Wednesday, April 27, 2016

മുഖ്യ ന്യായാധിപന്റെ വിലാപം

ബി ആർ പി ഭാസ്കർ
 ജനയുഗം
ഡൽഹിയിൽ ഞായറാഴ്ച നടന്ന മുഖ്യമന്ത്രിമാരുടെയും ഹൈക്കോടതി ചീഫ്‌ ജസ്റ്റിസുമാരുടെയും സമ്മേളന നടപടികളിൽ നിന്നു അതീവ പ്രാധാന്യമർഹിക്കുന്ന ഒരു ചോദ്യം ഉയരുന്നു: നമ്മുടെ നീതിന്യായവ്യവസ്ഥ എവിടെ എത്തിനിൽക്കുന്നു, എങ്ങോട്ടാണ്‌ അത്‌ പോകുന്നത്‌?

ഏതാണ്ട്‌ മൂന്നു കോടി കേസുകൾ രാജ്യത്തെ വിവിധ കോടതികളിൽ കെട്ടിക്കിടക്കുകയാണ്‌. നീതിന്യായ സംവിധാനത്തിന്റെ സുഗമമായ പ്രവർത്തനത്തിന്‌ 40,000 ജഡ്ജിമാർ വേണമെന്ന്‌ നിയമ കമ്മിഷൻ 1987ൽ കണക്കാക്കുകയുണ്ടായി. ഏതാണ്ട്‌ 30 കൊല്ലത്തിനുശേഷം ഇന്ന്‌ ആകെയുള്ളത്‌ 15,000 ജഡ്ജിമാരാണ്‌. ഇത്രയും കുറച്ചു ജഡ്ജിമാരെവച്ച്‌ കെട്ടിക്കിടക്കുന്ന കേസുകളിൽ എങ്ങനെ തീർപ്പു കൽപിക്കാനാകുമെന്ന്‌ ഇന്ത്യയുടെ ചീഫ്‌ ജസ്റ്റിസായ ടി എസ്‌ താക്കൂർ വികാരാധീനനായി ചോദിച്ചു. ജനാധിപത്യവ്യവസ്ഥയിൽ സുപ്രധാനമായ പങ്കുള്ള നീതിന്യായ സംവിധാനത്തിന്റെ ആരോഗ്യകരമായ നിലനിൽപ്പിൽ താൽപര്യമുള്ളവർ ആ ചോദ്യത്തെ നേരിട്ടേ മതിയാകൂ.

ജസ്റ്റിസ്‌ താക്കൂർ എല്ലാ തലങ്ങളിലുമുള്ള കോടതികളിലെ ജഡ്ജിമാരുടെയും കേസുകളുടെയും കുറിച്ച്‌ പരാമർശിച്ചെങ്കിലും വിലാപത്തിനു കാരണമായത്‌ ഉയർന്ന കോടതികൾ ഇപ്പോൾ അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ്‌. ഉയർന്ന കോടതി ജഡ്ജിമാരെ തെരഞ്ഞെടുക്കുന്നതിന്‌ ഒരു നാഷണൽ ജുഡിഷ്യൽ കമ്മിഷൻ രൂപീകരിക്കാൻ വ്യവസ്ഥ ചെയ്യുന്ന നിയമം സുപ്രിം കോടതി ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിച്ചതിലുള്ള നീരസം പ്രകടിപ്പിക്കുന്നതിന്‌ നരേന്ദ്രമോഡി സർക്കാർ അവലംബിച്ചിട്ടുള്ള മാർഗങ്ങളിലൊന്ന്‌ സുപ്രിം കോടതി ചീഫ്‌ ജസ്റ്റിസും മുതിർന്ന ജഡ്ജിമാരുമടങ്ങുന്ന കൊളീജിയത്തിന്റെ ശുപാർശകളുടെ മേൽ അടയിരിക്കുകയെന്നതാണ്‌. അതിന്റെ ഫലമായി കൊളീജിയം നിർദ്ദേശിച്ച 170 പേരുടെ നിയമനം മുടങ്ങിയിരിക്കുകയാണ്‌. അവരെ സംബന്ധിച്ച ഇന്റലിജൻസ്‌ വകുപ്പിന്റെ റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്ന സർക്കാരിന്റെ വിശദീകരണം ബാലിശമാണ്‌. ഇത്തരം കാര്യങ്ങളിൽ കാലതാമസം ഒഴിവാക്കണമെന്ന്‌ പൊലീസുദ്യോഗസ്ഥർക്കറിയാം. അവർ റിപ്പോർട്ട്‌ വൈകിപ്പിക്കുന്നെങ്കിൽ അത്‌ രാഷ്ട്രീയ യജമാനന്മാരുടെ താൽപര്യപ്രകാരമാകണം.

എക്സിക്യൂട്ടീവും ജുഡിഷ്യറിയും തമ്മിൽ ദീർഘകാലമായി അധികാരമത്സരം നടക്കുകയാണ്‌. ജവഹർലാൽ നെഹ്രുവിന്റെ കാലശേഷം എക്സിക്യൂട്ടിവ്‌ ദുർബലപ്പെട്ടപ്പോൾ സുപ്രിം കോടതി എക്സിക്യൂട്ടീവിന്റെയും പാർലമെന്റിന്റെയും അധികാരപരിധി ചുരുക്കാൻ ശ്രമം തുടങ്ങി. ഭരണഘടന ഭേദഗതി ചെയ്യാനുള്ള പാർലമെന്റിന്റെ അധികാരം നിയന്ത്രണ വിധേയമല്ലെന്ന്‌ പല വിധികളിലും ആവർത്തിച്ചു പറഞ്ഞ സുപ്രിം കോടതി 1967ലെ ഗോലക്‌ നാഥ്‌ കേസ്‌ വിധിയിൽ മൗലികാവകാശങ്ങൾ സംബന്ധിച്ച അധ്യായത്തിൽ മാറ്റം വരുത്താൻ അതിന്‌ അധികാരമില്ലെന്ന്‌ പ്രഖ്യാപിച്ചു. കോൺഗ്രസിന്‌ ഭരണഘടന ഭേദഗതി ചെയ്യാനാവശ്യമായ മൂന്നിൽ രണ്ട്‌ ഭൂരിപക്ഷം നഷ്ടപ്പെട്ട ശേഷമായിരുന്നു ഇത്‌.
പിന്നീട്‌ കേശവാനന്ദ ഭാരതി കേസിൽ കോടതി അൽപം പിന്നോട്ടു പോയി. പാർലമെന്റിന്‌ മൗലികാവകാശങ്ങളിൽ മാറ്റം വരുത്താമെന്നും എന്നാൽ ഭരണഘടനയുടെ അടിസ്ഥാന ഘടനയിൽ മാറ്റം വരുത്താനാകില്ലെന്നും ആ വിധിയിൽ കോടതി പറഞ്ഞു. ഇതിനിടെ 1971ൽ ലോക്സഭയിലേക്കും 1972ൽ നിയമസഭകളിലേക്കും നടന്ന തെരഞ്ഞെടുപ്പുകളിലൂടെ ഇന്ദിരാഗാന്ധി കൂടുതൽ ശക്തി ആർജ്ജിച്ചിരുന്നു.

സുപ്രിം കോടതിയിലെയും ഹൈക്കോടതികളിലെയും ചീഫ്‌ ജസ്റ്റിസുമാരെയും ജഡ്ജിമാരെയും നിയമിക്കുന്നത്‌ രാഷ്ട്രപതിയാണ്‌. അദ്ദേഹം മന്ത്രിസഭയുടെ ഉപദേശാനുസരണം പ്രവർത്തിക്കാൻ ബാധ്യസ്ഥനാണ്‌. സുപ്രിം കോടതിയിലേക്ക്‌ നിയമനം നടത്തുമ്പോൾ അദ്ദേഹം ചീഫ്‌ ജസ്റ്റിസിന്റെയും ഉചിതമെന്നു കരുതുന്ന മറ്റ്‌ ജഡ്ജിമാരുടെയും അഭിപ്രായം തേടണമെന്ന്‌ ഭരണഘടന അനുശാസിക്കുന്നു. ഹൈക്കോടതി ജഡ്ജിമാരെ നിയമിക്കുമ്പോൾ ഇന്ത്യയുടെ ചീഫ്‌ ജസ്റ്റിസിനെ കൂടാതെ സംസ്ഥാന ഗവർണർ, മൂഖ്യമന്ത്രി, ഹൈക്കോടതി ചീഫ്‌ ജസ്റ്റിസ്‌ എന്നിവരുടെയും അഭിപ്രായം തേടേണ്ടതുണ്ട്‌. എക്സിക്യൂട്ടീവിന്‌ മേൽക്കൈ നൽകുന്ന ഈ വ്യവസ്ഥകളെ മുന്നു വിധിന്യായങ്ങളിലൂടെ സുപ്രിം കോടതി മാറ്റി മറിച്ചതിന്റെ ഫലമായി ജഡ്ജിമാരുടെ നിയമനത്തിൽ ഇപ്പോൾ അവസാന വാക്ക്‌ ചീഫ്‌ ജസ്റ്റിസും സുപ്രിം കോടതിയിലെ ഏതാനും മുതിർന്ന ജഡ്ജിമാരുമടങ്ങുന്ന കൊളീജിയത്തിന്റേതാണ്‌.

ജഡ്ജിമാർ തന്നെ ജഡ്ജിമാരെ നിയമിക്കുന്ന രീതി ലോകത്ത്‌ മറ്റൊരു രാജ്യത്തുമില്ല. അത്‌ അടിസ്ഥാനപരമായി ജനാധിപത്യപരവുമല്ല. വസ്തുനിഷ്ഠമായി വിലയിരുത്തുമ്പോൾ കൊളീജിയം നിലവിൽ വന്നശേഷം നിയമിതരായവർ നേരത്തെയുണ്ടായിരുന്നവരേക്കാൾ മികവുള്ളവരാണെന്ന്‌ കരുതാൻ ഒരു കാരണവുമില്ല. അതേസമയം ജഡ്ജിമാരുടെ നിയമനത്തിൽ അവസാന വാക്ക്‌ സർക്കാരിനു നൽകുന്നത്‌ കോടതികളുടെ സ്വതന്ത്ര പ്രവർത്തനം അസാധ്യമാക്കുമെന്നതുകൊണ്ട്‌ ആശാസ്യമല്ലെന്ന്‌ കരുതുന്നവരുമുണ്ട്‌. ഈ സാഹചര്യത്തിൽ ജഡ്ജിമാരെ തെരഞ്ഞെടുക്കുന്ന ചുമതല സർക്കാർ പ്രതിനിധികളും ചീഫ്‌ ജസ്റ്റിസും പ്രഗത്ഭരായ നിയമജ്ഞരുമടങ്ങുന്ന ഒരു കമ്മിഷനിൽ നിക്ഷിപ്തമാക്കണമെന്ന ആശയം രാജ്യത്ത്‌ ശക്തിപ്രാപിച്ചു. ഈ ആശയം പ്രാവർത്തികമാക്കാൻ കൊണ്ടുവന്ന ബിൽ പാസാകും മുമ്പ്‌ യുപിഎ സർക്കാരിന്റെ കാലാവധി അവസാനിച്ചു. മോഡി സർക്കാർ നിയമം പാസാക്കിയെടുത്തെങ്കിലും സുപ്രിം കോടതി അതു ഭരണഘടനാവിരുദ്ധമാണെന്ന്‌ പറഞ്ഞു അസാധുവാക്കി.
ഭരണഘടനാ സ്ഥാപനങ്ങൾ തമ്മിൽ തർക്കങ്ങളുണ്ടാകുന്നത്‌ സ്വാഭാവികമാണ്‌. ഒന്നു ദുർബലമാകുമ്പോൾ മറ്റൊന്ന്‌ അധികാരം വിപുലീകരിക്കുന്നതും ശക്തി വീണ്ടെടുക്കുമ്പോൾ ആദ്യ സ്ഥാപനം നഷ്ടപ്പെട്ട അധികാരം തിരിച്ചുപിടിക്കാൻ ശ്രമിക്കുന്നതും പരിചിതമായ രീതികളാണ്‌. എന്നാൽ സ്ഥാപനങ്ങളുടെ നടത്തിപ്പുകാർ ഓർക്കേണ്ട ചില വസ്തുതകളുണ്ട്‌. എല്ലാ സ്ഥാപനങ്ങളുടെയും അധികാരത്തിന്റെ സ്രോതസ്‌ ഭരണഘടനയാണ്‌. അത്‌ ആമുഖം വ്യക്തമാക്കുന്നതുപോലെ, ഇന്ത്യയിലെ ജനങ്ങൾ നിർമിച്ചതും അവർക്കു തന്നെ സമർപ്പിച്ചിട്ടുള്ളതുമാണ്‌. അതായത്‌, എല്ലാ അധികാരത്തിന്റെയും പ്രഭവകേന്ദ്രം ജനങ്ങളാണ്‌.

രണഘടന വ്യാഖ്യാനിക്കാനല്ലാതെ അത്‌ മാറ്റിയെഴുതാനുള്ള അധികാരമോ അവകാശമോ സുപ്രിം കോടതിക്കില്ല. ആ പരിമിതി മറന്നു കൊണ്ടെടുത്ത തീരുമാനങ്ങളിലൂടെ അത്‌ ചില അധികാരങ്ങൾ നേടിയിട്ടുണ്ട്‌. ചീഫ്‌ ജസ്റ്റിസിന്റെയും ജഡ്ജിമാരുടെയും നിയമനത്തിലുള്ള മേൽകൈ ഉപയോഗിച്ച്‌ രാഷ്ട്രീയ ഭരണാധികാരികൾ ജുഡിഷ്യറിയുടെ പ്രവർത്തനസ്വാതന്ത്ര്യത്തെ ഹനിക്കാൻ ശ്രമിക്കുന്നെന്ന ചിന്തയാണ്‌ സ്വന്തം അധികാരപരിധി വിപുലീകരിക്കാൻ ജഡ്ജിമാരെ പ്രേരിപ്പിച്ചത്‌. ആ ചിന്ത തെറ്റായിരുന്നെന്ന്‌ പറയാനാവില്ല. അതേസമയം അതിന്‌ കണ്ടെത്തിയ പ്രതിവിധിയിലെ ജനാധിപത്യവിരുദ്ധത ജഡ്ജിമാർ തിരിച്ചറിയണം. അതിലൂടെ നേടിയ അധികാരങ്ങൾ കൈവിടാൻ സർവോന്നത കോടതി തയാറാകണം. ഇത്‌ പൊടുന്നനെ ചെയ്യാനാവുന്നതല്ല പ്രത്യേകിച്ചും ഭരണകൂടം ജനാധിപത്യവിരുദ്ധമായ നടപടികളുമായി മുന്നോട്ടു പോകുമ്പോൾ മോഡി സർക്കാരിന്റെ ആദ്യ നടപടികളിലൊന്ന്‌ മുൻ ചീഫ്‌ ജസ്റ്റിസ്‌ പി സദാശിവത്തെ കേരളത്തിലെ ഗവർണറായുള്ള നിയമനമാണ്‌. മോഡി അദ്ദേഹത്തിന്‌ ആ സ്ഥാനം നൽകിയതും അദ്ദേഹം അത്‌ സ്വീകരിച്ചതും പ്രലോഭനങ്ങൾക്ക്‌ വശംവദരാകാനിടയുള്ള ജഡ്ജിമാരുടെ മുന്നിൽ ഒരു സാധ്യത തുറന്നുവെന്ന്‌ പറയാതിരിക്കാൻ വയ്യ.

നാഷണൽ ജുഡിഷ്യൽ കമ്മിഷൻ സ്ഥാപിക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ടു പോകാനുള്ള അവകാശം സർക്കാരിനുണ്ട്‌. എന്നാൽ സമ്മർദ്ദതന്ത്രമെന്ന നിലയിൽ കൊളീജിയത്തിന്റെ ശുപാർശകൾ തടയുന്നതിനോട്‌ യോജിക്കാനാവില്ല. അത്‌ നീതിന്യായ സംവിധാനത്തിന്റെ പ്രവർത്തനം തടസപ്പെടുത്തുക വഴി ജനങ്ങൾക്ക്‌ ബുദ്ധിമുട്ടുണ്ടാക്കും.

ചീഫ്‌ ജസ്റ്റിസിന്റെ വിലാപത്തെ തുടർന്ന്‌ പ്രശ്നം നേരിട്ട്‌ സംസാരിച്ച്‌ തീർക്കാമെന്ന്‌ പ്രധാനമന്ത്രി പറഞ്ഞതായി റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട്‌. ജനാധിപത്യ വ്യവസ്ഥയുടെ ഭാവി നിർണയിക്കുന്ന ഒരു പ്രശ്നമാണിത്‌. മോഡിയും താക്കൂറും വാതിലടച്ചിരുന്നു സംസാരിച്ചു തീർക്കേണ്ട വിഷയമല്ലിത്‌. വ്യാപകമായ ചർച്ചകളിലൂടെ സുതാര്യമായ രീതിയിലാണ്‌ ഇതിന്‌ പരിഹാരം കാണേണ്ടത്‌.

ജസ്റ്റിസ്‌ താക്കൂർ നീതിന്യായ വ്യവസ്ഥ കൂടുതൽ ജനോപകാരപ്രദമാക്കുന്നതിനുള്ള മാർഗങ്ങളെ ക്കുറിച്ച്‌ ആലോചിക്കണം. കേസുകൾ കെട്ടിക്കിടക്കുന്നത്‌ ജഡ്ജിമാരുടെ എണ്ണം കുറവായതുകൊണ്ടു മാത്രമല്ല. കോടതി നടപടികളിലെ കാലതാമസവും അതിന്‌ കാരണമാകുന്നുണ്ട്‌. നടപടിക്രമങ്ങൾ പരിഷ്കരിച്ച്‌ വിചാരണ പ്രക്രിയ വേഗത്തിലാക്കാവുന്നതാണ്‌. വിദൂര ബെഞ്ചുകൾ സ്ഥാപിക്കാനുള്ള വൈമുഖ്യം സുപ്രിം കോടതി ഉപേക്ഷിക്കണം. അത്‌ കോടതി കൂടുതൽ ആളുകൾക്ക്‌ പ്രാപ്യമാക്കും.

No comments: