Friday, March 9, 2018

ബി.ആര്‍.പി. ഭാസ്കര്‍ / വി.കെ സുരേഷ്

മൂക്കിനപ്പുറം കാണാത്ത അല്പബുദ്ധികള്‍ 

രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കിടയില്‍ പൌരാവകാശത്തിന്‍റെയും ഇടം ഇല്ലാതായി വരികയാണ്.  കേരളത്തെ നടുക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ അതാണ്‌ കാണിക്കുന്നത്. ഹിംസ മാത്രം മുഖമുദ്രയാക്കി പുതുതലമുറ വടിവാളുകളേന്തി ജനാധിപത്യത്തിന്റെ ശിരസ വെട്ടിയിടുമ്പോള്‍ നാള്‍ ജാഗ്രതയോടെ നിലയുറപ്പിച്ചേ മതിയാകൂ. 
കേരളത്തിലെ ജനകീയ സമരങ്ങളിലും പൌരാവകാശ ജനാധിപത്യ സംരക്ഷണ പ്പോരാട്ടങ്ങളിലും നിറഞ്ഞുനില്‍ക്കുന്ന മുതിര്‍ന്ന മാധ്യമപ്രവര്ത്തകനായ ബി.ആര്‍.പി. ഭാസ്കര്‍ വര്‍ധിച്ചുവരുന്ന രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ സംസാരിക്കുന്നു. 

? എന്തുകൊണ്ടാണ് നമ്മുടെ പൊതുസമൂഹത്തില്‍ വിയോജിപ്പിന്റെയും പൌരാവകാഷത്തിന്റെയും ശബ്ദം നേര്ത്തുവരുന്നത്
ജനാധിപത്യ സമൂഹത്തിലാണ് പൌരാവകാശങ്ങളും വിയോജിക്കാനുള്ള അവകാശവും ഉള്ളത്. കേരളത്തില്‍ വിയോജിപ്പിന്റെയും പൌരാവകാശങ്ങളുടെയും ശബ്ദം നേര്ത്തു വരുന്നെങ്കില്‍ അതിന്റെ അര്‍ത്ഥം സമൂഹത്തിന്റെ ജനാധിപത്യ സ്വഭാവം ക്ഷയിക്കുന്നെന്നാണ്. പല കാരണങ്ങളാല്‍ കേരളത്തിലെ പൊതുസമൂഹം അതീവ ദുര്‍ബലമാണ്.  
? മാര്‍ക്സിസത്തെ അടോസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പാര്ട്ടികളിലെല്ലാം വയലന്‍സിന്റെ അംശമുണ്ടെന്നു പലരും വിമര്‍ശിക്കുന്നുണ്ട്. ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന പ്രവണത അവര്‍ക്ക് കൂടുതലാണെന്നും. സാര്‍വദേശീയ പശ്ചാത്തലത്തില്‍ ഇതിനെയൊന്നു വിശദീകരിക്കാമോ   
വിപ്ലവത്തിലൂടെ മാത്രമേ ചൂഷണമില്ലാത്ത സോഷ്യലിസ്റ്റ് സമൂഹം സൃഷ്ടിക്കാനാകൂ എന്നാണു മാര്‍ക്സിസം പഠിപ്പിക്കുന്നത്. ആ വിശ്വാസം തെറ്റായി വ്യാഖ്യാനിക്കുമ്പോള്‍ അക്രമങ്ങള്‍ക്ക് ന്യായീകരണമാകുന്നു. വിപ്ലവത്തില്‍ അക്രമമുണ്ടാകുമെന്നതില് നിന്നു അക്രമം വിപ്ലവമാണെന്നു ചിന്തിക്കുന്ന തലത്തിലേക്ക് മാറിയ കക്ഷിയാണ് സി.പി.എം. ഇത്തരത്തില്‍ പ്രത്യയശാസ്ത്രപരമായ ന്യായീകരണങ്ങള്‍ കൂടാതെ അക്രമപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന പാര്‍ട്ടികളുമുണ്ട് നമ്മുടെ രാജ്യത്തും വിദേശത്തും. നമ്മുടെ മിക്ക രാഷ്രീയ കക്ഷികളും അടിസ്ഥാനപരമായി ജനാധിപത്യ വിശ്വാസികളല്ല. അതുകൊണ്ട് ജനാധിപത്യവിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ അവര്‍ക്ക് മടിയില്ല. രാഷ്ട്രീയേതര പ്രസ്ഥാനങ്ങളും അക്രമ പ്രവര്ത്തനങ്ങളില്‍ ഏര്‍പ്പെടാറുണ്ട്. 
? കമ്പോള മൂലധനവും അതിന്റെ വഴിവിട്ട താല്പര്യങ്ങളും രാഷ്ട്രീയ പാര്‍ട്ടികളെ വിഴുങ്ങുന്നുണ്ട്. എന്നാല്‍ ഇതില്‍ നിന്ന് കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ വ്യത്യാസപ്പെടുന്നുണ്ടോ        
തത്വത്തില്‍ കമ്പോള മൂലധന താല്പര്യങ്ങള്‍ക്കും കമ്മ്യൂണിസ്റ്റ്‌ രാഷ്ട്രീയ താല്പര്യങ്ങള്‍ക്കും ഒന്നിച്ചുപോകാനാകില്ല. എന്നാല്‍ ആ തത്വങ്ങളെ മറികടക്കാനുള്ള പ്രായോഗിക തന്ത്രങ്ങള്‍ ലോക കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനം ആവിഷ്കരിച്ചിട്ടുണ്ട്. അതിന്റെ മികച്ച ഉദാഹരണമാണ് ചൈനയിലെ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി നാല് പതിറ്റാണ്ടുകാലമായി പിന്തുടരുന്ന സോഷ്യലിസ്റ്റ്‌ മാര്‍ക്കറ്റ് സമ്പദ് വ്യവസ്ഥ. മൂലധന താല്‍പര്യങ്ങളുമായുള്ള ബന്ധമാണ് ബംഗാളില്‍ മൂന്നു പതിറ്റാണ്ടിലധികം നിലനിന്ന ഇടതു മുന്നണി ഭരണത്തിന്റെ പൊടുന്നനെയുള്ള തകര്‍ച്ചയ്ക്ക് കാരണമായത്. സമീപകാലത്ത് കേരളം ചര്‍ച്ച ചെയ്ത, ഒരു നേതാവിന്റെ മക്കള്‍ ഉള്‍പ്പെട്ട, ഗള്‍ഫിലെ സാമ്പത്തിക ഇടപാടുകളില്‍ അടങ്ങിയിരിക്കുന്ന അടിസ്ഥാന പ്രശ്നവും കമ്പോള മൂലധനവും കമ്മ്യൂണിസ്റ്റ്‌ രാഷ്ട്രീയവും തമ്മിലുള്ള സമരസപ്പെടലാണ്. 
? കണ്ണൂര്‍ ജില്ലയില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് ശമനമില്ല. സാമാധാന യോഗങ്ങള്‍ പോലുംപ്രഹസനമായി മാറുന്നു. എന്താണ് ഇതിനു അടിസ്ഥാനമായ കാരണങ്ങള്‍  
4. കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തിനു ഒരു നീണ്ട ചരിത്രമുണ്ട്. കോണ്ഗ്രസുകാരും കമ്മ്യൂണിസ്റ്റ്‌കാരും തമ്മില്‍ സമൂഹത്തിന്റെ താഴേക്കിടയിലുള്ളവരുടെ മേല്‍ സ്വാധീനം ഉറപ്പിക്കാന്‍ നടത്തിയ ശ്രമങ്ങളിലാണ് അതിന്റെ തുടക്കം. അണികളെ സംരക്ഷിക്കാനുള്ള കോണ്‍ഗ്രസിന്റെ കഴിവില്‍ വിശ്വാസം നഷ്ടപ്പെട്ടപ്പോള്‍ എന്തെങ്കിലും കാരണവശാല്‍ സി.പി.എം. വിടുന്നവര്‍ ആര്‍.എസ്.എസിലേക്ക് തിരിയാന്‍ തുടങ്ങി. നേരത്തെ അവിടെ വലിയ പ്രശ്നങ്ങളൊന്നും കൂടാതെ സമാധാന യോഗങ്ങള്‍ നടത്താന്‍ കഴിഞ്ഞിരുന്നു. ഇത്തവണ യോഗം അലങ്കോലപ്പെട്ടത് അതിനു നേതൃത്വം നല്‍കാന്‍ ചുമതലപ്പെട്ട ഉദ്യോഗസ്ഥന്മാരുടെ വീഴ്ചയായാണ്‌ ഞാന്‍ കാണുന്നത്. അവര്‍ എല്ലാം ഭരണ കക്ഷിയുടെ പ്രാദേശിക നേതാക്കള്‍ക്ക് വിട്ടുകൊടുത്തു. രാഷ്ട്രീയ കൊലപാതങ്ങള്‍ ഇല്ലാതാകണമെങ്കില്‍ ബന്ധപ്പെട്ട കക്ഷികളുടെ നേതൃത്വം മനസ് വെക്കണം. ഇപ്പോള്‍ അവര്‍ ഏര്‍പ്പെട്ടിരിക്കുന്നത് തങ്ങള്‍ക്ക് ചേതമില്ലാത്ത, അണികക്കുമാത്രം ജീവന്‍ നഷ്ടപ്പെടുന്ന ഒരു കളിയിലാണ്. കൊല്ലുന്നവര്‍ മാത്രമല്ല, കൊല്ലിക്കുന്നവരും വില കൊടുക്കേണ്ടി വരുന്ന അവസ്ഥയുണ്ടായാല്‍ കളി മാറും.
? അപരന്റെ ശബ്ദം സംഗീതമായി ആസ്വദിക്കണമെന്നു പറയുന്ന മാര്‍ക്സിസം  അപരന്റെ ശബ്ദം തന്നെ ഇല്ലാതാക്കനമെന്ന് തീരുമാനിക്കുന്നു. മാര്‍ക്സിസത്തിലും ഫാഷിസത്തിന്റെ എലിമെന്റുണ്ടെന്നു അങ്ങ് കരുതുന്നുണ്ടോ? ഉണ്ടെങ്കില്‍ അത് വിശദീകരിക്കാമോ
എതിര്‍ ശബ്ദങ്ങളെ അസഹിഷ്ണുതയോടെ വീക്ഷിക്കുന്ന പാരമ്പര്യം കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ക്കും ഫാഷിസ്റ്റ്‌ പാര്ട്ടികള്‍ക്കുമുണ്ട്. എന്നാല്‍ അതിന്റെ അടിസ്ഥാനത്തില്‍ രണ്ടും ഒരുപോലെയാണ് എന്ന നിഗമനത്തിലെത്തുന്നത് ശരിയല്ല. ചരിത്രം സൂക്ഷ്മതയോടെ വിലയിരുത്തുമ്പോള്‍ സാധാരണയായി   കമ്മ്യൂണിസ്റ്റ്‌കാര്‍ എതിരാളികളെ നിശബ്ദരാക്കാന്‍ ശ്രമിക്കുന്നത് മേല്കൈ നേടിയ ഇടങ്ങളിലാണെന്നു കാണാം. ഫാഷിസ്റ്റ്കള്‍ മേല്‍കൈ നേടാനുള്ള ശ്രമത്തിന്റെ ഭാഗമായും അത്തരം പ്രവര്‍ത്തനങ്ങള്‍ നടത്താറുണ്ട്.
? സി.പി.ഐ (എം) പ്രവര്‍ത്തകര്‍ കൊല്ലപ്പെടുമ്പോള്‍ മാധ്യമങ്ങള്‍ അത് ഹൈലൈറ്റ് ചെയ്യുന്നില്ലെന്നും മറിച്ചാകുമ്പോള്‍ മാധ്യമങ്ങള്‍ പാര്‍ട്ടിയെ വളഞ്ഞിട്ടാക്രമിക്കുകയും ചെയ്യുന്നു എന്നാണല്ലോ സി.പി.ഐ (എം) നേതാക്കള്‍ ആരോപിക്കുന്നത്? അങ്ങനെ ഒരു അജണ്ട മാധ്യമങ്ങള്‍ക്കുണ്ടോ
സി.പി.എം. പ്രവര്‍ത്തകര്‍ നടത്തുന്ന കൊലകള്‍ക്ക് അവര്‍ കൊല്ലപ്പെടുന്ന സംഭവങ്ങളെക്കാള്‍ പ്രാധാന്യം മാധ്യമങ്ങള്‍ നല്‍കുന്നെന്ന പാര്‍ട്ടി നേതാക്കളുടെ ആരോപണത്തില്‍ കഴമ്പുണ്ട്. മാധ്യമങ്ങളുടെ  സമീപനത്തില്‍ രാഷ്ട്രീയ സാമൂഹ്യ സാമ്പത്തിക താല്‍പര്യങ്ങളുടെ അടിസ്ഥാനത്തിലുള്ള പക്ഷപാതിത്വം പ്രതിഫലിക്കുന്നത് സ്വാഭാവികമാണ്. സി.പി.എം അതിനെ ഒരു അജണ്ടയുടെ ഭാഗമായി കാണുന്നെങ്കില്‍ അതിനെ കുറ്റപ്പെടുത്താനാവില്ല. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇത് പത്രപ്രവര്‍ത്തനത്തിന്റെ രീതിയുടെ ഭാഗമാണ്. ഇതേ സംഭവങ്ങള്‍ സി.പി.എം മുഖപത്രമായ ദേശാഭിമാനി എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാകും. അത് സി.പി.എം. പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്ന സംഭവങ്ങള്‍ക്ക് അവര്‍ നടത്തുന്ന കൊലകളെക്കാള്‍ പ്രാധാന്യം കല്പിക്കുന്നതായി കാണാം. പാര്‍ട്ടി പത്രം ചെയ്യുന്നതുപോലെ പ്രഖ്യാപിത രാഷ്ട്രീയ ബന്ധമില്ലാത്ത “മുഖ്യധാര” പത്രങ്ങള്‍ ചെയ്യാന്‍ പാടില്ലെന്നും അവര്‍ നിഷ്പക്ഷത പുലര്ത്താന്‍ ബാധ്യസ്ഥരാണെന്നുമുള്ള തെറ്റിദ്ധാരണ വ്യാപകമാണ്. പക്ഷം പിടുത്തം അഭിപ്രായ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ അവിഭാജ്യ ഘടകമാണ്.
? സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വായനശാലകളും സാംസ്കാരിക കേന്ദ്രങ്ങളും സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളിലൊന്നാണ് കണ്ണൂര്‍ ജില്ല. എന്നിട്ടും ഇവിടെ ആളുകളുടെ ജീവനെടുക്കുന്ന സംഘങ്ങള്‍, പ്രത്യേകിച്ച് ചെറുപ്പക്കാര്‍, വര്‍ദ്ധിക്കുന്നു. എന്തായിരിക്കും ഇതിന്റെ സാമൂഹികവും സാംസ്കാരികവുമായ കാരണങ്ങള്‍ 
കേരളത്തിലെ പുരോഗമന പ്രസ്ഥാനങ്ങളുടെ ഈറ്റില്ലങ്ങളിലൊന്നാണ് കണ്ണൂര്‍. അവിടെ അക്രമങ്ങളും അനീതിയും പെരുകുന്നതും രാഷ്രീയ ഭിന്നാഭിപ്രായത്തിന്റെ പേരില്‍ ബോംബെറിഞ്ഞും വെട്ടിയും കുത്തിയും ആളുകളെ കൊല്ലുന്നതും സമൂഹത്തില്‍ ജീര്‍ണ്ണത ഏറെ പടര്‍ന്നിരിക്കുന്നുവെന്ന്‍ കാണിക്കുന്നു ആ പ്രദേശത്തെ മാത്രമല്ല, സംസ്ഥാത്തൊട്ടാകെയുള്ള, രാഷ്ട്രീയ സാംസ്കാരിക പ്രവര്‍ത്തകര്‍ ഇത് അടിയന്തിരമായി ശ്രദ്ധിക്കണം,  ഉചിതമായ പരിഹാര നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ടവരെ പ്രേരിപ്പിക്കുകയും വേണം.
? ഇത്രയേറെ സംഘര്‍ഷങ്ങളും കൊലപാതകങ്ങളും ഉണ്ടായിട്ടും കേരളത്തില്‍ അതിനെതിരെ സ്വതന്ത്രമായ ജനകീയ ചെറുത്ത് നില്പുകള്‍ വളര്‍ന്നു വരാതിരിക്കുന്നതു എന്തുകൊണ്ടാണ്  
ഇത്രയേറെ  സംഘര്‍ഷങ്ങളും കൊലപാതങ്ങളും ഉണ്ടായിട്ടും അതിനെതിരെ സ്വതന്ത്രമായ ജനകീയ ചെറുത്തുനില്പുകള്‍ വളര്‍ന്നു വരാത്തതെന്തുകൊണ്ട് എന്ന ചോദ്യത്തിനുള്ള ഉത്തരം ഒരര്‍ത്ഥത്തില്‍ ചോദ്യത്തിനുള്ളില്‍ തന്നെയുണ്ട്. അത്തരം ചെറുത്തു നില്‍പ്കളുണ്ടാകണമെങ്കില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന പൊതുസമൂഹമുണ്ടാകണം. എല്ലാം കൊടിക്കീഴിലാക്കാന്‍ രാഷ്ടീയ കക്ഷികള്‍ വ്യഗ്രത കാട്ടുന്ന നാടാണ് കേരളം. രാഷ്ട്രീയ കക്ഷികള്‍ക്ക് പുറത്ത് നില്‍ക്കുന്നവരെ അവര്‍ അരാഷ്ട്രീയവാദികള്‍ എന്ന് മുദ്രയടിക്കുന്നു. അതാകട്ടെ രാഷ്ട്രീയക്കാരുടെ നിഘണ്ടുവിലെ മുഴുത്ത അശ്ലീലപദമാണ്.  

ഈ പരാധീനതകളെ മറികടന്നു പല വിഷയങ്ങളിലും പ്രതിരോധം സംഘടിപ്പിക്കാനും വിജയകരമായ ജനകീയ സമരങ്ങള്‍ നടത്താനും  കേരളത്തിലെ ജനങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതം, ചാലിയാര്‍ മലിനീകരണം, പാലക്കാട്ടെ കോളാ കമ്പനികളുടെ ജലചൂഷണം, തിരുവനന്തപുരം നഗരസഭയുടെ വിളപ്പില്‍ശാലയിലെ അശാസ്ത്രീയ മാലിന്യസംസ്കരണം എന്നിങ്ങനെ പലതും അവസാനിപ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. ഇവയെല്ലാം മാറിമാറി ഭരിക്കുന്ന കക്ഷികളുടെ നേതാക്കളുടെ ബുദ്ധിശൂന്യമായ തീരുമാനങ്ങളുടെ ഫലമായുണ്ടായവയാണ്. അവയ്ക്കെതിരായ സമരങ്ങള്‍ തുടങ്ങിയത് രാഷ്രീയ നേതാക്കളോ സാംസ്കാരിക നായകരോ അല്ല, ദുരിതമനുഭവിക്കേണ്ടി വന്ന തദ്ദേശവാസികളാണ്. രാഷ്ട്രീയ കക്ഷികളുടെ ശക്തമായ എതിര്‍പ്പിനെ അതിജീവിച്ചുകൊണ്ട് അവര്‍ നടത്തിയ സമരങ്ങള്‍ക്ക് കേരളത്തിലെ ദുര്‍ബലമായ പൊതുസമൂഹ സംഘടനകള്‍ ആകുന്ന പിന്തുണ നല്കി. അത്ര തന്നെ.
? നമ്മുടെ സാംസ്കാരികനായകന്മാരും ബുദ്ധിജീവികളും സിപിഐ എമ്മിന്റെ കൊലപാതക നിലപാടുകളെ തുറന്നു വിമര്‍ശിക്കുന്നതില്‍ ഇപ്പോഴും വിമുഖരാണ്. എന്തുകൊണ്ടാണീ വിമുഖത
സാംസ്കാരിക നായകരെന്നും ബുദ്ധിജീവികളെന്നും വിശേഷിപ്പിക്കപ്പെടുന്നവരില്‍ ഒരു വലിയ വിഭാഗം ആശയപരമായി ഇടതുപക്ഷത്തോട് ആഭിമുഖ്യം പുലര്ത്തുന്നവരാണ്. ഭരണത്തിലേറുമ്പോള്‍ സി.പി.എം. അവരുടെ വൈദഗ്ദ്ധ്യം പ്രയോജനപ്പെടുത്താന്‍ ശ്രമിക്കാറുമുണ്ട്. ഈ സാഹചര്യത്തില്‍ സി.പി.എമ്മിനെതിരെ പരസ്യമായി നിലപാടെടുക്കാന്‍ അവര്‍ മടിക്കുന്നതില്‍ അത്ഭുതമില്ല. എന്നാല്‍ ആ സമീപനം മാറുകയാണെന്ന് കരുതാന്‍ ന്യായമുണ്ട്. ശുഹൈബിന്റെ വധത്തെ അല്പം കരുതലോടെയാണെങ്കിലും അവരില്‍ ചിലര്‍ അപലപിച്ചതിനെ ഒരു നല്ല തുടക്കമായി ഞാന്‍ കാണുന്നു.
ടി.പി. ചന്ദ്രശേഖരന്റെ വധത്തെ തുടര്‍ന്ന് സാംസ്കാരിക പ്രവര്ത്തകരുടെ ഐക്യനിര കുറച്ചുകാലത്തേക്കെങ്കിലും യാഥാര്‍ത്ഥ്യമായിരുന്നു. എന്നാല്‍ പിന്നീടത് അപ്രത്യക്ഷമായി. കൊലപാതകങ്ങളും അതുയര്‍ത്തുന്ന പശ്നങ്ങളും ചര്‍ച്ച ചെയ്യാന്‍ ധീരതയില്ലാത്തവരാണോ സാംസ്കാരിക പ്രവര്‍ത്തകര്‍.
ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകം ഒരുപാട് പേരെ ഞെട്ടിച്ചു. അതിന്റെ ഒരു കാരണം ആ 51 വെട്ടുകള്‍ അതിനെ  അതിനിഷ്ടുരമായ രാഷ്ട്രീയ കൊലപാതകമാക്കിയതാണ്. ഇനിയും ഇത്തരം കൊലപാതകങ്ങള്‍ ഉണ്ടാകരുതെന്ന ചിന്തയോടെ ധാരാളം പേര്‍ മുന്നോട്ടു വന്നു. കുറച്ചു കാലത്തേക്ക് കൊലപാതക രാഷ്ട്ടീയം ശമിച്ചു. പക്ഷെ അത് തിരിച്ചുവന്നിരിക്കുന്നു. ഇപ്പോള്‍ ഉയര്‍ന്നു വന്നിട്ടുള്ള പ്രതിഷേധങ്ങള്‍ ശക്തിപ്പെട്ടാല്‍ ഒരുപക്ഷെ അക്രമത്തിലെര്‍പ്പെടുന്ന കക്ഷികള്‍ വീണ്ടും കുറച്ചു കാലത്തെക്കെങ്കിലും പിന്‍വാങ്ങിയേക്കാം. അതുകൊണ്ട് അതിനായുള്ള ശ്രമങ്ങള്‍ നടക്കണം. പക്ഷെ ഇത് സാംസ്കാരിക നേതാക്കള്‍ മാത്രം വിചാരിച്ചാല്‍ പരിഹരിക്കാവുന്ന പ്രശ്നമല്ല.
? കണ്ണൂരില്‍ ഫാഷിസത്തിനെതിരായ പോരാട്ടമാണ് സി.പി.ഐ-എം നടത്തുന്നതെന്നാണ് അവര്‍ പറയുന്നത്. വസ്തുതയാണോ ഇത്
കണ്ണൂരില്‍ നടക്കുന്നത് ഒരു പോരാട്ടമാണെന്നും അതില്‍ ഒരു ഭാഗത്ത് ഫാഷിസ്റ്റ്കളും മറുഭാഗത്ത് കമ്മ്യൂണിസ്റ്റ്‌കാരും ആണെന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണ്. അവിടെ നടക്കുന്നത് മൂക്കിനപ്പുറം കാണാന്‍ കഴിവില്ലാത്ത അല്പബുദ്ധികള്‍ തമ്മില്‍ നടക്കുന്ന മേല്കൊയ്മയ്ക്കായുള്ള മത്സരമാണ്. പാര്ട്ടിബന്ധം അതിനു രാഷ്ട്രീയ നിറം നല്‍കുന്നു. (ചന്ദ്രിക ആഴ്ചപ്പതിപ്പ്, മാര്‍ച്ച് 3, 2018)

No comments: