Wednesday, March 2, 2016

അസഹിഷ്ണുതയുടെ വേലിയേറ്റം

ബി ആർ പി ഭാസ്കർ
ജനയുഗം

ഏഷ്യാനെറ്റ്‌ ന്യൂസ്‌ ചീഫ്‌ കൊ-ഓർഡിനേറ്റിങ്‌ എഡിറ്റർ സിന്ധു സൂര്യകുമാറിനെതിരായ വധഭീഷണിയെ കുറിച്ച്‌ കേട്ടപ്പോൾ ഈ ലേഖകന്‌ വർഷങ്ങൾക്കു മുമ്പ്‌ ഒരു ടെലിവിഷൻ പരിപാടിയിൽ ആർഎസ്‌എസ്‌ പ്രവർത്തകർക്ക്‌ അസ്വീകാര്യമായ ഒരു പരാമർശം നടത്തിയപ്പോഴുണ്ടായ പ്രതികരണം ഓർമ്മയിൽ വന്നു. ഏതാനും ആർഎസ്‌എസ്‌ പ്രവർത്തകർ ഒരു സിനിമയുടെ ചിത്രീകരണം നടക്കുന്ന സ്ഥലത്തു ചെന്ന്‌ നടൻ മോഹൻലാലിന്റെ കയ്യിൽ രാഖി കെട്ടിയതായി വാർത്തയുണ്ടായിരുന്നു. വടക്കേ ഇന്ത്യയിൽ സഹോദരി സഹോദരന്റെ കയ്യിലാണ്‌ രാഖി കെട്ടുന്നതെന്ന്‌ ഞാൻ പറഞ്ഞു. പരിപാടി സംപ്രേഷണം ചെയ്തു പത്തു മിനിട്ടിനുള്ളിൽ ഒരാൾ എന്നെ ഫോൺ ചെയ്ത്‌ ആ പരാമർശം ശരിയല്ലെന്നും ആണ്‌ ആണിന്‌ രാഖി കെട്ടുന്നതായി മഹാഭാരതത്തിലുണ്ടെന്നും അറിയിച്ചു. മിനിട്ടുകൾക്കുള്ളിൽ അത്തരത്തിലുള്ള മറ്റൊരു ഫോൺ വിളി കൂടിയുണ്ടായി.

ടെലിഫോൺ ഡയറക്ടറിയിൽ എന്റെ പേരില്ലാതിരിക്കെ പരിപാടി കഴിഞ്ഞയുടൻ രണ്ട്‌ അപരിചിതരുടെ വിളി വന്നത്‌ എന്നെ അത്ഭുതപ്പെടുത്തി. രണ്ടാളും സംസാരിച്ചത്‌ മാന്യമായ ഭാഷയിലാണ്‌. പേരും സ്ഥലവും വെളിപ്പെടുത്തിക്കൊണ്ടാണ്‌ സംഭാഷണം തുടങ്ങിയത്‌. അവർ പറഞ്ഞത്‌ എനിക്കൊരു പുതിയ അറിവായിരുന്നു. പരിപാടി കണ്ട എല്ലാവരും അതറിയേണ്ടതാണെന്ന്‌ എനിക്ക്‌ തോന്നി. എഴുതി അയച്ചു തന്നാൽ അക്കാര്യം തുടർന്നുള്ള ഒരു പരിപാടിയിൽ ഉൾപ്പെടുത്താമെന്ന്‌ ഞാൻ അവരോട്‌ പറഞ്ഞു. അതിൻ പ്രകാരം ഒരാൾ എഴുതി അയച്ചുതരികയും ചെയ്തു.
സിന്ധു സൂര്യകുമാറിന്റെ തികച്ചും വ്യത്യസ്തമായ അനുഭവം രണ്ട്‌ പതിറ്റാണ്ട്‌ മുമ്പ്‌ നിലനിന്നിരുന്ന മാന്യതയും പ്രതിപക്ഷ ബഹുമാനവും കേരള സമൂഹത്തിൽ നിന്ന്‌ അപ്രത്യക്ഷമായിരിക്കുന്നതുകൊണ്ടു കൂടിയാകണം. അമാന്യതയും അസഹിഷ്ണുതയും ഏതെങ്കിലും ഒരു പാർട്ടിയുടേയൊ പ്രസ്ഥാനത്തിന്റേയൊ പ്രവർത്തനത്തിൽ മാത്രമല്ല പ്രകടമാകുന്നത്‌. ഈ സാഹചര്യം സൃഷ്ടിക്കുന്നതിൽ മാധ്യമങ്ങളും രാഷ്ട്രീയ നേതാക്കളും ഒരോരോ കാരണങ്ങളാൽ ഇടക്കാലത്ത്‌ വാർത്താപ്രാധാന്യം നേടിയ മറ്റ്‌ വ്യക്തികളും അവരവരുടേതായ പങ്ക്‌ വഹിച്ചിട്ടുണ്ട്‌.

ദേശീയതലത്തിൽ അന്തരീക്ഷം മലീമസമാക്കുന്നതിന്റെ ഉത്തരവാദിത്തം പ്രധാനമായും കേന്ദ്രത്തിൽ ഭരണത്തിന്‌ നേതൃത്വം നൽകുന്ന ബി.ജെ.പിക്കും അതിന്റെ പിന്നിലെ ചാലകശക്തിയായ ആർഎസ്‌എസിനുമാണ്‌. മുസ്ലിം വിരുദ്ധതയാണ്‌ ആ സംഘടനയുടെ സ്ഥായിയായ ഭാവം. ഒരു മുസ്ലിം ഇഷ്ടമില്ലാത്ത എന്തെങ്കിലും പറഞ്ഞാൽ ഉടൻ ‘പാകിസ്ഥാനിൽ പോകൂ’ എന്ന പ്രതികരണമാണുണ്ടാവുക. അജ്ഞരും അഹങ്കാരികളുമായ അണികൾ മാത്രമല്ല, പാർലമെന്റിലേക്കും നിയമസഭകളിലേക്കും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും അത്തരത്തിൽ പ്രതികരിക്കാറുണ്ട്‌. ഇന്ത്യ ഹിന്ദുരാഷ്ട്രമാണെന്നും മുസ്ലിങ്ങളും ക്രിസ്ത്യാനികളും അന്യരാണെന്നുമുള്ള ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിൽ നിന്നുയരുന്ന പ്രതികരണമാണത്‌.

ചില സമീപകാല സംഭവങ്ങളിൽ ആർഎസ്‌എസും ബിജെപിയും ലക്ഷ്യമിട്ടിട്ടുള്ളത്‌ ദളിതരെയാണ്‌. ബി ആർ അംബേദ്കറുടെ ആശയങ്ങളിൽ നിന്ന്‌ പ്രചോദനം ഉൾക്കൊണ്ടു കൊണ്ട്‌ തുല്യതയും തുല്യാവസരങ്ങളും ആവശ്യപ്പെടുന്ന ദളിത്‌ യുവാക്കൾ ഉയർത്തുന്ന വെല്ലുവിളി എല്ലാ സാമ്പ്രദായിക രാഷ്ട്രീയ കക്ഷികളും നേരിടുന്നുണ്ട്‌. ആർഎസ്‌എസ്‌ അതിന്റെ നിയന്ത്രണത്തിലുള്ള വിദ്യാർഥി പ്രസ്ഥാനത്തെ ഉപയോഗിച്ചു മദ്രാസ്‌ ഐഐടിയിലും ഹൈദരാബാദ്‌ കേന്ദ്ര സർവകലാശാലയിലും ഡൽഹിയിലെ ജവഹർലാൽ നെഹ്രു സർവകലാശാലയിലും സൃഷ്ടിച്ച കലാപങ്ങൾക്കു പിന്നിൽ രാഷ്ട്രീയലക്ഷ്യത്തോടൊപ്പം ദളിത്‌ പിന്നാക്ക വിഭാഗങ്ങളുടെ മുന്നേറ്റം തടയുകയെന്ന സാമൂഹ്യലക്ഷ്യവുമുണ്ട്‌.

അടിസ്ഥാനപരമായി ജനാധിപത്യ പ്രക്രിയയിൽ വിശ്വാസമില്ലാത്ത പാർട്ടികളും പ്രസ്ഥാനങ്ങളുമാണ്‌ വധഭീഷണിയുയർത്തുന്നത്‌. അവ ഭീഷണി മുഴക്കുക മാത്രമല്ല നടപ്പാക്കുകയും ചെയ്ത പല സന്ദർഭങ്ങളും നമ്മുടെയൊക്കെ ഓർമയിലുണ്ട്‌. പ്രതിയോഗി സ്ത്രീയാണെങ്കിൽ ഹിന്ദുത്വവാദികൾ ബലാത്സംഗ ഭീഷണിയും മുഴക്കാറുണ്ട്‌. ബലാത്സംഗം പുരുഷമേധാവിത്വത്തിന്റെയും ജാതിമേധാവിത്വത്തിന്റെയും കീഴ്പ്പെടുത്തൽ തന്ത്രത്തിന്റെ ഭാഗമാണല്ലൊ.

ഏതാണ്ട്‌ ആയിരം ഭീഷണി സന്ദേശങ്ങൾ ലഭിച്ച ഘട്ടത്തിലാണ്‌ സിന്ധു സൂര്യകുമാർ സൈബർ പൊലീസിന്‌ പരാതി നൽകിയത്‌. അടുത്ത ദിവസം സന്ദേശങ്ങളുടെ എണ്ണം രണ്ടായിരമായി വർധിച്ചു. ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പൊലീസ്‌ അഞ്ചു പേരെ കസ്റ്റഡിയിലെടുത്തു. സന്ദേശങ്ങളിൽ ചിലത്‌ വിദേശത്തു നിന്നാണ്‌ വന്നത്‌. ഏതോ സൈബർ കുറ്റത്തിന്റെ പേരിൽ ഗൾഫ്‌ പ്രദേശത്തു നിന്ന്‌ ഒരു യുവാവിനെ കേരളത്തിൽ കൊണ്ടുവന്നു അറസ്റ്റ്‌ ചെയ്ത ചരിത്രം നമ്മുടെ പൊലീസിനുണ്ട്‌. പക്ഷെ പൊലീസ്‌ കഴിവ്‌ തെളിയിക്കാൻ സന്ദേശങ്ങളയച്ച രണ്ടായിരം പേരെയും അറസ്റ്റു ചെയ്യേണ്ടതില്ല. അത്‌ അന്വേഷണം അനന്തമായി നീട്ടുകയും വിചാരണ വൈകിക്കുകയും ചെയ്യും. പൊലീസിന്‌ കൈവിരലിലെണ്ണാവുന്നത്രയും പേരെയെങ്കിലും കോടതിയിലെത്തിച്ച്‌, തെളിവു നിരത്തി ശിക്ഷ വാങ്ങിക്കൊടുക്കാനാകുമോ എന്നാണ്‌ അറിയേണ്ടത്‌.

രാഷ്ട്രീയ കക്ഷികളും മതജാതി സംഘടനകളും പൊലീസുകാരും മാധ്യമപ്രവർത്തകരെ തല്ലിയ സംഭവങ്ങൾ ഇവിടെയുണ്ടായിട്ടുണ്ട്‌. അതിൽ ഒന്നിലും അന്വേഷണം നടത്തി കുറ്റവാളികൾക്ക്‌ ശിക്ഷ വാങ്ങിക്കൊടുക്കാൻ ഔദ്യോഗിക സംവിധാനത്തിന്‌ കഴിഞ്ഞതായി അറിയില്ല. പിടികൂടപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്യുമെന്ന ഭയം ഇല്ലാത്തതു കൊണ്ടു കൂടിയാണ്‌ ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിക്കപ്പെടുന്നത്‌.

ഈ വിഷയത്തിൽ ബിജെപിക്ക്‌ ഒരു പങ്കുമില്ലെന്ന്‌ പാർട്ടി സംസ്ഥാനാ അധ്യക്ഷൻ കുമ്മനം രാജശേഖരൻ ഫേസ്ബുക്കിൽ എഴുതി. എന്നാൽ മാധ്യമപ്രവർത്തകയ്ക്കു നേരേയുണ്ടായ വധഭീഷണിയെ അപലപിക്കാൻ അദ്ദേഹം കൂട്ടാക്കിയില്ല. അറസ്റ്റിലായവർ ആർഎസ്‌എസ്‌-ബിജെപി പ്രവർത്തകരാണെന്നാണ്‌ പൊലീസ്‌ പറയുന്നത്‌. അവർക്കെതിരെ സംഘടന ഒരു നടപടിയും എടുത്തിട്ടില്ല. അതേസമയം മാധ്യമപ്രവർത്തകർ അവരുടെ പടമെടുക്കുന്നത്‌ തടയാൻ പാർട്ടി പ്രവർത്തകർ ഓടിക്കൂടി.

ഈ സാഹചര്യത്തിൽ കുമ്മനം രാജശേഖരന്റെ തള്ളിപ്പറയലിനെ മുഖവിലയ്ക്കെടുക്കാനാവില്ല. ഏതായാലും സംഭവത്തിന്റെ ധാർമ്മികമായ ഉത്തരവാദിത്തത്തിൽ നിന്ന്‌ അദ്ദേഹത്തിന്റെ പാർട്ടിക്ക്‌ ഒഴിഞ്ഞുമാറാനാകില്ല. രാജ്യവ്യാപകമായി സംഘപരിവാർ നടത്തുന്ന വിഷലിപ്തമായ പ്രചാരണം അണികളെയും അനുഭാവികളെയും തെമ്മാടിത്തം കാണിക്കാൻ പ്രേരിപ്പിക്കുന്നുണ്ട്‌. അത്‌ അസഹിഷ്ണുതയുടെ വേലിയേറ്റത്തിന്‌ കാരണമാവുകയും ചെയ്യുന്നു.()ജനയുഗം, മാർച്ച്ച് 2, 2016

No comments: