വ്യാജപ്പേരിലറിയപ്പെടുന്ന ‘സ്വാശ്രയം’
യു.കെ. കുമാരന്റെ പത്രാധിപത്യത്തില്‍ പാലക്കാട് നിന്നും പ്രസിദ്ധീകരിക്കപ്പെടുന്ന "ശാന്തം" മാസികയുടെ ഏപ്രില്‍ ലക്കത്തില്‍ സ്വാശ്രയ വിദ്യാഭ്യാസം സംബന്ധിച്ച നിരവധി ലേഖനങ്ങളുണ്ട്. കൂട്ടത്തില്‍ പത്രാധിപ സമിതിയുടെചോദ്യങ്ങള്‍ക്ക് ഞാന്‍ നല്‍കിയ ഉത്തരങ്ങളും. ചോദ്യങ്ങളും ഉത്തരങ്ങളും ചുവടെ:
1.കേരളത്തിന്റെ സ്വാശ്രയ വിദ്യാഭ്യാസ മേഖലയുടെ ഇന്നത്തെ അവസ്ഥ ജിഷ്ണുവിന്റെ ആത്മഹത്യ വരെ എത്തിനില്‍ക്കുന്നുവെന്ന് പറയാം. ഉന്നതവിദ്യാഭ്യാസരംഗത്തുനിന്ന്, പ്രത്യേകിച്ച് സ്വാശ്രയമേഖലയില്‍ നിന്ന്, ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ കേട്ടുകൊണ്ടിരിക്കുകയാണ് നമ്മള്‍. നമ്മുടെ വിദ്യാഭ്യാസരംഗം ഇത്തരമൊരവസ്ഥയില്‍ എത്തിച്ചേര്‍ന്നത് എങ്ങനെയായിരിക്കുമെന്നാണ് താങ്കള്‍ കരുതുന്നത്?
കേരളത്തിലെ വിദ്യാഭ്യാസ മേഖലയുടെ അവസ്ഥ രാജ്യത്ത് പൊതുവേ നടക്കുന്നതില്‍
നിന്ന്‍ വേര്പെടുത്തിക്കാണാവുന്നതല്ല. സംസ്ഥാന സര്‍ക്കാരുകള്‍ എടുത്ത ചില നയപരമായ
തീരുമാനങ്ങളും അവ തിരുത്താന്‍ കോടതികള്‍
നടത്തിയ ശ്രമങ്ങളുമാണ് ഈ അവസ്ഥക്ക് കാരണമായത്. നയപരമായ തീരുമാനങ്ങള്‍
എടുക്കേണ്ടത് സര്‍ക്കാരുകളാണ്. അത്തരത്തിലുള്ള തീരുമാനമെടുക്കേണ്ട
വിഷയമാണെന്ന് പറഞ്ഞുകൊണ്ട് കോടതികള്‍ ഒഴിഞ്ഞുപോയ
അവസരങ്ങളുണ്ട്. അങ്ങനെ ചെയ്യാതെ ഇടപെട്ട സന്ദര്ഭങ്ങളുമുണ്ട്. സര്‍ക്കാരുകളും
കോടതികളും വിദ്യാഭ്യാസപ്രശ്നങ്ങള്‍ അവധാനതയോടെയല്ല പലപ്പോഴും കൈകാര്യം ചെയ്തത്.
അതിന്റെ ദുരന്തഫലം ഏറ്റവും വ്യക്തമായി കാണാവുന്നത് സ്വാശ്രയ മേഖലയിലാണ്.
2. കഴിഞ്ഞ രണ്ട് ദശകങ്ങളായി സ്വാശ്രയം എന്ന വാക്ക് കേരളീയ പൊതുമണ്ഡലത്തില്‍ സ്ഥലം പിടിച്ചിട്ട്. ആദ്യകാലങ്ങളില്‍ ഉത്തരവാദപ്പെട്ട രാഷ്ട്രീയ സംഘടനകളുടെ സ്പോന്സേര്‍ഡ സമരങ്ങളായാണ് ഇവ അവതരിച്ചത്. എന്നാല്‍ സ്വാശ്രയ കേന്ദ്രങ്ങള്‍ സര്‍ക്കാരിന്‍റെ എതിര്‍ശക്തിയായി അതിജീവിക്കുന്ന കാഴ്ചയും കണ്ടു. അപ്പോള്‍ യഥാര്ഥത്തില്‍ നിര്‍വചിക്കേണ്ടത് സ്വാശ്രയസമരമാണോ സ്വാശ്രയ വിദ്യാഭ്യാസമാണോ?
സ്വാശ്രയ മേഖലയില്‍ വൈകി പ്രവേശിച്ച സംസ്ഥാനമാണ് കേരളം. ഇടതുപക്ഷത്തിന്റെ
എതിര്‍പ്പ് അതിനെ ഏറെക്കാലം തടഞ്ഞുനിര്‍ത്തിയിരുന്നു. ആ എതിര്‍പ്പ് അവസാനിപ്പിച്ച്
ഇടതു ഭരണകൂടങ്ങള്‍ സ്വാശ്രയ വിദ്യാഭ്യാസത്തെ
പ്രോത്സാഹിപ്പിക്കാന്‍ തുടങ്ങിയതോടെ എല്ലാം കൈവിട്ടുപോയി. സ്വകാര്യ സംരംഭകര്‍
കേരളത്തിലെ വിദ്യാഭ്യാസരംഗത്ത് വളരെക്കാലമായി സജീവമായിരുന്നു. അവര്‍ നല്ല സംഭാവന
നല്‍കുകയും ചെയ്തിരുന്നു. “സ്വാശ്രയം” എന്ന
വ്യാജപ്പേരിലറിയപ്പെടുന്ന സംവിധാനം നിലവില്‍ വരുന്നതിനു മുമ്പായിരുന്നു അത്. അവര്‍
യഥാര്‍ത്ഥത്തില്‍ സ്വന്തം വിഭവശേഷിയെ ആശ്രയിക്കുന്നവരല്ല. പ്രവേശനം തേടുന്ന വിദ്യാര്‍ഥികളില്‍ നിന്നും പണം ഊറ്റിയെടുത്താണ്
അവര്‍ സ്ഥാപനം നടത്തുന്നത്. ചിലര്‍ തൊഴില്‍ തേടുന്ന അധ്യാപകരില്‍
നിന്നും പണം ഊറ്റിയെടുക്കുന്നു. രാഷ്ട്രീയ കക്ഷികള്‍ സ്വാശ്രയ വിദ്യാഭ്യാസത്തെ
തത്വത്തില്‍ എതിര്‍ത്തിരുന്ന കാലത്ത് അവരുടെ വിദ്യാര്‍ഥി
സംഘടനകളെ ഉപയോഗിച്ച് അതിനെതിരെ സമരം നടത്തിയിരുന്നു. മുന്നണി സംവിധാനം അവരെ നയം
മാറ്റാന്‍ നിര്‍ബന്ധിച്ചു കേരള വിദ്യാഭ്യാസ രംഗത്തെ വന്‍ശക്തികളായ ക്രൈസ്തവ
സഭകളുടെ രക്ഷാധികാരത്തിലുള്ള കക്ഷികളുമായുള്ള ബന്ധമാണ് നയം മാറ്റത്തിലേക്ക്
നയിച്ചത്. ആദ്യ ഘട്ടത്തില്‍ യു.ഡി.എഫ് സര്‍ക്കാരുകള്‍
വിദ്യാഭ്യാസം മുസ്ലിം ലീഗിനെയും എല്‍.ഡി.എഫ് ഒരു
കേരളാ കോണ്ഗ്രസിനെയും ഏല്പിച്ചു. മുന്നണികളെ നയിക്കുന്ന കക്ഷികള്‍ക്ക്
താല്പര്യമുള്ള വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ കാര്യം കൂടി പരിഗണിച്ചുകൊണ്ട്
തങ്ങള്‍ക്ക് ഇഷ്ടമുള്ളവര്‍ക്ക് സ്കൂളും കോളെജുമൊക്കെ നല്‍കാന്‍ ലീഗ്,
കേ.കോ മന്ത്രിമാര്‍ക്ക് കഴിഞ്ഞു. ഈ അവസ്ഥയെ കുറിച്ച് പരാതികള്‍
ഉയരുകയും പ്രധാന കക്ഷികള്‍ വിദ്യാഭ്യാസം കൈകാര്യം ചെയ്യണമെന്ന്‍ ഒരു മുന്‍ വൈസ്
ചാന്‍സലര്‍ ആയ ടി. എന്‍. ജയചന്ദ്രനെപ്പോലെയുള്ളവര്‍ ആവശ്യപ്പെടുകയുമുണ്ടായി.
സി.പി.ഐ-എം ഈ നിര്‍ദ്ദേശം സ്വീകരിച്ചു. പക്ഷെ സ്ഥാപിത താല്‍പര്യങ്ങളുടെ
മുന്നില്‍ ആ കക്ഷിയുടെ മന്ത്രി പതറി. അടുത്ത കാലത്തുണ്ടായ സ്വാശ്രയ സ്ഥാപനങ്ങളുടെ ദുഷ്ചെയ്തികള്‍ക്കെതിരായ
സമരങ്ങള്‍ കക്ഷി രാഷ്ട്രീയ സ്വാധീനത്തിന് പുറത്തുള്ള
വിദ്യാര്‍ഥികള്‍ മുന്നോട്ടു വന്നതിന്റെ ഫലമായുണ്ടായവയാണ്.
3. അടുത്തിടെ എസ്.എസ്.എല്‍.സി-ഹയര്‍ സെക്കന്‍ഡറി വിജയശതമാനം ഉയര്‍ന്നപ്പോള്‍ മൂല്യനിര്‍ണ്ണയത്തില്‍ മാര്‍ക്ക് വാരിക്കോരി നല്‍കിയതാണ് വിജയകാരണമെന്നും അത് സത്യത്തില്‍ വിദ്യാഭ്യാസ മെഷിനറിയുടെ പരാജയമാണെന്നും വിലയിരുത്തപ്പെട്ടു. ഇതേക്കുറിച്ച് എന്താണ് പറയാനുള്ളത്?
എം.എ ബേബി വിദ്യാഭ്യാസമാന്ത്രിയായിരിക്കെ ഹയര്‍ സെക്കന്‍ ഡറി പരീക്ഷയുടെ
വിജയശതമാനം ഉയര്‍ത്താന്‍ ബോധപൂര്‍വം ശ്രമിച്ചു. നമുക്ക് പരിചിതമായ പരീക്ഷാസംപ്രദായത്തിനു
ഒരു വിദ്യാര്‍ഥിയുടെ അറിവും കഴിവും നിര്‍ണ്ണയിക്കാനാകുമോ എന്ന ചോദ്യം ഇവിടെ
അപ്രസക്തമല്ല. എന്നാല്‍ ഈ വിഷയം ആഴത്തില്‍ പരിശോധിച്ച് എടുത്ത
തീരുമാനമായിരുന്നില്ല ബേബിയുടെത്. പെരുകുന്ന സ്വാശ്രയ വിദ്യാഭ്യാസ വിപണിക്ക്
ഉപഭോക്താക്കളെ സൃഷ്ടിക്കാനുള്ള പദ്ധതിയായി അത് മാറി. അതോടൊപ്പം സ്വാശ്രയ
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം ഉയര്‍ത്താന്‍ ഒരു നടപടിയും എടുക്കാതിരുന്നത് അക്ഷന്തവ്യമായ അപരാധമാണ്.
4. വിദ്യാഭ്യാസത്തിന്റെ ഉത്തരവാദിത്തം ഭരണകൂടത്തിനു ഏറ്റെടുക്കാനാവില്ലെന്ന അഭിപ്രായം താത്ത്വികമായും അംഗീകരിക്കപ്പെട്ടോ? എന്താണൊരു പോംവഴി?
ആവശ്യമായ വിദ്യാഭ്യാസ സൌകര്യങ്ങള്‍ ഒരുക്കാനുള്ള ചുമതല സര്‍ക്കാരിനുണ്ട്. സാമ്പത്തിക പരാധീനത അതിനു തടസമാകുന്നെങ്കില്‍ സര്‍ക്കാരിതര സംവിധാനങ്ങള്‍ക്ക്
ഇടം കൊടുക്കാവുന്നതാണ്. എന്നാല്‍ വിദ്യാര്‍ഥികളില്‍ നിന്ന്‍ കാശ് പിരിച്ചു
കോളേജുകള്‍ നടത്താന്‍ ജാതിമതസ്ഥാപനങ്ങളെയൊ വാണിജ്യ
താല്പര്യങ്ങളെയോ ആശ്രയിക്കേണ്ടതുണ്ടോ? ഏതെങ്കിലും
ഭൂപ്രദേശമൊ സമൂഹമോ വിദ്യാഭ്യാസ സൌകര്യങ്ങളുടെ അഭാവമോ
അപാര്യാപ്തതയോ മൂലം പിന്തള്ളപ്പെടുകയാണെങ്കില്‍ അതിനു
പരിഹാരം കാണണം. ആ പ്രദേശത്ത് അല്ലെങ്കില്‍ ആ സമൂഹത്തില്‍ പെട്ടവര്‍ അധികമായുള്ള
പ്രദേശത്ത് വിദ്യാഭ്യാസ സ്ഥാപനം ഉണ്ടാക്കുന്നതിനു ജാതിമത-രാഷ്ട്രീയ
വിഭാഗീയതകള്‍ക്കതീതമായി എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒരു സംവിധാനം രൂപകല്‍പന
ചെയ്യാന്‍ നമുക്ക് കഴിയില്ലേ? അങ്ങനെയുള്ള ഒരു സംവിധാനത്തിന്
മാത്രമേ ഇനിയുള്ള കാലത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ അനുമതി നല്‍കാവൂ.
5. സ്വാശ്രയ പ്രൊഫഷനല്‍ കോളേജ് നിയമത്തില്‍ കച്ചവട താല്പര്യം മാത്രമേയുള്ളുവെന്നും ഉപരിവര്‍ഗ-മധ്യവര്‍ഗ മലയാളിയുടെ താല്പര്യ സംരക്ഷണം മാത്രമാണ് അതിലുള്ളതെന്നും വ്യാപകമായ ആരോപണമുണ്ട്. ഇത് സത്യമാണോ?
പ്രൊഫഷനല്‍ വിദ്യാഭ്യാസ രംഗമാണ് സ്വാശ്രയ മേഖലയിലെ ഏറ്റവും വലിയ കറവപ്പശു. ആ രംഗത്തേക്ക് കടന്നു വന്നവരെ നയിക്കുന്നത് അമിത ലാഭമോഹമല്ലാതെ മറ്റൊന്നുമല്ല. മക്കളെ ഡോക്ടര്മാരോ ഇഞ്ചിനീയര്‍മാരോ ആക്കാന്‍ എത്ര പണം മുടക്കാനും തയ്യാറുള്ള അച്ഛനമ്മമാരുടെ നാടാണല്ലോ ഇത്. ഇവിടെ സ്വാശ്രയ സ്ഥാപനങ്ങള്‍ ഇല്ലാതിരുന്ന കാലത്ത് അവര്‍ വലിയ തോതില്‍ മറ്റ് സംസ്ഥാനങ്ങളെ ആശ്രയിച്ചിരുന്നു. കേരളത്തില്‍ നയം മാറ്റം നടന്ന ശേഷവും കൂടുതല്‍ സമാധാന പൂര്‍ണ്ണമായ കാമ്പസുകള്‍ തേടി ഇവിടെ നിന്നും ധാരാളം കുട്ടികള്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്നുണ്ട്. പ്രൊഫഷനല്‍ വിദ്യാഭ്യാസ രംഗത്ത് മെഡിസിനും ഇഞ്ചിനീയറിംഗം കൂടാതെ മറ്റ് സാധ്യതകളുമുണ്ട്. അവയെ കുറിച്ച് മലയാളികള്‍ പ്രായേണ അജ്ഞരാണ്. വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും അവയെ കുറിച്ച് ബോധവാന്മാരും ബോധവതികളുമാക്കിയാല്‍ ഉന്നത വിദ്യാഭ്യാസരംഗത്തിന്റെ ആരോഗ്യകരമായ വളര്ച്ച ഉറപ്പാക്കാനാകും. സര്‍വകലാശാലാ അധികൃതരും രാഷ്ട്രീയ നേതൃത്വവും ഉണര്‍ന്നു പ്രവര്ത്തിക്കുമ്പോഴേ അത് സാധ്യമാകൂ.
6. നമ്മുടെ സ്വാശ്രയ വിദ്യാഭ്യാസത്തില്‍ ഇടതു-വലത് സര്‍ക്കാരുകള്‍ മാറിമാറി ഇടപെട്ടിട്ടും സമൂഹ വികസനത്തില്‍ ന്ര്നായകശക്തിയാകും വിധം വിദ്യാഭ്യാസത്തെ പുതുക്കിപ്പണിയാന്‍ കഴിഞ്ഞിട്ടില്ല എന്ന് തന്നെയാണ് തെളിയുന്നത്. നയത്തിന്റെ പ്രശ്നമാണോ വിദ്യാര്‍ഥികള്‍ കയറെടുക്കേണ്ട അവസ്ഥ ജനിപ്പിക്കുന്നത്?
കഴിഞ്ഞ മൂന്നു പതിറ്റാണ്ട് കാലത്ത് പ്രശ്നങ്ങള്‍ മനസിലാക്കാനും അവയ്ക്കു പരിഹാരം കാണാനും കഴിവുള്ള ഒരു വിദ്യാഭ്യാസ മന്ത്രി ഉണ്ടായിട്ടില്ല. മന്ത്രിമാരെല്ലാം കാര്യങ്ങള്‍ പഠിക്കാനും മനസിലാക്കാനും കഴിവില്ലാത്തവരായിരുന്നു എന്ന അഭിപ്രായം എനിക്കില്ല. അവരുടെ കക്ഷികളുടെ സങ്കുചിത രാഷ്ട്രീയ സാമൂഹ്യ താല്പര്യങ്ങള്‍ അവരുടെ പ്രവര്‍ത്തനത്തെ പരിമിതപ്പെടുത്തി. പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള യൂണിയനുകള്‍ വിസിയില്‍ കൂടി സര്‍വകലാശാലകള്‍ ഭരിച്ചിരുന്ന അവസരങ്ങളുമുണ്ട്. അപ്പോള്‍ എങ്ങനെയാണ് വിദ്യാഭ്യാസത്തെ സാമൂഹിക വികസനത്തില്‍ നിര്‍ണ്ണായകശക്തിയാകാന്‍ കഴിയുന്ന വിധത്തില്‍ പുതുക്കി പ്പണിയാനാവുക? സാമൂഹിക രാഷ്ട്രീയ പരിസരങ്ങളില്‍ ഗുണപരമായ മാറ്റങ്ങളുണ്ടാകാതെ ഈ അവസ്ഥയില്‍ മാറ്റം പ്രതീക്ഷിക്കാനാവില്ല. അടുത്ത കാലത്ത് വിദ്യാര്‍ഥികള്‍ ഉയര്‍ത്തിയിട്ടുള്ള പ്രശ്നങ്ങള്‍ പ്രകടമായ ചില ദുഷിച്ച രീതികളുമായി ബന്ധപ്പെട്ടവ മാത്രമാണ്. പല മേഖലകളിലും വലിയ മാറ്റങ്ങള്‍ നടക്കുന്ന ഒരു കാലമാണിത്. പുതിയ കാലത്തിനനുയോജ്യമായ രീതിയില്‍ വിദ്യാഭ്യാസ സമ്പ്രദായത്തെ നവീകരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അതിന്റെ ദുരന്തം പേറുക വരും തലമുറകളാകും.
7. രജനി എസ്. ആനന്ദിന്‍റെ ആത്മഹത്യ ഓര്‍മ്മ വരുന്നു. പത്രവാര്ത്തകള്‍, മുഖപ്രസംഗം, ഫീച്ചറുകള്‍ എന്നതിനപ്പുറം മാധ്യമങ്ങള്‍ സ്വാശ്രയ വിദ്യാഭ്യാസത്തെ ക്രിയാത്മകമായി സമീപിച്ചിട്ടുണ്ടോ?
രജനി എസ് ആനന്ദും ജിഷ്ണുവും സര്‍ക്കാരുകളുടെ പരാജയത്തിനു സ്വന്തം ജീവന്‍
ബലികൊടുക്കേണ്ടി വന്നവരാണ്. അവരുടെ ദുരന്തകഥകള്‍ പരക്കെ അറിയപ്പെട്ടൂ. ചികഞ്ഞു
നോക്കിയാല്‍ അത്രയും വലിയ വില കൊടുക്കേണ്ടി വരാഞ്ഞതുകൊണ്ടു ശ്രദ്ധ ലഭിക്കാതെ പോയ
നിരവധി കഥകളും കണ്ടെത്താനാകും. നേതാക്കന്മാരും ഉയര്‍ന്ന ഉദ്യോഗസ്ഥന്മാരും സ്വന്തം
കുട്ടികളെ ഡല്‍ഹിയിലോ വിദേശത്തോ അയക്കുന്നതില്‍
നിന്ന്‍ അവര്‍ ഇവിടത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ദൌര്‍ബല്യത്തെ കുറിച്ച്
അറിവുള്ളവരാണെന്നു മനസിലാക്കാം. സംസ്ഥാനം നേരിടുന്ന പ്രശ്നത്തിനു പരിഹാരം
കണ്ടെത്താതെ അവര്‍ സ്വന്തം കുട്ടികളുടെ ഭാവി ഭദ്രമാക്കുന്നു. അവര്‍ പ്രശ്നത്തെ
ക്രിയാത്മകമായി സമീപിക്കാത്തത് അതിനുള്ള കഴിവില്ലാത്തതുകൊണ്ടാണ്. ആദ്യ
കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ പുറത്താക്കുന്നതില്‍ സ്വകാര്യ വിദ്യാഭ്യാസ
താല്പര്യങ്ങള്‍ വഹിച്ച പങ്ക് ഇടതു
പക്ഷത്തെ ഇപ്പോഴും ഭയപ്പെടുത്തുന്നു. സര്‍ക്കാര്‍ പുറത്താക്കപ്പെട്ട ശേഷമാണ്
ജോസഫ് മുണ്ടശ്ശേരിയുടെ വിദ്യാഭ്യാസ നിയമം ഭരണഘടനാനുസൃതമാണെന്നു സുപ്രീം കോടതി
വിധിച്ചത്. പക്ഷെ തുടര്‍ന്ന് വന്ന ഒരു ഇടതുപക്ഷ സര്‍ക്കാരും
അത് നടപ്പാക്കാന്‍ ശ്രമിച്ചിട്ടില്ല.
8. ലക്ഷ്മി നായരുടെ കോളേജിലെ സമരം ഒടുവില്‍ രാഷ്ട്രീയ വടംവലിയുടെ നാടകമായി പരുവപ്പെട്ടത് ശ്രദ്ധിച്ചിരുന്നോ? എന്ത് തോന്നുന്നു?
ലോ അക്കാദമിയുടെ ചരിത്രവും അടുത്ത കാലത്ത് അവിടെ നടന്ന സമരവും സൂക്ഷ്മമായി പരിശോധിച്ചാല്‍ രാഷ്ട്രീയ കേരളത്തിന്റെ സമകാലാവസ്ഥ വെളിപ്പെടും. സ്വാശ്രയ കാലത്തിനു മുമ്പ് ജനിച്ച ഒരു സ്വാശ്രയ പ്രൊഫഷനല്‍ സ്ഥാപനമാണത്. ഏതെങ്കിലും ജാതിമത സ്ഥാപനത്തിനല്ല ഒരു ട്രസ്റ്റിനാണ് കോളേജ് നടത്താന്‍ സര്‍ക്കാര്‍ അനുവാദം നല്‍കിയത്. രാഷ്ട്രീയ സ്വാധീനമുള്ള സ്ഥാപകന്‍ എല്ലാ കക്ഷികളെയും തൃപ്തിപ്പെടുത്താന്‍ പ്രത്യേകം ശ്രദ്ധിച്ചു. രണ്ടു മുന്നണികളില്‍ നിന്നും ആനുകൂല്യങ്ങള്‍ നേടി വളര്‍ന്ന അക്കാദമി മെല്ലെ കുടുംബ സ്ഥാപനമായി മാറാന്‍ തുടങ്ങി. അതിന്റെ ഫലമായി ഉയര്‍ന്നു വന്ന പ്രശ്നങ്ങളാണ് ചില വിദ്യാര്‍ഥിനികളെ സമരം തുടങ്ങാന്‍ പ്രേരിപ്പിച്ചത്. വിദ്യാര്‍ഥി സംഘടനകള്‍ സ്വന്തം നിലനില്പ് ഭദ്രമാക്കാന്‍ സമരരംഗത്തെത്തി. പ്രധാന ഭരണകക്ഷിയുടെ വിദ്യാര്‍ഥി സംഘടന സര്‍ക്കാര്‍ പിന്തുണയോടെ മാനേജ്മെന്റുമായി ഉണ്ടാക്കിയ ഒത്തുതീര്‍പ്പ് സമരം തുടങ്ങിയവര്‍ക്ക് സ്വീകാര്യമായില്ല. ഒടുവില്‍ അവരെ കൂടി തൃപ്തിപ്പെടുത്താന്‍ സര്‍ക്കാരും മാനേജ്മെന്റും നിര്‍ബന്ധിതരായി.
9. ആഗോളീകരണകാലത്തിന്റെ യഥാര്‍ത്ഥ വിദ്യാഭ്യാസ പ്രതിസന്ധി എന്താണ്? മാനവികതയോ കമ്പോളമോ വലുത് എന്ന ചോദ്യമാണോ അതുയര്‍ത്തുന്നത്?
ആഗോളീകരണത്തിനു മുമ്പ് തന്നെ സ്വാശ്രയ വിദ്യാഭ്യാസം എത്തിയിരുന്നു.
ന്യൂനപക്ഷ അവകാശങ്ങളുടെ തണലിലാണ് അത് കടന്നു വന്നത്. കര്‍ണ്ണാടക സര്‍ക്കാര്‍
മാതൃഭാഷയായ കന്നഡ പഠനഭാഷയാക്കാന്‍
തീരുമാനിച്ചപ്പോള്‍ ഇംഗ്ലീഷ് മീഡിയം മാനേജ്മെന്റുകള്‍ ആ ഭാഷയില്‍ പഠനം തുടരാന്‍
കോടതിയില്‍ നിന്ന്‍ അനുവാദം സമ്പാദിച്ചത് തങ്ങള്‍ ആംഗ്ലോ ഇന്ത്യന്‍ സമുദായത്തിന്റെ
മാതൃഭാഷയിലാണ് പഠനം നടത്തുന്നതെന്ന്
വാദിച്ചുകൊണ്ടാണ്. മണിപ്പാല്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന
സ്വാശ്രയ സ്ഥാപനങ്ങള്‍ ഉയര്‍ന്നു വന്നത് കൊങ്ങിണി സംസാരിക്കുന്ന
ഭാഷാന്യൂനപക്ഷത്തിന്റെ അവകാശത്തിന്റെ പേരിലാണ്. ആ
അവകാശവാദങ്ങള്‍ എത്ര തന്നെ സംശയാസ്പദമാണെങ്കിലും ആ കേസുകളിലെ ഹര്‍ജിക്കാര്‍ ഉയര്‍ന്ന
വിദ്യാഭ്യാസ നിലവാരം നിലനിര്ത്തണമെന്ന ആഗ്രഹാമുള്ളവരായിരുന്നു. എല്ലാം
കമ്പോളത്തിനു വിട്ടുകൊടുക്കുന്ന ആഗോളീകരണകാലത്തുണ്ടായ മാറ്റം അമിതലാഭം
കൊതിക്കുന്നവര്‍ വിദ്യാഭ്യാസരംഗത്ത് തള്ളിക്കയറിയതാണ്.
ലാഭചിന്ത വിദ്യാഭ്യാസ നിലവാരത്തിനു മുകളില്‍ സ്ഥാനം നേടി. സര്‍ക്കാരുകള്‍ക്ക് ആഗോളീകരണത്തെ തടഞ്ഞു നിര്‍ത്താന്‍ കഴിയില്ലായിരിക്കാം.
എന്നാല്‍ അതിന്റെ ഫലമായി ഉയര്‍ന്നു വന്നിട്ടുള്ള പല പ്രശ്നങ്ങള്‍ക്കും
പരിഹാരം കാണാന്‍ സര്‍ക്കാരുകള്‍ക്ക് കഴിയും. അതിനു ശക്തമായ ഒരു നിയമ സംവിധാനാം
ആവശ്യമാണ്. സ്വാശ്രയ മേഖലയെ നിയന്ത്രിക്കാനും നിലവാരം നിലനിര്ത്തുന്നെന്ന് ഉറപ്പു
വരുത്താനും വ്യവസ്ഥ ചെയ്യുന്ന നിയമം വേണം. വിദ്യാഭ്യാസ മേഖലയിലെ ഇന്നത്തെ
പ്രശ്നങ്ങള്‍ക്ക് കമ്പോളവുമായോ മാനവികതയുമായോ
എന്തെങ്കിലും ബന്ധമുണ്ടെന്നു ഞാന്‍ കരുതുന്നില്ല. അടിസ്ഥാനപരമായി അത്
ഭരണാധികാരികളുടെ കഴിവില്ലായ്മയുടെ ഫലമാണ്. രണ്ട് സ്വാശ്രയ കോളേജുകള്‍ സമം ഒരു സര്‍ക്കാര്‍
കോളേജ് എന്ന എ.കെ. ആന്റണിയുടെ പ്രഖ്യാപനം ആരും മറന്നിട്ടുണ്ടാവില്ല. പ്രസ് കോണ്‍ഫറന്‍സ്
പ്രസ്താവത്തിനും മൈതാന പ്രസംഗത്തിനും നിയമ
പ്രാബല്യമില്ലെന്നു അറിയാത്ത ആളല്ല അദ്ദേഹം. ആ സമവാക്യം പ്രാബല്യത്തില്‍
കൊണ്ടുവരാന്‍ നിയമസാധുതയുള്ള എന്തെങ്കിലും നടപടി അദ്ദേഹം എടുത്തതായി വിവരമില്ല.
കോഴപ്പണം വാങ്ങുന്നത് വിലക്കുന്ന നിയമമുണ്ട്. പക്ഷെ കേരളത്തില്‍ അത്
പ്രയോഗിക്കപ്പെട്ടതായി അറിവില്ല. നിയമം പാസാക്കുകയും ഭരണാധികാരികള്‍ അത്
നടപ്പാക്കാനുള്ള ഇച്ഛശക്തി പ്രകടിപ്പിക്കുകയും ചെയ്‌താല്‍ പല പ്രശ്നങ്ങളും പരിഹരിക്കപ്പെടും.
10. ഉന്നതവിദ്യാഭ്യാസരംഗത്ത് വ്യാപകമായിക്കൊണ്ടിരിക്കുന്ന സ്വകാര്യ സര്‍വകലാശാലകളുടെയും വിദേശ സര്‍വകലാശാലകളുടെയും പ്രവര്‍ത്തനങ്ങളെ എങ്ങനെ വിലയിരുത്തുന്നു? ഇന്ത്യന്‍ വിദ്യാഭ്യാസത്തിന്റെ ഭാവി നിശ്ചയിക്കുക ഇനി ഇത്തരം സര്വകലാശാലകളാകുമോ?
കേരളത്തിനു പുറത്ത് നിരവധി സ്വകാര്യ സര്‍വകലാശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പലതും നിലവാരം കുറഞ്ഞവയാണ്. എന്നാല്‍ ഉയര്‍ന്ന നിലവാരം പുലര്ത്തുന്നവയുമുണ്ട്. അതുകൊണ്ട് അവയെ പാടെ തള്ളിപ്പറയാന്‍ ഞാന്‍ ഒരുക്കമല്ല. കേരള സംസ്ഥാനം നിലവില്‍ വരുമ്പോള്‍ ഒരു സര്‍വകലാശാലയെ ഉണ്ടായിരുന്നുള്ളു. യുണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷന്‍ നടത്തിയ ഒരു ചെറു പഠനത്തില്‍ ഗവേഷണ രംഗത്ത് അത് ഇന്ത്യയില്‍ ഏറ്റവും പിന്നിലാണെന്നു വെളിപ്പെട്ടു. ആ പഠന ഫലം ഉദ്ധരിച്ചുകൊണ്ട് മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ ഞാന്‍ ഒരു ലേഖനമെഴുതി. അമ്പതില്‍ പരം കൊല്ലം മുമ്പായിരുന്നു അത്. സിന്‍ഡിക്കേറ്റും സെനറ്റും ആ ലേഖനം ചര്‍ച്ച ചെയ്തു. പക്ഷെ നിലവാരം മെച്ചപ്പെടുത്താനുള്ള ഒരു നടപടിയുമുണ്ടായില്ല. അതിനുശേഷം സര്‍വകലാശാലാ ഭരണ സമിതികളില്‍ രാഷ്ട്രീയ സ്വാധീനമേറി. സര്‍വകലാശാലയെ കൈപ്പിടിയില്‍ ഒതുക്കണമെന്നല്ലാതെ അതിന്റെ നിലവാരം ഉയര്‍ത്തണമെന്ന ചിന്ത രാഷ്ട്രീയ കക്ഷികള്‍ക്കുണ്ടായിട്ടില്ല. അവര്‍ക്ക് നിലവാരം ഉയര്‍ത്താന്‍ കഴിയുന്നില്ലെങ്കില്‍ സ്ഥിതി മെച്ചപ്പെടുത്താനുള്ള നടപടിയെന്ന നിലയില്‍ സ്വകാര്യ സ്ഥാപനങ്ങളെയോ വിദേശ സ്ഥാപനങ്ങളെയോ സര്‍വകലാശാലകള്‍ തുടങ്ങാന്‍ അനുവദിക്കണമെന്നാണ് എന്റെ അഭിപ്രായം. അങ്ങനെ ഉന്നതന്മാരുടെ മക്കള്‍ പുറത്തു പോയി നേടുന്ന തരത്തിലുള്ള വിദ്യാഭ്യാസം പുറത്തയച്ചു പഠിപ്പിക്കാനുള്ള സാമ്പത്തിക ശേഷിയില്ലാത്ത കുടുംബങ്ങളിലെ കുട്ടികള്‍ക്കും ലഭിക്കട്ടെ. സര്‍വകലാശാലകള്‍ അനുവദിക്കുമ്പോള്‍ പഴയ തെറ്റ് ആവര്‍ത്തിക്കരുത്. അനുവാദം നല്‍കും മുമ്പ് സ്ഥാപനങ്ങള്‍ സംസ്ഥാന താല്പര്യങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കുന്നെന്ന് ഉറപ്പുവരുത്താന്‍ വ്യക്തമായ നിയമം ഉണ്ടാക്കണം.11. മാര്‍ക്സ് വിഭാവനം ചെയ്യാത്ത രീതിയില്‍ വളര്‍ന്ന സമൂഹമാണ് മലയാളികള്‍ എന്ന് താങ്കള്‍ പറഞ്ഞിട്ടുണ്ട്. സമകാലിക മലയാളികളില്‍ സാമൂഹികമായ സംവഹനശേഷി കുറഞ്ഞിരിക്കുന്നതും അതുകൊണ്ടാണോ?
കേരളം മാത്രമല്ല എല്ലാ സമൂഹങ്ങളും മാര്‍ക്സ് വിഭാവനം ചെയ്യാത്ത രീതിയിലാണ് മുന്നോട്ടു പോകുന്നത്. മാര്‍ക്സിസം വ്യാവസായികയുഗത്തിന്റെ ഉല്പന്നമാണ്. വ്യാവസായിക വിപ്ലവം നടന്ന രാജ്യങ്ങള്‍ ആ ഘട്ടം പിന്നിട്ട് വ്യാവസായികോത്തര യുഗത്തില്‍ പ്രവേശിച്ചു കഴിഞ്ഞു. പഴയ കാല സംഭവങ്ങള്‍ വിശകലനം ചെയ്യുന്നതില്‍ അസാമാന്യമായ വൈഭവം കാട്ടിയ മാര്‍ക്സിനു ഈ മാറ്റം മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞില്ല. ചില സമൂഹങ്ങള്‍ ഇനിയും വ്യാവസായിക യുഗത്തില്‍ എത്തിയിട്ടില്ല. ആ യുഗത്തില്‍ പ്രവേശിക്കാതെ തന്നെ ഒരുപക്ഷെ അവയ്ക്ക് വ്യാവസായികോത്തര യുഗത്തിലേക്ക് കടക്കാനായേക്കും. വ്യാവസായിക യുഗത്തിലെ ചൂഷണത്തിനെതിരായ സമരത്തിന്റെ ഫലമായി തൊഴിലാളിവര്‍ഗ്ഗം നേടിയ “എട്ടു മണിക്കൂര്‍ അധ്വാനം, എട്ടു മണിക്കൂര്‍ ഉല്ലാസം, എട്ടു മണിക്കൂര്‍ വിശ്രമം” എന്ന ആശയത്തെ വ്യാവസായികോത്തര യുഗം അപ്രസക്തമാക്കി കഴിഞ്ഞു. അമേരിക്കക്കാരന്‍ ഉണര്‍ന്നിരിക്കുന്ന സമയത്ത് പണിയെടുക്കാന്‍ മറ്റ് രാജ്യങ്ങളിലെ ജനങ്ങള്‍ ഇന്ന് നിര്‍ബന്ധിതരാകുന്നു. പുതിയ കാലത്തെ ചൂഷണം ഇതുവരെ ലോകത്ത് ചര്‍ച്ചാവിഷയം പോലുമായിട്ടില്ല. വ്യാവസായികയുഗത്തിലൂടെ കടന്നു പോകാതെ വ്യാവസായികോത്തര യുഗത്തിലേതിനു സമാനമായ സാമൂഹ്യ നേട്ടങ്ങള്‍ കൈവരിച്ച പ്രദേശമാണ് കേരളം. പക്ഷെ കേരള സമൂഹത്തിന്റെ സ്വഭാവം കൃത്യമായി നിര്‍വചിക്കാന്‍ കഴിയില്ല. ഇത് കാര്‍ഷിക സമൂഹമല്ല, വ്യാവസായിക സമൂഹവുമല്ല, വ്യാവസായികോത്തര സമൂഹവുമല്ല.
12. കേരളത്തിന്റെ പൊതുവിദ്യാഭ്യാസരംഗം സമൂലമായ അഴിച്ചുപണിക്ക് വിധേയമാക്കി പുനര്‍നിര്‍മ്മിക്കാന്‍ താങ്കളുടെ നിര്‍ദ്ദേശങ്ങള്‍..?
കാര്‍ഷിക സമൂഹത്തിന്റെയും
വ്യാവസായികയുഗത്തിന്റെയും വ്യാവസായികോത്തരയുഗത്തിന്റെയും
അംശങ്ങള്‍ ഇവിടെയുണ്ട്. ഈ വസ്തുത കണക്കിലെടുത്തുകൊണ്ടാണു കേരളം വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള
വിഷയങ്ങളില്‍ നയം രൂപീകരിക്കേണ്ടത്. അതിനു മുതിരുമ്പോള്‍സ്വാഭാവികമായും അതൊരു അഴിച്ചു
പണിയാകും. ഇവിടെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ഭരണകൂടങ്ങള്‍
പരാജയപ്പെട്ടതുകൊണ്ടാണ് ആളുകള്‍ തൊഴിലന്വേഷിച്ച് രാജ്യത്തിന്റെ ഇതരഭാഗങ്ങിലേക്കും
വിദേശത്തേക്കും ചേക്കേറുന്നത്. ഈ സ്ഥിതിവിശേഷം തുടരാനുള്ള സാധ്യതയുള്ളതു കൊണ്ട്
വിദേശ തൊഴില്‍ വിപണികളുടെ ആവശ്യങ്ങള്‍ കൂടി
കണക്കിലെടുത്തു കൊണ്ടു വിദ്യാഭ്യാസരംഗം നവീകരിക്കണം. മലയാളികള്‍ ചെയ്യാന്‍
തയ്യാറല്ലാത്ത പണികള്‍ ചെയ്യാന്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും ആളുകളെത്തുന്നു.
അത്തരം തൊഴിലുകളുടെ പദവി ഉയര്‍ത്തിയാല്‍ മലയാളികള്‍ അവ ഏറ്റെടുക്കാന്‍ മുന്നോട്ടു
വറാന്‍ ഇടയുണ്ട്. അnത്തരം ജോലികള്‍ക്ക് യുവാക്കളെ
പരിശീലിപ്പിക്കുന്നതിനായി അമേരിക്കയിലെ കമ്മ്യൂണിറ്റി കോളേജുകളുടെ മാതൃകയില്‍ സ്ഥാപനങ്ങള്‍ ഉണ്ടാക്കാവുന്നതാണ്. നിയമനങ്ങളിലും ഉദ്യോഗക്കയറ്റത്തിലും
ഇപ്പോള്‍ അക്കാദമിക മികവിനെക്കാള്‍ നിര്‍ണ്ണായകമായ ഘടകം
ഭരണകക്ഷിയോടും അതിന്റെ യൂണിയനോടുമുള്ള കൂറാണ്. ഈ സ്ഥിതിയില്‍
മാറ്റമുണ്ടാകാത്തിടത്തോളം സര്‍വകലാശാലകളുടെ നിലവാരം മെച്ചപ്പെടില്ല.
No comments:
Post a Comment