Tuesday, February 4, 2014

ഡൽഹി കടക്കാൻ ആം ആദ്മി എന്തു ചെയ്യണം?

ബി.ആർ.പി. ഭാസ്കർ

ഡൽഹി സംസ്ഥാന തെരഞ്ഞെടുപ്പിലെ അത്ഭുതാവഹമായ പ്രകടനത്തെ തുടർന്ന് ആം ആദ്മി പാർട്ടിയിലേക്കുണ്ടായ ഒഴുക്ക് ഒരു ചോദ്യം ഉയർത്തുന്നു: ദൽഹിയിലെ അത്ഭുതം ദേശിയതലത്തിൽ ആവർത്തിക്കുമോ?

ഡൽഹി നിയമസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി ബി.ജെ.പിയാണ്. എന്നാൽ ഭൂരിപക്ഷത്തിനാവശ്യമായ പിന്തുണ സംഘടിപ്പിക്കാൻ അതിന് കഴിയാതെ വന്നു. ആ സാഹചര്യത്തിലാണ് രണ്ടാം സ്ഥാനം നേടിയ ആം ആദ്മി പാർട്ടിക്ക്, കോൺഗ്രസിന്റെ പുറത്തുനിന്നുള്ള പിന്തുണയോടെ, ഭരണത്തിലേറാനായത്. ഭീമമായ പരാജയം ഏറ്റുവാങ്ങിയ കോൺഗ്രസിന്റെ മുന്നിൽ ആം ആദ്മിയെ പിന്തുണക്കുകയല്ലാതെ മറ്റ് മാർഗ്ഗമില്ലായിരുന്നു. ആം ആദ്മിക്ക് അങ്ങനെ പെട്ടെന്ന് അധികാരത്തിലേറാൻ കഴിഞ്ഞിരുന്നില്ലെങ്കിൽ അതിൽ കയറിക്കൂടാൻ വളരെപ്പേർ ശ്രമിക്കുമായിരുന്നില്ല.

കേരളം ഉൾ‌പ്പെടെ പല സംസ്ഥാനങ്ങളിലും ഏറെക്കാലമായി നിലനിൽക്കുന്ന ‘മറ്റ് മാർഗ്ഗമില്ല’ എന്നർത്ഥമുള്ള ടീനാ (TINA, or There is No Alternative) ഘടകത്തെ മറികടക്കാൻ ആം ആദ്മിക്ക് കഴിഞ്ഞത് ജനങ്ങൾക്ക് പുതിയ പ്രതീക്ഷ നൽകിയിരിക്കുന്നു. അതുകൊണ്ടാണ് മാറ്റം ആഗ്രഹിക്കുന്നവർ ആം ആദ്മിയിലേക്ക് തള്ളിക്കയറുന്നത്. വിവിധ പാർട്ടികളിൽ പ്രവർത്തിച്ച പാരമ്പര്യമുള്ളവരും ഏതെങ്കിലും കക്ഷിയുമായി ഒരിക്കലും അടുത്തിട്ടില്ലാത്തവരും അക്കൂട്ടത്തിലുണ്ട്. അവരിൽ ചിലരുടെ വരവ് ഒരുപക്ഷെ ആം ആദ്മിയെ ശക്തിപ്പെടുത്തുന്നതിനു പകരം അതിനെ കുറിച്ച് സംശയങ്ങൾ ജനിപ്പിക്കാൻ സാദ്ധ്യതയുണ്ട്.

ദിവസങ്ങൾ മാത്രം പ്രായമുള്ളതും ഭരണപരിചയമില്ലാത്തവരടങ്ങുന്നതുമായ ഡൽഹിയിലെ ആം ആദ്മി സർക്കാർ പരാജയമാണെന്ന് ചിലർ ഇതിനകം തന്നെ വിധിയെഴുതിക്കഴിഞ്ഞു. നിലനിൽ‌പ്പിന് കോൺഗ്രസിനെ ആശ്രയിക്കേണ്ട സർക്കാരിന് എത്രമാത്രം പ്രവർത്തന സ്വാതന്ത്ര്യമുണ്ടെന്ന് ന്യായമായും സംശയിക്കാം. എന്നാൽ സർക്കാരിനെ മറിച്ചിട്ടാലുണ്ടാകുന്ന സാഹചര്യം നേരിടാൻ പ്രയാസമുള്ളതുകൊണ്ട് കോൺഗ്രസിന് അതിന്റെ നടപടികളെ ലാഘവബുദ്ധിയോടെ സമീപിക്കാനാവില്ല. അടുത്തെങ്ങാനും വീണ്ടും തെരഞ്ഞെടുപ്പു നടന്നാൽ ബി.ജെ.പിക്ക് നില മെച്ചപ്പെടുത്താനും അധികാരം പിടിച്ചെടുക്കാനും കഴിയുമെന്ന ചിന്ത സാഹസം കാണിക്കാൻ കോൺഗ്രസിനെ അനുവദിക്കില്ല. ലോക് സഭാ തെരഞ്ഞെടുപ്പു വരെയെങ്കിലും കോൺഗ്രസിനെ പിണക്കാതിരിക്കാൻ ആം ആദ്മിയും ശ്രദ്ധിച്ചേക്കും.

ഡൽഹിയിലെ നല്ല പ്രകടനം ഒരു വൻനഗര കക്ഷിയായിരുന്ന ആം ആദ്മിയെ പ്രവർത്തനം ദേശീയതലത്തിലേക്ക് വ്യാപിപ്പിക്കാൻ പ്രേരിപ്പിച്ചിട്ടുണ്ട്. ജനസംഖ്യയുടെ 97.5 ശതമാനവും നഗരവാസികളായ ഡൽഹിയിൽ വലിയ നേട്ടമുണ്ടാക്കാൻ അതിനെ സഹായിച്ച ഒരു ഘടകം അണ്ണാ ഹസാരെയുടെ അഴിമതിവിരുദ്ധ സമരത്തിൽ മാദ്ധ്യമങ്ങൾ, പ്രത്യേകിച്ചും, ദൃശ്യമാദ്ധ്യമങ്ങൾ, എടുത്ത താല്പര്യമാണ്. ഇന്റർനെറ്റ് സംവിധാനത്തിലൂടെ ആകർഷിച്ച സന്നദ്ധസംഘ പ്രവർത്തകർ അതിന്റെ പ്രചാരകരായി. നവമാധ്യമങ്ങൾക്ക് രാജ്യത്തെ 542 ലോക് സഭാ മണ്ഡലങ്ങളിൽ 160 എണ്ണത്തിലെ വിധിയെ സ്വാധീനിക്കാനാകുമെന്ന പഠന റിപ്പോർട്ട് ആം ആദ്മി നേതൃത്വത്തിന് പ്രചോദനമായിട്ടുണ്ട്. അത് ഉയർത്തിക്കാട്ടിയ അഴിമതിയും നഗര സൌകര്യങ്ങളുടെ അപര്യാപ്തതയും മദ്ധ്യവർഗ്ഗ പിന്തുണ ആർജ്ജിക്കാൻ മതിയായ വിഷയങ്ങളാണ്. ഗ്രാമീണരെയും അടിസ്ഥാനവർഗ്ഗങ്ങളെയും ആകർഷിക്കാൻ അതുമാത്രം പോരാ. അവരെ സംബന്ധിച്ചിടത്തോളം അവരുടെ അതിജീവന പ്രശ്നങ്ങൾ പ്രധാനമാണ്. അത്തരം പ്രശ്നങ്ങളെയും ജനപക്ഷത്തു നിന്ന് സമീപിക്കാനുള്ള കഴിവ് അതിനുണ്ടോ എന്നാവും അവർ നോക്കുക.

ഡൽഹിയിൽ കോൺഗ്രസിനെയും ചെറിയ കക്ഷികളെയും എളുപ്പത്തിൽ കീഴ്പ്പെടുത്തിയ ആം ആദ്മി പാർട്ടിക്ക് ബി.ജെ.പിക്കുമേൽ വലിയ പ്രഹരമേല്പിക്കാൻ കഴിഞ്ഞിരുന്നില്ല. ഈ വസ്തുതയുടെ വെളിച്ചത്തിൽ കാഡർസ്വഭാവമുള്ള കക്ഷികളെ കടത്തിവെട്ടാൻ ആം ആദ്മി പാർട്ടിക്കു കഴിയുമോയെന്ന് സംശയിക്കുന്നവരുണ്ട്. ബി.ജെ.പിയുടെ വോട്ടു വിഹിതത്തിൽ രണ്ട് ശതമാനത്തിന്റെ കുറവെ ഉണ്ടായുള്ളെങ്കിലും അതിനെ മറികടന്ന് അധികാരത്തിലേറാൻ ആം ആദ്മിക്ക് കഴിഞ്ഞത് രാഷ്ട്രീയ കളിയുടെ സ്വഭാവം മാറിയിരിക്കുന്നെന്ന് വ്യക്തമാക്കുന്നു. പുതിയ സാഹചര്യത്തെ ലളിത സമവാക്യത്തിലൂടെ വിശദീകരിക്കാനാവില്ല. പശ്ചിമ ബംഗാളിൽ ഉറച്ച കാഡർ പാർട്ടിയായ സി.പി.എമ്മിനെ വീഴ്ത്തിയത് കോൺഗ്രസിനോളം പോലും കെട്ടുറപ്പില്ലാത്ത തൃണമൂൽ കോൺഗ്രസാണന്നതും ഇവിടെ ഓർക്കേണ്ടതുണ്ട്.

കേരളത്തിൽ ആം ആദ്മിക്ക് ആകർഷിക്കാൻ കഴിഞ്ഞിട്ടുള്ള ഏറ്റവും പ്രമുഖ വ്യക്തിയായ സാറാ ജോസഫ് ഇന്ന് ആ പാർട്ടിയിൽ ചേരുന്നത് പണ്ട് സ്വാതന്ത്ര്യസമരപോരാളിയും  ആദ്യകാല കമ്മ്യൂണിസ്റ്റും ആകുന്നതിനു തുല്യമാണെന്ന് പറയുന്നു. ആ നിരീക്ഷണത്തിന്റെ പ്രസക്തി മനസിലാക്കാൻ ആ കാലഘട്ടങ്ങൾ ഓർക്കുന്നവർക്കാകും. എന്നാൽ കോൺഗ്രസും കമ്മ്യൂണിസ്റ്റ് പാർട്ടികളും തമ്മിലുള്ള അധികാര രാഷ്ട്രീയ മത്സരം മാത്രം കണ്ടു വളർന്ന യുവതലമുറയ്ക്ക് അത് മനസിലാക്കാൻ കഴിഞ്ഞെന്നുവരില്ല. നല്ല ഭാവി ഉറപ്പാക്കാൻ വലിയ വില കൊടുക്കേണ്ടി വരുമെന്നറിഞ്ഞുകൊണ്ടാണ് ആദ്യകാലത്ത് ആ പാർട്ടികളിൽ യുവാക്കൾ ചേർന്നത്. ഇന്ന് ആ പാർട്ടികൾ ആകർഷിക്കുന്നവരിൽ ഒരു വലിയ വിഭാഗം അത്തരത്തിൽ വില കൊടുക്കാൻ വരുന്നവരല്ല, കിട്ടാവുന്നത് വാങ്ങാൻ വരുന്നവരാണ്. ആം ആദ്മി പാർട്ടി യുവാക്കളെ ആകർഷിക്കുന്നതും നല്ല ഭാവി വാഗ്ദാനം ചെയ്യുന്നതുകൊണ്ടു തന്നെ. എന്നാൽ അതിവേഗം അധികാര രാഷ്ട്രീയത്തിൽ സ്ഥാനം നേടിയ ഒരു കക്ഷിയാണത്. അതുകൊണ്ടു അതിലേക്ക് ചേക്കേറുന്നവർ ആദ്യകാല കോൺഗ്രസുകാരെയും കമ്മ്യൂണിസ്റ്റുകാരെയും പോലെ ത്യാഗസന്നദ്ധതയും സേവനമനോഭാവവും ഉള്ളവരാകണമെന്നില്ല.

പൂർ‌വകാലം പരിശോധനക്ക് വിധേയമാക്കാതെ ആവശ്യപ്പെടുന്നവർക്കെല്ലാം അംഗത്വം നൽകുകയാണ് ആം ആദ്മി ഇപ്പോൾ ചെയ്യുന്നത്. അണ്ണാ ഹസാരെയുടെ സമരകാലത്ത് അനുയായികൾ ഇന്റർനെറ്റ് സംവിധാനം ഉപയോഗപ്പെടുത്തി രാജ്യവ്യാപകമായി പിന്തുണ സംഘടിപ്പിക്കാൻ ശ്രമിച്ചിരുന്നു. അങ്ങനെ എത്തിയവരാണ് രാജ്യമൊട്ടുക്ക് ആം ആദ്മിയുടെ സംഘാടകരായി മാറിയിരിക്കുന്നത്. മറ്റ് കക്ഷികൾ ഇന്റർനെറ്റ് സാമ്പ്രദായിക രീതിയിലുള്ള പ്രവർത്തനത്തിന് ഉപയോഗിക്കുമ്പോൾ ആം ആദ്മി സാങ്കേതികവിദ്യയുടെ സാദ്ധ്യതകൾ പൂർണ്ണമായും പ്രയോജനപ്പെടുത്തുന്ന പുതിയ പ്രവർത്തനരീതി സ്വീകരിച്ചിരിക്കുകയാണ്. പാർട്ടിയെ കൈപ്പിടിയിൽ ഒതുക്കി നിർത്തുന്ന പാരമ്പര്യമുള്ള കക്ഷി നേതാക്കൾക്ക് ഇത്തരം പുതിയ രീതികളെ കുറിച്ച് ചിന്തിക്കാനേ കഴിയില്ല. തള്ളിക്കയറുന്ന എല്ലാവരെയും സ്വാഗതം ചെയ്യുന്ന ഒരു കക്ഷിയെ ആൾക്കൂട്ടത്തിന്റെ സ്വഭാവമുള്ള ഒന്നായാകും അവർ കാണുക. ആം ആദ്മിക്ക് അത് ചെയ്യാൻ കഴിയുന്നത് ശ്രേണീബദ്ധസ്വഭാവം ഇല്ലാത്തതുകൊണ്ടാണ്. സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്ന ഘട്ടത്തിൽ മാത്രം ഓരോരുത്തരുടെയും പൂർവ്വചരിത്രം ചികഞ്ഞുനോക്കിയാൽ മതിയെന്ന നിലപാടാണ് അത് സ്വീകരിച്ചിട്ടുള്ളത്. ആ ഘട്ടത്തിൽ പുറന്തള്ളപ്പെടുമ്പോൾ സ്ഥാനാർത്ഥിത്വം മോഹിച്ചു മാത്രം വന്നവർ പാർട്ടി വിട്ടുപോയേക്കും. അതൊരു നഷ്ടമല്ല. കാരണം അവരുടെ വേർപാടോടെ പാർട്ടി ശുദ്ധീകരിക്കപ്പെടുകയാണ് ചെയ്യുന്നത്. ജനസമ്മതിയുള്ള സ്ഥാനാർത്ഥികളെ കണ്ടെത്തുന്നതിനും ആം ആദ്മി പാർട്ടിക്ക് ഇന്റർനെറ്റ് സംവിധാനം പ്രയോജനപ്പെടുത്താനാകും. സാമ്പ്രദായിക കക്ഷികൾക്ക് അത് ചെയ്യാനാകില്ല.

പല പാർട്ടികളും സ്ഥാനാർത്ഥികളാകാൻ താല്പര്യപ്പെടുന്നവരിൽനിന്ന് അപേക്ഷകൾ എഴുതി വാങ്ങുന്ന രീതി സ്വീകരിച്ചിട്ടുണ്ട്. അവരിൽ നിന്ന് ഭാരിച്ച പ്രവേശന ഫീസ് ഈടാക്കുകയും ചെയ്യുന്നുണ്ട്. ചില സ്വാശ്രയ കോളെജുകൾ ചെയ്യുന്നതുപോലെ ഓരോരുത്തരും എത്ര പണം നൽകാൻ തയ്യാറാണെന്ന് ഈ പരിപാടിയിലൂടെ കണ്ടെത്താനാകും. എന്നാൽ നല്ല സ്ഥാനാർത്ഥികൾ അപേക്ഷയുമായി ക്യൂവിൽ നിൽക്കാൻ തയ്യാറാകില്ല. അവരെ മത്സരരംഗത്തിറങ്ങാൻ പ്രേരിപ്പിക്കേണ്ടതായി വരും. രാഷ്ടീയ പരിചയമില്ലാത്തവരെ അങ്ങോട്ടു ചെന്ന് ക്ഷണിച്ചു സ്ഥാനാർത്ഥികളാക്കി അവരുടെ പ്രതിച്ഛായയും സ്വാധീനവും മുതലാക്കുന്നതിൽ മിടുക്ക് കാട്ടിയിട്ടുള്ള കക്ഷിയാണ് ബി.ജെ.പി. സിനിമാ-സീരിയൽ താരങ്ങൾ, പെൻഷൻ പറ്റിയ സിവിൽ മിലിട്ടറി ഉദ്യോഗസ്ഥന്മാർ തുടങ്ങിയവരെ അത് പാർട്ടിയിലേക്ക് കൊണ്ടുവരികയും തെരഞ്ഞെടുപ്പിൽ നിർത്തി വിജയം കാണുകയും ചെയ്തിട്ടുണ്ട്. ഈയിടെ അത് ആകർഷിച്ച ഒരാൾ കഴിഞ്ഞ കൊല്ലം കേന്ദ്ര ആഭ്യന്തര സെക്രട്ടറിയായി റിട്ടയർ ചെയ്ത ആർ.കെ. സിങ് എന്ന ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. പാകിസ്ഥാനിൽ കഴിയുന്ന മുംബായ് മാഫിയാ തലവൻ ദാവൂദ് ഇബ്രാഹിമുമായി ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്ന ഒരു ബിസിനസുകാരനെ ഐ.പി.എൽ വാതുവെയ്പ് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാൻ ആഭ്യന്തര മന്ത്രി സുശീൽ കുമാർ ഷിൻഡെ ഡൽഹി പൊലീസിനെ അനുവദിച്ചില്ലെന്ന് ഡിസംബറിൽ ബി.ജെ.പി. അംഗത്വമെടുത്ത സിങ് മാദ്ധ്യമങ്ങളോട് പറയുകയുണ്ടായി. മന്ത്രിയുടെ ആപ്പീസിൽ നിന്ന് ഡൽഹിയിലെ ഓരോ പൊലീസ് സ്റ്റേഷനിലും ആരെ നിയോഗിക്കണമെന്ന് കാണിച്ച് കുറിപ്പുകൾ കിട്ടിയിരുന്നെന്നും പണം വാങ്ങിയാണ് നിയമനങ്ങൾ നടത്തിയിരുന്നതെന്നും കൂടി അദ്ദേഹം പറഞ്ഞു. സിങ് പറഞ്ഞത് സത്യമാകാം. അതേസമയം സെക്രട്ടറിയെന്ന നിലയിൽ കൊള്ളരുതായ്മകൾക്ക് കൂട്ടുനിന്ന ശേഷം പ്രതിപക്ഷ കക്ഷിയിൽ ചേക്കേറിയിട്ട് അത് വിളിച്ചു പറയുന്ന ഉദ്യോഗസ്ഥന്റെ ഉദ്ദേശ്യ ശുദ്ധി സംശയാസ്പദമാണ്. ബി.ജെ.പിയിൽ ചേർന്നത് ദേശീയസുരക്ഷയെ സംബന്ധിച്ച ആ കക്ഷിയുടെ നയങ്ങളോട് യോജിപ്പുള്ളതുകൊണ്ടാണെന്ന് സിങ് പറയുന്നു. ആ യോജിപ്പു വിരമിച്ചതിനുശേഷം ഉണ്ടായതാകില്ലല്ലൊ. ഈ പശ്ചാത്തലത്തിൽ സിങ് വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന കാലത്ത് അതിന്റെ നിയന്ത്രണത്തിലുള്ള ഡൽഹി പൊലീസ് സംസ്ഥാനത്തിനു പുറത്തു നടത്തിയ ചില പ്രവർത്തനങ്ങൾ സംശയം ജനിപ്പിക്കുന്നു. ജമ്മു കശ്മീർ സർക്കാരിന്റെ പദ്ധതിപ്രകാരം സംസ്ഥാന പൊലീസിന് കീഴടങ്ങാനായി പാകിസ്ഥനിൽ നിന്ന് നേപാൾ വഴി കുടുംബ സമേതം ഇന്ത്യയിലേക്ക് വന്ന ഒരു മുൻഭീകരപ്രവർത്തകനെ ഡൽഹി പൊലീസ് തലസ്ഥാന നഗരിയിൽ ബോംബ് വെക്കാൻ പരിപാടിയിട്ടെന്ന കുറ്റം ചുമത്തി യു.പിയിൽ വെച്ച് അറസ്റ്റ് ചെയ്തിരുന്നു.  

ആം ആദ്മി പ്രവേശിക്കുമ്പോൾ ഡൽഹി രാഷ്ട്രീയരംഗം കോൺഗ്രസിനും ബി.ജെ.പിക്കും മേധാവിത്വമുള്ള ഒന്നായിരുന്നു. ദേശീയ രാഷ്ട്രീയരംഗം തികച്ചും വ്യത്യസ്തമായ ഒന്നാണ്. അത് ശിഥിലമാണ്. തെരഞ്ഞെടുപ്പ് കമ്മിഷൻ ഏഴ് പാർട്ടികളെ ദേശീയ കക്ഷികളായി അംഗീകരിച്ചിട്ടുണ്ട്: കോൺഗ്രസ്, ബി.എസ്.പി, ബഹുജൻ സമാജ് പാർട്ടി, സി.പി.എം, നാഷനൽ കോൺഗ്രസ് പാർട്ടി, സി.പി.ഐ., രാഷ്ട്രീയ ജനതാ ദൾ. കോൺഗ്രസിനും  ബി.ജി.പിക്കും മാത്രമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ലോക് സഭയിൽ മൂന്നക്ക അംഗബലം നേടാൻ കഴിഞ്ഞത്. തെരഞ്ഞെടുപ്പു കമ്മിഷൻ അത്യുദാരമായ സമീപനം സ്വീകരിച്ചിട്ടുള്ളതു കൊണ്ട് 10 ശതമാനം വോട്ടു പോലും കിട്ടാത്ത പാർട്ടികൾക്കും ദേശീയ പദവിയുണ്ട്. കോൺഗ്രസ് (206 സീറ്റ്, 28.55 ശതമാനം വോട്ട്), ബി.ജെ.പി. (116 സീറ്റ്, 18.80 ശതമാനം വോട്ട്) എന്നിവ കഴിഞ്ഞാൽ ഏറ്റവുമധികം സീറ്റ് നേടിയത് ഒരു സംസ്ഥാന കക്ഷി മാത്രമായ സമാജ്‌വാദി പാർട്ടി (22 സീറ്റ്) ആണ്. മുമ്പൊരിക്കൽ സംസ്ഥാന കക്ഷിയായ തെലുഗു ദേശം പാർട്ടി ആന്ധ്ര പ്രദേശത്തിൽ നിന്നു മാത്രം കിട്ടിയ 40 സീറ്റിന്റെ ബലത്തിൽ രാജ്യത്തെ മുഖ്യ പ്രതിപക്ഷ കക്ഷി എന്ന പദവി നേടിയിരുന്നു. ഇന്റനെറ്റിലൂടെ നേട്ടം കൊയ്യാനാകുമെങ്കിൽ  ഇക്കൊല്ലത്തെ തെരഞ്ഞെടുപ്പിൽ വലിയ നേട്ടമുണ്ടാക്കി മൂന്നാം സ്ഥാനത്തെത്താമെന്ന് ആം ആദ്മി പാർട്ടി കരുതുന്നെങ്കിൽ അതിനെ അസംഭവ്യമെന്ന് പറഞ്ഞു തള്ളിക്കളയാനാവില്ല.

ഡൽഹിയിലെന്ന പോലെ രാജ്യത്തിന്റെ ഇതര ഭാഗങ്ങളിലും അഴിമതി, സ്വജനപക്ഷപാതം തുടങ്ങിയവ അധികാരരാഷ്ട്രീയത്തിൽ പടർന്നിരിക്കുകയാണെന്ന വിശ്വാസം ശക്തമാണ്. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും അധികാരത്തിലിരിക്കുന്ന ഒരു കക്ഷിയേയും ബഹുഭൂരിപക്ഷം ജനങ്ങളും സംശുദ്ധവും നീതിപൂർവ്വകവുമായ ഭരണം കാഴ്ചവെക്കുന്ന ഒന്നായി കാണുന്നില്ല. നിലവിലുള്ള ബദലുകളിൽ നിന്ന് വ്യത്യസ്തമായ നയങ്ങളും സമീപനങ്ങളും പ്രതീക്ഷിക്കാമെന്ന വിശ്വാസവും അവർക്കില്ല. ‘മറ്റൊരു മാർഗ്ഗമില്ല’ എന്ന ചിന്തയിൽ, ഗുജറാത്തിലും മദ്ധ്യ പ്രദേശിലുമെന്ന പോലെ, ഭരണപക്ഷത്തെ തുടർന്നും നിലനിർത്തുകയൊ അല്ലെങ്കിൽ, കേരളത്തിലും തമിഴ് നാട്ടിലുമെന്ന പോലെ, അതിനെ താഴെയിറക്കി പ്രതിപക്ഷത്തിന് അവസരം നൽകുകയൊ ചെയ്യുന്ന രീതി അവർ പിന്തുടരുന്നു.

വ്യത്യസ്തമായ സമീപനങ്ങളുണ്ടെന്നതുകൊണ്ടു മാത്രം മറ്റൊരു കക്ഷിയെ പരീക്ഷിക്കാൻ അവർ തയ്യറാകില്ല. ആ കക്ഷിക്ക് വിശ്വാസയോഗ്യമായ നേതൃത്വമുണ്ടെന്നും വിജയിക്കാനുള്ള സാദ്ധ്യതയുണ്ടെന്നും കൂടി ബോദ്ധ്യമായാലെ അവർ പരീക്ഷണത്തിനു തയ്യാറാകൂ. ലോക് സഭാ തെരഞ്ഞെടുപ്പിനു മുമ്പ് അങ്ങനെയൊരു ബോദ്ധ്യം എങ്ങനെ നൽകാനാകുമെന്നതാണ് ആം ആദ്മി പാർട്ടി നേരിടുന്ന വെല്ലുവിളി. ദേശീയ തലത്തിൽ അവതരിപ്പിക്കാൻ അരവിന്ദ് കേജ്രിവാൾ അല്ലാതെ മറ്റൊരു നേതാവ് ഇപ്പോൾ അതിനില്ല. അതിന്റെ വക്താവായി മുന്നോട്ടു വന്നിട്ടുള്ള പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ സങ്കീർണ്ണമായ ജമ്മു കശ്മീർ പ്രശ്നത്തെ കുറിച്ച് ഈയിടെ നടത്തിയ ഒരു പരാമർശം പാർട്ടിയുടെ നയമല്ലെന്നു പറഞ്ഞുകൊണ്ട് കേജ്രിവാൾ തിരസ്കരിക്കുകയുണ്ടായി. ആം ആദ്മിയുടെ പ്രത്യയശാസ്ത്ര വിശാരദനായി അറിയപ്പെടുന്ന യോഗേന്ദ്ര യാദവ് തെരഞ്ഞെടുപ്പ് വിദഗ്ദ്ധനാണ്. ദീർഘകാലത്തെ പഠനങ്ങളിലൂടെ ആർജ്ജിച്ച അറിവിന്റെ വെളിച്ചത്തിൽ സാമൂഹിക ഘടകങ്ങൾ എങ്ങനെ തെരഞ്ഞെടുപ്പു ഫലത്തെ സ്വാധീനിക്കുന്നെന്ന് പറയാൻ കഴിയുന്ന ആളാണദ്ദേഹം. പക്ഷെ രാഷ്ട്രീയ നേതാവെന്ന പരിവേഷം അദ്ദേഹത്തിനില്ല. ഡൽഹിയിലെ വിജയത്തിനുശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആം ആദ്മി പാർട്ടി ആകർഷിച്ചിട്ടുള്ളവരിലും രാഷ്ട്രീയ പരിചയമുള്ളവർ ചുരുക്കമാണ്. ഇതിനൊരു നല്ല വശമുണ്ട്. അത് ദുഷ്പേർ സമ്പാദിച്ചവർ കൂട്ടത്തിലില്ലെന്നതാണ്. അതേസമയം ദേശീയ രാഷ്ടീയത്തിൽ ഇടം തേടുന്ന ഒരു കക്ഷിക്ക് ജനസമ്മതിയുള്ളവരുടെ അഭാവം വലിയ ദൌർബല്യമാണ്. ഇത് തിരിച്ചറിയുന്നതുകൊണ്ട് ലോക് സഭയിലേക്ക് മത്സരിക്കില്ലെന്ന മുൻ തീരുമാനം കേജ്രിവാൾ മാറ്റിക്കഴിഞ്ഞു. പക്ഷെ കേജ്രിവാൾ പാർലമെന്റിൽ എത്തുന്നതുകൊണ്ടു മാത്രം ആം ആദ്മിയുടെ ദേശീയതല നേതൃത്വ ദാരിദ്ര്യം പരിഹരിക്കപ്പെടുകയില്ല. കീഴ് തലങ്ങളിൽ ആം ആദ്മിയുടെ നേതൃനിരയിൽ നല്ല ജോലി ഉപേക്ഷിച്ച് സംശുദ്ധമായ പൊതുപ്രവർത്തനത്തിനായി ഇറങ്ങിത്തിരിച്ചവരുണ്ട്. അവർക്ക് ഉയർന്നുവരാൻ സമയം ആവശ്യമാണ്. ഈ സാഹചര്യത്തിൽ ലോക് സഭാ തെരഞ്ഞെടുപ്പിനു മുമ്പ് നേതൃനിര ശക്തിപ്പെടുത്താൻ ചില നടപടികൾ ആവശ്യമാണ്. രാഷ്ട്രീയേതര പ്രവർത്തനങ്ങളിലൂടെ നല്ല പ്രതിച്ഛായ നേടിയിട്ടുള്ളവരെ പാർട്ടിയിലേക്ക് കൊണ്ടുവരാനും തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളാക്കാനും കഴിഞ്ഞാൽ ഇപ്പോഴത്തെ പോരായ്മ പരിഹരിക്കാനാകും. കോൺഗ്രസും ബി.ജെ.പി.യും ഉൾപ്പെടെയുള്ള പാർട്ടികൾ നേരത്തെ ചെയ്തതുപോലെ പളുങ്കു നടീനടന്മാരെ തേടാതെ വിവിധ തുറകളിൽ പ്രവർത്തിച്ച്  സമൂഹത്തിന് വിലപ്പെട്ട സംഭാവനകൾ നൽകിയവരും കൂടുതൽ സംഭാവനകൾ നൽകാൻ കഴിവുള്ളവരുമായവരെ കണ്ടെത്തി പൊതുരംഗത്തേക്ക് കൊണ്ടുവരാനാണ് ശ്രമിക്കേണ്ടത്. അത് രാഷ്ട്രീയത്തെ ഉപജീവനമാർഗ്ഗമാക്കിയിട്ടുള്ളവരിൽ നിന്ന് ആ മേഖലയെ മോചിപ്പിക്കാൻ സഹായിക്കും.

ഡൽഹിയിലെ ഭരണകക്ഷിയെന്ന നിലയിൽ ഇതിനകം തന്നെ ആം ആദ്മി പാർട്ടിക്ക് ചില കാര്യങ്ങളിൽ പഴി കേൾക്കേണ്ടി വന്നിട്ടുണ്ട്. സ്വന്തംനിലയിൽ മയക്കു മരുന്നു വേട്ടയ്ക്ക് നേതൃത്വം നൽകാനിറങ്ങിയ അഭിഭാഷകൻ കൂടിയായ മന്ത്രി സോംനാഥ് ഭാരതി ഏതാനും ആഫ്രിക്കൻ വനിതകളോട് നിന്ദ്യമായ രീതിയിൽ പെരുമാറിയെന്ന ആരോപണം ഗൌരവപൂർവ്വം കാണേണ്ട ഒന്നാണ്. തിന്മകൾ ഉന്മൂലനം ചെയ്യാനാണെങ്കിൽ പോലും നിയമം കയ്യിലെടുക്കാനും മനുഷ്യാവകാശങ്ങൾ ലംഘിക്കാനും ഒരു മന്ത്രിക്കും അധികാരമില്ല.  കേജ്രിവാളിനെതിരെയും ആക്ഷേപം ഉന്നയിക്കപ്പെട്ടിട്ടുണ്ട്. തമിഴ്നാട് കൺസ്യൂമർ പ്രോട്ടക്ഷൻ കൌൺസിൽ സെക്രട്ടറി എസ്. പുഷ്പവനം ഒരു ലേഖനത്തിൽ ഇൻ‌കം ടാക്സ് ഉദ്യോഗസ്ഥനായിരിക്കെ വിദേശപഠനത്തിനു പോയപ്പോൾ സർക്കാരിനു ഒപ്പിട്ടു നൽകിയ ബോണ്ടിലെ വ്യവസ്ഥ ലംഘിച്ചതു മുതൽ മുഖ്യമന്ത്രിയെന്ന നിലയിൽ നടത്തിയ ചില പ്രഖ്യാപനങ്ങൾ വരെ ചൂണ്ടിക്കാണിച്ചുകൊണ്ട് കേജ്രിവാളും അവസാന അഭയമെന്ന നിലയിൽ രാഷ്ട്രീയത്തിലെത്തിയ മറ്റൊരാൾ മാത്രമാണെന്ന് സമർത്ഥിക്കുകയുണ്ടായി. വസ്തുതകളുടെ അടിസ്ഥാനത്തിലാണ് കുറ്റാരോപണമെങ്കിലും ഒരു വലിയ വിഭാഗം ജനങ്ങൾ കേജ്രിവാളിനെ രാഷ്ട്രീയമാറ്റത്തിന്റെ പ്രതീകമായി കാണുന്നതുകൊണ്ട് ഈ ഘട്ടത്തിൽ അത് അദ്ദേഹത്തിനു വലിയ ദോഷം ചെയ്യാനിടയില്ല. എന്നാൽ അദ്ദേഹം വാഗ്ദാനം ചെയ്യുന്ന മാറ്റം ഉണ്ടാകുന്ന ലക്ഷണമില്ലെങ്കിൽ സ്ഥിതി തീർച്ചയായും മാറും. (മാതൃഭൂമി ആഴ്ചപ്പതിപ്പ്, ഫെബ്രുവരി 2, 2014)

1 comment:

s.sarojam said...

നല്ല വിശ കലനം .