Monday, April 18, 2016

സംഘകാലത്തെ രാഷ്ട്രീയ-മാധ്യമ പരിസരം

ബി.ആർ.പി. ഭാസ്കർ
സമകാലിക മലയാളം വാരിക

ഒരു പുതിയ സംഘകാലം പിറന്നിരിക്കുന്നു. പഴയ സംഘകാലത്തെ കുറിച്ച് നമുക്കുള്ള പരിമിതമായ അറിവ്  പ്രാചീന തമിഴ് കവിതകളിൽ നിന്ന് ലഭിച്ചിട്ടുള്ളതാണ്. പുതിയ സംഘകാലത്തെ കുറിച്ച് അറിയുവാൻ നാനാഭാഷകളിലുമുള്ള മാധ്യമങ്ങളിലേക്കാണ് തിരിയേണ്ടത്. അവയെല്ലാം പഠിക്കുവാൻ ധാരാളം സമയവും സൌകര്യങ്ങളും ആവശ്യമാണ്. ചെറിയ തോതിലുള്ള ഒരു പഠനമെ ഇവിടെ ലക്ഷ്യമിടുന്നുള്ളു. അതിലേക്ക് കടക്കും മുമ്പ് രണ്ടാം സംഘകാലത്തിനു തൊട്ടു മുമ്പത്തെ സാഹചര്യങ്ങൾ പരിശോധിക്കുന്നത് നന്നായിരിക്കും.

ജനതാ സർക്കാരിൽ വാർത്താവിതരണ-പ്രക്ഷേപണ വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന എൽ.കെ. അദ്വാനി ഇന്ദിരാ ഗാന്ധി അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുമ്പോൾ സംഘ പരിവാറിന്റെ ആദ്യ രാഷ്ട്രീയ കക്ഷിയായിരുന്ന ജനസംഘത്തിന്റെ അദ്ധ്യക്ഷനായിരുന്നു. നിങ്ങൾ കുനിയാൻ പറഞ്ഞപ്പോൾ ഇഴഞ്ഞവരാണെന്ന് പത്രപ്രവർത്തകരോട് അദ്ദേഹം പറഞ്ഞത് പരക്കെ അറിയപ്പെടുന്ന വസ്തുതയാണ്. അടിയന്തിരാവസ്ഥ ക്കാലത്ത് പത്രങ്ങൾ പഞ്ചപുച്ഛമടക്കി പ്രവർത്തിച്ചതിനെ പരിഹസിക്കുകയായിരുന്നു അദ്ദേഹം.

പത്രങ്ങളുടെ രീതി മനസിലാക്കാൻ സഹായകമാണെങ്കിലും വലിയ പ്രചാരം ലഭിക്കാതെ പോയ മറ്റൊരു പ്രസ്താവവും അദ്വാനി അക്കാലത്ത് നടത്തുകയുണ്ടായി. അടിയന്തിരാവസ്ഥയ്ക്കു മുമ്പ്  ഡൽഹിയിൽ നിന്ന് ജനസംഘം മദർലാൻഡ് എന്ന പേരിൽ ഒരു ഇംഗ്ലീഷു പത്രം പ്രസിദ്ധീകരിച്ചിരുന്നു. അതിന്റെ പത്രാധിപരായ കെ.ആർ. മൽക്കാനി അറസ്റ്റു ചെയ്യപ്പെട്ടു. അതോടെ പ്രസിദ്ധീകരണം നിലയ്ക്കുകയും ജീവനക്കാർക്ക് ജോലി നഷ്ടപ്പെടുകയും ചെയ്തു. പത്രത്തിന്റെയും പത്രാധിപരുടെയും ആർ.എസ്.എസ്. ബന്ധം മൂലം അതിൽ പ്രവർത്തിച്ചിരുന്നവർക്ക് മറ്റെവിടെയും ജോലി നേടാനും കഴിഞ്ഞില്ല. അടിയന്തിരാവസ്ഥ അവസാനിച്ചപ്പോൾ പത്രം വീണ്ടും പ്രസിദ്ധീകരണം തുടങ്ങുമെന്ന് അവർ പ്രതീക്ഷിച്ചു. എന്നാൽ അതുണ്ടായില്ല. മദർലാൻഡ്  തുറക്കണമെന്ന ആവശ്യവുമായി അവർ അദ്വാനിയെ സമീപിച്ചു. “ഇനി മദർലാൻഡിന്റെ ആവശ്യമില്ല,” അദ്ദേഹം അവരോട് പറഞ്ഞു. “ഇപ്പോൾ ടൈംസ് ഓഫ് ഇൻഡ്യ, ഇൻഡ്യൻ എക്സ്പ്രസ് തുടങ്ങിയ പത്രങ്ങൾ നമുക്കുണ്ട്”.

ഇൻഡ്യൻ എക്സ്പ്രസ് അടിയന്തിരാവസ്ഥക്കാലത്ത് സർക്കാർ നിയന്ത്രണം കഴിയുന്നിടത്തോളം ചെറുത്തിരുന്നു. അങ്ങനെയൊരു പാരമ്പര്യമില്ലാത്ത ടൈംസ് ഓഫ് ഇൻഡ്യയെയും അദ്വാനി തങ്ങളെ പിന്തുണയ്ക്കുന്ന പത്രമായി കണ്ടത്  കുനിയാൻ പറയുമ്പോൾ ഇഴയുന്ന സ്വഭാവത്തിലുള്ള അടിയുറച്ച വിശ്വാസം കൊണ്ടായിരുന്നു.

അടിയന്തിരാവസ്ഥക്കാലത്ത് ലക്നൌവിൽ ടൈംസ് ഓഫ് ഇൻഡ്യാ പ്രതിനിധിയായിരുന്ന വിക്രം റാവു സോഷ്യലിസ്റ്റ് നേതാവ് ജോർജ് ഫെർണാൻഡസിനൊപ്പം ബറോഡാ ഡൈനാമൈറ്റ്  കേസിൽ അറസ്റ്റു ചെയ്യപ്പെട്ടിരുന്നു. വിക്രം റാവു അന്ന് ഇൻഡ്യൻ ഫെഡറേഷൻ ഓഫ് വർക്കിങ്  ജേർണലിസ്റ്റിന്റെ വൈസ്പ്രസിഡന്റു ആയിരുന്നു. അദ്ദേഹത്തിനെതിരെ നടപടിയെടുക്കാൻ സർക്കാർ പത്രത്തിന്റെ മേലും സംഘടനയുടെ മേലും സമ്മർദ്ദം ചെലുത്തി. ടൈംസ് ഓഫ് ഇൻഡ്യ നടപടിയെടുത്തു. ഐ.എഫ്.ഡബ്ലിയു.ജെ ചെറുത്തു. അടിയന്തിരാവസ്ഥ അവസാനിച്ചപ്പോൾ ടൈംസ് വിക്രം റാവുവിനെതിരായ നടപടി പിൻ‌വലിക്കുകയും അദ്ദേഹത്തെ സ്ഥാനക്കയറ്റത്തോടെ തിരിച്ചെടുക്കുകയും ചെയ്തു.

ഡൽഹിയിലെ ഇംഗ്ലീഷു പത്രങ്ങളിലുള്ള വിശ്വാസം വർദ്ധിച്ചതുകൊണ്ട്  സംഘ പരിവാർ പിന്നീട് ഒരു ഇംഗ്ലീഷ് ദിനപത്രം തുടങ്ങാൻ മെനക്കെട്ടിട്ടില്ല. ഡൽഹി ചാനലുകളിലും അതിന് വലിയ വിശ്വാസമുണ്ട്.

അടൽ ബിഹാരി വാജ്പേയ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഡൽഹിയിലിരുന്ന് കേരളത്തിലെ ചാനൽ പ്രവർത്തനം നിരീക്ഷിക്കാൻ ഒരു ശ്രമമുണ്ടായി. പാർലമെന്റിന്റെ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തിൽ രാഷ്ട്രപതി സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗം നടത്തിയ ദിവസം ഏഷ്യാനെറ്റിന്റെ തിരുവനന്തപുരത്തെ ആപ്പീസിലേക്ക് ഒരാൾ ഫോൺ ചെയ്തു. പ്രധാനമന്ത്രിയുടെ ആപ്പീസിലെ സ്പെഷ്യൽ അസിസ്റ്റന്റ് എന്നു സ്വയം പരിചയപ്പെടുത്തിയ അദ്ദേഹം എന്നോട് ചോദിച്ചു: “രാഷ്ട്രപതിയുടെ പ്രസംഗം നിങ്ങളുടെ ചാനലിൽ മുഖ്യവാർത്തയായിരുന്നില്ലെന്ന് ഞാൻ മനസിലാക്കുന്നു. എന്തുകൊണ്ടാണ് അത് മുഖ്യവാർത്തയാക്കാഞ്ഞത്?” ബുള്ളറ്റിന്റെ സം‌പ്രേഷണം പൂർത്തിയായിട്ട് മിനിട്ടുകളെ ആയിട്ടുള്ളു. അത്ര വേഗം ഡൽഹിയിൽ നിന്ന് അന്വേഷണമുണ്ടാകണമെങ്കിൽ പ്രാദേശിക ചാനലുകൾ സർക്കാരിന്റെ നയപ്രഖ്യാപനത്തിന് എന്തു പ്രാധാന്യം കല്പിക്കുന്നെവെന്ന് മനസിലാക്കാൻ മുൻ‌കൂട്ടി തയ്യാറെടുപ്പ് നടത്തിയിരിക്കണം. അതിന്റെ ഭാഗമായി ആരോ മലയാളം ബുള്ളറ്റിൻ ശ്രദ്ധിക്കുകയും രാഷ്ട്രപതിയുടെ പ്രസംഗം മുഖ്യവാർത്തയായിരുന്നില്ല എന്ന് അറിയിക്കുകയും ചെയ്തിരിക്കുന്നു.

വാജ്പേയിയുടെ ഒന്നിലധികം ദിവസം നീണ്ടുനിന്ന മൂന്നു പരിപാടികൾ റിപ്പോർട്ടു ചെയ്യാൻ എനിക്ക് അവസരം ലഭിച്ചിരുന്നു. മാധ്യമ പ്രവർത്തനത്തെ കുറിച്ച് നല്ല ധാരണയുള്ള അദ്ദേഹത്തിന്റെ അറിവോടെയാകില്ല ഈ പരിപാടിയെന്ന് ഞാൻ ഉറപ്പിച്ചു. ആ ഫോൺ വിളി പുതിയ സർക്കാരിലെ ഒരു പുതിയ ഉദ്യോഗസ്ഥന്റെ നടപടിയാകാനേ തരമുള്ളൂ. ഏതായാലും അത് പ്രോത്സാഹിപ്പിക്കാവുന്നതല്ല. വിളിച്ചയാളോട് ഞാൻ ചോദിച്ചു: “താങ്കൾ ആരാണെന്നാണ് പറഞ്ഞത്?” അദ്ദേഹം പേരും പദവിയും ആവർത്തിച്ചു. “ഇതൊരു മാധ്യമസ്ഥാപനമാണ്. ഇവിടെ ഞങ്ങൾ എടുക്കുന്ന പ്രൊഫഷനൽ തീരുമാനങ്ങളെ കുറിച്ച് സർക്കാരിനെ ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ല. ദയവായി ഇത്തരം ചോദ്യങ്ങളുമായി വിളിക്കരുത്” എന്നു പറഞ്ഞുകൊണ്ട് ഞാൻ ഫോൺ താഴെ വെച്ചു. ഡസ്കിലെ സഹപ്രവർത്തകരിലേറെയും തുടക്കക്കാരാണ്. ഡൽഹിയിലിരുന്ന് വല്യേട്ടൻ എല്ല്ലാം നിരീക്ഷിക്കുന്നുണ്ടെന്നറിഞ്ഞാൽ അത് അവരുടെ സ്വതന്ത്രമായ പ്രവർത്തനത്തെ അവരറിയാതെ തന്നെ സ്വാധീനിക്കാനിടയുള്ളതുകൊണ്ട് ഫോൺ വിളിയുടെ കാര്യം ഞാൻ ആരോടും പറഞ്ഞില്ല. അതിനുശേഷം ഡൽഹിയിൽ നിന്ന് ആരും വിളിച്ചതുമില്ല.

വാജ്പേയ് സർക്കാരിന്റെ കാലത്ത് ചില ഉദ്യോഗസ്ഥന്മാർ അനുകൂല സമീപനമുള്ള ഡൽഹി മാധ്യമപ്രവർത്തകരെ ഉപയോഗിച്ച്  കുപ്രചരണങ്ങൾ നടത്തിയ സന്ദർഭങ്ങളുണ്ടായി. ഉയർ കോടതി ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച ഒരു ഫയൽ മുന്നിൽ വന്നപ്പോൾ അർഹതയുള്ള പിന്നാക്ക സാമൂഹ്യവിഭാഗങ്ങളിൽ പെട്ടവരെയും പരിഗണിക്കണം എന്ന് പ്രസിഡന്റ് കെ.ആർ. നാരായണൻ.അതിൽ കുറിച്ചു. സാമൂഹ്യനീതി പാലിക്കാനുള്ള ഭരണഘടനാപരമായ ബാധ്യതയെ കുറിച്ച് ഓർമ്മിപ്പിക്കുക മാത്രമാണ് രാഷ്ട്രപതി ചെയ്തത്. എന്നാൽ ദലിതനായ പ്രസിഡന്റ് സ്വന്തം ആളുകൾക്കുവേണ്ടി ഇടപെടുന്നു എന്ന മട്ടിൽ പത്രങ്ങളിൽ വാർത്ത വന്നു. ദലിതനൊ പിന്നാക്ക വിഭാഗക്കാരനൊ സംവരണത്തെ അനുകൂലിച്ചാൽ ചിലർ അത് സ്വജനപക്ഷപാതമായി കാണും. മോഹൻ ഭഗതിന് അത്തരം ആക്ഷേപമൊ സംശയമൊ ഉയർത്താതെ സംവരണത്തിനെതിരെ സംസാരിക്കാൻ കഴിയും.

ഗുജറാത്തിൽ വർഗ്ഗീയകലാപം നടന്നപ്പോൾ അവിടത്തെ പത്രങ്ങൾ നരേന്ദ്ര മോദിക്ക് ഒരു പ്രശ്നവും സൃഷ്ടിച്ചില്ല. ഏറ്റവും വലിയ ഗുജറാത്തി പത്രങ്ങളായ ഗുജറാത്ത് സമാചാറും സന്ദേശും മത്സരിച്ച് ഹിന്ദു വർഗ്ഗീയത ആളിക്കത്തിക്കുകയായിരുന്നു. ഇംഗ്ലീഷു പത്രങ്ങളും അടങ്ങിയൊതുങ്ങിക്കഴിഞ്ഞു. ഡൽഹിയിൽനിന്നെത്തിയ ഏതാനും ചാനൽ പ്രവർത്തകരാണ് കലാപത്തിന്റെ ഭീകരസ്വഭാവം രാജ്യത്തെ അറിയിച്ചത്. ചില സംഭവങ്ങൾ അന്വേഷിക്കുന്നതിന് കോടതി പ്രത്യേക സംഘത്തെ നിയോഗിച്ചതും ചില കേസുകളുടെ വിചാരണ  സംസ്ഥാനത്തിന് പുറത്തെ കോടതികളിലേക്ക് മാറ്റിയതും ടീസ്ത സെതൽവാദിനെ പോലെ പ്രതിബദ്ധതയോടെ പ്രവർത്തിച്ച മനുഷ്യാവകാശ പ്രവർത്തകരുടെ ഇടപെടലിന്റെ ഫലമായാണ്. അതിനുള്ള പകപ്പോക്കൽ മോദി സർക്കാരിന്റെ ചില നടപടികളിൽ കാണാം.

വാജ്പേയിയും മോദിയും സംഘ പരിവാറിലൂടെ ഉയർന്നു വന്നവരാണ്. എന്നാൽ വാജ്പേയ് പ്രധാനമന്ത്രിയായത് ദീർഘകാലത്തെ ദേശീയതല പൊതുപ്രവർത്തനത്തെ തുടർന്നാണ്. അതിനിടയിൽ അദ്ദേഹം കേവല രാഷ്ട്രീയക്കാരന്റെ തലത്തിൽ നിന്ന് രാജ്യതന്ത്രജ്ഞന്റെ തലത്തിലേക്കുയർന്നിരുന്നു. ഇരുപതിൽ‌പരം ചെറിയ കക്ഷികളെ ഒന്നിപ്പിച്ചുകൊണ്ടാണ് വാജ്പേയ് ലോക് സഭയിൽ ഭൂരിപക്ഷം ഉറപ്പിച്ചത്. മതനിരപേക്ഷ സ്വഭാവമുള്ള തൃണമൂൽ കോൺഗ്രസ്, അണ്ണാ ഡി.എം.കെ. തുടങ്ങിയ പ്രദേശിക കക്ഷികളും അക്കൂട്ടത്തിലുണ്ടായിരുന്നു. സ്വന്തമായി ഭൂരിപക്ഷമുള്ളതു കൊണ്ട് ബി.ജെ.പിക്ക് ഇപ്പോൾ ലോക് സഭയിൽ അവരുടെ പിന്തുണ ആവശ്യമില്ല. കേന്ദ്രം ഭരിക്കുന്ന കക്ഷിയെന്ന മേന്മയുണ്ടായിട്ടും നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പിയുമായി കൂട്ടുകൂടാൻ ഈ കക്ഷികൾ തയ്യാറായിട്ടില്ല. വാജ്പേയിയുടെ സ്വീകാര്യത മോദിക്കില്ലെന്ന്  ഇത്  സൂചിപ്പിക്കുന്നു.  

നിലനില്പിന് വ്യത്യസ്ത സമീപനങ്ങളുള്ള കക്ഷികളെ ആശ്രയിക്കേണ്ടിയിരുന്നതുകൊണ്ട്  വാജ്പേയ് സർക്കാരിന്റെ കാലത്ത് സംഘ പരിവാറിന്റെ ഹിന്ദുത്വ അജണ്ടയിൽ പെടുന്ന പല വിഷയങ്ങളും ഒഴിവാക്കാൻ ബി.ജെ.പി. നിർബന്ധിതമായി. വാജ്പേയിയിൽ നിന്ന് വ്യത്യസ്തമായി മോദി പ്രധാനമന്ത്രിപദത്തിന് പൂർണ്ണമായും സംഘപരിവാർ നേതൃത്വത്തിന് കടപ്പെട്ടിരിക്കുന്നു. ദേശീയതലത്തിൽ കൂടുതൽ പ്രാമുഖ്യമുണ്ടായിരുന്ന അദ്വാനിയെയും മുരളി മനോഹർ ജോഷിയെയും വെട്ടിനിരത്തി പാർട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകാൻ അദ്ദേഹത്തിനു കഴിഞ്ഞത് അതിന്റെ ശക്തമായ ഇടപെടൽ മൂലമാണ്. കൂടതെ ഒരു ലക്ഷം സംഘാംഗങ്ങളെ അത് വലിയ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പു പ്രവർത്തനങ്ങൾക്കു നിയോഗിക്കുകയും ചെയ്തു. പശുമാംസ നിരോധനം, ദേശീയത തുടങ്ങിയ വിഷയങ്ങൾ കുത്തിപ്പൊക്കി പരിവാർ സംഘടനകൾ നടത്തുന്ന അക്രമസംഭവങ്ങൾ പാർട്ടിക്കും സർക്കാരിനും രാജ്യത്തിനകത്തും പുറത്തും പേരുദോഷമുണ്ടാക്കിയിട്ടും അവയെ തള്ളിപ്പറയാൻ മോദിക്ക് കഴിയാത്തതു അതുകൊണ്ടാണ്.

കേന്ദ്ര സർവകലാശാലകളിലെ സംഘർഷങ്ങൾ പരിശോധിക്കുമ്പോൾ ഒരു പൊതുവായ സ്വഭാവം കാണാം. തുടക്കം സംഘ പരിവാറിന്റെ വിദ്യാർത്ഥി സംഘടനയായ എ.ബി.വി.പിയുടെ പരാതിയിൽ നിന്നാണ്. ക്യാമ്പസുകളിലെ ദലിത് സംഘടനകൾക്കൊ ജനാധിപത്യമായ രീതിയിലൂടെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥി നേതാക്കളുടെ സംഘടനകൾക്കൊ എതിരെയാണ് പരാതികൾ. സർവകലാശാലാ അധികൃതർ നടപടിയെടുക്കുന്നില്ലെങ്കിൽ കേന്ദ്ര സർക്കാരിന് പരാതി നൽകുന്നു. അവർ നടപടിയെടുക്കും വരെ മാനുഷിക വികസന വകുപ്പ്  കത്തുകൾ അയച്ചു കൊണ്ടിരിക്കുന്നു.

ജെ.എൻ.യു. കലാപത്തിനു മുമ്പു പരിവാറിന്റെ വിദ്യാർത്ഥി സംഘടന അനുകൂല നിലപാടെടുക്കുമെന്ന് വിശ്വാസമുള്ള മാധ്യമങ്ങളുടെ സഹായം സംഘടിപ്പിച്ചതായി തെളിഞ്ഞിട്ടുണ്ട്. പ്രകോപനപരമായ മുദ്രാവാക്യങ്ങൾ സ്വയം ഉയർത്തിയിട്ട് അതിന്റെ ഉത്തരവാദിത്വം നേരത്തെ ലക്ഷ്യമിട്ട സംഘടനകളുടെയൊ വ്യക്തികളുടെയൊ മേൽ ചാർത്തുക, അതിനായി ദൃശ്യങ്ങളിൽ കൃത്രിമം കാട്ടുക തുടങ്ങിയ പല പരിപാടികളും അവർ നടത്തി.

ജെ.എൻ.യു. കലാപത്തിന്റെ ഒന്നാം ഘട്ടം കഴിഞ്ഞപ്പോൾ പ്രത്യയശാസ്ത്രപരമായ സമരത്തിൽ തങ്ങൾ വിജയിച്ചതായി മന്ത്രി അരുൺ ജെയ്‌ട്‌ലി പ്രഖ്യാപിച്ചു. ആ അവകാശ വാദം പരിവാർ അനുകൂലികൾ പോലും വിശ്വസിച്ചില്ല. അവർ  ജെ.എൻ.യുവിലെ പ്രതിരോധത്തിന് നേതൃത്വം നൽകിയ കന്നയ്യ കുമാറിനെ തല്ലാൻ ക്യാമ്പസിലേക്ക് ആളെ അയച്ചു. കന്നയ്യക്കു നേരെ ചെരുപ്പെറുണ്ടായി. ജെ.എൻ.യുവിൽ പരിവാറിന്റെ പദ്ധതി പൊളിയുകയാണുണ്ടായത്. ഈ സർക്കാരിനെ ന്യായീകരിക്കാനാവില്ലെന്ന് പറഞ്ഞുകൊണ്ട് പരിവാർ വിദ്യാർത്ഥി സംഘടനയുടെ ചില നേതാക്കൾ രാജിവെച്ചു. പിന്നീട് മനുസ്മൃതി കത്തിച്ചുകൊണ്ട് അവർ പരിവാറുമായുള്ള പ്രത്യയശാസ്ത്രപരമായ എതിർപ്പ് വ്യക്തമാക്കി.

പരിവാറും സർക്കാറും അവരുടെ നിയന്ത്രണത്തിലുള്ള പൊലീസും വിദ്യാർത്ഥികളും വക്കീലന്മാരും നടത്തിയ ദുഷ്ചെയ്തികളുടെ ഫലമായി ജെ.എൻ.യു. സ്റ്റുഡന്റ്സ് യൂണിയൻ പ്രസിഡന്റായ കന്നയ്യ കുമാർ പെട്ടെന്ന് ദേശീയ തലത്തിൽ അറിയപ്പെടുന്ന ഒരു യുവനേതാവായി. കന്നയ്യയാകട്ടെ ഉയർന്ന നേതൃപാടവം പ്രകടിപ്പിക്കുകയും ചെയ്തു. ഈ ദിനങ്ങളിൽ എ.ബി.വി.പിയുടെ അധികാരഹുങ്കിനെ നേരിട്ട മറ്റൊരു വിദ്യാർത്ഥി നേതാവാണ് അലഹബാദ് സർവകലാശാലാ യൂണിയൻ അദ്ധ്യക്ഷ റിച്ച സിംഗ്. യൂണിയൻ തെരഞ്ഞെടുപ്പിൽ എ.ബി.വി.പി. മറ്റെല്ലാ സ്ഥാനങ്ങളും പിടിച്ചെടുത്തപ്പോൾ അതിന്റെ സ്ഥാനാർത്ഥിയെ പതിനൊന്ന് വോട്ടിനു തോല്പിച്ചാണ് സ്വതന്ത്രയായി മത്സരിച്ച റിച്ച പ്രസിഡന്റായത്.  കന്നയ്യയും റിച്ചയും ജെ.എൻ.യു യൂണിയൻ വൈസ് പ്രസിഡന്റ് ഷെഹ്‌ല റഷീദുമൊക്കെ രാജ്യത്തിന്റെ ഭാവിയെ കുറിച്ച് ശുഭപ്രതിക്ഷക്ക് വക നൽകുന്നു.

ഹൈദരാബാദ് സർവകലാശാലയിലെ പ്രക്ഷോഭത്തിന്റെ രണ്ടാം ഘട്ടം പഠിക്കുമ്പോൾ  ജെ.എൻ.യു. അനുഭവത്തിന്റെ വെളിച്ചത്തിൽ പരിവാർ ആസൂത്രകർ സമീപനത്തിൽ ചില മാറ്റങ്ങൾ വരുത്തിയതായി കാണാം. സൈന്യാധിപൻ യുദ്ധത്തിനു മുമ്പ് നടത്തുന്നതു പോലുള്ള തയ്യാറെടുപ്പോടു കൂടിയാണ് രോഹിത് വെമുലയുടെ മരണത്തിനു കാരണക്കാരനെന്ന് വിദ്യാർത്ഥികൾ ആരോപിച്ചിട്ടുള്ള വൈസ് ചാൻസലർ അപ്പാ റാവു നിർബന്ധിത അവധി കഴിഞ്ഞ് ജോലിയിൽ പ്രവേശിച്ചത്. അപ്പാ റാവു ഉൾപ്പെടെ ഓരോ ഉദ്യോഗസ്ഥനും എപ്പോൾ എന്തൊക്കെ ചെയ്യണമെന്നു വിശദമായി രേഖപ്പെടുത്തിയ കുറിപ്പുകൾ ഇമെയിൽ വഴി മുൻ‌കൂട്ടി വിതരണം ചെയ്യപ്പെട്ടു. സർവകലാശാലക്കു പുറത്തുള്ള ആരോ ആണ് അത് തയ്യാറാക്കിയതെന്ന് മനസിലാക്കാൻ പ്രയാസമില്ല. ചുരുക്കത്തിൽ അപ്പാ റാവു അല്ല തിരശ്ശീലക്കു പിന്നിൽ നിൽക്കുന്ന ഒരു മാർഷൽ ലാ അഡ്മിനിസ്ട്രേറ്റരാണ് ഇപ്പോൾ ആ സർവകലാശാല ഭരിക്കുന്നത്. ദേശീയ മാധ്യമങ്ങളെന്ന് അവകാശപ്പെടുന്ന ഡൽഹി ചാനലുകൾ ഹൈദരാബാദിലേക്ക് നോക്കുന്നതേയില്ല. അവരോട് സർക്കാർ കുനിയാൻ പറഞ്ഞിരിക്കണം.

ജനാധിപത്യസമൂഹങ്ങളിലെ ഭരണാധികാരികളും മറ്റ് നേതാക്കളും അപൂർവമായെങ്കിലും പത്രസമ്മേളനങ്ങൾ നടത്താറുണ്ട്. ആ സമ്പ്രദായത്തോട് തീരെ പ്രതിപത്തിയില്ലാത്ത നേതാവാണ് നരേന്ദ്ര മോദി. പക്ഷെ അദ്ദേഹം സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെയും റേഡിയോയിലൂടെയും പൊതുവേദികളിലൂടെയും ജനങ്ങളുമായി നേരിട്ട് സംവദിച്ചു കൊണ്ടിരിക്കുന്നുണ്ട്. അദ്ദേഹം തെരഞ്ഞെടുത്തിരിക്കുന്ന വേദികളിൽ നിന്ന് വ്യത്യസ്തമായി പത്രസമ്മേളനങ്ങൾ അദ്ദേഹത്തോട് ചോദ്യങ്ങൾ ചോദിക്കാൻ അവസരം നൽകും. ഇന്ത്യയിലെ മാധ്യമ പ്രവർത്തകർ പ്രധാനമന്ത്രിമാരെ ചോദ്യങ്ങൾ ചോദിച്ചു ബുദ്ധിമുട്ടിപ്പിക്കുന്ന പാരമ്പര്യമുള്ളവരല്ല. എന്നിട്ടും അവരെ കാണാൻ മോദി കൂട്ടാക്കുന്നില്ല.

അച്ചടി മാധ്യമമുപയോഗിച്ച് മോദിയുടെ മുഖച്ഛായ മിനുക്കാൻ ബോധപൂർവ്വമായ ഒരു ശ്രമം കേരളത്തിൽ സംഘ നേതാക്കൾ നടത്തിക്കൊണ്ടിരിക്കുകയാണ്. സംഘത്തിന്റെയും പാർട്ടിയുടെയും പത്രങ്ങളിലൂടെ അവയുടെ സ്വാധീനത്തിനു പുറത്തുള്ളവരിലെത്താൻ  കഴിയില്ല. അതുകൊണ്ട് പൊതുമാധ്യമങ്ങളെയാണ് ഇതിനായി ഉപയോഗിക്കുന്നത്. ഒരു ചെറിയ കാലയളവിൽ ഈ ലക്ഷ്യം മുൻ‌നിർത്തിയുള്ള രണ്ട് ലേഖനങ്ങൾ മാതൃഭൂമി ദിനപത്രത്തിൽ വരികയുണ്ടായി. തങ്ങളുടെ ആവശ്യത്തിന് പറ്റിയ മാധ്യമം വളർച്ചക്കിടയിലും സവർണ ഹിന്ദു സ്വഭാവം നിലനിർത്തുന്ന മാതൃഭൂമിയാണെന്ന് പരിവാർ പ്രചാരകർ തീരുമാനിച്ചിട്ണ്ടാകണം. 

ബി.ജെ.പി. മുൻ സംസ്ഥാന പ്രസിഡന്റും അഭിഭാഷകനുമായ പി.എസ്. ശ്രീധരൻ പിള്ള വ്യ്യാജ ഏറ്റുമുട്ടൽ ആരോപണങ്ങളിൽ മോദിയുടെ പേരു വലിച്ചിഴക്കുന്നതിനെ ചോദ്യം ചെയ്തുകൊണ്ട് മാതൃഭൂമിയിൽ ലേഖനമെഴുതി. പല സംസ്ഥാങ്ങളിലും വ്യാജ ഏറ്റുമുട്ടലുകൾ നടന്നിട്ടുണ്ടെങ്കിലും അതിന്റെ പേരിൽ ഗുജറാത്തിൽ മാത്രം മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപം ഉയർന്നതെന്താണ് എന്ന് അദ്ദേഹം ചോദിച്ചു. “മോദിയെയും രാജ്യത്തെയും ഇങ്ങനെ വേട്ടയാടണോ?” എന്നായിരുന്നു സംഘ പരിവാർ പ്രചാരകനായ കെവി‌യെസ് ഹരിദാസിന്റെ ചോദ്യം.

ശ്രീധരൻപിള്ള തന്റെ ഭാഗം നല്ല അഭിഭാഷകന്റെ പ്രാഗത്ഭ്യത്തോടെ അവതരിപ്പീച്ചപ്പോൾ ഹരിദാസ് സംഘ ശൈലി അവലംബിച്ചു. മോദിയുടെ എതിരാളികൾ സാമാന്യമര്യാദ കാട്ടുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു. മോദി അനുകൂലികൾ പശുമാംസം തിന്നെന്നും ദേശവിരുദ്ധ മുദ്രാവാക്യങ്ങളുയർത്തിയെന്നുമുള്ള വ്യാജ ആരോപണങ്ങളുയർത്തി നിരപരാധികളെ തല്ലുകയും കൊല്ലുകയും ദലിത്-ഇടതുപക്ഷ വിദ്യാർത്ഥികളെ വ്യാപകമായി വേട്ടയാടുകയും വക്കീൽ‌വേഷത്തിലുള്ള ഗൂണ്ടകൾ ഡൽഹി കോടതി വളപ്പിൽ പൊലീസിന്റെ ഒത്താശയോടെ സർവകലാശാലാ അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും മർദ്ദിക്കുകയും സുപ്രീം കോടതി നിയോഗിച്ച അഭിഭാഷക സംഘത്തെ കല്ലെറിയുകയും ചെയ്ത സമയത്താണ് ഹരിദാസ് മോദിയുടെ എതിരാളികൾക്ക് സാമാന്യമരാദയില്ലെന്നെഴുതിയത് ! ഒരു പരോഷ ഭീഷണിയും അദ്ദേഹം മൂഴക്കി: “പ്രതിഷേധങ്ങളെ കർക്കശമായി അതേ നാണയത്തിൽ നേരിടാൻ ഇന്നിപ്പ്പോൾ ബി.ജെ.പിക്കൊ സംഘപരിവാറിനൊ പ്രയാസമുണ്ടാവില്ല.”  ആ “ഇന്നിപ്പോൾ” പ്രയോഗം അധികാരം തങ്ങളൂടെ കൈകളിലാണെന്നുള്ള ഓർമ്മപ്പെടുത്തലാണ്.

അധികാരം പ്രയോഗിക്കാതെ തണുപ്പൻ മട്ടിലാണ്  മോദി സർക്കാർ പ്രതികരീക്കുന്നതെന്ന് ഹരിദാസ് കുറ്റപ്പെടുത്തുകയും ചെയ്തു. ജെ.എൻ.യുവിലും ഹൈദരാബാദ് സർവകലാശാലയീലും കണ്ടത് തണുപ്പൻ സർക്കാരിന്റെ പ്രതികരണമാണെങ്കിൽ ചൂടൻ സർക്കാരിന്റെ പ്രതികരണമെന്തായിരിക്കും? അര നൂറ്റാണ്ടുകാലമായി സംഘ പ്രതികരണങ്ങൾ കാണുന്നവരാണ് കേരളീയരെന്ന് ലേഖകൻ എന്തുകൊണ്ടൊ ഓർത്തില്ല..

എതിരാളികൾ മോദിയെയും രാജ്യത്തെയും വേട്ടയാടുന്നെന്ന് ഹരിദാസ് പരാതിപ്പെടുന്നു. സർവകലാശാലാ വിദ്യാർത്ഥികൾക്കെതിരെ പരിവാറിന്റെ വിദ്യാർത്ഥി സംഘടനയെയും പൊലീസിനെയും ഉപയോഗിച്ച് സർക്കാർ ന്നടത്തുന്ന അതിക്രമങ്ങളേക്കാൾ “വേട്ടയാടൽ” എന്ന വിശേഷണമർഹിക്കുന്ന എന്താണ് ഇന്ന് രാജ്യത്ത് നടക്കുന്നത്? മോദിയോടൊപ്പം രാജ്യത്തെയും ഹരിദാസ് തലക്കെട്ടിൽ ചേർത്തതിനു സമാനമായി മറ്റൊന്ന് നമ്മുടെ രാഷ്ട്രീയ ചരിത്രത്തിലുള്ളത് “ഇന്ദിരയാണ് ഇന്ത്യ, ഇന്ത്യയാണ് ഇന്ദിര” എന്ന ഒരു മുൻ കോൺഗ്രസ് പ്രസിഡന്റിന്റെ പ്രഖ്യാപനമാണ്.  (സമകാലിക  മലയാളം വാരിക, ഏപ്രിൽ 11, 2016)

3 comments:

Ruby Hall said...
This comment has been removed by the author.
Rajesh said...

ഇത് വെറും ഹിന്ദുക്കൾക്കും അവരെ സരക്ഷിക്കാനുതകുന്ന RSS /BJP എന്നിവർക്കും എതിരായിട്ടും അതിന്റെ വളർച്ച തടയാനും എന്നാ ദുരുദ്ദേശത്തോടെ കെട്ടിച്ചമച്ച ഒരു ലേഖനം മത്രമാണ്, ഇതിൽ പ്രതിപതിക്കുന്ന ഗുജറാത്ത് കലാപം എന്നാൽ കേൾക്കുന്നവർക്ക് തോന്നും ഹിന്ദ്ക്കൾ ഉണ്ടാക്കിവച്ചതാണെന്ന്, ഇങ്ങനെ ജനങ്ങളെ തെറ്റി ധരിപ്പിക്കുന്ന രീതിയിലാണ് ഈ ലേഖനം, കുറച്ചു പത്ര പ്രവർത്തകരുടെ ഭാഷയിൽ വിളംബി എന്ന് മാത്രം, സാധാരണക്കാരുടെ കണ്ണിൽ പൊടിയിടാൻ ഇവർക്ക് നല്ല സാമർത്ഥ്യം ആണല്ലോ.... ആ ....... അദ്ദേഹത്തിനും ആർക്കെങ്കിലും ഒക്കെ കഞ്ഞി വച്ച് കൊടുക്കണമായിരിക്കും..... ഇതെല്ലം ഒരു കൊടുക്കൽ വാങ്ങൽ കളിയല്ലേ സ്വന്തം അമ്മക്കെതിരയിട്ടാണേലും.....

Rajesh said...

ഇത് വെറും ഹിന്ദുക്കൾക്കും അവരെ സരക്ഷിക്കാനുതകുന്ന RSS /BJP എന്നിവർക്കും എതിരായിട്ടും അതിന്റെ വളർച്ച തടയാനും എന്നാ ദുരുദ്ദേശത്തോടെ കെട്ടിച്ചമച്ച ഒരു ലേഖനം മത്രമാണ്, ഇതിൽ പ്രതിപതിക്കുന്ന ഗുജറാത്ത് കലാപം എന്നാൽ കേൾക്കുന്നവർക്ക് തോന്നും ഹിന്ദ്ക്കൾ ഉണ്ടാക്കിവച്ചതാണെന്ന്, ഇങ്ങനെ ജനങ്ങളെ തെറ്റി ധരിപ്പിക്കുന്ന രീതിയിലാണ് ഈ ലേഖനം, കുറച്ചു പത്ര പ്രവർത്തകരുടെ ഭാഷയിൽ വിളംബി എന്ന് മാത്രം, സാധാരണക്കാരുടെ കണ്ണിൽ പൊടിയിടാൻ ഇവർക്ക് നല്ല സാമർത്ഥ്യം ആണല്ലോ.... ആ ....... അദ്ദേഹത്തിനും ആർക്കെങ്കിലും ഒക്കെ കഞ്ഞി വച്ച് കൊടുക്കണമായിരിക്കും..... ഇതെല്ലം ഒരു കൊടുക്കൽ വാങ്ങൽ കളിയല്ലേ സ്വന്തം അമ്മക്കെതിരയിട്ടാണേലും.....