Monday, April 17, 2017


തകഴി ശിവശങ്കരപ്പിള്ള
(ഏപ്രില്‍ 17, 1912 – ഏപ്രില്‍ 10, 1999)

ഇന്ന് തകഴിയുടെ 105ആം ജന്മദിനം.

എന്റെ അച്ഛന്‍ നടത്തിയിരുന്ന പത്രത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സുഹൃത്തുക്കളായ പി.കെ. ബാലകൃഷ്ണന്‍, സി.എന്‍. ശ്രീകണ്‍ഠന്‍ നായര്‍, എന്‍. രാമചന്ദ്രന്‍ എന്നിവരെ കാണാന്‍ തിരുവനന്തപുരത്തെ അതിന്റ ആപ്പീസില്‍  വരുമായിരുന്നതുകൊണ്ട് തകഴിച്ചേട്ടനെ വിദ്യാര്‍ത്ഥികാലത്തു തന്നെ ഞാന്‍ പരിചയപ്പെട്ടിരുന്നു. ഹിന്ദു പത്രത്തില്‍ വന്ന ചെമ്മീന്‍ റിവ്യു വായിച്ച ശേഷം അതെഴുതിയതാരാണെന്ന്‍ അറിയാന്‍ അദ്ദേഹം താല്പര്യപ്പെട്ടു. ഞാനായിരിക്കുമെന്ന്‍ കെ. ബാലകൃഷ്ണന്‍ പറഞ്ഞതനുസരിച്ച് ജപ്പാനിലേക്ക് പോകാനായി മദ്രാസില്‍ വന്നപ്പോള്‍ ഫോണില്‍ ബന്ധപ്പെട്ടു കാണണമെന്ന് പറഞ്ഞു.

ചെമ്മീന്‍ സിനിമയായി കാണാന്‍ ആഗ്രഹിക്കുന്നുവെന്ന് സംഭാഷണമധ്യെ തകഴിച്ചേട്ടന്‍ പറഞ്ഞു.  ഇതൊരു നല്ല സംവിധായകന്‍ കൈകാര്യം  ചെയ്യേണ്ടതാണു, അതുകൊണ്ട്  ആദ്യം വന്നു ചോദിക്കുന്നയാള്‍ക്ക് എടുത്തു കൊടുക്കരുതെന്നായിരുന്നു എന്റെ പ്രതികരണം.

ഏതാനും മാസങ്ങള്‍ക്കുശേഷം ഡല്‍ഹിയില്‍ സാഹിത്യ അക്കാദമി  ജനറല്‍ കൌണ്‍സില്‍ യോഗത്തില്‍ പങ്കെടുത്തിട്ടു നാട്ടിലേക്ക് മടങ്ങുമ്പോള്‍ തകഴിച്ചേട്ടന്‍ വീണ്ടും ബന്ധപ്പെട്ടു. അക്കാദമി ഉപാധ്യക്ഷനായ കെ.എം. പണിക്കര്‍ അതിനകം ചെമ്മീന്‍ ഇംഗ്ലീഷിലേക്ക് പരിഭാഷ ചെയ്തു തുടങ്ങിയിരുന്നു. അദ്ദേഹം തകഴിയെയും ജോസഫ് മുണ്ടശ്ശേരിയെയും വീട്ടില്‍ കൊണ്ടുപോയി ആദ്യ ഭാഗ പരിഭാഷ വായിച്ചു കേള്‍പ്പിച്ചു.  അറബോര്‍ ആയിരുന്നെന്ന് തകഴി. അത് പണിക്കരോട് പറയാന്‍ ധൈര്യമില്ലാതിരുന്നതുകൊണ്ട് മിണ്ടിയില്ല. “ഇംഗ്ലീഷ് അറിയാവുന്നോനാണ് തര്‍ജ്ജമ ചെയ്തതെന്ന് പറയും” എന്ന് മുണ്ടശ്ശേരി പറഞ്ഞു. 

പണിക്കരെ എങ്ങനെ പിന്തിരിപ്പിക്കാം എന്ന് തകഴി  ചോദിച്ചു. എന്‍. ബി.എസിന്റെ ഒരു ചെമ്മീന്‍ പരസ്യം ഏതാണ്ട് ഇങ്ങനെ ആയിരുന്നു: “പാരീസില്‍ നിന്ന്‍ സര്‍ദാര്‍ കെ.എം. പണിക്കര്‍ എഴുതുന്നു: "ഇത് ഉടന്‍ തന്നെ ഇംഗ്ലീഷിലേക്ക് തര്‍ജ്ജമ ചെയ്യേണ്ടതാണ്. മറ്റാരും ചെയ്യുന്നില്ലെങ്കില്‍ ഞാന്‍ ചെയ്യാന്‍ തയ്യാറാണ്.” പണിക്കര്‍ ഈ വാഗ്ദാനം പാലിച്ചാല്‍ അത് മലയാളത്തിനു നല്‍കുന്ന ഒരു സംഭാവനയാകും എന്ന് പറഞ്ഞുകൊണ്ടാണ് ഞാന്‍ ഹിന്ദുവിലെ റിവ്യു അവസാനിപ്പിച്ചത്. ആ നിലയ്ക്ക് പണിക്കരെ പ്രോത്സാഹിപ്പിച്ച ഒരാളാണ് ഞാന്‍. അദ്ദേഹത്തെ ഞാന്‍ എങ്ങനെ പിന്തിരിപ്പിക്കും? 

തകഴിച്ചേട്ടന്‍ ചോദിച്ചു: “നീ തര്‍ജ്ജമ ചെയ്യുമോ?”

എന്നെക്കൊണ്ടാവില്ലെന്നു  ഞാന്‍ പറഞ്ഞു.  “നരേറ്റീവ് ഭാഗം ആര്‍ക്കും ചെയ്യാം. എന്നാല്‍ ഇംഗ്ലീഷ് സ്ലാങ്ങ് വശമുള്ള ഒരാള്‍ക്കേ സംഭാഷണങ്ങള്‍ കൈകാര്യം ചെയ്യാനാകൂ.”

യുനെസ്കോ ആവശ്യപ്പെട്ടതനുസരിച്ച് ഇംഗ്ലീഷിലേക്കും ഫ്രഞ്ചിലേക്കും പരിഭാഷപ്പെടുത്താന്‍ രണ്ടു ആധുനിക പുസ്തകങ്ങള്‍ തെരഞ്ഞെടുക്കാന്‍ സാഹിത്യ അക്കാദമി തീരുമാനിച്ചപ്പോള്‍ വിവിധ ഭാരതീയ ഭാഷകളില്‍ നിന്നുള്ള പുസ്തകങ്ങളുടെ പേരുകള്‍ നിര്‍ദ്ദേശിക്കപ്പെട്ടൂ ഓരോ പുസ്തകത്തെയും വിലയിരുത്തുന്ന കുറിപ്പുകളും അക്കാദമി അംഗങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യപ്പെട്ടു.  എല്ലാം അതാത് ഭാഷകളില്‍ നിന്ന്‍ തര്‍ജ്ജമ ചെയ്യപ്പെട്ടവ.  ഹിന്ദുവിലെ ചെമ്മീന്‍ റിവ്യു മാത്രമായിരുന്നു ഏതെങ്കിലും പുസ്തകത്തെ കുറിച്ച് ഇംഗ്ലീഷില്‍ പ്രസിദ്ധീകരിക്കപ്പെട്ട ലേഖനം. അത് ചെമ്മീന്‍ തെരഞ്ഞെടുക്കുന്നതില്‍ സഹായകമായെന്നു തകഴിച്ചേട്ടന്‍ വിശ്വസിച്ചു. യഥാര്‍ത്ഥത്തില്‍ നിര്‍ണ്ണായകമായത് അക്കാദമി അധ്യക്ഷന്‍ ജവഹര്‍ലാല്‍ നെഹ്റുവിന്റെ അഭിപ്രായപ്രകടനമായിരുന്നു. ഈ കഥ എന്നോട് പറഞ്ഞതും തകഴിച്ചേട്ടന്‍ തന്നെ. 

യോഗത്തിനു ഏതാനും ദിവസം മുമ്പാണ് ചെമ്മീന്റെ ഹിന്ദി പരിഭാഷ പുറത്തുവന്നത്. അക്കാദമി അദ്ധ്യക്ഷനെന്ന നിലയില്‍ അതിന്റെ കോപ്പി നെഹ്രുവിനു അയച്ചു കൊടുത്തിരുന്നു. അദ്ദേഹം അത് വായിക്കുകയും ചെയ്തു. ചെമ്മീന്‍ പരിഗണനക്ക് എടുത്തപ്പോള്‍ നെഹ്‌റു ഇടപെട്ടു പറഞ്ഞു: “ഇതിന്റെ ഹിന്ദി പരിഭാഷയല്ലേ കഴിഞ്ഞ ദിവസം ഇറങ്ങിയത്?  ഞാന്‍ അത് വായിച്ചു. അത് കൊള്ളാം.”

ചെമ്മീനോടൊപ്പം പരിഭാഷ ചെയ്യാന്‍ തെരഞ്ഞെടുക്കപ്പെട്ട പുസ്തകം സത്യജിത് റേയുടെ സിനിമയിലൂടെ ശ്രദ്ധ നേടിയ ബിഭൂതി ഭൂഷന്‍ ബന്ദോപാദ്ധ്യായയുടെ  പതേര്‍ പാഞ്ചാലി ആയിരുന്നു. ബിഭൂതി ഭൂഷന്റെ മരണശേഷമായിരുന്നു അത് സിനിമയായതും തര്‍ജ്ജമ ചെയ്യപ്പെട്ടതും. 

തനിക്ക് കൃതിയോട് നീതികാട്ടാനാകുന്നില്ലെന്നു തിരിച്ചറിഞ്ഞതുകൊണ്ടാകാം പണിക്കര്‍ ചെമ്മീന്‍ പരിഭാഷയില്‍ നിന്ന്‍ പിന്‍വാങ്ങി. യുനെസ്കോ ആ ചുമതല ആള്‍ ഇന്ത്യ റേഡിയോ മേധാവിയായിരുന്ന ഡോ.വി.കെ. നാരായണ മേനോനെ ഏല്പിച്ചു.
ഞാന്‍ ഡല്‍ഹിയിലുള്ള കാലത്താണു നാരായണ മേനോന്‍ തര്‍ജ്ജമ പൂര്‍ത്തിയാക്കിയതും അത് വായിച്ചു കേള്‍ക്കാന്‍ തകഴി അവിടെ എത്തിയതും. ആള്‍ ഇന്ത്യ റേഡിയോയുടെ വാര്ത്താവിഭാഗം തലവനായിരുന്ന എം. ശിവറാമിന്റെ വീട്ടിലായിരുന്നു അദ്ദേഹം താമസിച്ചത്. ദിവസവും രാവിലെ നാരായണ മേനോന്റെ വീട്ടില്‍ പോകും. ഒരു മണിക്കൂറോളം തര്‍ജ്ജമ കേള്‍ക്കും. മിക്കവാറും ദിവസങ്ങളില്‍ വൈകിട്ട ഞങ്ങള്‍ ഒത്തുചേരും. സംഭാഷണങ്ങളുടെ പരിഭാഷയില്‍ അദ്ദേഹം തൃപ്തനായിരുന്നില്ല. നരേറ്റീവിനെ കുറിച്ച് പരാതിയില്ലെങ്കില്‍ മറ്റെല്ലാം മറക്കാന്‍ ഞാന്‍ ഉപദേശിച്ചു.      


ഒരിക്കല്‍ ഞാന്‍ അവധിയില്‍ കൊല്ലത്തെ വീട്ടിലുണ്ടായിരുന്നപ്പോള്‍ എസ്.എന്‍ കോളേജില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ തകഴിയും മുണ്ടശ്ശേരിയും സ്ഥലത്തെത്തി. ഇരുവരും ഊണു കഴിക്കാന്‍ വീട്ടില്‍  വന്നു. തകഴിച്ചേട്ടന്‍ തുണിയില്‍ പൊതിഞ്ഞു കൊണ്ടു വന്ന ഒരു പൊതി എന്റെ കയ്യില്‍ തന്നിട്ട് പറഞ്ഞു: “വായിച്ചിട്ട് അഭിപ്രായം എഴുതണം.”  

കയര്‍ എന്ന നോവല്‍ ആയിരുന്നു പൊതിയില്‍.  തകഴിക്ക് ജ്ഞാനപീഠ പുരസ്കാരം ലഭിച്ചപ്പോള്‍ അദ്ദേഹത്തെ കുറിച്ച് ഒരു മുഖപ്രസംഗം എഴുതിക്കൂടെ എന്ന് ഡെക്കാന്‍ ഹെറാള്‍ഡിന്റെ  പത്രാധിപര്‍ എന്നോട് ചോദിച്ചു. കയറിനെ കുറിച്ചുള്ള അഭിപ്രായം രേഖപ്പെത്താന്‍ ഞാന്‍ ആ അവസരം ഉപയോഗിച്ചു. 

ഒരു മലയാളി സംഘടനയുടെ ഓണാഘോഷത്തില്‍ പങ്കെടുക്കാന്‍ തകഴി ബാംഗ്ലൂരില്‍ വന്നപ്പോഴുണ്ടായ സംഭാഷണം കയറിനെ ആസ്പദമാക്കി  ദൂരദര്ശനു വേണ്ടി ഒരു ഹിന്ദി പരമ്പര നിര്‍മ്മിക്കുന്നതിലേക്ക് നയിച്ചു. തകഴിച്ചേട്ടന്‍റെ അനുവാദത്തോടെ അതിന്റെ നിര്‍മ്മാണ ചുമതല ഞാന്‍പ്രശസ്ത ചലച്ചിത്രകാരനും നാടക സംവിധായകനുമായ എം.എസ്. സത്യുവിനെ ഏല്പിച്ചു.  

ആ ബ്രഹത്തായ കൃതി 65 എപ്പിസോഡുകളില്‍ സംഗ്രഹിക്കാനാണ് സത്യുവും ഞാനും കൂടി തീരുമാനിച്ചത്.  ദൂരദര്‍ശനുള്ളില്‍ നിന്ന്‍ പല തടസങ്ങളുമുണ്ടായി. അവര്‍ 26 എപ്പിസോഡുകളെ അനുവദിച്ചുള്ളു. അതുകൊണ്ട് ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രാപ്തിവരെയെ പരമ്പരയില്‍ ഉള്പ്പെടുത്തിയുള്ളു.


ഹിന്ദിക്ക് പുറത്തു നിന്നുള്ള കൃതികളെ ആസ്പദമാക്കി വളരെ കുറച്ചു പരമ്പരകളെ ദൂരദര്‍ശന്‍ ദേശീയ ശൃംഘലയില്‍ സംപ്രേഷണം ചെയ്തിട്ടുള്ളൂ. മലയാളത്തില്‍ നിന്ന്‍ സ്വീകരിക്കപ്പെട്ടിട്ടുള്ള ഏക  കൃതി കയറാണ്.

     കയര്‍ പരമ്പരയുടെ പണി നടക്കുന്ന കാലത്ത് തകഴിച്ചേട്ടന്‍ എനിക്ക് നിരവധി കത്തുകളെഴുതി.  അദ്ദേഹത്തിന്റെ പ്രതീക്ഷകളും  നിരാശയുമൊക്കെ അവയില്‍ പ്രതിഫലിച്ചു. അവയില്‍ മൂന്നെണ്ണം ഇവിടെ കൊടുക്കുന്നു. ഒന്നില്‍ അദ്ദേഹം അന്വേഷിക്കുന്നു: ”കുറച്ചു പണത്തിനു വല്ല വഴിയുമുണ്ടോ?”   ദൂരദര്‍ശന്റെ അംഗീകാരം ലഭിക്കുന്നതിനു  മുമ്പ് അദ്ദേഹം പത്രക്കാരോട് സംസാരിച്ചത്  അനിചിതമായെന്നു ഞാന്‍ എഴുതിയപ്പോള്‍  വാര്ത്തയുണ്ടായ സാഹചര്യം അദ്ദേഹം ക്ഷമാപൂര്‍വ്വം വിശദീകരിക്കുന്നു. പുതിയ    വിവരമൊന്നും ഇല്ലാതിരുന്നതുകൊണ്ട് രണ്ട്‌ കത്തുകള്‍ക്കുള്ള എന്റെ മറുപടി വൈകിയപ്പോള്‍  തകഴിച്ചേട്ടന്‍ പരിഭവിക്കുന്നു. “ഒരു മറുപടി –ഒരു  വരി – പോലും ഞാന്‍ അര്‍ഹിക്കുന്നില്ലേ?"  അദ്ദേഹം ചോദിക്കുന്നു. "എന്ത് ദ്രോഹം ഞാന്‍ ചെയ്തു?”

 പതിനെട്ടു കൊല്ലം മുമ്പ് അന്തരിക്കുമ്പോള്‍ കൈകൊണ്ട് എഴുതാന്‍ പ്രയാസമുണ്ടായിരു ന്നെങ്കിലും തകഴിച്ചേട്ടന്‍റെ മനസില്‍ കഥകള്‍ ബാക്കിയുണ്ടായിരുന്നു. രണ്ടു മൂന്ന്‍ നൂറ്റാണ്ട് മുമ്പ് നടന്ന കണ്ടെഴുത്തില് തുടങ്ങി ആധുനിക  കേരളത്തിന്റെ കഥ നോവല്‍ രൂപത്തില്‍ രേഖപ്പെടുത്തിയതുപോലെ സിന്ധുനദീതട സംസ്കാരത്തില്‍ തുടങ്ങി ഇന്ത്യയുടെ കഥ പറയാനുള്ള ആഗ്രഹം പൂര്ത്തിയാക്കാതെയാണ് തകഴിച്ചേട്ടന്‍ യാത്രയായത്.



1 comment:

Unknown said...

I READ THIS CONTENT. THE GREAT LEGEND I CAN'T FORGET. HE WROTE THE FIRST PREFACE IN MY POEMS COLLECTION NAMED " APPU ETTANODU" - 1986. REALLY A GREAT PERSONALITY EVER SEEN IN MY LIFE.

BEAUTIFUL PRESENTATION

SARAVAN MAHESWER
WRITER