Friday, May 31, 2013

യു.ഡി.എഫിലെ വീതംവെക്കൽ രാഷ്ട്രീയം

ബി.ആർ.പി. ഭാസ്കർ

തിരുവിതാംകൂർ-കൊച്ചി സംസ്ഥാനത്തെ രാഷ്ട്രീയരംഗം ശിഥിലമായിരുന്നതുകൊണ്ട് സർക്കാരുകൾ അടിക്കടി  നിലം‌പൊത്തുകയും ഉദ്യോഗസ്ഥന്മാർ രാഷ്ട്രപതിയുടെ പേരിൽ ഭരണം നടത്തുകയും ചെയ്തിരുന്നു. കേരള സംസ്ഥാന രൂപീകരണത്തിനുശേഷം നടന്ന ആദ്യതെരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഒറ്റയ്ക്ക് അധികാരം നേടാനായി. എന്നാൽ കമ്മ്യൂണിസ്റ്റ് പാർട്ടിയും കോൺഗ്രസും പിളർന്നതോടെ ഒറ്റക്കക്ഷി ഭരണം സാദ്ധ്യമല്ലാത്ത അവസ്ഥയായി. അങ്ങനെ ഉടലെടുത്ത രാഷ്ട്രീയ അസ്ഥിരത മടികടക്കാൻ മൂന്നു പതിറ്റാണ്ടു കാലമായി നിലനിൽക്കുന്ന ഇരുമുന്നണി സംവിധാനം സഹായിച്ചിട്ടുണ്ട്. എന്നാൽ 1987നുശേഷം ഒരു കോൺഗ്രസ് മുഖ്യമന്ത്രിക്കും അഞ്ചു കൊല്ലത്തെ കാലാവധി പൂർത്തിയാക്കാൻ  കഴിഞ്ഞിട്ടില്ല.
യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പു വിജയത്തെ തുടർന്ന് 1991 ജൂണിൽ മുഖ്യമന്ത്രിയായ കെ. കരുണാകരനെ കാലാവധിയുടെ ഒരു കൊല്ലത്തിലധികം ബാക്കി നിൽക്കെ കോൺഗ്രസിലെ എതിർഗ്രൂപ്പ് പുകച്ചു പുറത്തു ചാടിച്ചു. കോൺഗ്രസ് നേതൃത്വം അദ്ദേഹത്തിനു കേന്ദ്ര മന്ത്രിസഭയിൽ ഇടംകൊടുത്തു. എ.കെ. ആന്റണി മുഖ്യമന്ത്രിയായി. കരുണാകരന്റെ വിശ്വസ്ഥനെന്ന് അറിയപ്പെട്ടിരുന്ന രമൺ ശ്രീവാസ്തവ എന്ന പൊലീസ് ഉദ്യോഗസ്ഥനെ ചില സഹപ്രവർത്തകർ ഐഎസ്.ആർ.ഒ ചാരക്കേസിൽ കുടുക്കുകയും ആ സാഹചര്യം ഉപയോഗിച്ച് ആന്റണിയുടെ ശിഷ്യന്മാർ മുഖ്യമന്ത്രിക്കെതിരെ കരുക്കൾ നീക്കുകയുമായിരുന്നു. ചാരക്കേസ് കെട്ടുകഥയായിരുന്നെന്നും അതിന്റെ മറവിൽ നടന്ന കുരുക്കിടലുകളിൽ പത്രപ്രവർത്തകർ അറിഞ്ഞൊ അറിയാതെയൊ പങ്കാളികളായെന്നും ഇന്ന് നമുക്കറിയാം.

അടുത്ത തെരഞ്ഞെടുപ്പിൽ പുറത്തായ യു.ഡി.എഫ് 2001ൽ വീണ്ടും അധികാരം നേടുകയും ആന്റണി വീണ്ടും മുഖ്യമന്ത്രിയാവുകയും ചെയ്തെങ്കിലും 2004ൽ അദ്ദേഹത്തിന് രാജി വെക്കേണ്ടി വന്നു. ആ പുറത്താകലിനു കാരണക്കാരായത് എതിർഗ്രൂപ്പല്ല, സ്വന്തം അനുയായികൾ തന്നെയായിരുന്നു. ലോക് സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് ഉമ്മൻ ചാണ്ടിക്ക് അധികാരം കൈമാറിയിട്ട് ആന്റണി കേന്ദ്രത്തിലേക്ക് പോവുക്കയായിരുന്നു. 2006ലെ തെരഞ്ഞെടുപ്പ് തോൽ‌വിക്കുശേഷം 2011ൽ വിണ്ടും യു.ഡി.എഫിന്റെ ഊഴം വന്നു. ഉമ്മൻ ചാണ്ടി വീണ്ടും മുഖ്യമന്ത്രിയായി.

ഇതിനിടയിൽ കോൺഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങളാകെ മാറി മറിഞ്ഞു. കരുണാകരൻ കണ്ടെടുത്ത യുവനേതാവായിരുന്നു രമേശ് ചെന്നിത്തല. കരുണാകരൻ അദ്ദേഹത്തെ മന്ത്രിയാക്കുമ്പോൾ  വയസ് 27 മാത്രം. കെ. മുരളീധരൻ രാഷ്ട്രീയത്തിൽ വന്നശേഷം കരുണാകരന്റെ കീഴിൽ തനിക്ക് ഇനിയും മുന്നോട്ടു പോകാനാവില്ലെന്ന് മനസിലാക്കി ചെന്നിത്തല സ്വന്തം വഴി തേടി. ആന്റണിയിൽ നിന്ന് എ ഗ്രൂപ്പ് നേതൃത്വം ഏറ്റെടുത്ത ഉമ്മൻ ചാണ്ടിയും കരുണാകരനോടും മുരളീധരനോടുമൊപ്പം പാർട്ടി വിട്ടു പോകാതിരുന്നവരെയും വിട്ടുപോയിട്ട് തിരിച്ചു വന്നവരെയുമൊക്കെ ഉൾപ്പെടുത്തി വിശാല ഐ.ഗ്രൂപ്പുണ്ടാക്കിയ രമേശ് ചെന്നിത്തലയും കൈകോർത്തപ്പോൾ കേരളത്തിലെ കോൺഗ്രസ് അവരുടെ കൈപ്പിടിയിലൊതുങ്ങി.
ഉമ്മൻ ചാണ്ടി-രമേശ് ചെന്നിത്തല യുഗ്മത്തിന്റെ കീഴിൽ കോൺഗ്രസിനുള്ളിൽ സമാധാനം നിലനിന്നതുകൊണ്ട് എല്ലാം ഭംഗിയായി  പോവുകയാണെന്ന് എല്ലാവരും ധരിച്ചു. യഥർത്ഥത്തിൽ അതിന്റെ കീഴിൽ കോൺഗ്രസിന്റെ അടിത്തറ സാമൂഹികമായി ചുരുങ്ങുകയും ശക്തി ക്ഷയിക്കുകയും ആണെന്ന് പലർക്കും മനസിലായില്ല. ജാതി സംഘടനകളുടെ സഹായത്തോടെ സാമൂഹികതലത്തിലെ വിടവ് നികത്താമെന്നാണ് യുഗ്മം കരുതിയത്. ആ സമീപനം വമ്പിച്ച ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചു വരാനാകുമെന്ന യു.ഡി.എഫിന്റെ കണക്കുകൂട്ടൽ തെറ്റിച്ചു. ജാതിസംഘടനകളുടെ ശക്തികേന്ദ്രമെന്ന് കരുതപ്പെടുന്ന തിരുവിതാംകൂർ ഭാഗത്ത് കോൺഗ്രസിന് കനത്ത പരാജയം ഏറ്റുവാങ്ങേണ്ടിവന്നു.

കഴിഞ്ഞ എട്ടു കൊല്ലക്കാലം നിലനിന്ന ആന്തരിക സമാധാനം തനിക്ക് ഗുണത്തേക്കാളേറെ ദോഷം ചെയ്തിട്ടുണ്ടെന്ന നിഗമനത്തിൽ രമേശ് ചെന്നിത്തല എത്തിയിട്ടുണ്ട്. അതിനു പരിഹാരം കാണാനുള്ള ശ്രമത്തിലാണ് അദ്ദേഹമിപ്പോൾ. കോൺഗ്രസിനും ഗുണത്തേക്കാൾ ദോഷമാണുണ്ടായിട്ടുള്ളതെന്ന് അദ്ദേഹത്തിന് മനസിലായ ലക്ഷണമില്ല. ഈ സാഹചര്യത്തിൽ കോൺഗ്രസിന്റെ പ്രശ്നത്തിന് പരിഹാരം കാണാതെ ചെന്നിത്തലയുടെ പ്രശ്നം പരിഹരിക്കാനുതകുന്ന ഒരൊത്തുതീർപ്പ് പ്രതീക്ഷിക്കാം. അപ്പോഴും ഒരു ചോദ്യം അവശേഷിക്കും: ഉമ്മൻ ചാണ്ടിക്ക് കാലാവധി പൂർത്തിയാക്കാനാകുമോ അതൊ മറ്റാരെങ്കിലുമായി അത് വീതം വെക്കേണ്ടി വരുമൊ? ഇക്കാര്യത്തിൽ നിർണ്ണായകമാവുക പ്രമുഖ ഘടകകക്ഷികളുടെ നിലപാടാകും. കരുണാകരന്റെയും ആന്റണിയുടെയും വീഴ്ച അനിവാര്യമാക്കിയത് അവരുടെ നിലപാട് മാറ്റമാണ്.

യു.ഡി.എഫ്. സർക്കാർ ന്യൂനപക്ഷങ്ങൾക്ക് വാരിക്കോരി കൊടുക്കുന്നെന്നും തങ്ങൾക്കു ഒന്നും തരുന്നില്ലെന്നും മുറവിളി കൂട്ടിയ സമുദായനേതാക്കളുടെ മക്കളും അനുയായികളും അവർ വഹിക്കുന്ന ചില സ്ഥാനങ്ങൾ ഉപേക്ഷിക്കാൻ തയ്യാറായിരിക്കുന്നു! ഈ സ്ഥാനങ്ങളൊക്കെ രാഷ്ട്രീയ രക്ഷാധികാരികൾ സമ്മാനിച്ചതാണെന്ന് അവരുടെ പ്രവൃത്തി വ്യക്തമാക്കുന്നു. വീതംവെക്കൽ രാഷ്ട്രീയത്തിന്റെ മറ്റൊരു വശമാണ് ഇതിലൂടെ വെളിപ്പെടുന്നത്. സാമൂഹ്യ നീതിയെ കുറിച്ച് സംസാരിക്കുന്ന നേതാക്കളുടെ ലക്ഷ്യം സ്വന്തം സമുദായത്തിന്റെ ഉന്നമനമല്ല ബന്ധുക്കളുടെയും ഇഷ്ടക്കാരുടെയും ഉന്നമനം മാത്രമാണ്. അവർ കൂടുതൽ ആവശ്യപ്പെടുന്നത് കൂടുതൽ ബന്ധുക്കളെയും മിത്രങ്ങളെയും തൃപ്തിപ്പെടുത്താനാണ്.

യു.ഡി.എഫിന്റെ വീതംവെക്കൽ രാഷ്ട്രീയത്തിലെ ഏറ്റവും അപഹാസ്യമായ സംഭവമായി പലരും കാണുന്നത് മുസ്ലിം ലീഗിന്റെ അഞ്ചാം മന്ത്രി ആവശ്യവും ഉമ്മൻ ചാണ്ടിയുടെ ദയനീയമായ കീഴടങ്ങലുമാണ്. എന്നാൽ കൂടുതൽ അപഹാസ്യമായ കാഴ്ച വരുന്നതേയുള്ളൂ. അത് കേരളാ കോൺഗ്രസ്-ബിയുടെ മന്ത്രിസഭാ പുന:പ്രവേശമാണ്. അഴിമതിക്ക് ജയിൽ ശിക്ഷ ഏറ്റുവാങ്ങിയ ഏക മുൻ‌മന്ത്രിയാണ് ആർ. ബാലകൃഷ്ണപിള്ള. നിയമസഭാംഗമല്ലാത്തതു കൊണ്ട് (സ്വന്തം മണ്ഡലത്തിൽ രണ്ട് തോൽ‌വി അദ്ദേഹം ഏറ്റുവാങ്ങിക്കഴിഞ്ഞു) മന്ത്രിയാകാൻ കഴിയാത്ത അദ്ദേഹത്തിന് സമാനപദവിയുള്ള മുന്നോക്ക സമുദായ കോർപറേഷൻ ചെയർമാൻ സ്ഥാനം ഉമ്മൻ ചാണ്ടി വാഗ്ദാനം ചെയ്തിരിക്കുകയാണ്. അദ്ദേഹം എൻ.എസ്.എസ്. ഭാരവാഹി കൂടിയാകയാൽ അദ്ദേഹത്തിന്റെ നിയമനം കൊണ്ട് കോൺഗ്രസിൽനിന്ന് ദൂരം പാലിക്കുന്ന അതിന്റെ നേതൃത്വത്തെയും അനുനയിപ്പിക്കാമെന്നാണ് അദ്ദേഹം കണക്കുകൂട്ടുന്നത്. ബാലകൃഷ്ണപിള്ള കുറേക്കാലം തടഞ്ഞുനിർത്തിയിരുന്ന പുത്രവാത്സല്യം ഇപ്പോൾ കരകവിഞ്ഞൊഴുകുകയാണ്. മകൻ കെ.ബി.ഗണേഷ് കുമാറിനെ വീണ്ടും മന്ത്രിയാക്കിയാലെ ചെയർമാൻ സ്ഥാനം സ്വീകരിക്കൂ എന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
 
ഈ മന്ത്രിസഭയിലെ ഒരു നല്ല മന്ത്രിയായാണ് പലരും ഗണേഷ് കുമാറിനെ കാണുന്നത്. ഭാര്യ നൽകിയ പീഡനക്കേസാണ് അദ്ദേഹത്തിന്റെ രാജിയിലേക്ക് നയിച്ചത്. പരാതിയും കേസും തീർന്ന സ്ഥിതിക്ക് മന്ത്രിസഭയിലേക്ക് തിരിച്ചുവരാൻ തടസമില്ലെന്നാണ് അച്ഛൻ പറയുന്നത്. എന്നാൽ വീതം നൽകുന്നതിനു മുമ്പ് ഭാര്യക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചെന്ന് സമ്മതിക്കുകയും അതിന് പരസ്യമായി മാപ്പ് പറയുകയും ചെയ്ത വ്യക്തി മന്ത്രിയാകാൻ യോഗ്യനാണോയെന്ന് ഉമ്മൻ ചാണ്ടി ആലോചിക്കണം. (ജനയുഗം, മേയ് 29, 2013)

Sunday, May 5, 2013

ഗാഡ്ഗിലും കസ്തൂരിരംഗനും

ബി.ആർ.പി. ഭാസ്കർ


കേരളത്തിന്റെ വനമേഖല ഭീകരമായ ആക്രമണങ്ങൾക്കു വിധേയമാകാൻ തുടങ്ങിയിട്ട് ഏഴു പതിറ്റാണ്ടാകുന്നു. ഇപ്പോൾ നാം നേരിടുന്ന ജലദൌർലഭ്യവും ഉയരുന്ന താപനിലയും അതിന്റെ കൂടി ഫലമാണ്. യുദ്ധകാലത്ത് ഭക്ഷ്യധാന്യ ഇറക്കുമതി അസാധ്യമായപ്പോൾ താൽക്കാലിക നടപടിയെന്ന നിലയിൽ വനം തെളിച്ച് കൃഷി ചെയ്യാൻ ബ്രിട്ടീഷ് സർക്കാർ അനുമതി നൽകി. അതെ തുടർന്ന് തിരുവിതാംകൂർ സർക്കാരും 10,000 ഏക്കർ വനഭൂമി കൃഷിക്ക് വിട്ടുകൊടുത്തു. ഇങ്ങനെ നൽകിയ ഭൂമി തിരിച്ചുപിടിക്കാനുള്ള നടപടി യുദ്ധം അവസാനിച്ചശേഷം തുടങ്ങി. രാജ്യം സ്വാതന്ത്ര്യം നേടിയശേഷം സമതലങ്ങളിൽ നിന്ന് വലിയ തോതിൽ വനങ്ങളിലേക്ക് നുഴഞ്ഞുകയറ്റം നടന്നു. മത-രാഷ്ട്രീയ ശക്തികളുടെ പിൻബലമുള്ള കയ്യേറ്റക്കാരെ ഒഴിപ്പിക്കാൻ സർക്കാരിനായില്ല. കേരള സംസ്ഥാനം രൂപീകരിച്ചശേഷം വനം കയ്യേറ്റം മലബാറിലേക്കും വ്യാപിച്ചു. ഒഴിപ്പിക്കലിനെതിരായ എ.കെ.ജിയുടെ സമരം കയ്യേറ്റക്കാരെ കുടിയേറ്റകർഷകരായി മാന്യവത്ക്കരിച്ചു. കാടുകൾ നശിച്ചതിന്റെ ഫലമായി മഴവെള്ളം ഭൂമിയിലേക്ക് ഊഴ്ന്നിറങ്ങാതെ നേരേ കടലിലേക്ക് ഒഴുകാൻ തുടങ്ങി. ഉരുൾപൊട്ടൽ എന്ന പ്രതിഭാസം പ്രത്യക്ഷപ്പെട്ടു. അങ്ങനെ ഇന്നത്തെ കേരളം രൂപാന്തരപ്പെട്ടു.

സൈലന്റ് വാലി വൈദ്യുതി പദ്ധതി നടപ്പിലായിരുന്നെങ്കിൽ അവശേഷിക്കുന്ന മഴക്കാടുകളിൽ ഒരു നല്ല ഭാഗം കൂടി ഇല്ലാതാകുമായിരുന്നു. ആ പദ്ധതിക്ക് തടയിടാൻ കഴിഞ്ഞത് പരിസ്ഥിതി പ്രവർത്തകരുടെ വൻ‌വിജയമായാണ് ലോകം വിലയിരുത്തിയിട്ടുള്ളത്. മലകളെ അറിയുകയും സ്നേഹിക്കുകയും ചെയ്യുന്ന ഒരു പ്രധാനമന്ത്രി ഉണ്ടായിരുന്നതുകൊണ്ടാണ് കേരളത്തിലെ കൈവിരലിലെണ്ണാവുന്ന പരിസ്ഥിതിപ്രവർത്തകർക്ക് രാഷ്രീയകക്ഷികളും ഉദ്യോഗസ്ഥരും ഇഞ്ചിനീയർമാരും തൊഴിലാളി യൂണിയനുകളും മാദ്ധ്യമങ്ങളും അടങ്ങുന്ന ശക്തമായ നിര ഭേദിക്കാനായത്. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം മനസിലാക്കുന്നവരുടെ എണ്ണത്തിൽ പിന്നീട് വർദ്ധനവുണ്ടായി. പരിസ്ഥിതി അവബോധമുള്ളവരെ ഇന്ന് ചില പാർട്ടികൾക്കുള്ളിലും കാണാവുന്നതാണ്. എന്നാൽ പരിസ്ഥിതി നശിപ്പിച്ചാണെങ്കിലും നാട് “വികസിപ്പിക്കണ”മെന്ന ഭരണവർഗ്ഗ ശാഠ്യത്തിന് കുറവുണ്ടായിട്ടില്ല. കേന്ദ്രത്തിൽ നിന്ന് അനുകൂലമായ പ്രതികരണം പ്രതീക്ഷിക്കാനാവുന്ന സാഹചര്യമല്ല ഇന്നുള്ളത്. പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച് മാധവ് ഗാഡ്ഗിൽ അദ്ധ്യക്ഷനായ കമ്മിറ്റി നൽകിയ ശിപാർശകൾ അട്ടിമറിക്കാൻ കേന്ദ്രതലത്തിലും സംസ്ഥാനതലത്തിലും ശ്രമങ്ങൾ നടക്കുകയാണ്.

പശ്ചിമഘട്ടം സംരക്ഷിക്കപ്പെട്ടില്ലെങ്കിൽ കേരളം, തമിഴ് നാട്, കർണ്ണാടകം, ഗോവ, മഹാരാഷ്ട്രം എന്നീ സംസ്ഥാനങ്ങളുടെ നിലനില്പ് അപകടത്തിലാകും. ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് കിട്ടിയപ്പോൾ സർക്കാർ അത് പുറത്തുവിട്ടില്ല. പ്രസിദ്ധീകരിക്കണമെന്ന ആവശ്യം ശക്തമായപ്പോൾ സർക്കാർ അത് വെബ്സൈറ്റിലിട്ടു. പാരിസ്ഥിതിക സ്വാഭാവത്തിന്റെ അടിസ്ഥാനത്തിൽ പശ്ചിമഘട്ടത്തെ മൂന്നു മേഖലകളായി തിരിച്ച്, ഓരോ മേഖലയുടെയും സംരക്ഷണത്തിന് പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ കമ്മിറ്റി നൽകിയിട്ടുണ്ട്. പ്രവർത്തനങ്ങൾ നിർദ്ദിഷ്ടരീതിയിലാണെന്ന് ഉറപ്പുവരുത്താൻ ഒരു പശ്ചിമഘട്ട ഇക്കൊളോജിക്കൽ അതോറിറ്റി സ്ഥാപിക്കാനും അത് ശിപാർശ ചെയ്തിട്ടുണ്ട്. കേരളത്തിലെ അതിരപ്പള്ളി വൈദ്യുതി പദ്ധതിയും കർണ്ണാടകത്തിലെ ഗുണ്ഡ്യ അണക്കെട്ട് പദ്ധതിയും പരിസ്ഥിതിക്ക് ദോഷം ചെയ്യുമെന്നും അതുകൊണ്ട് ഉപേക്ഷിക്കണമെന്നുമാണ് അത് നിർദ്ദേശിക്കുന്നത്.

ഖനനം, അണക്കെട്ട് നിർമ്മാണം തുടങ്ങിയ “വികസന” പ്രവർത്തനങ്ങളെ പരിസ്ഥിതിക്കു മുകളിൽ പ്രതിഷ്ഠിക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് കമ്മിറ്റിയുടെ ശിപാർശകൾ ഇഷ്ടപ്പെട്ടില്ല. കേരളത്തിലെ സാഹചര്യങ്ങളിൽ അവ പ്രായോഗികമല്ലെന്നാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിയമസഭയിൽ പറഞ്ഞത്. ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചു പിടിച്ച് മടക്കിക്കൊടുക്കണമെന്നാവശ്യപ്പെടുന്ന നിയമം നടപ്പാക്കാഞ്ഞതിന് സംസ്ഥാനത്തെ മുന്നണി സർക്കാരുകൾ പറഞ്ഞ കാരണവും ഇതുതന്നെയാണ്. സർക്കാരിനെ ഭയപ്പെടുത്താൻ കഴിവുള്ള സ്ഥാപിതതാല്പര്യങ്ങൾ എതിർവശത്തുണ്ടെന്നതാണ് ഇത്തരം നയപരിപാടികളെ അപ്രായോഗികമാക്കുന്നത്.

ഗാഡ്ഗിൽ കമ്മിറ്റിയെ വെട്ടിനിരത്താൻ കേന്ദ്രം കസ്തൂരിരംഗൻ കമ്മിറ്റിയെ നിയമിച്ചു. രണ്ട് കമ്മിറ്റികളുടെയും അദ്ധ്യക്ഷന്മാരുടെ പശ്ചാത്തലം ഇവിടെ പരിശോധന അർഹിക്കുന്നു. മാധവ് ഗാഡ്ഗിൽ പാരിസ്ഥിതിക ശാസ്ത്രത്തിൽ പ്രത്യേക വൈദഗ്ദ്ധ്യം നേടിയ ആളാണ്. അമേരിക്കയിലെ ഹാർവാർഡിൽ പഠിക്കുമ്പോൾ അദ്ദേഹം മാത്തമാറ്റിക്കൽ ഇക്കോളൊജി (ഗണിതശാസ്ത്രപരമായ പാരിസ്ഥിതിക പഠനം) എന്ന വിഷയത്തിൽ പ്രബന്ധമെഴുതി സമ്മാനം നേടുകയുണ്ടായി. ഹാർവാർഡ്, യൂസി ബർ‌ൿലി, സ്റ്റാൻഫോർഡ് എന്നീ പ്രശസ്ത സർവകലാശാലകളിൽ അദ്ധ്യാപകനായി ജോലി ചെയ്തശേഷം ഇന്ത്യയിൽ തിരിച്ചെത്തിയ അദ്ദേഹം മുന്നു പതിറ്റാണ്ടുകാലം ബംഗ്ലൂരുവിലെ ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ പ്രവർത്തിച്ചു. അവിടെ അദ്ദേഹം പാരിസ്ഥിതിക പഠന കേന്ദ്രം സ്ഥാപിക്കുകയും ചെയ്തു. ഇൻഡ്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്റെ തലവനായിരുന്ന കെ. കസ്തൂരിരംഗനും ശാസ്ത്രജ്ഞൻ തന്നെ. പക്ഷെ അദ്ദേഹത്തിന്റെ വൈദഗ്ദ്ധ്യം ആസ്ട്രോഫിസിക്സ് (ഭൌതിക-ജ്യോതിശാസ്ത്രം) മേഖലയിലാണ്. ഇരുവരുടെയും പ്രവർത്തനം വിശദമായി പഠിക്കുമ്പോൾ മറ്റൊന്നു കൂടി തെളിഞ്ഞുവരും. ഗാഡ്ഗിൽ പരിസ്ഥിതി പഠനത്തിനും സംരക്ഷണത്തിനുമായി ജീവിതം ഉഴിഞ്ഞുവെച്ച അക്കാദമിക പണ്ഡിതനാണ്. കസ്തൂരിരംഗൻ സ്വന്തം വളർച്ചയിൽ ശ്രദ്ധ കേന്ദ്രീകരിച്ച കരിയറിസ്റ്റ് ശാസ്ത്രജ്ഞനും.

കേന്ദ്ര സംസ്ഥാന സർക്കാരുകൾ ആഗ്രഹിച്ചതുപോലെ ഗാഡ്ഗിൽ കമ്മിറ്റി നിർദ്ദേശങ്ങളിൽ വെള്ളം ചേർത്തുകൊണ്ട് കസ്തൂരിരംഗൻ കമ്മിറ്റി റിപ്പോർട്ടു നൽകി. എന്നാൽ അവർ ആഗ്രഹിച്ചത്ര പോകാൻ അതിനും കഴിഞ്ഞിട്ടില്ല. അതിരപ്പള്ളി പോലുള്ള പദ്ധതികൾ ഉപേക്ഷിക്കണമെന്ന് അത് ആവശ്യപ്പെടുന്നില്ല. കർശനമായ സൂക്ഷ്മപരിശോധന നടത്തിയ ശേഷം മാത്രമെ അംഗീകാരം നൽകാവൂ എന്നാണ് പറയുന്നത്. അതീവ ദുർബല പ്രദേശങ്ങളിൽ ഖനനം, താപനിലയങ്ങൾ, കടുത്ത മലിനീകരണപ്രശ്നമുള്ള വ്യവസായങ്ങൾ, വലിയ കെട്ടിട സമുച്ചയങ്ങൾ എന്നിങ്ങനെയുള്ള വാണിജ്യപ്രവർത്തനങ്ങൾ നിരോധിക്കണമെന്നാണ് ഗാഡ്ഗിൽ കമ്മിറ്റി നിർദ്ദേശിച്ചത്. കസ്തൂരിരംഗൻ കമ്മിറ്റി  നിരോധിത പ്രദേശത്തിന്റെ വ്യാപ്തി 90 ശതമാനമായി ചുരുക്കാമെന്ന് പറയുന്നു. സ്ഥാപിതതാല്പര്യങ്ങൾക്കു ഭരണകൂടത്തിനു മേലുള്ള അമിതസ്വാധീനം കണക്കിലെടുക്കുമ്പോൾ കേരളത്തിൽ പരിസ്ഥിതിസംരക്ഷണ ശ്രമങ്ങൾ കൂടുതൽ ശക്തിപ്പെടുത്തേണ്ടിയിരിക്കുന്നു. (പാഠഭേദം, മേയ് 2013)

Thursday, May 2, 2013

ഗുജറാത്തിന്റെ വികസന രഹസ്യം


ബി.ആർ.പി. ഭാസ്കർ

നരേന്ദ്ര മോഡി വന്നു, സംസാരിച്ചു, പോയി. അതിലപ്പുറമൊന്നും അദ്ദേഹത്തിന്റെ കേരള സന്ദർശനത്തിന്റെ ഫലമായി സംഭവിച്ചില്ല. ശിവഗിരിയിൽ അദ്ദേഹത്തിന് കയ്യടി കിട്ടിയത് ശ്രീനാരായണഗുരുവിനെ കുറിച്ച് സംസാരിച്ചപ്പോഴല്ല, ആർ.എസ്. എസിനെ കുറിച്ച് സംസാരിച്ചപ്പോഴാണ്. ഇത് അദ്ദേഹത്തെ കേൾക്കാനെത്തിയത് സംഘ പരിവാർ അനുയായികളായിരുന്നെന്ന് വ്യക്തമാക്കുന്നു.

ആർ.എസ്.എസിന്റെ പ്രാർത്ഥനയിൽ ശ്രീനാരായണനാമം ഉൾപ്പെടുന്നതായി മോഡി ശിവഗിരിയിലെ പ്രസംഗത്തിൽ പറഞ്ഞു. മഹാരാഷ്ട്രയിലെ സാമൂഹ്യപരിഷ്കർത്താവ് ജ്യോതി ഫൂലെയുടെയും ശ്രീനാരായണന്റെയും പേരുകൾ സംഘ പരിവാർ ഔപചാരികമായി അംഗീകരിച്ചിട്ടുള്ള പ്രാർത്ഥനയിലുണ്ടെന്നത് ശരിയാണ്. പക്ഷെ അതിന്റെ നയപരിപാടികളിലും പ്രവർത്തനങ്ങളിലും ഈ മഹാശയന്മാരുടെ ഒരു സ്വാധീനവും കാണാനില്ല.   

കേരളത്തിൽ ശ്രീനാരായണഗുരുവിന്റെ തണൽ പറ്റി വളരാൻ ആർ.എസ്.എസ്. ശ്രമം തുടങ്ങിയിട്ട് അര നൂറ്റാണ്ടായി. അത് രൂപം കൊടുത്ത ആദ്യ രാഷ്ട്രീയ കക്ഷിയായിരുന്ന ജനസംഘത്തിന്റെ ദേശീയ സമിതി 1960കളിൽ കോഴിക്കോട്ട് യോഗം ചേർന്നപ്പോൾ വേദിയിലുണ്ടായിരുന്ന ഏക ചിത്രം ഗുരുവിന്റേതായിരുന്നു. പക്ഷെ ഗുരുവിന്റെ സ്വാധീനം കുറഞ്ഞതോതിലെങ്കിലും ഉൾക്കൊണ്ടിട്ടുള്ള ജനവിഭാഗങ്ങൾക്കിടയിൽ അതിന് ഇനിയും സ്വീകാര്യത നേടാൻ കഴിഞ്ഞിട്ടില്ല. ചില പ്രദേശങ്ങളിൽ അതിന് കാലുറപ്പിക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ തന്നെയും അത് ശ്രീനാരായണാദർശങ്ങളുടെ ബലത്തിലല്ല, അഭയം തേടുന്നവരെ സംരക്ഷിക്കാൻ കായികബലം ഉപയോഗിക്കാനുള്ള സന്നദ്ധതയുടെ അടിസ്ഥാനത്തിലാണ്.

ഭാരതീയ ജനതാ പാർട്ടി നരേന്ദ്ര മോഡിയെ ദേശീയ നേതൃനിരയിലേക്ക് ഉയർത്തുകയും പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കാൻ തയ്യാറെടുക്കുകയും ചെയ്യുന്ന വേളയിലാണ് ശ്രീനാരായണഗുരു സ്ഥാപിച്ച സംന്യാസി സംഘം അദ്ദേഹത്തെ സമ്മേളനം ഉദ്ഘാടനം ചെയ്യാൻ ക്ഷണിച്ചത്. ശിവഗിരി എല്ലാവർക്കും വരാവുന്ന ഇടമാണെന്ന വാദമുന്നയിച്ചാണ് സംന്യാസി സംഘം ആ പ്രവൃത്തിയെ ന്യായീകരിച്ചത്. ഫ്യൂഡലിസം കൊടികുത്തി വാണിരുന്ന കാലത്ത് ജാതിഭേദവും മതദ്വേഷവുമില്ലാതെ എല്ലാവരും സഹോദരന്മാരെപ്പോലെ കഴിയുന്ന മാതൃകാസ്ഥാനം എന്ന ഉദാത്തമായ സങ്കല്പം ജനങ്ങളുടെ മുന്നിൽ വെച്ച മഹാശയനാണ് ശ്രീനാരായണൻ. അദ്ദേഹത്തിന്റെ ജീവിതകാലത്ത് അദ്ദേഹവുമായി ആശയവിനിമയം നടത്താൻ മഹാത്മാ ഗാന്ധിയും രബീന്ദ്രനാഥ ടാഗോറും ശിവഗിരിയിലെത്തിയിരുന്നു. എന്നാൽ മതത്തിന്റെ അടിസ്ഥാനത്തിൽ ഭേദചിന്ത വളർത്തുന്ന ഒരു നേതാവിനും അദ്ദേഹം ആതിഥ്യമരുളിയില്ല. ഭീകരമായ ഒരു വർഗ്ഗീയ ലഹളയ്ക്ക് കൂട്ടുനിന്ന മോഡിയെ ശിവഗിരിയിൽ ക്ഷണിച്ചു വരുത്തിയ സംന്യാസിമാർക്ക് ജാതിയുടെയും മതത്തിന്റെയും അതിർവരമ്പുകൾ മറികടന്ന ഗുരുവിനെ മനസിലാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് പറയാതെ വയ്യ. ഗുരു സ്ഥാപിച്ച എസ്.എൻ.ഡി.പി. യോഗം ജാതിയുടെ മതിൽക്കെട്ടിലും ധർമ്മ സംഘം മതത്തിന്റെ മതിൽക്കെട്ടിലും ജനങ്ങളെ തളച്ചിടാൻ ശ്രമിക്കുകയാണ്. ഈ പ്രവണതകൾ മനസിലാക്കിയ ഗുരു യോഗത്തെ മനസിൽ നിന്ന് ഒഴിവാക്കിയതായി പരസ്യമായി പ്രഖ്യാപിക്കുകയുണ്ടായി. അന്ത്യകാലത്ത് സംന്യാസി സംഘത്തെ ഉപേക്ഷിച്ച് തമിഴ് നാട്ടിലേക്ക് പോയ അദ്ദേഹത്തെ ശിഷ്യന്മാർ അനുനയിപ്പിച്ച് തിരികെ കൊണ്ടുവന്ന കഥ പരക്കെ അറിയപ്പെടുന്നതാണ്.  

മോഡിയുടെ വരവിനോടുള്ള വ്യാപകമായ പ്രതിഷേധത്തിൽ പ്രതിഫലിച്ചത് അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന രാഷ്രീയ ചിന്താധാരയോടുള്ള കേരള ജനതയുടെ എതിർപ്പാണ്. തെരഞ്ഞെടുപ്പിൽ ജയിച്ചു കയറാൻ വോട്ടുബാങ്കുകളെ ആശ്രയിക്കുന്നത് ജനാധിപത്യ വ്യവസ്ഥയിൽ അസാധാരണമല്ല. എന്നാൽ സംഘ പരിവാർ കെട്ടിപ്പടുക്കുന്ന ഹിന്ദു വോട്ടുബാങ്കിനെ അത്തരത്തിലുള്ള ഒന്നായി കാണാനാവില്ല. കാരണം അതിന്റെ സ്ഥായിയായ ഭാവം വർഗ്ഗീയതയാണ്. തെരഞ്ഞെടുപ്പിൽ വിജയിച്ചു കഴിഞ്ഞാലും അതിന് വർഗ്ഗീയ മനോഭാവം കൈവെടിയാനാവില്ല. മറ്റ് ജാതിമത കക്ഷികളുടെ അവസ്ഥയും ഇതു തന്നെ.

മുസ്ലിം കൂട്ടക്കൊലക്ക് കൂട്ടുനിന്ന മുഖ്യമന്ത്രിയെന്ന ദുഷ്പേരു മറികടക്കാൻ മോഡി ആശ്രയിക്കുന്നത് ഗുജറാത്തിന്റെ സാമ്പത്തിക മുന്നേറ്റത്തെയാണ്. മോഡി ജനിച്ചത് 1950ലാണ്. അതിനും വളരെ മുൻപെ ഗുജറാത്തിൽ വ്യാവസായിക വികസനം ആരംഭിച്ചിരുന്നു. കൊളോണിയൽ കാലഘട്ടത്തിൽ തന്നെ സാഹസികരായ സംരംഭകർ ആധുനിക തുണി മില്ലുകൾ സ്ഥാപിച്ചതിന്റെ ഫലമായി അഹമ്മദാബാദ് ‘ഇന്ത്യയിലെ മാഞ്ചസ്റ്റർ’ എന്നറിയപ്പെട്ടിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിൽ അഹമ്മദാബാദിൽ ആദ്യത്തെ തുണി മിൽ സ്ഥാപിക്കുമ്പോൾ അവിടെ റയിൽ‌ പാത എത്തിയിരുന്നില്ല. മില്ലിനായി ഇറക്കുമതി ചെയ്ത യന്ത്രസാമഗ്രികൾ കാംബെ തീരത്തിറക്കി ഏകദേശം 100 കിലോമീറ്റർ ദൂരം വലിച്ചിഴച്ചാണ് അവിടെയെത്തിച്ചത്.

ഗുജറാത്ത് സംസ്ഥാനം 1960ൽ നിലവിൽ വരുമ്പോൾ തന്നെ അവിടെ നിരവധി വ്യവസായങ്ങളുണ്ടായിരുന്നു. രാജ്യത്തെ ആദ്യ സ്വതന്ത്ര വ്യാപാര മേഖല കണ്ഡ്ലയിൽ 1965ൽ സ്ഥാപിതമായി. ഞാൻ 1966ൽ യു.എൻ.ഐ. വാർത്താ ഏജൻസിയുടെ ലേഖകനായി ഗുജറാത്തിലെത്തുമ്പോൾ സർക്കാർ ഒരു പുതിയ വ്യവസായിക മുന്നേറ്റത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു. ബറോഡയിൽ സ്ഥാപിക്കപ്പെട്ട എണ്ണശുദ്ധീകരണശാലയിലെയും വളനിർമ്മാണശാലയിലെയും ഉപോൽ‌പ്പന്നങ്ങൾ ഉപയോഗിച്ച് പ്രധാനമായും പ്ലാസ്റ്റിക്കിനെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന മുന്നൂറിലധികം ഫാക്ടറികൾ സ്ഥാപിക്കാനുള്ള പദ്ധതിയാണ് അന്നത്തെ കോൺഗ്രസ് സർക്കാർ തയ്യാറാക്കിയത്. ഇന്ന് വളരെയേറെ ചർച്ച ചെയ്യപ്പെടുന്ന ഏകജാലക സംവിധാനവും അന്ന് അവിടെ നടപ്പിലാക്കപ്പെട്ടു. വ്യവസായം തുടങ്ങാൻ താല്പര്യപ്പെടുന്ന ഒരാൾ അവിടെ ചെന്നാൽ ഉദ്യോഗസ്ഥന്മാർ അയാളുമായി സംസാരിച്ച് അയാളുടെ താല്പര്യങ്ങളെ കുറിച്ചും സാമ്പത്തികശേഷിയെ കുറിച്ചും മനസിലാക്കിയശേഷം ഉചിതമായ പദ്ധതി നിർദ്ദേശങ്ങളും ഉപദേശങ്ങളും നൽകുകയും ആവശ്യമായ അനുമതിപത്രങ്ങൾ നേടിക്കൊടുക്കുകയും ചെയ്യും.  നമ്മുടെ മന്ത്രിമാരും ഉദ്യോഗസ്ഥന്മാരും ധരിച്ചിരിക്കുന്നതു പോലെ ഏകജാലക സംവിധാനം വ്യവസായങ്ങളെ നിയമവ്യവസ്ഥകളിൽ നിന്ന് ഒഴിവാക്കാൻ ഉദ്ദേശിച്ചുള്ളതല്ല. ഒരാപ്പിസിൽനിന്ന് എല്ലാ സഹായങ്ങളും ലഭിക്കുന്നതുകൊണ്ട് സംരഭകർക്ക് പല ആപ്പീസുകൾ കയറിയിറങ്ങേണ്ടി വരുന്നില്ലെന്നു മാത്രം.

മോഡി അധികാരത്തിലേറിയ ശേഷം ഗുജറാത്ത് വ്യാവസായികമായി കൂടുതൽ പുരോഗതി നേടിയിട്ടുണ്ടെന്ന കാര്യത്തിൽ സംശയമില്ല. അതിന്റെ ഖ്യാതി അദ്ദേഹത്തിന് തീർച്ചയായും അവകാശപ്പെടാം. എന്നാൽ സംഘ പരിവാർ പ്രചരിപ്പിക്കുന്നതുപോലെ വികസനത്തിനുള്ള ഒരു മന്ത്രവും അദ്ദേഹത്തിന്റെ കൈകളിലില്ല. മുൻ‌ഗാമികൾ ഉറച്ച അടിത്തറ കെട്ടിപ്പടുത്തതുകൊണ്ട് ഉദാരീകരണവും ആഗോളീകരണവും പ്രദാനം ചെയ്ത അവസരങ്ങൾ മറ്റ് പല സംസ്ഥാനങ്ങളേക്കാളും നല്ലപോലെ പ്രയോജനപ്പെടുത്താൻ കഴിഞ്ഞു എന്നതാണ് മോഡിയുടെ വിജയരഹസ്യം. ഈ പ്രക്രിയകളുടെ ദൌർബല്യങ്ങളും ഗുജറാത്തിന്റെ സമീപകാല വളർച്ചയിൽ പ്രകടമാകുന്നുണ്ട്. ഉത്പാദനത്തിലുണ്ടാകുന്ന വളർച്ചക്കു സമാനമായ ഉയർച്ച മാനുഷിക വികസന സൂചികയിലുണ്ടാകുന്നില്ല. (ജനയുഗം, മേയ് 1, 2013)