സത്യാനന്തരയുഗത്തിലെ മാധ്യമപ്രവർത്തനം
ഇന്ത്യയുൾപ്പെടെ പല രാജ്യത്തും പത്രസ്വാതന്ത്ര്യം ചുരുങ്ങുകയും പത്രപ്രവർത്തകർക്കുനേരേയുള്ള ഭീഷണികൾ പെരുകുകയുമാണ്. അതിന്റെ ഫലമായി മാധ്യമപ്രവർത്തനം കൂടുതൽ അപകടകരമായ ഒരു തൊഴിൽ മേഖലയായി മാറിക്കൊണ്ടിരിക്കുന്നു. കമ്മിറ്റി ഫോർ പ്രൊട്ടക്ഷൻ ഓഫ് ജേർണലിസ്റ്റ്സ് (Committee for Protection of Journalists) എന്ന സംഘടനയുടെ വാർഷിക റിപ്പോർട്ട് അനുസരിച്ച് കഴിഞ്ഞ കൊല്ലം ലോകമൊട്ടുക്ക് നിരവധി മാധ്യമപ്രവർത്തകർ തൊഴിലിൽ ഏർപ്പെട്ടിരിക്കെ കൊല്ലപ്പെട്ടു. ഇതിലധികവും പേർ മധ്യേഷ്യയിലെയും ആഫ്രിക്കയിലെയും സംഘർഷമേഖലകളിലാണ് കൊല്ലപ്പെട്ടത്. ഇന്ത്യയിലും പത്രപ്രവർത്തകർ കൊല്ലപ്പെട്ടു. സി.പി.ജെ.യുടെ കണക്കനുസരിച്ച് കഴിഞ്ഞ 25 കൊല്ലം ഇന്ത്യയിൽ 27 പത്രപ്രവർത്തകരാണ് കൊല്ലപ്പെട്ടത്.
പാരീസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന റിപ്പോർട്ടേഴ്സ് സാൻസ് ഫ്രോണ്ടിയേഴ്സ് (Reporters Sans Frontiers, അഥവാ അതിർത്തികളില്ലാത്ത ലേഖകന്മാർ) ഏതാനും കൊല്ലമായി ലോക പത്രസ്വാതന്ത്ര്യദിനത്തിനുമുമ്പ് ഒരു ആഗോള പത്രസ്വാതന്ത്ര്യസൂചിക പ്രസിദ്ധീകരിച്ചുവരുന്നുണ്ട്.
പാരീസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന റിപ്പോർട്ടേഴ്സ് സാൻസ് ഫ്രോണ്ടിയേഴ്സ് (Reporters Sans Frontiers, അഥവാ അതിർത്തികളില്ലാത്ത ലേഖകന്മാർ) ഏതാനും കൊല്ലമായി ലോക പത്രസ്വാതന്ത്ര്യദിനത്തിനുമുമ്പ് ഒരു ആഗോള പത്രസ്വാതന്ത്ര്യസൂചിക പ്രസിദ്ധീകരിച്ചുവരുന്നുണ്ട്.
കഴിഞ്ഞയാഴ്ച പുറത്തുവന്ന പട്ടിക ജനാധിപത്യ രാജ്യങ്ങളിലെല്ലാം പത്രസ്വാതന്ത്ര്യം ചുരുങ്ങുന്നതായി സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞ കൊല്ലം 180 രാജ്യമുള്ള പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം 133 ആയിരുന്നു. ഇക്കൊല്ലം മൂന്നുപടി താണ് 136-ാം സ്ഥാനത്താണ്.
ആർ.എസ്.എഫ്. റിപ്പോർട്ട് ഇന്ത്യയിലെ സമകാലിക സാഹചര്യങ്ങൾ ഇങ്ങനെ വിശദീകരിക്കുന്നു: ദേശീയ സംവാദത്തിൽനിന്ന് ‘ദേശീയവിരുദ്ധ’ ചിന്തയുടെ എല്ലാ പ്രകാശനങ്ങളും ഒഴിവാക്കാൻ ഹിന്ദുദേശീയവാദികൾ ശ്രമിക്കുന്നതിനാൽ മുഖ്യധാരാ മാധ്യമങ്ങളിൽ സ്വയംനിയന്ത്രണം (സെൽഫ് സെൻസർഷിപ്പ്) വർധിക്കുകയാണ്. തീവ്രദേശീയവാദികൾ ഓൺലൈനിൽ മാധ്യമപ്രവർത്തകരെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. സർക്കാരിനെ ഏറെ വിമർശിക്കുന്ന പത്രപ്രവർത്തകരെ നിശ്ശബ്ദരാക്കാൻ കേസെടുക്കുന്നു. അവർക്കെതിരെ ജീവപര്യന്തം തടവുവരെ നൽകാവുന്ന രാജ്യദ്രോഹകുറ്റം ചുമത്തപ്പെടുന്നു. ഇതുവരെ ആരും രാജ്യദ്രോഹത്തിന് ശിക്ഷിക്കപ്പെട്ടിട്ടില്ലെങ്കിലും ഭീഷണി സ്വയംനിയന്ത്രണത്തെ പ്രോത്സാഹിപ്പിക്കുന്നു. കശ്മീർപോലുള്ള സ്ഥലങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് സുരക്ഷാസംവിധാനമൊന്നുമില്ല.
2016 ജൂലായിൽ കശ്മീരിൽ പ്രതിഷേധങ്ങൾ തുടങ്ങിയപ്പോൾ പ്രതിഷേധക്കാർ തമ്മിൽ ബന്ധപ്പെടുന്നതും മാധ്യമങ്ങളും സിറ്റിസൺ ജേർണലിസ്റ്റുകളും സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നതും തടയാനായി പട്ടാളം ഇന്റർനെറ്റ് വിച്ഛേദിച്ചു. പ്രാദേശികമാധ്യമങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്ന പത്രപ്രതിനിധികൾക്കുനേരേ പട്ടാളക്കാർ കേന്ദ്രസർക്കാരിന്റെ മൂകസമ്മതത്തോടെ അക്രമം നടത്തുന്നു.
ഇംഗ്ലണ്ടിലും അമേരിക്കയിലും സ്ഥിതി കഴിഞ്ഞകൊല്ലം മോശമായതായി ആർ.എസ്.എഫ്. വിലയിരുത്തുന്നു. മുൻ കൊല്ലത്തേതിൽ നിന്ന് മൂന്നുപടി താണ് ആഗോളപട്ടികയിൽ യഥാക്രമം 40, 43 എന്നീ സ്ഥാനങ്ങളിലാണ് അവരിപ്പോൾ. പ്രസിഡന്റ് ട്രംപിന്റെ കീഴിൽ അമേരിക്കയുടെ സ്ഥിതി ഇപ്പോൾ കൂടുതൽ വഷളായിക്കൊണ്ടിരിക്കയാണ്. ശക്തന്മാർ ഉയരുകയും മാധ്യമങ്ങൾക്കെതിരായ അക്രമങ്ങൾ സർവസാധാരണമാവുകയും ചെയ്യുന്ന സമകാലികാവസ്ഥയെ ആർ.എസ്.എഫ്. പ്രചാരണവും സ്വാതന്ത്ര്യങ്ങളുടെ അടിച്ചമർത്തലും നടക്കുന്ന ‘സത്യാനന്തരയുഗം’ എന്ന് വിശേഷിപ്പിക്കുന്നു.
കേരളവും സത്യാനന്തരയുഗത്തിൽ പ്രവേശിച്ചുകഴിഞ്ഞു. എല്ലാം ശരിയാകുമെന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് അധികാരം നേടിയ എൽ.ഡി.എഫ്. സർക്കാരിന്റെ ആദ്യ നടപടികളിലൊന്ന് മന്ത്രിസഭായോഗത്തിനുശേഷം തീരുമാനങ്ങൾ വെളിപ്പെടുത്തുന്ന രീതി ഉപേക്ഷിക്കുകയായിരുന്നു. വക്കീൽക്കുപ്പായമണിഞ്ഞ ഗുണ്ടകൾ കോടതിപരിസരങ്ങളിൽനിന്ന് മാധ്യമപ്രവർത്തകരെ അടിച്ചോടിച്ചിട്ട് ഒമ്പതുമാസത്തിലേറെയായി. ഇതുവരെയും കുറ്റവാളികളെ നിയമത്തിനുമുന്നിൽ കൊണ്ടുവരാനും കോടതി നടപടികൾ സ്വതന്ത്രമായി റിപ്പോർട്ട്ചെയ്യാനുള്ള സാഹചര്യം സൃഷ്ടിക്കാനും ബന്ധപ്പെട്ടവർക്ക് കഴിയാഞ്ഞതിനെ ധാർമിക പരാജയമായേ കാണാനാകൂ.
സമീപകാലത്ത് കേരളത്തിലും കർണാടകത്തിലും രണ്ട് ചാനൽ മേധാവികൾ ക്രിമിനൽ കുറ്റകൃത്യങ്ങളുടെ പേരിൽ അറസ്റ്റുചെയ്യപ്പെട്ടു. മലയാളചാനലിന്റെ പ്രവർത്തനത്തിലെ അധാർമികത ചൂണ്ടിക്കാട്ടി അന്വേഷണം ആവശ്യപ്പെട്ടവരിൽ മാധ്യമപ്രവർത്തകരും സാംസ്കാരികനായകരും ഉണ്ടായിരുന്നുവെന്നത് അവരെല്ലാം ആരോഗ്യകരമായ മാധ്യമ പ്രവർത്തനം ആഗ്രഹിക്കുന്നുവെന്നതിന് തെളിവാണ്. എന്നാൽ, അറസ്റ്റിലായ ചാനൽ മേധാവിയെയും റിപ്പോർട്ടറെയും ജാമ്യം നിഷേധിച്ച് മൂന്നാഴ്ച തടങ്കലിൽവെച്ചത് അധികൃതർ ആ സംഭവത്തെ മാധ്യമപ്രവർത്തകരിൽ ഭീതിജനിപ്പിക്കാനുള്ള അവസരമായി കണ്ടു.
ആഗോള പത്രസ്വാതന്ത്ര്യസൂചിക നമ്മെ ചില മുൻവിധികൾ പുനപ്പരിശോധിക്കാൻ പ്രേരിപ്പിക്കുന്നുണ്ട്. പട്ടികയിലെ ആദ്യ അഞ്ചുസ്ഥാനങ്ങളും യൂറോപ്പിലെ ചെറിയ രാജ്യങ്ങൾ -നോർവേ, സ്വീഡൻ, ഫിൻലൻഡ്, ഡെന്മാർക്ക്, നെതർലൻഡ്സ്- കൈയടക്കിയതിൽ ഒരുപക്ഷേ അദ്ഭുതത്തിന് വകയില്ല. അവയ്ക്ക് തൊട്ടുപിന്നിലുണ്ട് മധ്യ അമേരിക്കയിലെ കോസ്റ്റാറിക്കയും (ആറാംസ്ഥാനം) കരീബിയൻ ദ്വീപുകളിലൊന്നായ ജമൈക്കയും (എട്ടാംസ്ഥാനം). കൊളോണിയൽ ഭരണത്തിൽനിന്ന് ഏറ്റവുമൊടുവിൽ മോചിതമായ നമീബിയയാണ് ആഫ്രിക്കയിൽ ഒന്നാംസ്ഥാനത്ത്. (ലോക പട്ടികയിൽ 24-ാം സ്ഥാനത്ത്). ഏഷ്യയിൽ ഒന്നാംസ്ഥാനത്ത് തയ്വാനാണ് (ലോകപട്ടികയിൽ 45-ാം സ്ഥാനത്ത്). ഇന്ത്യക്കുമുന്നിൽ സ്ഥാനം നേടിയവരിൽ ഭൂട്ടാൻ (84), കുവൈത്ത് (104), മാലെദ്വീപുകൾ (117) എന്നീ രാജ്യങ്ങളുമുണ്ട്. (മാതൃഭൂമി, മേയ് 3, 2017)
No comments:
Post a Comment