Saturday, November 16, 2013

മഹാറാണിയുടെ മലയാളം


റീജന്റ് മഹാറാണി ഉതൃട്ടാതി തിരുനാൾ ഗൌരി പാർവ്വതീഭായി (1802-1853)

ശരിയായ പരമ്പരാഗത ബ്രിട്ടീഷ് ഇംഗ്ലീഷ് ‘രാജ്ഞിയുടെ ഇംഗ്ലീഷ്’ എന്നറിയപ്പെടുന്നു. രണ്ട് നൂറ്റാണ്ട് മുമ്പത്തെ 'റാണിയുടെ മലയാളം' എങ്ങനെയായിരുന്നെന്ന് നോക്കാം. കൊല്ലവർഷം 992ആമാണ്ട് ഇടവമാസത്തിൽ (1817 ക്രി.പി.)  തിരുവിതാംകൂറിലെ റീജന്റ് മഹാറാണി ഗൌരി പാർവ്വതീഭായി നൽകിയ ഒരു നീട്ടാണ് ചുവടെ ചേർക്കുന്നത്:

കൊടുത്തൂട്ട സാധനവും വായിച്ചുകെട്ട അവസ്ഥയും അറിഞ്ഞു കൊല്ലത്തിനു വടക്കുള്ള പ്രദേശങ്ങളിൽ ഒള്ള പിള്ളരെ എഴുത്തു പടിപ്പിക്കുന്നതിനു വാദ്ധ്യാന്മാർക്കു ശമ്പളം കൊടുപ്പാൻ ജനങ്ങൾക്കു വകയില്ലാതെയും പള്ളിക്കൂടവും വച്ച് വാദ്ധ്യാന്മാർ വന്നു പാർക്കാതെയും ആ ദിക്കുകളിലുള്ള ആളുകൾക്ക് എഴുത്തും കണക്കും ഇടപെട്ടുള്ള അഭ്യാസം ഏറ്റവും കുറവായിട്ടു വന്നിരിക്കുന്നുവെന്നും പണ്ടാരവകയിൽ നിന്നും ശമ്പളവും കൊടുത്തു വാദ്ധ്യാന്മാരെ ആക്കി പിള്ളരെ എഴുത്തും കണക്കും പടിപ്പിച്ച് പ്രാപ്തി ആക്കിയാൽ ഓരോ ഉദ്യോഗങ്ങൾക്കും കണക്കെഴുത്തിനും ഉപകാരമായിട്ടും രാജ്യത്തേയ്ക്കു യശസ്സും കീർത്തിയും ധർമ്മവും അഭിവൃദ്ധിയായിട്ടും വരുന്നതാകകൊണ്ട് ആ വകയ്ക്ക് മലയാൺ‌മ അക്ഷരവും               വ്യുൽ‌പ്പത്തിയും ജോതിഷവും വശം ഒള്ളതിൽ ഒരാളിനേയും ഇതിന്മണ്ണം ഓരോ സ്ഥലത്തേക്ക് രണ്ട് വാദ്ധ്യാന്മാർ വീതം ആക്കി അവർക്ക് പേരൊന്നിന് മാസം ഒന്നിനും 50 പണം വീതം ശമ്പളവും വച്ചുകൊടുത്താൽ പടിപ്പിക്കുന്നതാകകൊണ്ട് ഇപ്പോൾ മാവേലിക്കര മണ്ഡപത്തുംവാതുക്കലേക്ക് രാമവാര്യനേയും ശങ്കരലിംഗം വാദ്ധ്യാനേയും കാർത്തികപ്പള്ളി മണ്ടപത്തുംവാതുക്കലേയ്ക്കു അരിപ്പാട്ടുകൊച്ചുപിള്ള വാര്യനേയും ശുചീന്ദ്രത്തു വള്ളിനായകം വാദ്ധ്യാനേയും തിരുവല്ലാ മണ്ടപത്തുവാതുക്കലേയ്ക്ക് വട്ടപ്പറമ്പിൽ കുഞ്ഞുകുഞ്ഞിനേയും ചട്ടനാഥ വാദ്ധ്യാനേയും കൊട്ടാരക്കര മണ്ടപത്തുവാതുക്കലേയ്ക്കു പെരൂർ കുറുപ്പിനേയും ശിവഞാനം‌പിള്ളയേയും ആക്കി അവർക്കു പേരൊന്നിനു അമ്പതു പണം വീതം ശമ്പളം വച്ചു കൊടുപ്പിക്കേണ്ടുന്ന അവസ്ഥ കൊണ്ടല്ലോ എഴുതി വന്നതിനാലാകുന്നു

ഇപ്രകാരം നിശ്ചയിച്ചിട്ടുള്ളതു യുക്തമായിട്ടുള്ളതാകകൊണ്ട് എഴുതി വന്നതിന്മണ്ണം തന്നെ ഓരോ സ്ഥലത്തേക്കും (രണ്ട്) വാദ്ധ്യാന്മാർ വീതവും ആക്കി പേരൊന്നിനു മാസം 50 പണം വീതം ശമ്പളവും വച്ചുകൊടുത്തു അവരുടെ പിള്ളരെ പള്ളിക്കൂടത്തിൽ കൊണ്ടുവന്നുവിട്ടാൽ അവരെ ഒക്കെയും എഴുത്തും കണക്കും നല്ല പോലെ പടിപ്പിക്കത്തക്കവണ്ണവും 15 ദിവസത്തേക്കു ഒരിക്കൽ അതാതു മണ്ടപത്തുംവാതുക്കൽ തഹസീൽദാരനും സമ്പ്രതിക്കാരിൽ ഒരുത്തനും പള്ളിക്കൂടത്തിൽചെന്ന് എത്ര പിള്ളരു എഴുത്തുപടിച്ചുവരുന്നുവെന്നും അവർക്ക് എന്തെല്ലാം അഭ്യാസങ്ങൾ ആയെന്നും വര്യോല എഴുതി ഹജൂരിൽ കൊടുത്തയക്കേണ്ടുന്നതിനും ചട്ടംകെട്ടി ഓരോ മാസം തികയുമ്പോൾ ആവകയ്ക്ക് വിവരമായിട്ട് വര്യോല എഴുതിച്ച് നാം ബോധിക്കുന്നതിനു കൊടുത്തയക്കത്തവണ്ണം നിദാനം വരുത്തിക്കൊള്ളുകയും വേണം എന്നും ഇക്കാര്യം ചൊല്ലി 992ആമാണ്ട് ഇടവമാസം 19ആം തിയ്യതി ദിവാൻ പേഷ്കാർ വെങ്കട്ടരായർക്ക് നീട്ടു എഴുതിവിടു എന്നു തിരുവുള്ളമായ നീട്ടു.
തുല്യം ചാർത്തു

നേതാജി സാമൂഹ്യ-സാംസ്കാരിക പഠനകേന്ദ്രം ഈയാഴ്ച പ്രസിദ്ധീകരിച്ച “അയ്യൻ‌കാളിയും കേരള നവോത്ഥാനവും” എന്ന പുസ്തകത്തിൽ അനുബന്ധമായി ചേർത്തിട്ടുള്ള രേഖയാണ് മുകളിൽ കൊടുത്തിട്ടുള്ളത്. പുസ്തകത്തിൽ ഉപയോഗിച്ചിട്ടുള്ളത് ഇപ്പോഴത്തെ അച്ചടിലിപി ആയതുകൊണ്ട് ചില ചെറിയ വ്യത്യാസങ്ങൾ വന്നിട്ടുണ്ടാകുമെന്ന് ഞാൻ കരുതുന്നു.

മഹാറാണി ഉതൃട്ടാതി തിരുനാൾ ഗൌരി പാർവതിഭായി 1815ൽ, പതിമൂന്നു വയസ് മാത്രം പ്രായമുള്ളപ്പോൾ, റീജന്റായി തിരുവിതാംകൂർ രാജ്യത്തിന്റെ ഭരണ ചുമതല ഏറ്റെടുത്തു. ഈ നീട്ടിൽ തുല്യം ചാർത്തുമ്പോൾ വയസ് 15.


Friday, November 15, 2013

അയ്യൻ‌കാളിയും കേരള നവോത്ഥാനവും



ദലിത് കുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള അവകാശം നേടാനായി അയ്യൻ‌കാളി (1863 ആഗസ്റ്റ് 28 – 1941 ജൂൺ 18) നയിച്ച ഐതിഹാസികമായ കർഷകത്തൊഴിലാളി സമരം നടന്നിട്ട് ഒരു നൂറ്റാണ്ടാകുന്നു.

ഡോ. എൻ.എ. കരിമിന്റെ അദ്ധ്യക്ഷതയിലുള്ള ഒരു സംസ്ഥാനതല സമിതിയുടെ ആഭിമുഖ്യത്തിൽ ആ മഹാസംഭവത്തിന്റെ ശതാബ്ദി ആഘോഷം നടക്കുകയാണ്. ഒരു കൊല്ലം നീളുന്ന ആഘോഷ പരിപാടികളുടെ ഔപചാരിക ഉദ്ഘാടനം ചൊവ്വാഴ്ച (നവംബർ 12) തിരുവനന്തപുരത്ത് നടന്നു. എല്ലാ ജില്ലകളിലും ഇത് സംബന്ധിച്ച പരിപാടികളുണ്ടാകും.

നേതാജി സാമൂഹ്യ-സാംസ്കാരിക പഠനകേന്ദ്രം തയ്യാറാക്കിയ “അയ്യൻ‌കാളിയും കേരള നവോത്ഥാനവും” എന്ന് ഗ്രന്ഥം ഉദ്ഘാടനച്ചടങ്ങിൽ വെച്ച് ആദ്യപ്രതി അയ്യൻ‌കാളിയുടെ പൌത്രൻ പി.ശശിധരന് നൽകിക്കൊണ്ട് ഞാൻ പ്രകാശനം ചെയ്തു.



അയ്യൻ‌കാളി: ജീവിതവും സമരവും, ചരിതപശ്ചാത്തലം, ശ്രീനാരായണഗുരു, പൊതുവിദ്യാഭാസത്തിനായുള്ള പ്രക്ഷോഭങ്ങൾ, സഞ്ചാരസ്വാതന്ത്യത്തിനുവേണ്ടി നടന്ന പോരാട്ടങ്ങൾ, സ്ത്രീകളുടെ പദവിയുയർത്തിയ പ്രക്ഷോഭങ്ങൾ, തൊഴിലാളിപ്രസ്ഥാനം, പ്രജാസഭാ സാമാജികൻ, അയ്യൻ‌കാളിയും കേരള നവോത്ഥാനവും എന്നിങ്ങനെ ഒൻപത് അദ്ധ്യായങ്ങളാണ് പുസ്തകത്തിലുള്ളത്. രചയിതാക്കൾ: ജി.എസ്. പത്മകുമാർ, എൻ.കെ. ബിജു, എം. കൃഷ്ണകുമാർ, കെ.കെ. സുരേഷ്, ആർ. പാർത്ഥസാരഥി വർമ്മ, വി.കെ. സദാനന്ദൻ.

അയ്യൻ‌കാളിയുടെയും അദ്ദേഹം നയിച്ച പ്രസ്ഥാനത്തിന്റെയും ചരിത്രപ്രാധാന്യം ശരിയായി മനസിലാക്കാൻ നമ്മുടെ സമൂഹത്തിന് കഴിഞ്ഞിട്ടില്ലെന്ന് എഡിറ്റർ സി.കെ. ലൂക്കോസ് മുഖവുരയിൽ നിരീക്ഷിക്കുന്നു. “ശ്രീനാരായണഗുവിനെയും അയ്യൻ‌കാളിയെയും ചട്ടമ്പിസ്വാമികളെയും പോലുള്ള നവോത്ഥാനനായകന്മാർ ഇന്നും ഭൂരിപക്ഷം പേരുടെയും നോട്ടത്തിൽ വ്യത്യസ്ത സാമുദായിക വിഭാഗങ്ങളുടെ നേതാക്കൾ മാത്രമാണ്. സങ്കുചിതമായ മത-സാമുദായിക വികാരങ്ങൾ ഇളക്കിവിട്ട് മുതലെടുപ്പ് നടത്തുന്ന പ്രതിലോമശക്തികൾക്ക് ഈ മഹാന്മാരുടെ യശസ്സ് മുതലെടുക്കാൻ കഴിയുന്നത് ഈ തെറ്റായ ധാരണ മൂലമാണ്”.

അവതാരികയിൽ ഡോ. കരിം എഴുതുന്നു: “ഒരു കാലഘട്ടത്തിന്റെ ഗതിയിൽ വിപ്ലവാത്മകമായ വ്യതിയാനം വരുത്തുകയും ഒരു വലിയ ജനസമൂഹത്തിന്റെ ഭാവി ചരിത്രഭാഗധേയം നിർണ്ണയിക്കുന്നതിൽ പങ്ക് വഹിക്കുകയും ചെയ്ത അയ്യൻ‌കാളിയുടെ സമ്പൂർണ്ണചിത്രം അവതരിപ്പിക്കാൻ കഴിഞ്ഞിട്ടുന്നെന്നതാണ് ഈ പുസ്തകത്തിന്റെ വിജയം.”

വില: 100 രൂപ.

പ്രസാധകർ:
Unity Books and Publications, TC 12/ 1242, Kunnukuzhi, Thiruvananthapuram 695035
Phone: 0471-2307151

Wednesday, November 13, 2013

റിപ്പോർട്ടർ: അനുഭവങ്ങൾ, പാഠങ്ങൾ

ഏതാനും മുതിർന്ന പത്രവർത്തകരുടെ റിപ്പോർട്ടിങ് അനുഭവങ്ങൾ അടങ്ങുന്ന പുസ്തകമാണ് കേരള പ്രസ് അക്കാദമി പ്രസിദ്ധീകരിച്ചിട്ടുള്ള “റിപ്പോർട്ടർ: അനുഭവങ്ങൾ, പാഠങ്ങൾ”.

പോയ തലമുറ മാദ്ധ്യമരംഗത്തിനുവേണ്ടി എങ്ങനെ തങ്ങളുടെ ജീവിതം വഴിതിരിച്ചുവിട്ടു എന്ന് രേഖപ്പെടുത്തുന്നതിനാണ് പ്രസ് അക്കാദമി ഈ ഗ്രന്ഥം പുറത്തിറക്കുന്നതെന്ന് അത് എഡിറ്റ് ചെയ്ത ഇ.പി. ഷാജുദീൻ പറയുന്നു.

കെ.ജി. പരമേശ്വരൻ നായർ, അപ്പുക്കുട്ടൻ വള്ളിക്കുന്ന്, പി. അരവിന്ദാക്ഷൻ, പി. വിശ്വംഭരൻ, ജി. ശേഖരൻ നായർ, ടി.വി.ആ‍ർ. ഷേണായ്, കെ. ഗോവിന്ദൻ‌കുട്ടി, കെ. എം. റോയ്, എൻ. അശോകൻ, മലയിൻ‌കീഴ് ഗോപാലകൃഷ്ണൻ, ലീലാ മേനോൻ, വി. രാജഗോപാൽ, എൻ.ആർ.എസ്. ബാബു, പി. ദാമോദരൻ, വി.പി. രാമചന്ദ്രൻ, പി.പി. ബാലചന്ദ്രൻ, എസ്.ആർ, ശക്തിധരൻ എന്നിവർക്കൊപ്പം ഞാനും അനുഭവം പങ്കു വെക്കുന്നു.  

ഇതൊരു തുടക്കമാണെന്ന് അക്കാദമി ചെയർമാൻ എൻ.പി. രാജേന്ദ്രൻ പ്രസാധക കുറിപ്പിൽ എഴുതുന്നു. ഇതിൽ റിപ്പോർട്ടിങ് അനുഭവങ്ങളെ സമാഹരിച്ചിട്ടുള്ളു. അവ തന്നെ അപൂർവം ആളുകളുടേതാണ്. കേട്ട കഥകളുടെ പിന്നണിക്കഥകളുണ്ട്, കേട്ടിട്ടേ ഇല്ലാത്ത കഥകളുമുണ്ട്.


പ്രസാധകർ: കേരള പ്രസ് അക്കാദമി, കാക്കനാട്, കൊചി 682 030.

വില 100 രൂപ.

Wednesday, November 6, 2013

ഭൂരഹിതരില്ലാത്ത കേരളവും തട്ടിപ്പാണ്!

ബി.ആർ.പി. ഭാസ്കർ

കോൺഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധി രാജ്യത്തിനു തന്നെ മാതൃകയാകുന്ന ഒന്നെന്ന് വിശേഷിപ്പിച്ചുകൊണ്ട് തിരുവനന്തപുരത്ത് സെപ്തംബർ 30ന് യു.ഡി.എഫ്. സർക്കാരിന്റെ ഭൂരഹിതരില്ലാത്ത കേരളം പദ്ധതി ഔപചാരികമായി ഉത്ഘാടനം ചെയ്യുമ്പോൾ അയൽ ജില്ലയായ കൊല്ലത്ത് വനമേഖലയോട് തൊട്ടു കിടക്കുന്ന അരിപ്പയിൽ ഒമ്പതു മാസമായി ഭൂമിക്കുവേണ്ടി സമരം ചെയ്യുന്ന 1300 കുടുംബങ്ങൾ ഉച്ചത്തിൽ വിളിച്ചുചോദിക്കുകയായിരുന്നു: “ആർക്കുവേണം, ആർക്കുവേണം മൂന്നു സെന്റ്?”

കഴിഞ്ഞ കൊല്ലം ഗവർണർ നിയമസഭയിൽ നടത്തിയ നയപ്രഖ്യാപനത്തിലാണ് ഭൂരഹിതരില്ലാത്ത കേരളം പദ്ധതി അവതരിപ്പിക്കപ്പെട്ടത്. വർഷങ്ങളായി രണ്ട് മുന്നണികളും ഭരണത്തിലിരിക്കെ നടത്തിപ്പോരുന്ന പട്ടയമേളയുടെ തുടർച്ച മാത്രമാണ് സ്വപ്നപദ്ധതിയെന്ന് ഗവർണറുടെ പ്രസംഗത്തിൽനിന്നു തന്നെ വ്യക്തമായിരുന്നു. പട്ടയ വിതരണം ത്വരിതപ്പെടുത്തി 2015 ആകുമ്പൊഴേക്കും കേരളത്തെ ഭൂരഹിതരില്ലാത്ത സംസ്ഥാനമാക്കുമെന്നാണ് അതിലുണ്ടായിരുന്നത്. ചെങ്ങറ ഭൂസമരത്തിൽ പങ്കെടുത്ത ഭൂരഹിതരുടെ അഭിലാഷങ്ങൾ സർക്കാർ മനസിലാക്കുന്നെന്നും ഇനിയും പട്ടയം ലഭിച്ചിട്ടില്ലാത്തവർക്ക് അത് കൊടുക്കുമെന്നും ഗവർണർ പറഞ്ഞു. പദ്ധതി നടപ്പാക്കുന്നതിന്റെ മുന്നോടിയായി നടത്തിയ കണക്കെടുപ്പിൽ സംസ്ഥാനത്ത് 2,43,928 ഭൂരഹിത കുടുംബംഗങ്ങളുണ്ടെന്ന് സർക്കാർ കണ്ടെത്തി. ആദ്യം ഈ കണക്ക് അവിശ്വസനീയമായി തോന്നിയെന്ന് റവന്യു മന്ത്രി അടൂർ പ്രകാശ് പറയുന്നു. ആദ്യ ഘട്ടത്തിൽ ഇവരിൽ ഒരു ലക്ഷം പേർക്ക് മൂന്നു സെന്റ് വീതം നൽകാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. അതിൽപെടുന്ന ആറ്‌ ഭാഗ്യശാലികൾക്ക് ഉത്ഘാടനച്ചടങ്ങിൽ വെച്ച് പട്ടയം നൽകി. ഭൂമി കൊടുത്താൽ മതിയോ, വീടും വേണ്ടേ എന്ന സോണിയാ ഗാന്ധിയുടെ ചോദ്യം ആ ആറു പേർക്കും വീടു വെച്ചു കൊടുക്കുമെന്ന് വാഗ്ദാനം ചെയ്യാൻ മുഖ്യമന്ത്രിയെ പ്രേരിപ്പിച്ചു.

ആർക്കു വേണം മൂന്നു സെന്റ് എന്ന മുദ്രാവാക്യം സമരമുഖത്ത് കേട്ട പാട്ടുകളിൽ ഒന്നിന്റെ ഭാഗമായിരുന്നു. സർക്കാരിന്റെ ആത്മാർത്ഥതയിലുള്ള വിശ്വാസക്കുറവ് അതിൽ പ്രതിഫലിച്ചു. പാവങ്ങളെ പറ്റിക്കാനല്ലേ, കവലകളിൽ മൈക്ക് കെട്ടി കൂവി വിളിക്കാനല്ലേ, മൂന്ന് സെന്റ് കൊടുത്തെന്ന് പാടി നടക്കാനല്ലേ, വോട്ടിനായി വീട്ടിൽ വരുമ്പോൾ പുഞ്ചിരി തൂകാനല്ലേ എന്നിങ്ങനെയുള്ള ചോദ്യങ്ങൾ അതിലുണ്ടായിരുന്നു. കൃഷി ചെയ്ത് ഉപജീവനം നടത്താനാഗ്രഹിക്കുന്ന ഭൂരഹിതരുടെ വികാരമാണ് ആ വരികളിലുള്ളത്.  സർക്കാരിന്റെ പദ്ധതിയെ വഞ്ചനാപരവും തെരഞ്ഞെടുപ്പ് വിജയം ലക്ഷ്യമിട്ടുള്ള ഒന്നുമായി അവർ കാണുന്നതിൽ അത്ഭുതപ്പെടാനില്ല. കേരളത്തിന്റെ ഭൂനയചരിത്രം തുടർച്ചയായ വഞ്ചനയുടെ ചരിത്രം കൂടിയാണല്ലൊ.

കൊയ്യുന്ന വയലെല്ലാം തങ്ങളുടേതാകുമെന്ന മോഹനവാഗ്ദാനം എത്ര പേർ വിശ്വസിച്ചെന്ന് പറയാനാവില്ല. പക്ഷെ ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാർ തുടങ്ങിയതും ഏതാണ്ട് രണ്ട് പതിറ്റാണ്ടിനുശേഷം സി.പി.ഐയും കോൺഗ്രസും ഉൾപ്പെട്ട സർക്കാർ പൂർത്തീകരിച്ചതുമായ ഭൂപരിഷ്കരണം സാമൂഹ്യഘടനയിൽ വലിയ അഴിച്ചുപണി ആവശ്യപ്പെടാത്ത ഒന്നായിരുന്നു. ജാതിവ്യവസ്ഥയുടെ തലപ്പത്തായിരുന്ന ജന്മിയിൽ നിന്നെടുത്ത ഭൂമി അടിസ്ഥാനവർഗ്ഗത്തിൽ‌ പെട്ട, പാടത്തിറങ്ങി പണിയെടുക്കുന്നവർക്ക് നൽകാതെ വരമ്പത്ത് നിന്ന് അവരെക്കൊണ്ട് പണിയെടുപ്പിച്ചിരുന്നവർക്കാണ് കൊടുത്തത്. അവരാകട്ടെ പഴയ മേലാളന്മാരുടെ കൂട്ടത്തിൽ‌ പെട്ടവരൊ ഒരു നൂറ്റാണ്ടു കാലത്തെ മാറ്റങ്ങളിലൂടെ അതിനകം സാമൂഹ്യപദവി മെച്ചപ്പെടുത്തി ക്കഴിഞ്ഞവരൊ ആയിരുന്നു. അടിസ്ഥാനവർഗ്ഗം പൂർണ്ണമായി തഴയപ്പെട്ടില്ല. അവർക്ക് കുടികിടപ്പവകാശം ലഭിച്ചു. സദാ കുടിയിറക്കു ഭീഷണി നേരിട്ടിരുന്ന അവരെ സംബന്ധിച്ചിടത്തോളം അതൊരു ചെറിയ കാര്യമായിരുന്നില്ല. എന്നാൽ അത് കൂര എന്ന ഒരു പ്രാഥമികാവശ്യം മാത്രമെ ഉറപ്പാക്കിയുള്ളു. ഭഷണം, വസ്ത്രം എന്ന മറ്റ് പ്രാഥമിക അവകാശങ്ങൾ ഉറപ്പാക്കാൻ അത് പര്യാപ്തമായില്ല. കൂലി വർദ്ധനവിലൂടെ കുറച്ചു കാലത്തേക്ക് വരുമാനം വർദ്ധിപ്പിക്കാൻ അവർക്ക് കഴിഞ്ഞു. എന്നാൽ ഭൂമി ലഭിച്ച ഇടത്തട്ടുകാർക്ക് ആദായകരമല്ലാത്ത ധാന്യ കൃഷിയിലുള്ള താല്പര്യം കുറയുകയും അവർ നാണ്യവിളയിലേക്ക് തിരിയുകയൊ അടുത്ത തലമുറക്ക് വെള്ളക്കോളർ ജോലി സമ്പാദിക്കാനുതകുന്ന വിദ്യാഭ്യാസം കൊടുക്കാനായി കൃഷിക്കാരല്ലാത്തവർക്ക് ഭൂമി വിൽക്കുകയൊ ചെയ്തപ്പോൾ അവരുടെ അവസ്ഥ മോശമായി. അവരും കൃഷി ഉപേക്ഷിക്കാൻ നിർബന്ധിതരായി.

അടുത്ത ഏറ്റവും വലിയ പരിഷ്കാരം എം.എൻ.ഗോവിന്ദൻ നായർ പാർപ്പിട മന്ത്രിയെന്ന നിലയിൽ 40 കൊല്ലം മുമ്പ് തയ്യാറാക്കിയ ലക്ഷം വീട് പദ്ധതിയാണ്. ഒരു ലക്ഷം ഭവനരഹിത കുടുംബങ്ങളെ അത് ആ പദ്ധതിയും ഗുണത്തോടൊപ്പം അല്പം ദോഷവും ചെയ്തു. കർഷകത്തൊഴിലാളികൾ ജന്മിയുടെ ഭൂമിയിൽ കുടിൽകെട്ടി കഴിഞ്ഞിരുന്നതുകൊണ്ട്, രാജ്യത്തെ മറ്റ് ചിലയിടങ്ങളിലെന്നപോലെ ഇവിടെ ഗ്രാമത്തിനു പുറത്ത് ദലിത് ചേരികൾ ഉയർന്നുവന്നിരുന്നില്ല. ദലിതർക്കായി സ്ഥലം നീക്കിവെക്കുകയും അവരെ അവിടെ ഒതുക്കുകയും ചെയ്യുന്ന രീതി രാജഭരണകാലത്ത് തിരുവിതാംകൂറിൽ ആരംഭിച്ചിരുന്നു. ദിവാന്റെ പേരുമായി ബന്ധപ്പെടുത്തി രൂപീകരിക്കപ്പെട്ട  സചിവോത്തമപുരം കോളനി അക്കൂട്ടത്തിലെ ആദ്യത്തേതാണെന്നു തോന്നുന്നു. ലക്ഷം വീടുകളിലെ ജനസംഖ്യ വർദ്ധിച്ചപ്പോൾ സ്ഥിതി മോശമായി. ലക്ഷം വീടുകളുടെ അവസ്ഥ പരിതാപകരമായിരിക്കുന്നെന്ന് സമൂഹത്തെ ബോദ്ധ്യപ്പെടുത്താനും അവയുടെ നവീകരണത്തിന് പണം കണ്ടെത്താനും ഗോപിനാഥ് മുതുകാട് അഞ്ചു കൊല്ലം മുമ്പ് ഒരു മാജിക്ക് പരിപാടി സംഘടിപ്പിച്ചു. സർക്കാരിന് പുതിയ പദ്ധതി ആവശ്യമാണെന്ന് ബോദ്ധ്യപ്പെട്ടു.

ഭൂരാഹിത്യപ്രശ്നം നേരിട്ടിട്ടില്ലാത്തവരായിരുന്നു ആദിവാസികൾ. പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് ഇന്ത്യൻ ഗവണ്മെന്റ് വനങ്ങൾ സംരക്ഷിക്കാനായി ബാഹ്യ ഇടപെടൽ അനുവദനീയമല്ലാത്ത റിസർവ് വനങ്ങൾ സ്ഥാപിച്ചപ്പോൾ തിരുവിതാംകൂർ മഹാരാജാവും സമാന നടപടികൾ സ്വീകരിച്ചു. തുടർന്ന് വനം വകുപ്പ് തിരുവനന്തപുരത്തെ വനപ്രദേശങ്ങളിൽ നിന്ന് കാണികളെ പുറത്താക്കാൻ തീരുമാനിച്ചു. മാർത്താണ്ഡവർമ്മ മഹാരാജാവ് എതിരാളികളുടെ കണ്ണിൽ‌പെടാതിരിക്കാൻ ഒളിവിൽ കഴിഞ്ഞ കാലത്ത് കാണികൾ അദ്ദേഹത്തെ സഹായിച്ചിരുന്നു.  ഏതാനും കാണികൾ തലസ്ഥാനത്തെത്തി അദ്ദേഹത്തിന്റെ പിൻ‌ഗാമിയോട് സങ്കടമുണർത്തിച്ചു. ആദിവാസികൾക്ക് വനപ്രദേശത്ത് ആചന്ദ്രതാരം കഴിയാനുള്ള അവകാശം അനുവദിച്ചുകൊണ്ട് മഹാരാജാവ് വിളംബരം പുറപ്പെടുവിച്ചു. വനങ്ങളിൽ കഴിയുന്ന എല്ലാ ആദിവാസികൾക്കും അവിടെ പാർക്കാനും ഉപജീവനം നടത്താനുമുള്ള അവകാശമുണ്ടായിരുന്നു. സമതലങ്ങളിൽ നിന്നുള്ളവർ ആദിവാസി ഭൂമി കയ്യേറുന്നത് തടയാൻ ഭരണഘടനയിൽ വ്യവസ്ഥയുണ്ടായിരുന്നിട്ടും കേരളമുൾപ്പെടെ രാജ്യത്തിന്റെ പലയിടങ്ങളിലും അവർക്ക് ഭൂമി നഷ്ടപ്പെട്ടു.

രണ്ടാം ലോകമഹായുദ്ധകാലത്ത് ഇറക്കുമതി തടസപ്പെട്ടപ്പോൾ ബ്രിട്ടീഷ് ഇന്ത്യൻ  സർക്കാരും തിരുവിതാംകൂർ സർക്കാരും ഭക്ഷ്യധാന്യ ഉത്പാദനത്തിനായി നിശ്ചിത അളവ് വനഭൂമി പാട്ടത്തിനു കൊടുക്കാൻ തീരുമാനിച്ചു. പതിനായിരം ഏക്കറാണ് തിരുവിതാംകൂറിൽ നൽകപ്പെട്ടത്. യുദ്ധാനന്തരം വീണ്ടും വനമായി സംരക്ഷിക്കാൻ ഭൂമി തിരിച്ചു നൽകണമെന്ന് വ്യവസ്ഥ ചെയ്തിരുന്നു. യുദ്ധം തീർന്ന് ഏറെ കഴിയും മുമ്പെ രാജ്യം സ്വതന്ത്രമായി. തിരുവിതാംകൂറിലെയും തുടർന്നു നിലവിൽ വന്ന തിരു-കൊച്ചിയിലെയും കേരളത്തിലെയും സർക്കാരുകൾ അലംഭാവപൂർണ്ണമായ സമീപനം സ്വീകരിച്ചതുകൊണ്ട് പാട്ടത്തിനു കൊടുത്ത ഭൂമി മാത്രമല്ല മറ്റ് വനപ്രദേശങ്ങളും കുടിയേറ്റക്കാരുടെ കയ്യിലായി. ഒരു ക്രൈസ്തവ സഭ പിൽക്കാലത്ത് കുടിയേറ്റത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷിച്ചത് ഇതിന്റെ പിന്നിൽ ഒരു മതവിഭാഗം നടത്തിയ സംഘടിത പ്രവർത്തനത്തിലേക്ക് വിരൽ ചൂണ്ടുന്നു. കയ്യേറ്റക്കാരുടെ താല്പര്യങ്ങൾ സംരക്ഷിക്കാൻ ഭരണ കക്ഷിയായ കോൺഗ്രസിൽ ഒരു ശക്തമായ ലോബി ആദ്യം മുതൽക്കെ പ്രവർത്തിച്ചു. പിന്നീട് അതിനായി പ്രത്യേകം പാർട്ടികളുമുണ്ടായി. എ.കെ. ഗോപാലൻ ഒഴിപ്പിക്കലിനെതിരെ നടത്തിയ സമരം കയ്യേറ്റക്കാരെ സി.പി.എമ്മിനോട് അടുപ്പിച്ചു. അങ്ങനെ ആദിവാസി ഭൂമി പ്രശ്നത്തിൽ എല്ലാ രാഷ്ട്രീയ കക്ഷികളും ഒന്നായി.

കേന്ദ്ര സർക്കാർ നിയമിച്ച ഒരു കമ്മിറ്റി രാജ്യമൊട്ടുക്ക് വളരെയേറെ ആദിവാസി ഭൂമി അന്യാധീനപ്പെട്ടതായി കണ്ടെത്തുകയും അത് വീണ്ടെടുത്തു തിരിച്ചു നൽകുന്നതിന് സംസ്ഥാന സർക്കാരുകൾ നിയമനിർമ്മാണമുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കണമെന്ന് ശിപാർശ ചെയ്യുകയും ചെയ്തു. അടിയന്തിരാവസ്ഥക്കാല സർക്കാർ അതിനായി സമ്മർദ്ദവും ചെലുത്തി. അതിന്റെ ഫലമായി കേരളത്തിൽ 1975ൽ ആദിവാസി ഭൂമി വീണ്ടെടുക്കൽ നിയമം ഉണ്ടായി. എല്ലാ കക്ഷികളുടെയും പിന്തുണയോടെ പാസാക്കപ്പെട്ട ആ നിയമം പിന്നീട് എല്ലാവരും കൂടി  ചേർന്ന് പരാജയപ്പെടുത്തി. വഞ്ചനയുടെ ആ ചരിത്രം പൂർണ്ണമായി മനസിലാക്കാൻ ഭൂമിയുമായുള്ള ആദിവാസികളുടെ ബന്ധത്തെ കുറിച്ച് അറിയേണ്ടതുണ്ട്. വനഭൂമിയിൽ ഉപജീവനം നടത്താനുള്ള പരമ്പരാഗതമായ അവകാശമേ അവർക്കുണ്ടായിരുന്നുള്ളു. ഉടമസ്ഥാവകാശം സ്ഥാപിക്കാൻ പോരുന്ന ഒരു രേഖയും അവരുടെ പക്കലുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ഭൂമി മറ്റാർക്കെങ്കിലും വിൽക്കാനൊ കൈമാറാനൊ കഴിയുമായിരുന്നില്ല. എന്നിട്ടും ക്രയവിക്രയം നടന്നു. അഴിമതിക്കാരായ ഉദ്യോഗസ്ഥന്മാർ പണം വാങ്ങി ഭൂമി കൈമാറ്റ രേഖകളുണ്ടാക്കി നൽകുകയും ചെയ്തു. നിയമസഭയിൽ ഭൂമി വീണ്ടെടുക്കൽ ബിൽ അവതരിപ്പിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തിൽ മന്ത്രി ബേബി ജോൺ ആദിവാസികൾക്ക് കള്ളും കഞ്ചാവും മറ്റും കൊടുത്തു കബളിപ്പിച്ചാണ് പലരും ഭൂമി കൈക്കലാക്കിയതെന്ന് പറയുകയുണ്ടായി. കാശു കൊടുത്തെങ്കിൽ തന്നെയും ഭൂമി മോഷ്ടിച്ചതായെ കരുതാനാകൂ എന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. കോടതിയിൽ നിയമം ചോദ്യം ചെയ്യുന്നത് തടയാൻ പാസാക്കിയ ഉടനെ അത് ഭരണഘടനയുടെ ഒമ്പതാം പട്ടികയിൽ പെടുത്തപ്പെട്ടു. പക്ഷെ നിയമം നടപ്പിലാക്കാൻ ഒരു നടപടിയുമുണ്ടായില്ല. പുതിയ കയ്യേറ്റങ്ങൾ തടയാനും സർക്കാർ ശ്രമിച്ചില്ല. നിയമം നടപ്പാക്കണമെന്നാവശ്യപ്പെട്ട് നല്ലതമ്പി തേര എന്നൊരാൾ 1986ൽ ഹൈക്കോടതിയെ സമീപിച്ചപ്പോൾ സർക്കാർ ആദ്യപടിയായ ചട്ടം തയ്യാറാക്കൽ ചടങ്ങ് നടത്തി. ആദിവാസികൾ അപേക്ഷ കൊടുത്താൽ 1960നും 1982നുമിടയ്ക്ക് നഷ്ടപ്പെട്ട ഭൂമി തിരിച്ചെടുത്തു നൽകാനാണ് ചട്ടങ്ങൾ വ്യവസ്ഥ ചെയ്തത്.  അതോടെ 1960 വരെ നടന്ന കയ്യേറ്റങ്ങൾ നിയമത്തിന്റെ പരിധിക്കു പുറത്തായി. ആദിവാസികൾപണം വാങ്ങിയിട്ടാണ് ഭൂമി കൈമാറിയതെങ്കിൽ അതു തിരികെ നൽകണമെന്നും സർക്കാർ ചട്ടങ്ങളിൽ എഴുതിവെച്ചു. ഒപ്പം വാങ്ങിയ ആൾ നടത്തിയ പ്രവർത്തനത്തിന് അവർ  നഷ്ടപരിഹാരം നൽകുകയും വേണം. അങ്ങനെ ഭൂമി മോഷ്ടിക്കപ്പെട്ടതാണെന്ന മന്ത്രിയുടെ പ്രഖ്യാപനം പാഴ്വാക്കായി.. നിയമത്തിലെയും ചട്ടങ്ങളിലെയും വ്യവസ്ഥകളെ കുറിച്ച് അറിവില്ലാതിരുന്നതുകൊണ്ട് ബഹുഭൂരിപക്ഷം ആദിവാസികളും ഭൂമി വീണ്ടെടുക്കാൻ അപേക്ഷ നൽകിയില്ല. ഹൈക്കോടതി 1993ൽ നല്ലതമ്പി തേരയുടെ ഹർജിയിൽ തീർപ്പു കല്പിച്ചു. നിയമം ആറു മാസത്തിനുള്ളിൽ നടപ്പാക്കാനായിരുന്നു ഉത്തരവ്. സർക്കാർ അത് ചെയ്യാതെ സമയം നീട്ടണമെന്ന് കോടതിയോട് തുടരെ ആവശ്യപ്പെട്ടുകൊണ്ടിരുന്നു. ആദിവാസികളിൽ നിന്ന് കിട്ടിയ 8,500ൽപരം അപേക്ഷകളിൽ 4,000ൽപരം എണ്ണത്തിൽ അവർക്കനുകൂലമായ തീരുമാനമുണ്ടാകുമെന്ന് വ്യക്തമായപ്പോൾ രാഷ്ടീയ നേതൃത്വം വഞ്ചനയുടെ അടുത്ത അദ്ധ്യായം തുറന്നു. ഒരു ഭേദഗതി നിയമത്തിലൂടെ 1996ൽ മുൻ നിയമം ഫലത്തിൽ ഇല്ലാതാക്കപ്പെട്ടു. ആദിവാസി ഭൂമി സംബന്ധിച്ച് 1986 വരെ നടന്ന എല്ലാ ഇടപാടുകളും പുതിയ നിയമം സാധുവാക്കി. ഇത്തവണയും ഭരണപ്രതിപക്ഷകക്ഷികൾ ഒന്നിച്ചു നിന്നു. എന്നാൽ സി.പി.എമ്മിൽ നിന്ന് പുറത്താക്കപ്പെട്ട കെ.ആർ.ഗൌരിയമ്മ യുടെ എതിർപ്പുമൂലം നിയമം ഐകകണ്ഠ്യേന പാസാക്കാനായില്ല. നഷ്ടപ്പെട്ട ഭൂമി തിരിച്ചുപിടിച്ചു നൽകുന്നതിനു പകരം ആദിവാസികൾക്ക് വേറെ ഭൂമി നൽകുക എന്ന ആശയം അവതരിപ്പിക്കപ്പെട്ടു. അതോടെ കയ്യേറ്റങ്ങൾ പൂർണ്ണമായും നിയമവിധേയമായി. അതിനിടെ ഭൂപരിഷ്കരണ നിയമത്തിന്റെ പിൻബലത്തോടെ മറ്റൊരു വഞ്ചനയും നടന്നു. ആദിവാസി ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്തിരുന്ന ചിലർ ആദിവാസിയെ ജന്മിയാക്കിക്കൊണ്ടും സ്വയം കുടിയാനായി അവകാശപ്പെട്ടുകൊണ്ടും ഉദ്യോഗസ്ഥന്മാരുടെ സഹായത്തോടെ വനഭൂമി കൈവശപ്പെടുത്തി.

സി. അച്യുത മേനോൻ, പി.കെ. വാസുദേവൻ നായർ, കെ. കരുണാകരൻ, എ.കെ.ആന്റണി, ഇ.കെ. നായനാർ എന്നീ മഹാരഥന്മാർ മുഖ്യമന്ത്രിപദം അലങ്കരിച്ചിരുന്ന കാലത്താണ് ഈ ആദിവാസിദ്രോഹം നടന്നതെന്നത് രാഷ്ട്രീയനേതാക്കന്മാരുടെ സത്യസന്ധതയുടെ പരിമിതി വെളിപ്പെടുത്തുന്നു. കേരളത്തിലെ സാഹചര്യങ്ങളിൽ നിയമം നടപ്പാക്കാനാവില്ലെന്നതാണ് ഭരണകർത്താക്കൾ എടുത്ത നിലപാട്. കയ്യേറ്റക്കാരുടെ പിന്നിൽ പ്രബല ജാതിമത സംഘടനകളുണ്ടെന്നും അവരെ നേരിടാനുള്ള കെല്പ് ഭരണകൂടത്തിനില്ലെന്നും പറയാനുള്ള ആർജ്ജവം ഒരു നേതാവിനുമുണ്ടായില്ല. ഇടതുപക്ഷ സർക്കാരുകൾ 1975ലെ നിയമം നടപ്പിലാക്കാഞ്ഞതിന് ഇ.എം.എസ്. നമ്പൂതിരിപ്പാട് നൽകിയ ന്യായീകരണം അത് അടിയന്തിരാവസ്ഥക്കാലത്ത് ഉണ്ടാക്കിയതാണെന്നതാണ്. നിയമസഭ അത് പാസാക്കുമ്പോൾ അടിയന്തിരാവസ്ഥ നിലനിൽക്കുകയായിരുന്നുവെന്നത് ശരിയാണ്. എന്നാൽ ഇ.എം.എസ്. ഉൾപ്പെടെ പല സി.പി.എം  അംഗങ്ങളും സജീവമായി പങ്കെടുത്ത സമ്മേളനത്തിലാണ് ബിൽ അവതരിപ്പിക്കപ്പെട്ടത്. അവർ അനുകൂലമായി വോട്ടു ചെയ്തതുകൊണ്ടാണ് അത് ഐകകണ്ഠ്യേന പാസായത്. ആദിവാസികൾ കേരളസമൂഹത്തിൽ ‘അന്യർ’ ആണ്. അതിനാൽ അവരുടെ ഭൂപ്രശ്നം ഒരു പൊതുപ്രശ്നമായില്ല. ആദിവാസിയല്ലാത്ത നല്ലതമ്പിയുടെ ഇടപെടലും അതിനെ പൊതുപ്രശ്നമാക്കിയില്ല. അദ്ദേഹത്തിന്റെ വീട്ടിലെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചു കൊണ്ട് മലയാളി മുഖ്യധാരയുടെ സംരക്ഷകരായ അധികൃതർ നീരസം പ്രകടിപ്പിച്ചു. രാജ്യം കണ്ട ഏറ്റവും വിപ്ലവകരമായ ഭൂപരിഷ്കരണം നടത്തി ഭൂപ്രശ്നം പരിഹരിച്ചെന്ന രാഷ്ട്രീയ കക്ഷികളുടെ അവകാശവാദം ആരും ചോദ്യം ചെയ്തില്ല. ഭൂപരിഷ്കരണം നടന്ന നാട്ടിൽ കൃഷി ക്ഷയിക്കുന്നതെന്തുകൊണ്ട് എന്ന ലളിതമായ ചോദ്യം ആരും ഉന്നയിച്ചുമില്ല.

ഭൂപരിഷ്കരണം നടന്ന് രണ്ട് പതിറ്റാണ്ടിനിപ്പുറം സി.കെ. ജാനുവിന്റെ നേതൃത്വത്തിൽ ആദിവാസി ഗോത്രമഹാസഭ നടത്തിയ സമരപരമ്പര ഭൂപ്രശ്നം അവശേഷിക്കുന്നെന്ന് കേരള സമൂഹത്തെ ബോധ്യപ്പെടുത്തി. ഇടതു-വലതു ഭേദമന്യെ രാഷ്ട്രീയ നേതൃത്വം ആദിവാസി സമരത്തെ എതിർത്തെങ്കിലും ആ ദുർബല വിഭാഗത്തിന്റെ ആവശ്യത്തോട് പരസ്യമായൊ രഹസ്യമായൊ അനുഭാവം പ്രകടിപ്പിക്കാൻ ചിലർ തയ്യാറായി. “മാനസികമായി ഞാൻ അവരോടൊപ്പമാണ്. പക്ഷെ എനിക്ക് പരസ്യമായി പുറത്തു വരാനാകില്ല,” ഒരു രാഷ്ട്രീയ കക്ഷിയുടെ നോമിനിയായി ഉയർന്ന സ്ഥാനം വഹിച്ചിരുന്ന ഒരു സുഹൃത്ത് ആദിവാസികൾ തലസ്ഥാനത്ത് കുടിൽകെട്ടി സമരം നടത്തുമ്പോൾ എന്നോട് പറഞ്ഞു. സമര സമിതിക്ക് ചെറുതല്ലാത്ത സംഭാവന നൽകിക്കൊണ്ട് അദ്ദേഹം ഐക്യദാർഢ്യം പ്രകടിപ്പിച്ചു. മുഖ്യമന്ത്രി ആന്റണി വാഗ്ദാനം ചെയ്ത ഭൂമി ലഭിക്കാതെ വന്നപ്പോൾ ആദിവാസികൾ മുത്തങ്ങ വനഭൂമിയിൽ സമരം ആരംഭിച്ചു. ഒരു കോടതി ഉത്തരവിന്റെ ബലത്തിൽ സർക്കാർ അവരെ പുറത്താക്കാൻ പൊലീസിനെ നിയോഗിക്കുകയും പൊലീസ് വെടിവെച്ച് ദൌത്യം നിർവഹിക്കുകയും ചെയ്തു. അന്ന് അധികൃതരെ ഭയന്ന് ആദിവാസികളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച പലരും പിന്നോട്ടു പോയി. സി.പി.എം. വെടിവെയ്പിനെ  അപലപിച്ചശേഷം മാത്രമാണ് തിരുവനന്തപുരത്ത് ഒരു ചെറിയ പ്രതിഷേധ\പ്രകടനം നടന്നത്. അടവുനയമെന്ന നിലയിലാണ് പ്രതിപക്ഷത്തായിരുന്ന സി.പി.എം അന്ന് ചുവടു മാറ്റിയത്. അധികാരത്തിൽ വന്നപ്പോൾ മുൻസർക്കാരിനെപ്പോലെ ഇടതു സർക്കാരും പ്രശ്നം പരിഹരിക്കാൻ ആത്മാർത്ഥമായി ശ്രമിച്ചില്ല. 

ളാഹ ഗോപാലന്റെ നേതൃത്വത്തിൽ ദലിതരും ആദിവാസികളും മറ്റ് വിഭാഗങ്ങളിൽ പെടുന്നവരുമായ 1500ഓളം ഭൂരഹിത കുടുംബങ്ങൾ കൃഷിഭൂമി ആവശ്യപ്പെട്ടുകൊണ്ട്  ചെങ്ങറയിൽ ഹാരിസൺ മലയാളം പ്ലാന്റേഷന്റെ കയ്യിലുള്ള തോട്ടത്തിൽ പ്രവേശിച്ചപ്പോൾ വീണ്ടും കോടതി ഒഴിപ്പിക്കൽ വിധി പുറപ്പെടുവിച്ചു. മുത്തങ്ങ അനുഭവം മുമ്പിലുണ്ടായിരുന്നതു കൊണ്ട് രക്തച്ചൊരിച്ചിൽ കൂടാതെ ഒഴിപ്പിക്കണമെന്ന് കോടതി നിർദ്ദേശിച്ചതുകൊണ്ട് സർക്കാരിന് പൊലീസിനെ ഉപയോഗിക്കാനായില്ല. അപ്പോൾ രാഷ്ട്രീയ കക്ഷികൾ അവരുടെ നിയന്ത്രണത്തിലുള്ള സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി.തുടങ്ങിയ തൊഴിലാളി സംഘടനകളെ ഉപയോഗിച്ച് സമരം പൊളിക്കാൻ ശ്രമിച്ചു. സമരക്കാർക്കെതിരെ യൂണിയനുകൾ ഉപരോധം പ്രഖ്യാപിച്ചു. ആക്രമണങ്ങളുമുണ്ടായി. തോട്ടം ജീവനക്കാരുടെ തൊഴിൽ നഷ്ടപ്പെടുത്തുന്നെന്ന ന്യായമാണ് അവർ പറഞ്ഞത്. തോട്ടം മുതലാളിയും തൊഴിലാളികളും ഒരു വശത്തു നിന്നു. ഭരണപക്ഷവും പ്രതിപക്ഷവും അവരോടൊപ്പം കൂടി. തോട്ടത്തിലെ റബ്ബർ പാൽ മോഷ്ടിച്ച് സമരക്കാർ പുട്ടടിക്കുകയാണെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ പറഞ്ഞു. ആ ഘട്ടത്തിൽ, നേരത്തെ സി.പി. എം ചെയ്തതുപോലെ, പ്രതിപക്ഷ നേതാവ് ഉമ്മൻ ചാണ്ടി ഒരു പുതിയ അടവു പ്രയോഗിച്ചു. അദ്ദേഹം സമരത്തോട് അനുഭാവം പ്രകടിപ്പിക്കുക മാത്രമല്ല, സർക്കാരിനു മുന്നിൽ ചില ഒത്തുതീർപ്പ് നിർദ്ദേശങ്ങൾ വെക്കുകുകയും ചെയ്തു. ജാനുവിന്റെ സമരത്തിൽ ആദിവാസികൾക്കൊപ്പം ദലിതരും പങ്കാളികളായിരുന്നു. ളാഹയുടെ സമരത്തിൽ ഈ വിഭാഗങ്ങളിൽ‌പെടാത്ത ഭൂരഹിതരും ചേർന്നു. അവരുടെ ആവശ്യം പാർപ്പിടം ആയിരുന്നില്ല, കൃഷി ഭൂമി ആയിരുന്നു. കൃഷി ചെയ്തു ഉപജീവനം നടത്താൻ ആഗ്രഹിക്കുന്ന ഭൂരഹിതരുടെ കൂട്ടായ്മ ഉടലെടുത്തപ്പോൾ രണ്ടാം ഭൂപരിഷ്കരണം എന്ന ആശയം ഉയർന്നു വന്നു. ആദ്യ ഭൂപരിഷ്കരണം വിപ്ലവാത്മകമായിരുന്നെന്ന് പ്രചരിപ്പിച്ചുകൊണ്ടിരുന്ന സി.പി.എം അതിനെ പുച്ഛിച്ചുതള്ളി.

അധികാരത്തിലെത്തിയപ്പോൾ ഉമ്മൻ ചാണ്ടി പ്രഖ്യാപിച്ച ചെങ്ങറ പാക്കേജ് ആദ്യമായി ഭൂരഹിതരുടെ കൃഷിഭൂമി എന്ന ആവശ്യം തത്വത്തിൽ അംഗീകരിച്ചു. അതിനുമുമ്പ് ഭൂമി നഷ്ടപ്പെട്ട ആദിവാസിൾക്കു മാത്രമെ കൃഷിഭൂമി നൽകാൻ സർക്കാർ തയ്യാറായിരുന്നുള്ളു. മറ്റുള്ളവർക്ക് പാർപ്പിടമുണ്ടാക്കാൻ വേണ്ട ഭൂമി നൽകാനുള്ള ബാധ്യത മാത്രമെ സർക്കാർ ഏറ്റെടുത്തിരുന്നുള്ളു. അതുതന്നെയും പത്തു സെന്റിൽ തുടങ്ങി, ക്രമേണ ചുരുങ്ങി, മൂന്ന് സെന്റായി കുറഞ്ഞിരുന്നു. എ.കെ. ആന്റണി ആദിവാസി ഗോത്രമഹാസഭയുമായുണ്ടാക്കിയ ഒത്തുതീർപ്പു പോലെ ഉമ്മൻ ചാണ്ടി ചെങ്ങറ സമരത്തിനു നേതൃത്വം നൽകിയ സാധുജന വിമോചന സമരവേദിയുമായി ഉണ്ടാക്കിയ ഒത്തുതീർപ്പും വഞ്ചനാപരമാണെന്ന് വൈകാതെ തെളിഞ്ഞു. സർക്കാർ നൽകിയ പട്ടയപ്രകാരം പലർക്കും കൃഷിയോഗ്യമല്ലാത്ത ഭൂമിയാണ് കിട്ടിയത്. ചിലർക്കു കിട്ടിയ ഭൂമി എവിടെയാണെന്നു കണ്ടെത്താൻ പോലുമായിട്ടില്ല. അവരിൽ കുറേപ്പേർ ചെങ്ങറയിലേക്ക് മടങ്ങി. കുറേപ്പേർ അരിപ്പയിലെ സമരഭൂമിയിലെത്തി.

ഒരുകാലത്ത് സി.പി.എമ്മിനൊപ്പം നിന്ന ജാനുവിന്റെ ഉയർച്ച പാർട്ടി നേതൃത്വത്തെ അസ്വസ്ഥമാക്കി. ആദിവാസികളും മറ്റ് ദുർബല വിഭാഗങ്ങളും പാർട്ടിയിൽ നിന്ന് അകലുകയും സ്വന്തം നിരയിൽ നിന്ന് നേതാക്കളെ കണ്ടെത്തുകയും ചെയ്യുന്നതിനെ നേരിടാൻ അതു കണ്ട മാർഗ്ഗം സമാന്തര സംഘടനകൾ രൂപീകരിച്ചു സമാന്തര സമരങ്ങൾ സംഘടിപ്പിക്കുക എന്നതാണ്. ഏറ്റവും ശ്രദ്ധേയമായ സി.പി.എം ആദിവാസി സമരം നടക്കുന്നത് വയനാട് ജില്ലയിൽ ജനതാ ദൾ എം.എൽ.എ. എം.വി. ശ്രേയംസ്കുമാറിന്റെ കൈവശഭൂമിയെ കേന്ദ്രീകരിച്ചാണ്. ഈ ഭൂമി ജനതാ ദൾ എൽ.ഡി.എഫിലായിരുന്ന കാലത്തും ശ്രേയംസ്കുമാറിന്റെ കയ്യിലായിരുന്നു. അന്ന് സി.പി.എമ്മൊ അതിന്റെ ഏതെങ്കിലും പോഷക സംഘടനയൊ സമരം നടത്തിയിരുന്നില്ലെന്നതിൽ നിന്ന് പാർട്ടിയെ നയിക്കുന്നത്  ആദിവാസികളോടുള്ള അനുഭാവത്തേക്കാൾ ജനതാ ദൾ യു.ഡി.എഫിൽ ചേക്കേറിയതിലുള്ള നീരസമാണെന്ന്‌ കരുതാവുന്നതാണ്. സി.പി.എം ജില്ലാ സെക്രട്ടറിയുടെ സമരരംഗത്തെ നിരന്തര സാന്നിധ്യം ആദിവാസി ക്ഷേമ സമിതി എന്ന പോഷക സംഘടനക്ക് സ്വന്തനിലയിൽ സമരം മുന്നോട്ടു കൊണ്ടുപോകാനുള്ള കഴിവില്ലെന്ന് സൂചിപ്പിക്കുന്നു.

ശ്രീരാമൻ കൊയ്യോന്റെ നേതൃത്വത്തിലുള്ള ആദിവാസി ദലിത് മുന്നേറ്റ സമിതി അരിപ്പയിലെ പാട്ട കാലാവധി കഴിഞ്ഞ തോട്ടത്തിൽ സമരം തുടങ്ങിയത് 2012 ഡിസംബർ 31നാണ്. സി.പി.എമ്മും അവിടെ ഏതാണ്ട് അതേ സമയം സമരം തുടങ്ങി. എ.ഡി.എം.എസ് സമരം ഉപജീവനം നടത്താനാവശ്യമായ കൃഷിഭൂമിക്കാണെങ്കിൽ സി.പി.എം. സമരം പാർപ്പിട ഭൂമിക്കുവേണ്ടി മാത്രമായിരുന്നു. ദിവസങ്ങൾക്കുള്ളിൽ സി.പി.എം സർക്കാരിന്റെ മൂന്ന് സെന്റ് വാഗ്ദാനത്തിന്റെ അടിസ്ഥാനത്തിൽ സമരം അവസാനിപ്പിച്ചു. പിന്നീട് പാർട്ടി എല്ലാ രാഷ്ട്രീയ കക്ഷികളെയും ഒന്നിപ്പിച്ചുകൊണ്ട്  രാഷ്ട്രീയ കൊടിക്കീഴിലല്ലാത്ത സമരം പൊളിക്കാനുള്ള ശ്രമത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ചെങ്ങറയിലെപ്പോലെ അരിപ്പയിലും സമരക്കാർക്കെതിരെ അക്രമവുമുണ്ടായി. പിന്നീട് രാഷ്ട്രീയ ചേരിയിൽ ചെറിയ ഭിന്നിപ്പ് പ്രകടമായി. ചില സി.പി.ഐ. നേതാക്കൾ സമരത്തോട് അനുഭാവപൂർവമായ നിലപാട് സ്വീകരിച്ചതിനെ തുടർന്ന് കെ. രാജു എം.എൽ.എ സമരക്കാരെ പുകച്ചുപുറത്താക്കാനുള്ള ശ്രമങ്ങളിൽ നിന്ന് പിൻ‌വാങ്ങി. പിന്നീട് അവരുമായി നല്ല ബന്ധം സ്ഥാപിക്കാൻ അദ്ദേഹം മുന്നോട്ടു വരികയും ചെയതു. സി.പി.എമ്മിന്റെ നിലപാടിൽ മാറ്റമുണ്ടായില്ലെങ്കിലും രണ്ടാം ഭൂപരിഷ്കരണം എന്ന ആശയത്തോടുള്ള എതിപ്പ് മയപ്പെടുത്താൻ അത് തയ്യാറായിട്ടുണ്ട്.   

കടുത്ത ഭൂദൌർലഭ്യമുള്ള നാടാണ് കേരളം. രാഷ്ട്രീയ കക്ഷികൾക്കിടയിൽ നിലനിന്നിരുന്ന അഭിപ്രായഭിന്നതയും ഭരണതലത്തിലെ അസ്ഥിരതയും മൂലം അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി സർക്കാർ കൊണ്ടുവന്ന ഭൂപരിഷ്കരണം ഏറെക്കാലം നടപ്പിലാക്കാൻ കഴിയാതെ വന്നപ്പോൾ ഭൂ‌വുടമകൾക്ക് ഭൂമി കൈമാറ്റം ചെയ്യാൻ സമയം കിട്ടി. അതിന്റെ ഫലമായി നിയമം നടപ്പിലായപ്പോൾ പ്രതീക്ഷിച്ച മിച്ചഭൂമി ഇല്ലാതായി. അധികൃത പിന്തുണയോടെ നടന്ന കയ്യേറ്റങ്ങളുടെ ഫലമായി പുറമ്പോക്കുകൾ ചുരുങ്ങി. ഇപ്പോൾ വ്യവസായികളും കെട്ടിട നിർമ്മാതാക്കളും മോഹവില കൊടുത്ത് ഭൂമി വാങ്ങാൻ ഓടി നടക്കുകയാണ്. രാഷ്ട്രീയ നേതാക്കൾ ‘വികസന’ത്തിന്റെ പേരിൽ അവരെ സഹായിക്കാൻ തയ്യാറായി നിൽക്കുന്നു. ദുർബല വിഭാഗങ്ങളുടെ ഭൂമിക്കായുള്ള മുറവിളി കേൾക്കാൻ അവർ കൂട്ടാക്കുന്നില്ല. കൃഷി ചെയ്യാൻ തയ്യാറുള്ളവർക്ക് കൃഷി ഭൂമി നൽകുന്നതും കേറിക്കിടക്കാൻ ഇടമില്ലാത്തവർക്ക് വീട് വെക്കാൻ സ്ഥലം കൊടുത്ത് ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതും, അവരുടെ കാഴ്ചപ്പാടിൽ, വികസനത്തിന്റെ പരിധിയിൽ പെടുന്നില്ല. തങ്ങൾക്കു കൂടി ഗുണം നൽകുന്ന വൻകിട പദ്ധതികളിലാണ് അവർക്ക് താല്പര്യം. ലഭ്യമായ ഭൂമി അത്തരം പദ്ധതികളുമായി വരുന്നവർക്ക് നൽകാനായി അവർ നീക്കിവെച്ചിരിക്കുകയാണ്. കളമശ്ശേരിയിലെ എച്ച്.എം.ടിയുടെ അധികഭൂമി ഒരു മുംബായ് കമ്പനിക്ക് കൈമാറുന്നതിന് ഒത്താശ ചെയ്തു കൊടുത്തത് ഏതാനും രാഷ്ട്രീയ-ടെയ്ഡ് യൂണിയൻ നേതാക്കളായിരുന്നു. അതോടൊപ്പം തൊഴിലാളികൾക്ക് വീടുകളുണ്ടാക്കാനെന്നു പറഞ്ഞുകൊണ്ട് കുറെ സ്ഥലം സ്വന്തമാക്കാനും അവർ പദ്ധതിയിട്ടിരുന്നു. ഭൂമി കൈമാറ്റം സംബന്ധിച്ച ഒരു ഹർജിയിൽ ഹൈക്കോടതി നൽകിയ വിധി ആ പദ്ധതി പൊളിച്ചു. മുൻകാല ഭരണാധികാരികൾ മാനുഷിക വിഭവങ്ങളുടെ വികസനത്തിന് മുൻ‌തൂക്കം നൽകിയതുകൊണ്ടാണ് സാമ്പത്തികമായി പിന്നാക്കം നിന്ന കാലത്തു തന്നെ കേരളത്തിന് വികസിത രാജ്യങ്ങൾക്കു തുല്യമായ സാമൂഹ്യ പദവി ലഭിച്ചതെന്ന വസ്തുത ഇടതുപക്ഷമൊ വലതുപക്ഷമൊ മനസിലാക്കിയിട്ടില്ല.

കൃഷി ചെയ്യാൻ ഭൂമി കൊടുത്താൽ അത് പ്രയോജനപ്പെടുത്താൻ തങ്ങൾക്കാകുമെന്ന് ഭൂരഹിതർ ഇതിനകം തെളിയിച്ചിട്ടുണ്ട്. കൃഷിയോഗ്യമായ ഭൂമി ലഭിച്ച ചെങ്ങറ സമരഭടന്മാർ ഭൂമിയിൽ നിന്ന് വിളവെടുത്തു തുടങ്ങിയിട്ടുണ്ട്. അരിപ്പയിലെ തോട്ടത്തിൽ ചെന്നാൽ സമരഭടന്മാർ ആവശത്തോടെ കൃഷി ചെയ്യുന്നതു കാണാം. അവിടെ അവരുണ്ടാക്കിയ നെൽ‌പാടത്തിൽ നവംബർ മദ്ധ്യത്തോടെ ആദ്യ വിളവെടുപ്പ് നടക്കും. കപ്പ കൃഷിയും നടക്കുന്നുണ്ട്. അമ്പത് അംഗങ്ങൾ വീതമുള്ള 21 സംഘങ്ങളാണ് കപ്പ കൃഷിയിൽ ഏർപ്പെട്ടിരിക്കുന്നത്. കൃഷിയുടെ കാര്യത്തിൽ മാത്രമല്ല അരിപ്പ മാതൃക കാട്ടുന്നത്. ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന കാഴ്ചയും അവിടെ കാണാം. ദലിതരെയും ആദിവാസികളെയും കൂടാതെ ഏതാനും നായന്മാരും ഈഴവരും ക്രിസ്ത്യാനികളും മുസ്ലിങ്ങളും അവിടെയുണ്ട്. അവരെ ഒന്നിപ്പിക്കുന്ന ഘടകം കൃഷി ചെയ്യാൻ തയ്യാറുള്ള ഭൂരഹിതർ ആണെന്നതാണ്.

കേന്ദ്ര സർക്കാർ പുതിയ ദേശീയ ഭൂപരിഷകരണ നയം രൂപീകരിക്കുന്നതിനുള്ള ശ്രമത്തിൽ ഏർപ്പെട്ടിരിക്കുമ്പോഴാണ് കേരള സർക്കാർ അരിപ്പ കണ്ടില്ലെന്നു നടിച്ചുകൊണ്ടും ഭൂരഹിതരില്ലാത്ത കേരളം എന്ന തെറ്റിദ്ധാരണാജനകമായ മുദ്രാവാക്യം ഉയർത്തിക്കൊണ്ടും വഞ്ചനയുടെ പുതിയ അദ്ധ്യായം രചിക്കുന്നത്. ആ കരാറിന്റെ പകർപ്പ് സംസ്ഥാനത്തിന് കേന്ദ്രം അയച്ചുകൊടുത്തിരുന്നു. ഭൂപ്രശ്നം സംസ്ഥാനങ്ങളുടെ അധികാരപരിധിയിൽ പെടുന്നതാണെങ്കിലും ഇക്കാര്യത്തിൽ അവയ്ക്ക് വേണ്ട ഉപദേശങ്ങൾ നൽകാമെന്ന് കേന്ദ്രം കരാറിൽ ഏറ്റിരുന്നു. അതിൻപ്രകാരം കഴിഞ്ഞ മാർച്ച് മാസത്തിൽ ഗ്രാമവികസന മന്ത്രി കേരള മുഖ്യമന്തിക്ക് അയച്ച കത്തിൽ ആറ് നിർദ്ദേശങ്ങൾ നൽകിയിരുന്നു. അതിലൊന്ന് ഓരോ കുടുംബത്തിനും 25 സെന്റ് മുതൽ ഒരേക്കർ വരെ കൃഷി ഭൂമി കൊടുക്കാമെന്ന ചെങ്ങറ കരാറിലെ വ്യവസ്ഥ നടപ്പാക്കണെമെന്നതാണ്. ഒഴിഞ്ഞുകിടക്കുന്ന തോട്ടഭൂമി ദരിദ്രരായ ഭൂരഹിതർക്ക് നൽകുക, തോട്ടഭൂമിയിൽ സസ്യങ്ങളും മരുന്നുചെടികളും വെച്ചു പിടിപ്പിക്കാനും വിനോദസഞ്ചാര പദ്ധതികൾ നടപ്പിലാക്കാനും അനുവദിക്കുന്നതിനായി 1963ലെ ഭൂപരിഷ്കരണ നിയമത്തിൽ 2005ൽ വരുത്തിയ ഭേദഗതി പുന:പരിശോധിക്കുക, തേയില കാപ്പി തോട്ടങ്ങളെയും അവ നടത്തുന്ന കമ്പനികളെയും ചില നിയമ വ്യവസ്ഥകളിൽ നിന്ന് ഒഴിവാക്കിക്കൊണ്ടുള്ള തീരുമാനം പുന:പരിശോധിക്കുക, സംസ്ഥാന ലീഗൽ സർവീസ് അതോറിറ്റിയുടെ സഹായത്തോടെ താലൂക്ക് തലത്തിൽ 2002ലെ ഭേദഗതി നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുള്ള ലാൻഡ് ബോർഡുകൾ സ്ഥാപിക്കുക എന്നിവയാണ് മറ്റ് പ്രധാന നിർദ്ദേശങ്ങൾ. അഭിപ്രായ സ്വരൂപണത്തിനായി കേന്ദ്രം തയ്യാറാക്കി പ്രസിദ്ധീകരിച്ചിട്ടുള്ള കരട് ഭൂപരിഷ്കരണ നയത്തിന്റെ കോപ്പിയും സംസ്ഥാന സർക്കാരിന്റെ കയ്യിലുണ്ട്. ഭൂരഹിതർക്ക് വീടുണ്ടാക്കുന്നതിനും പരിമിതമായ തോതിലെങ്കിലും കൃഷിഭൂമി ഉറപ്പു വരുത്തുന്നതിനും ലാൻഡ് പൂളുകൾ (land pools) ഉണ്ടാക്കണമെന്നും അതിലുള്ള ഭൂമി സമയബന്ധിതമായി വിതരണം ചെയ്യണമെന്നും ആ രേഖയിലുണ്ട്. ഈ പശ്ചാത്തലത്തിൽ നോക്കുമ്പോൾ ‘ഭൂരഹിതരില്ലാത്ത കേരളം‘ പദ്ധതി തട്ടിപ്പാണെന്ന ആദിവാസി ദലിത് നേതാക്കളുടെ ആക്ഷേപം തീർത്തും ശരിയാണെന്ന് കാണാം. മാനുഷിക വികസനത്തിൽ രാജ്യത്ത് ഒന്നാം സ്ഥാനത്തു നിൽക്കുന്ന കേരളത്തിലെ ദലിതരുടെ അവസ്ഥ ഇതര സംസ്ഥാനങ്ങളിലേതിനേക്കാൾ മെച്ചമല്ലെന്ന് ദൽഹിയിലെ ജമിയ മില്ലിയ ഇസ്ലാമിയയിൽ പിഎച്ച്.ഡി ഗവേഷണ വിദ്യാർത്ഥിയായ ടി.വി. അനീഷ്  ചൂണ്ടിക്കാണിക്കുന്നു. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (കില) നടത്തിയ സർവേ ദലിതരിൽ 55 ശതമാനവും 26,198 കോളനികളിൽ പരിതാപകരമായ അവസ്ഥയിൽ കഴിയുകയാണെന്നും 71,368 പേർ അഗതികളാണെന്നും കണ്ടെത്തുകയുണ്ടായി. ഏതാണ്ട് 65 ശതമാനം പേർ പത്താം ക്ലാസിനു താഴെ വരെ മാത്രം പഠിച്ചിട്ടുള്ളവരാണ്. പ്രൊഫഷണൽ വിദ്യാഭ്യാസം നേടിയവർ 0.09 ശതമാനം മാത്രം. ഭൂരഹിത ദലിതരെ തുണ്ടുഭൂമികളിൽ ഒതുക്കാനുള്ള സർക്കാർ പദ്ധതി ചേരിവത്കരണത്തിൽ കലാശിക്കുമെന്ന അദ്ദേഹത്തിന്റെ നിരീക്ഷണം തള്ളിക്കളയാനാവില്ല. എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനമല്ല കേരളത്തിൽ നടന്നു കൊണ്ടിരിക്കുന്നത്. ഒന്നാം ഭൂപരിഷ്കരണത്തിൽ നിന്ന് നിർദ്ദയം ഒഴിവാക്കപ്പെട്ട കർഷകത്തൊഴിലാളികളോട് നീതികാട്ടാൻ രാഷ്ട്രീയ കേരളം ഇനിയെങ്കിലും തയ്യാറാകണം. (മാതൃഭൂമി ആഴ്ചപ്പതിപ്പ്, നവംബർ 3, 2013)

Monday, October 7, 2013

മോഡി പ്രധാനമന്ത്രിയായാൽ

ബി.ആർ.പി. ഭാസ്കർ

നരേന്ദ്ര മോഡി പ്രധാനമന്ത്രിയാകാനുള്ള സാധ്യതയില്ലെന്ന് വിശ്വസിക്കുന്നയാളാണ് ഈ ലേഖകൻ. ഒരുപക്ഷെ അത് ആഗ്രഹചിന്തയാകാം. ആ സാധ്യത ഏതായാലും പൂർണ്ണമായി തള്ളിക്കളയാനാകില്ല. കഴിഞ്ഞ പതിനഞ്ചു കൊല്ലക്കാലത്ത് രണ്ട് മുന്നണികളാണ് കേന്ദ്രം ഭരിച്ചിട്ടുള്ളത്. ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിലുള്ള നാഷനൽ ഡമോക്രാറ്റിക് അലയൻസ് (എൻ.ഡി.എ) 1998 മുതൽ 2004 വരെ ഭരിച്ചു. പിന്നീട് കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യുണൈറ്റഡ് പ്രോഗ്രസ്സീവ് അലയൻസ് (യു.പി.എ) വന്നു. പത്തു കൊല്ലം തുടർച്ചയായി അധികാരത്തിലിരുന്ന് നിരവധി അഴിമതി ആരോപണങ്ങൾ വിളിച്ചുവരുത്തിയ മുന്നണിയെന്ന നിലയിലാണ് യു.പി.എ 2014ൽ തെരഞ്ഞെടുപ്പ് നേരിടാൻ പോകുന്നത്. കോൺഗ്രസ് കനത്ത തിരിച്ചടി നേരിടുമെന്നാണ് അഭിപ്രായ വോട്ടെടുപ്പുകൾ സൂചിപ്പിക്കുന്നത്. ആ നിലയ്ക്ക് തങ്ങൾക്ക് വീണ്ടും അവസരം ലഭിക്കുമെന്ന പ്രതീക്ഷ വെച്ചുപിലർത്തുന്ന ബി.ജെ.പി. മോഡിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു കഴിഞ്ഞു. ഗുജറാത്തിൽ തുടർച്ചയായി മുന്നു തെരഞ്ഞെടുപ്പുകളിൽ പാർട്ടിയെ വിജയത്തിലേക്ക് നയിച്ച നേതാവെന്ന നിലയിൽ മോഡി അജയ്യനാണെന്ന ധാരണയിലാണ് ബി.ജെ.പി.യുടെ പിന്നിലെ ശക്തിസ്രോതസായ രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർ.എസ്.എസ്) സമ്മർദ്ദം ചെലുത്തി അദ്ദേഹത്തെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിപ്പിച്ചത്.

മുഖ്യമന്ത്രിയെന്ന നിലയിലുള്ള മോഡിയുടെ പ്രവർത്തനം പരിശോധിച്ചാൽ പ്രധാനമന്ത്രിപദം ലഭിച്ചാൽ അദ്ദേഹം എന്തു ചെയ്യുമെന്നതു സംബന്ധിച്ച ചില സൂചനകൾ  ലഭിക്കും. കേശുഭായ് പട്ടേലിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി. സർക്കാരിനെതിരെ നിരവധി അഴിമതി ആരോപണങ്ങൾ ഉയരുകയും ഉപതെരഞ്ഞെടുപ്പുകളിൽ പാർട്ടി തോൽക്കുകയും ചെയ്തപ്പോൾ 2003ലെ നിയമസഭാ തെരഞ്ഞെടുപ്പിനുമുമ്പ് പുതിയ മുഖ്യമന്ത്രി വേണമെന്ന് പാർട്ടിയുടെ കേന്ദ്ര നേതൃത്വം തീരുമാനിച്ചു. അങ്ങനെ വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ സംഘടനാ പ്രവർത്തനത്തിലേർപ്പെട്ടിരുന്ന നരേന്ദ്ര മോഡി 2001ൽ ഗുജറാത്തിൽ മുഖ്യമന്ത്രിയായി. അടൽ ബിഹാരി വാജ്പേയ് ആണ് അന്ന് പ്രധാനമന്ത്രി. സഖ്യകക്ഷികൾ പിന്തുണയ്ക്കാത്തതുകൊണ്ട് സംഘ പരിവാർ കർസേവകർ പൊളിച്ച അയോദ്ധ്യയിലെ ബാബ്രി മസ്ജിദ് നിന്നിടത്ത് രാമക്ഷേത്രം നിർമ്മിക്കാനുള്ള ബി.ജെ.പിയുടേ പദ്ധതി എൻ.ഡി.എ. സർക്കാരിന്റെ അജണ്ടയിലുണ്ടായിരുന്നില്ല. എന്നാൽ അയോദ്ധ്യാ പ്രശ്നം സജീവമായി നിലനിർത്താൻ പരിവാർ വിവിധ പരിപാടികൾ ആസൂത്രണം ചെയ്യുകയും അതിൽ പങ്കെടുക്കാൻ രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും കർസേവകരെ അയക്കുകയും ചെയ്തുകൊണ്ടിരുന്നു. അയോദ്ധ്യയിൽ നിന്ന് മടങ്ങുന്ന ഏതാനും കർസേവകർ ഉൾപ്പെടെ 58 പേർ (അവരിൽ 25 പേർ സ്ത്രീകളും 15 പേർ കുട്ടികളുമായിരുന്നു) 2002 ഫെബ്രുവരി 27ന് ഗോധ്ര റയിൽ‌വേ സ്റ്റേഷനിൽ വെച്ച് ഒരു കോച്ചിന് തീപിടിച്ചു മരിച്ചു. വണ്ടി സ്റ്റേഷനിൽ നിന്നപ്പോൾ കർസേവകരും പ്ലാറ്റ്ഫോമിലെ കച്ചവടക്കാരും തമ്മിൽ വഴക്കുണ്ടായെന്നും വണ്ടി നീങ്ങിയപ്പോൾ ആരൊ ചങ്ങല വലിച്ച് നിർത്തിയശേഷം കോച്ചിന്  തീയിടുകയായിരുന്നെന്നും പറയപ്പെടുന്നു. വിഭജനകാലം മുതൽ ഇടയ്ക്കിടയ്ക്ക് വർഗ്ഗീയ ലഹള നടന്നിട്ടുള്ള സ്ഥലമാണ് ഗോധ്ര. രണ്ടായിരത്തോളം മുസ്ലിംകളടങ്ങുന്ന ആൾകൂട്ടം വണ്ടി ആക്രമിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. മോഡി ഒരുപടി കൂടി മുന്നോട്ടുപോയി പാകിസ്ഥാൻ ചാരസംഘടനയായ ഐ.എസ്.ഐയുടെ പിന്തുണയുള്ള തീവ്രവാദികളാണ് അക്രമം നടത്തിയതെന്ന് പ്രഖ്യാപിച്ചു.

അടുത്ത ദിവസം വിശ്വഹിന്ദു പരിഷത്ത് ആഹ്വാനം ചെയ്ത ഹർത്താൽ നടക്കുമ്പോൾ സംസ്ഥാനത്ത് മുസ്ലിംകൾക്കെതിരെ വ്യാപകമായി അക്രമം നടന്നു. അഹമ്മദാബാദ്, വഡോദര എന്നീ വൻ‌നഗരങ്ങളുൾപ്പെടെ പലയിടങ്ങളിലും ഒരേസമയം അക്രമം പൊട്ടിപ്പുറപ്പെട്ടതും പട്ടണങ്ങളിൽ മദ്ധ്യവർഗ്ഗത്തിൽ പെട്ടവരും ഗ്രാമങ്ങളിൽ ദലിതരുമൊക്കെ അതിൽ പങ്കാളികളായതും അതിന്റെ പിന്നിൽ മുൻ‌കൂട്ടിയുള്ള തയ്യാറെടുപ്പുണ്ടായിരുന്നെന്ന് സൂചിപ്പിക്കുന്നു. ഒളിക്യാമറ ഉപയോഗിച്ച് ടെഹൽക പിൽക്കാലത്ത് നടത്തിയ അന്വേഷണത്തിൽ ഇത് തെളിയിക്കപ്പെട്ടു. അക്രമം നടക്കുമ്പോൾ പൊലീസ് നിഷ്ക്രിയമായിരുന്നു. ഹിന്ദുക്കൾക്ക് വികാരം പ്രകടിപ്പിക്കാൻ അവസരം നൽകണമെന്ന് മോഡി നിർദ്ദേശിച്ചിരുന്നതായി ചില ഉയർന്ന പൊലീസ് ഉദ്യോഗസ്ഥന്മാർ പിന്നീട് വെളിപ്പെടുത്തുകയുണ്ടായി. വർഗ്ഗീയ ലഹളകൾ അമർച്ച ചെയ്യുന്നതിൽ പൊലീസ് ശുഷ്കാന്തി കാട്ടാതിരുന്ന ധാരാളം സംഭവങ്ങൾ രാജ്യത്തുണ്ടായിട്ടുണ്ട്. എന്നാൽ ഒരു വിഭാഗത്തിന് പ്രതികാരം ചെയ്യാൻ അവസരം നൽകാൻ മറ്റൊരു മുഖ്യമന്ത്രിയും പൊലീസിനോട് ആവശ്യപ്പെട്ട ചരിത്രമില്ല. സംസ്ഥാന സർക്കാരിന്റെ കണക്കനുസരിച്ച് അക്രമസംഭവങ്ങളിൽ 790 മുസ്ലിംകളും 254 ഹിന്ദുക്കളുമാണ് കൊല്ലപ്പെട്ടത്. എന്നാൽ മുസ്ലിംകൾക്കെതിരായ വംശഹത്യാശ്രമമായാണ് അനൌദ്യോഗിക അന്വേഷണ സംഘങ്ങൾ അവയെ വിലയിരുത്തിയിട്ടുള്ളത്.

ഗോധ്രാ സംഭവം സംബന്ധിച്ച് 54 മുസ്ലിംകൾക്കെതിരെ പോട്ട വകുപ്പുകൾ കൂടി ചേർത്ത് കേസെടുത്ത ഗുജറാത്ത് സർക്കാർ ഹിന്ദു അക്രമികൾക്കെതിരെ നടപടിയെടുക്കുന്നതിൽ അതേ ഉത്സാഹം കാട്ടിയില്ല. മനുഷ്യാവകാശ പ്രവർത്തകയായ ടീസ്റ്റാ സെതൽവാദിന്റെ പ്രതിബദ്ധതയോടെയുള്ള പ്രവർത്തനത്തിന്റെ ഫലമായി സുപ്രീം കോടതി ഒരു പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചപ്പോൾ മോഡി മന്ത്രിസഭയിൽ അംഗമായിരുന്ന മായാ കോഡ്നാനി, ബജ്രം‌ഗ് ദൽ നേതാവ് ബാബു ബജ്രം‌ഗി തുടങ്ങിയ ഉന്നതർ കുടുങ്ങി. മുഖ്യമന്ത്രി പൊലീസിനെ നിർവീര്യമാക്കിയതിനെ നിസ്സഹായനായി നോക്കിനിൽക്കേണ്ടി വന്ന അന്നത്തെ ഇന്റലിജൻസ് അഡിഷനൽ ഡി.ജി.പി ആർ. ബി ശ്രീകുമാറിന്റെ സഹകരണം ടീസ്റ്റാ സെതൽ‌വാദിന്റെ നിയമ പോരാട്ടത്തിൽ നിർണ്ണായകമായി. സംസ്ഥാന സർക്കാർ നിയമിച്ച നാനാവതി കമ്മിഷനും സുപ്രീം കോടതിക്കും നൽകിയ സത്യവാങ്മൂലങ്ങളിൽ മോഡി പൊലീസിന് കൊടുത്ത നിർദ്ദേശത്തെ കുറിച്ച് ശ്രീകുമാർ പരാമർശിച്ചിരുന്നു.

അക്രമത്തിനു കുടപിടിച്ച മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യം രാജ്യവ്യാപകമായി ഉയർന്നു. എന്നാൽ 2003ൽ നടക്കേണ്ട നിയമസഭാ തെരഞ്ഞെടുപ്പ് നേരത്തേയാക്കി വർഗ്ഗീയ ചേരിതിരിവിൽ നിന്ന് രാഷ്ട്രീയ ലാഭം കൊയ്യാനാണ് മോഡി തീരുമാനിച്ചത്. കലാപം കഴിഞ്ഞ് ആറാഴ്ച തികയും മുമ്പെ അദ്ദേഹം തെരഞ്ഞെടുപ്പ് നേരത്തേ നടത്തുമെന്ന് പ്രഖ്യാപിച്ചു. ബി.ജെ.പി. കേന്ദ്ര നേതൃത്വം അനുമതി വൈകിപ്പിച്ചു. പക്ഷെ മോഡി ‘ഗുജറാത്ത് ഗൌരവ് (അഭിമാന) യാത്ര’യോടെ തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചു. തുടർന്ന് ജൂലൈയിൽ തെരഞ്ഞെടുപ്പിന് കളമൊരുക്കാനായി നിയമസഭ പിരിച്ചുവിടുകയും ചെയ്തു. കലുഷിതമായ അന്തരീക്ഷത്തിൽ തെരഞ്ഞെടുപ്പ് നടത്താൻ ഇലക്ഷൻ കമ്മിഷൻ തയ്യാറായില്ല. പക്ഷെ ആറു മാസത്തിനുള്ളിൽ പുതിയ നിയമസഭ ഉണ്ടാകേണ്ടതുകൊണ്ട് വർഷാവസാനം വരെ മാത്രമെ തെരഞ്ഞെടുപ്പ് വൈകിപ്പിക്കാനായുള്ളു. മോഡിയുടെ കണക്കുകൂട്ടൽ തെറ്റിയില്ല. പോൾ ചെയ്ത വോട്ടിന്റെ 49.85 ശതമാനം നേടിക്കൊണ്ട് നിയമസഭയിലെ 182 സീറ്റുകളിൽ 127 എണ്ണം പിടിച്ചെടുക്കാൻ ബി.ജെ.പിക്കായി. 

ഏതാനും ദിവസങ്ങൾക്കു മുമ്പ് ഉത്തർ പ്രദേശിലെ മുസഫർനഗർ ജില്ലയിൽ നടന്ന വർഗ്ഗീയ കലാപത്തിൽ ആ ചരിത്രം ആവർത്തിക്കുന്നതിന്റെ സൂചനകളുണ്ട്. ലോക് സഭയിൽ ഏറ്റവുമധികം (80) സീറ്റുകളുള്ള സംസ്ഥാനമാണ് യു.പി.  കോൺഗ്രസ് ക്ഷയിച്ചപ്പോൾ ബി.ജെ.പിക്ക് അവിടെ ഉയരാനും അധികാരം നേടാനും കഴിഞ്ഞിരുന്നു. എന്നാൽ പിന്നീട് അതിന്റെ  ശക്തിയും ക്ഷയിക്കുകയും നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മായാവതിയുടെ ബഹുജൻ സമാജ് പാർട്ടിയും മുലായം സിങ് യാദവിന്റെ സമാജ്‌വാദി പാർട്ടിയും ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി അധികാരത്തിലേറുകയും ചെയ്തു. കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പിൽ അവിടെ വിവിധ പാർട്ടികൾക്ക് കിട്ടിയ സീറ്റുകൾ ഇങ്ങനെയാണ്: എസ്.പി 23, കോൺഗ്രസ് 21, ബി.എസ്.പി. 20, ബി.ജെ.പി. 10, രാഷ്ട്രീയ ലോക് ദൾ 5, സ്വതന്ത്രൻ ഒന്ന്. ഇതിൽ ബി.ജെ.പി. ഒഴികെയുള്ള കക്ഷികൾ ഇപ്പോൾ യു.പി.എ സർക്കാരിനെ പിന്തുണക്കുകയാണ്.  എന്നാൽ അവരെല്ലാം തെരഞ്ഞെടുപ്പിൽ കോൺഗ്രസിനൊപ്പം നിൽക്കുന്നവരല്ല. ദേശീയ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല ബി.ജെ.പി മോഡിക്കു നൽകിയപ്പോൾ തന്നെ അദ്ദേഹം യു.പിയെ പാർട്ടിക്ക് കൂടുതൽ സീറ്റുകൾ നേടാൻ കഴിയുന്ന സംസ്ഥാനമായി കണ്ടുകൊണ്ട് തെരഞ്ഞെടുപ്പു പ്രവർത്തനത്തിന് ചുക്കാൻ പിടിക്കാൻ തന്റെ വിശ്വസ്ഥനും ഗുജറാത്തിലെ മുൻ ആഭ്യന്തരമന്ത്രിയുമായ അമിത് ഷായെ അങ്ങോട്ടയച്ചു. സോറബുദ്ദീൻ ഷേഖിന്റെ വ്യാജ ഏറ്റുമുട്ടൽ കൊല സംബന്ധിച്ച കേസിൽ ഏതാനും ഉയർന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്മാർക്കൊപ്പം സി.ബി.ഐ. പ്രതിയാക്കിയതിനെ തുടർന്ന് ഷായ്ക്ക് മോഡി മന്ത്രിസഭയിൽ നിന്ന് രാജി വെക്കേണ്ടി വന്നു. ഗുജറാത്തിൽ പ്രവേശിക്കരുതെന്ന ഉപാധിയോടെ കോടതി ജാമ്യം നൽകിയതിനെ തുടർന്ന് മുംബൈയിൽ കഴിയുമ്പോഴാണ് മോഡി ഷായെ യു.പി. ദൌത്യം ഏല്പിച്ചത്. ഗുജറാത്തിലെന്നപോലെ യു.പി.യിലും വർഗ്ഗീയ ധ്രുവീകരണത്തിലൂടെ നേട്ടമുണ്ടാക്കാനാകുമെന്ന് അവർ കണക്കുകൂട്ടുന്നുണ്ടാകണം.

മോഡിയെ ഗുജറാത്തിനെ വികസനത്തിന്റെ പാതയിലേക്ക് നയിച്ച ഭരണാധികാരിയായി ചിത്രീകരിച്ചുകൊണ്ട് വംശഹത്യയുടെ പാപഭാരം മറയ്ക്കാനാകുമെന്ന് ബി.ജെ.പി. കരുതുന്നു. എന്നാൽ മോഡി ജനിക്കുന്നതിനു മുമ്പു തന്നെ വ്യാവസായിക മുന്നേറ്റം തുടങ്ങിയ പ്രദേശമാണ് ഗുജറാത്ത് എന്നതാണ് വാസ്തവം. തദ്ദേശീയരായ സംരഭകർ നിരവധി തുണി മില്ലുകൾ സ്ഥാപിച്ചതിന്റെ ഫലമായി കൊളോണിയൽ കാലത്തു തന്നെ അഹമ്മദാബാദ് ഇന്ത്യയിലെ മാഞ്ചസ്റ്റർ എന്ന പേര് നേടിയിരുന്നു. ആദ്യ മിൽ സ്ഥാപിക്കപ്പെട്ടത് പത്തൊമ്പതാം നൂറ്റാണ്ടിലാണ്. അന്ന് അഹമ്മദാബാദിൽ റയിൽ‌വേ പാത എത്തിയിരുന്നില്ല. മില്ലിനായി ഇറക്കുമതി ചെയ്ത യന്ത്രങ്ങൾ കാംബേ തീരത്തിറക്കി തറയിലൂടെ വലിച്ചാണ് അവിടെ എത്തിച്ചത്. സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം പൊതുമേഖലയും സ്വകാര്യമേഖലയും എണ്ണ ഉത്പാദനം, എണ്ണശുദ്ധീകരണം, രാസവളനിർമ്മാണം എന്നിങ്ങനെ പല പ്രവർത്തനങ്ങൾ അവിടെ തുടങ്ങി. മോഡിക്ക് വൻതോതിൽ വിദേശ നിക്ഷേപം ആകർഷിക്കാനാകുന്നെന്ന ധാരണ ബി.ജെ.പി പരത്തിയിട്ടുണ്ട്. സമൂഹ്യപ്രവർത്തകയായ ശബ്നം ഹാഷ്മി മോഡിയുടെ വികസനം സംബന്ധിച്ച അവകാശവാദങ്ങളെ ഔദ്യോഗിക കണക്കുകൾ ഉദ്ധരിച്ചുകൊണ്ട് ഈയിടെ പൊളിച്ചുകാട്ടുകയുണ്ടായി. റിസർവ് ബാങ്ക് കണക്കുകളനുസരിച്ച് വിദേശ നിക്ഷേപത്തിന്റെ കാര്യത്തിൽ ഗുജറാത്ത് അഞ്ചാം സ്ഥാനത്തു മാത്രമാണ്. പത്തു കൊല്ലക്കാലത്ത് ഗുജറാത്തിൽ 60,000 ചെറുകിട വ്യവസായങ്ങൾ അടച്ചു പൂട്ടപ്പെട്ടതായി സംസ്ഥാന സർക്കാർ 2011-12ൽ പുറത്തിറക്കിയ റിപ്പോർട്ട് പറയുന്നു. എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി എത്തിച്ചെന്നതാണ് മോഡിയുടെ ഒരു വലിയ നേട്ടമായി ചൂണ്ടികാണിക്കപ്പെടുന്നത്. ഗുജറാത്ത് കൃഷി വകുപ്പിന്റെ റിപ്പോർട്ടനുസരിച്ച് 2011 മാർച്ചിൽ കാർഷികാവശ്യങ്ങൾക്ക് വൈദ്യുതി ആവശ്യപ്പെട്ടുകൊണ്ടുള്ള നാലര ലക്ഷത്തിലധികം അപേക്ഷകൾ തീർപ്പാകാതെ കിടക്കുകയായിരുന്നു. പഞ്ചാബിലെ ഹരിത വിപ്ലവം സാദ്ധ്യമാക്കിയ ഭക്രാ നങ്കൽ പദ്ധതിക്കു ശേഷം രാജ്യം കണ്ട ഏറ്റവും വലിയ ജലസേചന പദ്ധതി പ്രധാനമായും ഗുജറാത്തിന്റെ താല്പര്യം മുൻ‌നിർത്തി ഏറ്റെടുത്ത നർമ്മദാ പദ്ധതിയാണ്. പക്ഷെ കാർഷിക വളർച്ചയിൽ ഗുജറാത്തിന് എട്ടാം സ്ഥാനമേയുള്ളൂ. കാർഷിക വളർച്ചാ നിരക്ക് മൂന്ന ശതമാനത്തിനു താഴെയാണ്. കേന്ദ്ര ആസൂത്രണ കമ്മിഷന്റെ ഇക്കൊല്ലത്തെ റിപ്പോർട്ടനുസരിച്ച് സംസ്ഥാനത്തെ അഞ്ചു വയസിനു താഴെ പ്രായമുള്ള കുട്ടികളിൽ 44.6 ശതമാനത്തിന് പോഷകാഹാരം കിട്ടുന്നില്ല. ആരോഗ്യ സംരക്ഷണത്തിന് 1990-95 കാലത്ത് സംസ്ഥാന ബജറ്റിന്റെ 4.25 ശതമാനം ചെലവാക്കിയിരുന്നിടത്ത് മോഡി വന്നശേഷം, 2005-10ൽ, ചെലവാക്കിയത് 0.77 ശതമാനം മാത്രമാണെന്ന് മറ്റൊരു കേന്ദ്ര സർക്കാർ റിപ്പോർട്ട് പറയുന്നു. ഈ കണക്കുകൾ ബി.ജെ.പി. പൊക്കിപ്പിടിക്കുന്ന വികസന മാതൃകയുടെ യഥാർത്ഥരൂപം വെളിപ്പെടുത്തുന്നു. പക്ഷെ വ്യവസായ പ്രമുഖർക്ക് മോഡി പ്രിയങ്കരനാണ്. അതിന്റെ കാരണം അവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ അദ്ദേഹം സദാ തയ്യാറാണെന്നതാണ്. ഭൂമി നഷ്ടപ്പെട്ട ജനങ്ങളുടെ എതിർപ്പു മൂലം പശ്ചിമ ബംഗാളിലെ കാർ ഫാക്ടറി ഉപേക്ഷിക്കാൻ ടാറ്റാ നിർബന്ധിതനായപ്പോൾ മോഡി അദ്ദേഹത്തെ ഗുജറാത്തിലേക്ക് ക്ഷണിക്കുകയും എല്ലാ എതിർപ്പുകളും അവഗണിച്ചുകൊണ്ട് ഭൂമി നൽകുകയും ചെയ്തു.

കരിനിയമങ്ങളെ ആശ്രയിക്കുന്ന ഭരണാധികാരിയാണ് മോഡി. ഗോധ്ര സംഭവത്തിനുശേഷം മുസ്ലിംകൾക്കെതിരായ ഭീകരവാദ ആരോപണം ശക്തിപ്പെടുത്താൻ ഗുജറാത്ത് സർക്കാർ 286 പേർക്കെതിരെ ‘പോട്ട’ ചുമത്തി കേസെടുത്തിരുന്നു. പൊതുസമൂഹത്തിന്റെ എതിർപ്പ് മാനിച്ച് കേന്ദ്രം ആ നിയമം റദ്ദാക്കിയപ്പോൾ മോഡി കൂടുതൽ കർക്കശമായ വകുപ്പുകളുള്ള ഗുജറാത്ത് കൺ‌ട്രോൾ ഓഫ് ഓർഗനൈസെഡ് ക്രൈം ആക്ട് രൂപകല്പന ചെയ്തു. നിയമസഭ പാസാക്കിയ നിയമത്തിൽ രാഷ്ട്രപതി ചില മാറ്റങ്ങൾ നിർദ്ദേശിച്ചു. എന്നാൽ മാറ്റങ്ങൾ വരുത്താതെ നിയമസഭ അത് വീണ്ടും പാസാക്കി അയച്ചുകൊടുത്തു. ഈ സാഹചര്യത്തിൽ മോഡി പ്രധാനമന്ത്രിയായാൽ കേന്ദ്രത്തിൽ നിന്ന് പുതിയ കരിനിയമങ്ങൾ പ്രതീക്ഷിക്കാവുന്നതാണ്.
ആർ.എസ്.എസ് സമ്മർദ്ദം ചെലുത്തിയതിന്റെ ഫലമായാണല്ലൊ ബി.ജെ.പി. മോഡിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കിയത്. ആദ്യം ജനസംഘത്തിന്റെയും പിന്നീട് ബി.ജെ.പിയുടെയും ചരടുകൾ പിന്നിൽ നിന്ന് വലിച്ചിരുന്ന ആ സംഘടനക്ക് മോഡിപദ്ധതി നടപ്പിലാക്കാൻ ഒന്നിലധികം തവണ തിരശ്ശീലക്കു മുന്നിലേക്ക് വരേണ്ടിവന്നു. മോഡിയുടെ കീഴിൽ ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി കാണാനാഗ്രഹിക്കുന്ന ആ സംഘടനയുടേ സ്വാധീനം തീർച്ചയായും വർദ്ധിക്കും.
കഴിഞ്ഞ പതിനഞ്ചു വർഷക്കാലത്ത് തുടർച്ചയായി ക്ഷയിച്ചുകൊണ്ടിരിക്കുന്ന കക്ഷിയാണ് ബി.ജെ.പി. അത് 182 സീറ്റുകളോടെ ആദ്യമായി കോൺഗ്രസിനെ പിന്തള്ളി ലോക് സഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായതും അധികാരം നേടിയതും 1998ലാണ്. അക്കൊല്ലത്തെ തെരഞ്ഞെടുപ്പിൽ അതിനു 25.59 ശതമാനം വോട്ടാണ് കിട്ടിയത്. കോൺഗ്രസിന് കൂടുതൽ വോട്ടു (25.82 ശതമാനം) ലഭിച്ചെങ്കിലും 141 സീറ്റുകളെ കിട്ടിയുള്ളു. എൻ.ഡി.എ. സർക്കാർ നിലം‌പതിച്ചതിനെ തുടർന്ന് 1999ൽ വീണ്ടും തെരഞ്ഞെടുപ്പ് നടന്നപ്പോൾ വോട്ടുവിഹിതം 23.75 ശതമാനമായി കുറഞ്ഞെങ്കിലും ബി.ജെ.പിക്ക് ലോക് സഭയിലെ അംഗബലം നിലനിർത്താനായി. കോൺഗ്രസിന്റെ വോട്ടുവിഹിതം 28.30 ശതമാനമായി വർദ്ധിച്ചെങ്കിലും സീറ്റുകൾ 114 ആയി കുറയുകയാണുണ്ടായത്. ചുരുക്കത്തിൽ തെരഞ്ഞെടുപ്പു സമ്പ്രദായത്തിലെ വൈകൃതമാണ് 1998ലും 1999ലും ബി.ജെ.പിയെ അധികാരത്തിലേറാൻ സഹായിച്ചത്. കൂടുതൽ ക്ഷയിച്ചതിനാൽ വൈകൃതത്തിന്റെ ഗുണം തുടർന്ന് അനുഭവിക്കാൻ അതിനായില്ല. ആറു കൊല്ലം ഭരണത്തിന് നേതൃത്വം നൽകിയശേഷം “ഇന്ത്യ തിളങ്ങുന്നു” എന്ന മുദ്രാവാക്യവുമായി 2004ൽ ജനവിധി തേടിയപ്പോൾ ബി.ജെ.പിക്ക് കിട്ടിയത് 22.16 ശതമാനം വോട്ട് മാത്രമാണ്. കോൺഗ്രസിന് 26.53 ശതമാനം കിട്ടി. ബി.ജെ.പി.യുടെ വോട്ട് വിഹിതം 2009ൽ പിന്നെയും കുറഞ്ഞ് 18.80 ശതമാനമായി. കോൺഗ്രസിന്റേത് കൂടി 28.55 ശതമാനമായി. ഏതാനും വടക്കൻ  സംസ്ഥാനങ്ങളിൽ നേടിയ മേൽകൈയും ദേശീയ മാദ്ധ്യമങ്ങൾ സൌമനസ്യത്തൊടെ നൽകുന്ന പ്രാധാന്യവും ശക്തി ക്ഷയിച്ചപ്പോഴും വളരുകയാണെന്ന പ്രതീതി ജനിപ്പിക്കാൻ ബി.ജെ.പിയെ സഹായിച്ചു.

വീണ്ടും അധികാരത്തിലേറാൻ ബി.ജെ.പിക്ക് വോട്ട് വിഹിതം വർദ്ധിപ്പിക്കണം. അതിനു കഴിയുന്ന നേതാവായാണ് ആർ.എസ്.എസ് മോഡിയെ കാണുന്നത്. നേരത്തെ പരീക്ഷിച്ച ലാൽ കിഷൻ അദ്വാനി രണ്ടു തവണ പരാജയപ്പെട്ടയാളാണ്. അദ്ദേഹം പ്രധാനമന്ത്രിപദ മോഹം ഉപേക്ഷിച്ചില്ലെങ്കിലും 85ആം വയസ്സിൽ പ്രായം എതിരായി. ഇപ്പോൾ കേന്ദ്രതലത്തിൽ പ്രവർത്തിക്കുന്ന ഒരു നേതാവിനും അദ്ദേഹത്തിന്റെ സ്വാഭാവിക പിന്തുടർച്ചാവകാശി എന്നവകാശപ്പെടാനുള്ള വലിപ്പമില്ല.  ഈ സാഹചര്യത്തിലാണ് ആർ.എസ്.എസ്. ഗുജറാത്തിനെ ബി.ജെ.പിയുടെ ഉറച്ച കോട്ടയാക്കിയ മോഡിയിൽ പ്രതീക്ഷയർപ്പിച്ചിട്ടുള്ളത്. പാർട്ടിയുടെ മറ്റേതൊരു നേതാവിനേക്കാളും ശക്തമായ പ്രചാരണം സംഘടിപ്പിക്കാനുള്ള കഴിവ് അദ്ദേഹത്തിനുണ്ടെന്ന് ബോധ്യമുള്ളതുകൊണ്ടാണ് അദ്വാനിയെ തഴഞ്ഞു അദ്ദേഹത്തെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കാൻ ആർ.എസ്.എസ് തീരുമാനിച്ചത്. മോഡിയുടെ ഏറ്റവും വലിയ അയോഗ്യതയായി പൊതുസമൂഹവും പാർട്ടിയിലെ തന്നെ ചിലരും കാണുന്ന വംശഹത്യാരോപണം ഹിന്ദുത്വവാദത്തിന്റെ ആചാര്യന്മാരുടെ കണ്ണിൽ ഒരു പോരായ്മയല്ല, യോഗ്യതയാണ്. 

അദ്വാനിയെപ്പോലെ മോഡിയും സ്വാതന്ത്ര്യത്തിന്റെ ആദ്യവർഷങ്ങളിൽ നാട്ടുരാജ്യങ്ങളുടെ ലയനം നടത്തി സർദാർ വല്ലഭ്ഭായ് പട്ടേൽ നേടിയ ‘ഉരുക്ക് മനുഷ്യ’ പ്രതിച്ഛായ കൊതിക്കുന്നയാളാണ്. എന്നാൽ അദ്ദേഹത്തിന്റെ സമീപനങ്ങളിൽ പ്രതിഫലിക്കുന്നത് പട്ടേലിന്റെ നിശ്ചയദാർഢ്യമല്ല, സ്ഥാനമോഹിയുടെ കൌശലമാണ്. സെപ്തംബർ ആദ്യം അദ്ധ്യാപകദിന ചടങ്ങിൽ വെച്ച് ഒരു വിദ്യാർത്ഥിയുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത് തനിക്ക് ഗുജറാത്ത് നൽകിയ ജനവിധി 2017 വരെ നീളുന്നതാണെന്നും പ്രധാനമന്ത്രിപദം സ്വപ്നം കാണുന്നില്ലെന്നുമാണ്. “എന്തെങ്കിലും ആകുന്നതിനെ കുറിച്ച് സ്വപ്നം കാണരുത്. എന്തെങ്കിലും ചെയ്യുന്നതിനെ കുറിച്ചാണ് സ്വപ്നം കാണേണ്ടത്” എന്ന് അദ്ദേഹം കൂട്ടിച്ചേർക്കുകയും ചെയ്തു. കഴിഞ്ഞ കൊല്ലമാണ് മന്ത്രിയായിരുന്ന മായാ കോഡ്നാനിയെ വംശീയ കലാപക്കേസിൽ പ്രത്യേക കോടതി 28 വർഷം തടവിനു വിധിച്ചത്. കേസ് അന്വേഷിച്ച പ്രത്യേക  സംഘം വധശിക്ഷ ആവശ്യപ്പെട്ടുകൊണ്ട് അപ്പീൽ നൽകാൻ തീരുമാനിച്ചപ്പോൾ മോഡി സർക്കാർ അനുമതി നൽകി. എന്നാൽ ഏതാനും ആഴ്ച മുമ്പ് ആ അനുമതി പിൻ‌വലിച്ചു. ആദ്യ തീരുമാനം അടവ് മാത്രമായിരുന്നു. പട്ടേൽ ദൌത്യം നിർവഹിച്ചത് വി.പി. മേനോനെപ്പോലെ കാര്യശേഷിയുള്ള ഉദ്യോഗസ്ഥന്മാരെ ഉപയോഗിച്ചാണ്. മോഡി ലക്ഷ്യം നേടാൻ ആശ്രയിക്കുന്നത് അമിത് ഷായെപ്പോലെയുള്ള രാഷ്ട്രീയ സാഹസികന്മാരെയും സോറബുദ്ദീൻ ഷേഖ് കേസിലും ഇസ്രത്ത് ജഹാൻ കേസിലും വിചാരണ കാത്തു ജയിലിൽ കഴിയുന്ന ഡി.ജി.വൻസാറയെപ്പോലെ നിയമം കയ്യിലെടുക്കാൻ തയ്യാറുള്ള പൊലീസുദ്യോഗസ്ഥന്മാരെയുമാണ്.

ബി.ജെ.പിയെ മുസ്ലിംസൌഹൃദ കക്ഷിയാക്കാൻ മോഡി ഇപ്പോൾ നടത്തുന്ന ശ്രമങ്ങളും കൌശലത്തിന്റെ ഭാഗമാണ്. ഒരു ലക്ഷം മുസ്ലിംകളെ അംഗങ്ങളാക്കാൻ പാർട്ടിയോട് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. മുസ്ലിംകൾ തന്റെ റാലിയിൽ പങ്കെടുക്കാൻ തൊപ്പിയും ബുർഖയും ധരിച്ച് വരണമെന്ന് നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. ഗുജറാത്തിലെ മുസ്ലിംകളിൽ 30 ശതമാനം പാർട്ടിക്ക് വോട്ടു ചെയ്യുന്നുണ്ടെന്ന് അദ്ദേഹം അവകാശപ്പെടുന്നു. മുസ്ലിംകൾക്ക് ഭൂരിപക്ഷമുള്ള പഞ്ചായത്തു വാർഡുകളിൽ ബി.ജെ.പി. വിജയിക്കുന്നുമുണ്ടത്രെ. ഈ കണക്കുകൾ ശരിയാണെങ്കിൽ അതിന്റെ അർത്ഥം ന്യൂനപക്ഷത്തെ ഭയപ്പെടുത്തി കൂടെ നിർത്തുന്നതിൽ മോഡി വിജയിച്ചെന്നാണ്. ഒന്നിലധികം മാർഗ്ഗങ്ങളിലൂടെ ന്യൂനപക്ഷത്തിന്റെ പിന്തുണ നേടാനാകും. ഭൂരിപക്ഷത്തോടൊപ്പം നിൽക്കുന്നതാണ് തങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിക്കാൻ നല്ലതെന്ന് കരുതുന്നവർ ന്യൂനപക്ഷവിഭാഗങ്ങളിലുണ്ട്. വിജയികൾക്കൊപ്പം  നിൽക്കുന്നത് ഗുണം ചെയ്യുമെന്ന് കണക്കുകൂട്ടുന്നവരുമുണ്ട്. അങ്ങനെയാണ് കശ്മീരിൽ നിന്നുള്ള ഒമർ അബ്ദുള്ളയും കേരളത്തിൽ നിന്നുള്ള പി.സി.തോമസും എൻ.ഡി.എ സർക്കാരിൽ മന്ത്രിമാരായത്.

മോഡിയുടെ കൌശലവും അമിത് ഷായുടെ കുതന്ത്രവും പരിവാർ അണികളുടെ ചിട്ടയായ പ്രവർത്തനവുമൊക്കെ ചേർന്ന് വോട്ടുവിഹിതം അഞ്ചു ശതമാനം വർദ്ധിപ്പിച്ചാൽ ബി.ജെ.പി 1998ലെ നിലയിലെത്തും പക്ഷെ 2014ൽ അധികാരം പിടിച്ചെടുക്കാൻ അത് മതിയാകില്ല. ഇടതുപക്ഷം മുന്നോട്ടുവെച്ച കോൺഗ്രസിതര, ബിജെപിയിതര സർക്കാർ എന്ന ആശയം ഒരു ഘട്ടത്തിൽ ചെറിയ ദേശീയകക്ഷികളെയും പ്രാദേശിക കക്ഷികളെയും ഉത്തേജിപ്പിച്ചിരുന്നു. അതിന്റെ ഫലമായി ഏതാനും മൂന്നാം മുന്നണി സർക്കാരുകളുണ്ടായി. ചെറിയ കാലയളവിലെ അവ നിലനിന്നുള്ളു. അതുതന്നെയും കോൺഗ്രസിന്റെയൊ ബി.ജെ.പിയുടെയൊ പിന്തുണയോടെയായിരുന്നു. ആ പരീക്ഷണം അവസാനിച്ചപ്പോഴാണ് വർഗ്ഗീയകക്ഷിയെന്ന നിലയിൽ നേരത്തെ മാറ്റിനിർത്തിയിരുന്ന ബി.ജെ.പിയുമായി സഖ്യത്തിലേർപ്പെടാൻ നിരവധി ചെറിയ കക്ഷികൾ തയ്യാറായത്. അവരുടെ കോൺഗ്രസ്‌വിരുദ്ധത ബിജെപിവിരുദ്ധതയേക്കാൾ ശക്തമായിരുന്നതു കൊണ്ടാണ് അവർ ബി.ജെ.പിക്കൊപ്പം പോയത്. അന്നത്തെ സാഹചര്യമല്ല ഇന്നുള്ളത്. അതുകൊണ്ട് ബി.ജെ.പി വീണ്ടും ലോക് സഭയിലെ ഏറ്റവും വലിയ കക്ഷിയായാലും പഴയതുപോലെ സഖ്യകക്ഷികളെ ആകർഷിക്കാൻ കഴിഞ്ഞെന്നു വരില്ല. വാജ്പേയിയുടെ സൌമ്യത മോഡിക്കില്ലെന്നത് ഒരു വലിയ ന്യൂനതയായി അപ്പോൾ അനുഭവപ്പെടാതിരിക്കില്ല. ഇത് മോഡ് മനസിലാക്കിയിട്ടുണ്ട്. അതുകൊണ്ട് ലോക് സഭയിൽ ഒറ്റക്ക് ഭൂരിപക്ഷം നേടുകയെന്ന ശ്രമകരമായ ലക്ഷ്യത്തോടെയാണ് അദ്ദേഹം പ്രചാരണ പരിപാടി ആസൂത്രണം ചെയ്തിട്ടുള്ളത്. 
(മാധ്യമം ആഴ്ചപ്പതിപ്പ്, ഒക്ടോബർ 7, 2013)

Thursday, September 26, 2013

മുഖ്യമന്ത്രിയെ നിലനിർത്തുന്നത് പ്രതിപക്ഷ സമരം

ബി.ആർ.പി. ഭാസ്കർ

സോളാർ തട്ടിപ്പു കേസ് പ്രതി സരിത എസ്. നായർ മുഖ്യമന്ത്രിയുടെ ആപ്പീസുമായി നിരന്തരം ഫോൺ ബന്ധം പുലർത്തിയിരുന്നെന്ന വിവരം പുറത്തുവന്നയുടൻ തന്നെ പ്രതിപക്ഷം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രാജിവെച്ച് ജുഡിഷ്യൽ അന്വേഷണം നേരിടണമെന്ന ആവശ്യം ഉന്നയിക്കുകയും സമരപ്രഖ്യാപനം നടത്തുകയും ചെയ്തു. സമരം ഇതിനകം പല ഘട്ടങ്ങൾ പിന്നിട്ടു കഴിഞ്ഞു. സാമ്പ്രദായിക രീതിയിലായിരുന്നു തുടക്കം. തലസ്ഥാനത്തും ജില്ലാ ആസ്ഥാനങ്ങളിലും ധർണ്ണകളും പ്രകടനങ്ങളും നടന്നു. അവ ഫലം കാണാതായപ്പോൾ അടുത്ത ഘട്ടത്തിലേക്ക് നീങ്ങി. ഒരു ലക്ഷം പേരെ അണിനിരത്തിക്കൊണ്ട് അനിശ്ചിതകാല സെക്രട്ടേറിയറ്റ് ഉപരോധം നടത്തുമെന്ന് എൽ.ഡി.എഫ് പ്രഖ്യാപിച്ചു. സി.പി.എം മാത്രം 70,000 പേരെ സമരമുഖത്തേക്കയക്കാൻ തീരുമാനിച്ചു. അതിനുള്ള ആളും പണവും പാർട്ടിക്കുണ്ടെന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടായിരുന്നില്ല. മുഖ്യമന്ത്രി രാജി വെക്കുംവരെ ഉപരോധം തുടരുമെന്നും ഒരീച്ചയെ പോലും സെക്രട്ടേറിയറ്റിലേക്ക് കടക്കാൻ അനുവദിക്കില്ലെന്നുമാണ് എൽ.ഡി.എഫ്. കൺ‌വീനർ പറഞ്ഞത്.

ഭരണസ്തംഭനം ലക്ഷ്യമിട്ടുള്ള ആ നീക്കത്തെ സർക്കാർ അതീവ ഗൌരവത്തോടെയും അല്പം ഭയപ്പാടോടെയുമാണ് കണ്ടത്. സി.പി.എമ്മിനോട് ആഭിമുഖ്യം പുലർത്തുന്ന ഒരു വിഭാഗമുള്ള  സംസ്ഥാന പൊലീസിന് ക്രമസമാധാനം നിലനിർത്താനാകുമോയെന്ന് സർക്കാർ സംശയിച്ചിരിക്കണം. അത് കേന്ദ്രസേനകളുടെ സഹായം അഭ്യർത്ഥിച്ചു. സമരഭടന്മാരെ തിരുവനന്തപുരത്തേക്ക് കൊണ്ടുവരുന്ന  വാഹനങ്ങൾ തടയാനും നഗരത്തിൽ അവർക്ക് താമസ സൌകര്യം നിഷേധിക്കാനും പദ്ധതിയിടുകയും ചെയ്തു. പക്ഷെ പ്രതിബന്ധങ്ങൾ ഫലപ്രദമായില്ല  ഉപരോധത്തിൽ പങ്കെടുക്കാൻ സി.പി.എം.ബ്രാഞ്ചുകൾ നിയോഗിച്ചവരിൽ 9,000 ബഹുഭൂരിപക്ഷം പേരുമെത്തി. സെക്രട്ടേറിയറ്റ് പരിസരം അവരെക്കൊണ്ട് നിറഞ്ഞു.
വളരെ സൂക്ഷ്മമായും വിശദമായുമാണ് സി.പി.എം സമരം ആസൂത്രണം ചെയ്തത്. ഓരോ പാർട്ടി ബ്രാഞ്ചും എത്ര വാളണ്ടിയർമാരെ അയക്കണമെന്നും ഓരോരുത്തർക്കും എത്ര പണം കൊടുക്കണമെന്നും പാർട്ടി നേതൃത്വം തീരുമാനിക്കുകയും കീഴ്ഘടകങ്ങൾക്ക് നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. തിരുവനന്തപുരത്തെ ശ്രദ്ധാപൂർവ്വമായ ക്രമീകരണങ്ങളിൽ ഓരോ ജില്ലയിൽ നിന്നുമുള്ളവർ സെക്രട്ടേറിയറ്റിന്റെ ഏത് ഭാഗത്ത് നിലയുറപ്പിക്കണമെന്നും ആഹാരത്തിന് എപ്പോൾ എവിടെ എത്തണമെന്നുമുള്ള തീരുമാനങ്ങൾ അടങ്ങിയിരുന്നു. പതിന്നാലിടങ്ങളിലായി 5,000 പേർക്ക് വീതം ഭക്ഷണം തയ്യാറാക്കാനുള്ള ഏർപ്പാടുകൾ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ചെയ്തു. സി.പി.എമ്മിന്റെ സംഘടനാപാടവത്തിൽ അത്ഭുതസ്തബ്ധരായ മാദ്ധ്യമങ്ങൾ ഐതിഹാസികമായ ഉപരോധ സമരത്തെ വാഴ്ത്തി.

എന്നാൽ സംഘടനാ പ്രവർത്തനത്തിന്റെ വിജയം സി.പി.എം. നേതൃത്വത്തെ ഭയപ്പെടുത്തി. പ്രമാണികൾ ഹോട്ടൽമുറികൾ തരപ്പെടുത്തി രാത്രിയിൽ സുഖമായി ഉറങ്ങിയശേഷം കുളിയും കഴിഞ്ഞ് വീണ്ടും സമരമുഖത്തെത്തിയപ്പോൾ ബഹുഭൂരിപക്ഷം വാളണ്ടിയർമാരും തെരുവിൽ ഉറങ്ങിയശേഷം പ്രാഥമികകൃത്യങ്ങൾ നിർവഹിക്കാൻ സൌകര്യമില്ലാതെ കുഴങ്ങുകയായിരുന്നു. സമരം നീണ്ടുപോയാൽ ആദ്യദിവസത്തെ ആവേശവും അച്ചടക്കവും നിലനിർത്താനാവില്ലെന്ന് നേതൃത്വം മനസിലാക്കി. അതോടെ സമരം എത്രയും വേഗം അവസാനിപ്പിക്കേണ്ടത് സർക്കാരിനേക്കാൾ പാർട്ടിയുടെ ആവശ്യമായി.

അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാൻ സർക്കാരും പ്രതിപക്ഷവും ശ്രദ്ധിച്ചു. വിളിച്ചുവരുത്തിയ കേന്ദ്രസേനയെ സർക്കാർ തെരുവിലിറക്കിയില്ല. സെക്രട്ടേറിയറ്റ് പരിസരത്ത് സംസ്ഥാന പൊലീസ് മാത്രമെ വിന്യസിച്ചുള്ളു. മന്ത്രിമാർക്കും ജീവനക്കാർക്കും സെക്രട്ടേറിയറ്റിലെത്താൻ ഒരു ഗേറ്റ് തുറന്നുവെക്കുന്നതിനപ്പുറം ഒരു പ്രതിരോധത്തിനും സർക്കാർ മുതിർന്നില്ല. പ്രതിപക്ഷം അവിടെ തടസം സൃഷ്ടിച്ചുമില്ല. സെക്രട്ടേറിയറ്റിലെത്താൻ മന്ത്രിമാർ ഉപയോഗിച്ച റോഡ് ഉപരോധിക്കാൻ ശ്രമിച്ച സി.പി.എം. പ്രവർത്തകരെ സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ തന്നെ പാഞ്ഞെത്തി പറഞ്ഞയച്ചു. രണ്ടാം ദിവസം ഉച്ചയോടെ ജുഡിഷ്യൽ അന്വേഷണം നടത്താൻ തയ്യാറാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവം വരികയും ഉടൻതന്നെ എ.കെ.ജി. സെന്ററിൽ അവലോകന യോഗം നടത്തിക്കൊണ്ടിരുന്ന എൽ.ഡി.എഫ്. നേതാക്കൾ ഉപരോധം അവസാനിപ്പിക്കാൻ തീരുമാനിക്കുകയും ചെയ്തു. പിണറായി വിജയൻ സമരരംഗത്തെത്തി തീരുമാനം പ്രഖ്യാപിച്ചു. ഉപരോധം തുടങ്ങിയതു മുതൽ അതിന്റെ നേതൃത്വം എൽ.ഡി.എഫ്. കൺ‌വീനറിൽ നിന്ന് പാർട്ടി സെക്രട്ടറി ഏറ്റെടുത്തിരുന്നു.     

ഉപരോധം ഒരു വിജയമായിരുന്നെന്നതിൽ സംശയമില്ല. അതേസമയം അത് വലിയ പരിമിതികളുള്ള സമരരീതിയാണെന്നും പെട്ടെന്ന് വെളിപ്പെട്ടു. ചില അറബ് രാജ്യങ്ങളിൽ നടന്ന മുല്ലപ്പൂ വിപ്ലവവും അമേരിക്കയിലെ വാൾ സ്ട്രീറ്റ് പിടിച്ചടക്കൽ സമരവും പോലെയുള്ള സഹനസമരമാണ് നടക്കാൻ പോകുന്നതെന്നായിരുന്നു നേതാക്കൾ പറഞ്ഞത്. എന്നാൽ അതൊന്നും രാഷ്ട്രീയ പാർട്ടികൾ സംഘടിപ്പിച്ച പ്രക്ഷോഭങ്ങളായിരുന്നില്ല. ഈജിപ്തിലെ മുസ്ലിം ബ്രദർഹുഡ് മുല്ലപ്പൂ വിപ്ലവത്തിൽ പങ്കെടുകുകയും അതിന്റെ ഗുണഭോക്താവാകുകയും ചെയ്തെങ്കിലും അതൊരു പൊതുസമൂഹ പ്രസ്ഥാനമായിരുന്നു. അതുകൊണ്ടാണ് ഭരണകൂടം പ്രകോപനങ്ങൾ സൃഷ്ടിച്ചിട്ടും അത് സമാധാനപരമായി വളരെ ദിവസം തുടർന്നത്. അക്രമസമര പാരമ്പര്യമുള്ള ഒരു രാഷ്ട്രീയ കക്ഷിക്ക് ഒരു അനിശ്ചിതകാല സഹന സമരം നടത്താൻ കഴിയില്ലെന്നതാണ് വാസ്തവം. ഇത് തിരിച്ചറിഞ്ഞ് അനിശ്ചിതകാല ഉപരോധം അതിവേഗം അവസാനിപ്പിച്ച ഇടതുനേതൃത്വം ഇനി അത്തരത്തിലുള്ള ഒരു സമരത്തിന് മുതിരുമെന്ന് തോന്നുന്നില്ല.

ബന്ദും ഘെരാവോയും പോലെ മനുഷ്യാവകാശലംഘനങ്ങളടങ്ങുന്ന സമരമാർഗ്ഗങ്ങളിലൂടെ വളർന്ന സി.പി.എം. പുതിയ പ്രക്ഷോഭരീതികൾ തേടാൻ തുടങ്ങിയിട്ട് കുറച്ചുകാലമായി. ആ ശ്രമം തുടരുകയാണെന്ന് പിന്നീടുണ്ടായ മുട്ടയേറുകൾ സൂചിപ്പിക്കുന്നു. രോഷം പ്രകടിപ്പിക്കാൻ യൂറോപ്യന്മാർ ചിലപ്പോൾ അവലംബിക്കാറുള്ള മാർഗ്ഗമാണ് ചീമുട്ടയേറ്. പക്ഷെ ചീമുട്ട കാറിന്റെ പുറത്തൊ ദേഹത്തൊ വീണതു കൊണ്ട് ഒരു ഭരണാധികാരിയും ഇതുവരെ സ്ഥാനമൊഴിഞ്ഞിട്ടില്ല. ആ നിലയ്ക്ക് മുട്ടയെറിഞ്ഞ് സർക്കാരിനെ വീഴ്ത്താനാവില്ലെന്ന ആഭ്യന്തരമന്ത്രിയുടെ വാക്കുകൾ ഉചിതം തന്നെ. മുട്ടയെറിഞ്ഞ് ചീഫ് വിപ്പിനെ പുറത്താക്കാൻ കഴിയില്ലെന്ന് സ്വന്തം പാർട്ടിക്കാരെ ബോധ്യപ്പെടുത്താനും അദ്ദേഹത്തിന് കഴിയണം.

ആനുകാലികങ്ങളിൽ ഉപരോധസമരം വിശകലനം ചെയ്ത നിരീക്ഷകരൊക്കെയും അത് പരാജയമാണെന്നാണ് വിലയിരുത്തിയിട്ടുള്ളത്. മുഖ്യമന്ത്രിയുടെ രാജി എന്ന പ്രഖ്യാപിത ലക്ഷ്യം നേടാനായില്ലെന്നതു കൊണ്ട് സമരം പരാജയമായിരുന്നെന്ന് പറയുന്നത് ശരിയല്ല. രണ്ടുമൂന്നു മാസമായി പ്രതിപക്ഷം നടത്തിവരുന്ന സമരത്തിന്റെ യഥാർത്ഥ ലക്ഷ്യം മുഖ്യമന്ത്രിയുടെ രാജിയല്ല. അത് അടുത്ത കൊല്ലത്തെ പാർലമെന്റ് തെരഞ്ഞെടുപ്പിനുള്ള കളമൊരുക്കലാണ്. സി.പി.എമ്മിന്റെ ഏറ്റവും വലിയ ശക്തികേന്ദ്രമായ ത്രിപുര രണ്ട് ലോക് സഭാ സീറ്റ് മാത്രമുള്ള ഒരു ചെറിയ സംസ്ഥാനമാണ്. പശ്ചിമ ബംഗാളിൽ അധികാരം നഷ്ടപ്പെടുകയും പാർട്ടിയുടെ അടിത്തറ തകരുകയും ചെയ്തതിനാൽ അടുത്ത ലോക് സഭയിൽ മാന്യമായ സ്ഥാനം ലഭിക്കാൻ ആശ്രയിക്കാവുന്ന ഏക സംസ്ഥാനം കേരളമാണ്. കേന്ദ്രത്തിൽ അധികാരത്തിലേറാൻ സാധ്യതയുള്ള കക്ഷിയെന്ന നിലയിൽ സാധാരണയായി ലോക് സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് കേരളത്തിൽ മുൻ‌കൈ ലഭിക്കാറുണ്ട്. എന്നാൽ ഗ്രൂപ്പ് പോര് ശക്തമായിരുന്ന 2004ൽ അതിനെ തറപറ്റിക്കാൻ എൽ.ഡി.എഫിന് കഴിഞ്ഞിരുന്നു. അന്ന് യു.ഡി.എഫിന് കിട്ടിയ ഏക സീറ്റ് മുസ്ലിം ലീഗിന്റേതായിരുന്നു. അതിന്റെ ബലത്തിൽ ലീഗിന് യു.പി.എ. മന്ത്രിസഭയിൽ സ്ഥാനം ലഭിക്കുകയും ചെയ്തു. അമേരിക്കയുമായുണ്ടാക്കിയ സിവിൽ ആണവ കരാറിനോടുള്ള എതിർപ്പിന്റെ പേരിൽ യു.പി.എ. സർക്കാരിനുള്ള പിന്തുണ പിൻ‌വലിച്ചുകൊണ്ട് സാമ്രാജ്യത്വവിരുദ്ധ പ്രതിച്ഛായ മിനുക്കി മത്സരിച്ചിട്ടും 2009ൽ എൽ.ഡി.എഫിന് വലിയ തിരിച്ചടിയുണ്ടായി. എന്നാൽ സാഹചര്യങ്ങൾ അനുകൂലമാണെങ്കിൽ എൽ.ഡി.എഫിന് നല്ല പ്രകടനം കാഴ്ചവെക്കാൻ കഴിയുമെന്ന 2004ലെ പാഠം ഇന്നും പ്രസക്തമാണ്.

ഉമ്മൻ ചാണ്ടി രാജിവെക്കുകയും കോൺഗ്രസും യു.ഡി.എഫും സോളാർ പാപഭാരത്തിൽ നിന്ന് മോചനം നേടുകയും ചെയ്താൽ സി.പി.എമ്മിനും എൽ.ഡി.എഫിനും 2014ലെ ലോക് സഭാ തെരഞ്ഞെടുപ്പിൽ വലിയ പ്രതീക്ഷ വെച്ചു പുലർത്താനാകില്ല. ഉമ്മൻ ചാണ്ടി തുടരുകയും സോളാർ പ്രശ്നം പുകഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്നതാണ് അവർക്ക് നല്ലത്. തുടർച്ചയായി അഞ്ചു കൊല്ലവും അധികാരത്തിലിരിക്കാൻ സമീപകാലത്തെ ഒരു യു.ഡി.എഫ് മുഖ്യമന്ത്രിക്കും കഴിഞ്ഞിട്ടില്ല. കോൺഗ്രസിനുള്ളിലെ എതിരാളികൾ മുഖ്യമന്ത്രിയെ പുറത്താക്കാനുള്ള ശ്രമങ്ങൾക്ക് തുടക്കം കുറിക്കുകയും ഗ്രൂപ്പു പോര് ശക്തമാകുമ്പോൾ പ്രമുഖ ഘടകകക്ഷികൾ അദ്ദേഹത്തെ കൈയൊഴിഞ്ഞുകൊണ്ട് നേതൃമാറ്റത്തിന് വഴിയൊരുക്കുകയും ചെയ്യുന്നതാണ് പതിവ് രീതി. പാർട്ടിക്കകത്തു എതിർപ്പു നേരിടുന്ന ഉമ്മൻ ചാണ്ടിയെ അധികാരത്തിൽ തുടരാൻ ഇപ്പോൾ സഹായിക്കുന്നത് എൽ.ഡി.എഫ് സമരമാണ്. പ്രതിപക്ഷം പ്രക്ഷോഭം സജീവമായി നിലനിർത്തുന്നിടത്തോളം എതിർഗ്രൂപ്പും ഘടക കക്ഷികളും അദ്ദേഹത്തിന്റെ പിന്നിൽ ഉറച്ചു നിൽക്കാൻ ബാധ്യസ്ഥരാണ്.(ജനശക്തി, സെപതംബർ 14-27, 2013.

Monday, September 23, 2013

ജീർണ്ണതയുടെ നാൾവഴികൾ

ബി.ആർ.പി. ഭാസ്കർ

പത്തൊമ്പതാം നൂറ്റാണ്ടിലെ കേരള സമൂഹം ജീർണ്ണത ബാധിച്ചതായിരുന്നു. ഇന്ത്യയൊട്ടുക്ക് തൊട്ടുകൂടായ്മ ഉണ്ടായിരുന്നു. ഇവിടെയാകട്ടെ ദൃഷ്ടിയിൽ പെട്ടുകൂടാത്തവരും ഉണ്ടായിരുന്നു. സ്ത്രീകൾ മാറു മറയ്ക്കാൻ പാടില്ലായിരുന്നു. രാജാവിന് മുലക്കരം കൊടുക്കുകയും വേണം. നിരപരാധിത്വം തെളിയിക്കാൻ കുറ്റാരോപിതർ തിളയ്ക്കുന്ന എണ്ണയിൽ കൈമുക്കണം. കൊല്ലിനും കൊലയ്ക്കും അധികാരമുള്ള മാടമ്പിമാർ വ്യവസ്ഥയുടെ സംരക്ഷകരായി നിലകൊണ്ടു. തെക്കുനിന്നു വീശിയ മാറ്റത്തിന്റെ കാറ്റ് ആ ജീർണ്ണ വ്യവസ്ഥയെ തൂത്തെറിഞ്ഞു. അങ്ങനെ ഇരുപതാം നൂറ്റാണ്ടിൽ കേരളം രാജ്യത്തെ ഏറ്റവും പുരോഗമനോന്മുഖമായ സംസ്ഥാനമായി. ആളോഹരി വരുമാനം ദേശീയ ശരാശരിക്കുതാഴെ ആയിരുന്നിട്ടും ഉയർന്ന സാക്ഷരതയും കുറഞ്ഞ ശിശുമരണ നിരക്കും സംസ്ഥാനത്തെ സാമൂഹികതലത്തിൽ പാശ്ചാത്യരാജ്യങ്ങൾക്കൊപ്പമെത്തിച്ചു കൊണ്ട് ലോകത്തെ അത്ഭുതപ്പെടുത്തി. ഇപ്പോൾ ചിത്രം പിന്നെയും മാറിയിരിക്കുന്നു. ജീർണ്ണത വീണ്ടും പടരുന്നു. 

ജാതിമത സമൂഹങ്ങളുടെ നവീകരണത്തിന് നേതൃത്വം നൽകി കേരള നവോത്ഥാനത്തിന് വഴിയൊരുക്കിയ സംഘടനകൾ സ്വാർത്ഥതല്പരരുടെ കൈകളിൽ പ്രതിലോമശക്തികളായി മാറിയിരിക്കുന്നു. സേവനമനോഭാവത്തോടെ വിദ്യാഭ്യാസസ്ഥാപനങ്ങൾ നടത്തിയവർ ലാഭേച്ഛയോടെ തലവരി സ്ഥാപനങ്ങൾ നടത്തുന്നു. സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും സന്ദേശം പ്രചരിപ്പിച്ച പ്രസ്ഥാനങ്ങൾ അധികാരം നേടാനും നിലനിർത്താനുമുള്ള തത്രപ്പാടിൽ ആദർശങ്ങൾക്ക് അവധി നൽകിയിരിക്കുന്നു. ബഹുജനതാല്പര്യങ്ങളല്ല, പാർട്ടിതാല്പര്യങ്ങളാണ് ഇപ്പോൾ അവയെ നയിക്കുന്നത്. മദ്യത്തിന്റെ ഉപഭോഗം കൊല്ലം‌തോറും വർദ്ധിക്കുന്നു. മദ്യപാനം ആരംഭിക്കുന്ന പ്രായം ക്രമേണ കുറഞ്ഞു 13 വയസിലെത്തിയിരിക്കുന്നു. സ്ത്രീകൾക്കിടയിലും മദ്യപാനം വർദ്ധിക്കുന്നതായി പ്രശസ്ത ഭിഷഗ്വരൻ ഡോ. വി.പി. ഗംഗാധരൻ ഈയിടെ പറയുകയുണ്ടായി. സ്ത്രീപീഡനം വ്യാപകമായി റിപ്പോർട്ടു ചെയ്യപ്പെടുന്നു. വീട്ടിനുള്ളിലും സ്ത്രീകളും കുട്ടികളും സുരക്ഷിതരല്ലാതായിരിക്കുന്നു. കയ്യേറ്റക്കാർ വനഭൂമി തട്ടിയെടുത്തതിന്റെ ഫലമായി നിരാലംബരായ ആദിവാസികളുടെ ഊരുകളിൽ കുഞ്ഞുങ്ങൾ പോഷകാഹാരം കിട്ടാതെ മരിക്കുന്നു. ഭൂപരിഷ്കരണം തഴഞ്ഞ ദലിതരിൽ പകുതിയിലേറെ ചേരികളിൽ ഒതുക്കപ്പെട്ടിരിക്കുന്നു. കൃഷിഭൂമിക്കു വേണ്ടിയുള്ള അവരുടെ സമരങ്ങളെ പരാജയപ്പെടുത്താൻ രാഷ്ട്രീയ കക്ഷികൾ കൈകോർക്കുന്നു. പാവപ്പെട്ടവർക്കായി രൂപകല്പന ചെയ്തിട്ടുള്ള ക്ഷേമപദ്ധതികളുടെ ഗുണം ലഭിക്കണമെങ്കിൽ രാഷ്ട്രീയക്കാർ കനിയണം, ഇടനിലക്കാരന് വിഹിതം നൽകുകയും വേണം. സാർവത്രിക പൊതുവിതരണ സംവിധാനത്തിന്റെ പേരിൽ ലഭിക്കുന്ന ധാന്യങ്ങൾ രാഷ്ട്രീയകക്ഷികളുടെ അറിവോടെ അരി മില്ലുകളിലും പൊതുവിപണിയിലുമെത്തുന്നു. സർക്കാരാപ്പീസിൽ പ്രത്യേക പരിഗണന കിട്ടാൻ മാത്രമല്ല, നിയമപ്രകാരം അർഹതപ്പെട്ടത് കിട്ടാനും കൈക്കൂലി നൽകണം. സത്യസന്ധരായ നിരവധി മുഖ്യമന്ത്രിമാർ വന്നുപോയെങ്കിലും ആരും അഴിമതിക്കെതിരെ നടപടിയെടുത്തില്ല.

പത്തൊമ്പതാം നൂറ്റാണ്ടിൽ ജന്മികുടുംബങ്ങൾ പോലും ഇല്ലായ്മ നേരിട്ടിരുന്നു. ഇന്ന് കേരളം സമ്പന്ന സംസ്ഥാനമാണ്. ആളോഹരി വരുമാനത്തിലും ചെലവിലും രാജ്യത്ത് ഒന്നാം സ്ഥാനത്ത്. നാലു പതിറ്റാണ്ട് മുമ്പ് തുടങ്ങിയ ഗൾഫ് പ്രവാസമാണ് ഈ വലിയ മാറ്റം സാധ്യമാക്കിയത്. ഇപ്പോൾ 60,000 കോടി രൂപയാണ് ഒരു വർഷം പുറത്തുനിന്ന് ഇവിടെ എത്തുന്നത്. പലപ്പോഴും പണം ചെലവാക്കുന്നത് വിദേശത്ത് കഷ്ടപ്പാടുകൾ സഹിച്ച് അതുണ്ടാക്കുന്നവരല്ല, കഷ്ടപ്പാടെന്തെന്നറിയാതെ നാട്ടിൽ കഴിയുന്നവരാണ്.  ഈ പണം ഒഴുകുന്ന ചാലുകൾക്കരികിലുള്ളവർക്ക് അതിന്റെ ഗുണം ഏറിയൊ കുറഞ്ഞൊ ലഭിക്കുന്നു. അതിന്റെ ഗുണം കിട്ടാത്തവർക്ക് ജിവിതം നരകതുല്യമാണ്. പ്രവാസികളിൽ ഒരു വലിയ വിഭാഗം ഇവിടെ വേണ്ടത്ര അവസരങ്ങൾ ലഭിക്കാത്തവരായിരുന്നതുകൊണ്ട് ആദ്യഘട്ടത്തിൽ ഗൾഫ് പണം അസമത്വങ്ങൾ കുറക്കാൻ സഹായിച്ചു. പിന്നീട് പ്രവാസികളിൽനിന്ന് അതിസമ്പന്നർ ഉയർന്നുവന്നു. അതോടെ അസമത്വം വീണ്ടും വളരാൻ തുടങ്ങി. രാഷ്ട്രീയ രക്ഷാധികാരവും ഉദ്യോഗസ്ഥ സഹകരണവും മാഫിയാ സംരക്ഷണവും ആവശ്യപ്പെടുന്ന ഭൂമികയ്യേറ്റം, മണൽഖനനം, പാറപൊട്ടിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ വ്യാപകമാണ്. അവയിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് രാഷ്ട്രീയ മതിലുകൾ തടസമല്ല. ഇരുമുന്നണികളുടെ സർക്കാരുകളും ആറന്മുള വിമാനത്താവളത്തിന് ഭൂമി സ്വരൂപിക്കാൻ ഒത്താശ ചെയ്തുകൊടുത്തു. പത്തനംതിട്ട ജില്ലയിലെ ഏറ്റവും വലിയ പാറപൊട്ടിക്കൽ കരാറുകാരൻ കോൺഗ്രസിന്റെയും എൻ.എസ്.എസിന്റെയും നേതാവാണ്. അദ്ദേഹത്തിന്റെ സഹോദരൻ സി.പി.എം. പാർലമെന്റംഗവും. വർക്കലയിൽ ദലിതരുടെ ഭൂമി കൈക്കലാക്കാൻ ശ്രമിക്കുന്നവരിലും കോൺഗ്രസ് സി.പി.എം. സഹോദരന്മാരുണ്ട്.

നവോത്ഥാനധാര ദുർബലപ്പെട്ടപ്പോൾ സാമൂഹ്യ പരിഷ്കർത്താക്കൾ ഉച്ഛാടനം ചെയ്ത ചില തിന്മകൾ തിരിച്ചു വന്നു. അവയെ ഫ്യൂഡൽ ജീർണ്ണതയുടെ തുടർച്ചയായി കാണാം. എന്നാൽ ഇന്നത്തെ കേരള സമൂഹത്തിന് ആധുനികവും ഉത്തരാധുനികവുമായ ഭാവങ്ങളുമുണ്ട്. ഒപ്പം അവയുമായി ബന്ധപ്പെട്ട ജീർണ്ണതകളും. അറിയപ്പെടുന്ന വരുമാനമാർഗ്ഗമില്ലാത്തവർ ആർഭാട ജീവിതം നയിക്കുന്ന കാഴ്ച യുവാക്കളെ മോഹിപ്പിക്കുന്നു. അവർ പെട്ടെന്ന് പണമുണ്ടാക്കാനുള്ള മാർഗ്ഗങ്ങൾ ആരായുന്നു. രാഷ്ട്രീയം, ആത്മീയം, വ്യവസായം എന്നിങ്ങനെ പല മേഖലകളിലും അവർ സാധ്യതകൾ കണ്ടെത്തുന്നു. അണികൾക്ക് ജോലി തരപ്പെടുത്തുന്നത് തങ്ങളുടെ ചുമതലയാണെന്ന് രാഷ്ട്രീയ കക്ഷികൾ കരുതുന്നു. അതിസാഹസികരായ കക്ഷിനേതാക്കൾ മത്സരപ്പരീക്ഷയുടെ ഉത്തരക്കടലാസുകൾ മുക്കി ആ ചുമതല നിർവഹിക്കാൻ തയ്യാറാകുന്നു. സീരിയൽ താരങ്ങളാകാൻ അവസരം തേടുന്ന പെൺകുട്ടികൾ സീരിയൽ ബലാത്സംഗത്തിന് വിധേയരാകുന്നു. സാധാരണഗതിയിൽ ഒരാളിന്റെ മുന്നിൽ ടെലിവിഷൻ ക്യാമറ വെച്ചാൽ താൻ ചെയ്യുന്നതും പറയുന്നതും മറ്റുള്ളവർ കാണുകയും കേൾക്കുകയും ചെയ്യുമെന്ന തിരിച്ചറിവ് നല്ല പെരുമാറ്റം കാഴ്ചവെക്കാൻ അയാളെ പ്രേരിപ്പിക്കും. എന്നാൽ മലയാളിയിലെ നല്ല വശത്തെയല്ല ചീത്ത വശത്തെയാണ് ക്യാമറ പുറത്തുകൊണ്ടു വരുന്നത്.

ഒരു സമൂഹത്തിന്റെ ആരോഗ്യകരമായ നിലനിൽ‌പ്പിന് ഒരു കുറഞ്ഞ തോതിലുള്ള സത്യസന്ധത കൂടിയേ തീരൂ. ആ തോതിലുള്ള സത്യസന്ധത ഇല്ലാത്തതാണ് കേരളത്തിന്റെ ജീർണ്ണാവസ്ഥക്കു കാരണം. പേഴ്സണൽ സ്റ്റാഫിലെ ഒരാൾ സോളാർ തട്ടിപ്പു കേസിൽ ജയിലിലാകുകയും രണ്ടുപേർ ജോലിയിൽനിന്ന് പുറത്താക്കപ്പെടുകയും ചെയ്തിട്ടും തന്നെയൊ തന്റെ ആപ്പീസിനെയൊ ജുഡിഷ്യൽ അന്വേഷണത്തിന്റെ പരിധിയിൽ കൊണ്ടുവരേണ്ട കാര്യമില്ലെന്ന് ഇമ വെട്ടാതെ പറയാൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് കഴിയുന്നു. ജുഡിഷ്യൽ അന്വേഷണ തീരുമാനം പ്രഖ്യാപിച്ചപ്പോൾ തന്നെ താനൊ തന്റെ ആപ്പീസൊ അതിന്റെ പരിധിയിൽ വരില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് ടെലിവിഷനിലൂടെ ജനങ്ങൾ കാണുകയും കേൾക്കുകയും ചെയ്തതാണ്. എന്നിട്ടും താൻ അന്വേഷണ പരിധിയിൽ വരില്ലെന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചത് എൽ.ഡി.എഫ് ഉപരോധ സമരം പിൻ‌വലിച്ചശേഷമാണെന്ന് പറയാൻ പിണറായി വിജയന് കഴിയുന്നു. ഫ്യൂഡൽ ജീർണ്ണത തുടച്ചുനീക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയത് ഭരണാധികാരികളായിരുന്നില്ല, പൊതുസമൂഹമായിരുന്നു. ഇന്നത്തെ ജീർണ്ണത നീക്കാനുള്ള ശ്രമങ്ങൾ തുടങ്ങേണ്ടതും പൊതുസമൂഹം തന്നെ. ഇക്കാര്യത്തിൽ മുൻ‌കൈ  എടുക്കാൻ ഭരണാധികാരികൾക്കാവില്ല. അവർ പ്രശ്നത്തിന്റെ ഭാഗമാണ്. അവർക്ക് പരിഹാരം ആകാനാവില്ല. (ഇന്ത്യാ ടുഡെ)