Wednesday, January 9, 2013

പിന്തിരിപ്പൻ ശക്തികൾ മുതലെടുപ്പിനെത്തുന്നു

ബി.ആർ.പി. ഭാസ്കർ

ഡൽഹി കട്ടബലാത്സംഗക്കേസ് കോടതിയിലെത്തി. സമൂഹ മന:സാക്ഷിയെ ഞെട്ടിച്ച ആ ക്രൂരസംഭവം നടന്നിട്ട്  മൂന്നാഴ്ചയെ ആയിട്ടുള്ളു. ഇതിനുമുമ്പൊരിക്കലും ഇത്തരത്തിലുള്ള ഒരു കേസിൽ ഇത്രവേഗം വിചാരണ ആരംഭിച്ചിട്ടില്ല. ഡൽഹിയിലും മറ്റ് പല നഗരങ്ങളിലും ആഞ്ഞടിച്ച  പ്രതിഷേധത്തിന്റെ കൊടുങ്കാറ്റ് ഇനിയും പൂർണ്ണമായും നിലച്ചിട്ടില്ല. ജനരോഷം ശമിപ്പിക്കാൻ ഡൽഹി സംസ്ഥാനത്തെ ക്രമസമാധാനത്തിന്റെ ചുമതലയുള്ള കേന്ദ്ര സർക്കാർ എടുത്ത നടപടികളുടെ ഫലമായാണ് പൊലീസ അതിവേഗം കുറ്റപത്രം സമർപ്പിച്ചതും കേസിന്റെ വിചാരണക്കായി ഡൽഹി ഹൈക്കോടതി അതിവേഗ കോടതി സ്ഥാപിച്ചതും. സർക്കാരിനെയും കോടതിയെയും കൊണ്ട് അത്രയും ചെയ്യിക്കാൻ കഴിഞ്ഞതിൽ ജനങ്ങൾക്ക് തിർച്ചയായും അഭിമാനിക്കാം. പക്ഷെ അവരുടെ മുന്നിൽ പുതിയ വെല്ലുവിളികൾ ഉയരുന്നുണ്ട്.

കുറ്റകൃത്യം നടന്നതിന്റെ അടുത്ത ദിവസം മുതൽ തന്നെ ഡൽഹിയിൽ ചില സംഘടനകൾ പതിവ് രീതിയിൽ പ്രകടനങ്ങൾ നടത്തുകയുണ്ടായി. ഏതെങ്കിലും സംഘടനയൊ നേതാവോ  ആവശ്യപ്പെടാതെ, സാമൂഹ്യ ശൃംഖലകളിലൂടെ അന്യോന്യം ബന്ധപ്പെട്ടവെർ, പ്രത്യേകിച്ച് യുവജനങ്ങൾ, പ്ലക്കാർഡുകളുമായി ഭരണസിരാകേന്ദ്രത്തിലേക്ക് ഒഴുകിയെത്തിയപ്പോൾ പ്രതിഷേധം രാജ്യം മുമ്പെങ്ങും കണ്ടിട്ടില്ലാത്ത രൂപം കൈക്കൊണ്ടു. ഭരണ സംവിധാനം തകരുകയും രാജ്യം അരാജകത്വത്തിലേക്ക് നീങ്ങുകയും ചെയ്യുമെന്ന് പലരും ഭയപ്പെട്ടു. എന്നാൽ സമരത്തിലേർപ്പെട്ടിരുന്ന മദ്ധ്യവർഗ്ഗം രാജ്യത്തെ അങ്ങനെയൊരു അവസ്ഥയിൽ എത്തിക്കാൻ ആഗ്രഹിക്കുന്നവരായിരുന്നില്ല. അതുകൊണ്ട് ആ അപകടം ഒഴിവായി.   

പ്രതിഷേധം ഇരമ്പിയ ദിനങ്ങളിൽ രാഷ്ട്രീയ നേതാക്കൾ സമരക്കാരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിലും ബലാത്സംഗ കേസുകളിൽ കുറ്റവാളികൾക്ക് കടുത്ത ശിക്ഷ നൽകണമെന്ന് വാദിക്കുന്നതിലും മത്സരിക്കുകയായിരുന്നു. കുറ്റവാളികൾക്ക് വധശിക്ഷ തന്നെ കൊടുക്കണമെന്ന് അവരിൽ പലരും ആവശ്യപ്പെട്ടു. ബലാത്സംഗക്കേസ് പ്രതികളെ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളാക്കുകയൊ സ്ത്രീപീഡനാരോപണം നേരിടുന്നവരെ  പൊലീസ് അന്വേഷണത്തിൽ നിന്നുമൊഴിവാക്കി സംരക്ഷിക്കുകയൊ ചെയ്ത കക്ഷികളുടെ നേതാക്കന്മാരും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. വധശിക്ഷ ശിക്ഷയല്ല പ്രാകൃത പ്രതികാര നടപടിയാണെന്നും അതുകൊണ്ട് നിയമവ്യവസ്ഥയിൽ അതിനു സ്ഥാനമുണ്ടാകരുതെന്നും വാദിക്കുന്ന മനുഷ്യാവകാശ പ്രവർത്തകർക്ക് അല്പം വൈകിമാത്രമെ രക്തത്തിനുവേണ്ടി മുറവിളി കൂട്ടുന്നവരെ പ്രതിരോധിക്കാൻ മുന്നോട്ടു വരാനായുള്ളു.

ബി.ജെ.പി. ഉൾപ്പെടെ ചില കക്ഷികൾ കടുത്ത നിയമമുണ്ടാക്കാൻ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെട്ടു. പാർലമെന്റിന്റെ ശീതകാല സമ്മേളനം നടക്കുമ്പോഴാണ് ഡൽഹി സംഭവം ഉണ്ടായത്. അംഗങ്ങൾ വിഷയം ഉയർത്തുകയും ചെയ്തു. പക്ഷെ അതിനുശേഷം ബി.ജെ.പിയുൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ പതിവുപോലെ സഭാനടപടികൾ സ്തംഭിപ്പിച്ചു. അങ്ങനെ സഭകൾ നിശ്ചിത നിയമനിർമ്മാണ പരിപാടികൾ പൂർത്തിയാക്കാതെ പിരിഞ്ഞു. തുടർക്കഥയായിരിക്കുന്ന സഭാസ്തംഭനത്തിന്റെ ഫലമായി പാസാകാതെ കിടക്കുന്നവയിൽ പാർലമെന്റിലും നിയമസഭകളിലും സ്ത്രീകൾക്ക് മൂന്നിലൊന്ന് പ്രാതിനിധ്യം നൽകുന്നതിന് വ്യവസ്ത ചെയ്യുന്ന ബില്ലും ഉൾപ്പെടുന്നു. ഇതെല്ലാം ഭരണ പ്രതിപക്ഷ കക്ഷികളുടെ നിലപാടുകൾ സത്യസന്ധമാണോ എന്ന സംശയം ഉയർത്തുന്നു.

ഡൽഹിയിൽ ഇപ്പോൾ പ്രവർത്തിക്കുന്ന അതിവേഗ കോടതി ബലാത്സംഗക്കേസ് വിചാരണ ചെയ്യാൻ സ്ഥാപിക്കപ്പെട്ട ആദ്യത്തെ പ്രത്യേക കോടതിയല്ല. സൂര്യനെല്ലി കേസ് വിചാരണ ചെയ്തതും പ്രത്യേക കോടതിയായിരുന്നു. ആ കേസിനാസ്പദമായ സംഭവങ്ങൾ നടന്നത് 1996 ജനുവരി-ഫെബ്രുവരി മാസങ്ങളിലാണ്. പ്രത്യേക കോടതി സ്ഥാപിതമായത് 1999ൽ. കോടതി 2000ൽ വിചാരണ പൂർത്തിയാക്കി, 37 പ്രതികൾക്ക് വിവിധ കാലാവധിക്കുള്ള കഠിനശിക്ഷ നൽകി. അതിവേഗ സമീപനം അവിടെ അവസാനിച്ചു. ശിക്ഷിക്കപ്പെട്ടവരുടെ അപ്പീൽ കേട്ട ഹൈക്കോടതി 2005 ജനുവരിയിൽ 35 പേരെ വെറുതെ വിട്ടുകൊണ്ട് വിധി പ്രസ്താവിച്ചു. സർക്കാർ അതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും അടിയന്തിര പരിഗണനക്കുവേണ്ടി പരിശ്രമിച്ചില്ല. അതുകൊണ്ട് ഏഴു കൊല്ലം അത് അവിടെ കിടന്നു. ഡൽഹി സംഭവം രാജ്യത്ത് ഉയർത്തിയ വികാരം കണക്കിലെടുത്ത് ബലാത്സംഗ കേസുകളിൽ കോടതികൾ വേഗം തീർപ്പു കല്പിക്കണമെന്ന് ചീഫ് ജസ്റ്റിസ് അൽത്തമസ് കബീർ നിരീക്ഷിക്കുമ്പോൾ ഈ കേസിലെ അപ്പീൽ തന്റെ കോടതിയിൽ കിടക്കുകയാണെന്ന് അദ്ദേഹത്തിന് അറിവുണ്ടായിരുന്നില്ല. അറിഞ്ഞപ്പോൾ ഉടൻ പരിഗണനക്കെടുക്കാൻ അദ്ദേഹം നിർദ്ദേശിച്ചു.

മൂന്നു കോടിയിൽ‌പരം കേസുകളാണ് പല തലങ്ങളിലുള്ള കോടതികളുടെ മുന്നിലുള്ളത്. ഇതിൽ 40 ശതമാനം ഒരു കൊല്ലത്തിലധികമായി കെട്ടിക്കിടക്കുന്നവയാണ്. ബഹുഭൂരിപക്ഷം കേസുകളും ആരുടെയെങ്കിലുമൊക്കെ ജീവിതത്തെ ഏതെങ്കിലും തരത്തിൽ ബാധിക്കുന്നവയാണ്. അതുകൊണ്ട് ബലാത്സംഗക്കേസുകളിൽ മാത്രമല്ല എല്ലാത്തരം കേസുകളിലും വേഗം തീർപ്പുണ്ടാകേണ്ടതാണ്. ഇതിന് കോടതികളുടെ സമീപനത്തിലും നടപടിക്രമങ്ങളിലും മാറ്റമുണ്ടാകണം. നിരവധി വിധികളിലൂടെ ഭരണഘടനാശില്പികൾ വിഭാവന ചെയ്തിട്ടില്ലാത്ത വിധത്തിൽ സ്വന്തം അധികാരപരിധി വിപുലീകരിച്ച സുപ്രീം കോടതിക്ക് ഇക്കാര്യത്തിൽ മുൻകൈ എടുക്കാനുള്ള കടമയുണ്ട്.  

ഡൽഹി കൂട്ടബലാത്സംഗക്കേസ്  ഉയർത്തിയ ജനവികാരം മുതലെടുത്ത് പഴഞ്ചൻ ആശയങ്ങൾ സമൂഹത്തിന്റെമേൽ അടിച്ചേല്പിക്കാൻ പിന്തിരിപ്പൻ ശക്തികൾ മുന്നോട്ടു വന്നിട്ടുണ്ട്. അക്കൂട്ടത്തിൽ രാഷ്ട്രീയ കക്ഷികളെ കൂടാതെ ജാതിമത നേതാക്കളുമുണ്ട്.

സ്ത്രീകൾ അടുക്കളയിൽ കഴിഞ്ഞാൽ മതിയെന്ന് ആർ.എസ്.എസ്.തലവൻ മോഹൻ ഭഗത് പറയുന്നു. ബലാത്സംഗങ്ങൾ ആധുനികവത്കരിക്കപ്പെട്ടവർ ജീവിക്കുന്ന ഇന്ത്യയുടെ പ്രശ്നമാണെന്നും ജനങ്ങൾ പരമ്പരാഗതരീതിയിൽ കഴിയുന്ന ഭാരതത്തിൽ അവ നടക്കാറില്ലെന്നും അദ്ദേഹം തട്ടിവിടുന്നു. ബസിൽ കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടി അക്രമികളെ പ്രതിരോധിക്കാതെ ‘സഹോദരാ രക്ഷിക്കണേ’ എന്ന് വിളിച്ചു കെഞ്ചണമായിരുന്നെന്ന് ഒരു സംന്ന്യാസി അഭിപ്രായപ്പെടുന്നു. സ്ത്രീപീഡന പ്രശ്നം പഠിക്കാൻ കേന്ദ്രം നിയോഗിച്ച ജസ്റ്റിസ് വർമ്മ കമ്മിഷനു നൽകിയ നിവേദനത്തിൽ ആൺ‌കുട്ടികളെയും പെൺ‌കുട്ടികളെയും ഒന്നിച്ചിരുത്തി പഠിപ്പിക്കരുതെന്ന് ജമാത്തെ ഇസ്ലാമി ആവശ്യപ്പെടുന്നു. ലൈംഗിക കുറ്റങ്ങൾക്ക് വധശിക്ഷ നൽകുക മാത്രമല്ല അത് പരസ്യമായി നടപ്പാക്കണമെന്നും കൂടി ആ സംഘടന നിർദ്ദേശിക്കുന്നു. ഈ പ്രസ്താവങ്ങൾ യുവതലമുറ നേരിടുന്ന പുതിയ വെല്ലുവിളികളുടെ സൂചനകളാണ്.

ഡൽഹി പ്രതിഷേധം സൃഷ്ടിച്ച സാഹചര്യം പ്രയോജനപ്പെടുത്തി സ്ത്രീപദവിയിൽ ഇതിനകം ഉണ്ടായിട്ടുള്ള പരിമിതമായ അഭിവൃദ്ധി ഇല്ലാതാക്കാനും ഭരണഘടന അനുശാസിക്കുന്ന ലിംഗസമത്വം നിഷേധിക്കുന്നതിനുമാണ് രണ്ട് മതവിഭാഗങ്ങളിലെയും പ്രതിലോമകാരികൾ ശ്രമിക്കുന്നത്. ഇതിനെ ചെറുത്തു തോല്പിക്കാൻ പ്രതിഷേധത്തിന്റെ മുൻ‌നിരയിലുണ്ടായിരുന്ന യുവാക്കൾക്ക് കഴിഞ്ഞില്ലെങ്കിൽ അവരുടെ സമരത്തിന്റെ ബാക്കിപത്രം വൻ‌നഷ്ടമായിരിക്കും.

No comments: