Wednesday, March 30, 2016

ജനാധിപത്യം വീണ്ടും അട്ടിമറിക്കപ്പെടുന്നു

ബി.ആർ.പി. ഭാസ്കർ
ജനയുഗം

അരുണാചൽപ്രദേശിനു പിന്നാലെ ഉത്തരാഖണ്ഡിലും കേന്ദ്രം കോൺഗ്രസ്‌ സർക്കാരിനെ പുറത്താക്കിയിരിക്കുന്നു. രണ്ടിടത്തും മാറ്റമുണ്ടായത്‌ സമാന സാഹചര്യങ്ങളിലാണ്‌. ആദ്യം കോൺഗ്രസ്‌ കക്ഷിയിൽ വിമതർ കലാപക്കൊടി ഉയർത്തുന്നു. ബദൽ സർക്കാരുണ്ടാക്കാൻ ബിജെപി അവർക്ക്‌ സഹായം വാഗ്ദാനം ചെയ്യുന്നു. കോൺഗ്രസുകാരനായ സ്പീക്കർ വിമതർക്കെതിരെ കൂറുമാറ്റ നിയമപ്രകാരം നടപടിയെടുക്കാൻ തയ്യാറെടുക്കുന്നു. വിമതരും ബിജെപിയും ചേർന്ന്‌ സ്പീക്കർക്കെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരുന്നു. രാഷ്ട്രീയരംഗം അങ്ങനെ കലങ്ങി മറിയുമ്പോൾ ഗവർണർ സർക്കാരിനെ പിരിച്ചുവിട്ട്‌ രാഷ്ട്രപതി ഭരണം ഏർപ്പെടുത്താൻ ശുപാർശ ചെയ്യുന്നു. കേന്ദ്ര മന്ത്രിസഭ ഗവർണറുടെ ശുപാർശ അംഗീകരിക്കുന്നു. രാഷ്ട്രപതി പ്രഖ്യാപനത്തിൽ ഒപ്പുവയ്ക്കുന്നു.

രണ്ട്‌ സംസ്ഥാനങ്ങളിലും നിയമസഭ മരവിപ്പിച്ചു നിർത്തിക്കൊണ്ടാണ്‌ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത്‌. ഇത്‌ ബദൽ മന്ത്രിസഭയുണ്ടാക്കുന്നതിന്‌ സാവകാശം നൽകുന്നു. അരുണാചൽപ്രദേശിൽ നിയമസഭ മരവിപ്പിച്ച്‌ മുന്നാഴ്ച കഴിഞ്ഞപ്പോൾ ഗവർണർ വിമത കോൺഗ്രസ്‌ നേതാവ്‌ കലിഖൊ പൂലിനെ മുഖ്യമന്ത്രിയായി നിയമിച്ചു. ബിജെപി മന്ത്രിസഭയിൽ ചേരാതെ സർക്കാരിനെ പുറത്തുനിന്ന്‌ പിന്തുണയ്ക്കുകയാണ്‌. ഉത്തരാഖണ്ഡിലും ഏതാനും ആഴ്ചകൾക്കുള്ളിൽ ഇതേ രീതിയിൽ ബിജെപി പുറത്തുനിന്ന്‌ പിന്തുണയ്ക്കുന്ന ഒരു വിമത കോൺഗ്രസ്‌ സർക്കാർ പ്രതീക്ഷിക്കാവുന്നതാണ്‌.
പുറത്തുനിന്നുള്ള പിന്തുണ ഒരു താൽക്കാലിക നടപടിയാകാനാണിട. അധികാരമോഹം കൊണ്ടല്ല കോൺഗ്രസ്‌ സർക്കാരുകളെ അട്ടിമറിച്ചതെന്ന ധാരണ നൽകാനാണ്‌ ഈ സമീപനം സ്വീകരിക്കുന്നത്‌. അടുത്ത കൊല്ലം നിയമസഭാ തെരഞ്ഞെടുപ്പ്‌ നടക്കേണ്ട സംസ്ഥാനമാണ്‌ ഉത്തരാഖണ്ഡ്‌. അവിടത്തെ ബിജെപി എംഎൽഎമാർ ഒരു കൊല്ലം ഇങ്ങനെ തള്ളിനീക്കാൻ തയ്യാറായേക്കാം. എന്നാൽ പുതിയ തെരഞ്ഞെടുപ്പിന്‌ 2019 വരെ കാത്തിരിക്കേണ്ട അരുണാചൽപ്രദേശിലെ ബിജെപി എംഎൽഎമാർ അതുവരെ ഇങ്ങനെ കഴിയാൻ തയ്യാറായെന്ന്‌ വരില്ല.

രണ്ട്‌ സംസ്ഥാനങ്ങളിലും സർക്കാരിനെ അട്ടിമറിക്കുന്നതിൽ ഗവർണർമാർ നിർണായകമായ പങ്കാണ്‌ വഹിച്ചത്‌. ഇതൊരു പുതിയ കാര്യമല്ല. കേന്ദ്രത്തിൽ കോൺഗ്രസ്‌ അധികാരത്തിലിരിക്കെ നിയമിക്കപ്പെട്ട പല ഗവർണർമാരും ഈവിധത്തിൽ പക്ഷപാതപരമായി പെരുമാറിയിരുന്നു. ആ നിലയ്ക്ക്‌ കോൺഗ്രസിന്‌ അതേക്കുറിച്ച്‌ പരാതിപ്പെടാൻ എന്ത്‌ അർഹതയാണുള്ളത്‌?
അരുണാചൽപ്രദേശ്‌ ഗവർണർ ജെ പി രാജ്ഖോവ ഭരണഘടനാ വ്യവസ്ഥകളുടെ നഗ്നമായ ലംഘനമാണ്‌ നടത്തിയത്‌. മന്ത്രിസഭയുടെയൊ മൂഖ്യമന്ത്രിയുടെയൊ ശുപാർശ കൂടാതെ അദ്ദേഹം നിയമസഭാ സമ്മേളനത്തിന്റെ തീയതിയും അജൻഡയും നിശ്ചയിച്ചു. ആ നടപടിക്കെതിരെ കോൺഗ്രസ്‌ കോടതിയെ സമീപിച്ചെങ്കിലും ഹർജിയിൽ തീർപ്പുണ്ടാകും മുമ്പെ ഭരണമാറ്റം നടന്നു. വിഷയം മുന്നിൽ വന്നയുടൻ സുപ്രിം കോടതി ഗവർണർക്ക്‌ നോട്ടീസയക്കാൻ ഉത്തരവിട്ടു. ഭരണഘടനപ്രകാരം കോടതികൾക്ക്‌ പ്രസിഡന്റിനും ഗവർണർക്കുമെതിരെ നടപടിയെടുക്കാനാവില്ല. ഈ അടിസ്ഥാന വസ്തുത സുപ്രിം കോടതി ജഡ്ജിമാർ ഓർത്തില്ലെന്നത്‌ അത്ഭുതകരമെന്നെ പറയാനാവൂ. പിന്നീട്‌ കോടതി തെറ്റ്‌ അംഗീകരിച്ചുകൊണ്ട്‌ നോട്ടീസ്‌ പിൻവലിച്ചു. ബന്ധപ്പെട്ടവർ നടപടികൾ പാലിച്ചുവോ എന്നു പരിശോധിക്കുന്ന കോടതി ഇക്കാര്യത്തിൽ തീർപ്പുണ്ടാകുന്നതുവരെ നിലവിലുള്ള സ്ഥിതി നിലനിർത്തണമെന്ന്‌ ഉത്തരവിട്ടിരുന്നു. വിമത കോൺഗ്രസ്‌ നേതാവിനെ മുഖ്യമന്ത്രിയായി നിയമിക്കാൻ ഗവർണർ തീരുമാനിച്ചപ്പോൾ കോടതി ആ ഉത്തരവ്‌ റദ്ദാക്കുകയും പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്ക്‌ സമ്മതം നൽകുകയും ചെയ്തു.

വിമതർ ഉത്തരാഖണ്ഡ്‌ മുഖ്യമന്ത്രി ഹരീഷ്‌ റാവത്തിനെതിരെ തിരിഞ്ഞപ്പോൾ ഭൂരിപക്ഷ പിന്തുണയുണ്ടെന്ന്‌ തെളിയിക്കാൻ ഗവർണർ കെ കെ പോൾ അദ്ദേഹത്തിന്‌ മാർച്ച്‌ 28 വരെ സമയം നൽകിയിരുന്നു. എന്നാൽ സഭയുടെ തീരുമാനത്തിനു കാത്തുനിൽക്കാതെ മാർച്ച്‌ 27ന്‌ സർക്കാരിനെ പിരിച്ചുവിട്ട്‌ രാഷ്ട്രപതിഭരണം ഏർപ്പെടുത്തി. സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ റാവത്തിനാകുമെന്ന ഭയം മൂലമാണ്‌ ഗവർണർ അദ്ദേഹത്തെ പിരിച്ചുവിട്ടതെന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു.
ഇത്തരത്തിലുള്ള ആദ്യത്തെ അട്ടിമറി നടന്നത്‌ കേരളത്തിലാണല്ലൊ. നിയമസഭയിൽ ഭൂരിപക്ഷമുണ്ടായിരുന്നപ്പോഴാണ്‌ കേന്ദ്രം 1959ൽ കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ സർക്കാരിനെ പിരിച്ചുവിട്ടത്‌. നീണ്ട കോൺഗ്രസ്‌ ഭരണകാലത്ത്‌ മറ്റ്‌ പല സംസ്ഥാന സർക്കാരുകളും ഇതേപോലെ അന്യായമായി പിരിച്ചുവിടപ്പെട്ടു. അടിയന്തരാവസ്ഥ സർക്കാരിന്റെ പതനത്തെ തുടർന്ന്‌ അധികാരത്തിലേറിയ ജനതാ സർക്കാരും തികച്ചും പക്ഷപാതപരമായി പല സംസ്ഥാന സർക്കാരുകൾക്കുമെതിരെ നടപടിയെടുത്തു.

ഗവർണർമാരെ ഉപയോഗിച്ച്‌ ഭരണഘടന അട്ടിമറിക്കുന്നതിനെതിരെ വ്യാപകമായി പരാതി ഉയർന്നതിനെ തുടർന്ന്‌ അവരുടെ നിയമനത്തെയും അധികാരത്തെയുംക്കുറിച്ച്‌ പഠിച്ച്‌ റിപ്പോർട്ട്‌ നൽകാൻ 1983ൽ കേന്ദ്രം മുൻ സുപ്രിം കോടതി ജഡ്ജി ആർ എസ്‌ സർക്കാരിയ അദ്ധ്യക്ഷനായുള്ള ഒരു കമ്മിഷനെ നിയോഗിക്കുകയുണ്ടായി. ഗവർണർമാർ ഭരണഘടനാനുസൃതമായി മാത്രം പെരുമാറുന്നുവെന്ന്‌ ഉറപ്പാക്കാൻ സഹായകമായ നിരവധി ശുപാർശകൾ കമ്മിഷൻ നൽകി. മാറിമാറി അധികാരത്തിൽ വന്നിട്ടുള്ള കക്ഷികളൊന്നും അവ സത്യസന്ധമായി നടപ്പാക്കാറില്ല.

ഭരണഘടനയുടെ 356-ാ‍ം അനുച്ഛേദമാണ്‌ കേന്ദ്രത്തിന്‌ ഗവർണറുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാരുകളെ പിരിച്ചുവിടാനുള്ള അധികാരം നൽകുന്നത്‌. ഈ വകുപ്പിൻ പ്രകാരമുള്ള നടപടികൾ തങ്ങൾക്ക്‌ പരിശോധിക്കാനാവില്ല എന്ന നിലപാടാണ്‌ ഉയർന്ന കോടതികൾ ആദ്യം എടുത്തിരുന്നത്‌. എന്നാൽ ഈ വകുപ്പ്‌ കേന്ദ്രം ദുരുപയോഗം ചെയ്യുന്നെന്ന പരാതിയുമായി കർണ്ണാടക മുൻ മുഖ്യമന്ത്രി എസ്‌ ആർ ബൊമ്മൈ സമീപിച്ചപ്പോൾ വിഷയം പുന:പരിശോധിക്കാൻ സുപ്രിം കോടതി തയാറായി. ബൊമ്മൈ കേസ്‌ കേട്ട ബെഞ്ചിലെ ജഡ്ജിമാർ ആറ്‌ വ്യത്യസ്ത വിധികൾ നൽകി. അവയിൽ നിന്ന്‌ വായിച്ചെടുക്കാവുന്ന പ്രധാന പൊതു തത്വം മന്ത്രിസഭ ഭൂരിപക്ഷം തെളിയിക്കേണ്ടത്‌ ഗവർണറുടേയൊ രാഷ്ട്രപതിയുടേയൊ മുന്നിലല്ല, നിയമസഭയിലാണ്‌ എന്നതാണ്‌. ഈ തത്വത്തിന്റെ ലംഘനമാണ്‌ ഉത്തരാഖണ്ഡിൽ നടന്നിരിക്കുന്നത്‌. രാഷ്ട്രപതി അതിന്‌ കൂട്ടുനിൽക്കുകയും ചെയ്തു. ഭരണം നഷ്ടപ്പെട്ട കോൺഗ്രസ്‌ കോടതിയെ സമീപിച്ചിരിക്കുകയാണ്‌. അരുണാചൽപ്രദേശ്‌ അനുഭവം ഇക്കാര്യത്തിൽ പ്രതീക്ഷയ്ക്ക്‌ വക നൽകുന്നതല്ല.

മുഖ്യമന്ത്രിമാർ മാലാഖമാരല്ല. ഭൂരിപക്ഷം തെളിയിച്ച്‌ അധികാരം നിലനിർത്താൻ അവർ പല തരികിടകളും കാണിച്ചെന്നിരിക്കും. കേന്ദ്രത്തിൽ പി വി നരസിംഹ റാവു എംപിമാർക്ക്‌ കാശു കൊടുത്തു ഭൂരിപക്ഷം സൃഷ്ടിച്ച കഥ ആർക്കാണറിയാത്തത്‌? പ്രധാനമന്ത്രി അത്ര ദൂരം പോയാൽ അതിലും കൂടുതൽ ദുരം പോകാൻ മുഖ്യമന്ത്രിമാർ തയാറാകും. ഈ സാഹചര്യത്തിൽ അവരെടുക്കുന്ന നടപടികളെക്കുറിച്ച്‌ സംശയങ്ങളുണ്ടാകാം. ഗവർണർമാരുടെയും സ്പീക്കർമാരുടെയും നടപടികളെക്കുറിച്ചും അങ്ങനെ പറയാവുന്ന അവസ്ഥ നിലനിൽക്കുന്നു. ജനാധിപത്യ വ്യവസ്ഥയുടെ നടത്തിപ്പുകാർ അതിന്റെ അടിസ്ഥാന തത്വങ്ങളിൽ വിശ്വസിക്കുന്നവരും അവ സത്യസന്ധമായി പാലിക്കാൻ തയാറുള്ളവരും അല്ലെന്നതാണ്‌ നാം നേരിടുന്ന യഥാർഥ പ്രശ്നം. അത്തരക്കാർ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ഭരണത്തിലെത്തുന്നില്ലെന്ന്‌ ഉറപ്പുവരുത്തേണ്ടത്‌ വോട്ടർമാരാണ്‌.

No comments: