Thursday, April 19, 2012

നാണപ്പന്റെ ഓർമ്മയിൽ...


എം.പി. നാരായണപിള്ള എന്ന നാണപ്പൻ വിട്ടുപിരിഞ്ഞിട്ട് 14 വർഷമാകുന്നു. മേയ് 19നാണ് പതിന്നാലാം ചരമവാർഷികം.

നാണപ്പന്റെ അന്തിക്കൂട്ട് എന്ന ചെറുകഥാ സമാഹാരം മേയ് 1969ൽ കറന്റ് ബുക്സ്, തൃശ്ശൂർ, പ്രസിദ്ധീകരിച്ചു. എട്ട് കഥകൾ ഉൾക്കൊള്ളിച്ചിട്ടുള്ള അതിൽ കുറിച്ചിട്ടുള്ള വില: Rs. 1-75!

ഒരു ഉപക്രമത്തോടെയാണ് പുസ്തകം തുടങ്ങുന്നത്. അതിൽ ആ സുഹൃത്ത് ഇങ്ങനെ കുറിച്ചു:

   ഇതെന്റെ രണ്ടാമത്തെ* പുസ്തകമാണ്.
   പക്ഷെ, ആദ്യകാലങ്ങളിൽ എഴുതിയ രണ്ട് കഥകൾ ഇതിലാണ് പ്രസിദ്ധീകരിക്കുന്നത്: കള്ളൻ, അന്തിക്കൂട്ട് എന്നീ കഥകൾ. ഇതിൽ ‘കള്ളൻ’ എന്റെ ആദ്യത്തെ കഥയാണ്. ആദ്യം പ്രസിദ്ധീകരിച്ചതും പ്രായപൂർത്തിയായതിനുശേഷം ആദ്യം എഴുതിയതും.

    അതുകൊണ്ടീ കഥയോട് എനിക്കല്പം കൂടുതൽ പ്രേമം തോന്നുകയെന്നത് സ്വാഭാവികമാണ്; ക്ഷന്തവ്യവുമാണ്. എഴുതിത്തീർക്കാൻ രണ്ട് മാസം വേണ്ടിവന്നു. തിരിച്ചയക്കുമോയെന്ന ഭയംകൊണ്ട് ഞാനിത് പോക്കറ്റിലിട്ടുകൊണ്ട് നടക്കുകയായിരുന്നു. അന്നിത് പ്രസിദ്ധീകരണത്തിനയക്കാൻ എന്നെ നിർബന്ധിച്ചതും എനിക്കതിനുവേണ്ട ധൈര്യം ഉണ്ടാക്കിത്തന്നതുമായ ഒരാളുണ്ട്: ബാബു രാജേന്ദ്രപ്രസാദ് ഭാസ്കർ. ആ ചെറിയ സഹായം –പ്രചോദനം അല്ലെങ്കിൽ പുഷ് – വളരെ വിലയേറിയതായിരുന്നു എന്ന് ഇന്നെനിക്ക് മനസ്സിലാക്കാൻ കഴിയുന്നുണ്ട്. കാരണം അന്നാ പുഷ് കിട്ടിയില്ലെങ്കിൽ ഈ കഥ പ്രസിദ്ധീകരണത്തിനയക്കില്ലായിരുന്നു. അറിയാതെ ഒരു ദിവസം മുണ്ടലക്കുന്ന വെളുത്തേടത്തി യമുനയിൽ ഇഅതടിച്ചു നനച്ചേനേ. എന്റെ രോഗം സാഹിത്യത്തിൽനിന്നു മറ്റു വല്ല ഉന്മാദത്തിലേയ്ക്കും തിരിഞ്ഞേക്കാമായിരുന്നു.
   എം.പി.നാരായണപിള്ള  
‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌---------------------------------------------------------------------------------------------------------------------
*ആദ്യത്തെ പുസ്തകം ‘മുരുകൻ എന്ന പാമ്പാട്ടി’, കറന്റ് ബുക്സ്, തൃശ്ശൂർ

4 comments:

വെള്ളരി പ്രാവ് said...

ദൈവമേ...ബാബുജി അറിയ്യോ അവരെ എല്ലാം?ഇതാദ്യത്തെ അറിവ്.ഞാന്‍ എന്‍റെ സ്കൂള്‍ വേനലവധി കാലം അച്ഛന്റെ തറവാട്ടില്‍ (പുല്ലുവഴിയില്‍) ഏറെ ചിലവഴിച്ചിരിക്കുന്നു.അക്കാലങ്ങളില്‍ ഒരായിരം സംശയങ്ങളുമായി വടക്കേലെ തൃ മൂര്‍ത്തികളുടെ അക്ഷരപുരയില്‍ പലപ്പോഴും എത്തി നോക്കിയിരുന്നു.എന്‍റെ സംശയങ്ങള്‍ ഒരു പൂച്ച കുഞ്ഞിന്റെ കുറുകല്‍ കേള്‍ക്കുന്നപോലെ കൌതുകത്തോടെ കേട്ട് തള്ളി ,ശിരസ്സില്‍ തലോടി ആ ബുദ്ധി ജീവികള്‍ വീണ്ടും പുസ്തകത്തിലേക്ക് ഊളിയിടും.വടക്കെലമ്മയുടെ മാമ്പഴ പുളിശ്ശേരിയുടെ രുചിയോടൊപ്പം ഇന്നും ഹരിതം ആ ഓര്‍മ്മകളും.സൗദി സന്ദര്‍ശിക്കാന്‍ വന്ന ഗോപിമാമനെ(പി.ജി)പണ്ട് മടിയിലിരുന്നു കഥ കേട്ട സ്വാതന്ത്ര്യത്തോടെ കണ്ടവഴി ഓടി ചെന്ന് കെട്ടിപ്പിടിച്ചു ഉമ്മ വെച്ചപ്പോള്‍,എന്നെ തിരിച്ചറിയാന്‍ മാമനോട് എനിക്ക് എന്‍റെ വേരുകള്‍ വരെ പറയേണ്ടി വന്നു.പക്ഷെ അവര്‍ക്കരിയില്ലോ എന്‍റെ ചിന്തകള്‍ക്ക് അന്ന് ചിറകു പകര്‍ന്നത് വെട്ടിക്കാലിയിലെ പഴയ തറവാടിന്റെ വല്ല്യേട്ടന്റെ(ഗോപാല കൃഷ്ണന്‍)മുറിയിലെ ചില്ലലമാരിയും,കാപ്പിളി വീട്ടിലെ (വടക്കേലെ) ഗ്രന്ഥ പുരയിലെ വിഭവ സമര്‍ഥമായ പുസ്തക മണവും ആയിരുന്നെന്ന്?അന്ന് ആരും കാണാതെ ആ അകത്തളങ്ങളില്‍ ഒളിച്ചിരുന്ന് വായിച്ച പുസ്തകങ്ങള്‍ക്ക് മാത്രമാണല്ലോ എന്‍റെ അന്നും ഇന്നുമുള്ള അക്ഷരാഞ്ജലികളും..

chithrakaran:ചിത്രകാരന്‍ said...

"ബാബു രാജേന്ദ്രപ്രസാദ് ഭാസ്കർ" തന്നെയായിരിക്കും ബി.ആര്‍.പിയായത് എന്നു കരുതുന്നു. നാരായണപിള്ളയെക്കുറിച്ചുള്ള ദീപ്ത സ്മരണകള്‍ പങ്കുവച്ചതിനു നന്ദി.

ഭൂമിപുത്രി said...

ഈ ഓർമ്മ ഞാൻ മുൻപ് വായിച്ചിരുന്നു സർ. അതുകൊണ്ട് നാരായണപിള്ളയെയും കഥകളെപ്പറ്റിയും വായിക്കുമ്പോഴൊക്കെ ബിആർപി സാറിനെയുമോർക്കും

hakh said...

ഞാന്‍ അറിയുന്നത്. മുഴുവന്‍ പേരു ബാബു രാജേന്ദ്ര പ്രസാദ് ഭാസ്കര്‍ എന്നാണെന്നും എല്ലാ കാര്യങ്ങളേയും തല തിരിച്ചു കാണാന്‍ കഴിവുള്ള വ്യക്തിയാണെന്നും സിഗരറ്റു പാക്കെറ്റിന്റെ ഒരു വശത്തു തീപ്പെട്ടിയുടെ മരുന്നു തേച്ചാല്‍ അതിന്റെ കൂടി ഉപയോഗം ഒരൊറ്റ പാക്കെറ്റില്‍ ഒതുക്കാനാവുമെന്നും മറ്റുമുള്ള ബി ആര്‍ പി യുടെ കമന്റുകള്‍ നാണപ്പന്റെ സ്വന്തം ശൈലിയില്‍ എഴുതിയതു ഇന്നും മനസ്സില്‍ പച്ച കുത്തിയതു പോലെ ഇരിക്കുന്നു. എല്ലാ പ്രശ്നങ്ങളെയും തല തിരിചൊന്നു കാണണം എന്നു പഠിപ്പിച്ച ഉച്ചിയില്‍ മറുകുള്ള ആ ജീനിയസ്സിന്റെ ഒരിക്കലും മറക്കാത്ത ഓര്മകള്ക്കു മുന്നില്‍ ഒരായിരം പൂച്ചെണ്ടുകള്‍ അര്പ്പിക്കട്ടെ. ബി ആര്‍ പിക്കു നന്ദി, നാണപ്പനെ ഓര്മിമിപ്പിച്ചതിനു.