ലാലൂരിൽ കുന്നുകൂടിക്കിടക്കുന്ന മാലിന്യങ്ങൾ നീക്കം ചെയ്യാനുള്ള തീരുമാനം ഉടനടി നടപ്പിലാക്കണമെന്നാവശ്യപ്പെട്ടു
കേരളം നേരിടുന്ന തരത്തിലുള്ള മാലിന്യപ്രശ്നം ലോകത്ത് ഒരു പ്രദേശവും ഇതിനുമുമ്പ് നേരിട്ടിട്ടില്ല. കാരണം നഗരങ്ങൾക്കിടയിൽ മാലിന്യങ്ങൾ തള്ളാനും സംസ്കരിക്കാനും വിജനപ്രദേശം കണ്ടെത്താനാവാത്ത സാഹചര്യം മറ്റെങ്ങുമുണ്ടായിട്ടില്ല. സാമൂഹ്യ ശാസ്ത്രജ്ഞർ നഗര-ഗ്രാമത്തുടർച്ചയെന്ന് വിശേഷിപ്പിച്ചിരുന്ന കേരളത്തിന്റെ തീര-മദ്ധ്യ മേഖലകളിൽ -- വിശേഷിച്ചും ദേശീയപാതകളുടെയും മെയിൻ സെൻട്രൽ റോഡിന്റെയും ഇരുവശത്തുമുള്ള പ്രദേശങ്ങളിൽ -- ദ്രുതഗതിയിൽ നടക്കുന്ന നിർമ്മാണപ്രവർത്തനങ്ങളുടെ ഫലമായി 550 കിലോമീറ്റർ നീളമുള്ള ഒരു നഗരത്തുടർച്ച രൂപപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഒരു വികസിത രാജ്യവും കണ്ടിട്ടില്ലാത്ത പ്രതിഭാസമാണിത്. അനിയന്ത്രിത നഗരവത്കരണം സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ മുൻകൂട്ടി കണ്ട് ഉചിതമായ നടപടികൾ കൈക്കൊള്ളാൻ നമ്മുടെ ഭരണാധികാരികൾക്കായില്ല.
മാലിന്യക്കൂമ്പാരമുൾപ്പെടെ ഇപ്പോൾ സംസ്ഥാനത്തിന്റെ മുന്നിലുള്ള മിക്കവാറും എല്ലാ പ്രശ്നങ്ങളും, അടിസ്ഥാനപരമായി, ഫ്യൂഡൽസ്വാധീനത്തിൽനിന്ന് മോചിതമായിട്ടില്ലാത്ത സമൂഹം ഫ്യൂഡൽചിന്താഗതിയിൽനിന്ന് മോചിതമായിട്ടില്ലാത്ത നേതൃത്വത്തിന്റെ കീഴിൽ ആധുനികയുഗത്തിലേക്ക് കാലുകുത്തുന്നതിന്റെ ഫലമായി ഉയർന്നു വന്നിട്ടുള്ളവയാണ്. ഉപരിപ്ലവവീക്ഷണത്തിൽ, കടൽ വെടിവെയ്പ്, തിരുകേശം, പിറവം, കണ്ണൂർ സംഘർഷം തുടങ്ങിയവ സമൂഹത്തിന്റെ അജണ്ട നിശ്ചയിക്കുന്ന പ്രസ്ഥാനങ്ങൾക്കും സ്ഥാപനങ്ങൾക്കും നഗരശുചിതത്വത്തേക്കാൾ പ്രാധാന്യമുള്ള വിഷയങ്ങളാകുന്നത് രാഷ്ട്രീയമാനം മൂലമാണെന്ന് തോന്നാവുന്നതാണ്. യഥാർത്ഥത്തിൽ അജണ്ടയിൽ അവ മുൻഗണന നേടുന്നത് ജാതിമതമാനത്തിന്റെ അടിസ്ഥാനത്തിലാണ്. രാഷ്ട്രീയ നേതാക്കളുടെ പ്രസ്താവങ്ങളും അവയ്ക്ക് മാദ്ധ്യമങ്ങൾ നൽകുന്ന പ്രാമുഖ്യവും ഇത് വ്യക്തമാക്കുന്നുണ്ട്. ഇന്നത്തെ കേരളം ജാതിഭേദവും മതവിദ്വേഷവുമില്ലാത്ത മാതൃകാസ്ഥാനമല്ല. അതിന്റെ രാഷ്ട്രീയഗതിവിഗതികൾ നിർണ്ണയിക്കുന്നത് ജാതിമതചിന്തകളാണ്.
കടലിൽ മീൻ പിടിക്കാൻ പോകുന്നവർ കൊല്ലപ്പെടുകയൊ ശ്രീലങ്കയിലൊ പാകിസ്ഥാനിലൊ ജയിലിലാവുകയും ചെയ്ത സംഭവങ്ങൾ മുമ്പുണ്ടായിട്ടുണ്ട്. അക്രമം നടത്തിയത് ഇറ്റലിയുടെ കപ്പലായത് നീണ്ടകര സംഭവത്തിന്റെ സ്വഭാവം മാറ്റി. കർദ്ദിനാൾ മാർ ആലഞ്ചേരി വത്തിക്കാൻ വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലെ പ്രസ്താവം പ്രശ്നത്തെ ജാതിമതചട്ടക്കൂട്ടിൽ കുടുക്കി. ഏജൻസി പിന്നീട് റിപ്പോർട്ട് തിരുത്തിയെങ്കിലും കർദ്ദിനാൾ പുതിയ സ്ഥാനലബ്ധിയിൽ മതിമറന്ന് അരുതാത്തത് പറഞ്ഞുവെന്ന് കരുതേണ്ടിയിരിക്കുന്നു. ഏതൊരു റിപ്പോർട്ടർക്കും തെറ്റ് പറ്റാം. എന്നാൽ വിഷയത്തിൽ ഇടപെടാൻ കത്തോലിക്കാ മന്ത്രിമാർക്ക് താൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന പ്രസ്താവം ശൂന്യതയിൽ നിന്ന് റിപ്പോർട്ടർ മെനഞ്ഞെടുത്തതാവാനുള്ള സാധ്യത കുറവാണ്. ഉപരിവർഗ്ഗ സഭാ മേലധികാരിയായ ആലഞ്ചേരിയുടെ പ്രസ്താവനക്കെതിരെ കൊല്ലപ്പെട്ട മീൻപിടിത്തക്കാരുടെ സഭാ തലവനായ ആർച്ച്ബിഷപ്പ് സൂസൈപാക്യം രംഗത്ത് വന്നത് കേരളത്തിലെ ജാതിമതചിത്രത്തിന്റെ സങ്കീർണ്ണത വെളിവാക്ക്ക്കുന്നു.
തിരുകേശം കുറച്ചുകാലമായി മുസ്ലിം സമൂഹം ചർച്ച ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. പുരോഗമനവാദികൾ മാത്രമല്ല പല യാഥാസ്ഥിതിക വിഭാഗങ്ങളും കാന്തപുരം മുസലിയാർ കോടിക്കണക്കിനു രൂപ പിരിച്ച് വലിയൊരു പള്ളിയുണ്ടാക്കി സ്ഥാപിക്കാനുദ്ദേശിക്കുന്ന, പ്രവാചകന്റേതെന്ന് പറയപ്പെടുന്ന തിരുശേഷിപ്പിനെതിരെ നിലപാടെടുത്തിട്ടുണ്ട്. അവരുടെ എതിർപ്പിനു പിന്നിൽ മൂന്ന് കാരണങ്ങളുണ്ട്. അത് പ്രവാചകന്റെ മുടിയാണെന്ന മുസലിയാരുടെ അവകാശവാദം അവർ അംഗീകരിക്കുന്നില്ല. എന്തെങ്കിലും പ്രവാചകബന്ധം ഉണ്ടെങ്കിൽ തന്നെയും അത് സൂക്ഷിച്ചുവെക്കുന്നതും ആരാധിക്കുന്നതും അനിസ്ലാമികമാണെന്നു അവർ കരുതുന്നു. മാത്രമല്ല പദ്ധതിയുടെ പിന്നിലുള്ളത് മതതാല്പര്യങ്ങളല്ല, കേവലം കച്ചവട താല്പര്യങ്ങളാണെന്ന് അവർ വിശ്വസിക്കുകയും ചെയ്യുന്നു.
കേരള സമൂഹത്തിലെ മാറ്റങ്ങൾ സൂക്ഷ്മമായി വീക്ഷിക്കുന്ന ഏതൊരാൾക്കും എല്ലാ ജാതിമത വിഭാഗങ്ങളിലും പിന്തിരിപ്പൻ ശക്തികൾ പ്രബലപ്പെട്ടുകൊണ്ടിരിക്കുന്നതാ
കാന്തപുരം മുസലിയാർ വിഭാവനം ചെയ്യുന്ന തിരുമുടി പ്രദർശനം ഇന്ത്യയിൽ ആദ്യത്തേതല്ല. ശ്രീനഗറിലെ ഹസ്രത്ബൽ പള്ളിയിൽ വളരെക്കാലമായി പ്രവാചകന്റേതെന്ന് പറയപ്പെടുന്ന മുടി സൂക്ഷിച്ചുവെച്ചിട്ടുണ്ട്. അമ്പതിൽപരം വർഷങ്ങൾക്കു മുമ്പ് ആ തിരുശേഷിപ്പ് ഒരു ദിവസം അപ്രത്യക്ഷമായി. മഞ്ഞുപെയ്യുന്ന കൊടുംതണുപ്പിൽ തുറന്ന സ്ഥലങ്ങളിൽ പകലും രാത്രിയും തമ്പടിച്ചുകൊണ്ട് ജനങ്ങൾ പ്രതിഷേധിച്ചു. അന്വേഷണം ഊർജ്ജിതപ്പെടുത്താൻ കേന്ദ്രമന്ത്രി ലാൽ ബഹദൂർ ശാസ്ത്രി കശ്മീരിലെത്തി. ദിവസങ്ങൾക്കകം തിരുശേഷിപ്പ് കണ്ടെടുത്ത് പുന:സ്ഥാപിക്കപ്പെട്ടു. അതിനുമുമ്പൊ അതിനുശേഷമൊ മുടിയുടെ പവിത്രതയെക്കുറിച്ച് ബോധ്യപ്പെട്ട് ഇന്ത്യയുടെ ഇതര ഭാഗങ്ങളിൽ നിന്ന് മുസ്ലിങ്ങൾ അങ്ങോട്ട് ചെന്നിട്ടില്ല. ഈ സാഹചര്യത്തിൽ മുസലിയാരുടെ കൈവശമുള്ളതിനും ഒരു പ്രാദേശിക കാഴ്ചവസ്തു എന്നതിനപ്പുറം പ്രാധാന്യം നേടാനായെന്ന് വരില്ല.
പിണറായി വിജയന്റെ പരസ്യപ്രസ്താവന മുസ്ലിം സമുദായത്തിനുള്ളിൽ ഒതുങ്ങി നിന്ന മുടിവിവാദം പൊതുമണ്ഡലത്തിലേക്ക് കൊണ്ടുവന്നു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാകട്ടെ മാദ്ധ്യമപ്രവർത്തകർ അഭിപ്രായം ആരാഞ്ഞപ്പോൾ തനിക്ക് അതിനുള്ള പാണ്ഡിത്യമില്ലെന്ന് പറഞ്ഞ് തന്ത്രപൂർവ്വം ഒഴിയുകയാണ് ചെയ്തത്. മറ്റു കക്ഷി നേതാക്കൾ കടന്നുചെല്ലാൻ മടിച്ചിടത്തേക്ക് ധൈര്യപൂർവ്വം കടന്നു ചെന്ന സി.പി.എം നേതാവിന്റെ നേർക്ക് ഫേസ്ബുക്കിൽ അഭിനന്ദനങ്ങൾ പ്രവഹിച്ചു. പക്ഷെ അദ്ദേഹത്തെ നയിച്ച ചേതോവികാരം സമൂഹത്തെ അന്ധവിശ്വാസത്തിൻ നിന്ന് രക്ഷിക്കാനുള്ള മോഹമാണെന്ന് കരുതാനാവില്ല. എന്തെന്നാൽ ഹിന്ദുമത വിശ്വാസികൾക്കിടയിൽ പടർന്നുകൊണ്ടിരിക്കുന്ന അന്ധവിശ്വാസങ്ങൾക്കെതിരെ സമാനമായ സമീപനം അദ്ദേഹം എടുത്തതായി കാണുന്നില്ല. സ്വാമി വിവേകാനന്ദൻ 19ആം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ തിരുവനന്തപുരം സന്ദർശിച്ചപ്പോൾ വിശ്രമിക്കാനുപയോഗിച്ച കട്ടിൽ ഭാരതീയ വിചാരകേന്ദ്രം അന്ന് അദ്ദേഹത്തിന് ആതിഥ്യമരുളിയ മനൊന്മണിയം സുന്ദരം പിള്ളയുടെ പിൻഗാമികളിൽ ഈയിടെ ആഘോഷപൂർവ്വം ഏറ്റെടുക്കുകയുണ്ടായി. മുന്നൊ നാലൊ ദിവസം സ്വാമികൾ ഉപയോഗിച്ചതിന്റെ ഫലമായി ആ കട്ടിലിന് ദിവ്യത്വമൊ പവിത്രതെയൊ കൈവന്നെന്ന് കരുതാനാവുമൊ? അതൊന്നും മാദ്ധ്യമ ആഘോഷത്തിന് തടസമായില്ല. ഇന്ന് കേരളത്തിൽ സവർണ്ണമൂല്യങ്ങൾ പുന:സ്ഥാപിക്കാൻ ശ്രമം നടക്കുകയാണ്. അതിന് കാർമികത്വം വഹിക്കുന്നത് മാദ്ധ്യമങ്ങളാണ്, പ്രത്യേകിച്ചും ദൃശ്യമാദ്ധ്യമങ്ങൾ. പരമ്പരകളിലൂടെ നിത്യവും അവ പ്രസരിപ്പിക്കുന്ന സാംസ്കാരികമാലിന്യത്തിനെതിരെ പിണറായി വിജയൻ സംസാരിച്ചിട്ടില്ല. അദ്ദേഹം മുൻകൈയെടുത്ത് സ്ഥാപിക്കുകയും ഇപ്പോഴും നിയന്ത്രിക്കുകയും ചെയ്യുന്ന ചാനലിനെ ആ പാതയിൽ നിന്ന് പിന്തിരിപ്പിക്കാൻ അദ്ദേഹം ശ്രമിച്ചതായും അറിവില്ല. ഒരു എം.എൽ.എ.യുടെ കുഞ്ഞിനെ പള്ളിയിൽ കൊണ്ടു പോയി മാമോദീസ മുക്കിയെന്ന വാർത്ത പാർട്ടിക്ക് അപമാനകരമായി കണ്ട സെക്രട്ടറി ഒരു ബ്രാഞ്ച് സെക്രട്ടറി അമ്പലത്തിൽ ശാന്തിപ്പണി ചെയ്യുന്നതിലും ശബരിമലയിൽ ശാന്തിയായി പോയതിലും ഒരപാകതയും കണ്ടില്ല. ഒരു ക്രൈസ്തവ പുരോഹിതനെ നികൃഷ്ടജീവി എന്ന് വിശേഷിപ്പിച്ച അദ്ദേഹം ആ വിശേഷണം അർഹിക്കുന്ന ഒരു കള്ളസന്യാസിയെ കണ്ടെത്തിയതായും അറിവില്ല. ഈ സംഭവങ്ങൾ ഇവിടെ പരാമർശിക്കുന്നത് സി.പി.എമ്മിന്റെയൊ പിണറായി വിജയന്റെയൊ മതനിരപേക്ഷത ചോദ്യം ചെയ്യാനല്ല അത് ദുർബലമായ അടിത്തറയിലാണ് നിൽക്കുന്നതെന്ന് ഓർമ്മിപ്പിക്കുവാനാണ്.
തുടക്കം മുതൽതന്നെ ഇന്ത്യയിൽ മതനിരപേക്ഷതയെക്കുറിച്ച് ചിന്താക്കുഴപ്പം നിലനിന്നിരുന്നു. ഗാന്ധി എല്ലാ മതങ്ങൾക്കും രാഷ്ട്രീയത്തിൽ സ്ഥാനം നൽകിക്കൊണ്ട് ഒരു ഭാരതീയ മതനിരപേക്ഷ സമീപനം രൂപപ്പെടുത്തിയപ്പോൾ മതത്തെ രാഷ്ട്രീയത്തിൽ നിന്ന് വേർപെടുത്തുന്ന പാശ്ചാത്യ മാതൃകയാണ് നെഹ്രുവിന് സ്വീകാര്യമായത്. വർഗവൈരുദ്ധ്യം പരിഹരിക്കപ്പെടുമ്പോൾ ജാതിയും മതവുമെല്ലാം പ്രശ്നമല്ലാതാകുമെന്നതാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ താത്വിക നിലപാട്. ഇതിന്റെ അടിസ്ഥാനത്തിൽ 1940കളിൽ അവിഭക്ത സി.പി.ഐ. അഖിലേന്ത്യാ മുസ്ലിം ലീഗിന്റെ പാകിസ്ഥാൻ വാദത്തിന് പിന്തുണ നൽകിയിരുന്നു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വളരാൻ ഹിന്ദു ഇന്ത്യയേക്കാൾ കൂടുതൽ സാധ്യത മുസ്ലിം പാകിസ്ഥാനിലാണെന്ന കണക്കുകൂട്ടലിൽ “പച്ചയിലൂടെ ചുവപ്പിലേക്ക്” (To Red via Green) എന്നൊരു മുദ്രാവാക്യവും പാർട്ടി സ്വീകരിച്ചു. മതത്തെക്കുറിച്ചുള്ള ധാരണകൾ തെറ്റായിരുന്നെന്ന് സോവിയറ്റ് യൂണിയനിലേയും കിഴക്കേ യൂറോപ്പിലേയും അനുഭവങ്ങളും ജാതിയെക്കുറിച്ചുള്ള ധാരണകൾ അബദ്ധജടിലമാണെന്ന് ഈ രാജ്യത്തെ അനുഭവങ്ങളും വ്യക്തമാക്കിയിട്ടും യാഥാർത്ഥ്യബോധത്തോടെ പ്രശ്നത്തെ സമീപിക്കാൻ സി.പി.എമ്മിന് ഇനിയും കഴിഞ്ഞിട്ടില്ല. ഈ വസ്തുതയോടൊപ്പം കേരളത്തിലെ പാർട്ടിയുടെ ജാതിമത ഘടനയും പരിഗണിക്കപ്പെടേണ്ടതുണ്ട്. അവസാനം പ്രസിദ്ധീകരിച്ച (2007ലെ) കണക്കുകളനുസരിച്ച് പാർട്ടിഅംഗങ്ങളിൽ മുസ്ലിങ്ങൾ 10.35 ശതമാനം മാത്രമാണ്. ഇന്ത്യയിലാകെ 45,000ഓളം ക്രൈസ്തവ അംഗങ്ങളാണുള്ളത്. അവരുടെ സംസ്ഥാനം തിരിച്ചുള്ള വിവരം ലഭ്യമല്ലെങ്കിലും അതും 10ഓ 11ഓ ശതമാനത്തിലേറെയാകാനുള്ള സാധ്യത കാണുന്നില്ല. അതായത് ജനസംഖ്യയുടെ 44 ശതമാനം വരുന്ന മതന്യൂനപക്ഷങ്ങളുടെ പാർട്ടി സാന്നിധ്യം 22 ശതമാനത്തിനപ്പുറം പോകില്ല. പാർട്ടി അംഗങ്ങളിൽ 78 ശതമാനവും ജനസംഖ്യയിൽ 55 ശതമാനം മാത്രമുള്ള ഹിന്ദുക്കളാണ്. ഈ ദൌർബല്യം തിരിച്ചറിയുന്നതു കൊണ്ടാണ് മുസ്ലിം ക്രൈസ്തവ ഈർക്കിൽ കക്ഷികളെ മുന്നണിയിൽ പ്രവേശിപ്പിക്കാതെ തന്നെയും സി.പി.എം. ചിറകിൻ കീഴിൽ നിർത്തുന്നത്. തെരഞ്ഞെടുപ്പിനുശേഷം യോഗേദ്ര യാദവിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന വിശദമായ പഠനങ്ങളിൽ സി.പി.എം. നയിക്കുന്ന ഇടതു മുന്നണിയുടെ വോട്ട് വിഹിതത്തിലും ജാതിമത അസന്തുലിതതയുള്ളതായി വെളിപ്പെട്ടിട്ടുണ്ട്. കൊച്ചു വർഗീയ കക്ഷികളുടെ സാന്നിധ്യം ഇടതു മുന്നണിക്ക് ഉദ്ദേശിച്ച ഗുണം ചെയ്യുന്നില്ലെന്ന് ഇത് കാണിക്കുന്നു. പക്ഷെ ആ നയം പുന:പരിശോധിക്കാനുള്ള ആർജ്ജവം നേതൃത്വം ഇനിയും കാട്ടേണ്ടിയിരിക്കുന്നു.
ജാതിമത അസന്തുലിതാവസ്ഥ സി.പി.എമ്മിന്റെയും എൽ.ഡി.എഫിന്റെയും മാത്രം പ്രശ്നമല്ല. കോൺഗ്രസും യു.ഡി.എഫും അതേ അളവിലൊ അതിലുമധികമായൊ അതനുഭവിക്കുന്നുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് രാഷ്ട്രീയ കേരളത്തിന്റെ ദാരുണാവസ്ഥ മുമ്പെങ്ങും കാണാത്തവിധം വെളിപ്പെടുത്തി. തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തിയ എസ്.എൻ.ഡി. പി. യോഗം 72 സീറ്റോടെ അധികാരത്തിലേറുന്ന യു.ഡി.എഫിൽ 49 എം.എൽ. എ.മാർ ന്യൂനപക്ഷ സമുദായാംഗങ്ങളാണെന്ന് ചൂണ്ടിക്കാട്ടി. ഈഴവർ മൂന്ന് പേർ മാത്രം. ജനസംഖ്യയുടെ 20 ശതമാനത്തിനു മേൽ വരുന്ന സമുദായത്തിന് പരമാവധി പ്രാതിനിധ്യം നൽകാൻ മൂവരെയും മന്ത്രിയാക്കണമെന്ന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആവശ്യപ്പെട്ടു. ഒരാൾ തനിക്ക് മന്ത്രിയാകേണ്ടന്ന് പരസ്യമായി പ്രസ്താവിച്ചതുകൊണ്ടാവാം നടേശൻ രണ്ട് മന്ത്രിമാരെക്കൊണ്ട് തൃപ്തിപ്പെട്ടു. യു.ഡി.എഫ് തീരുമാനിച്ച നാലു പേർക്ക് പുറമെ മഞ്ഞളാംകുഴി അലിയെ അഞ്ചാം മന്ത്രിയായി സ്വയം പ്രഖ്യാപിച്ചുകൊണ്ടാണ് മുസ്ലിം ലീഗ് ഭരണം തുടങ്ങിയത്. അദ്ദേഹം ഇപ്പോഴും ക്യൂവിലാണ്.
യു.ഡി.എഫിലെ അസന്തുലിതാവസ്ഥക്കു കാരണം പ്രബല മുസ്ലിം ക്രൈസ്തവ കക്ഷികളുടെ സാന്നിധ്യം മാത്രമല്ല. കോൺഗ്രസ് നിരയിൽ സമീപകാലത്ത് ശക്തിപ്പെട്ടിട്ടുള്ള അസന്തുലിതാവസ്ഥക്കും അതിൽ പങ്കുണ്ട്. എ.കെ.ആന്റണിയിൽ നിന്ന് ഉമ്മൻ ചാണ്ടി ഏറ്റെടുത്ത ‘എ’ വിഭാഗവും കെ. കരുണാകരൻ പുറത്തുപോയപ്പോൾ അനാഥരായവരെ ഉൾപ്പെടുത്തി രമേശ് ചെന്നിത്തല പുന:സംഘടിപ്പിച്ച ‘ഐ’ വിഭാഗവും കൈകോർത്തപ്പോൾ ഫലത്തിൽ കോൺഗ്രസ് പാർട്ടിക്ക് ഒരു സവർണ്ണക്രൈസ്തവ-സവർണ്ണഹിന്ദു കൂട്ടുകെട്ടിന്റെ പ്രതിച്ഛായ കൈവന്നു. അത് മാറ്റിയെടുക്കാൻ സംസ്ഥാന നേതൃത്വമൊ കേന്ദ്ര നേതൃത്വമൊ ഇതുവരെ ഒരു ശ്രമവും നടത്തിയിട്ടില്ല. അതിന്റെ ആവശ്യകത അവർ മനസിലാക്കിയിട്ടുണ്ടോയെന്നുപോലും വ്യക്തമല്ല.
പാർട്ടികളിലെയും മുന്നണികളിലെയും ജാതിമത അസന്തുലിതാവസ്ഥ പൊടുന്നനെ രൂപപ്പെട്ടതല്ല. ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ പതനത്തിനുശേഷം, പ്രത്യേകിച്ചും കോൺഗ്രസും സി.പി.ഐയും പിളർന്നശേഷമുള്ള സംഭവ വികാസങ്ങൾ സൂക്ഷ്മമായി പരിശോധിച്ചാൽ പ്രമുഖ കക്ഷികൾ താത്കാലിക ലാഭം മുൻനിർത്തി എടുത്ത തീരുമാനങ്ങൾ സമൂഹത്തെ ഈ അവസ്ഥയിലെത്തിക്കുകയായിരുന്നെന്ന് കാണാം. സി.പിഐ.യിലെ പിളർപ്പിന് പ്രത്യയശാസ്ത്രപരമായ പശ്ചാത്തലമുണ്ടായിരുന്നു. എന്നാൽ കേരളാ കോൺഗ്രസിന്റെ പിറവിയുടെ അടിത്തറ ക്രൈസ്തവവിഭാഗീയതയായിരുന്നു. അതിലെ നായർ മേമ്പൊടി സാധ്യമാക്കിയത് അതിന്റെ ആവിർഭാവത്തിലേക്ക് നയിച്ച ആർ.ശങ്കർവിരുദ്ധതയാണ്. ഒരവസരത്തിൽ സി.പി.എം. അവസരവാദപരമായ ഒരു കൂട്ടുകെട്ട് തെറ്റായിരുന്നെന്ന് വൈകി ഏറ്റുപറഞ്ഞെങ്കിലും.അത്തരം സഖ്യങ്ങൾ ഇപ്പോഴും ആവർത്തിക്കുന്നുണ്ട്.
വിഭജനത്തിന് ഉത്തരവാദിയായ കക്ഷിയെന്ന നിലയിൽ കോൺഗ്രസ് മാറ്റിനിർത്തിയിരുന്ന മുസ്ലിം ലീഗിന് പിന്നീട് ലഭിച്ച പ്രാധാന്യം സങ്കുചിത താല്പര്യങ്ങൾ മാത്രമുള്ള മറ്റ് ജാതിമത കക്ഷികളുടെ വരവിന് വഴിയൊരുക്കി. അവയിൽ പലതും പ്രമുഖ കക്ഷികളുടെ രക്ഷാധികാരമുണ്ടായിട്ടും പെട്ടെന്ന് പൊലിഞ്ഞുപോയെന്നത് സമൂഹത്തിൽ ജാതിമതചിന്തകൾക്കതീതമായ വികാരം ദുർബലമല്ലെന്ന് സൂചിപ്പിക്കുന്നു. ദീർഘകാലം അധികാര രാഷ്ട്രീയത്തിന്റെ ഭാഗമായി പ്രവർത്തിച്ചതിന്റെ ഫലമായി സമീപനത്തിലുണ്ടായ മാറ്റം മുസ്ലിം ലീഗിന് മതനിരപേക്ഷ കക്ഷിയെന്ന് അവകാശപ്പെടാനുള്ള ധൈര്യം നൽകിയിട്ടുണ്ട്. ആ വാദം അംഗീകരിക്കാൻ മടിക്കുന്നവർക്കും അതിൽ മൃദുവർഗ്ഗീയതയെ അവശേഷിക്കുന്നുള്ളെന്ന് സമ്മതിക്കേണ്ടിവരും. ലീഗൊ അതിന്റെ ഒരു കഷണമൊ അരനൂറ്റാണ്ടു കാലത്ത് ഏതാണ്ട് തുടർച്ചയായി അധികാരം കയ്യാളിയെങ്കിലും ആ പ്രസ്ഥാനത്തിന് തെക്കൻ കേരളത്തിൽ മുന്നേറാൻ ഇനിയും കഴിഞ്ഞിട്ടില്ല. അതുപോലെതന്നെ കേരളാ കോൺഗ്രസിന്റെ സ്വാധീനവും ഭൂമിശാസ്ത്രപരമായി പരിമിതപ്പെടുത്തപ്പെട്ടിരിക്കു
6 comments:
വളരെ നല്ല ലേഖനം വളരെ കൂടുതല്‍ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു ...
സന്തോഷം നന്ദി സാര്‍ @
ഞാന്‍ പുണ്യവാളന്‍ ( ക്ലിക്ക് )
"ജാതിമത സങ്കുചിതത്വം വളർത്തിക്കൊണ്ട് തുല്യതയും നീതിയും നിലനിൽക്കുന്ന സമൂഹം സൃഷ്ടിക്കാനാവില്ല." വളരെ നല്ല നിരീക്ഷണം.
ബാബു ജീ..പതിവു പോലെ അസൂയാവഹം ഈ എഴുത്ത്.
അങ്ങയുടെ ചിന്തകള്‍ സമൂഹത്തിലേക്ക് വ്യാപിക്കട്ടെ എന്നാഗ്രഹിക്കുന്നു.
ആശംസകള്‍
Well written Article..
Well written Article..
Post a Comment