Friday, January 25, 2013

വിഭാഗീയ രാഷ്ട്രീയത്തിന്റെ പരിമിതി

ബി.ആർ.പി.ഭാസ്കർ

ജവഹർലാൽ നെഹ്രു 1955 ഡിസംബറിൽ കോഴിക്കോട്ട് ചെയ്ത പ്രസംഗത്തിന്റെ റിപ്പോർട്ടു മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ഈയാഴ്ചയിലെ ചരിത്രപഠം പംക്തിയിലുണ്ട്. “മുസ്ലിം ലീഗിനെ സർവ്വവിധ ശക്തിയുമുപയോഗിച്ച് എതിർത്ത് നശിപ്പിക്കും” എന്നാണ് തലക്കെട്ട്. ആ മുസ്ലിം ലീഗ് ഇന്ന് കോൺഗ്രസ് നയിക്കുന്ന കേന്ദ്രമന്ത്രിസഭയിൽ പങ്കാളിയാണ്. കേരള യു.ഡി.എഫ്. മന്ത്രിസഭയിൽ കോൺഗ്രസിനെ വെള്ളം കുടിപ്പിക്കാൻ കഴിവുള്ള പാർട്ടിയുമാണത്. ചരിത്രത്തിന്റെ ഒരു ക്രൂരവിനോദമായി മാത്രം ഇതിനെ കാണാനാകുമോ?

നെഹ്രു പ്രസംഗിക്കുമ്പോൾ രാജ്യം സ്വാതന്ത്ര്യം നേടിയിട്ട് ഒമ്പതു കൊല്ലം തികഞ്ഞിട്ടില്ല. വിഭജനത്തെ തുടർന്നുണ്ടായ കലാപങ്ങളുടെ ഓർമ്മ കെട്ടടങ്ങിയിട്ടില്ല. വിഭജനത്തിന് കാരണഭൂതമായ കക്ഷിയെന്ന നിലയിലാണ് അദ്ദേഹം ലീഗിനെതിരെ കടുത്ത ഭാഷയിൽ സംസാരിച്ചത്. ആ ലീഗല്ല ഈ ലീഗെന്ന നിലപാട് ആ കക്ഷി പിന്നീട് സ്വീകരിക്കുകയുണ്ടായി. മുഹമ്മദ് അലി ജിന്നയുടെ നേതൃത്വത്തിൽ പാകിസ്ഥാനുവേണ്ടി പോരാടിയത് ആൾ ഇൻഡ്യാ മുസ്ലിം ലീഗ് ആയിരുന്നു. അത് വിഭജനത്തോടെ പ്രവർത്തനരഹിതമായി. പിന്നീട് രൂപീകരിച്ച ഇൻഡ്യൻ യൂണിയൻ മുസ്ല്ം ലീഗാണ് ഇപ്പോഴുള്ളത്. പക്ഷെ ആ ലീഗല്ല ഈ ലീഗെന്ന വാദത്തിന് നെഹ്രു വലിയ വില കല്പിച്ചില്ലെന്ന് ആ പ്രസംഗം വ്യക്തമാക്കുന്നു.

കേരളത്തിൽ 1957ൽ അധികാരത്തിൽ വന്ന കമ്മ്യൂണിസ്റ്റ് സർക്കാരിനെതിരെ ജാതിമത സംഘടനകൾ അരങ്ങേറിയ ‘വിമോചന’ സമരത്തിൽ കോൺഗ്രസിനൊപ്പം മുസ്ലിം ലീഗും പങ്കുചേർന്നിരുന്നു. ആ കൂട്ടുകെട്ട് കേന്ദ്രം ആ സർക്കാരിനെ പുറത്താക്കിയശേഷം നടന്ന തെരഞ്ഞെടുപ്പിലും തുടർന്നു. രാഷ്ട്രീയ കക്ഷിയായി അംഗീകാരമില്ലാതിരുന്നതിനാൽ 1957ൽ ലീഗ് സ്ഥാനാർത്ഥികൾ സ്വതന്ത്രരായാണ് മത്സരിച്ചത്. എട്ടു പേർ വിജയിച്ചു. ‌കോൺഗ്രസും പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയും 1960ലെ തെരഞ്ഞെടുപ്പിൽ ലീഗിന് 12 സീറ്റുകൾ വിട്ടുകൊടുത്തു. പതിനൊന്നിടത്ത് അത് വിജയിക്കുകയും ചെയ്തു. എന്നാൽ ലീഗുമായി അധികാരം പങ്കിടാൻ കോൺഗ്രസും പി.എസ്.പിയും തയ്യാറായില്ല. ലീഗിന്റെ മുൻ‌കാലചരിത്രം തന്നെയായിരുന്നു കാരണം. സ്പീക്കർ പദവി മാത്രമാണ് അവർ ലീഗിന് നൽകിയത്. ലീഗിനെ വിശേഷിപ്പിച്ചിരുന്ന നെഹ്രുവിന്റെ കാലമായിരുന്നു അത്.

ഇന്ന് ലീഗ് ചത്ത കുതിരയാണെന്ന് ആരും പറയില്ല. മാറിമാറി ഭരണത്തിലേറുന്ന രണ്ട് മുന്നണികളിലൊന്നിലെ രണ്ടാമത്തെ കക്ഷിയെന്ന നിലയിൽ കേരളത്തിലെ അധികാര രാഷ്ട്രീയത്തിൽ അതിന് ഉയർന്ന സ്ഥാനമുണ്ട്. സാഹചര്യങ്ങൾ ബുദ്ധിപൂർവ്വം പ്രയോജനപ്പെടുത്തിയാണ് ലീഗ് രാഷ്ട്രീയ മാന്യത കൈവരിച്ചത്. അതുമായി ഏതെങ്കിലും ഘട്ടത്തിൽ അധികാരം പങ്കിട്ടിട്ടില്ലാത്ത ഒരു മതനിരപേക്ഷ കക്ഷിയും കേരളത്തിലില്ല. മതേതര കക്ഷിയാണെന്ന് ലീഗ് ഇപ്പോൾ അവകാശപ്പെടുന്നുണ്ട്. എന്നാൽ അടിത്തറയിലും അടിസ്ഥാന സമീപനത്തിലും വിഭാഗീയത നിലനിൽക്കുന്ന സാഹചര്യത്തിൽ ആ അവകാശവാദം അംഗീകരിക്കാനാവില്ല. അതേസമയം പേരിൽ ജാതിയുടെയൊ മതത്തിന്റെയൊ സൂചനയില്ലാത്ത പല പാർട്ടികളിലും ഇതേ തരത്തിലുള്ള വിഭാഗീയത കാണാവുന്നതാണ്. അവയുടെ നേതാക്കളിലും അണികളിലും ഉള്ളതിലധികം ജാതിമതചിന്ത ലീഗിനുണ്ടെന്ന് പറയാനാവില്ല. 

മലബാർ പ്രദേശത്ത് സ്വാതന്ത്ര്യപൂർവ്വ കാലത്ത് മുസ്ലീ ലീഗിന് ഉറച്ച സ്ഥാനം നേടാനായതിന് വ്യക്തമായ കാരണങ്ങളുണ്ട്. അത്തരം സാഹചര്യങ്ങളില്ലാതിരുന്ന തിരുവിതാം‌കൂറിലും ലീഗ് ഉണ്ടായിരുന്നു. എൻ.എസ്.എസിനും എസ്.എൻ.ഡി.പി.യോഗത്തിനുമൊപ്പം അത് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പങ്കെടുക്കുകയും ചെയ്തു. ഈ ജാതിമത സംഘടനകളെ ഉപയോഗിച്ച് കോൺഗ്രസിന്റെ വളർച്ച തടയാമെന്ന് കരുതി ദിവാൻ സി.പി.രാമസ്വാമി അയ്യർ അവയെ പ്രോത്സാഹിപ്പിച്ചു. രാജ്യം സ്വതന്ത്രമാവുകയും തിരുവിതാംകൂർ ഇന്ത്യയിൽ ലയിക്കുകയും ചെയ്തപ്പോൾ അവ രാഷ്ട്രീയം ഉപേക്ഷിച്ചു. അതിനുശേഷവും എൻ.എസ്.എസും എസ്.എൻ.ഡി.പി. യോഗവും മറ്റ് സംഘടനകളുണ്ടാക്കി ഇടക്കാലത്ത് രാഷ്ട്രീയത്തിലേക്ക് തിരിച്ചുവന്നു.  എന്നാൽ ലീഗ് പിരിച്ചുവിട്ട് മതനിരപേക്ഷ കക്ഷികളിലേക്ക് പോയ തിരുവിതാംകൂറിലെ മുസ്ലിം നേതാക്കൾ അത് പുനരുജ്ജീവിപ്പിക്കാൻ ശ്രമിച്ചതേയില്ല. അര നൂറ്റാണ്ടോളമായി അധികാര രാഷ്ട്രീയത്തിന്റെ ഭാഗമായ മുസ്ലിം ലീഗിന് മലബാറിനു പുറത്തേക്ക് വളരാൻ മുന്നണി സംവിധാനം അവസരം നൽകിയിട്ടും മദ്ധ്യ കേരളത്തിലൊ തെക്കൻ കേരളത്തിലെ ചുവടുറപ്പിക്കാൻ അതിന് കഴിഞ്ഞിട്ടില്ല. കേരളത്തിനു പുറത്തേക്ക് വളരാൻ അത് നടത്തിയ ശ്രമങ്ങളും വിജയിച്ചിട്ടില്ല. കേരളത്തിൽ നിന്നുള്ള ഇ. അഹമ്മദും ഇ.ടി. മുഹമ്മദ് ബഷീറും കൂടാതെ മൂന്നാമതൊരു എം.പിയുടെ പേരും ലീഗ് അതിന്റെ വെബ്‌സൈറ്റിൽ കൊടുത്തിട്ടുണ്ട്. അത് തമിഴ് നാട്ടിലെ വെല്ലൂരിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട അബ്ദുൾ റഹ്‌മാനാണ്. ലോക് സഭയുടെ ഔദ്യോഗിക രേഖകളിൽ അദ്ദേഹം ലീഗുകാരനല്ല, ഡി.എം.കെ. അംഗമാണ്.  കാരണം അദ്ദേഹം മത്സരിച്ചത്  ഡി.എം.കെ. സ്ഥാനാർത്ഥിയായാണ്.

മുസ്ലിം ലീഗിന്റെ ഏതാണ്ട് അര നൂറ്റാണ്ടു കാലത്തെ അധികാരപങ്കാളിത്തത്തിന്റെ ഫലമായി കേരളത്തിൽ കൂടുതൽ മുസ്ലിം മന്ത്രിമാരുണ്ടായിട്ടുണ്ട്. എന്നാൽ സംസ്ഥാത്തെ മുസ്ലിങ്ങളുടെ പിന്നാക്കാവസ്ഥ ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ല. ഇത് വിഭാഗീയ രാഷ്ട്രീയത്തിന്റെ പരിമിതി വെളിപ്പെടുത്തുന്നു. ഇന്ത്യയിൽ വിഭാഗീയ രാഷ്ട്രീയത്തിന് അടിത്തറ പാകിയ വ്യക്തി സർ സയ്യദ് അഹമ്മദ് ഖാൻ ആണ്. മുംബായിൽ 1885ൽ ചേർന്ന ഇൻഡ്യൻ നാഷനൽ കോൺഗ്രസിന്റെ സ്ഥാപക സമ്മേളനത്തിലേക്ക് ക്ഷണിക്കപ്പെട്ടിരുന്നെങ്കിലും അദ്ദേഹം പോയില്ല. മുസ്ലിം താല്പര്യങ്ങൾ  പൊതുപ്രസ്ഥാനത്തിലൂടെ സംരക്ഷിക്കപ്പെടാനാവില്ലെന്ന് അദ്ദേഹം വാദിച്ചു. അദ്ദേഹം അവതരിപ്പിച്ച ചിന്തകളാണ് പിൽക്കാലത്ത് പാകിസ്ഥാൻ എന്ന ആശയത്തിലേക്ക് നയിച്ചത്. ആദ്യം അതിനോട് തീരെ യോജിപ്പില്ലാതിരുന്ന ജിന്ന കോൺഗ്രസ് വിട്ട ശേഷം ലീഗിന്റെ നേതൃത്വം ഏറ്റെടുത്ത് ആ ആശയം സാക്ഷാത്കരിക്കുകയായിരുന്നു.

സ്വാതന്ത്ര്യം നേടി ആറു പതിറ്റാണ്ടിനുശേഷവും ഇന്ത്യയിലെ മുസ്ലിങ്ങളുടെ പിന്നാക്കാവസ്ഥ തുടരുന്ന നിലയ്ക്ക് സയ്യദ് അഹമ്മദ് ഖാന്റെയും ജിന്നയുടെയുമൊക്കെ സമീപനം തെറ്റായിരുന്നെന്ന് പറയാനാകില്ല. അതേ കാരണങ്ങളാൽ കോൺഗ്രസിൽ ചേരാൻ വിസമ്മതിക്കുകയൊ ചേർന്നശേഷം വിട്ടുപോവുകയൊ ചെയ്തവരാണ് ബി.ആർ.അംബേദ്കറും ഇ.വി.രാമസ്വാമി നായിക്കറും. സയ്യദ് അഹമ്മദ് ഖാനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടവർ പാകിസ്ഥാനിൽ അധികാര രാഷ്ട്രീയത്തിന്റെ ഭാഗമായി. പക്ഷെ പാകിസ്ഥാനിലെ മിക്ക പ്രിവിശ്യകളിലെയും മുസ്ലിങ്ങളുടെ സാമൂഹികാവസ്ഥ ഇന്നും പരിതാപകരമായി തുടരുകയാണ്. അംബേദ്കറിൽ നിന്നും രാമസ്വാമി നായിക്കറിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടവർ ഇപ്പോൾ രണ്ട് സംസ്ഥാനങ്ങളിൽ അധികാര രാഷ്ട്രീയത്തിന്റെ ഭാഗമാണ്. ആ പ്രദേശങ്ങളിലെയും കേരളത്തിലെയും അനുഭവങ്ങൾ സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കുമ്പോൾ വിഭാഗീയ രാഷ്ട്രീയത്തിന്റെ പരിമിതി കൂടുതൽ വ്യക്തമാകും.

ഒരർത്ഥത്തിൽ വിഭാഗീയ രാഷ്ട്രീയം വളരുന്നതിന്റെ പ്രധാന കാരണം മുഖ്യധാരാ രാഷ്ട്രീയത്തിന്റെ പരാജയമാണ്. പൊതുപ്രസ്ഥാനങ്ങളിലൂടെ തങ്ങൾക്ക് നീതി ലഭിക്കുമെന്ന വിശ്വാസം എല്ലാ വിഭാഗം ജനങ്ങളിലും വളരുമ്പോൾ മാത്രമെ ജാതിമത ചിന്തയും അതിൽ നിന്ന് ഉത്ഭവിക്കുന്ന വിഭാഗീയ രാഷ്ട്രീയവും ഒഴിവാക്കനാകൂ. (ജനയുഗം, ജനുവരി 23, 2013)

No comments: