Monday, January 21, 2013

ആൾക്കൂട്ടം മറന്ന ലക്ഷ്യങ്ങൾ

ബി.ആർ.പി.ഭാസ്കർ

സാധാരണഗതിയിൽ സ്ത്രീപീഡനവാർത്ത ഈ രാജ്യത്ത് വലിയ ചലനങ്ങൾ സൃഷ്ടിക്കാറില്ല. കാരണം അത്തരത്തിലുള്ള നിരവധി സംഭവങ്ങളാണ് ഓരോ ദിവസവും നടക്കുന്നത്. ചില വിഭാഗങ്ങൾക്ക് മറ്റ് ചില വിഭാഗങ്ങളിൽ‌പെട്ട സ്ത്രീകളെ കാമപൂരണത്തിന് ഉപയോഗിക്കാൻ അനുവദിക്കുന്ന ജാതിവ്യവസ്ഥയും ആണിന് പെണ്ണിനുമേൽ അവകാശമുണ്ടെന്ന് കരുതുന്ന പുരുഷാധിപത്യവും കൂടി ചേരുമ്പോൾ സ്ത്രീപീഡകർക്ക് പാരമ്പര്യത്തിന്റെ സംരക്ഷണം ലഭിക്കുന്നു. പൊലീസ് കണക്കുകളനുസരിച്ച്, രാജ്യത്ത്  2011ൽ സ്ത്രീകൾക്കെതിരായ 2,28,650 അക്രമങ്ങൾ റിപ്പോർട്ടു ചെയ്യപ്പെട്ടു.  അതായത് ഒരു ദിവസം ശരാശരി 626 അക്രമങ്ങൾ. ഒരു മണിക്കൂറിൽ 26. ഏകദേശം രണ്ട് മിനിട്ടിൽ ഒരു അക്രമ സംഭവം. മാനഹാനിയൊ അക്രമികളുടെ സ്വാധീനമൊ ഭയന്ന് ഇരകൾ പലപ്പോഴും പരാതി കൊടുക്കാറില്ല. കൊടുത്താലും പൊലീസ് അത് സ്വീകരിക്കണമെന്നില്ല. ഇതെല്ലാം കണക്കിലെടുക്കുമ്പോൾ അക്രമ സംഭവങ്ങളുടെ എണ്ണം റിപ്പോർട്ട് ചെയ്യപ്പെട്ടതിന്റെ ഇരട്ടിയെങ്കിലും വരും. ചുരുക്കത്തിൽ ഓരോ മിനിട്ടിലും എവിടെയെങ്കിലും ഒരു സ്ത്രീ പീഡനത്തിന് വിധേയയാകുന്നു. ഏതു പ്രായത്തിൽ ‌പെട്ട സ്ത്രീയും ആക്രമിക്കപ്പെടാം. രജിസ്റ്റർചെയ്ത സംഭവങ്ങളിൽ പെട്ടവരിൽ 10 ശതമാനം 14 വയസിനു താഴെയുള്ളവരും 19 ശതമാനം 14നും 18നുമിടയ്ക്ക് പ്രായമുള്ളവരും അര ശതമാനത്തിലധികം 50നു മേൽ പ്രായമുള്ളവരുമായിരുന്നു. തൊണ്ണൂറ്റിമൂന്ന് ശതമാനത്തെയും പീഡിപ്പിച്ചത് അച്ഛൻ, മുത്തച്ഛൻ, അമ്മാവൻ, അയൽവാസി, സഹപ്രവർത്തകൻ, സുഹൃത്ത് തുടങ്ങി അവർക്ക് അറിയാവുന്ന വ്യക്തികളാവുമ്പോൾ വേട്ടക്കാരനെപ്പോലെ ഇരയും എല്ലാം മൂടിവെക്കാൻ തയ്യാറാകുന്നു. കേരളത്തിൽ അടുത്ത കാലത്ത് അച്ഛൻ മകളെ പീഡിപ്പിക്കുന്നെന്ന വിവരം അമ്മ പൊലീസിൽ അറിയിക്കുകയും അയാൾ അറസ്റ്റിലാകുകയും ചെയ്തപ്പോൾ അയൽക്കാർ നിന്നത് അയാൾക്കൊപ്പമാണ്. അവർ അമ്മയെയും മകളെയും സാമൂഹ്യബഹിഷ്കരണത്തിന് വിധേയരാക്കി. 

അത്യപൂർവ്വമായി ജനങ്ങൾ ഇരക്കുവേണ്ടി ശബ്ദമുയർത്തുന്ന സന്ദർഭങ്ങളുണ്ടാകാറുണ്ട്. രണ്ട് കൊല്ലം മുമ്പ് ഓടുന്ന തീവണ്ടിയിൽ നിന്ന് യുവതി പുറത്തേക്ക് എറിയപ്പെടുകയും പിന്നീട് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തപ്പെടുകയും ചെയ്തപ്പോൾ അതിനുത്തരവാദിയായ ആൾക്ക് കടുത്ത ശിക്ഷ നൽകണമെന്ന ആവശ്യം കേരളത്തിൽ ഉയർന്നിരുന്നു. സമാനമായ പ്രതികരണമാണ് ഡിസംബർ 16ന് ന്യൂഡൽഹിയിൽ ഓടുന്ന ബസിൽ യുവതി കൂട്ടബലാത്സംഗത്തിന് ഇരയാവുകയും പിന്നീട് കൂടെയുണ്ടായിരുന്ന പുരുഷനോടൊപ്പം പുറത്തെറിയപ്പെടുകയും ചെയ്ത വിവരം അറിഞ്ഞപ്പോൾ തലസ്ഥാന നഗരിയിലുണ്ടായത്. ഈ സംഭവങ്ങൾ ഇത്തരം പ്രതികരണം ഉളവാക്കിയതിന് വ്യക്തമായ കാരണങ്ങളുണ്ട്. ഒന്ന് അക്രമികൾ ഞെട്ടിപ്പിക്കുന്ന ക്രൂരത പ്രദർശിപ്പിച്ചെന്നതാണ്. മറ്റൊന്ന് മാദ്ധ്യമങ്ങൾ സംഭവത്തിൽ സജീവ താല്പര്യമെടുത്തെന്നതാണ്. ന്യൂഡൽഹി സംഭവത്തിന് ദേശീയ മാദ്ധ്യമങ്ങൾ, പ്രത്യേകിച്ച് വാർത്താ ചാനലുകൾ, വലിയ പ്രാധാന്യം നൽകിയതുകൊണ്ടും സോഷ്യൽ നെറ്റ്‌വർക്കുകളിൽ അത് ചർച്ചാവിഷയമായതുകൊണ്ടും അതിനെതിരായ വികാരം പെട്ടെന്ന് രാജ്യമൊട്ടുക്കും പടർന്നു. ചില സംഭവങ്ങൾ മറ്റുള്ളവയേക്കാൾ പ്രാധാന്യം കൈവരിക്കുന്നതിനു പിന്നിൽ പലപ്പോഴും അക്രമിയുടെയും ഇരയുടെയും വർഗ്ഗ-ജാതി-മത പശ്ചാത്തലങ്ങൾക്കും പങ്കുണ്ടാകും. മാദ്ധ്യമങ്ങളിൽ പ്രതിഫലിക്കുന്നത് മദ്ധ്യവർഗ്ഗ വികാരമാണ്. അക്രമി താണവർഗ്ഗത്തിൽ പെട്ടവനും പീഡിപ്പിക്കപ്പെട്ടത് മദ്ധ്യവർഗ്ഗത്തിൽ പെട്ടവളുമാകുമ്പോൾ മദ്ധ്യവർഗ്ഗത്തിന്റെ അനുഭാവം ഇരയ്ക്കൊപ്പമുണ്ടാകും. എന്നാൽ അക്രമി മദ്ധ്യവർഗ്ഗത്തിൽ പെട്ടവനും പീഡിപ്പിക്കപ്പെട്ടത് താണവർഗ്ഗത്തിൽ പെട്ടവളുമാണെങ്കിൽ ഇരയ്ക്ക് മദ്ധ്യവർഗ്ഗത്തിൽ നിന്ന് അതേ അളവിൽ അനുഭാവം ലഭിക്കുകയില്ല. ഡൽഹിയിൽ അതിക്രൂരമായി പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയുടേതിന് സമാനമായ അനുഭവമാണ് സോണി സോറി എന്ന അദ്ധ്യാപികക്ക് ഛത്തിസ്ഗഢിൽ ഉണ്ടായത്. സോണി ആദിവാസിയും മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെടുന്നവളുമായതുകൊണ്ടും അവരെ പീഡിപ്പിച്ചത് പൊലീസുകാരായതുകൊണ്ടും ന്യൂഡൽഹിയിലെ പെൺകുട്ടിയുടെ കാര്യത്തിലെടുത്ത താല്പര്യം മാധ്യമങ്ങൾ അവരുടെടെ കാര്യത്തിൽ കാട്ടിയില്ല. ഇപ്പോൾ സ്ത്രീസുരക്ഷ ഉറപ്പാക്കുമെന്ന് ആണയിടുന്ന സർക്കാരിൽ നിന്നൊ ഉയർന്ന കോടതിയിൽനിന്നു പോലുമൊ സോണിക്ക് അർഹിക്കുന്ന പരിഗണന കിട്ടിയില്ല. സോണിയുടെ പീഡനത്തിന് നേതൃത്വം നൽകിയ പൊലീസുദ്യോഗസ്ഥനെ സർക്കാർ മെഡൽ നൽകി ആദരിച്ചു.

പാർലമെന്റ് സമ്മേളനം നടക്കുമ്പോഴാണ് കൂട്ടബലാൽ‌സംഗ സംഭവം നടന്നത്. രണ്ട് സഭകളിലും പ്രതിപക്ഷകക്ഷികൾ ശക്തമായ നടപടി ആവശ്യപ്പെട്ടു. അതിനുശേഷം പതിവുപോലെ അവർ സഭകൾ സ്തംഭിപ്പിക്കുകയും അവ നിയമനിർമ്മാണ പരിപാടികൾ പൂർത്തിയാക്കാതെ അനിശ്ചിതകാലത്തേക്ക് പിരിയുകയും ചെയതു. കെട്ടിക്കിടക്കുന്ന കരട് നിയമങ്ങളിലൊന്ന് സ്ത്രീസുരക്ഷ സംബന്ധിക്കുന്നതാന്. പൊലീസ് സാമാന്യം വേഗത്തിൽ അക്രമികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയും അവർ ഉപയോഗിച്ച ബസ് പിടിച്ചെടുക്കുകയും ചെയ്തു. പക്ഷെ ആശുപത്രി നൽകിയ മെഡിക്കൽ ബുള്ളറ്റിനുകൾ മരണവുമായി മല്ലിടുന്ന പെൺകുട്ടിയെ കുറിച്ച് നിത്യേന ജനങ്ങളെ ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു. ഡൽഹിയിലും മറ്റ് ചിലയിടങ്ങളിലും വനിതാസംഘടനകളും വിദ്യാർത്ഥി സംഘടനകളും ചെറിയ പ്രകടനങ്ങൾ നടത്തുകയും ചെയ്തു. അതിനിടെ ഫേസ്ബുക്ക്, ട്വിറ്റർ തുടങ്ങിയ സാമൂഹ്യ ശൃംഖലകളിലൂടെ യുവജനരോഷം വ്യാപിച്ചു. ഡിസംബർ 23ന്, സംഭവം നടന്ന് കൃത്യം ഒരാഴ്ച കഴിഞ്ഞപ്പോൾ, ആയിരക്കണക്കിന് ആളുകൾ പ്രതിഷേധം രേഖപ്പെടുത്താൻ പാർലമെന്റ് മന്ദിരത്തിനടുത്തുള്ള വിജയ് ചൌക്കിലെത്തി. അവിടെ നിന്ന് കേന്ദ്ര സെക്രട്ടേറിയറ്റിന്റെ രണ്ട് ബ്ലോക്കുകൾക്കിടയിലൂടെ ഒരു ചെറിയ ദൂരം നടന്നാൽ രാഷ്ട്രപതി ഭവനായി. ചിലർ അവിടെ പോയി പെൺകുട്ടിക്ക് നീതി നൽകണമെന്നും സ്ത്രീസുരക്ഷ ഉറപ്പാക്കണമെന്നും പ്രസിഡന്റിനോട് ആവശ്യപ്പെടാൻ പദ്ധതിയിട്ടു. പൊലീസ് വഴി തടഞ്ഞു. ബാരിക്കേഡ് മറികടക്കാനുള്ള ശ്രമം അവർ  ജലപീരങ്കിയും കണ്ണീർവാതകവും ലാത്തിയും ഉപയോഗിച്ച് പരാജയപ്പെടുത്തി. പക്ഷെ ജനക്കൂട്ടം പിരിഞ്ഞുപോയില്ല. ചാനലുകളുടെ നേർസം‌പ്രേഷണം കണ്ട് വീട്ടമ്മമാരുൾപ്പെടെ ധാരാളം പേർ ഒഴുകിരെത്തി.

റിപ്പബ്ലിക് ദിനത്തിൽ റോക്കറ്റുകളും പീരങ്കികളും നിരത്തി രാഷ്ട്രത്തിന്റെ സൈനികബലം പ്രദർശിപ്പിക്കുന്ന വിശാലമായ രാജപാതയിലൂടെ ലാത്തിയെയും കണ്ണീർവാതകത്തെയും ജലപീരങ്കിയെയും വകവെക്കാതെ സ്ത്രീകളടക്കം പ്ലക്കാർഡുകളുമായി നടന്നു. സംഘാടകരൊ നേതാക്കളൊ ഇല്ലാത്ത ആൾക്കൂട്ടമായിരുന്നു അത്. ആധികാരികമായി സംസാരിക്കാവുന്ന ഒരു വക്താവിന്റെ അഭാവത്തിൽ ചാനൽ റിപ്പോർട്ടർമാർ ഓടിനടന്ന് കിട്ടിയവരോടെല്ലാം ഒരു ചോദ്യം ചോദിച്ചുകൊണ്ടിരുന്നു: എന്താണ് നിങ്ങളുടെ ആവശ്യം? എല്ലാവരും നൽകിയ ഉത്തരങ്ങൾ രണ്ട് വാക്കുകളിൽ ചുരുക്കാം: നീതി, സുരക്ഷ. അവിടെ തടിച്ചു കൂടിയത് രാഷ്ട്രീയ പ്രസ്ഥാനങ്ങൾ സംഘടിപ്പിക്കുന്ന പ്രകടനങ്ങളിൽ കാണാറുള്ള പ്രതിബദ്ധതയുള്ള കാഡറുകളൊ കൂലിക്ക് എടുക്കപ്പെട്ടവരൊ ആയിരുന്നില്ല, അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന നാഗരിക മദ്ധ്യവർഗ്ഗത്തിന്റെ പരിച്ഛേദമായിരുന്നു. ഇന്ത്യയിലെ ജനങ്ങളുടെ പ്രാതിനിധ്യം അവകാശപ്പെടാവുന്നവരായിരുന്നില്ല അവർ. എന്നാൽ ഇന്ത്യയുടെ വികാരമാണ് അവർ അവിടെ പ്രകടിപ്പിച്ചത്. ടെലിവിഷൻ ക്യാമറകൾ ആ ദ്ദൃശ്യങ്ങൾ എല്ലായിടത്തുമെത്തിച്ചു. വിജയ് ചൌക്ക് ഇന്ത്യയുടെ തഹ്‌രീർ സ്ക്വയർ ആവുകയാണെന്ന പ്രതീതി പരന്നു. സദാ സുരക്ഷാകോട്ടകൾക്കുള്ളിൽ കഴിയുന്ന അധികാരിവർഗ്ഗത്തിൽ അത് ആശങ്ക ജനിപ്പിച്ചു. വ്യവസ്ഥക്കു പുറത്തുള്ളവരിൽ അമിത പ്രതീക്ഷയും. ഭരണകൂടവും പ്രതിപക്ഷവും മാത്രമല്ല മാദ്ധ്യമങ്ങളുൾപ്പെടെ എല്ലാ മദ്ധ്യവർഗ്ഗ സ്ഥാപനങ്ങളും ഭയം‌കൊണ്ട് വിറങ്ങലിച്ചു. നേതാക്കളില്ലാത്ത ആ ആൾക്കൂട്ടം തങ്ങളുടെ ഭദ്രലോകം തകർത്ത് അരാജകത്വത്തിന് വഴി തുറക്കുമെന്ന് അവർ ഭയന്നു.

രാഷ്ട്രീയ നേതൃത്വം ഒളിച്ചു. മന്ത്രിമാർ ടെലിവിഷനിലൂടെ മാത്രം സംസാരിച്ചു. ഉദ്യോഗസ്ഥരിലൂടെയും  പൊലീസിലൂടെയും അവർ ജനങ്ങളുമായി ഇടപെട്ടു. ആളുകൾ ന്യൂഡൽഹിയുടേ ഹൃദയഭാഗത്തെത്തുന്നതു തടയാൻ സർക്കാർ മെട്രോ സ്റ്റേഷനുകൾ പൂട്ടിയിട്ടു. രാജ്പഥിനനടുത്തുകൂടിയുള്ള വാഹന ഗതാഗതം തടഞ്ഞു. എന്നിട്ടും തുടർന്ന മദ്ധ്യവർഗ്ഗ ജനപ്രവാഹം തടയാൻ നിരോധനാജ്ഞ, ലാത്തി ചാർജ്, ജലപീരങ്കി പ്രയോഗം തുടങ്ങിയവയെ ആശ്രയിച്ചു. വാർത്താവിതരണ വകുപ്പ് ടെലിവിഷൻ ചാനലുകളോട് നിയന്ത്രണം പാലിക്കാൻ ആവശ്യപ്പെട്ടു. വകുപ്പിന്റെ ‘ഉപദേശം‘ ലഭിക്കുന്നതിനു മുമ്പെ അധികൃതരുടെ അസംതൃപ്തി മനസിലാക്കി, സർക്കാർ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത് ഒഴിവാക്കാനായി, സ്വകാര്യ  ചാനലുടമകളുടെ സംഘടന റിപ്പോർട്ടിങ്ങിൽ മിതത്വം പാലിക്കാൻ അംഗങ്ങളോട് ആവശ്യപ്പെട്ടിരുന്നു. പ്രകടനക്കാരോടൊപ്പം പൊലീസ് ടെലിവിഷൻ ഒ.ബി. വാനുകളെയും വിജയ് ചൌക്കിൽ നിന്ന് ആദ്യം ഇൻഡ്യാ ഗേറ്റിലേക്കും പിന്നീട് അവിടെ നിന്ന് ജന്തർ മന്തറിലേക്കും തിരിച്ചുവിട്ടു. ശല്യക്കാരെ പുറത്താക്കിയിട്ടും പ്രധാനമന്ത്രി മൻ‌മോഹൻ സിങ്ങും റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുട്ചിനുമായുള്ള സംഭാഷണം മുൻ‌കൂട്ടി തീരുമാനിച്ച പ്രകാരം ഇൻഡ്യാ ഗേറ്റിൽ നിന്ന് അധികം ദൂരത്തല്ലാത്ത ഹൈദരാബാദ് ഹൌസിൽ വെച്ച് നടത്താനുള്ള ധൈര്യം സർക്കാരിനുണ്ടായില്ല. ചർച്ച പ്രധാനമന്ത്രിയുടെ വീട്ടിലാക്കി.

വിജയ് ചൌക്ക് തഹ്‌രീർ സ്ക്വയറായില്ല. ആകാനുള്ള സാദ്ധ്യത വിരളമായിരുന്നെന്നതാണ് വാസ്തവം.  കെയ്‌റോയിലും മറ്റ് ചില അറബ് നഗരങ്ങളിലും നടന്ന നവമാദ്ധ്യമ പ്രേരിത പ്രക്ഷോഭങ്ങൾക്ക് ഭരണമാറ്റം എന്ന സൂക്ഷ്മമായ ഒറ്റ ലക്ഷ്യമേയുണ്ടായിരുന്നുള്ളു. അതുകൊണ്ട് സാമ്പ്രദായിക രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് ഇന്റർനെറ്റ് സമൂഹത്തോടൊപ്പം സമരത്തിൽ പങ്കാളികളാകാൻ കഴിഞ്ഞു. വിജയ് ചൌക്കിൽ ഒത്തുചേർന്നവരുടെ ആവശ്യം ഉടൻ നടപ്പിലാക്കാനാവുന്ന തരത്തിലുള്ളതായിരുന്നില്ല. സ്ത്രീസുരക്ഷ ഉറപ്പാക്കാക്കുന്നതിന് പാർലമെന്റ് പുതിയ നിയമമുണ്ടാക്കേണ്ടതുണ്ട്. ബലാൽ‌സംഗക്കേസിൽ നീതി നടപ്പാക്കാൻ കോടതികൾ വിചാരണ പൂർത്തിയാക്കി അന്തിമവിധി പ്രഖ്യാപിക്കേണ്ടതുണ്ട്. അതെല്ലാം മാസങ്ങളൊ വർഷങ്ങളൊ എടുക്കാവുന്ന പ്രക്രിയകളാണ്. അവ പുർത്തിയാകുന്നതുവരെ ഇൻഡ്യാ ഗേറ്റിലൊ ജന്തർ മന്തറിലൊ പ്രകടനം തുടരുന്നത് പ്രായോഗികമല്ല. അണ്ണാ ഹസാരെ പ്രസ്ഥാനം ചെലുത്തിയ സമ്മർദ്ദത്തിന്റെ ഫലമായി സർക്കാർ ലോക്പാൽ നിയമത്തിന് മുൻ‌ഗണന നൽകിയിട്ടും ഭരണപ്രതിപക്ഷ നേതൃത്വങ്ങൾ നിയമനിർമ്മാണ പ്രക്രിയ അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകുന്ന അനുഭവം നമ്മുടെ മുന്നിലുണ്ടല്ലൊ.

പെൺകുട്ടിയെ സിംഗപ്പൂരിലേക്ക് മാറ്റിയത് മെച്ചപ്പെട്ട ചികിത്സക്കു വേണ്ടിയായിരുന്നെന്ന സർക്കാർവാദം മുഖവിലയ്ക്ക് എടുക്കാനാവില്ല. കുട്ടിയെ രക്ഷിക്കാനാവില്ലെന്നറിഞ്ഞു കൊണ്ട് അനിവാര്യമായ മരണത്തിനു പഴി കേൾക്കുന്നത് ഒഴിവാക്കാനാണ് സർക്കാർ അത് ചെയ്തത്. പെൺകുട്ടിയുടെ മരണത്തെ തുടർന്ന് ജനങ്ങൾ വീണ്ടും തെരുവിലിറങ്ങി. പക്ഷെ പ്രക്ഷോഭത്തിന്റെ സ്വഭാവത്തിൽ മാറ്റമുണ്ടായില്ല. അറബ് രാജ്യങ്ങളിൽ സംഭവിച്ചതുപോലെ പ്രകടനക്കാർ രാഷ്ട്രീയ സംവിധാനത്തിൽ മാറ്റം ആവശ്യപ്പെട്ടിരുന്നെങ്കിൽ അത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാകുമായിരുന്നു. അത് ആരും ആഗ്രഹിച്ചില്ല. ഭരണപക്ഷത്തെപ്പോലെ പ്രതിപക്ഷ കക്ഷികളും രാഷ്ട്രീയത്തിനു പുറത്തു രൂപപ്പെട്ടതും അവർക്ക് ഇടം ഇല്ലാത്തതുമായ പ്രക്ഷോഭത്തെ സംശയത്തോടെയാണ് വീക്ഷിച്ചത്. തങ്ങളുടെ പ്രസക്തി കുറയുകയും നിലനില്പ് അപകടത്തിലാവുകയും ചെയ്യുന്ന സാഹചര്യം അവർ മുന്നിൽ കണ്ടു. അവർ സ്ത്രീസുരക്ഷയെ കുറിച്ച് വാചാലരായെങ്കിലും അവരുടെ വാക്കുകളിൽ ആത്മാർത്ഥയുണ്ടായിരുന്നില്ല. ബലാൽ‌സംഗത്തിന് വധശിക്ഷ നൽകണമെന്ന് വാദിച്ച ബി.ജെ.പി. നേതാവ് സുഷമാ സ്വരാജ് ഗുജറാത്തിൽ സംഗികൾ ബലാൽ‌സംഗം നടത്തുകയും ഗർഭിണിയെ കൊന്ന് ഭ്രൂണം പുറത്തെറിയുകയും ചെയ്തപ്പോൾ നിശ്ശബ്ദത പാലിച്ചയാളാണ്. പ്രക്ഷോഭകാരികളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ ഇൻഡ്യാ ഗേറ്റിൽ എത്തിയ സി.പി.എം. പോളിറ്റ്ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് കേരളത്തിലെ രണ്ട് നേതാക്കൾക്കെതിരെ സ്ത്രീപീഡനാരോപണം ഉയർന്നപ്പോൾ അന്വേഷണം പാർട്ടിതലത്തിലൊതുക്കി അവരെ ക്രിമിനൽ നടപടികളിൽ നിന്ന് രക്ഷിക്കാൻ കൂട്ടുനിന്നയാളാണ്. സമാജ്‌വാദി പാർട്ടി, ബഹുജൻ സമാജ്‌ പാർട്ടി, തൃണമൂൽ കോൺഗ്രസ് എന്നിവയുൾപ്പെടെ പല പാർട്ടികളും ബലാൽ‌സംഗക്കേസ് പ്രതികളെ തെരഞ്ഞെടുപ്പിന് നിർത്തിയവരാണ്. ബി.എസ്.പി.യും തൃണമൂലും സ്ത്രീകൾ നിയന്ത്രിക്കുന്ന പാർട്ടികളാണെന്നതും ഇവിടെ ഓർക്കേണ്ടതുണ്ട്.

മുമ്പെങ്ങുമില്ലാത്ത തരത്തിൽ കൂട്ടബലാൽ‌സംഗത്തിനെതിരെ തലസ്ഥാനത്ത് ശക്തമായ പ്രതിഷേധ പ്രകടനങ്ങൾ നടന്നിട്ടും ഒരക്ഷരം മിണ്ടാതിരുന്ന പ്രധാനമന്ത്രി മൻ‌മോഹൻ സിങ്ങിന്റെയൊ തികഞ്ഞ അലംഭാവത്തോടെ വിഷയം കൈകാര്യം ചെയ്ത ആഭ്യന്തരമന്ത്രി സുശീൽ കുമാർ ഷിൻഡേയുടെയൊ രാജിപോലെ മൂർത്തമായ ഒരാവശ്യം സമരക്കാർ ഉയർത്തിയില്ല. ജനാധിപത്യ വ്യവസ്ഥക്ക് ഭീഷണിയാകാതെ അത് ചെയ്യാനാകുമായിരുന്നു. കാരണം കോൺഗ്രസിനും യു.പി.എ.ക്കും പകരക്കാരനെ നിയോഗിക്കുന്നതിന് അത് തടസമാകുമായിരുന്നില്ല്ല. ജനാധിപത്യത്തിന്റെ കാതലായ അംശം ജനങ്ങളോടുള്ള ഉത്തരവാദിത്വമാണ്. ഗുരുതരമായ വീഴ്ച ഉണ്ടാകുമ്പോൾ ഭരണനേതൃത്വം അതിന്റെ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കുകയൊ ജനങ്ങൾ അവരെ അത് ഏറ്റെടുക്കാൻ നിർബന്ധിക്കുകയൊ ചെയ്യുന്നത് ജനാധിപത്യത്തെ ദുർബലപ്പെടുത്തുകയില്ല, ശക്തിപ്പെടുത്തുകയേ ഉള്ളു. (മാതൃഭൂമി ആഴ്ചപ്പതിപ്പ്, ജനുവരി 13-19, 2013)

No comments: