Friday, April 15, 2016

കേരളത്തിലെ പ്രത്യക്ഷ-പ്രച്ഛന്ന വർഗീയതകൾ

ബി.ആർ.പി. ഭാസ്കർ
ജനശക്തി

ആർ.എസ്.എസ്. കേരളത്തിലെ ബി.ജെ.പിയുടെ നിയന്ത്രണം നേരിട്ട് ഏറ്റെടുത്തിരിക്കുന്നു എന്നതാണ് ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒരു പ്രത്യേകത. ഇന്ത്യയിൽ ആർ.എസ്.എസിന് ഏറ്റവും കൂടുതൽ ശാഖകളുള്ളത് ഇവിടെയാണെന്ന് പറയപ്പെടുന്നു. ആദ്യം ജനസംഘത്തിലൂടെയും പിന്നീട് ഭാരതീയ ജനതാ പാർട്ടിയിലൂടെയും ആർ.എസ്.എസ് ഇവിടെ ഏറെക്കാലമായി സജീവമായിരുന്നെങ്കിലും കാര്യമായ മുന്നേറ്റം നടത്താനായില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 140ൽ 138 മണ്ഡലങ്ങളിലും ബി.ജെ.പി. സ്ഥാനാർത്ഥികളെ നിർത്തി. ഒരാൾക്കുപോലും ജയിക്കാനായില്ലെന്നു തന്നെയല്ല 138ൽ 133 സ്ഥാനാർത്ഥികൾക്കും കെട്ടിവെച്ച പണം നഷ്ടപ്പെട്ടു. എന്നാൽ ലോക് സഭാ തെരഞ്ഞെടുപ്പിൽ അതിനു വോട്ടുവിഹിതം മെച്ചപ്പെടുത്താൻ കഴിഞ്ഞു. പിന്നീട് നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം ഉൾ‌പ്പെടെ ചില നഗരങ്ങളിൽ അത്  മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ ഇത്തവണ നിയമസഭയിൽ ഇടം നേടാനാകുമെന്ന പ്രതീക്ഷ ഹിന്ദുത്വ ചേരിക്കുണ്ട്.

കുറച്ചു കാലം മുമ്പ് ആർ.എസ്.എസിന്റെ മലയാള പ്രസിദ്ധീകരണമായ കേസരി ബി.ജെ.പിക്ക് കേരളത്തിൽ മുന്നേറാൻ കഴിയാത്തതെന്താണെന്ന് ചിലരോട് ചോദിക്കുകയുണ്ടായി. ശ്രീനാരായണ ഗുരുവും അയ്യങ്കാളിയും നയിച്ച സാമൂഹ്യ നവീകരണ പ്രസ്ഥാനങ്ങൾ സൃഷ്ടിച്ച നവോത്ഥാന പരിസരം ബി.ജെ.പി. പ്രതിനിധാനം ചെയ്യുന്ന ഹിന്ദുത്വത്തിന്റെ വളർച്ചക്ക് അനുകൂലമല്ലെന്ന അഭിപ്രായമാണ് ഞാൻ അന്ന് രേഖപ്പെടുത്തിയത്. അതിനുശേഷം ബി.ജെ.പിക്ക് വളരാൻ കഴിഞ്ഞിട്ടുണ്ടെന്ന വസ്തുത അംഗീകരിക്കാൻ ഞാൻ ബാധ്യസ്ഥനാണ്. മുഖ്യധാരാ രാഷ്ട്രീയകക്ഷികളുടെ പ്രവർത്തനത്തിൽ പ്രകടമാകുന്ന നവോത്ഥാനമൂല്യശോഷണമാണ്  അതിനു  വളരാനാകുന്ന സാഹചര്യം സൃഷ്ടിച്ചത്. ശ്രീനാരായണൻ 1888ൽ അരുവിപ്പുറത്ത് ശിവ പ്രതിഷ്ഠ നടത്തിയപ്പോൾ ജാതിഭേദവും മതദ്വേഷവുമില്ലാതെ എല്ലാവരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനം എന്ന ഉദാത്തമായ സങ്കല്പം മലയാളിയുടെ മുന്നിൽ വെച്ചു. അന്നു മുതൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ 1957ലെ തെരഞ്ഞെടുപ്പു വിജയം വരെയുള്ള ചരിത്രം ആ ലക്ഷ്യത്തിലേക്കുള്ള നീക്കത്തിന്റെ ചരിത്രമാണ്. കമ്മ്യൂണിസ്റ്റ് സർക്കാരിനെ പുറത്താക്കാൻ ജാതിമത സംഘടനകളുടെ പിന്തുണയോടെ രാഷ്ട്രീയ എതിരാളികൾ നടത്തിയ പ്രക്ഷോഭം നവോത്ഥാനം പുറന്തള്ളിയ പ്രതിലോമതകൾക്ക് തിരിച്ചുവരാൻ അവസരം നൽകി.പിന്നത്തെ ചരിത്രം തിരിച്ചു പോക്കിന്റേതാണ്
 
ഒരു ഹിന്ദു വോട്ടുബാങ്കുണ്ടാക്കി അധികാരത്തിലേറുകയെന്ന ലക്ഷ്യത്തോടെയാണ് സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ ഭാഗമല്ലാതിരുന്ന ആർ.എസ്.എസ്. ഒന്നാം പൊതുതെരഞ്ഞെടുപ്പിനു മുമ്പായി ജനസംഘത്തിന്റെ രൂപീകരണത്തിൽ പങ്കാളിയായത്. ഗാന്ധിവധത്തെ തുടർന്ന് നിരോധിക്കപ്പെട്ട ആ സംഘടന പ്രവർത്തന സ്വാതന്ത്ര്യം വീണ്ടെടുത്തത് രാഷ്ട്രീയത്തിൽ ഇടപെടാതെ സാംസ്കാരിക സംഘടനയായി കഴിഞ്ഞുകൊള്ളാമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ്. അതുകൊണ്ടാണ് മറ്റൊരു സാംഘടന ആവശ്യമായത്. ജനസംഘത്തിന്റേത് ഹിന്ദുത്വത്തിന്റെ ഏക ശബ്ദമായിരുന്നില്ല. നേരത്തെ രാഷ്ട്രീയ രംഗത്തുണ്ടായിരുന്ന ഹിന്ദു മഹാസഭ, സന്യാസിമാരെ മുന്നിൽ ‌നിർത്തി രൂപീകരിക്കപ്പെട്ട രാമ രാജ്യ പരിഷത്ത് എന്നീ സംഘടനകളും ആദ്യ തെരഞ്ഞെടുപ്പിൽ മത്സരിച്ചു. മതനിരപേക്ഷ കക്ഷികൾ, പ്രത്യേകിച്ച് ജവഹർലാൽ നെഹ്രുവിന്റെ കോൺഗ്രസ്, വർഗീയതക്കെതിരെ ശക്തമായ നിലപാട് എടുത്തതുകൊണ്ട് വിഭജനത്തെ തുടർന്ന് ലഹളകൾ നടന്ന ഉത്തരേന്ത്യയിൽ പോലും അവയ്ക്ക് മുന്നേറാനായില്ല. മുസ്ലിങ്ങൾ കൂട്ടത്തോടെ പാകിസ്താനിലേക്ക് പലായനം ചെയ്ത പഞ്ചാബിലെ അംബാലയിൽ (ഇപ്പോൾ ഈ സ്ഥലം ഹരിയാനയിലാണ്) അവശേഷിച്ച ഏക മുസ്ലിം കുടുംബത്തിലെ ഗാഫർ ഖാനെയാണ്  കോൺഗ്രസ് നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കിയത്. തുടർച്ചയായി മുന്നു തവണ അദ്ദേഹം ആ മണ്ഡലത്തെ പ്രതിനിധീകരിച്ചു. മതനിരപേക്ഷ കക്ഷികൾ വർഗീയതയോട് മൃദുസമീപനം സ്വീകരിക്കാൻ തുടങ്ങിയതോടെ ഹിന്ദുത്വ ചേരി വളരാൻ തുടങ്ങി. നിയമനിർമ്മാണത്തിലൂടെ ഷാബാനു കേസ് വിധി അട്ടിമറിക്കുകയും അമ്പല മുറ്റത്തുനിന്ന് തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുകയും ചെയ്ത രാജീവ് ഗാന്ധിയും ബാബ്രി മസ്‌ജിദ് പൊളിക്കാൻ ആർ.എസ്. എസുകാർ അയോധ്യയിലെത്തിയപ്പോൾ പൂജാമുറിയിൽ കയറി കതകടച്ച പി.വി. നരസിംഹറാവും ഫലത്തിൽ അതിന് സഹായിച്ചവരാണ്.    

കേരള രാഷ്ട്രീയത്തിൽ മതവിഭാഗീയതക്ക് തുടക്കം കുറിച്ചത് ഇൻഡ്യൻ യൂണിയൻ മുസ്ലിം ലീഗാണ്.  അതിന്റെ വേരുകൾ വിഭജനത്തിനു മുമ്പുള്ള  കാലത്തേക്ക് നീളുന്നു. ദക്ഷിണാഫ്രിക്കയിൽ നിന്ന് തി രിച്ചെത്തിയപ്പോൾ മുസ്ലിങ്ങളെ ദേശീയ പ്രസ്ഥാനത്തോട് അടുപ്പിക്കുന്നതിനുള്ള മാർഗ്ഗങ്ങളെ കുറിച്ച് ഗൌരവപൂർവം ചിന്തിച്ചിരുന്നതായി ഗാന്ധി ആത്മകഥയിൽ പറയുന്നുണ്ട്. അവരെ അലട്ടുന്ന പ്രശ്നങ്ങൾ ഏറ്റെടുത്തുകൊണ്ട് ഹിന്ദു-മുസ്ലിം ഐക്യം കെട്ടിപ്പടുക്കാനാകുമെന്ന് അദ്ദേഹം കണക്കുകൂട്ടി. ഒന്നാം ലോകമഹായുദ്ധത്തിലെ പരാജയത്തെ തുടർന്ന് ഇസ്ലാമിന്റെ പുണ്യസ്ഥലങ്ങൾക്കുമേലുള്ള നിയന്ത്രണം നഷ്ടപ്പെട്ട തുർക്കി സുൽത്താന്റെ ഖാലിഫ് പദവി പുന:സ്ഥാപിക്കണമെന്ന് ഇന്ത്യയിലെ ചില മുസ്ലിം പണ്ഡിതന്മാർ ബ്രിട്ടീഷുകാരോട് ആവശ്യപ്പെട്ടിരുന്നു. ആ ആവശ്യത്തെ പിന്തുണച്ചാൽ മുസ്ലിങ്ങൾ കോൺഗ്രസിനോട് അടുക്കുമെന്ന് ഗാന്ധി കരുതി. അന്ന് കോൺഗ്രസുകാരനായിരുന്ന മുഹമ്മദ് അലി ജിന്ന ഉൾപ്പെടെ പല നേതാക്കളും അതിനോട് യോജിച്ചില്ല. എന്നാൽ കോൺഗ്രസിനെക്കൊണ്ട് തന്റെ നിലപാട് അംഗീകരിപ്പിക്കാൻ ഗാന്ധിക്ക് കഴിഞ്ഞു. പ്രക്ഷോഭം അക്രമരഹിതമാകണം എന്ന നിബന്ധന മാത്രമാണ് അദ്ദേഹം ഖിലാഫത്ത് നേതാക്കളുടെ മുന്നിൽ വെച്ചത്. മലബാറിൽ പ്രക്ഷോഭം അക്രമാസക്തമായി. ഹിന്ദു-മുസ്ലീം ചേരിതിരിവുമുണ്ടായി. ബ്രിട്ടീഷു സർക്കാർ മലബാർ സ്പെഷ്യൽ പൊലീസ് എന്ന സേനയുണ്ടാക്കി. മുസ്ലിം മേഖലയിൽ വലിയ തോതിൽ അടിച്ചമർത്തൽ നടന്നു. പ്രശ്നത്തിൽ ഫലപ്രദമായി ഇടപെടാൻ ഗാന്ധിക്കൊ കോൺഗ്രസിന്റെ പ്രദേശിക നേതാക്കൾക്കൊ കഴിഞ്ഞില്ല.

അന്നത്തെ ചേരിതിരിവ് മതപരമായിരുന്നോ വർഗപരമായിരുന്നോ എന്നത് ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുള്ള വിഷയമാണ്. അടിസ്ഥാനവികാരം എന്തു തന്നെയായിരുന്നാലും ഹിന്ദുക്കളും മുസ്ലിങ്ങളും അന്യോന്യം സംശയത്തൊടെ വീക്ഷിക്കാൻ തുടങ്ങിയെന്നതിൽ സംശയമില്ല. കോൺഗ്രസ് വിട്ട് ആൾ ഇൻഡ്യാ മുസ്ലിം ലീഗിന്റെ നേതൃത്വം ഏറ്റെടുത്ത  ജിന്ന പ്രത്യേക മുസ്ലിം രാഷ്ട്രം എന്ന മുദ്രാവാക്യം ഉയർത്തിയപ്പോൾ മലബാറിൽ അതിന് പിന്തുണ ലഭിച്ചു. വിഭജനത്തോടെ ലീഗിന് ഇന്ത്യയിലും കോൺഗ്രസിന്  പാകിസ്ഥാനിലും നിലനില്പില്ലാതായി. മലബാറിലെ ലീഗിന്റെ നേതാവായിരുന്ന ആറ്റക്കോയ തങ്ങൾ പാകിസ്താനിലേക്ക് കുടിയേറി. ജിന്ന അദ്ദേഹത്തെ ഇൻഡൊനേഷ്യയിലെ പാകിസ്ഥാൻ സ്ഥാനപതിയായി  നിയമിച്ചു.

ഇന്ത്യയിലെ അവശേഷിക്കുന്ന ലീഗു നേതാക്കൾ മദ്രാസിൽ യോഗം ചേർന്ന് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് എന്ന പേരിൽ പുതിയ സംഘടനക്ക് രൂപം നൽകി. വിഭജനത്തിനുത്തരവാദികളായവർ എന്ന പഴി ഒഴിവാക്കാനാണ് പുതിയ പേരു സ്വീകരിച്ചത്.  ഐ.യു.എം.എൽ പിളർന്നപ്പോൾ വിമതർ ആൾ ഇൻഡ്യാ മുസ്ലിം ലീഗ് എന്ന പഴയ പേർ സ്വീകരിച്ചു. കുറച്ചുകാലം ഐ.യു.എം.എൽ കോൺഗ്രസിനൊപ്പവും എ.ഐ.എം.എൽ സി.പി.എമ്മിനൊപ്പവും കഴിഞ്ഞശേഷം അവ ഒന്നിച്ചു. പാർട്ടി വീണ്ടൂം പിളർന്നപ്പോൾ വിമതർ മതപരാമർശം ഒഴിവാക്കി ഇൻഡ്യൻ നാഷനൽ ലീഗ് എന്ന് പേരു സ്വീകരിച്ചത്  എൽ.ഡി.എഫ് പ്രവേശത്തിന് അത് സഹായകമാകുമെന്ന് കരുതിയാണ്. ഘടകകക്ഷിയാക്കിയില്ലെങ്കിലും മന്ത്രിസ്ഥാനമൊഴികെ അവകാശപ്പെടാവുന്ന എല്ലാ സ്ഥാനമാനങ്ങളും എൽ.ഡി.എഫ് അതിന് നൽകുന്നുണ്ട്.

ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാരിനെ പുറത്താക്കാൻ ഒന്നിച്ച ജാതിമത ശക്തികളുടെ കൂട്ടത്തിൽ ലീഗുമുണ്ടായിരുന്നു. തുടർന്നു നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സി.പി.ഐ വീണ്ടും അധികാരത്തിലേറുന്നത് തടയാനായി കോൺഗ്രസും പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയും ലീഗും കൈകോർത്തു. സഖ്യം ജയിച്ചെങ്കിലും ലീഗിനെ വർഗീയകക്ഷിയായി കണ്ടതുകൊണ്ട് കോൺഗ്രസ് അതിന് മന്ത്രിസഭയിൽ സ്ഥാനം നൽകിയില്ല. സ്പീക്കർ സ്ഥാനം മാത്രമാണ് നൽകിയത്. അതും സ്ഥാനാർത്ഥി പാർട്ടിയിൽ നിന്ന് രാജിവെക്കണമെന്ന നിബന്ധനയോടെ.  

കോൺഗ്രസിൽ നിന്ന് കേരള കോൺഗ്രസും സി.പി.ഐയിൽ നിന്ന്  സി.പി.എമ്മും വേർപെട്ടശേഷമായിരുന്നു അടുത്ത തെരഞ്ഞെടുപ്പ്. ഒരു കക്ഷിക്കും ഭൂരിപക്ഷം കിട്ടിയില്ല. ആർക്കും കൂട്ടുമന്ത്രിസഭയുണ്ടാക്കാനുമായില്ല. സർക്കാരിനു ജന്മം നൽകാൻ കഴിയാഞ്ഞ സഭ പിരിച്ചു വിടപ്പെട്ടു. വീണ്ടും തെരഞ്ഞടുപ്പു വന്നപ്പോൾ ഇ.എം.എസ്. നമ്പൂതിരിപ്പാട് ഏഴു കക്ഷികളടങ്ങുന്ന മുന്നണിയുമായാണ് കോൺഗ്രസിനെ നേരിട്ടത്. ആ മുന്നണിയിൽ സി.പി. എമ്മിനൊപ്പം സി.പി.ഐ, സംയുക്ത സോഷ്യലിസ്റ്റ് പാർട്ടി, ആർ,എസ്.പി., കെ.എസ്.പി. എന്നീ കക്ഷികളും കമ്മ്യൂണിസ്റ്റ് സർക്കാരിനെതിരായ ‘വിമോചന‘ സമരത്തിൽ പങ്കെടുത്ത ലീഗും അതിൽ സജീവമായിരുന്ന ഫാദർ വടക്കൻ എന്ന വൈദികൻ രൂപീകരിച്ച കർഷക തൊഴിലാളി പാർട്ടിയും ഘടകകക്ഷികളായിരുന്നു. അത് കേരള രാഷ്ട്രീയത്തിൽ വഴിത്തിരിവായി. അധികാരം നേടാൻ ആരുമായും കൂട്ടുകൂടാമെന്ന നിലയായി. നമ്പൂതിരിപ്പാട് എല്ലാ ഘടക കക്ഷികൾക്കും മന്ത്രിസഭയിൽ സ്ഥാനം നൽകി. വർഗീയ കക്ഷിയെന്ന നിലയിൽ കോൺഗ്രസ് മന്ത്രി സ്ഥാനം നിഷേധിച്ച മുസ്ലിം ലീഗിന് മാന്യത കൈവന്നു.

മതനിരപേക്ഷ ജനാധിപത്യ സംവിധാനത്തിൽ പല പതിറ്റാണ്ടുകാലം അധികാരം കയ്യാളിയ കക്ഷിയെന്ന നിലയിൽ പ്രശ്നങ്ങളെ വിശാല കാഴ്ചപ്പാടിലൂടെ കാണാനും പക്വതയോടെ അവയെ കൈകാര്യം ചെയ്യാനും കഴിവുള്ള ഏതാനും നേതാക്കളെ വളർത്തിയെടുക്കാൻ  മുസ്ലിം ലീഗിനു കഴിഞ്ഞിട്ടുണ്ട്. അവരിൽ മറ്റ് രാഷ്ട്രീയ പ്രസ്ഥാനങ്ങളിലുള്ളവരുടെ മനസ്സിൽ കുടികൊള്ളുന്നതിൽ കവിഞ്ഞ വർഗീയ മനോഭാവമുണ്ടെന്ന് ഞാൻ കരുതുന്നില്ല. പക്ഷെ മതനാമം പേറുന്ന കക്ഷിയുടെ നേതാക്കളെന്ന നിലയിൽ അവരെ മതനിരപേക്ഷരരായി പൊതുസമൂഹത്തിന് കാണാനാവില്ല.

കേരളത്തിലെ ഇന്നത്തെ രാഷ്ട്രീയ സാമ്പത്തിക സാമൂഹ്യ സാഹചര്യങ്ങൾ ഐ.യു.എം.എൽ ജന്മമെടുത്ത കാലത്തേതിൽ നിന്ന്  ഏറെ വ്യത്യസ്തമാണ്. മുസ്ലിങ്ങൾ സംസ്ഥാനത്തെ ഏറ്റവും വലിയ സാമൂഹ്യ വിഭാഗമായി വളർന്നിരിക്കുന്നു. അവശതകൾ അനുഭവിക്കുന്നവർ അക്കൂട്ടത്തിലുണ്ട്. ചില അവശതകൾ മതപരമാണെന്ന് പറയാവുന്നവയാണ്  അവയ്ക്ക് പരിഹാരം കാണാൻ മതാടിസ്ഥാനത്തിലുള്ള രാഷ്ട്രീയ പാർട്ടി ആവശ്യമാണോ എന്ന് മുസ്ലിം സമൂഹം ആലോചിക്കേണ്ടതാണ്. ലീഗിന്റെ സാന്നിധ്യം പൊതുസമൂഹത്തിൽ പ്രകടമായ ദുഷ്ഫലങ്ങൾക്കിടയാക്കുന്നെന്ന വസ്തുത മറച്ചുപിടിയ്ക്കാനാകില്ല. ലീഗ് മുസ്ലിങ്ങൾക്കിടയിൽ തീവ്രവാദ പ്രവണത വളരുന്നത് തടയുന്ന  ഘടകമാണെന്നതിൽ സംശയമില്ല. അതേ സമയം അതിന്റെ മൃദുനിലപാട് തീവ്രസ്വഭാവമുള്ള സംഘടനകളുടെ വരവിനു കാരണമാകുന്നുമുണ്ട്.  തീവ്രവാദ സ്വഭാവമുള്ള ഐ.എസ്.എസ് (ആർ.എസ്.എസിന്റെ പേരുമായുള്ള സാമ്യം യാദൃശ്ചികമായിരുന്നോ?) എന്ന സംഘടനയുമായി രംഗപ്രവേശം ചെയ്ത അബ്ദുൾ നാസർ മ്‌അദനി അതിവേഗം അതുപേക്ഷിക്കുകയും മറ്റ് പിന്നാക്ക സമുദായങ്ങളെ കൂടി ഉൾപ്പെടുത്തിക്കൊണ്ട് പി.ഡി.പി. രൂപീകരിക്കുകയും ചെയ്തു. തുടക്കത്തിൽ മറ്റ് വിഭാഗങ്ങളെ ആകർഷിക്കാൻ കഴിഞ്ഞെങ്കിലും ശക്തമായ മതനിരപേക്ഷ വേദിയായി മാറാൻ അതിനു കഴിഞ്ഞില്ല. പി.ഡി.പി. മാതൃകയിലാണ് ജമാത്തെ ഇസ്ലാമി വെൽഫയർ പാർട്ടിയും പോപ്പുലർ ഫ്രണ്ട് എസ്.ഡി.പി.ഐയും രൂപീകരിച്ചുകൊണ്ട് ദേശീയതലത്തിൽ പരീക്ഷണം ആരംഭിച്ചിരിക്കുന്നത്. അടിസ്ഥാനപരമായി അവരുടെയും മുഖ്യലക്ഷ്യം മുസ്ലിം താല്പര്യ സംരക്ഷണമാണ്.

മുസ്ലിം ലീഗ് ആദ്യത്തെ പ്രത്യക്ഷ വർഗീയ കക്ഷിയാണെങ്കിൽ, കേരളാ കോൺഗ്രസ് ആദ്യത്തെ പ്രച്ഛന്ന വർഗീയ കക്ഷിയാണ്. മുഖ്യമന്ത്രിയായിരുന്ന ആർ.  ശങ്കറിനെതിരെ കോൺഗ്രസ് കക്ഷിക്കുള്ളിൽ ഒരു ഗ്രൂപ്പിനെ നയിച്ചിരുന്ന ആഭ്യന്തര മന്ത്രി പി.ടി. ചാക്കോയുടെ അനുയായികൾ അദ്ദേഹത്തിന്റെ ആകസ്മികമരണത്തിനുശേഷം രൂപീകരിച്ച പാർട്ടിയാണത്. അത് പ്രതിപക്ഷത്തൊടൊപ്പം വോട്ടു ചെയ്തതിന്റെ ഫലമായി ശങ്കർ മന്ത്രിസഭ നിലം‌പതിച്ചു. കോൺഗ്രസ് പാർട്ടി അന്ന് പിന്തുടർന്നിരുന്നതിൽ നിന്ന് വ്യത്യസ്തമായ ഒരു നയപരിപാടിയും ചാക്കോയൊ കേരളാ കോൺഗ്രസിന്റെ ആദ്യ നേതാവായിരുന്ന കെ.എം. ജോർജോ ഉയർത്തിക്കാട്ടിയിരുന്നില്ല. ചാക്കോയും ശങ്കറും തമ്മിലുള്ള പ്രശ്നം തികച്ചും വ്യക്തിപരമായിരുന്നു. ഏതെങ്കിലും നയത്തിന്റെ കാര്യത്തിൽ ഈ രണ്ട് ഗ്രൂപ്പുകളും തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നെങ്കിൽ അത് വനം കയ്യേറ്റക്കാർക്കെതിരെ നടപടി എടുക്കുന്ന കാര്യത്തിലായിരിക്കണം. യുദ്ധകാലത്ത് ഭക്ഷ്യധാന്യങ്ങൾ വിളയിക്കാൻ ഹ്രസ്വകാല അടിസ്ഥാനത്തിൽ പാട്ടത്തിനു നൽകിയ വനഭൂമി തിരിച്ചെടുക്കാൻ യുദ്ധത്തിനുശേഷം സർക്കാർ തീരുമാനിച്ചിരുന്നു. അതിനിടെ അനധികൃതമായ ഭൂമികയ്യേറ്റങ്ങളും തുടങ്ങിയിരുന്നു. അവരെ ഒഴിപ്പിക്കാനുള്ള തീരുമാനത്തെ  കോൺഗ്രസിലെ ചില ക്രൈസ്തവ നേതാക്കൾ എതിർത്തിരുന്നു. വിമോചന സമരത്തിൽ വലിയ പങ്ക് വഹിച്ച ക്രൈസ്തവ സഭകൾ പുതിയ സംവിധാനത്തെ അവരുടെ താല്പര്യങ്ങൾക്ക് അനുയോജ്യമായ ഒന്നായി കണ്ടില്ല. നാല്പതില്പരം കൊല്ലം മുമ്പ് കോൺഗ്രസ് വിട്ട് കേരളാ കോൺഗ്രസ് രൂപീകരിച്ചവരുടെ നിരയിൽ ഒന്നോ രണ്ടൊ നായർ എം.എൽ.എ മാരൊഴികെ എല്ലാവരും ക്രൈസ്തവരായിരുന്നു. ഇന്നും ആ പേരു വഹിക്കുന്ന കക്ഷികളുടെ നിര അതേ പോലെ തുടരുന്നു..

കോൺഗ്രസിൽ ഗ്രൂപ്പ് രാഷ്ട്രീയം പിന്നെയും തുടർന്നു. കെ.കരുണാകരനും എ.കെ. ആന്റണിയും നയിച്ച ഗ്രൂപ്പുകളിൽ എല്ലാ ജാതിമതവിഭാഗങ്ങളിൽ പെട്ടവരുമടങ്ങിയിരുന്നു. ഇപ്പോഴും ഗ്രൂപ്പുകൾ ജാതിമതവിഭാഗീയതയുടെ അടിസ്ഥാനത്തിലുള്ളവയല്ലെങ്കിലും ഉമ്മൻ ചാണ്ടിയുടെ എ ഗ്രുപ്പ് ആന്റണിയുടേതിനേക്കാൾ ക്രൈസ്തവവും രമേശ് ചെന്നിത്തലയുടെ ഐ ഗ്രൂപ്പ് കരുണാകരന്റേതിനേക്കാൾ ഹൈന്ദവവുമാണെന്ന് ഒറ്റനോട്ടത്തിൽ മനസിലാക്കാനാകും. രമേശ് ചെന്നിത്തലയ്ക്ക് താക്കോൽ സ്ഥാനം കിട്ടിയത് എൻ.എസ്.എസ്. പരസ്യമായി ഇടപെട്ടതിന്റെ ഫലമായാണല്ലൊ.

മുസ്ലിം ലീഗിന്റെ പ്രത്യക്ഷ വർഗീയതയും കേരളാ കോൺഗ്രസിന്റെയും മറ്റും പ്രച്ഛന്ന വർഗീയതയും മതന്യൂനപക്ഷങ്ങൾക്ക് സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ സ്വാധീനം നേടിക്കൊടുത്തിരിക്കുന്നെന്ന ചിന്തയാണ് ഒരു ഘട്ടത്തിൽ എൻ.എസ്.എസിനെ എൻ.ഡി.പി. എന്ന പാർട്ടിയും എസ്.എൻ.ഡി.പിയെ എസ്.ആർ.പി. എന്ന പാർട്ടിയും രൂപീകരിക്കാൻ പ്രേരിപ്പിച്ചത്. പ്രബല ഹിന്ദു ജാതിവിഭാഗങ്ങളുടെ പിന്തുണ ഉറപ്പിക്കാൻ സഹായിക്കുമെന്ന ധാരണയിൽ കരുണാകരൻ അവരെ പ്രോത്സാഹിപ്പിച്ചു. പക്ഷെ രണ്ടു കക്ഷികൾക്കും വലിയ ആയുസുണ്ടായില്ല. വർഷങ്ങൾക്കുശേഷം എസ്.എൻ.ഡി.പി. യോഗം മറ്റ് ചില ജാതി സംഘടനകളുമായി ചേർന്നു ബി.ജെ.ഡി.എസ് രൂപീകരിച്ചുകൊണ്ട് ഒരു പുതിയ പരീക്ഷണത്തിന് തയ്യാറായിരിക്കുന്നു. സമുദായതാല്പര്യങ്ങളല്ല, ഒരു കുടുംബത്തിന്റെ മോഹങ്ങളാണ് എസ്.എൻ.ഡി.പിയുടെ നീക്കത്തിന്റെ പിന്നിലെന്ന് തിരിച്ചറിയാത്തവരല്ല സമുദായാംഗങ്ങൾ. ബി.ജെ.പിയുമായി സഖ്യമുണ്ടാക്കി അങ്കത്തിനിറങ്ങിയിരിക്കുന്ന എസ്.എൻ.ഡി.പി.ക്ക് കെട്ടിവെച്ച കാശ് നഷ്ടപ്പെടുന്ന സ്ഥാനാർത്ഥികളുടെ എണ്ണം 133ൽ നിന്ന് താഴ്ത്തുന്നതിനപ്പുറം വലിയ സഹായം നൽകാൻ കഴിയുമോയെന്ന് സംശയമാണ്.      

ക്രൈസ്തവ സമൂഹം കോൺഗ്രസിലൂടെയും കേരളാ കോൺഗ്രസിലൂടെയും മുസ്ലീം സമൂഹം ലീഗിലൂടെയും യു.ഡി.എഫിനു പിന്നിൽ വലിയ തോതിൽ നിലകൊള്ളുന്നെങ്കിൽ സി.പി.എമ്മിലൂടെയും സി.പി.ഐയിലൂടെയും ഈഴവരും ദലിതരും എൽ.ഡി.എഫിനു പിന്നിൽ വലിയ തോതിൽ നിലകൊള്ളുന്നുണ്ട്. സി.പി.എം കുറച്ചുകാലമായി പരീക്ഷിക്കുന്ന അടവിന്റെ ലക്ഷ്യം കോൺഗ്രസിനു പിന്നിൽ അണിനിരന്നിട്ടുള്ളവരിൽ നിന്ന് കുറെപ്പേരെ അടർത്തിയെടുക്കുകയെന്നതാണ്. ബി.ജെ.പിയുടെ വളർച്ച കേരളത്തിലെ കോൺഗ്രസിനെ തീരെ അലോസരപ്പെടുത്താത്തത് എസ്.എൻ.ഡി.പി. യോഗവും കെ.പി.എം.എസും മറ്റും ഇടതുപക്ഷത്തിന്റെ കുറെ പിന്നാക്കവിഭാഗ വോട്ടുകൾ കൊണ്ടുപോകുന്നത് തങ്ങൾക്കു ഗുണകരമാകുമെന്ന കണക്കുകൂട്ടലിലാണ്. അധികാര രാഷ്ട്രീയം പാർട്ടികളെ മകൻ ചത്താലും മരുമകളുടെ കണ്ണീരു കണ്ടാൽ മതിയെന്ന് ചിന്തിക്കുന്ന അമ്മായിയമ്മയുടെ തലത്തിലെത്തിച്ചിരിക്കുന്നു.

മലബാറിലെ മുസ്ലിം മേഖലയിൽ മതനിരപേക്ഷ കക്ഷികൾ വളർന്നുകൊണ്ടിരുന്ന ഘട്ടത്തിലാണ് താൽക്കാലിക നേട്ടം മുൻ‌നിർത്തി കോൺഗ്രസും സി.പി.എമ്മും അതുമായി ചങ്ങാത്തമുണ്ടാക്കുകയും അതിനെ വളരാൻ സഹായിച്ചതും. രാഷ്ട്രീയഭാവി ഭദ്രമാക്കാൻ ലീഗാണ് നല്ലതെന്ന ചിന്തയിൽ പല കോൺഗ്രസുകാരും ആ കക്ഷിയിൽ ചേർന്നു. മറ്റ് കക്ഷികൾക്ക് മുസ്ലിം യുവാക്കളെ ആകർഷിക്കാനുള്ള കഴിവ് കുറയുകയും ചെയ്തു.  ഇപ്പോൾ മലയോരമേഖലയിൽ സി.പി.എം. നടത്തുന്ന അടവും സമാനമായ ഫലമാവും ഉണ്ടാക്കുക. കേരളത്തിലെ മതനിരപേക്ഷ പരിസരം വീണ്ടെടുത്തു ശക്തിപ്പെടുത്തേണ്ടത് ദേശീയതല മതനിരപേക്ഷ കക്കളാണ്. അതിൽ അവർ പരാജയപ്പെട്ടുകൊണ്ടിരിക്കുന്നെന്നതാണ് ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ ദുരന്തം. (ജനശക്തി, ഏപ്രിൽ 1--15, 2016)

No comments: