Thursday, September 26, 2013

മുഖ്യമന്ത്രിയെ നിലനിർത്തുന്നത് പ്രതിപക്ഷ സമരം

ബി.ആർ.പി. ഭാസ്കർ

സോളാർ തട്ടിപ്പു കേസ് പ്രതി സരിത എസ്. നായർ മുഖ്യമന്ത്രിയുടെ ആപ്പീസുമായി നിരന്തരം ഫോൺ ബന്ധം പുലർത്തിയിരുന്നെന്ന വിവരം പുറത്തുവന്നയുടൻ തന്നെ പ്രതിപക്ഷം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രാജിവെച്ച് ജുഡിഷ്യൽ അന്വേഷണം നേരിടണമെന്ന ആവശ്യം ഉന്നയിക്കുകയും സമരപ്രഖ്യാപനം നടത്തുകയും ചെയ്തു. സമരം ഇതിനകം പല ഘട്ടങ്ങൾ പിന്നിട്ടു കഴിഞ്ഞു. സാമ്പ്രദായിക രീതിയിലായിരുന്നു തുടക്കം. തലസ്ഥാനത്തും ജില്ലാ ആസ്ഥാനങ്ങളിലും ധർണ്ണകളും പ്രകടനങ്ങളും നടന്നു. അവ ഫലം കാണാതായപ്പോൾ അടുത്ത ഘട്ടത്തിലേക്ക് നീങ്ങി. ഒരു ലക്ഷം പേരെ അണിനിരത്തിക്കൊണ്ട് അനിശ്ചിതകാല സെക്രട്ടേറിയറ്റ് ഉപരോധം നടത്തുമെന്ന് എൽ.ഡി.എഫ് പ്രഖ്യാപിച്ചു. സി.പി.എം മാത്രം 70,000 പേരെ സമരമുഖത്തേക്കയക്കാൻ തീരുമാനിച്ചു. അതിനുള്ള ആളും പണവും പാർട്ടിക്കുണ്ടെന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടായിരുന്നില്ല. മുഖ്യമന്ത്രി രാജി വെക്കുംവരെ ഉപരോധം തുടരുമെന്നും ഒരീച്ചയെ പോലും സെക്രട്ടേറിയറ്റിലേക്ക് കടക്കാൻ അനുവദിക്കില്ലെന്നുമാണ് എൽ.ഡി.എഫ്. കൺ‌വീനർ പറഞ്ഞത്.

ഭരണസ്തംഭനം ലക്ഷ്യമിട്ടുള്ള ആ നീക്കത്തെ സർക്കാർ അതീവ ഗൌരവത്തോടെയും അല്പം ഭയപ്പാടോടെയുമാണ് കണ്ടത്. സി.പി.എമ്മിനോട് ആഭിമുഖ്യം പുലർത്തുന്ന ഒരു വിഭാഗമുള്ള  സംസ്ഥാന പൊലീസിന് ക്രമസമാധാനം നിലനിർത്താനാകുമോയെന്ന് സർക്കാർ സംശയിച്ചിരിക്കണം. അത് കേന്ദ്രസേനകളുടെ സഹായം അഭ്യർത്ഥിച്ചു. സമരഭടന്മാരെ തിരുവനന്തപുരത്തേക്ക് കൊണ്ടുവരുന്ന  വാഹനങ്ങൾ തടയാനും നഗരത്തിൽ അവർക്ക് താമസ സൌകര്യം നിഷേധിക്കാനും പദ്ധതിയിടുകയും ചെയ്തു. പക്ഷെ പ്രതിബന്ധങ്ങൾ ഫലപ്രദമായില്ല  ഉപരോധത്തിൽ പങ്കെടുക്കാൻ സി.പി.എം.ബ്രാഞ്ചുകൾ നിയോഗിച്ചവരിൽ 9,000 ബഹുഭൂരിപക്ഷം പേരുമെത്തി. സെക്രട്ടേറിയറ്റ് പരിസരം അവരെക്കൊണ്ട് നിറഞ്ഞു.
വളരെ സൂക്ഷ്മമായും വിശദമായുമാണ് സി.പി.എം സമരം ആസൂത്രണം ചെയ്തത്. ഓരോ പാർട്ടി ബ്രാഞ്ചും എത്ര വാളണ്ടിയർമാരെ അയക്കണമെന്നും ഓരോരുത്തർക്കും എത്ര പണം കൊടുക്കണമെന്നും പാർട്ടി നേതൃത്വം തീരുമാനിക്കുകയും കീഴ്ഘടകങ്ങൾക്ക് നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. തിരുവനന്തപുരത്തെ ശ്രദ്ധാപൂർവ്വമായ ക്രമീകരണങ്ങളിൽ ഓരോ ജില്ലയിൽ നിന്നുമുള്ളവർ സെക്രട്ടേറിയറ്റിന്റെ ഏത് ഭാഗത്ത് നിലയുറപ്പിക്കണമെന്നും ആഹാരത്തിന് എപ്പോൾ എവിടെ എത്തണമെന്നുമുള്ള തീരുമാനങ്ങൾ അടങ്ങിയിരുന്നു. പതിന്നാലിടങ്ങളിലായി 5,000 പേർക്ക് വീതം ഭക്ഷണം തയ്യാറാക്കാനുള്ള ഏർപ്പാടുകൾ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ചെയ്തു. സി.പി.എമ്മിന്റെ സംഘടനാപാടവത്തിൽ അത്ഭുതസ്തബ്ധരായ മാദ്ധ്യമങ്ങൾ ഐതിഹാസികമായ ഉപരോധ സമരത്തെ വാഴ്ത്തി.

എന്നാൽ സംഘടനാ പ്രവർത്തനത്തിന്റെ വിജയം സി.പി.എം. നേതൃത്വത്തെ ഭയപ്പെടുത്തി. പ്രമാണികൾ ഹോട്ടൽമുറികൾ തരപ്പെടുത്തി രാത്രിയിൽ സുഖമായി ഉറങ്ങിയശേഷം കുളിയും കഴിഞ്ഞ് വീണ്ടും സമരമുഖത്തെത്തിയപ്പോൾ ബഹുഭൂരിപക്ഷം വാളണ്ടിയർമാരും തെരുവിൽ ഉറങ്ങിയശേഷം പ്രാഥമികകൃത്യങ്ങൾ നിർവഹിക്കാൻ സൌകര്യമില്ലാതെ കുഴങ്ങുകയായിരുന്നു. സമരം നീണ്ടുപോയാൽ ആദ്യദിവസത്തെ ആവേശവും അച്ചടക്കവും നിലനിർത്താനാവില്ലെന്ന് നേതൃത്വം മനസിലാക്കി. അതോടെ സമരം എത്രയും വേഗം അവസാനിപ്പിക്കേണ്ടത് സർക്കാരിനേക്കാൾ പാർട്ടിയുടെ ആവശ്യമായി.

അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാൻ സർക്കാരും പ്രതിപക്ഷവും ശ്രദ്ധിച്ചു. വിളിച്ചുവരുത്തിയ കേന്ദ്രസേനയെ സർക്കാർ തെരുവിലിറക്കിയില്ല. സെക്രട്ടേറിയറ്റ് പരിസരത്ത് സംസ്ഥാന പൊലീസ് മാത്രമെ വിന്യസിച്ചുള്ളു. മന്ത്രിമാർക്കും ജീവനക്കാർക്കും സെക്രട്ടേറിയറ്റിലെത്താൻ ഒരു ഗേറ്റ് തുറന്നുവെക്കുന്നതിനപ്പുറം ഒരു പ്രതിരോധത്തിനും സർക്കാർ മുതിർന്നില്ല. പ്രതിപക്ഷം അവിടെ തടസം സൃഷ്ടിച്ചുമില്ല. സെക്രട്ടേറിയറ്റിലെത്താൻ മന്ത്രിമാർ ഉപയോഗിച്ച റോഡ് ഉപരോധിക്കാൻ ശ്രമിച്ച സി.പി.എം. പ്രവർത്തകരെ സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ തന്നെ പാഞ്ഞെത്തി പറഞ്ഞയച്ചു. രണ്ടാം ദിവസം ഉച്ചയോടെ ജുഡിഷ്യൽ അന്വേഷണം നടത്താൻ തയ്യാറാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവം വരികയും ഉടൻതന്നെ എ.കെ.ജി. സെന്ററിൽ അവലോകന യോഗം നടത്തിക്കൊണ്ടിരുന്ന എൽ.ഡി.എഫ്. നേതാക്കൾ ഉപരോധം അവസാനിപ്പിക്കാൻ തീരുമാനിക്കുകയും ചെയ്തു. പിണറായി വിജയൻ സമരരംഗത്തെത്തി തീരുമാനം പ്രഖ്യാപിച്ചു. ഉപരോധം തുടങ്ങിയതു മുതൽ അതിന്റെ നേതൃത്വം എൽ.ഡി.എഫ്. കൺ‌വീനറിൽ നിന്ന് പാർട്ടി സെക്രട്ടറി ഏറ്റെടുത്തിരുന്നു.     

ഉപരോധം ഒരു വിജയമായിരുന്നെന്നതിൽ സംശയമില്ല. അതേസമയം അത് വലിയ പരിമിതികളുള്ള സമരരീതിയാണെന്നും പെട്ടെന്ന് വെളിപ്പെട്ടു. ചില അറബ് രാജ്യങ്ങളിൽ നടന്ന മുല്ലപ്പൂ വിപ്ലവവും അമേരിക്കയിലെ വാൾ സ്ട്രീറ്റ് പിടിച്ചടക്കൽ സമരവും പോലെയുള്ള സഹനസമരമാണ് നടക്കാൻ പോകുന്നതെന്നായിരുന്നു നേതാക്കൾ പറഞ്ഞത്. എന്നാൽ അതൊന്നും രാഷ്ട്രീയ പാർട്ടികൾ സംഘടിപ്പിച്ച പ്രക്ഷോഭങ്ങളായിരുന്നില്ല. ഈജിപ്തിലെ മുസ്ലിം ബ്രദർഹുഡ് മുല്ലപ്പൂ വിപ്ലവത്തിൽ പങ്കെടുകുകയും അതിന്റെ ഗുണഭോക്താവാകുകയും ചെയ്തെങ്കിലും അതൊരു പൊതുസമൂഹ പ്രസ്ഥാനമായിരുന്നു. അതുകൊണ്ടാണ് ഭരണകൂടം പ്രകോപനങ്ങൾ സൃഷ്ടിച്ചിട്ടും അത് സമാധാനപരമായി വളരെ ദിവസം തുടർന്നത്. അക്രമസമര പാരമ്പര്യമുള്ള ഒരു രാഷ്ട്രീയ കക്ഷിക്ക് ഒരു അനിശ്ചിതകാല സഹന സമരം നടത്താൻ കഴിയില്ലെന്നതാണ് വാസ്തവം. ഇത് തിരിച്ചറിഞ്ഞ് അനിശ്ചിതകാല ഉപരോധം അതിവേഗം അവസാനിപ്പിച്ച ഇടതുനേതൃത്വം ഇനി അത്തരത്തിലുള്ള ഒരു സമരത്തിന് മുതിരുമെന്ന് തോന്നുന്നില്ല.

ബന്ദും ഘെരാവോയും പോലെ മനുഷ്യാവകാശലംഘനങ്ങളടങ്ങുന്ന സമരമാർഗ്ഗങ്ങളിലൂടെ വളർന്ന സി.പി.എം. പുതിയ പ്രക്ഷോഭരീതികൾ തേടാൻ തുടങ്ങിയിട്ട് കുറച്ചുകാലമായി. ആ ശ്രമം തുടരുകയാണെന്ന് പിന്നീടുണ്ടായ മുട്ടയേറുകൾ സൂചിപ്പിക്കുന്നു. രോഷം പ്രകടിപ്പിക്കാൻ യൂറോപ്യന്മാർ ചിലപ്പോൾ അവലംബിക്കാറുള്ള മാർഗ്ഗമാണ് ചീമുട്ടയേറ്. പക്ഷെ ചീമുട്ട കാറിന്റെ പുറത്തൊ ദേഹത്തൊ വീണതു കൊണ്ട് ഒരു ഭരണാധികാരിയും ഇതുവരെ സ്ഥാനമൊഴിഞ്ഞിട്ടില്ല. ആ നിലയ്ക്ക് മുട്ടയെറിഞ്ഞ് സർക്കാരിനെ വീഴ്ത്താനാവില്ലെന്ന ആഭ്യന്തരമന്ത്രിയുടെ വാക്കുകൾ ഉചിതം തന്നെ. മുട്ടയെറിഞ്ഞ് ചീഫ് വിപ്പിനെ പുറത്താക്കാൻ കഴിയില്ലെന്ന് സ്വന്തം പാർട്ടിക്കാരെ ബോധ്യപ്പെടുത്താനും അദ്ദേഹത്തിന് കഴിയണം.

ആനുകാലികങ്ങളിൽ ഉപരോധസമരം വിശകലനം ചെയ്ത നിരീക്ഷകരൊക്കെയും അത് പരാജയമാണെന്നാണ് വിലയിരുത്തിയിട്ടുള്ളത്. മുഖ്യമന്ത്രിയുടെ രാജി എന്ന പ്രഖ്യാപിത ലക്ഷ്യം നേടാനായില്ലെന്നതു കൊണ്ട് സമരം പരാജയമായിരുന്നെന്ന് പറയുന്നത് ശരിയല്ല. രണ്ടുമൂന്നു മാസമായി പ്രതിപക്ഷം നടത്തിവരുന്ന സമരത്തിന്റെ യഥാർത്ഥ ലക്ഷ്യം മുഖ്യമന്ത്രിയുടെ രാജിയല്ല. അത് അടുത്ത കൊല്ലത്തെ പാർലമെന്റ് തെരഞ്ഞെടുപ്പിനുള്ള കളമൊരുക്കലാണ്. സി.പി.എമ്മിന്റെ ഏറ്റവും വലിയ ശക്തികേന്ദ്രമായ ത്രിപുര രണ്ട് ലോക് സഭാ സീറ്റ് മാത്രമുള്ള ഒരു ചെറിയ സംസ്ഥാനമാണ്. പശ്ചിമ ബംഗാളിൽ അധികാരം നഷ്ടപ്പെടുകയും പാർട്ടിയുടെ അടിത്തറ തകരുകയും ചെയ്തതിനാൽ അടുത്ത ലോക് സഭയിൽ മാന്യമായ സ്ഥാനം ലഭിക്കാൻ ആശ്രയിക്കാവുന്ന ഏക സംസ്ഥാനം കേരളമാണ്. കേന്ദ്രത്തിൽ അധികാരത്തിലേറാൻ സാധ്യതയുള്ള കക്ഷിയെന്ന നിലയിൽ സാധാരണയായി ലോക് സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് കേരളത്തിൽ മുൻ‌കൈ ലഭിക്കാറുണ്ട്. എന്നാൽ ഗ്രൂപ്പ് പോര് ശക്തമായിരുന്ന 2004ൽ അതിനെ തറപറ്റിക്കാൻ എൽ.ഡി.എഫിന് കഴിഞ്ഞിരുന്നു. അന്ന് യു.ഡി.എഫിന് കിട്ടിയ ഏക സീറ്റ് മുസ്ലിം ലീഗിന്റേതായിരുന്നു. അതിന്റെ ബലത്തിൽ ലീഗിന് യു.പി.എ. മന്ത്രിസഭയിൽ സ്ഥാനം ലഭിക്കുകയും ചെയ്തു. അമേരിക്കയുമായുണ്ടാക്കിയ സിവിൽ ആണവ കരാറിനോടുള്ള എതിർപ്പിന്റെ പേരിൽ യു.പി.എ. സർക്കാരിനുള്ള പിന്തുണ പിൻ‌വലിച്ചുകൊണ്ട് സാമ്രാജ്യത്വവിരുദ്ധ പ്രതിച്ഛായ മിനുക്കി മത്സരിച്ചിട്ടും 2009ൽ എൽ.ഡി.എഫിന് വലിയ തിരിച്ചടിയുണ്ടായി. എന്നാൽ സാഹചര്യങ്ങൾ അനുകൂലമാണെങ്കിൽ എൽ.ഡി.എഫിന് നല്ല പ്രകടനം കാഴ്ചവെക്കാൻ കഴിയുമെന്ന 2004ലെ പാഠം ഇന്നും പ്രസക്തമാണ്.

ഉമ്മൻ ചാണ്ടി രാജിവെക്കുകയും കോൺഗ്രസും യു.ഡി.എഫും സോളാർ പാപഭാരത്തിൽ നിന്ന് മോചനം നേടുകയും ചെയ്താൽ സി.പി.എമ്മിനും എൽ.ഡി.എഫിനും 2014ലെ ലോക് സഭാ തെരഞ്ഞെടുപ്പിൽ വലിയ പ്രതീക്ഷ വെച്ചു പുലർത്താനാകില്ല. ഉമ്മൻ ചാണ്ടി തുടരുകയും സോളാർ പ്രശ്നം പുകഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്നതാണ് അവർക്ക് നല്ലത്. തുടർച്ചയായി അഞ്ചു കൊല്ലവും അധികാരത്തിലിരിക്കാൻ സമീപകാലത്തെ ഒരു യു.ഡി.എഫ് മുഖ്യമന്ത്രിക്കും കഴിഞ്ഞിട്ടില്ല. കോൺഗ്രസിനുള്ളിലെ എതിരാളികൾ മുഖ്യമന്ത്രിയെ പുറത്താക്കാനുള്ള ശ്രമങ്ങൾക്ക് തുടക്കം കുറിക്കുകയും ഗ്രൂപ്പു പോര് ശക്തമാകുമ്പോൾ പ്രമുഖ ഘടകകക്ഷികൾ അദ്ദേഹത്തെ കൈയൊഴിഞ്ഞുകൊണ്ട് നേതൃമാറ്റത്തിന് വഴിയൊരുക്കുകയും ചെയ്യുന്നതാണ് പതിവ് രീതി. പാർട്ടിക്കകത്തു എതിർപ്പു നേരിടുന്ന ഉമ്മൻ ചാണ്ടിയെ അധികാരത്തിൽ തുടരാൻ ഇപ്പോൾ സഹായിക്കുന്നത് എൽ.ഡി.എഫ് സമരമാണ്. പ്രതിപക്ഷം പ്രക്ഷോഭം സജീവമായി നിലനിർത്തുന്നിടത്തോളം എതിർഗ്രൂപ്പും ഘടക കക്ഷികളും അദ്ദേഹത്തിന്റെ പിന്നിൽ ഉറച്ചു നിൽക്കാൻ ബാധ്യസ്ഥരാണ്.(ജനശക്തി, സെപതംബർ 14-27, 2013.

1 comment:

Anilkumar Parameswaran said...

വായിച്ചു, മാഷേ, വായിച്ചു!!! വായനയെക്കുറിച്ച് പിറകെ പറയാം. അതിനുമുമ്പ് ബ്രായ്ക്കറ്റില്‍ സൂചിപ്പിച്ചതിനെക്കുറിച്ച് ഒരു വാക്ക്. താങ്കളുടെ രചനാവൈഭവം മനസ്സിലാക്കാന്‍ എന്നെപ്പോലുള്ള അല്‍പജ്ഞാനികള്‍ക്ക് കഴിയില്ലായെന്ന താങ്കളുടെ അഹന്തയുണ്ടല്ലോ. അതിന്റെ നേരെ ഞാനൊന്ന് വിനീതമായി നീട്ടിത്തുപ്പിക്കോട്ടെ. ത്ഫൂൂൂൂൂൂൂൂൂൂ..... ഇനി കാര്യത്തിലേക്കു വരാം. താങ്കളുടെ ലേഖനത്തിന്റെ ആദ്യവാചകം മാത്രമാണ് ആ ലേഖനത്തിലൂടെ താങ്കള്‍ സിപിഐ എമ്മിന്റെ മേല്‍ ചാര്‍ത്തുന്ന ആരോപണത്തിനുള്ള മറുപടി. അതിനപ്പുറം ഒന്നും പറയേണ്ടുന്ന കാര്യമില്ല. പിന്നെ അതില്‍പ്പറയുന്ന ചില കാര്യങ്ങള്‍... തരംതാഴലിന്റെ പരിധിയില്‍നിന്നും പിന്നെയും എത്രയോ താഴേക്കാണ് താങ്കളുടെ യാത്രയെന്ന് എന്നെ അത്ഭുതപ്പെടുത്തുന്നു. കഴിഞ്ഞ കാര്യങ്ങളാണ്. ചികഞ്ഞുപോകുന്നതില്‍ കാര്യമില്ല എന്നറിയാം. എങ്കിലും പറയട്ടെ, താങ്കള്‍ സൂചിപ്പിച്ച എന്റെ ആപ്പീസിനെ നിയന്ത്രിക്കുന്ന പാര്‍ടി സംസ്ഥാനകമ്മിറ്റിയംഗം സെക്രട്ടേറിയറ്റിനുമുന്നില്‍ വെറുംതറയില്‍ ഒരു തോര്‍ത്തുവിരിച്ച് ഉറങ്ങാന്‍ കിടന്നപ്പോള്‍ ഞാനുണ്ടായിരുന്നു അടുത്ത്. അതിനുമപ്പുറത്തേക്കുള്ള നേതാക്കന്മാരിലേക്ക് എന്നെപ്പോലുള്ളവര്‍ക്ക് ഒരുപാടു ദൂരമുണ്ട്. അവിടെയൊക്കെ കഴുകന്‍ കണ്ണുകളുമായി നോക്കാന്‍ താങ്കളെപ്പോലെയുള്ളവര്‍ ധാരാളമുണ്ടല്ലോ. ശ്രമം തുടര്‍ന്നുകൊണ്ടേയിരിക്കുക. റോഡ് ഉപരോധിക്കാന്‍ ശ്രമിച്ചവരെ പിണറായി വിജയന്‍ നേരിട്ടുവന്ന് നിയന്ത്രിച്ചതില്‍ വല്ലാതെ വേദന തോന്നുന്നു. അല്ലേ? പ്രതീക്ഷിച്ചതൊന്നും നടക്കാതെ പോകുമ്പോള്‍ ചിലര്‍ക്കങ്ങനെയാണ്. അക്രമസമരപാരമ്പര്യമെന്ന പല്ലവിയില്‍ തന്നെയാണ് ഇപ്പോഴും. അല്ലേ? ചിലരങ്ങനെയാണ്. പല്ലവി തന്നെ പാടിക്കൊണ്ടിരിക്കും. അനുപല്ലവിയും ചരണവുമൊന്നും പഠിക്കാന്‍ ശ്രമിക്കില്ല. പ്രായക്കൂടുതല്‍ വിവരക്കേടിന് മറയാക്കുന്നത് ചിലര്‍ക്ക് ഭൂഷണമാകാം. എല്ലാവര്‍ക്കുമല്ല.