കരിനിയമങ്ങളുടെ ഒരു നീണ്ട പരമ്പര നമ്മുടെ രാജ്യത്ത് അരങ്ങേറപ്പെട്ടിട്ടുണ്ട്. ഭരണഘടന നിലവിൽ വരുമ്പോൾ യുദ്ധകാലത്ത് ബ്രിട്ടീഷ് കൊളോണിയൽ ഭരണകൂടം കൊണ്ടുവന്ന നിരവധി നിയമങ്ങൾ പ്രാബല്യത്തിലുണ്ടായിരുന്നു. പുതിയ ഭരണകൂടം അവ വ്യാപകമായി ഉപയോഗപ്പെടുത്തി. അവയിൽ പലതും 1950ൽ നിലവിൽ വന്ന ഭരണഘടന വിഭാവന ചെയ്യുന്ന മൗലികാവകാശങ്ങളുമായി പൊരുത്തപ്പെടുന്നവ ആയിരുന്നില്ല. കഴിഞ്ഞ ആറു പതിറ്റാണ്ടു കാലത്ത് ഗുണപരമായ ചില മാറ്റങ്ങൾ ഉണ്ടായെങ്കിലും കരിനിയമങ്ങളിൽ നിന്ന് നമുക്ക് മുക്തി നേടാനായിട്ടില്ല.
പൗരസ്വാതന്ത്ര്യങ്ങളുടെമേൽ യുക്തിസഹമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഭരണഘടന അനുവദിക്കുന്നുണ്ട്. ഈ വ്യവസ്ഥ ഉപയോഗപ്പെടുത്തിയാണ് കേന്ദ്രം കരിനിയമങ്ങൾ കൊണ്ടുവരുന്നത്. ഭരണഘടന നിലവിൽ വന്ന് മാസങ്ങൾക്കകം ഇത്തരം നിയമങ്ങളുടെ സാധുത സുപ്രിം കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടു. കരുതൽ തടങ്കലിലായിരുന്ന എകെജി ആണ് കോടതിയെ ആദ്യം സമീപിച്ചത്. നിയമപരമായ നടപടികളിലൂടെ സ്വാതന്ത്ര്യങ്ങൾ പരിമിതപ്പെടുത്താമെന്ന് ഭരണഘടന പറയുന്നതിനാൽ ഇടപെടാൻ കോടതി വിസമ്മതിച്ചു. കാൽ നൂറ്റാണ്ടുകാലം ആ സമീപനം കോടതി തുടർന്നു. അടിയന്തരാവസ്ഥക്കാലത്ത് മൗലികാവകാശങ്ങൾ പരിമിതപ്പെടുത്തപ്പെട്ടിട്ടുള്ളതുകൊണ്ട് സർക്കാരിനു ജീവിക്കാനുള്ള അവകാശം പോലും നിഷേധിക്കാനാകുമെന്ന ചീഫ് ജസ്റ്റിസ് വൈ വി ചന്ദ്രചൂഡിന്റെ വിധി അതിന്റെ ഫലമായുണ്ടായതാണ്. അദ്ദേഹം തന്നെ വൈകാതെ കോടതിയുടെ നിലപാട് തിരുത്തി. മേനകാ ഗാന്ധി ജനതാ സർക്കാർ തനിക്കെതിരെ എടുത്ത നടപടി കോടതിയിൽ ചോദ്യം ചെയ്തപ്പോൾ നടപടിക്രമങ്ങളുടെ സാധുത പരിശോധിക്കാൻ കോടതിക്ക് അധികാരമുണ്ടെന്ന് അദ്ദേഹം പ്രസ്താവിച്ചു.
കോടതിവിധിയുടെയൊ ജനങ്ങളുടെ കടുത്ത എതിർപ്പിന്റെയൊ ഫലമായി ഒരു കരിനിയമം പിൻവലിക്കാൻ നിർബന്ധിതമാകുമ്പോൾ മറ്റൊരു നിയമം കൊണ്ടുവരികയാണ് കേന്ദ്രം ചെയ്യുന്നത്. ടാഡ (ടെററിസ്റ്റ് ആൻഡ് ഡിസ്രപ്റ്റീവ് ആക്ടിവിറ്റീസ് ആക്ട്), പോട്ട (പ്രിവൻഷൻ ഓഫ് ടെററിസം ആക്ട്), യുഎപിഎ (അൺലാഫുൾ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട്) എന്നിവ ഇങ്ങനെ കൊണ്ടുവരപ്പെട്ടവയാണ്. തീവ്രവാദപ്രവർത്തനം തടയാൻ അത്തരം നിയമങ്ങൾ കൂടിയേ തീരൂ എന്നാണ് സർക്കാർ അവകാശപ്പെടുന്നത്. കൊലപാതകം ഉൾപ്പെടെ തീവ്രവാദികൾ ചെയ്യുന്ന ഏതു കുറ്റകൃത്യവും കൈകാര്യം ചെയ്യാനാവശ്യമായ വകുപ്പുകൾ പീനൽ കോഡിലുണ്ട്. എന്നിട്ടും സർക്കാർ പുതിയ നിയമങ്ങൾ കൊണ്ടുവരുന്നത് കുറ്റവാളികൾക്ക് നീതിപൂർവമായ വിചാരണ ലഭിക്കുന്നെന്ന് ഉറപ്പുവരുത്താനുള്ള വ്യവസ്ഥകളിൽ നിന്ന് ഒഴിഞ്ഞുമാറാനാണ്. പ്രോസിക്യൂഷൻ സാക്ഷികളെ വിസ്തരിച്ചും രേഖകൾ ഹാജരാക്കിയും ആരോപണം സംശയാതീതമായി തെളിയിക്കണമെന്ന് സാധാരണ നിയമം ആവശ്യപ്പെടുന്നു. കരിനിയമങ്ങൾ കോടതിയുടെ അധികാരത്തെ പരിമിതപ്പെടുത്തുകയും പ്രോസിക്യൂഷന് കൂടുതൽ പ്രവർത്തന സ്വാതന്ത്ര്യം അനുവദിക്കുകയും ചെയ്യുന്നു. അവ പ്രതികൾക്ക് ജാമ്യം നിഷേധിക്കുന്നു. ചിലപ്പോൾ അവ പ്രോസിക്യൂഷനെ കുറ്റം തെളിയിക്കാനുള്ള ബാധ്യതയിൽ നിന്ന് പൂർണമായി ഒഴിവാക്കുകയും ചെയ്യുന്നു. അങ്ങനെ താൻ കുറ്റം ചെയ്തിട്ടില്ലെന്ന് പ്രതി തെളിയിക്കേണ്ട അവസ്ഥ ഉണ്ടാകുന്നു. അതിനാലാണ് ഇവയെ `നിയമവിരുദ്ധ നിയമങ്ങൾ` അഥവാ കരിനിയമങ്ങൾ എന്ന് വിളിക്കുന്നത്.
ഈ നിയമങ്ങളുടെ പ്രവർത്തനം സൂക്ഷ്മമായി പരിശോധിക്കുമ്പോൾ സർക്കാർ പ്രതീക്ഷിക്കുന്ന ഗുണം അവ പ്രദാനം ചെയ്യുന്നില്ലെന്ന് കാണാം. ടാഡാ നിലവിലുണ്ടായിരുന്ന കാലത്ത് അതിലെ വകുപ്പുകൾ ഉപയോഗിച്ച് ധാരാളം പേർക്കെതിരെ കേസ് എടുത്തിരുന്നു. എന്നാൽ ഒരു ശതമാനം കേസുകളിൽ മാത്രമാണ് പ്രതികൾ ശിക്ഷിക്കപ്പെട്ടത്. ഏറ്റവുമധികം ആളുകൾ അറസ്റ്റ് ചെയ്യപ്പെട്ടത് വലിയ തോതിലുള്ള ഭീകരപ്രവർത്തനം നടന്നിട്ടില്ലാത്ത ഗുജറാത്തിലാണ്. ഇത് നിയമം വ്യാപകമായി ദുരുപയോഗിക്കപ്പെട്ടെന്ന് തെളിയിക്കുന്നു. ഇത്തരം കടുത്ത നിയമങ്ങൾ നിലവിലിരുന്ന കാലത്താണ് പാർലമെന്റ് ആക്രമണവും മുംബൈയിലെ സ്ഫോടനങ്ങളും നടന്നത്. പൊലീസിന് കൂടുതൽ അധികാരം നൽകുന്ന കരി നിയമങ്ങൾ ഭീകരപ്രവർത്തകരെ നിരുത്സാഹപ്പെടുത്തുന്നില്ലെന്നർഥം.
കോയമ്പത്തൂർ സ്ഫോടനക്കേസിൽ വിചാരണത്തടവുകാരനായി പത്തു കൊല്ലത്തോളം ജാമ്യവും പരോളും നിഷേധിച്ച് തടങ്കലിൽ കഴിഞ്ഞ അബ്ദുൾ നാസർ മ്അദനിയുടെ കഥ കേരളീയർക്ക് സുപരിചിതമാണ്. വിചാരണ കഴിഞ്ഞപ്പോൾ കോടതി പറഞ്ഞു അദ്ദേഹം നിരപരാധിയാണെന്ന്. അദ്ദേഹത്തിനെതിരെ ആരോപിക്കപ്പെട്ട കുറ്റങ്ങൾ ശരിയായിരുന്നെങ്കിൽ പോലും കൊടുക്കാവുന്ന പരമാവധി ശിക്ഷ എട്ടു കൊല്ലത്തെ തടവ് മാത്രമായിരുന്നു. ഇത്തരം നിയമങ്ങൾ ഭരണഘടനയും നിയമവ്യവസ്ഥയും ഉറപ്പു നൽകുന്ന അവകാശങ്ങൾ ഇല്ലാതാക്കുന്നതെങ്ങനെയെന്ന് അദ്ദേഹത്തിന്റെ അനുഭവം സാക്ഷ്യപ്പെടുത്തുന്നു. ജയിൽമോചിതനായി നാട്ടിൽ തിരിച്ചെത്തി ഏറെ കഴിയും മുമ്പ് കർണാടക പൊലീസ് സമാനമായ ആരോപണം ചുമത്തി അദ്ദേഹത്തെ വീണ്ടും അറസ്റ്റ് ചെയ്തു. ആ കേസ് ഇപ്പോൾ ഇഴഞ്ഞു നീങ്ങിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ തവണ തുടർച്ചയായി ജാമ്യം നിഷേധിച്ച സുപ്രിം കോടതി ഇത്തവണ അനാരോഗ്യം പരിഗണിച്ച് അദ്ദേഹത്തിന് കാരുണ്യപൂർവം താൽക്കാലിക ജാമ്യം നൽകിയിട്ടുണ്ടെന്നു മാത്രം.
യുഎപിഎ പ്രകാരം കേരളത്തിൽ ആദ്യം അറസ്റ്റ് ചെയ്യപ്പെട്ട 100 പേരിൽ 95 പേർ മുസ്ലിങ്ങളായിരുന്നു. തൊടുപുഴയിലെ കൈവെട്ടു കേസ് പ്രതികൾ അക്കൂട്ടത്തിൽപ്പെടുന്നു. സാധാരണ നിയമപ്രകാരം കേസെടുത്ത് ഉചിതമായ ശിക്ഷ വാങ്ങിക്കൊടുക്കാമെന്നിരിക്കെയാണ് കരിനിയമം പ്രയോഗിച്ചത്. ഇത്രയും കാലം മുസ്ലിം തീവ്രവാദത്തിന്റെയും മാവോയിസ്റ്റ് തീവ്രവാദത്തിന്റെയും പേരിലാണ് കേരളാ പൊലീസ് ഈ നിയമം ഉപയോഗിച്ചിരുന്നത്. നിയമം ദുരുപയോഗപ്പെടുത്തുകയാണെന്ന് ചില മുസ്ലിം സംഘടനകളും മാവോയിസ്റ്റ് അനുകൂല സംഘടനകളും പറഞ്ഞെങ്കിലും പൊതുസമൂഹത്തിന്റെ ഭാഗത്തു നിന്നും വലിയ പ്രതികരണമുണ്ടായില്ല. ഈയിടെ ഒരു ആർഎസ്എസുകാരനെ ബോംബെറിഞ്ഞു കൊന്നതുസംബന്ധിച്ച് എടുത്തിട്ടുള്ള കേസിലെ പ്രതികളായ സിപിഎമ്മുകാർക്കെതിരെ ആദ്യമായി യുഎപിഎയിലെ വകുപ്പുകളും ചേർക്കപ്പെട്ടു. ഇതെ തുടർന്ന് നിയമം ദുരുപയോഗിക്കപ്പെടുകയാണെന്ന് സിപിഎം ആരോപിച്ചിട്ടുണ്ട്.
മനുഷ്യാവകാശങ്ങൾ അവിഭാജ്യമാണ്. ആരു ആർക്കെതിരെ മനുഷ്യാവകാശ ലംഘനം നടത്തിയാലും അതിനെതിരെ ശബ്ദമുയർത്താനുള്ള കടമ എല്ലാവർക്കുമുണ്ട്. ആ കടമ നിർവഹിക്കാത്തവർ പരോക്ഷമായെങ്കിലും അവകാശലംഘനത്തിനു കൂട്ടുനിൽക്കുകയാണ്. (ജനയുഗം, ഒക്ടോബർ 23, 2014)