Tuesday, September 18, 2012

ഒരു നല്ല കാലഘട്ടത്തിന്റെ ഓർമ്മകൾ

ബി.ആർ.പി. ഭാസ്കർ

ജനയുഗത്തിന് എഴുതാനിരിക്കുമ്പോൾ മനസ് അറുപതിൽ‌പരം വർഷം പിന്നോട്ടുപോകുന്നു. ഞാൻ വളർന്ന കൊല്ലം പട്ടണത്തിൽ സാഹസികരായ ഏതാനും യുവാക്കൾ ഈ പത്രത്തിന് ജന്മം നൽകിയ നാളുകളിലേക്ക്. സ്ഥാപക പത്രാധിപർ എൻ.ഗോപിനാഥൻ നായരിലേക്കും സ്ഥാപക പ്രസാധകൻ ആർ.ഗോപിനാഥൻ നായരിലേക്കും. അവരെക്കുറിച്ച് ഒന്നിച്ചല്ലാതെ ചിന്തിക്കാനാകില്ല. പത്രാധിപർ വലിയ ഗോപി, പിൽക്കാലത്ത് ജനയുഗം ഗോപിയും. പ്രസാധകൻ കൊച്ചു ഗോപി. സഹപാഠിയും സുഹൃത്തുമായ എം.രാമചന്ദ്രൻ നായരുടെ മൂത്തസഹോദരി ശരദാമണിയെ വിവാഹം കഴിക്കാൻ പോകുന്ന കമ്മ്യൂണിസ്റ്റുകാരനെന്ന നിലയിലാണ് വലിയ ഗോപിയെ ഞാൻ ആദ്യം അറിയുന്നത്. അന്നേ അങ്ങനെ അദ്ദേഹം ഗോപിച്ചേട്ടനായി.  

കൽക്കത്ത തീസിസിന്റെ കാലമാണ്. കമ്മ്യൂണിസ്റ്റ് പാർട്ടി നിരോധിക്കപ്പെട്ടിരിക്കുന്നു. നേതാക്കന്മാർ ഒളിവിൽ. പരസ്യമായി പ്രവർത്തിക്കാനാകാത്ത പാർട്ടിയുടെ ആശയങ്ങൾ പ്രചരിപ്പിക്കാനാണ് മറ്റ് പത്രങ്ങളിൽ പണിയെടുത്ത് അല്പം പ്രവർത്തന പരിചയം നേടിയവരടങ്ങിയ സംഘം, എം. എൻ. ഗോവിന്ദൻ നായരുടെ പ്രോത്സാഹനത്തിൽ, ജനയുഗം രാഷ്ട്രീയ വാരികയായി പ്രസിദ്ധീകരിച്ചു തുടങ്ങിയത്.  അച്ചടിക്കാമെന്നേറ്റ രണ്ട് പ്രസുടമകൾ പിൻ‌വാങ്ങിയശേഷം എന്റെ അച്ഛൻ എ.കെ. ഭാസ്കർ വാരിക അച്ചടിച്ചു കൊടുത്തത് ജനയുഗം ഒന്നിലധികം തവണ രേഖപ്പെടുത്തിയിട്ടുണ്ട്. അച്ഛൻ ദിനപത്രം നടത്തി പരാജയപ്പെട്ടശേഷം പ്രസ് അടച്ചിട്ടിരിക്കുകയായിരുന്നു.

കോൺഗ്രസ് നേതാവ് കെ.കെ. ചെല്ലപ്പൻപിള്ള കൊല്ലത്തു നിന്ന് പ്രസിദ്ധീകരിച്ച യുവകേരളമാണ് തിരുവിതാം‌കൂറിൽ സി.പി.രാമസ്വാമി അയ്യരുടെ കാലത്ത് നിലനിന്നിരുന്ന സർക്കാർവിധേയത്വ പത്രപാരമ്പര്യം അവസാനിപ്പിച്ചത്. അതിന്റെ പത്രാധിപസമിതിയിലുണ്ടായിരുന്ന അംഗങ്ങളൊ അനുഭാവികളൊ ആയവരുടെ സഹായത്തോടെ അതിലൂടെ ചെറിയ തോതിൽ ആശയപ്രചരണം നടത്താൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് കഴിഞ്ഞിരുന്നു. ലേഖനരൂപത്തിലുള്ള ഒരു പാർട്ടിരേഖ അച്ചടിക്കാൻ അതിന്റെ ആപ്പിസിൽ കൊണ്ടുപോയി കൊടുത്തത് ഞാനാണ്. കൊല്ലത്ത് ഒളിവിൽ കഴിഞ്ഞിരുന്ന സണ്ണി സബാസ്റ്റ്യനാണ് അത് എന്നെ ഏല്പിച്ചത്. ലേഖകന്റെ പേരിന്റെ സ്ഥാനത്ത് ടി.സി.സി. എന്നാണുണ്ടായിരുന്നത്.  അത് ട്രാവൻ‌കൂർ കൊച്ചിൻ കമ്മിറ്റി എന്നത് ചുരുക്കിയതാണെന്നും അത് കാണുമ്പോൾ ലേഖനം പാർട്ടിരേഖ ആണെന്ന് ബന്ധപ്പെട്ടവർക്ക് മനസിലാകുമെന്നും അദ്ദേഹം എന്നോട് പറഞ്ഞു.

അച്ഛൻ നടത്തിയ നവഭാരതത്തിന്റെ പത്രാധിപസമിതിയിൽ കെ.എസ്.പി., ആർ.എസ്.പി. എന്നീ ഇടതുകക്ഷികളുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്ന എൻ.രാമചന്ദ്രൻ, പി.കെ.ബാലകൃഷ്ണൻ, സി.എൻ.ശ്രീകണ്ഠൻ നായർ എന്നിവർ അംഗങ്ങളായിരുന്നു. ആർ.ലക്ഷ്മണൻ, കെ. ചന്ദ്രശേഖരൻ, എ. ആർ. കുട്ടി എന്നിങ്ങനെ കമ്മ്യൂണിസ്റ്റ് പാർട്ടി ബന്ധമുള്ള യുവ റിപ്പോർട്ടർമാരുടെ നിരയുമുണ്ടായിരുന്നു. അവർ ഇടതുപക്ഷ വാർത്തകൾ പത്രത്തിൽ നൽകി. പി.കൃഷ്ണപിള്ളയുടെ മരണം ആദ്യം അച്ചടിച്ചു വന്നത് നവഭാരതത്തിലാണ് എന്നാണെന്റെ ഓർമ്മ.

വാരികയായി തുടങ്ങുമ്പോൾ ജനയുഗം വിദ്യാർത്ഥികളുടെ സേവനം പ്രയോജനപ്പെടുത്തിയിരുന്നു. ഗോപിച്ചേട്ടൻ തെരഞ്ഞെടുത്തതും രാമചന്ദ്രൻ നായരും ഞാനും മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തതുമായ വിദേശഭാഷാ ചെറുകഥകൾ ആദ്യലക്കങ്ങളിലുണ്ടായിരുന്നു. അച്ചടിച്ചു കിട്ടുന്ന ദിവസം മറ്റ് വിദ്യാർത്ഥി ഫെഡറേഷൻ പ്രവർത്തകർക്കൊപ്പം പത്രം മടക്കാനും ഞങ്ങൾ രണ്ടുപേരും കൂടിയിരുന്നു. ചില കൂട്ടുകാർ വാരിക കൊണ്ടു നടന്നു വിൽക്കുകയും ചെയതു. അത് ആവേശത്തിന്റെ കാലമായിരുന്നു   

തിരുവനന്തപുരത്ത് പഠിക്കുമ്പോൾ കോഴിക്കോട് നിന്നുള്ള ദേശാഭിമാനി കാണുമായിരുന്നു. ഒരുതരം വറട്ടു ഭാഷയാണ് അതുപയോഗിച്ചിരുന്നത്. അതുകൊണ്ട് വായിക്കാൻ ഒരു രസവും തോന്നിയിരുന്നില്ല. ആ പാരമ്പര്യം പിന്തുടരാതെ ജനയുഗത്തെ എളുപ്പം വായിക്കാവുന്ന പത്രമാക്കിയതിനെ ഗോപിച്ചേട്ടനും സുഹൃത്തുക്കളും ഇടതുപക്ഷ പത്രപ്രവർത്തനത്തിനു നൽകിയ സംഭാവനയായി ഞാൻ കാണുന്നു. വർഷങ്ങൾക്കുശേഷം, പി. ഗോവിന്ദപ്പിള്ള മുഖ്യ പത്രാധിപരായിരുന്നപ്പോഴാണ് ദേശാഭിമാനി ശൈലി മാറ്റിയത്.

ഗോപിച്ചേട്ടന് പത്രപ്രവർത്തനം രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായിരുന്നു. കോളെജ് വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം കുറച്ചു കാലം മദ്രാസിൽ ഇൻഡ്യൻ എക്സ്പ്രസിൽ പ്രവർത്തിച്ച ഗോപിച്ചേട്ടൻ ജനയുഗം വിട്ട് ഇംഗ്ലീഷ് പത്രപ്രവർത്തനത്തിൽ വീണ്ടുമെത്തിയപ്പോൾ അരുണാ ആസഫ് അലിയുടെ നേതൃത്വത്തിലും എടത്തട്ട നാരായണന്റെ പത്രാധിപത്യത്തിലും ഡൽഹിയിൽ ആരംഭിച്ച പേട്രിയട്ട് എന്ന് ഇടതുപക്ഷ ദിനപ്പത്രത്തിൽ ഞങ്ങൾ സഹപ്രവർത്തകരായി. പേട്രിയട്ട് മാനേജ്മെന്റിന്റെ യൂണിയൻവിരുദ്ധ സമീപനം ഞങ്ങളെ നിരാശപ്പെടുത്തി. നിർണ്ണായകവേളകളിൽ രാഷ്ട്രീയതാല്പര്യങ്ങൾ മുൻ‌നിർത്തി പേട്രിയട്ട് പത്രപ്രവർത്തനമൂല്യങ്ങൾ അവഗണിക്കുന്നെന്ന പരാതി എനിക്കുണ്ടായിരുന്നു. രാഷ്ട്രീയവും പത്രപ്രവർത്തനവും തമ്മിലുള്ള സംഘട്ടനസാധ്യതകളെ കുറിച്ച് ഗോപിച്ചേട്ടൻ ബോധവാനായിരുന്നു. താൻ ഡൽഹിയിൽ ജോലി തേടുന്ന സമയത്ത് ഗോപിച്ചേട്ടൻ മെയിൻസ്ട്രീം എഡിറ്ററും ഇടതുപക്ഷ ചിന്തകനുമായ നിഖിൽ ചക്രവർത്തിക്ക് ഒരു കത്ത് നൽകിയ കാര്യം പി.പി. ബാലചന്ദ്രൻ എന്ന മുതിർന്ന പത്രപ്രവർത്തകൻ എഴുതിയിട്ടുണ്ട്. കത്തിൽ എഴുതിയിരുന്നത് ഇങ്ങനെ: “ഇയാൾ നല്ല കമ്മ്യൂണിസ്റ്റുകാരനാകുമൊ എന്നെനിക്കറിയില്ല. എന്നാൽ നല്ല പത്രപ്രവർത്തകനാകും.”

എസ്.എൻ.കോളെജിൽ നിന്ന് യൂണിയൻ ചെയർമാൻ ഒ. മാധവൻ ഉൾപ്പെടെ അഞ്ചു പേരെ പുറത്താക്കിയ ദിവസം അതിന്റെ പേരിൽ എന്തെങ്കിലും പ്രശ്നമുണ്ടായാൽ പുറത്താക്കാനുദ്ദേശിക്കുന്ന വിദ്യാർത്ഥികളുടെ പേരടങ്ങുന്ന ലിസ്റ്റും പ്രിൻസിപ്പൽ നോട്ടിസ് ബോർഡിലിട്ടിരുന്നു. അതിൽ ആദ്യ പേരു എന്റേതായിരുന്നു. പഠിപ്പുമുടക്കുണ്ടായി. ഓരോ ദിവസവും രണ്ടു പേർ വീതം അറസ്റ്റുവരിച്ചു. കസ്റ്റഡിയിലെടുത്തവരെ പൊലീസ് മൃഗീയമായി മർദ്ദിച്ചു. ഒരു ദിവസം ഞങ്ങൾ പ്രിൻസിപ്പലിന്റെ ആപ്പീസിലേക്ക് മാർച്ച് ചെയ്തു.  അദ്ദേഹം പൊലീസിനെ കാമ്പസിനുള്ളിൽ വിളിച്ചുവരുത്തി. കയ്യിൽ കിട്ടിയ കുറേപ്പേരെ പൊലീസുകാർ തൂക്കിയെടുത്തു ഇടിവണ്ടിയിലിട്ടു കൊണ്ടുപോയി ലോക്കപ്പിലാക്കി.. അക്കൂട്ടത്തിൽ ഞാനുമുണ്ടായിരുന്നു.

തിരുവനന്തപുരത്തായിരുന്ന അച്ഛൻ വിളിച്ചുപറഞ്ഞതനുസരിച്ച് എന്നെ ജാമ്യത്തിലിറക്കാൻ രാത്രി ചിറ്റപ്പൻ പൊലീസ് സ്റ്റേഷനിലെത്തി. ഒപ്പം പിടിക്കപ്പെട്ടവർ അവിടെ കിടക്കുമ്പോൾ ഞാൻ ജാമ്യമെടുത്തു വെളിയിൽ പോകുന്നതു ശരിയല്ലെന്ന് എനിക്ക് തോന്നി.. ഗോപിച്ചേട്ടൻ അന്നവിടെ തടവുകാരനാണ്. പൊലീസുദ്യാഗസ്ഥൻ ജാമ്യത്തിനുള്ള കടലാസുകൾ തയ്യാറാക്കുന്നതിനിടയിൽ ഞാൻ എതിർവശത്തെ ലോക്കപ്പിലായിരുന്ന ഗോപിച്ചേട്ടനെ കണ്ട് ഉപദേശം തേടി. “സംഘടന നിർദ്ദേശിച്ചതനുസരിച്ച് അറസ്റ്റ് വരിക്കുകയായിരുന്നില്ലല്ലൊ. അതുകൊണ്ട് ജാമ്യത്തിൽ പോകുന്നതിൽ തെറ്റില്ല” എന്ന് ഗോപിച്ചേട്ടൻ പറഞ്ഞു.

കേരളത്തിൽ ഒരു ഇടതുപക്ഷപരിസരം രൂപപ്പെട്ടത് അക്കാലത്താണ്. ലോകമഹായുദ്ധകാലത്ത് തുടങ്ങിയ ഉയർന്ന തോതിലുള്ള ജനസംഖ്യാ വർദ്ധനവിന്റെ ഫലമായി യുവജനങ്ങളുടെ എണ്ണം അതിവേഗം കൂടുകയായിരുന്നു. അവർക്കിടയിൽ ഇടതുപക്ഷ ആശയങ്ങൾക്ക് സ്വീകാര്യതയുണ്ടായി. ഇടതു നേതൃത്വത്തിന്റെ ഉദ്ദേശ്യശുദ്ധിയും ആദർശധീരതയും പാർട്ടിക്ക് പുറത്തും അംഗീകാരം നേടിയിരുന്നു. അതുകൊണ്ടാണ് അക്രമ സമരങ്ങൾപരാജയപ്പെട്ടിട്ടും പാർട്ടി തളരുന്നതിനു പകരം വളർന്നത്.

ആ കാലഘട്ടത്തിന്റെ നന്മകളുടെ കൂട്ടത്തിലാണ് ജനയുഗത്തിന്റെയും അതിന്റെ സ്ഥാപകരുടെയും സ്ഥാനം. കാലം മാറി. സാഹചര്യങ്ങൾ മാറി. പുതിയ കാലഘട്ടം പുതിയ സമീപനങ്ങൾ ആവശ്യപ്പെടുന്നു. പുതിയ കാലത്തും പ്രസക്തിയുള്ള നന്മകൾ തിരിച്ചറിഞ്ഞ് അവ നിലനിർത്താനുള്ള ചുമതല നമുക്കുണ്ട്. കൈമോശം വന്ന നന്മകൾ വീണ്ടെടുക്കുകയും വേണം. 
(ജനയുഗം, സെപ്തംബർ 5, 2012)

2 comments:

വെള്ളരി പ്രാവ് said...

Good...:)

ഞാന്‍ പുണ്യവാളന്‍ said...

ആഹാ എത്ര വല്യ കാര്യങ്ങള്‍ പിന്നില്‍ ഉണ്ടായിരുന്നോ