Tuesday, September 9, 2014

നമുക്ക് വഴി തെറ്റിയത് എങ്ങനെ, എവിടെ?
ബി.ആർ.പി. ഭാസ്കർ

ജന്മിവ്യവസ്ഥ ജീർണ്ണിച്ച് നിലം‌പതിക്കാൻ തുടങ്ങിയ ഘട്ടത്തിലാണ് പിൽക്കാലത്ത് കേരള നവോത്ഥാനമെന്ന് വിവക്ഷിക്കപ്പെട്ട സാമൂഹിക നവീകരണപ്രസ്ഥാനങ്ങൾ ഉയർന്നുവന്നത്. സമൂഹം വിഭജിച്ചു കിടന്നതുകൊണ്ട് ജാതി മതിൽക്കെട്ടുകൾക്കുള്ളിലാണ് ആ പ്രസ്ഥാനങ്ങൾ രൂപപ്പെട്ടതും വളർന്നതും. പരമ്പരാഗത വിദ്യാഭ്യാസ സമ്പ്രദായം സാമൂഹിക വിഭജനം ഉറപ്പിക്കുന്നതായിരുന്നു. എന്നാല്‍ ജാതിവ്യവസ്ഥയുടെ മേൽത്തട്ടുകളിലും കീഴ്ത്തട്ടുകളിലും പെട്ടവർ ഒരേ തരത്തിലുള്ള ആധുനിക വിദ്യാഭ്യാസം നേടിയപ്പോൾ ഇരുവിഭാഗങ്ങളിലും പെട്ടവർ അടങ്ങുന്ന ഒരു മദ്ധ്യവർഗ്ഗം രൂപപ്പെട്ടു. അങ്ങനെ ചില പൊതുസ്വഭാവങ്ങളുള്ള ഒരു സമൂഹമുണ്ടായി. വേഷത്തിന്റെയും ഭാഷയുടെയും അടിസ്ഥാനത്തിൽ ഒരു വ്യക്തിയുടെ സ്ഥാനം നിർണ്ണയിക്കാൻ കഴിയുന്ന അവസ്ഥ ഇല്ലാതായി. ജന്മിത്വം ഇല്ലാതായി. പക്ഷെ മുതലാളിത്വം വികസിച്ചില്ല.  ഈ സവിശേഷ സാഹചര്യത്തിസാമ്പത്തിക അസമത്വം കുറഞ്ഞു. നവോത്ഥാനം മുന്നോട്ടുവെച്ച ജാതിഭേദവും മതദ്വേഷവുമില്ലാത്ത മാതൃകാസ്ഥാനം എന്ന സങ്കല്പം യാഥാർത്ഥ്യമാകുമെന്ന പ്രതീതി ജനിച്ചു. അധികാര മത്സരത്തി ഏർപ്പെട്ടിരുന്ന രാഷ്ട്രീയപ്രസ്ഥാനങ്ങൾ സമത്വസുന്ദര  കേരളം വാഗ്ദാനം ചെയ്തപ്പോള്‍ അത് ശക്തിപ്പെട്ടു.  പക്ഷെ മാതൃകാസ്ഥാന സങ്കല്പം യാഥാർത്ഥ്യമായില്ല. സമത്വസുന്ദര കേരളം ഉണ്ടായതുമില്ല. എവിടെയോ നമുക്ക് വഴി തെറ്റി. അത് എങ്ങനെ, എവിടെയാണ് സംഭവിച്ചത്?

ഒരു നൂറു കൊല്ലം പിന്നോട്ടു പോയി അന്നത്തെ അവസ്ഥ പരിശോധിച്ചുകൊണ്ട് മുന്നോട്ടു പോയാൽ വഴി മാറി സഞ്ചരിക്കാന്‍ തുടങ്ങിയത് എപ്പോഴാണെന്ന് കണ്ടെത്താനാകും. അന്ന്  കേരളം മൂന്ന് രാഷ്ട്രീയ സംവിധാനങ്ങൾക്കു കീഴിലാണ്. രാജഭരണത്തിൻ കീഴിലാലായിരുന്ന തിരുവിതാംകൂർ, കൊച്ചി സംസ്ഥാനങ്ങൾർക്കാരിന്റെയും ക്രൈസ്തവ മിഷനറിമാരുടെയും പ്രവർത്തന ഫലമായി വിദ്യാഭ്യാസരംഗത്ത് ഇതര പ്രദേശങ്ങളെ പിന്നിലാക്കിക്കൊണ്ട് മുന്നേറുകയായിരുന്നെന്ന് സെൻസസ് റിപ്പോർട്ടുകളിലെ സാക്ഷരതാ കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നു. മദ്രാസ് പ്രിവിശ്യയുടെ ഭാഗമായിരുന്ന മലബാറിലെ അവസ്ഥ അത്രതന്നെ മെച്ചപ്പെട്ടതല്ലെങ്കിലും അവിടത്തെ സ്ഥിതിയും ബ്രിട്ടീഷു ഭരണത്തിലുള്ള മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് ഭേദമാണ്. നായർ പരിഷ്കർത്താക്കളുടെ ആവശ്യം പരിഗണിച്ച് തിരുവിതാംകൂർ മഹാരാജാവ് വിളംബരങ്ങളിലൂടെ മരുമക്കത്തായികളെ മക്കത്തായികളാക്കി. കൂട്ടുകുടുംബങ്ങൾ ആളോഹരി അടിസ്ഥാനത്തിൽ വിഭജിക്കപ്പെട്ടു. ബ്രാഹ്മണ സംബന്ധം  ഇല്ലാതായി. ശ്രീനാരായണഗുരുവിന്റെ പ്രവർത്തനം സമൂഹത്തിൽ ഗുണപരമായ മാറ്റങ്ങൾ വരുത്തിയതായി തിരുവിതാംകൂർ സെൻസസ് റിപ്പോർട്ടു രേഖപ്പെടുത്തി. വക്കം അബ്ദുൾ ഖാദർ മൌലവിയുടെ ശ്രമഫലമായി മുസ്ലിം സമൂഹത്തിലും മാറ്റത്തിന്റെ കാറ്റ് വീശി. ദലിത് കുട്ടികളുടെ സ്കൂൾപ്രവേശത്തിനു തടസം നിന്ന ജാതിമേധാവികളുടെർഷകത്തൊഴിലാളികൾ അയ്യൻകാളിയുടെ ആഹ്വാന പ്രകാരം പണിമുടക്കി. മതപരിവർത്തനം നടത്തിയവർക്ക് സഭയിൽ തുല്യ പരിഗണന ലഭിക്കുന്നില്ലെന്നുകണ്ട് പൊയ്കയിൽ യോഹന്നാൻ പ്രത്യേക സംവിധാനം വിഭാവന ചെയ്തു. തെക്ക് ആരംഭിച്ച പ്രസ്ഥാനങ്ങളുടെ അലകൾ വടക്കോട്ടു നീങ്ങിയെങ്കിലും താരതമ്യേന ദുർബലമായാണ് അനുഭവപ്പെട്ടത്.  കൈവിട്ടുപോയ ഖിലാഫത്ത് പ്രസ്ഥാനം മലബാറിൽ മതപരമായ ചേരിതിരിവ് സൃഷ്ടിച്ചു. നമ്പൂതിരി സമുദായം വി.ടി. ഭട്ടതിരിപ്പാടിനെ കാത്തു കിടക്കുകയാണ്. 

കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തിൽ നടന്ന വൈക്കം സത്യഗ്രഹം സാമൂഹിക രാഷ്ട്രീയ ധാരകളെ ഒരേ ദിശയിലാക്കി. നവീകരണ പ്രസ്ഥാനങ്ങൾ വിപ്ലവാവേശം നിറച്ച ജനങ്ങൾ കോണ്‍ഗ്രസിന്റെ കൊടിക്കീഴിൽ അണിനിരന്നു. തുടർന്നു വന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കൂടുതൽ വിപ്ലവകരമായ ആശയങ്ങൾ മുന്നോട്ടു വെച്ചപ്പോൾ അവർ അങ്ങോട്ടു നീങ്ങി. സ്വാതന്ത്ര്യത്തിന്റെ പത്താമാണ്ടിൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ അവർ കമ്മ്യൂണിസ്റ്റ് പാർട്ടിയെ അധികാരത്തിലേറ്റി. കമ്മ്യൂണിസ്റ്റ് സർക്കാർ ജന്മിയുടെ പറമ്പിൽ എപ്പോൾ വേണമെങ്കിലും പുറത്താക്കപ്പെടാവുന്ന അവസ്ഥയിൽ കഴിഞ്ഞിരുന്ന കുടികിടപ്പുകാരെ ആ ഭീഷണിയിൽ നിന്ന് ദിവസങ്ങൾക്കുള്ളിൽ മോചിപ്പിച്ചു.

സര്‍ക്കാരിന്റെ പദ്ധതിയെ പ്രതിപക്ഷ കക്ഷികളും ജാതിമത സംഘടനകളും എതിർത്തു. കാർഷിക പരിഷ്കാരം നായന്മാർക്ക് ദോഷകരമാണെന്ന് എൻ.എസ്. എസും വിദ്യാഭ്യാസ പരിഷ്കാരം ക്രൈസ്തവർക്ക് ദോഷകരമാണെന്ന് ക്രൈസ്തവ സഭകളും വാദിച്ചു. ഇരുകൂട്ടരുടെയും വാദം തെറ്റായിരുന്നു. ഭൂപരിഷ്കരണം നായർ സമുദായത്തിന്  പൊതുവിൽ ഗുണകരമായിരുന്നു. നായര്‍ സമുദായത്തില്‍ ഭൂമി നഷപ്പെട്ടവരേക്കാളേറെ ഭൂമി കിട്ടിയവരുണ്ടായിരുന്നു സ്വകാര്യ മാനേജ്മെന്റുകളുടെമേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുണ്ടാക്കിയ വിദ്യാഭ്യാസ നിയമം ക്രൈസ്തവരുൾപ്പെടെ എല്ലാ സമുദായങ്ങളിലെയും അദ്ധ്യാപകരുടെ താല്പര്യങ്ങൾ സംരക്ഷിക്കാനുതകുന്നതായിരുന്നു. പക്ഷെ സ്കൂളുകൾ നടത്തുന്ന ക്രൈസ്തവ സഭകൾക്ക്  അതിഷ്ടപ്പെട്ടില്ല. യഥാര്‍ത്ഥത്തിൽ പരിഷ്കാര നടപടികൾ ഹനിച്ചത് സമുദായങ്ങളെയല്ല അവയിലെ സ്ഥാപിതതാല്പര്യങ്ങളെയാണ്. രാഷ്ട്രീയ എതിരാളികൾ അവരുമായി കൈകോർത്തപ്പോൾ കമ്മ്യൂണിസ്റ്റ് സർക്കാരിന് പിടിച്ചുനിൽക്കാനായില്ല. നവോത്ഥാനം പിന്നോട്ടു തള്ളിയ ജാതിമതചിന്ത തിരിച്ചുവന്നു. ജാതിമത സംഘടനകൾക്ക് അധികാര രാഷ്ട്രീയത്തിൽ ഇടം കിട്ടി.

ഏതാനും കൊല്ലത്തെ വടംവലികൾക്കുശേഷം ഇടതുവലതുഭേദമന്യെ എല്ലാ രാഷ്ട്രീയ കക്ഷികൾക്കും സ്വീകാര്യമായ ഭൂപരിഷ്കരണ നിയമം നടപ്പിൽ വന്നു. കൃഷിഭൂമി കർഷകന് എന്ന മുദ്രാവാക്യം പ്രയോഗപഥത്തിലെത്തിയപ്പോൾ ഭൂമി കിട്ടിയത്  പാടത്തിറങ്ങി പണിയെടുത്തവർക്കല്ല, വരമ്പത്തു നിന്ന് പണിയെടുപ്പിച്ചവർക്കാണ്. വർഗ്ഗം ജാതിക്ക് വഴി മാറി. സുപ്രീം കോടതി കമ്മ്യൂണിസ്റ്റ് സർക്കാർ കൊണ്ടു വന്ന വിദ്യാഭ്യാസ നിയമം ശരിവെച്ചു. പക്ഷെ അതിലെ അദ്ധ്യാപകർക്ക് ഗുണപ്രദമായ നിയമവ്യവസ്ഥകൾ നടപ്പിലാക്കാൻ ഒരു സർക്കാരും കൂട്ടാക്കിയില്ല. പൊതുസമ്മതത്തോടെ രാഷ്ട്രീയ കേരളം വർഗ്ഗതാല്പര്യം വീണ്ടും ബലികഴിച്ചു.

കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരം നേടുകയും പുറത്താക്കപ്പെടുകയും ചെയ്ത കാലത്ത് കേരളം ദേശീയ ശരാശരിക്കു താഴെ മാത്രം ആളോഹരി വരുമാനമുള്ള സംസ്ഥാനമായിരുന്നു. ഇന്ന് രാജ്യത്തെ ഏറ്റവും സമ്പന്നമായ സംസ്ഥാനമാണ്. വിദേശത്ത് , പ്രത്യേകിച്ച്    ഗൾഫ് രാജ്യങ്ങളിൽ,  പണിയെടുക്കുന്ന ലക്ഷക്കണിക്കിനാളുകൾ അയക്കുന്ന പണമാണ്  ഈ മാറ്റം സാദ്ധ്യമാക്കിയത്. ഗൾഫ് പ്രവാസികളിൽ ഒരു നല്ല വിഭാഗം  സാമൂഹിക കാരണങ്ങളാൽ ഇവിടെ വേണ്ടത്ര തൊഴിലവസരങ്ങൾ ലഭിക്കാതിരുന്നവരാണ് . അവരുടെ സാമ്പത്തിക വർച്ച സാമൂഹിക അസന്തുലിതാവസ്ഥ കുറയ്ക്കാൻ സഹായകമായി. എന്നാൽ പിന്നീട് പ്രവാസികളിൽ നിന്ന് ഒരു അതിസമ്പന്നവിഭാഗം ഉയർന്നു വരികയും അതിന്റെ ഫലമായി സാമ്പത്തിക അസമത്വം വീണ്ടും വർദ്ധിക്കുകയും ചെയ്തു. പുറത്തു നിന്നുള്ള പണമൊഴുക്കിനെ തുടർന്ന് സംസ്ഥാനത്തിന്റെ സാമ്പത്തികരംഗം ഇപ്പോൾ സജീവമാണ്. എന്നാൽ ഇവിടെ നടക്കുന്ന സാമ്പത്തിക പ്രവർത്തനങ്ങളിലേറെയും മണല്‍ വാരലും പാറ പൊട്ടിക്കലും പോലെ പരിസ്ഥിതിയെ നശിപ്പിക്കുന്നതും അതുകൊണ്ടുതന്നെ സ്ഥലവാസികളുടെ താല്പര്യങ്ങള്‍ക്കു വിരുദ്ധവുമാണ്. ഇതരം പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയ-ഔദ്യോഗിക സംവിധാനത്തിന്റെ രക്ഷാധികാരത്തിലും മാഫിയാ സംഘങ്ങളുടെ സംരക്ഷണത്തിലും മാത്രം നടത്തിക്കൊണ്ടുപോകാനാകുന്നവയാണ്.

പഴയ സമ്പന്ന വർഗ്ഗത്തെപ്പോലെ  പുതിയ സമ്പന്ന വർഗ്ഗവും ജാതിമതമേധാവിത്വത്തിന്റെയും രാഷ്ട്രീയ നേതൃത്വത്തിന്റെയും ഉറ്റ ചങ്ങാതിയാണ്. വർഗ്ഗസമരഭീതി അതിനെ അലട്ടുന്നില്ല. തൊഴിലാളികള്‍ മുതലാളിമാര്‍ക്കെതിരെ സമരം ചെയ്യുന്നത് ഇന്ന് അപൂര്‍വ്വ കാഴ്ചയാണ്. മദ്യമുതലാളിയും മദ്യ തൊഴിലാളിയും ഒന്നിച്ച് സമരം ചെയ്യുന്നു. ബസ് മുതലാളിയും ബസ് തൊഴിലാളികളും ഒന്നിച്ച് സമരം ചെയ്യുന്നു. വര്‍ഗ്ഗസമരം കാലഹരണപ്പെട്ട സാഹചര്യത്തില്‍ മദ്ധ്യവര്‍ഗ്ഗം സമ്പന്നവര്‍ഗ്ഗത്തിലേക്ക് മാറുവാന്‍ സഹായിക്കുന്ന തട്ടിപ്പു പരിപാടികള്‍ കണ്ടെത്താനുള്ള തത്രപ്പാടിലാണ്.(ഇന്ത്യാ ടുഡേ, ഓണം സ്പെഷ്യൽ, സെപ്തംബർ 10, 2014.)