ഓളം ക്രൈസ്തവ അംഗങ്ങളാണുള്ളത്. അവരുടെ സംസ്ഥാനം തിരിച്ചുള്ള വിവരം ലഭ്യമല്ലെങ്കിലും അതും 10ഓ 11ഓ ശതമാനത്തിലേറെയാകാനുള്ള സാധ്യത കാണുന്നില്ല. അതായത് ജനസംഖ്യയുടെ 44 ശതമാനം വരുന്ന മതന്യൂനപക്ഷങ്ങളുടെ പാർട്ടി സാന്നിധ്യം 22 ശതമാനത്തിനപ്പുറം പോകില്ല. പാർട്ടി അംഗങ്ങളിൽ 78 ശതമാനവും ജനസംഖ്യയിൽ 55 ശതമാനം മാത്രമുള്ള ഹിന്ദുക്കളാണ്. ഈ ദൌർബല്യം തിരിച്ചറിയുന്നതു കൊണ്ടാണ് മുസ്ലിം ക്രൈസ്തവ ഈർക്കിൽ കക്ഷികളെ മുന്നണിയിൽ പ്രവേശിപ്പിക്കാതെ തന്നെയും സി.പി.എം. ചിറകിൻ കീഴിൽ നിർത്തുന്നത്. തെരഞ്ഞെടുപ്പിനുശേഷം യോഗേദ്ര യാദവിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന വിശദമായ പഠനങ്ങളിൽ സി.പി.എം. നയിക്കുന്ന ഇടതു മുന്നണിയുടെ വോട്ട് വിഹിതത്തിലും ജാതിമത അസന്തുലിതതയുള്ളതായി വെളിപ്പെട്ടിട്ടുണ്ട്. കൊച്ചു വർഗീയ കക്ഷികളുടെ സാന്നിധ്യം ഇടതു മുന്നണിക്ക് ഉദ്ദേശിച്ച ഗുണം ചെയ്യുന്നില്ലെന്ന് ഇത് കാണിക്കുന്നു. പക്ഷെ ആ നയം പുന:പരിശോധിക്കാനുള്ള ആർജ്ജവം നേതൃത്വം ഇനിയും കാട്ടേണ്ടിയിരിക്കുന്നു.

ജാതിമത അസന്തുലിതാവസ്ഥ സി.പി.എമ്മിന്റെയും എൽ.ഡി.എഫിന്റെയും മാത്രം പ്രശ്നമല്ല. കോൺഗ്രസും യു.ഡി.എഫും അതേ അളവിലൊ അതിലുമധികമായൊ അതനുഭവിക്കുന്നുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് രാഷ്ട്രീയ കേരളത്തിന്റെ ദാരുണാവസ്ഥ മുമ്പെങ്ങും കാണാത്തവിധം വെളിപ്പെടുത്തി. തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തിയ എസ്.എൻ.ഡി. പി. യോഗം 72 സീറ്റോടെ അധികാരത്തിലേറുന്ന യു.ഡി.എഫിൽ 49 എം.എൽ. എ.മാർ ന്യൂനപക്ഷ സമുദായാംഗങ്ങളാണെന്ന് ചൂണ്ടിക്കാട്ടി. ഈഴവർ മൂന്ന് പേർ മാത്രം. ജനസംഖ്യയുടെ 20 ശതമാനത്തിനു മേൽ വരുന്ന സമുദായത്തിന് പരമാവധി പ്രാതിനിധ്യം നൽകാൻ മൂവരെയും മന്ത്രിയാക്കണമെന്ന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആവശ്യപ്പെട്ടു. ഒരാൾ തനിക്ക് മന്ത്രിയാകേണ്ടന്ന് പരസ്യമായി പ്രസ്താവിച്ചതുകൊണ്ടാവാം നടേശൻ രണ്ട് മന്ത്രിമാരെക്കൊണ്ട് തൃപ്തിപ്പെട്ടു. യു.ഡി.എഫ് തീരുമാനിച്ച നാലു പേർക്ക് പുറമെ മഞ്ഞളാംകുഴി അലിയെ അഞ്ചാം മന്ത്രിയായി സ്വയം പ്രഖ്യാപിച്ചുകൊണ്ടാണ് മുസ്ലിം ലീഗ് ഭരണം തുടങ്ങിയത്. അദ്ദേഹം ഇപ്പോഴും ക്യൂവിലാണ്.

യു.ഡി.എഫിലെ അസന്തുലിതാവസ്ഥക്കു കാരണം പ്രബല മുസ്ലിം ക്രൈസ്തവ കക്ഷികളുടെ സാന്നിധ്യം മാത്രമല്ല. കോൺഗ്രസ് നിരയിൽ സമീപകാലത്ത് ശക്തിപ്പെട്ടിട്ടുള്ള അസന്തുലിതാവസ്ഥക്കും അതിൽ പങ്കുണ്ട്. എ.കെ.ആന്റണിയിൽ നിന്ന് ഉമ്മൻ ചാണ്ടി ഏറ്റെടുത്ത ‘എ’ വിഭാഗവും കെ. കരുണാകരൻ പുറത്തുപോയപ്പോൾ അനാഥരായവരെ ഉൾപ്പെടുത്തി രമേശ് ചെന്നിത്തല പുന:സംഘടിപ്പിച്ച ‘ഐ’ വിഭാഗവും കൈകോർത്തപ്പോൾ ഫലത്തിൽ കോൺഗ്രസ് പാർട്ടിക്ക് ഒരു സവർണ്ണക്രൈസ്തവ-സവർണ്ണഹിന്ദു കൂട്ടുകെട്ടിന്റെ പ്രതിച്ഛായ കൈവന്നു. അത് മാറ്റിയെടുക്കാൻ സംസ്ഥാന നേതൃത്വമൊ കേന്ദ്ര നേതൃത്വമൊ ഇതുവരെ ഒരു ശ്രമവും നടത്തിയിട്ടില്ല. അതിന്റെ ആവശ്യകത അവർ മനസിലാക്കിയിട്ടുണ്ടോയെന്നുപോലും വ്യക്തമല്ല.

പാർട്ടികളിലെയും മുന്നണികളിലെയും ജാതിമത അസന്തുലിതാവസ്ഥ പൊടുന്നനെ രൂപപ്പെട്ടതല്ല. ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ പതനത്തിനുശേഷം, പ്രത്യേകിച്ചും കോൺഗ്രസും സി.പി.ഐയും പിളർന്നശേഷമുള്ള സംഭവ വികാസങ്ങൾ സൂക്ഷ്മമായി പരിശോധിച്ചാൽ പ്രമുഖ കക്ഷികൾ താത്കാലിക ലാഭം മുൻ‌നിർത്തി എടുത്ത തീരുമാനങ്ങൾ സമൂഹത്തെ ഈ അവസ്ഥയിലെത്തിക്കുകയായിരുന്നെന്ന് കാണാം. സി.പിഐ.യിലെ പിളർപ്പിന് പ്രത്യയശാസ്ത്രപരമായ പശ്ചാത്തലമുണ്ടായിരുന്നു. എന്നാൽ കേരളാ കോൺഗ്രസിന്റെ പിറവിയുടെ അടിത്തറ ക്രൈസ്തവവിഭാഗീയതയായിരുന്നു. അതിലെ നായർ മേമ്പൊടി സാധ്യമാക്കിയത് അതിന്റെ ആവിർഭാവത്തിലേക്ക് നയിച്ച ആർ.ശങ്കർവിരുദ്ധതയാണ്. ഒരവസരത്തിൽ സി.പി.എം. അവസരവാദപരമായ ഒരു കൂട്ടുകെട്ട് തെറ്റായിരുന്നെന്ന് വൈകി ഏറ്റുപറഞ്ഞെങ്കിലും.അത്തരം സഖ്യങ്ങൾ ഇപ്പോഴും ആവർത്തിക്കുന്നുണ്ട്.

വിഭജനത്തിന് ഉത്തരവാദിയായ കക്ഷിയെന്ന നിലയിൽ കോൺഗ്രസ് മാറ്റിനിർത്തിയിരുന്ന മുസ്ലിം ലീഗിന് പിന്നീട് ലഭിച്ച പ്രാധാന്യം സങ്കുചിത താല്പര്യങ്ങൾ മാത്രമുള്ള മറ്റ് ജാതിമത കക്ഷികളുടെ വരവിന് വഴിയൊരുക്കി. അവയിൽ പലതും പ്രമുഖ കക്ഷികളുടെ രക്ഷാധികാരമുണ്ടായിട്ടും പെട്ടെന്ന് പൊലിഞ്ഞുപോയെന്നത് സമൂഹത്തിൽ ജാതിമതചിന്തകൾക്കതീതമായ വികാരം ദുർബലമല്ലെന്ന് സൂചിപ്പിക്കുന്നു. ദീർഘകാലം അധികാര രാഷ്ട്രീയത്തിന്റെ ഭാഗമായി പ്രവർത്തിച്ചതിന്റെ ഫലമായി സമീപനത്തിലുണ്ടായ മാറ്റം മുസ്ലിം ലീഗിന് മതനിരപേക്ഷ കക്ഷിയെന്ന് അവകാശപ്പെടാനുള്ള ധൈര്യം നൽകിയിട്ടുണ്ട്. ആ വാദം അംഗീകരിക്കാൻ മടിക്കുന്നവർക്കും അതിൽ മൃദുവർഗ്ഗീയതയെ അവശേഷിക്കുന്നുള്ളെന്ന് സമ്മതിക്കേണ്ടിവരും. ലീഗൊ അതിന്റെ ഒരു കഷണമൊ അരനൂറ്റാണ്ടു കാലത്ത് ഏതാണ്ട് തുടർച്ചയായി അധികാരം കയ്യാളിയെങ്കിലും ആ പ്രസ്ഥാനത്തിന് തെക്കൻ കേരളത്തിൽ മുന്നേറാൻ ഇനിയും കഴിഞ്ഞിട്ടില്ല. അതുപോലെതന്നെ കേരളാ കോൺഗ്രസിന്റെ സ്വാധീനവും ഭൂമിശാസ്ത്രപരമായി പരിമിതപ്പെടുത്തപ്പെട്ടിരിക്കുന്നു.

ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിലുള്ള വിവേചനത്തിന്റെ ഫലമായി ദുരിതമനുഭവിച്ചവർ അതിൻ നിന്ന് മുക്തിനേടാനായി ജാതിമതാടിസ്ഥാനത്തിൽ സംഘടിക്കുന്നതിനെയും അത്തരം വിവേചനം അനുഭവിച്ചിട്ടില്ലാത്തവർ അതേ അടിസ്ഥാനത്തിൽ സംഘടിക്കുന്നതിനെയും ഒരുപോലെ കാണാനാവില്ല. ആദ്യ കൂട്ടർ പ്രതികൂലാവസ്ഥ തരണം ചെയ്യാനുള്ള ശ്രമത്തിലാണ്. മറ്റേ കൂട്ടർ അനുകൂലാവസ്ഥ തുടരാനുള്ള ശ്രമത്തിലും. ഉദ്ദേശ്യലക്ഷ്യങ്ങൾക്കപ്പുറം ഇരു കൂട്ടരും അവലംബിക്കുന്ന സമീപനത്തിനും പ്രസക്തിയുണ്ട്. ജാതിമത സങ്കുചിതത്വം വളർത്തിക്കൊണ്ട് തുല്യതയും നീതിയും നിലനിൽക്കുന്ന സമൂഹം സൃഷ്ടിക്കാനാവില്ല. രണ്ട് സമീപനത്തിന്റെയും മാതൃകകൾ നമ്മുടെ മുന്നിലുണ്ട്. നാദാപുരത്തുണ്ടായ ഒരു സംഭവത്തിൽ ഉൾപ്പെട്ടവർ രണ്ട് മതങ്ങളിൽ പെട്ടവരും രണ്ട് രാഷ്ട്രീയ കക്ഷികളിൽ പെട്ടവരുമായിരുന്നു. അവർ വിവേകപൂർവ്വം പ്രശ്നത്തെ രാഷ്ട്രീയ തലത്തിൽ നിലനിർത്തി. മാറാട് കടപ്പുറത്തെ സംഘർഷത്തിൽ ഉൾപ്പെട്ടവർ വ്യത്യസ്ത മതങ്ങളിലും വ്യത്യസ്ത കക്ഷികളിലും പെട്ടവരായിരുന്നു. അവിടെ വിവേകം പ്രകടമായില്ല. ഹലം: രാഷ്ട്രീയ ചേരിതിരിവ് മറികടന്ന് വർഗ്ഗീയത താണ്ഡവമാടി.(മാതൃഭൂമി ആഴ്ചപ്പതിപ്പ്, 2012 മാർച്ച് 11-17)

Monday, February 6, 2012

അഴീക്കോട്: ഒരേയൊരു സാംസ്കാരികനായകൻ

ബി.ആർ.പി. ഭാസ്കർ

സാംസ്കാരികനായകൻ എന്നത് മലയാളികൾക്ക് സുപരിചിതമായ ഒരു പദപ്രയോഗമാണ്. അതിന് തുല്യമായ ഒന്ന്, എന്റെ അറിവിൽ, ഭാരതീയമൊ വിദേശീയമൊ ആയ മറ്റൊരു ഭാഷയിലുമില്ല. പല തുറകളിൽ പ്രവർത്തിക്കുന്നവരെ കൂട്ടായി പരാമർശിക്കാനാണ് ഈ വാക്ക് ഉപയോഗിക്കുന്നത്. ഒന്നൊ രണ്ടൊ കഥയൊ കവിതയൊ എഴുതിയത്തിന്റെ ബലത്തിൽ സാഹിത്യകാരൻ എന്ന വിശേഷണം നേടിയവർ, കക്ഷിരാഷ്ടീയ നിയന്ത്രണത്തിലല്ലാത്ത പരിപാടികളിൽ പങ്കെടുത്ത് പൊതുപ്രവർത്തകൻ എന്ന് വിവക്ഷിക്കപ്പെടാനുള്ള അർഹത സമ്പാദിച്ചവർ എന്നിങ്ങനെ പലതരത്തിലുള്ളവരെ അതിന്റെ പരിധിയിൽ പെടുത്തുന്നു. കേരളത്തിലെ മാധ്യമങ്ങൾ സാംസ്കാരിക പ്രവർത്തനത്തെ അത്യുദാരമായി നിർവചിച്ചുകൊണ്ട് ഇത്തരത്തിലുള്ള ഒരു കൂട്ടായ്മ സൃഷ്ടിച്ച സാഹചര്യത്തെക്കുറിച്ചുള്ള അന്വേഷണം എന്നെ കൊണ്ടെത്തിച്ചത് ഡോ. സുകുമാർ അഴീക്കോട് എന്ന അസുലഭ വ്യക്തിത്വത്തിലാണ്. ആറേഴു പതിറ്റാണ്ടായി വ്യത്യസ്ത മണ്ഡലങ്ങളിൽ വ്യാപരിച്ചുകൊണ്ട് നാനാവിഷയങ്ങളെ കുറിച്ച് ചിന്തിക്കാൻ മലയാളികളെ പ്രേരിപ്പിച്ച ആ പ്രതിഭ ഇല്ലായിരുന്നില്ലെങ്കിൽ സാംസ്കാരികനായകൻ എന്നൊരു വാക്ക് രൂപപ്പെടുമായിരുന്നില്ല. കാരണം അതിന്റെ ആവശ്യമുണ്ടാകുമായിരുന്നില്ല.

കോമേഴ്സിലും അധ്യപനത്തിലും ബിരുദങ്ങളും മലയാളത്തിലും സംസ്‌കൃതത്തിലും ബിരുദാനന്തരബിരുദങ്ങളും മലയാളത്തിൽ ഡോൿടോറേറ്റും എടുത്തുകൊണ്ട് ആരംഭിച്ച ജീവിതയാത്രയിൽ അഴീക്കോട് കടന്നു ചെന്നിട്ടില്ലാത്ത മേഖലകൾ തുലോം ചുരുക്കമാണ്. അദ്ദേഹം എന്നും അദ്ധ്യാപകനായിരുന്നു. അദ്ദേഹത്തിന്റെ സ്വാധീനം ക്ലാസ് മുറിയിലും അതിലൂടെ കടന്നുപോയ വിദ്യാർത്ഥിതലമുറകളിലും ഒതുങ്ങിയില്ല. എഴുത്തുകാരൻ, നിരൂപകൻ, പ്രഭാഷകൻ, പത്രപ്രവർത്തകൻ, സാമൂഹ്യവിമർശകൻ എന്നിങ്ങനെ വിവിധ നിലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു പുറത്തും അറിവ് പകർന്നു കൊണ്ട് അദ്ദേഹം എല്ലാവർക്കും, ശരിയായ അർത്ഥത്തിൽ, ‘മാഷ്‘ ആയി.

കുമാരനാശാന്റെ സീതാകാവ്യം വിലയിരുത്തിക്കൊണ്ടും ജി. ശങ്കരക്കുറുപ്പിനെ വിമർശിച്ചു കൊണ്ടും സാഹിത്യരംഗത്ത് പ്രവേശിച്ചപ്പോൾ യുവാവായ സുകുമാർ അഴീക്കോട് ആരെയും വിമർശനവിധേയനാക്കാനും ചോദ്യം ചെയ്യാനുമുള്ള ചങ്കൂറ്റമാണ് പ്രദർശിപ്പിച്ചത്. ആ തന്റേടം പിന്നീട് മറ്റ് മണ്ഡലങ്ങളിലെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിലും പ്രകടമായി. ഒരു നേതാവിനെയും ഒരാരാധനാപാത്രത്തെയും അദ്ദേഹം വിമർശനത്തിനതീതനായി കണ്ടില്ല. മറ്റുള്ളവരെ വെല്ലുവിളിച്ചുകൊണ്ടും മറ്റുള്ളവരാൽ വെല്ലുവിളിക്കപ്പെട്ടുകൊണ്ടും, കൊണ്ടതിലേറെ കൊടുത്തുകൊണ്ട്, അദ്ദേഹം പൊതുമണ്ഡലത്തിൽ നീണ്ടകാലം നിലകൊണ്ടു.

പഠിപ്പിക്കുന്നതോടൊപ്പം അഴീക്കോട് സ്വയം പഠിച്ചു വളരുകയും ചെയ്തു.. വാഗ്ഭടാനന്ദന്റെ ശിഷ്യനായി തുടങ്ങി അദ്ദേഹം ശ്രീനാരായണന്റെ വ്യാഖ്യാതാവായി. കോൺഗ്രസുകാരനായി തുടങ്ങി ഇടതുപക്ഷത്തിന്റെ സുഹൃത്തായി. വി.എസ്. അച്യുതാനന്ദനെ 2006ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കേണ്ടെന്ന സി.പി.എം സംസ്ഥാന സമിതി തീരുമാനം തിരുത്താൻ പോളിറ്റ്ബ്യൂറൊയെ പ്രേരിപ്പിച്ച ഒരു ഘടകം അഴീക്കോട് അദ്ദേഹത്തിന് അനുകൂലമായെടുത്ത ശക്തമായ നിലപാടായിരുന്നു. വേദികളേറെയും ഇടതുപക്ഷത്തിന്റെ നിയന്ത്രണത്തിലായതും ശ്രോതാക്കളേറെയും ഇടതുപക്ഷത്തിന്റെ അനുഭാവികളായതും പ്രഭാഷകനായ അഴീക്കോട് അങ്ങോട്ട് ചായാൻ കാരണമായെന്ന് കരുതുന്നവരുണ്ട്. ശ്രോതാക്കളുടെ താല്പര്യങ്ങൾ മനസിൽ സൂക്ഷിക്കുകയെന്നത് പ്രഭാഷണകലയിലെ വിജയതന്ത്രത്തിന്റെ ഭാഗമാണ്. മന:സാക്ഷിയെ വഞ്ചിക്കാതെ അത് ചെയ്യാനാവണമെന്നു മാത്രം.

ഇരുപതോളം കൃതികളുടെ കർത്താവായ അഴീക്കോട് തന്റെ ഏറ്റവും വലിയ സംഭാവനയായി എടുത്തു കാട്ടുന്നത് 1984ൽ പുറത്തു വന്ന തത്ത്വമസി ആണ്. കേന്ദ്ര കേരള സാഹിത്യ അക്കാദമി അവാർഡുകൾ ഉൾപ്പെടെ ഒരു ഡസൻ പുരസ്കാരങ്ങളാണ് അത് അദ്ദേഹത്തിന് നേടിക്കൊടുത്തത്. ഇന്നത്തെ തലമുറയ്ക്ക് ഭാരതീയ ദർശനം പരിചയപ്പെടുത്താനായി എഴുതിയ ആ കൃതിക്ക് ലഭിച്ച സ്വീകരണം ഗഹനമായ വിഷയം കൈകാര്യം ചെയ്യുന്ന മറ്റൊരു മലയാള പുസ്തകത്തിനും കിട്ടിയിട്ടില്ല. അതിൽ പുതുതായൊന്നുമില്ലെന്ന ആക്ഷേപം ചില വിമർശകർ ഉയർത്തുകയുണ്ടായി. പഴയ ആശയങ്ങളിൽ പുതുമ തേടിയിട്ട് കാര്യമില്ല. അതേസമയം ആ ആശയങ്ങൾ ഉരുത്തിരിഞ്ഞതെങ്ങനെയെന്ന അന്വേഷണത്തിനുള്ള സാധ്യത അദ്ദേഹം ഉപയോഗപ്പെടുത്തിയോ എന്ന ചോദ്യം അസ്ഥാനത്തല്ല. തത്ത്വമസി ഉൾപ്പെടെ ഭാരതീയ ദർശനത്തിലെ ഉദാത്തമായ ആശയങ്ങളടങ്ങുന്ന മഹാവാക്യങ്ങളൊക്കെ ഉപനിഷത്തുകളിലാണുള്ളത്, വേദങ്ങളിലല്ല. വൈദിക സമൂഹം ഉപഭൂഖണ്ഡത്തിലെത്തിയ കാലത്ത് രചിച്ചവയാണ് ആദി ഗ്രന്ഥമായ ഋഗ്‌വേദത്തിലെ സൂക്തങ്ങളെന്ന് അതിന്റെ ഉള്ളടക്കത്തിൽ നിന്ന് വ്യക്തമാണ്. പിൽക്കാലത്തുണ്ടായ ഉപനിഷത്തുകൾ അവരും ഭാരതത്തിലെ ഇതര സമൂഹങ്ങളും തമ്മിലുണ്ടായ ഇടപഴകലിലൂടെ വികസിച്ചതാണ്. ഇരുവിഭാഗങ്ങളുടെയും സംഭാവനകൾ അവയിലുണ്ട്. അവയുടെ സ്വാധീനത്തിൽ വൈദിക സമൂഹം ആദ്യകാല സമീപനങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്തിയതായി കാണാം. വേദങ്ങൾ യാഗം നടത്തി ദേവതകളെ പ്രീതിപ്പെടുത്താൻ ആവശ്യപ്പെടുമ്പോൾ ഉപനിഷത്തുകൾ യാഗത്തെ മന്ദബുദ്ധി പ്രവർത്തനമായി അപലപിക്കുകയാണ് ചെയ്യുന്നത്. വ്യത്യസ്ത ഉപനിഷത്തുകളെ ഓരോരോ വേദങ്ങളുമായി ബന്ധപ്പെടുത്തി ചിട്ടപ്പെടുത്തിക്കൊണ്ടാണ് വൈദിക സമൂഹം അവയെ തങ്ങളുടെ ബൌദ്ധികസ്വത്താക്കി മാറ്റിയത്. ആ പ്രക്രിയ പഠിച്ച് കൃത്യമായി വിശദീകരിക്കാൻ അഴീക്കോടിനോളം കഴിവുള്ള വളരെപ്പേരുണ്ടാവില്ല. അദ്ദേഹത്തിന്റെ അന്വേഷണാത്മക മനസ് ആ വഴിക്ക് തിരിഞ്ഞിരുന്നെങ്കിൽ ഭാരതീയ ദർശനത്തിന്റെ വികാസചരിത്രത്തിലേക്ക് പുതിയ വെളിച്ചം വീശുവാൻ അതിന് കഴിയുമായിരുന്നു.

പല മഹാന്മാരുടെയും വലിപ്പത്തിന്റെ അടിസ്ഥാനം അവരുടെ വ്യക്തിത്വമല്ല, അവർ വഹിച്ച പദവികളുടെ ഔന്നത്യമാണ്. അഴീക്കോടിന്റെ കാര്യം വ്യത്യസ്തമാണ്. കോൺഗ്രസ് ടിക്കറ്റിൽ ലോക് സഭയ്ക്ക് മത്സരിച്ചപ്പോൾ അദ്ദേഹം തോൽക്കുകയാണുണ്ടായത്. വൈസ് ചാൻസലർ പദവിയെലെത്താതെയാണ് അദ്ദേഹം സർവകലാശാലാ ജീവിതം അവസാനിപ്പിച്ചത്. എന്നാൽ ജനമനസുകളിൽ എം.പി.മാരേക്കാളും വൈസ് ചാൻസലർമാരേക്കാളും ഉയരത്തിലാണ് അദ്ദേഹത്തിന്റെ സ്ഥാനം.

ചെറുപ്പത്തിൽ ഉൾക്കൊണ്ട ഗാന്ധി സ്വാധീനം അഴീക്കോട് ഒരു ഘട്ടത്തിലും ഉപേക്ഷിച്ചില്ല. അദ്ദേഹത്തിന്റെ വാക്കുകൾ അത് സാക്ഷ്യപ്പെടുത്തുന്നുണ്ട്. അദ്ദേഹം നേതൃത്വം നൽകിയ നവഭാരതവേദി എന്ന സാമൂഹ്യ സാംസ്കാരിക സംഘടനയുടെ പ്രവർത്തനങ്ങളിലും അത് പ്രതിഫലിച്ചിരുന്നു. സമീപകാലത്ത് അദ്ദേഹം അടുത്ത സുഹൃത്തുക്കളുമായി നടത്തിയ സംഭാഷണങ്ങളിൽ ഗാന്ധിമാർഗ്ഗം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത നിരന്തരം ഉയർന്നു വന്നിരുന്നു.

ബാഹ്യഘടകങ്ങൾ ഒഴിവാക്കിക്കൊണ്ട്, തത്ത്വങ്ങളുടെ അടിസ്ഥാനത്തിൽ, ശരിതെറ്റുകളെ വിലയിരുത്താൻ പരമാവധി ശ്രമിച്ചിട്ടുള്ള വ്യക്തിയാണ് അഴീക്കോട്. എം. പി. നാരായണപിള്ള മുന്നോട്ടു വെച്ച നിബന്ധനകളിൽ പ്രകോപിതരായി കേരള സാഹിത്യ അക്കാദമി ഭാരവാഹികൾ അദ്ദേഹത്തിനുള്ള സമ്മാനം പിൻ‌വലിക്കാൻ തീരുമാനിച്ചപ്പോൾ പ്രതിഷേധ സൂചകമായി തന്റെ വിശിഷ്ടാംഗത്വമുൾപ്പെടെയുള്ള എല്ലാ പുരസ്കാരങ്ങളും തിരിച്ചു നൽകിയത് ഇതിന് ഉദാഹരണമാണ്. അദ്ദേഹത്തിന്റെ ജീവിതത്തിൽ പിണക്കങ്ങളും ഇണക്കങ്ങളും ഏറെയുണ്ടായി. ആശുപതിയിൽ പ്രവേശിച്ചപ്പോൾ പിണങ്ങിയിരുന്നവർ മറക്കാനും പൊറുക്കാനും തയ്യാറായി അദ്ദേഹത്തിന്റെ മുന്നിലെത്തി. നാനാതുറകളിലും പെട്ട മറ്റനവധിയാളുകൾ അദ്ദേഹത്തിനു നന്മ നേരാനെത്തി. അഭിപ്രായഭിന്നതകളെ അപ്രസക്തമാക്കിയ അസാധാരണമായ ആ സൌഹൃദ പ്രകടനങ്ങൾക്ക് ഒരു വിശദീകരണമെ നൽകാനാവൂ. മിത്രങ്ങളും ശത്രുക്കളും അദ്ദേഹത്തിന്റെ സവിശേഷ വ്യക്തിത്വം അംഗീകരിക്കുന്നു. സമൂഹത്തിന്റെ മന:സാക്ഷി എന്ന നിലയിലുള്ള അംഗീകാരമാണത്.

പുതിയ തലമുറകളിൽ നിന്ന് സമാനസ്വഭാവമുള്ള ഒരു വ്യക്തിത്വം ഉയർന്നു വരുമൊ? വന്നേക്കാം. അങ്ങനെയൊന്ന് ഉദിച്ചുയരും വരെ സുകുമാർ അഴീക്കോട് നമ്മുടെ നഭസ്സിലെ ഒരേയൊരു സാംസ്കാരിക നായകനായി മിന്നിനിൽക്കും.

(മാതൃഭൂമി ആഴ്ചപ്പതിപ്പ്, ഫെബ്രുവരി 5, 2012)

Sunday, February 5, 2012

മാദ്ധ്യമ സിണ്ടിക്കേറ്റും മാദ്ധ്യമ രാഷ്ട്രീയവും

ബി.ആർ.പി. ഭാസ്കർ

ഒരുകാലത്ത് ഒരു കൂട്ടായ്മയെ പരാമർശിക്കാൻ ഇംഗ്ലീഷ് ഭാഷയിൽ ഉപയോഗിച്ചിരുന്ന നിർദ്ദോഷപരമായ വാക്കാണ് സിണ്ടിക്കേറ്റ്. പിന്നീട് അത് ദു:സൂചനയുള്ള പദമായി. കോൺഗ്രസ് പാർട്ടിയിൽ ഇന്ദിരാ ഗാന്ധിക്കെതിരെ ശക്തരായ പ്രാദേശിക നേതാക്കളുടെ നിര ഉയർന്നുവന്നപ്പോൾ അവരെ പരാമർശിക്കാൻ മാദ്ധ്യമങ്ങൾ ഈ വാക്ക് വ്യാപകമായി ഉപയോഗിക്കുകയുണ്ടായി. കേരളത്തിൽ സി.പി.എമ്മിനെ തകർക്കാൻ ഒരു മാദ്ധ്യമ സിണ്ടിക്കേറ്റ് പ്രവർത്തിക്കുന്നുവെന്ന പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ ആരോപണത്തോടെയാണ് ആ പദപ്രയോഗമുണ്ടായത്. അതു സംബന്ധിച്ച വാദപ്രതിവാദങ്ങൾ നടക്കുന്ന കാലത്ത് അങ്ങനെയൊരു സംഘടിത സിണ്ടിക്കേറ്റ് പ്രവർത്തനം നടക്കുന്നതായി വിശ്വസിക്കുന്നില്ലെന്ന അഭിപ്രായം ഞാൻ പ്രകടിപ്പിച്ചിരുന്നു. ഇപ്പോഴും ആ അഭിപ്രായം തന്നെയാണ് എനിക്കുള്ളത്.

അതേസമയം മാദ്ധ്യമങ്ങളിൽ മാർക്സിസ്റ്റ്വിരുദ്ധത നിലനിൽക്കുന്നുണ്ടെന്ന കാര്യത്തിൽ സംശയമില്ല. അതൊരു പുതിയ കാര്യവുമല്ല. അമ്പതിൽ‌പരം കൊല്ലം മുമ്പ് ആദ്യമായി കേരളത്തിൽ ഒരു കമ്മ്യൂണിസ്റ്റ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ ഒരു മലയാളപത്രം മാത്രമാണ് അതിന് അനുകൂലമായ നിലപാട് എടുത്തത്. ഇപ്പോൾ സി.പി.എം അധികാര രാഷ്ട്രീയത്തിൽ ഉറച്ച സ്ഥാനമുള്ള കക്ഷിയാണ്. കോൺഗ്രസും സി.പി.എമ്മും നയിക്കുന്ന മുന്നണികൾ മാറിമാറി അധികാരത്തിൽ വരുന്നു. നേരിയ വ്യത്യാസത്തിലാണ് ജയപരാജയങ്ങൾ നിശ്ചയിക്കപ്പെടുന്നത്. അപ്പോൾ ഒരു വലിയ ജനവിഭാഗം സി.പി.എമ്മിനോടൊപ്പമാണെന്ന വസ്തുത വിപണിയിൽ മത്സരിക്കുന്ന മാദ്ധ്യമങ്ങൾക്ക് അവഗണിക്കാനാവില്ല. അതുകൊണ്ടാണ് വലിയ പത്രം ആഴ്ചതോറും പംക്തിയെഴുതാൻ ആറു പേരെ നിശ്ചയിക്കുമ്പോൾ ഒരു ദിവസം ഒരു സി.പി.എം.കാരന് ഉറപ്പായും നൽകുന്നത്.

മാദ്ധ്യമങ്ങളിൽ നിലനിൽക്കുന്ന മാർക്സിസ്റ്റ്വിരുദ്ധതയെ സി.പി.എമ്മുമായി ബന്ധപ്പെട്ടു കാണേണ്ടതില്ല. അടിസ്ഥാനപരമായി അത് മാദ്ധ്യമസ്ഥാപനങ്ങളുടെ മുതലാളിത്തപരമായ ഘടനയുമായി ബന്ധപ്പെട്ടതാണ്. ഇന്ന് മാദ്ധ്യമങ്ങൾ വ്യവസായങ്ങളാണ്. വ്യക്തികളുടെയൊ കുടുംബങ്ങളുടെയൊ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങൾപോലും കോർപ്പൊറേറ്റ് ചട്ടക്കൂട്ടിലാണ് പ്രവർത്തിക്കുന്നത്. ഇന്ത്യയിലെ ഭാഷാ പത്രങ്ങളുടെ വളർച്ച വിശദമായി പഠിച്ച പ്രൊഫസർ റോബിൻ ജെഫ്രിയുടെ India’s Newspaper Revolution എന്ന പുസ്തകത്തിൽ -- ഇത് “ഇന്ത്യയിലെ പത്രവിപ്ലവം“ എന്ന പേരിൽ മലയാളത്തിലും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്— പത്രങ്ങളുടെ വളർച്ചയും മുതലാളിത്തത്തിന്റെ വികാസവും തമ്മിലുള്ള ബന്ധം ചർച്ച ചെയ്യുന്നുണ്ട്. നിരവധി മാദ്ധ്യമ സ്ഥാപനങ്ങൾ നടത്തുന്ന കക്ഷിയാണ് സി.പി.എം. അതും ഈ ആവശ്യത്തിനായി മുതലാളിത്ത ചട്ടക്കൂടാണ് സ്വീകരിച്ചിട്ടുള്ളത്. കോർപ്പൊറേറ്റ് സംവിധാനത്തിൽ മുതലാളിയും തൊഴിലാളിയും തമ്മിലുള്ള വർഗ്ഗവൈരുദ്ധ്യമുണ്ടാകും. ജീവനക്കാർ പാർട്ടിബന്ധമുള്ളവരാകയാൽ പാർട്ടിയുടെ സ്ഥാപനങ്ങളിൽ ഇത് പ്രകടമാകാറില്ല. പാർട്ടി ബന്ധം ഇല്ലാതാകുമ്പോൾ അത് പ്രകടമാകും. സി.പി.എമ്മിൽ നിന്ന് പുറത്താക്കപ്പെട്ടശേഷം പത്രപ്രവർത്തകൻ എന്ന നിലയിൽ ലഭിക്കേണ്ട ആനുകൂല്യങ്ങൾക്കായി അപ്പുക്കുട്ടൻ വള്ളിക്കുന്ന് നിയമ നടപടി സ്വീകരിച്ചത് ഇതിന് തെളിവാണ്.

മാദ്ധ്യമങ്ങൾക്ക് രാഷ്ട്രീയമുണ്ട്. ഇന്ത്യയിൽ നിലനിൽക്കുന്ന മാദ്ധ്യമ സ്വാതന്ത്ര്യം പൌരന്റെ ആവിഷ്കാര-അഭിപ്രായ സ്വാതന്ത്ര്യങ്ങളുടെ ഭാഗമാണ്. അപ്പോൾ ഒരു പൌരനെന്നപോലെ ഒരു മാദ്ധ്യമ സ്ഥാപനത്തിനും സ്വന്തമായ രാഷ്ട്രീയ ചിന്താഗതി വെച്ചുപുലർത്താനും അത് പ്രചരിപ്പിക്കാനും അവകാശമുണ്ട്. സ്വന്തം രാഷ്ട്രീയം മുന്നോട്ടുകൊണ്ടുപോകാനായി മാദ്ധ്യമങ്ങൾ നടത്തുന്ന ഒരു രാഷ്ട്രീയ കക്ഷിക്ക് ഇത് മനസിലാക്കാൻ കഴിയേണ്ടതാണ്. മാദ്ധ്യമങ്ങളുടെ രാഷ്ട്രീയം നിഷിദ്ധമായി തോന്നുന്നത് രാഷ്ട്രീയം എന്നത് രാഷ്ട്രീയ കക്ഷികൾക്ക് മാത്രം അവകാശപ്പെട്ട മേഖലയാണെന്ന തെറ്റിദ്ധാരണ മൂലമാണ്.

മാദ്ധ്യമങ്ങൾക്കും മാദ്ധ്യമപ്രവർത്തകർക്കും അവരുടേതായ രാഷ്ട്രീയമുള്ളപ്പോഴും തൊഴിൽ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനുള്ള ബാധ്യതയുണ്ട്. അതിന്റെ ഭാഗമായി വസ്തുതകളെ മാനിക്കാൻ അവർക്കാകണം. ഇവിടെ സത്യം എന്ന വാക്ക് ഉപയോഗിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. എന്താണ് സത്യം എന്നത് വളരെക്കാലമായി മനുഷ്യരാശിയുടെ മുന്നിലുള്ള ഒരു വലിയ ചോദ്യമാണ്. അതിനുള്ള ഉത്തരം അന്വേഷിച്ച ചിലർ ഒടുവിലെത്തിച്ചേർന്ന നിഗമനം പരമമായ സത്യം ഒന്നേയുള്ളു അത് ദൈവമാണ് എന്നാണ്. അത്തരം സത്യാന്വേഷണം ദൈനദിന മാദ്ധ്യമപ്രവർത്തനത്തിന്റെ പരിധിയിൽ പെടുന്നില്ല. അവർക്ക് ചെയ്യാവുന്നത് വസ്തുതകൾ ശേഖരിച്ച് അവതരിപ്പിക്കുക മാത്രമാണ്.

കേരളത്തിൽ, വ്യക്തികൾക്കെന്നപോലെ,മാദ്ധ്യമൾക്കും രാഷ്ട്രീയ കക്ഷികൾക്കും ജാതിയും മതവുമൊക്കെയുണ്ട്. സ്വാഭാവികമായും ജാതിമതബന്ധങ്ങളുള്ള മാദ്ധ്യമങ്ങളുടെ രാഷ്ട്രീയത്തിൽ അതിന്റെ പ്രതിഫലനമുണ്ടാകും.

ആധുനിക സാങ്കേതികവിദ്യ മാദ്ധ്യമപ്രവർത്തനത്തിൽ വലിയ മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കുകയാണ്. മാറ്റങ്ങൾ അനിവാര്യമാണ്. നാം ബോധപൂർവ്വം ശ്രമിച്ചാലും ഇല്ലെങ്കിലും മാറ്റങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കും. എല്ലാ മാറ്റങ്ങളും നല്ലതാവണമെന്നില്ല. നമുക്ക് ചുറ്റും ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളെ സൂക്ഷ്മമായി പരിശോധിക്കുകയും നല്ലവയെ പ്രോത്സാഹിപ്പിക്കുകയും നല്ലതല്ലാത്തവയെ നിരുത്സാഹപ്പെടുത്തുകയും ചെയ്യാൻ നമുക്കാകണം. എല്ലാ മാറ്റങ്ങൾക്കിടയിലും മാറ്റം കൂടാതെ നിലനിൽക്കേണ്ട തൊഴിൽ മൂല്യങ്ങളുണ്ട്. അതിലൊന്നാണ് വസ്തുതകളെ മാനിക്കുകയെന്നത്.

(കോട്ടയത്ത് നടക്കുന്ന ഇരുപത്തിയെട്ടാമത് ദർശന പുസ്തക പ്രദർശനത്തിന്റെ ഭാഗമായി ഫെബ്രുവരി 3ന് സംഘടിപ്പിക്കപ്പെട്ട മാദ്ധ്യമ സെമിനാർ ഉത്ഘാടനം ചെയ്തുകൊണ്ട് ചെയ്ത പ്രസംഗത്തിന്റെ ഏകദേശരൂപം)