Wednesday, March 16, 2016

ഒഴിവാക്കാവുന്ന അറസ്റ്റും തടങ്കലും


ബി ആർ പി ഭാസ്കർ
ജനയുഗം

ഒരു സമരത്തിനിടയിൽ അഡിഷണൽ ഡിസ്ട്രിക്ട്‌ മജിസ്ട്രേട്ടിനെ ആക്രമിച്ചെന്ന ആരോപണം നേരിടുന്നയാളാണ്‌ ഇ എസ്‌ ബിജിമോൾ എംഎൽഎ. ഇത്തരം സംഭവങ്ങളിൽ കേസെടുക്കാനുള്ള ചുമതല പൊലീസിനുണ്ട്‌. ഈ ഉദ്യോഗസ്ഥന്‌ എന്തുകൊണ്ടോ പൊലീസിൽ വിശ്വാസമില്ലെന്ന്‌ തോന്നുന്നു. അദ്ദേഹം നേരിട്ട്‌ സമർപ്പിച്ച ഒരു ഹർജി കേരളാ ഹൈക്കോടതിയുടെ മുന്നിലുണ്ട്‌. ഏതാനും ആഴ്ച മുമ്പ്‌ ഹർജി പരിഗണനക്കെടുത്തപ്പോൾ ബിജിമോളെ എന്തുകൊണ്ട്‌ അറസ്റ്റു ചെയ്തില്ല എന്ന്‌ കോടതി ചോദിക്കുകയുണ്ടായി. കേസ്‌ വീണ്ടും പരിഗണനക്കു വന്നപ്പോൾ ബിജിമോളുടെ മൊഴി രേഖപ്പെടുത്തിയെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അറസ്റ്റ്‌ ചെയ്യേണ്ട സാഹചര്യമില്ലെന്നും കാണിച്ച്‌ പൊലീസ്‌ റിപ്പോർട്ടു സമർപ്പിച്ചു. കോടതിക്ക്‌ ആ റിപ്പോർട്ട്‌ സ്വീകാര്യമായില്ല. റിപ്പോർട്ട്‌ തള്ളിയ കോടതി അറസ്റ്റ്‌ വിഷയം വീണ്ടും ഉന്നയിക്കുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടി ആവശ്യമാണെന്ന്‌ നിരീക്ഷിക്കുകയും ചെയ്തു.
സെഷൻസ്‌ കോടതിയിൽ വിചാരണ ചെയ്യപ്പെടേണ്ട കേസുകളിൽ പ്രതികളെ അറസ്റ്റു ചെയ്യുന്ന പതിവ്‌ രീതി പൊലീസ്‌ ഈ കേസിൽ പിന്തുടർന്നിട്ടില്ല. ഇത്‌ പ്രതി എംഎൽഎ ആയതുകൊണ്ടാണെന്ന്‌ കോടതി കരുതുന്നു. നിയമത്തിന്റെ മുന്നിൽ നിയമസഭാംഗത്തിന്‌ സാധാരണ പൗരനുള്ള അവകാശങ്ങളേയുള്ളു. ആ നിലയ്ക്ക്‌ എംഎൽഎ ആയതുകൊണ്ട്‌ പൊലീസ്‌ പ്രത്യേക പരിഗണന നൽകുന്നെങ്കിൽ അത്‌ തെറ്റാണ്‌. അതിനാലാകണം കോടതി ബിജിമോളുടെ അറസ്റ്റ്‌ വിഷയം വീണ്ടും വീണ്ടും ഉയർത്തുന്നത്‌.

എന്നാൽ ഈ വിഷയത്തെ മറ്റൊരു വിധത്തിലും സമീപിക്കാവുന്നതാണ്‌. അറസ്റ്റ്‌ എന്ന പതിവു രീതി എങ്ങനെയാണുണ്ടായത്‌? അത്‌ യഥാർഥത്തിൽ ആവശ്യമാണോ? നിലവിലുള്ള ക്രിമിനൽ നിയമം ബ്രിട്ടീഷുകാർ ഉണ്ടാക്കിയതാണ്‌. നമ്മുടെ നിയമപരിപാലന വ്യവസ്ഥയും കൊളോണിയൽ ഫ്യൂഡൽ കാലത്ത്‌ അവർ രൂപപ്പെടുത്തിയതാണ്‌. രാജ്യം സ്വാതന്ത്ര്യം നേടിയശേഷം നിയമത്തിൽ ചില മാറ്റങ്ങൾ വരുത്തിയെങ്കിലും സംവിധാനങ്ങളുടെ പ്രവർത്തനങ്ങളിൽ കൊളോണിയൽ ഫ്യൂഡൽ കാല പാരമ്പര്യത്തിന്റെ സ്വാധീനം ഇന്നും പ്രകടമാണ്‌. ബ്രിട്ടീഷുകാർ അധികാരം പിടിച്ചെടുത്തപ്പോൾ അവരുമായി സഹകരിക്കാൻ അതാത്‌ പ്രദേശങ്ങളിലെ ഉപരിവർഗം തയാറായി. നഷ്ടപ്പെടാൻ പലതുമുള്ളതുകൊണ്ട്‌ അധികാരികളുമായി സഹകരിക്കുന്ന നയമാണ്‌ വരേണ്യവർഗം പൊതുവേ എപ്പോഴും സ്വീകരിക്കുന്നത്‌. അവരിൽ വിശ്വാസമർപ്പിക്കാൻ കൊളോണിയൽ അധികാരികൾ തയ്യാറുമായിരുന്നു. എന്നാൽ സാധാരണ ജനങ്ങളിൽ അവർക്ക്‌ വിശ്വാസമുണ്ടായിരുന്നില്ല. ആ അവിശ്വാസം അവരുണ്ടാക്കിയ വ്യവസ്ഥയിൽ സ്വാഭാവികമായും പ്രതിഫലിച്ചു.

അവരുണ്ടാക്കിയ ചട്ടവ്യവസ്ഥയുടെയും സംവിധാനത്തിന്റെയും സഹായത്തോടെയാണ്‌ സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം തയ്യാറാക്കപ്പെട്ട ഭരണഘടന വാഗ്ദാനം ചെയ്യുന്ന തുല്യനീതി പ്രാവർത്തികമാക്കാൻ നാം ശ്രമിക്കുന്നത്‌. ഇത്‌ പല വൈരുദ്ധ്യങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്‌. പല സന്ദർഭങ്ങളിലും പല രീതികളിലും അത്‌ വെളിപ്പെടാറുമുണ്ട്‌. കേന്ദ്രത്തിലും സംസ്ഥാനത്തിലും ഭരണത്തിലേറുന്നവർ ഈ സാഹചര്യം അവരവരുടെ രാഷ്ട്രീയ താൽപര്യങ്ങൾക്കായി പ്രയോജനപ്പെടുത്തുന്നതിന്‌ എത്ര ഉദാഹരണം വേണമെങ്കിലും നിരത്താനാകും.
ജവഹർലാൽ നെഹ്രു സർവകലാശാലാ യൂണിയൻ പ്രസിഡന്റ്‌ കന്നയ്യ കുമാറിനെതിരായ രാജ്യദ്രോഹക്കുറ്റമാണ്‌ ഏറ്റവും പുതിയ ഉദാഹരണം. ഭരണഘടന നിലവിൽ വന്നപ്പോൾ അതിന്റെ വ്യവസ്ഥകൾക്കനുസൃതമല്ലാത്ത എല്ലാ നിയമങ്ങളും അസാധുവായി. വിദേശ ഭരണാധികാരികൾ അവർക്കെതിരായ നീക്കങ്ങൾ തടയാൻ രൂപകൽപന ചെയ്ത രാജ്യദ്രോഹം എന്ന ‘കൊടുംകുറ്റം’ നിയമപുസ്തകത്തിൽ ഇപ്പോഴും നിലനിൽക്കുന്നു. ഭരണകൂടങ്ങൾ രാഷ്ട്രീയ എതിരാളികൾക്കെതിരെ അത്‌ പ്രയോഗിക്കുകയും ചെയ്യുന്നു. സാധാരണയായി പൊലീസിന്‌ രാജ്യദ്രോഹക്കേസുകളിൽ പ്രതികൾക്കു ശിക്ഷ വാങ്ങിക്കൊടുക്കാൻ കഴിയാറില്ല. എന്നിട്ടും അതുപേക്ഷിക്കാൻ അവർ തയ്യാറല്ല. കാരണം ശിക്ഷ വാങ്ങിക്കൊടുക്കാനായില്ലെങ്കിലും അതുപയോഗിച്ച്‌ എതിരാളികളെ ദ്രോഹിക്കാൻ കഴിയും.

രാജ്യത്തിനകത്തും പുറത്തുമുണ്ടായ പ്രതിഷേധങ്ങളിൽ കേന്ദ്ര കഥാപാത്രമായ കന്നയ്യ കുമാറിന്‌ അൽപം വൈകിയാണെങ്കിലും ഡൽഹി ഹൈക്കോടതി ജാമ്യം നൽകി. എന്നാൽ അതേ കുറ്റം ചുമത്തി അറസ്റ്റു ചെയ്യപ്പെട്ട മറ്റ്‌ രണ്ട്‌ ജെഎൻയു വിദ്യാർഥികളും ഡൽഹി സർവകലാശാലാ മുൻ അധ്യാപകൻ എസ്‌എആർ ഗിലാനിയും ഇപ്പോഴും തടങ്കലിലാണ്‌.

ഭരണകൂടം പ്രതിയെ തീവ്രവാദിയെന്നോ നക്സലൈറ്റെന്നോ മുദ്രകുത്തിയാൽ പൗരന്‌ അവകാശപ്പെട്ട നിയമപരിരക്ഷ നൽകാൻ ഉയർന്ന കോടതികൾ പോലും മടിക്കുന്ന സാഹചര്യവും ഉണ്ട്‌. നിശ്ചിതകാലയളവിൽ പൊലീസ്‌ കുറ്റപത്രം നൽകിയില്ലെങ്കിൽ പ്രതികൾക്ക്‌ ജാമ്യം നൽകുന്നതാണ്‌ കോടതികളുടെ പതിവ്‌ രീതി. നക്സലൈറ്റ്‌ ലഘുലേഖകൾ കയ്യിൽ വെച്ചിരുന്നതിന്റെ പേരിലാണ്‌ ആദിവാസികൾക്കിടയിൽ ആതുരസേവനം നടത്തുന്ന ഭിഷഗ്വരനും മനുഷ്യാവകാശപ്രവർത്തകനുമായ ഡോ.ബിനായക്‌ സെന്നിനെതിരെ ഛത്തിസ്ഗഢ്‌ ഭരണകൂടം കേസെടുത്തത്‌. സുപ്രിം കോടതി വരെ പോയിട്ടും അദ്ദേഹത്തിന്‌ വിചാരണ ഘട്ടത്തിൽ ജാമ്യം കിട്ടിയില്ല. ആ അനീതിക്കെതിരെ ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള നിരവധി മനുഷ്യാവകാശ സംഘടനകളും മുപ്പതിലധികം നോബൽ സമ്മാന ജേതാക്കളും ശബ്ദമുയർത്തി. അതുകൊണ്ടുകൂടിയാകണം കീഴ്ക്കോടതി കുറ്റവാളിയാണെന്ന്‌ വിധിച്ച്‌ ശിക്ഷ നൽകിയശേഷം അപ്പീൽ കൊടുത്തപ്പോൾ സുപ്രിം കോടതി അദ്ദേഹത്തിന്‌ ജാമ്യം നൽകാൻ തയാറായത്‌. ആ അവസരത്തിൽ നക്സലൈറ്റ്‌ ലഘുലേഖ കയ്യിൽ വെച്ചതുകൊണ്ട്‌ ഒരാൾ നക്സലൈറ്റ്‌ ആണെന്ന്‌ തീരുമാനിക്കാനാകില്ലെന്നു കോടതി നിരീക്ഷിക്കുകയും ചെയ്തു.

അബ്ദുൾ നാസർ ംഅദനിയുടെ അനുഭവം കേരളിയർക്ക്‌ സുപരിചിതമാണ്‌. കോയമ്പത്തൂരിൽ നടന്ന സ്ഫോടനം സംബന്ധിച്ച കേസിൽ പ്രതിയാക്കപ്പെട്ട അദ്ദേഹത്തിന്‌ ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നിട്ടും ജാമ്യവും പരോളും നിഷേധിക്കപ്പെട്ടു. തുടർച്ചയായി ഒൻപതിൽപരം വർഷം തടങ്കലിൽ കഴിഞ്ഞശേഷം വിചാരണക്കോടതി കുറ്റവാളിയല്ലെന്നു കണ്ട്‌ അദ്ദേഹത്തെ വിട്ടയച്ചു. ജയിൽ മോചിതനായി നാട്ടിൽ വന്നു ഏറെ കഴിയും മുമ്പ്‌ കർണാടക പൊലീസ്‌ അദ്ദേഹത്തെ ബംഗളൂരുവിൽ നടന്ന സ്ഫോടനങ്ങളുടെ പേരിൽ അറസ്റ്റു ചെയ്തു. കേസിന്റെ ഇതുവരെയുള്ള പോക്ക്‌ കോയമ്പത്തൂരിന്റെ ആവർത്തനമാണ്‌ നടക്കുന്നതെന്ന സൂചനയാണ്‌ നൽകുന്നത്‌.

തൊണ്ണൂറു ശതമാനം ശാരീരിക അവശതയുള്ള ഡൽഹി സർവകലാശാല പ്രൊഫസർ ജി എൻ സായിബാബാ മഹാരാഷ്ട്രയിൽ മാവോയിസ്റ്റ്‌ ബന്ധത്തിന്റെ പേരിൽ വിചാരണ നേരിടുകയാണ്‌. വീൽചെയർ ഉപയോഗിച്ചു മാത്രം നിങ്ങാൻ കഴിയുന്ന അദ്ദേഹത്തിന്‌ ജാമ്യം നൽകുന്നതിനെ പൊലീസ്‌ ശക്തിയായി എതിർത്തു. ഇടയ്ക്ക്‌ ഹൈക്കോടതി അദ്ദേഹത്തിന്‌ ജാമ്യം നൽകി. എന്നാൽ വിചാരണ തുടങ്ങിയപ്പോൾ സെഷൻസ്‌ കോടതി അദ്ദേഹം ഒഴികെയുള്ള എല്ലാ പ്രതികൾക്കും ജാമ്യം അനുവദിച്ചു.

വി ആർ കൃഷ്ണയ്യർ സുപ്രിം കോടതി ജഡ്ജിയായിരിക്കെ ഒരു സുപ്രധാന വിധിയിൽ ‘ജാമ്യമാണ്‌ നിയമം, ജയിൽ അപവാദമാണ്‌’എന്ന്‌ പ്രഖ്യാപിക്കുകയുണ്ടായി. ആ ഉദാത്തമായ തലത്തിൽ നിന്ന്‌ കോടതികൾ താഴേക്കു പോകുന്ന കാഴ്ച ജുഡിഷ്യറിയിൽ വിശ്വാസമർപ്പിച്ചിട്ടുള്ളവർക്ക്‌ വേദനയോടെ മാത്രമേ കാണാനാകൂ. പ്രതി സാക്ഷികളെ സ്വാധീനിക്കുന്നില്ലെന്നും അന്വേഷണ വേളയിലും വിചാരണ ഘട്ടത്തിലും സന്നിഹിതനാണെന്നും ഉറപ്പുവരുത്താൻ അതാവശ്യമല്ലെങ്കിൽ അറസ്റ്റും തടങ്കലും ഒഴിവാക്കിക്കൂടേയെന്ന്‌ ഉയർന്ന കോടതികൾ ആലോചിക്കണം.

രാജ്യത്തെ 1,387 ജയിലുകളിൽ മൂന്നാറ ലക്ഷം പേർക്കുള്ള സ്ഥലസൗകര്യമാണുള്ളത്‌. നാഷനൽ ക്രൈം റിക്കോർഡ്സ്‌ ബ്യൂറോയുടെ ഏറ്റവും ഒടുവിലത്തെ റിപ്പോർട്ടനുസരിച്ച്‌ അവിടെ 2014ൽ നാലു ലക്ഷത്തിലധികം തടവുകാരുണ്ടായിരുന്നു. അതിൽ ഏതാണ്ട്‌ 68 ശതമാനം വിചാരണത്തടവുകാരായിരുന്നു. ആറു മാസത്തിലധികം ജയിലിൽ കഴിഞ്ഞ ശേഷമാണ്‌ 40 ശതമാനത്തിലധികം പേർക്കും ജാമ്യം ലഭിക്കുന്നതെന്ന്‌ റിപ്പോർട്ട്‌ ചൂണ്ടിക്കാണിക്കുന്നു. ഈ കണക്കുകൾ സർക്കാരുകളുടെയും കോടതികളുടെയും അടിയന്തര ശ്രദ്ധ അർഹിക്കുന്നു. (ജനയുഗം, മാർച്ച് 16, 2016

No comments: