ത്രിപുരാനന്തരം ഇടതുപക്ഷത്തിന്‍റെ ഭാവി
ബി.ആര്‍.പി. ഭാസ്കര്‍
ഇരുപത്തിയഞ്ചു വര്ഷം ത്രിപുരയില്‍ സി.പി.എമ്മിന്റെ നേതൃത്വത്തില്‍ തുടര്‍ച്ചയായി അധികാരത്തിലിരുന്ന ഇടതു മുന്നണിയെ കഴിഞ്ഞ മാസം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കട പുഴക്കിയെറിഞ്ഞത് അഞ്ചുകൊല്ലം മുമ്പ് അവിടെ ഒന്നര ശതമാനം മാത്രം വോട്ടു കിട്ടിയ ബി.ജെ.പി ആണ്. ഈ ദുരന്തം എങ്ങനെയാണ് സംഭവിച്ചതെന്നു സി.പി.എമ്മിന് മനസിലാക്കാനായിട്ടില്ല. ബി.ജെ.പിയാണ് മുന്നിലെന്ന് കാണിക്കുന്ന എക്സിറ്റ് പോള്‍ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നിട്ടും വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോഴും പാര്‍ട്ടി തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു. ഫലം വന്നശേഷം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കൊ സംസ്ഥാന പാര്‍ട്ടി നേതൃത്വത്തിനൊ ത്രിപുരയിലെ അത്യാഹിതത്തിന്‍റെ കാരണം വ്യക്തമാക്കാന്‍ കഴിഞ്ഞിട്ടില്ല.
പാര്‍ട്ടിയുടെ വോട്ടുവിഹിതത്തില്‍ വലിയ കുറവുണ്ടായിട്ടില്ലെന്നും ഇത് അടിത്തറ ഭദ്രമാണെന്ന് തെളിയിക്കുന്നുവെന്നും ഒരു വാദം ഉന്നയിക്കപ്പെട്ടിട്ടുണ്ട്. സാമൂഹമാധ്യമങ്ങളില്‍ പാര്ട്ടിക്ക് പ്രതിരോധം തീര്‍ക്കുന്ന ചിലര്‍ സി.പ.എമ്മിന് ബി.ജെ.പിയേക്കാള്‍ കൂടുതല്‍ വോട്ടു ലഭിച്ചതായി അവകാശപ്പെട്ടിട്ടുമുണ്ട്. ഇത് അസംഭവ്യമല്ല. കൂടുതല്‍ വോട്ടു കിട്ടിയത് സി.പി.എം (57 സ്ഥാനാര്‍ത്ഥികള്‍) ബിജെപിയേക്കാള്‍ (51 സ്ഥാനാര്‍ത്ഥികള്‍) കൂടുതല്‍ മണ്ഡലങ്ങളില്‍ മത്സരിച്ചതുകൊണ്ടാകാം. ഒരു കക്ഷിയിലെ വിജയികളുടെ ഭൂരിപക്ഷം വളരെ വലുതും മറ്റെതിന്റെത് ചെറുതും ആയാലും ഇങ്ങനെ സംഭവിക്കാം. ഏതായാലും കഴിഞ്ഞനിയമസഭയില്‍ സിപിഎമ്മിനുണ്ടായിരുന്ന 49 സീറ്റുകളില്‍ 32 എണ്ണം നഷ്ടപ്പെട്ട ശേഷവുംഅടിത്തറ ഭദ്രമെന്നു പറയുന്നതില്‍ അഭംഗിയുണ്ട്.
കോണ്ഗ്രസിനു പഴയ സഭയിലുണ്ടായിരുന്ന പത്ത് സീറ്റും നഷ്ടപ്പെട്ടു. അതിന്റെ കാരണം വ്യക്തമാണ്. തെരഞ്ഞെടുപ്പിനു മുമ്പു തന്നെ കോണ്ഗ്രസ് നേതാക്കള്‍ മൊത്തമായി ബിജെപിയിലേക്ക് മാറിയിരുന്നു. എന്നിട്ടും കോണ്ഗ്രസ് എല്ലാ മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി സമ്പൂര്‍ണ്ണ പരാജയം ഏറ്റുവാങ്ങുകയായിരുന്നു.
ത്രിപുരയില്‍ ബിജെപി ജയിച്ചത് സ്ത്രീകളും യുവാക്കളും പിന്തുണച്ചതു കൊണ്ടാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുകയുണ്ടായി. സെന്റര്‍ ഫോര്‍ സ്റ്റഡി ഓഫ് ഡെവലപ്പിംഗ് സൊസൈറ്റീസിന് വേണ്ടി തെരഞ്ഞെടുപ്പുകള്‍ക്കുശേഷം സര്‍വേ നടത്തുന്ന ലോക് നീതി സെന്റര്‍ നടത്തിയ പഠനം ഈ നിരീക്ഷണം ശരിവെക്കുന്നതാണ്. പതിനെട്ടിനും നാല്പത്തിയഞ്ചിനും ഇടയ്ക്ക് പ്രായമുള്ളവരില്‍ 55 ശതമാനം ബിജെപി സഖ്യത്തിന് വോട്ടു ചെയ്തതായി അത് പറയുന്നു.
തെരഞ്ഞെടുപ്പു ഫലത്തെ കുറിച്ച് ചോദിച്ച ഒരു മാധ്യമ പ്രവര്‍ത്തകനോടു രണ്ട് സ്ത്രീകള്‍ പറഞ്ഞത് ശ്രദ്ധയര്‍ഹിക്കുന്നു. “ഇരുപതു കൊല്ലത്തെ സിപിഎം ഭരണത്തില്‍ ജനങ്ങള്‍ മടുത്തു,” ഒരു മുന്‍ കോളേജ് അധ്യാപിക പറഞ്ഞു. “സ്ത്രീകള്‍ സിപിഎമ്മിനെ പിന്തുണച്ചിരുന്നു. കാഡറുകളിലും ഒരു നല്ല പങ്ക് അവരായിരുന്നു. അവരും മാറ്റം ആഗ്രഹിച്ചു. പാര്‍ട്ടി ഞങ്ങളുടെ ജീവിതത്തെ നിയന്ത്രിക്കാന്‍ ശ്രമിച്ചു. സര്‍ക്കാരിന്റെ ഉത്തരവുകളല്ല, പാര്‍ട്ടിയുടെ ഉത്തരവുകളാണ് നടത്തപ്പെട്ടത്.” ഒരു മുന്‍ സര്‍ക്കാരുദ്യോഗസ്ഥന്റെ ഭാര്യ പറഞ്ഞു: “പാര്‍ട്ടി ആവശ്യത്തിലേറെ ശക്തിപ്രാപിച്ചു. കുടുംബത്തില്‍ ഒരു മരണമുണ്ടായാല്‍ ആദ്യം പാര്‍ട്ടി ആപ്പീസില്‍ പോയി കൊടി വാങ്ങിച്ചു മൃതദേഹത്തിലിടണം. അതിനുശേഷമേ കാര്യങ്ങള്‍ നടക്കൂ.”
തെരഞ്ഞെടുപ്പു പ്രചാരണം കൈകാര്യം ചെയ്യാന്‍ സുനില്‍ ദിയോധര്‍ എന്ന മഹാരാഷ്ട്രക്കാരനായ ആര്‍.എസ്.എസ് പ്രചാരകനെ ബിജെപി ത്രിപുരയിലേക്കയച്ചത് രണ്ടര കൊല്ലം മുമ്പാണ്. മാണിക് സര്‍ക്കാരിന്റെ മൂന്നാം മന്ത്രിസഭയുടെ കാലാവധിയുടെ പകുതി അപ്പോഴും ബാക്കിയുണ്ടായിരുന്നു. വിജയം സാധ്യമാക്കുന്നതിനായി താന്‍ എങ്ങനെയാണ് പണമൊഴുക്കി അസംതൃപ്തരായ ആദിവാസികളെയും ദലിതരെയും പിന്നാക്ക വിഭാഗങ്ങളെയും സ്ത്രീകളെയും യുവാക്കളെയും സിപിഎമ്മില്‍ നിന്ന്‍ അടര്‍ത്തി എടുത്തതെന്നു ദിയോധര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ശക്തമായ കാഡര്‍ സ്വഭാവമുള്ള സിപിഎമ്മിനെ എളുപ്പത്തില്‍ അട്ടിമറിക്കാന്‍ കഴിഞ്ഞതില്‍ നിന്ന് മനസിലാക്കേണ്ടത് അടിത്തറ നേതാക്കള്‍ കരുതുന്നത്ര ഉറപ്പുള്ളതല്ലെന്നല്ലേ?
ത്രിപുരയിലെന്ന പോലെ കേരളത്തിലും യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും ദലിതര്‍ക്കും ആദിവാസികള്‍ക്കും പിന്നാക്ക വിഭാഗങ്ങള്‍ക്കുമിടയില്‍ അസംതൃപ്തി വ്യാപകമാണ്. അതുകൊണ്ട് ത്രിപുര തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് പുറത്തു വന്നിട്ടുള്ള വിവരങ്ങള്‍ സി.പി. എമ്മിന്റെ കേന്ദ്ര സംസ്ഥാന നേതൃത്വങ്ങള്‍ ഗൌരവപൂര്‍വ്വം പഠിക്കേണ്ടതുണ്ട്.
ഏതാണ്ട് 34 കൊല്ലം തുടര്‍ച്ചയായി ഭരിച്ച ശേഷമാണ് സി.പി.എമ്മിന് ബംഗാള്‍ നഷ്ടപ്പെട്ടത്. ആ ഘട്ടത്തില്‍ (2011) പാര്‍ട്ടിക്ക് 41.39 ശതമാനം വോട്ടുണ്ടായിരുന്നു. അന്ന് 213 സ്ഥാനാര്‍ത്ഥികളെയാണ് നിര്‍ത്തിയത്. അടുത്ത തെരഞ്ഞെടുപ്പില്‍148 പേരെയെ നിര്ത്താനായുള്ളൂ. വോട്ടു 38.62 ശതമാനമായി കുറഞ്ഞു. ഇപ്പോള്‍ ഒരു തിരിച്ചുവരവിനുള്ള സാധ്യത അവിടെ കാണാനില്ല, എന്നു തന്നെയല്ല സി.പി.എമ്മിനു നഷ്ടപ്പെട്ട ഇടം പിടിച്ചെടുക്കാനുള്ള തീവ്രശ്രമത്തിലാണ് ബി.ജെ.പി.
ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അപചയം തുടങ്ങിയത് 1964ലെ പിളര്പ്പോടെയാണ്. അതിനുശേഷം ബംഗാളിലും ത്രിപുരയിലും കേരളത്തിലും അധികാരത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞത് പ്രസ്ഥാനത്തിന്റെ വ്യാപ്തി ചുരുങ്ങുകയാണെന്ന വസ്തുത മറച്ചുപിടിക്കാനും സിപിഎം ശക്തിപ്പെടുകയാണെന്ന ധാരണ പരത്താനും സഹായിച്ചു. ത്രിപുര കൂടി പിടിവിട്ടു പോയതോടെ ഒന്നിടവിട്ടുള്ള തെരഞ്ഞെടുപ്പുകളില്‍ അധികാരം കിട്ടുന്ന കേരളത്തില്‍ മാത്രമായി പാര്‍ട്ടിയുടെ സ്വാധീനം ചുരുങ്ങിയിരിക്കുന്നു. ഇത് അതീവ ഗുരുതരമായ രാഷ്ട്രീയ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. ദേശീയ തലത്തിലെ അധികാര മത്സരത്തില്‍ നിന്ന് ഇടതുപക്ഷം അപ്രത്യക്ഷമായിരിക്കുന്നു. ഒരു വിദൂര ബദലായി പോലും അതിനെ കാണാനാവാത്ത അവസ്ഥ.
സോവിയറ്റ് യൂണിയനും ചൈനയ്ക്കുമിടയിലുണ്ടായ അഭിപ്രായ വ്യത്യാസം ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലുണ്ടാക്കിയ വിള്ളലാണ് ഇന്ത്യയിലെ പാര്‍ട്ടിയുടെ പിളര്‍പ്പിനു കാരണമായത്. സോവിയറ്റ് യൂണിയന്റെയും കിഴക്കെ യൂറോപ്പിലെ കമ്മ്യുണിസ്റ്റ് ഭരണകൂടങ്ങളുടെയും പതനത്തിനും ചൈനയുടെ വിപണി സമ്പദ് വ്യവസ്ഥയിലേക്കുള്ള ചുവടുമാറ്റത്തിനും ശേഷം അന്നത്തെ പ്രത്യയശാസ്ത്രപരമായ വാദങ്ങള്‍ തീര്‍ത്തും അപ്രസക്തമായി. സോവിയറ്റ് നിലപാടിനും ചൈനയുടെ നിലപാടിനും അനുസരിച്ച് അന്നത്തെ കോണ്ഗ്രസ് സര്‍ക്കാരിനോടുള്ള സമീപനത്തിന്റെ കാര്യത്തിലും അവിഭക്ത പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. ദേശീയരാഷ്ടീയത്തില്‍ പിന്നീടുണ്ടായ മാറ്റങ്ങള്‍ അതിനെയും അപ്രസക്തമാക്കി. സ്വന്ത നിലയില്‍ കാര്യങ്ങള്‍ വിലയിരുത്തുന്ന പാരമ്പര്യമുള്ള പ്രത്യയശാസ്ത്ര വിശാരദരുടെ അഭാവത്തില്‍ മാറ്റങ്ങള്‍ പരിശോധിച്ച് നിലപാടുകളില്‍ കാലോചിതമായ മാറ്റങ്ങള്‍ വരുത്താന്‍ കഴിയാഞ്ഞതുകൊണ്ടാണ് ഇടതു പ്രസ്ഥാനം പൊതുവിലും, ഏറ്റവും വലിയ ഇടതു കക്ഷിയായ സിപി.എം പ്രത്യേകിച്ചും, ഇന്നത്തെ പതനത്തിലെത്തിയിട്ടുള്ളത്.
അധികാരം നേടുന്നതിനും നിലനിര്‍ത്തുന്നതിനും സിപിഎം അവലംബിച്ച അടവുകള്‍ ആ ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ സഹായിച്ചിട്ടുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. പക്ഷെ അത് അതിന്റെ ഇടതുപക്ഷ സ്വഭാവത്തെ ഏതാണ്ട് പൂര്‍ണ്ണമായി ഇല്ലാതാക്കിയിരിക്കുന്നു. ഈ വസ്തുത തിരിച്ചറിഞ്ഞ് പരിഹാര നടപടികള്‍ സ്വീകരിക്കാന്‍ ഇടതു കക്ഷികള്‍ ഇനിയും അമാന്തിച്ചാല്‍ ഏതാനും തലമുറകളുടെ ത്യാഗത്തിന്റെ മേല്‍ കെട്ടിപ്പടുത്ത പ്രസ്ഥാനം ചരിത്ര പുസ്തകത്തിലെ ഒരു അടിക്കുറിപ്പായി മാത്രം അവസാനിച്ചേക്കും. (ജനശക്തി, ഏപ്രില്‍ 1-15, 2018)
No comments:
Post a Comment