ജീർണ്ണതയുടെ
നാൾവഴികൾ
ബി.ആർ.പി.
ഭാസ്കർ
പത്തൊമ്പതാം നൂറ്റാണ്ടിലെ കേരള സമൂഹം ജീർണ്ണത ബാധിച്ചതായിരുന്നു. ഇന്ത്യയൊട്ടുക്ക് തൊട്ടുകൂടായ്മ ഉണ്ടായിരുന്നു. ഇവിടെയാകട്ടെ ദൃഷ്ടിയിൽ പെട്ടുകൂടാത്തവരും ഉണ്ടായിരുന്നു. സ്ത്രീകൾ മാറു മറയ്ക്കാൻ പാടില്ലായിരുന്നു. രാജാവിന് മുലക്കരം കൊടുക്കുകയും വേണം. നിരപരാധിത്വം തെളിയിക്കാൻ കുറ്റാരോപിതർ തിളയ്ക്കുന്ന എണ്ണയിൽ കൈമുക്കണം. കൊല്ലിനും കൊലയ്ക്കും അധികാരമുള്ള മാടമ്പിമാർ വ്യവസ്ഥയുടെ സംരക്ഷകരായി നിലകൊണ്ടു. തെക്കുനിന്നു വീശിയ മാറ്റത്തിന്റെ കാറ്റ് ആ ജീർണ്ണ വ്യവസ്ഥയെ തൂത്തെറിഞ്ഞു. അങ്ങനെ ഇരുപതാം നൂറ്റാണ്ടിൽ കേരളം രാജ്യത്തെ ഏറ്റവും പുരോഗമനോന്മുഖമായ സംസ്ഥാനമായി. ആളോഹരി വരുമാനം ദേശീയ ശരാശരിക്കുതാഴെ ആയിരുന്നിട്ടും ഉയർന്ന സാക്ഷരതയും കുറഞ്ഞ ശിശുമരണ നിരക്കും സംസ്ഥാനത്തെ സാമൂഹികതലത്തിൽ പാശ്ചാത്യരാജ്യങ്ങൾക്കൊപ്പമെത്തിച്ചു കൊണ്ട് ലോകത്തെ അത്ഭുതപ്പെടുത്തി. ഇപ്പോൾ ചിത്രം പിന്നെയും മാറിയിരിക്കുന്നു. ജീർണ്ണത വീണ്ടും പടരുന്നു.
ജാതിമത സമൂഹങ്ങളുടെ നവീകരണത്തിന് നേതൃത്വം നൽകി കേരള നവോത്ഥാനത്തിന് വഴിയൊരുക്കിയ സംഘടനകൾ സ്വാർത്ഥതല്പരരുടെ കൈകളിൽ പ്രതിലോമശക്തികളായി മാറിയിരിക്കുന്നു. സേവനമനോഭാവത്തോടെ വിദ്യാഭ്യാസസ്ഥാപനങ്ങൾ നടത്തിയവർ ലാഭേച്ഛയോടെ തലവരി സ്ഥാപനങ്ങൾ നടത്തുന്നു. സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും സന്ദേശം പ്രചരിപ്പിച്ച പ്രസ്ഥാനങ്ങൾ അധികാരം നേടാനും നിലനിർത്താനുമുള്ള തത്രപ്പാടിൽ ആദർശങ്ങൾക്ക് അവധി നൽകിയിരിക്കുന്നു. ബഹുജനതാല്പര്യങ്ങളല്ല, പാർട്ടിതാല്പര്യങ്ങളാണ് ഇപ്പോൾ അവയെ നയിക്കുന്നത്. മദ്യത്തിന്റെ ഉപഭോഗം കൊല്ലംതോറും വർദ്ധിക്കുന്നു. മദ്യപാനം ആരംഭിക്കുന്ന പ്രായം ക്രമേണ കുറഞ്ഞു 13 വയസിലെത്തിയിരിക്കുന്നു. സ്ത്രീകൾക്കിടയിലും മദ്യപാനം വർദ്ധിക്കുന്നതായി പ്രശസ്ത ഭിഷഗ്വരൻ ഡോ. വി.പി. ഗംഗാധരൻ ഈയിടെ പറയുകയുണ്ടായി. സ്ത്രീപീഡനം വ്യാപകമായി റിപ്പോർട്ടു ചെയ്യപ്പെടുന്നു. വീട്ടിനുള്ളിലും സ്ത്രീകളും കുട്ടികളും സുരക്ഷിതരല്ലാതായിരിക്കുന്നു. കയ്യേറ്റക്കാർ വനഭൂമി തട്ടിയെടുത്തതിന്റെ ഫലമായി നിരാലംബരായ ആദിവാസികളുടെ ഊരുകളിൽ കുഞ്ഞുങ്ങൾ പോഷകാഹാരം കിട്ടാതെ മരിക്കുന്നു. ഭൂപരിഷ്കരണം തഴഞ്ഞ ദലിതരിൽ പകുതിയിലേറെ ചേരികളിൽ ഒതുക്കപ്പെട്ടിരിക്കുന്നു. കൃഷിഭൂമിക്കു വേണ്ടിയുള്ള അവരുടെ സമരങ്ങളെ പരാജയപ്പെടുത്താൻ രാഷ്ട്രീയ കക്ഷികൾ കൈകോർക്കുന്നു. പാവപ്പെട്ടവർക്കായി രൂപകല്പന ചെയ്തിട്ടുള്ള ക്ഷേമപദ്ധതികളുടെ ഗുണം ലഭിക്കണമെങ്കിൽ രാഷ്ട്രീയക്കാർ കനിയണം, ഇടനിലക്കാരന് വിഹിതം നൽകുകയും വേണം. സാർവത്രിക പൊതുവിതരണ സംവിധാനത്തിന്റെ പേരിൽ ലഭിക്കുന്ന ധാന്യങ്ങൾ രാഷ്ട്രീയകക്ഷികളുടെ അറിവോടെ അരി മില്ലുകളിലും പൊതുവിപണിയിലുമെത്തുന്നു. സർക്കാരാപ്പീസിൽ പ്രത്യേക പരിഗണന കിട്ടാൻ മാത്രമല്ല, നിയമപ്രകാരം അർഹതപ്പെട്ടത് കിട്ടാനും കൈക്കൂലി നൽകണം. സത്യസന്ധരായ നിരവധി മുഖ്യമന്ത്രിമാർ വന്നുപോയെങ്കിലും ആരും അഴിമതിക്കെതിരെ നടപടിയെടുത്തില്ല.
പത്തൊമ്പതാം നൂറ്റാണ്ടിൽ ജന്മികുടുംബങ്ങൾ പോലും ഇല്ലായ്മ നേരിട്ടിരുന്നു. ഇന്ന് കേരളം സമ്പന്ന സംസ്ഥാനമാണ്. ആളോഹരി വരുമാനത്തിലും ചെലവിലും രാജ്യത്ത് ഒന്നാം സ്ഥാനത്ത്. നാലു പതിറ്റാണ്ട് മുമ്പ് തുടങ്ങിയ ഗൾഫ് പ്രവാസമാണ് ഈ വലിയ മാറ്റം സാധ്യമാക്കിയത്. ഇപ്പോൾ 60,000 കോടി രൂപയാണ് ഒരു വർഷം പുറത്തുനിന്ന് ഇവിടെ എത്തുന്നത്. പലപ്പോഴും പണം ചെലവാക്കുന്നത് വിദേശത്ത് കഷ്ടപ്പാടുകൾ സഹിച്ച് അതുണ്ടാക്കുന്നവരല്ല, കഷ്ടപ്പാടെന്തെന്നറിയാതെ നാട്ടിൽ കഴിയുന്നവരാണ്. ഈ പണം ഒഴുകുന്ന ചാലുകൾക്കരികിലുള്ളവർക്ക് അതിന്റെ ഗുണം ഏറിയൊ കുറഞ്ഞൊ ലഭിക്കുന്നു. അതിന്റെ ഗുണം കിട്ടാത്തവർക്ക് ജിവിതം നരകതുല്യമാണ്. പ്രവാസികളിൽ ഒരു വലിയ വിഭാഗം ഇവിടെ വേണ്ടത്ര അവസരങ്ങൾ ലഭിക്കാത്തവരായിരുന്നതുകൊണ്ട് ആദ്യഘട്ടത്തിൽ ഗൾഫ് പണം അസമത്വങ്ങൾ കുറക്കാൻ സഹായിച്ചു. പിന്നീട് പ്രവാസികളിൽനിന്ന് അതിസമ്പന്നർ ഉയർന്നുവന്നു. അതോടെ അസമത്വം വീണ്ടും വളരാൻ തുടങ്ങി. രാഷ്ട്രീയ രക്ഷാധികാരവും ഉദ്യോഗസ്ഥ സഹകരണവും മാഫിയാ സംരക്ഷണവും ആവശ്യപ്പെടുന്ന ഭൂമികയ്യേറ്റം, മണൽഖനനം, പാറപൊട്ടിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ വ്യാപകമാണ്. അവയിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് രാഷ്ട്രീയ മതിലുകൾ തടസമല്ല. ഇരുമുന്നണികളുടെ സർക്കാരുകളും ആറന്മുള വിമാനത്താവളത്തിന് ഭൂമി സ്വരൂപിക്കാൻ ഒത്താശ ചെയ്തുകൊടുത്തു. പത്തനംതിട്ട ജില്ലയിലെ ഏറ്റവും വലിയ പാറപൊട്ടിക്കൽ കരാറുകാരൻ കോൺഗ്രസിന്റെയും എൻ.എസ്.എസിന്റെയും നേതാവാണ്. അദ്ദേഹത്തിന്റെ സഹോദരൻ സി.പി.എം. പാർലമെന്റംഗവും. വർക്കലയിൽ ദലിതരുടെ ഭൂമി കൈക്കലാക്കാൻ ശ്രമിക്കുന്നവരിലും കോൺഗ്രസ് സി.പി.എം. സഹോദരന്മാരുണ്ട്.
നവോത്ഥാനധാര ദുർബലപ്പെട്ടപ്പോൾ സാമൂഹ്യ പരിഷ്കർത്താക്കൾ ഉച്ഛാടനം ചെയ്ത ചില തിന്മകൾ തിരിച്ചു വന്നു. അവയെ ഫ്യൂഡൽ ജീർണ്ണതയുടെ തുടർച്ചയായി കാണാം. എന്നാൽ ഇന്നത്തെ കേരള സമൂഹത്തിന് ആധുനികവും ഉത്തരാധുനികവുമായ ഭാവങ്ങളുമുണ്ട്. ഒപ്പം അവയുമായി ബന്ധപ്പെട്ട ജീർണ്ണതകളും. അറിയപ്പെടുന്ന വരുമാനമാർഗ്ഗമില്ലാത്തവർ ആർഭാട ജീവിതം നയിക്കുന്ന കാഴ്ച യുവാക്കളെ മോഹിപ്പിക്കുന്നു. അവർ പെട്ടെന്ന് പണമുണ്ടാക്കാനുള്ള മാർഗ്ഗങ്ങൾ ആരായുന്നു. രാഷ്ട്രീയം, ആത്മീയം, വ്യവസായം എന്നിങ്ങനെ പല മേഖലകളിലും അവർ സാധ്യതകൾ കണ്ടെത്തുന്നു. അണികൾക്ക് ജോലി തരപ്പെടുത്തുന്നത് തങ്ങളുടെ ചുമതലയാണെന്ന് രാഷ്ട്രീയ കക്ഷികൾ കരുതുന്നു. അതിസാഹസികരായ കക്ഷിനേതാക്കൾ മത്സരപ്പരീക്ഷയുടെ ഉത്തരക്കടലാസുകൾ മുക്കി ആ ചുമതല നിർവഹിക്കാൻ തയ്യാറാകുന്നു. സീരിയൽ താരങ്ങളാകാൻ അവസരം തേടുന്ന പെൺകുട്ടികൾ സീരിയൽ ബലാത്സംഗത്തിന് വിധേയരാകുന്നു. സാധാരണഗതിയിൽ ഒരാളിന്റെ മുന്നിൽ ടെലിവിഷൻ ക്യാമറ വെച്ചാൽ താൻ ചെയ്യുന്നതും പറയുന്നതും മറ്റുള്ളവർ കാണുകയും കേൾക്കുകയും ചെയ്യുമെന്ന തിരിച്ചറിവ് നല്ല പെരുമാറ്റം കാഴ്ചവെക്കാൻ അയാളെ പ്രേരിപ്പിക്കും. എന്നാൽ മലയാളിയിലെ നല്ല വശത്തെയല്ല ചീത്ത വശത്തെയാണ് ക്യാമറ പുറത്തുകൊണ്ടു വരുന്നത്.
ഒരു സമൂഹത്തിന്റെ ആരോഗ്യകരമായ നിലനിൽപ്പിന് ഒരു കുറഞ്ഞ തോതിലുള്ള സത്യസന്ധത കൂടിയേ തീരൂ. ആ തോതിലുള്ള സത്യസന്ധത ഇല്ലാത്തതാണ് കേരളത്തിന്റെ ജീർണ്ണാവസ്ഥക്കു കാരണം. പേഴ്സണൽ സ്റ്റാഫിലെ ഒരാൾ സോളാർ തട്ടിപ്പു കേസിൽ ജയിലിലാകുകയും രണ്ടുപേർ ജോലിയിൽനിന്ന് പുറത്താക്കപ്പെടുകയും ചെയ്തിട്ടും തന്നെയൊ തന്റെ ആപ്പീസിനെയൊ ജുഡിഷ്യൽ അന്വേഷണത്തിന്റെ പരിധിയിൽ കൊണ്ടുവരേണ്ട കാര്യമില്ലെന്ന് ഇമ വെട്ടാതെ പറയാൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് കഴിയുന്നു. ജുഡിഷ്യൽ അന്വേഷണ തീരുമാനം പ്രഖ്യാപിച്ചപ്പോൾ തന്നെ താനൊ തന്റെ ആപ്പീസൊ അതിന്റെ പരിധിയിൽ വരില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് ടെലിവിഷനിലൂടെ ജനങ്ങൾ കാണുകയും കേൾക്കുകയും ചെയ്തതാണ്. എന്നിട്ടും താൻ അന്വേഷണ പരിധിയിൽ വരില്ലെന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചത് എൽ.ഡി.എഫ് ഉപരോധ സമരം പിൻവലിച്ചശേഷമാണെന്ന് പറയാൻ പിണറായി വിജയന് കഴിയുന്നു. ഫ്യൂഡൽ ജീർണ്ണത തുടച്ചുനീക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയത് ഭരണാധികാരികളായിരുന്നില്ല, പൊതുസമൂഹമായിരുന്നു. ഇന്നത്തെ ജീർണ്ണത നീക്കാനുള്ള ശ്രമങ്ങൾ തുടങ്ങേണ്ടതും പൊതുസമൂഹം തന്നെ. ഇക്കാര്യത്തിൽ മുൻകൈ എടുക്കാൻ ഭരണാധികാരികൾക്കാവില്ല. അവർ പ്രശ്നത്തിന്റെ ഭാഗമാണ്. അവർക്ക് പരിഹാരം ആകാനാവില്ല. (ഇന്ത്യാ ടുഡെ)
No comments:
Post a Comment