Wednesday, September 4, 2013

വാർത്തകളുടെ വർത്തമാനം: ശ്രദ്ധിച്ചാൽ മതിയോ, വിശ്വസിക്കേണ്ടേ?

ബി.ആർ.പി. ഭാസ്കർ

ഒന്നര നൂറ്റാണ്ടുകാലം അച്ചടിമാദ്ധ്യമങ്ങളുടെ സ്വാധീനത്തിലായിരുന്ന മലയാളികളെ രണ്ട് പതിറ്റാണ്ടിൽ ദൃശ്യമാദ്ധ്യമങ്ങൾ കീഴ്പെടുത്തിയിരിക്കുന്നു. ഇന്ത്യയുടെ മണ്ണിൽ നിന്ന് ഉപഗ്രഹത്തിലേക്ക് സിഗ്നൽ അയക്കാൻ അനുവാദമില്ലാതിരുന്ന കാലത്താണ് ആദ്യ സ്വകാര്യ ചാനലായ ഏഷ്യാനെറ്റ് ഏതാനും നിശ്ചിതസമയ ബുള്ളറ്റിനുകളോടെ വാർത്താസം‌പ്രേഷണം ആരംഭിച്ചത്. ഔദ്യോഗിക നയത്തിൽ അയവുണ്ടാവുകയും പുതിയ സാങ്കേതികവിദ്യ ലഭ്യമാവുകയും ചെയ്തതിനെ തുടർന്ന് ടെലിവിഷൻ വാർത്തയുടെ രൂപത്തിലും ഭാവത്തിലും വലിയ മാറ്റങ്ങളുണ്ടായി. ഇന്ന് വാർത്തകൾക്ക് മലയാളികൾ പ്രധാനമായും ആശ്രയിക്കുന്നത് സ്വകാര്യ വാർത്താ ചാനലുകളെയാണ്. ടെലിവിഷൻ മേൽകൈ നേടിയെങ്കിലും പത്രങ്ങളുടെ പ്രചാരത്തിലും വായനയിലും ഇടിവുണ്ടായിട്ടില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അമേരിക്കപോലുള്ള രാജ്യങ്ങളിലും ആദ്യകാലത്ത് ടെലിവിഷൻ പത്രവായനയെ പ്രതികൂലമായി ബാധിച്ചിരുന്നില്ല.    

ഇന്ത്യയിലെ മറ്റ് ഭാഷകളിലെ സ്വകാര്യ ചാനലുകൾ ആദ്യകാലത്ത് വാർത്താ ബുള്ളറ്റിനുകൾ റിക്കോർഡ് ചെയ്ത് വിദേശത്തുള്ള അപ്‌ലിങ്ക് കേന്ദ്രങ്ങളിലേക്ക് അയക്കുകയാണ് ചെയ്തത്. ഏഷ്യാനെറ്റ് മേധാവിയായിരുന്ന ശശി കുമാറിന് വാർത്ത ‘ലൈവ്’ ആയിരിക്കണമെന്ന് നിർബന്ധമുണ്ടായിരുന്നതുകൊണ്ട് വാർത്താവായനക്കാരെ ഫിലിപ്പീൻസിലെ സുബിക് ബേയിലുള്ള അപ്‌ലിങ്ക് കേന്ദ്രത്തിലേക്ക് അയച്ചു. തിരുവനന്തപുരത്തെ ന്യൂസ് ഡസ്ക് ബുള്ളറ്റിനുകൾ തയ്യാറാക്കി ഫാക്സ് വഴി അവർക്ക് എത്തിച്ചു കൊടുത്തു. ദൂർദർശൻ ദേശീയതലത്തിലും പ്രാദേശികതലത്തിലും പിന്തുടർന്നിരുന്ന വാർത്ത ‘വായിക്കുന്ന’ രീതിയും ശശി കുമാറിന് സ്വീകാര്യമായിരുന്നില്ല. മാധ്യമപ്രവർത്തകർ വാർത്ത ‘അവതരിപ്പിക്കുക’യാണ് വേണ്ടതെന്ന് അദ്ദേഹം വിശ്വസിച്ചു. അതിനാൽ പത്രപ്രവർത്തന പരിചയമുള്ളവരും സുബിക് ബേയിലേക്ക് നിയോഗിക്കപ്പെട്ടു. ദൃശ്യങ്ങൾക്ക് ചാനൽ ആശ്രയിച്ച ഏജൻസി വിദേശത്തുനിന്നുള്ള ധാരാളം ദൃശ്യങ്ങൾ നൽകി. എന്നാൽ ഇന്ത്യയിൽ നിന്ന് ദിവസം രണ്ട് ദൃശ്യവാർത്തകൾ മാത്രമാണ് അവർക്ക് നൽകാനായത്. ഏഷ്യാനെറ്റ് തന്നെ സംഘടിപ്പിക്കുന്ന കേരളത്തിൽ നിന്നുള്ള ദൃശ്യങ്ങൾ അന്നത്തെ സാഹചര്യങ്ങളിൽ അതാത് ദിവസം കാണിക്കാൻ കഴിയുമായിരുന്നില്ല. തിരുവനന്തപുരം കൂടാതെ കൊച്ചിയിലും കോഴിക്കോട്ടും ഏഷ്യാനെറ്റിന് ക്യാമറാ യൂണിറ്റുകൾ ഉണ്ടായിരുന്നെങ്കിലും അവിടങ്ങളിൽ എഡിറ്റിങ് സംവിധാനമുണ്ടായിരുന്നില്ല. എല്ലാ ദൃശ്യങ്ങളും തിരുവനന്തപുരത്തെ സ്റ്റുഡിയോവിൽ എഡിറ്റ് ചെയ്തശേഷം ചെന്നൈയും സിംഗപ്പൂരും വഴി വിമാനമാർഗ്ഗം സുബിക്ക് ബേയിലേക്ക് എത്തിക്കുകയായിരുന്നു.

ആ പ്രാകൃതാവസ്ഥയിൽ നിന്നാണ് മലയാള ടെലിവിഷൻ ഒരു ചെറിയ കാലയളവിൽ തത്സമയ സം‌പ്രേഷണ സംവിധാനത്തിലേക്ക് നീങ്ങിയത്. ആദ്യഘട്ടത്തിൽ ടെലിവിഷൻ വാർത്താവിഭാഗത്തെ നയിച്ചിരുന്നതും വാർത്തയുടെ സ്വഭാവം നിർണ്ണയിച്ചതും അച്ചടിമാദ്ധ്യമ സ്വാധീനത്തിൽ വളർന്നവരായിരുന്നു. അവർ ടെലിവിഷൻ വാർത്തയെ മലയാളികൾക്ക് പരിചിതവും സ്വീകാര്യവുമായിരുന്ന ദിനപത്ര ശൈലിയോട് അടുപ്പിച്ച് നിർത്തി. പിന്നീട് വലിയ തോതിൽ അച്ചടിമാദ്ധ്യമ സ്വാധീനം ഉൾക്കൊണ്ടിട്ടില്ലാത്ത പുതിയ തലമുറ രംഗത്തെത്തി ഒരു പുതിയ ടെലിവിഷൻ വാർത്താശൈലി വികസിപ്പിച്ചു. എങ്കിലും ശരിയായ അർത്ഥത്തിൽ ഒരു ദൃശ്യഭാഷ ഇനിയും രൂപപ്പെട്ടിട്ടില്ല. ചാനൽ ദൃശ്യങ്ങൾ സൂക്ഷ്മമായി വീക്ഷിച്ചാൽ പലപ്പോഴും അവ വാർത്തയെ ചിത്രീകരിക്കുക മാത്രമാണെന്ന് കാണാം. അച്ചടിമാദ്ധ്യമ പ്രവർത്തകരുടെ വിധേയത്വ സ്വഭാവമില്ലാത്ത യുവ ദൃശ്യമാദ്ധ്യമ പ്രവർത്തകർ രാഷ്ട്രീയ നേതാക്കളെ ചങ്കൂറ്റത്തോടെ ചോദ്യം ചെയ്തു. അവർ ഒളിക്യാമറ ഉപയോഗിച്ച് മുടിവെക്കപ്പെടുന്ന പലതും പുറത്തു കൊണ്ടുവന്നു.

പുതിയ കളിപ്പാട്ടം കിട്ടിയ കുട്ടിയുടെ ഉത്സാഹത്തോടെയാണ് ചാനൽ പ്രവർത്തകർ പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ചത്. വിവേചനം കൂടാതെയുള്ള തത്സമയ സം‌പ്രേഷണത്തിലൂടെ അവർ പ്രകൃതിദുരന്തങ്ങളെയും അതീവഗൌരവത്തോടെ കൈകാര്യം ചെയ്യേണ്ട രാഷ്ട്രീയ സംഭവങ്ങളെയും ക്രീഡാകാഴ്ചകളാക്കി മാറ്റി. അടുത്തിടെ എൽ.ഡി.എഫ് അനിശ്ചിതകാല സെക്രട്ടേറിയറ്റ് ഉപരോധത്തിന് പതിനായിരങ്ങളെ തിരുവനന്തപുരത്തെത്തിക്കുകയും അതിനെ പ്രതിരോധിക്കാൻ സർക്കാർ വമ്പിച്ച തയ്യാറെടുപ്പ് നടത്തുകയും ചെയ്തപ്പോൾ ചാനലുകൾ നിരവധി ക്യാമറകളുപയോഗിച്ച് രംഗങ്ങൾ ഒപ്പിയെടുക്കുകയും പ്രേക്ഷകർ അഞ്ചു ദിവസം വരെ നീളാവുന്ന ടെസ്റ്റ് ക്രിക്കറ്റ് കാണുന്ന താല്പര്യത്തോടെ ടെലിവിഷൻ സെറ്റുകൾക്കു മുന്നിൽ ഇരിപ്പുറപ്പിക്കുകയും ചെയ്തു. സമരക്കാഴ്ചകൾ പെട്ടെന്ന് അവസാനിച്ചത് പലരെയും നിരാശപ്പെടുത്തിയിട്ടുണ്ടാകണം.

ചാനലുകൾ മത്സരിച്ച് വാർത്ത പൊട്ടിക്കുമ്പോൾ (‘ബ്രേക്കിങ് ന്യൂസ്’) പ്രസക്തമായ വസ്തുതകൾ ശേഖരിച്ച് ആവശ്യമായ പശ്ചാത്തല വിവരങ്ങളോടെ നൽകുന്നതിനു പകരം റിപ്പോർട്ടർമാർക്ക് ഊഹാപോഹങ്ങൾ നൽകേണ്ടി വരുന്നു. സോളാർ തട്ടിപ്പു കേസ് പ്രതി സരിത എസ്. നായർ അഭിഭാഷകനുമൊത്ത് കോടതിയിലെത്തി മജിസ്ട്രേട്ടിനോട് തനിക്ക് രഹസ്യമായി ചിലത് പറയാനുണ്ടെന്ന് പറഞ്ഞെന്ന വിവരം നൽകിയ റിപ്പോർട്ടറോട് ഒരവതാരകൻ ചോദിച്ചു: സരിതയും അഭിഭാഷകനും എന്താണുദ്ദേശിക്കുന്നത്? സരിത ഉന്നതരുടെ പേരുകൾ പറയുമോ? ഊഹാപോഹത്തിനുള്ള ക്ഷണമായിരുന്നു ഈ ചോദ്യങ്ങൾ. ആരിൽനിന്നും എന്തും എപ്പോഴും സ്വീകരിക്കാൻ ചാനലുകൾ സന്നദ്ധരാണ്. ഒരു മണി ബുള്ളറ്റിനും ഉച്ചയൂണും ഉപേക്ഷിച്ചാണ് ചാനൽ പ്രവർത്തകർ ഒരു ദിവസം ഐസ്ക്രീം കേസിൽ നിന്ന് പി.കെ. കുഞ്ഞാലിക്കുട്ടിയെ രക്ഷിക്കാനുള്ള ശ്രമങ്ങൾക്ക് ചുക്കാൻ പിടിച്ചയാളെന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ കെ.എ. റൌഫിന്റെ പത്രസമ്മേളനം ‘ലൈവ്’ ആയി സം‌പ്രേഷണം ചെയ്തത്. ഒരു ‘എക്സ്ക്ലൂസീവ്’ വാഗ്ദാനം ചെയ്താൽ അറസ്റ്റ് ഭയന്ന് ഒളിവിൽ കഴിയുന്ന ഏത് ക്രിമിനലിനും ജനങ്ങളുടെ മുന്നിൽ നിരപരാധി ചമയാനുള്ള അവസരം നൽകാൻ ചാനലുകൾ തയ്യാറാണ്. ഈയിടെ എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മാദ്ധ്യമങ്ങളെ വിളിച്ച് സരിതയുടെ അഭിഭാഷകൻ ഫെനി ബാലകൃഷ്ണൻ തന്നോടു ചില കാര്യങ്ങൾ പറഞ്ഞതായി അറിയിച്ചു. ചാനലുകൾ ഉടനെ ആ കേട്ടുകേൾവി സം‌പ്രേഷണം ചെയ്തു. ചാനലുകളുമായി അതിനുമുമ്പു തന്നെ ബന്ധപ്പെട്ടിരുന്നയാളാണ് ഫെനി ബാലകൃഷ്ണൻ. അദ്ദേഹത്തിന് മാദ്ധ്യമങ്ങളോട് എന്തെങ്കിലും പറയാനൊ അവർക്ക് അദ്ദേഹത്തിൽ നിന്ന് എന്തെങ്കിലും അറിയാനൊ ഉണ്ടെങ്കിൽ ഒരിടനിലക്കാരന്റെ സഹായം ആവശ്യമില്ലെന്നിരിക്കെ വെള്ളാപ്പള്ളി നടേശനെപ്പോലെ സ്വന്തം അജണ്ടയുള്ള ഒരാളെ ആശ്രയിക്കുന്നതിന്റെ അനൌചിത്യം ചാനൽ പ്രവർത്തകർ മനസിലാക്കിയില്ല.    

വസ്തുതകളും അഭിപ്രായങ്ങളും വേർതിരിച്ചു നൽകുന്ന, ഉയർന്ന തൊഴിൽ മൂല്യങ്ങളിൽ അധിഷ്ടിതമായ സമീപനം മലയാള ചാനലുകൾ സ്വീകരിച്ചിട്ടില്ല. ചിലപ്പോൾ പ്രേക്ഷകരിൽ സ്തോഭവും സംഭ്രമവും ജനിപ്പിക്കാൻ അവർ ബോധപൂർവ്വം ശ്രമിക്കുന്നു. വികാരം കത്തി ജ്വലിപ്പിക്കാൻ പോരുന്ന വിശേഷണങ്ങൾ അവർ ഉപയോഗിക്കുന്നു. പീഡന വാർത്തകൾക്കു ചാനലുകൾ നൽകുന്ന ‘മകളെ മാപ്പ്‘, ‘മക്കളാണ് മറക്കരുത്’ തുടങ്ങിയ ശീർഷകങ്ങൾക്ക് മുദ്രാവാക്യങ്ങളുടെ സ്വഭാവമുണ്ട്. വിശേഷണങ്ങളുടെ അമിത ഉപയോഗം പ്രേക്ഷകരെ ഗുണപരമായി സ്വാധീനിക്കാനുള്ള ചാനലുകളുടെ കഴിവിനെ പ്രതികൂലമായി ബാധിക്കുമെന്ന് അവർ തിരിച്ചറിയുന്നില്ല. ചില സാഹചര്യങ്ങളിൽ മുദ്രാവാക്യങ്ങൾക്ക് ന്യായീകണമുണ്ടാകാം. അമേരിക്കയിലെ ആഭ്യന്തരയുദ്ധം (1861-65) അവസാനിച്ചപ്പോൾ ന്യൂയോർക്ക് ടൈംസ് ഒന്നാം പേജിൽ വാർത്തക്കു മുകളിലായി ‘വിജയം! വിജയം!’, ‘പതാകകൾ ഉയർത്തുവിൻ!’ എന്നിങ്ങനെ കുറെ മുദ്രാവാക്യങ്ങൾ നൽകിയിരുന്നു. നിർണ്ണായകമായ യുദ്ധം ആഗ്രഹിച്ച രീതിയിൽ അവസാനിച്ചതിൽ പത്രം ആഹ്ലാദം പ്രകടിപ്പിക്കുകയായിരുന്നു. അമേരിക്കയെ ലോകത്തിലെ ഏറ്റവും വലിയ ശക്തിയായി മാറ്റിയ രണ്ടാം ലോക മഹായുദ്ധത്തിലെ വിജയം ന്യൂയോർക്ക് ടൈംസ് അത്തരം മുദ്രാവാക്യങ്ങളോടെയല്ല അവതരിപ്പിച്ചത്. പത്തൊമ്പതാം നൂറ്റാണ്ടിൽ നിന്ന് ഇരുപതാം നൂറ്റാണ്ടിലെത്തിയപ്പോൾ പത്രം ആർജ്ജിച്ച പക്വതയാണ് മാറിയ സമീപനത്തിൽ പ്രതിഫലിക്കുന്നത്. 

അച്ചടിമാദ്ധ്യമരംഗത്ത് പ്രവർത്തിക്കുന്ന കാലത്തു തന്നെ ജനകീയ വിഷയങ്ങളിൽ താല്പര്യം എടുത്തിരുന്ന പരേതനായ കെ. ജയചന്ദ്രനെപ്പോലുള്ള പത്രപ്രവർത്തകരുടെ സാന്നിധ്യം മൂലം ആദ്യം മുതൽക്കെ ടെലിഷൻ സാധാരണക്കാരുടെ പ്രശ്നങ്ങളിൽ താല്പര്യമെടുത്തിരുന്നു. രാഷ്ട്രീയമാണ് ഇഷ്ടവിഷയമെങ്കിലും മിക്ക ചാനലുകളൂം ആ പാരമ്പര്യം തുടരുന്നുണ്ട്. വാർത്തകളിൽ പരാമർശിക്കപ്പെടുന്ന വിഷയങ്ങളിലേക്ക് അവർ നേരിട്ട് അധികൃതരുടെ ശ്രദ്ധ ക്ഷണിക്കുകയും തുടർന്ന് അവരെടുക്കുന്ന നടപടികളുടെ അടിസ്ഥാനത്തിൽ തങ്ങളുടെ റിപ്പോർട്ട് ‘ഇംപാക്ട്’ ഉണ്ടാക്കിയതായി അവകാശപ്പെടുകയും ചെയ്യുന്നുമുണ്ട്. എന്നാൽ കൊച്ചു വിജയങ്ങളല്ലാതെ ഏതെങ്കിലും വിഷയത്തിൽ തങ്ങളുടെ ഇടപെടലിന്റെ ഫലമായി വലിയ മാറ്റമുണ്ടായതായി ഒരു ചാനലിനും അവകാശപ്പെടാനാകുമെന്ന് തോന്നുന്നില്ല. സിനിമയുടെ ചരിത്രത്തിൽനിന്ന് ചാനലുകൾക്ക് പാഠം ഉൾക്കൊള്ളാവുന്നതാണ്. രാഷ്ട്രീയ-ഉദ്യോഗസ്ഥ-മാഫിയാ കൂട്ടുകെട്ടു പോലുള്ള വിഷയങ്ങൾ ഏത് പത്രത്തേക്കാളും ശക്തമായി സിനിമകൾ അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ പ്രശ്നം തുറന്നു കാട്ടാനല്ലാതെ പരിഹാരം കാണുന്നതിൽ സഹായിക്കാൻ അവയ്ക്ക് കഴിഞ്ഞിട്ടില്ല. പ്രശ്നങ്ങൾ വിവേകത്തോടെയും ക്രിയാത്മകമായും കൈകാര്യം ചെയ്താൽ മാത്രമെ മാദ്ധ്യമങ്ങൾക്ക് ഈ ദുർഗതി ഒഴിവാക്കാനാകൂ.

നിലനിൽ‌പ്പിന് പരസ്യങ്ങളെ ആശ്രയിക്കേണ്ടതുകൊണ്ട് വിനോദ ചാനലുകളെപ്പോലെ വാർത്താ ചാനലുകൾക്കും പ്രേക്ഷകരുടെ എണ്ണം സംബന്ധിച്ച വിവരം നൽകുന്ന ‘ടാം’ റേറ്റിങിനായി മത്സരിക്കേണ്ടിവരുന്നു. ആത്യന്തികമായി, വിനോദ ചാനലുകളിൽ നിന്ന് വ്യത്യസ്തമായി, വാർത്താ ചാനലുകളുടെ സ്ഥാനം നിർണ്ണയിക്കേണ്ടത് വിശ്വാസ്യതയുടെ അടിസ്ഥാനത്തിലാണ്. എന്നാൽ മലയാള പത്രങ്ങളെപ്പോലെ പല വാർത്താ ചാനലുകളും ജനങ്ങൾ വിശ്വസിച്ചില്ലെങ്കിലും വേണ്ടില്ല അവരുടെ ശ്രദ്ധ ലഭിച്ചാൽ മതിയെന്ന തരത്തിലാണ് പ്രവർത്തിക്കുന്നത്. സെക്രട്ടേറിയറ്റ് ഉപരോധം സംബന്ധിച്ച് അവർ നൽകിയ പല വിവരങ്ങളും തെറ്റായിരുന്നു. ഉദാഹരണത്തിന് കേന്ദ്ര സേന എത്തിയപ്പോൾ ഉപരോധക്കാരെ നേരിടുന്നതും കന്റോൺ‌മെന്റ് ഗേറ്റ് തുറന്നിരിക്കുന്നെന്ന് ഉറപ്പാക്കുന്നതും അവരാകുമെന്ന് ചാനലുകൾ റിപ്പോർട്ടു ചെയ്തു. എന്നാൽ സംസ്ഥാന പൊലീസാണ് ആ ചുമതലകൾ നിർവഹിച്ചത്. വി.എസ്. അച്യുതാനന്ദനും പിണറായി വിജയനും കണ്ടാലറിയാവുന്ന 15,000 പേർക്കുമെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തതായും അവർ റിപ്പോർട്ടു ചെയ്തു. എന്നാൽ നേതാക്കൾക്കെതിരെ കേസെടുത്തിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു. ചാനലുകൾ നൽകിയ തെറ്റായ വിവരങ്ങളിൽ ചിലത് അധികൃതർ ബോധപൂർവ്വം പ്രചരിപ്പിച്ചതാകാം.  വസ്തുതകൾ ശരിയാണെന്ന് ഉറപ്പാക്കാതെ സം‌പ്രേഷണം ചെയ്യാൻ തയ്യാറുള്ള ചാനലുകളെ എളുപ്പം തെറ്റിദ്ധരിപ്പിക്കാനാകും.

ചാനലിന്റെ വിശ്വാസ്യത ഉറപ്പിക്കാൻ അവതാരകരും റിപ്പോർട്ടർമാരും വ്യക്തിപരമായും വിശ്വാസം നേടേണ്ടതുണ്ട്. പാശ്ചാത്യചാനലുകൾ വാർത്തയുടെ ആധികാരിത ഉറപ്പാക്കാൻ  അവതാരകർ ഔപചാരികമായ വേഷം ധരിക്കണമെന്ന് നിഷ്കർഷിച്ചിട്ടുണ്ട്. ഈ രീതി പിന്തുടർന്ന് നമ്മുടെ ചില അവതാരകരും ഔപചാരിക പാശ്ചാത്യവേഷത്തിലാണ് ക്യാമറയെ അഭിമുഖീകരിക്കുന്നത്. നമുക്ക് പൊതുവെ അംഗീകരിപ്പെട്ടിട്ടുള്ള ഒരു ഡ്രസ് കോഡ് ഇല്ല. ഷർട്ടിടാത്ത ഗാന്ധിയും ശ്രീനാരായണനും ജനങ്ങളുടെ ആദരവ് നേടിയ ഇവിടെ വിശ്വാസ്യതക്ക് വേഷവിധാനത്തെ ആശ്രയിക്കേണ്ടതില്ല. എന്നാൽ പാശ്ചാത്യവേഷം അണിയുന്നവർ ഔപചാരികത പാലിക്കുന്നതാകും നല്ലത്. അവതാരകരുടെയും റിപ്പോർട്ടർമാരുടെയും ശരീരഭാഷയും സംഭാഷണരീതിയും വേഷത്തേക്കാൾ പ്രാധാന്യമർഹിക്കുന്നു. സ്ക്രിപ്റ്റ് നോക്കി വായിക്കുമ്പോഴും പ്രേക്ഷകനോട് സംസാരിക്കുന്ന രീതിയിലുള്ള അവതരണമാണ് അഭികാമ്യമെന്നാണ് വിദഗ്ദ്ധാഭിപ്രായം. പ്രേഷകരുടെ അംഗീകാരം നേടിയ നിരവധി അവതാരകർ നമുക്ക് ഇപ്പോൾ തന്നെയുണ്ട്. അവരിൽ ചിലർ നാർസിസ്സത്തിലേക്ക് വഴുതി വീഴാതിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്.

‘ലൈവ്‘ സാദ്ധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താനുള്ള ശ്രമത്തിനിടയിൽ ചാനലുകൾ നമ്മുടെ സാഹചര്യങ്ങളിലടങ്ങിയിട്ടുള്ള പരിമിതികൾ കണക്കിലെടുത്തില്ല. വാർത്താചാനലുകളുടെ മുഖ്യ ആകർഷണമായി മാറിയിട്ടുള്ള ഒരു മണിക്കൂർ നീളുന്ന രാത്രി ചർച്ചയുടെ കാര്യത്തിൽ ഇത് പ്രകടമാണ്. കേരള സംഭവങ്ങളാണ് പതിവായി ചർച്ച ചെയ്യുന്നത്. അപൂർവമായി മാത്രമെ ദേശീയ അന്താദ്ദേശീയ വിഷയങ്ങൾ ചർച്ചക്ക് വരാറുള്ളു. ഒരു മണിക്കൂർ നേരത്തെ ചർച്ച അർഹിക്കുന്ന സംഭവങ്ങൾ നിത്യവും ഉണ്ടാകാത്തതുകൊണ്ട് പലപ്പോഴും ചാനലുകൾ അപ്രധാന വിഷയങ്ങൾ ചർച്ചക്കെടുക്കാൻ നിർബന്ധിതരാകുന്നു. മുൻ‌കൂട്ടി സമയം നിശ്ചയിച്ചിട്ടുള്ള പരിപാടിയാകയാൽ തെരഞ്ഞെടുത്ത വിഷയത്തെ കുറിച്ച് സംസാരിക്കാൻ ഏറ്റവും യോഗ്യരായവരെ കിട്ടിയില്ലെന്നു വരും. അപ്പോൾ കിട്ടുന്നവരെ വെച്ച് ചർച്ച നടത്തേണ്ടി വരുന്നു. എല്ലാ വിഷയങ്ങളെയും യു.ഡി.എഫ്-എൽ.ഡി.എഫ് രാഷ്ട്രീയത്തിന്റെ ചട്ടക്കൂട്ടിൽ ചർച്ച ചെയ്യുന്ന രീതിയാണ് ചാനലുകൾ സ്വീകരിച്ചിട്ടുള്ളത്. മേമ്പൊടിയായി ബി.ജെ.പിയും ഉണ്ടാകും. ബഹുഭൂരിപക്ഷം മലയാളികളും രണ്ട് മുന്നണികളിലൊന്നിനോട് ആഭിമുഖ്യം പുലർത്തുന്നവരാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഏതു സാഹചര്യത്തിലും സ്വന്തം മുന്നണിക്കൊപ്പം നിൽക്കാൻ ബാധ്യസ്ഥരാണെന്ന് കരുതുന്നവരാണവർ. ചർച്ചയിൽ പങ്കെടുക്കുന്ന യു.ഡി.എഫ് വക്താവിന് എൽ.ഡി.എഫ് വക്താവിന്റെ വാദങ്ങൾക്ക് മറുപടി പറയേണ്ട കാര്യമില്ല. പ്രതിയോഗി എൽ.ഡി.എഫുകാരനാണെന്ന് ഓർമ്മിപ്പിച്ചാൽ മതി. പണ്ടെന്നൊ എൽ.ഡി.എഫ് ചെയ്ത ഏതെങ്കിലും പാതകം ചൂണ്ടിക്കാണിക്കുക കൂടി ചെയ്താൽ യു.ഡി.എഫ് പ്രേക്ഷകൻ സന്തുഷ്ടനായി. സോളാർ തട്ടിപ്പ് ചർച്ചകളിൽ യു.ഡി.എഫ്.നേതാക്കൾ ലാവ്‌ലിൻ അഴിമതി ആരോപണം നിരന്തരം ഉയർത്തിയത് ഇക്കാരണത്താലാണ്. അതുപോലെ തന്നെ എൽ.ഡി.എഫ് വക്താവിന് യു.ഡി.എഫ് വക്താവിന്റെ വാദങ്ങൾക്ക് മറുപടി പറയേണ്ട ആവശ്യവുമില്ല. ഇടയ്ക്ക് പാമൊലീൻ കേസ് പോലെ എന്തെങ്കിലും യു.ഡി.എഫിന്റെ നേർക്ക് എറിഞ്ഞാൽ എൽ.ഡി.എഫ് പ്രേക്ഷകന് സന്തോഷമാവും.

വാർത്താ പരിപാടികൾ പുതിയ വസ്തുതകൾ പുറത്തുകൊണ്ടുവരികയൊ അറിയപ്പെടുന്ന വസ്തുതകളെ പുതിയ വെളിച്ചത്തിൽ കാണാൻ സഹായിക്കുകയൊ ചെയ്യണം. ചാനൽ ചർച്ചകൾ അതിനുപകരിക്കുന്നില്ല. അടുത്തകാലത്ത് ഒരു ചർച്ചയിൽ മുഖ്യമന്ത്രിയുടെ സാമ്പത്തികോപദേഷ്ടാവായിരുന്ന ഷാഫി മേത്തറും ബി.ജെ.പി.നേതാവ് കെ.സുരേന്ദ്രനും അന്യോന്യം വെല്ലുവിളിക്കുന്നത് കേട്ടു. ആരോപണങ്ങൾ തെളിയിച്ചാൽ തന്റെ സ്വത്ത് മുഴുവൻ സുരേന്ദ്രന് കൊടുക്കാമെന്ന് മേത്തർ. തനിക്ക് സ്വത്തില്ലെന്നും എന്നാൽ കേസ് പറയാൻ തയ്യാറാണെന്നും സുരേന്ദ്രൻ. ഇത്തരം വാഗ്വാദങ്ങൾ ആർക്കും ഒരു ഗുണവും ചെയ്യില്ല. പക്ഷെ പരദൂഷണതല്പരർക്ക് കേട്ടിരിക്കാനാകും. ലാൽ ബഹദൂർ ശാസ്ത്രി പ്രധാനമന്ത്രിയായിരിക്കെ കശ്മീർ പ്രശ്നം ഐക്യരാഷ്ട്ര സഭയിൽ ചർച്ചക്കു വരുകയുണ്ടായി. അദ്ദേഹം ഇന്ത്യൻ സംഘത്തെ നയിക്കാൻ അന്ന് കേന്ദ്രമന്ത്രിയായിരുന്ന സ്വരൺ സിങ്ങിനെ നിയോഗിച്ചു. ആ തീരുമാനത്തിന്റെ ഔചിത്യം ചോദ്യം ചെയ്ത ഒരു സഹപ്രവർത്തകനോട് ശാസ്ത്രി ഇങ്ങനെ പറഞ്ഞത്രെ: “നെഹ്രു കൃഷ്ണമേനോനെ അയച്ചു. അദ്ദേഹം എട്ടു മണിക്കൂർ നീണ്ട പ്രസംഗം നടത്തി കശ്മീർ പ്രശ്നത്തെ കുറിച്ച് എല്ലാവരെയും പഠിപ്പിക്കാൻ ശ്രമിച്ചു. ഫലമുണ്ടായില്ല. ഞാൻ സ്വരൺ സിങ്ങിനെ അയക്കുന്നു. അദ്ദേഹം എല്ലാവരുടെയും മനസ്സിൽ കുഴപ്പമുണ്ടാക്കും”. ഏതാണ്ട് ഇതേ മനോഭാവത്തോടെയാണ് ചില രാഷ്ട്രീയ കക്ഷികൾ ചർച്ചകളിൽ പങ്കെടുക്കാൻ നേതാക്കളെ നിയോഗിക്കുന്നത്. ചാനലുകളുടെ എണ്ണത്തിനൊത്ത് പാർട്ടി വക്താക്കളുടെ എണ്ണം വർദ്ധിക്കുന്നില്ല. ഒരേ ആളുകൾ ഒരേ സമയം ഒന്നിലധികം ചാനലുകളിലെ ചർച്ചകളിൽ പങ്കെടുക്കുന്നത് ഇന്നൊരു സാധാരണ കാഴ്ചയാണ്. ‘ലൈവ്’ എന്നവകാശപ്പെടുന്ന ചില ചർച്ചകൾ നേരത്തെ റിക്കാർഡ് ചെയ്തതാണെന്ന് ഇത് വ്യക്തമാക്കുന്നു. 

തുടക്കത്തിൽ ചർച്ചകൾക്കുണ്ടായിരുന്ന സ്വീകാര്യത ഇന്നുണ്ടോയെന്ന് സംശയമാണ്. ഒമ്പത് മണിക്ക് റിമോട്ട് ഉപയോഗിച്ച് ഒരോട്ടപ്രദക്ഷിണം നടത്തിയാൽ ഓരോ ചാനലിലും ചർച്ചക്ക് ആരൊക്കെ വന്നിട്ടുണ്ടെന്ന് മനസിലാക്കാം. മിക്കവരും പതിവായി വരുന്നവരാകയാൽ അവർ എന്ത് പറയുമെന്ന് ഏറെക്കുറെ അനുമാനിക്കുകയും ചെയ്യാം. ചർച്ച പിന്നീട് സമയംകൊല്ലി മാത്രമാണ്. ഇതിന്റെ അർത്ഥം ആരും ഇപ്പോൾ ചർച്ചകൾ കാണാനും കേൾക്കാനും കൂട്ടാക്കുന്നില്ലെന്നല്ല. അവ തീർച്ചയായും പ്രേക്ഷകരെ ആകർഷിക്കുന്നുണ്ട്.  ഇതിൽനിന്ന് മനസ്സിലാക്കേണ്ടത് ചാനൽ ചർച്ചകൾ ശീലമായിരിക്കുന്നെന്നു മാത്രമാണ്. എല്ലാ മാദ്ധ്യമങ്ങളും ശീലങ്ങളാണ്. ദൃശ്യമാധ്യമങ്ങൾ അച്ചടിമാധ്യമങ്ങളേക്കാൾ വേഗത്തിൽ ശീലങ്ങളായി മാറുന്നു. പത്രം വായിക്കാനെടുക്കുന്നതിനേക്കാൾ കൂടുതൽ സമയം ഒരാൾ ടെലിവിഷന്റെ മുന്നിൽ ചെലവാക്കുന്നെന്നതും ടെലിവിഷൻ കാണുന്നത് പത്രം വായിക്കുന്നതു പോലെ തലച്ചോറിന്റെ പ്രവർത്തനം ആവശ്യപ്പെടുന്നില്ലെന്നതും ശീലം ശക്തിപ്പെടുത്തുന്ന ഘടകങ്ങളാണ്. 
 
മലയാള ചാനലുകളേക്കാൾ എത്രയോ മടങ്ങ് വിഭവശേഷിയുള്ള വിദേശ ചാനലുകൾ നിത്യവും ഒരു മണിക്കൂർ നീളുന്ന വാർത്താ ചർച്ചകൾ സംഘടിപ്പിക്കുന്നില്ല. പ്രശസ്ത അമേരിക്കൻ മാദ്ധ്യമപ്രവർത്തകൻ വാൾട്ടർ ക്രോങ്കൈറ്റ് 1962ൽ സി.ബി.എസ് ഈവിനിങ് ന്യൂസിന്റെ അവതാരകനായെത്തിയപ്പോൾ അതൊരു 15 മിനിട്ട് പരിപാടി മാത്രമായിരുന്നു. ഏതാനും മാസങ്ങൾക്കുശേഷം പരിപാടിയുടെ ദൈർഘ്യം 30 മിനിട്ടായി വർദ്ധിപ്പിക്കപ്പെട്ടു. ഏതാണ്ട് അതേകാലത്തുതന്നെ മറ്റ് അമേരിക്കൻ ചാനലുകളും അര മണിക്കൂർ ബുള്ളറ്റിനുകൾ തുടങ്ങി. വിഭവശേഷി കുറവായതുകൊണ്ടാകണം മലയാള സ്വകാര്യ ചാനലുകൾ ഒരു മണിക്കൂർ ചർച്ച ഉപേക്ഷിക്കാത്തത്. ചർച്ചകളിൽ പങ്കെടുക്കുന്നവർക്ക് പ്രതിഫലം കൊടുക്കുന്ന പതിവില്ലാത്തതു കൊണ്ട് ചെലവില്ലാതെ ചർച്ചകൾ സംഘടിപ്പിക്കാനാകുന്നു. ചർച്ച കേൾക്കാതെ ആ സമയത്ത് പുസ്തകം വായിക്കാൻ ഡോ. ബി. ഇക്ബാൽ ഈയിടെ ഫേസ്ബുക്ക് സുഹൃത്തുക്കളെ ഉപദേശിക്കുകയുണ്ടായി. ഒരു പ്രബുദ്ധ പ്രേക്ഷകന്റെ ഈ നിരീക്ഷണം ചാനൽ മേധാവികൾ ശ്രദ്ധിക്കണം. (മാതൃഭൂമി ആഴ്ചപ്പതിപ്പ്, സെപതംബർ 1-7, 2013)

No comments: