Thursday, May 10, 2012

കാലുമാറ്റത്തിനും കൊലക്കുമിടയില്‍

ബി.ആര്‍.പി. ഭാസ്കര്‍
മാധ്യമം

പ്രധാനമന്ത്രിയായിരിക്കെ ജവഹര്‍ലാല്‍ നെഹ്റു കോണ്‍ഗ്രസിന്റെ മുഖ്യതെരഞ്ഞെടുപ്പു പ്രചാരകന്‍ കൂടിയായിരുന്നു. എന്നാല്‍, പൊതുതെരഞ്ഞെടുപ്പില്‍ മാത്രമേ അദ്ദേഹം പ്രചാരണത്തിന് ഇറങ്ങിയിരുന്നുള്ളൂ. ഉപതെരഞ്ഞെടുപ്പുകളില്‍നിന്ന് അദ്ദേഹം പൂര്‍ണമായും വിട്ടുനിന്നു. കേന്ദ്രത്തിലും കേരളത്തിലും നേരിയ ഭൂരിപക്ഷം മാത്രമുള്ള ഭരണമുന്നണികളെ നയിക്കുന്ന കോണ്‍ഗ്രസിന് ഇന്ന് ഓരോ ഉപതെരഞ്ഞെടുപ്പും ജീവന്മരണ പോരാട്ടമാണ്. അങ്ങ് വടക്ക് നടന്ന ഒരു നിഷ്ഠുര രാഷ്ട്രീയ കൊലപാതകം രണ്ട് കാലുമാറ്റക്കാര്‍ തമ്മില്‍ നെയ്യാറ്റിന്‍കരയില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പ് മത്സരത്തിന് പതിവിലധികം പ്രാമുഖ്യം നേടിക്കൊടുത്തിരിക്കുന്നു.

ഒരു കൊല്ലം മുമ്പ് സി.പി.എം ടിക്കറ്റില്‍ മത്സരിച്ചു ജയിച്ച ആര്‍. ശെല്‍വരാജ് പാര്‍ട്ടിയില്‍നിന്നും നിയമസഭയില്‍നിന്നും രാജിവെച്ചതാണ് ഉപതെരഞ്ഞെടുപ്പിന് കാരണമായത്. കോണ്‍ഗ്രസില്‍ ചേര്‍ന്ന അദ്ദേഹം യു.ഡി.എഫ് സ്ഥാനാര്‍ഥിയായി വോട്ടര്‍മാരുടെ മുന്നിലെത്തിയിരിക്കുന്നു. ഈ സാഹചര്യം മത്സരത്തിന് കൂടുതല്‍ വീറുംവാശിയും പകരുന്നു. മറ്റൊരു കക്ഷി വിട്ട് ഈയിടെ മാത്രം പാര്‍ട്ടിയിലെത്തിയ ലോറന്‍സിനെ സ്ഥാനാര്‍ഥിയാക്കിയതു വഴി ശെല്‍വരാജിന്റെ കൂറുമാറ്റത്തെ ഒരു ധാര്‍മികപ്രശ്നമായി ഉയര്‍ത്തിക്കാട്ടാനുള്ള അവസരം സി.പി.എം നഷ്ടപ്പെടുത്തിയിരിക്കുന്നു. ആരു ജയിച്ചാലും കാലുമാറ്റത്തിന്റെ വിജയമാകുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്.

നിലവിലുള്ള ഇരുമുന്നണി സംവിധാനം രൂപപ്പെട്ടശേഷം പിളര്‍പ്പിനെ തുടര്‍ന്നോ അല്ലാതെയോ ചെറിയ കക്ഷികള്‍ അങ്ങോട്ടുമിങ്ങോട്ടും ഒഴുകിയിട്ടുണ്ട്. എന്നാല്‍, വ്യക്തികള്‍ ഒരു ദിശയില്‍ മാത്രമാണ് ഒഴുകിയിരുന്നത്. – യു.ഡി.എഫില്‍നിന്ന് എല്‍.ഡി.എഫിലേക്ക്. ടി.കെ. ഹംസയും ലോനപ്പന്‍ നമ്പാടനും മുതല്‍ ചെറിയാന്‍ ഫിലിപ്പും കെ.ടി.ജലീലും വരെ നീളുന്നു അങ്ങനെ ഒഴുകിയവരുടെ പട്ടിക. അടുത്തകാലത്ത് ഒഴുക്കിന്റെ ദിശ മാറി. എ.പി. അബ്ദുല്ലക്കുട്ടി, കെ.എസ്. മനോജ്, എസ്. ശിവരാമന്‍, സിന്ധു ജോയ്, മഞ്ഞളാംകുഴി അലി എന്നിവരുടെ പിന്നാലെ ശെല്‍വരാജും എത്തിയതോടെ ഒരു ചെറിയ കാലയളവില്‍ ആ പട്ടികയും നീണ്ടു. വിശ്വാസപ്രമാണമോ നയപരിപാടികളോ ആരുടേയും കാര്യത്തില്‍ നിര്‍ണായകമായിരുന്നില്ല. ഇത് മുഖ്യധാരാ രാഷ്ട്രീയത്തില്‍ അരാഷ്ട്രീയത പടരുന്നതിന് തെളിവാണ്. അധികാര രാഷ്ട്രീയം അപ്പക്കഷണ രാഷ്ട്രീയമായി മാറിയിരിക്കുന്നു.

കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളില്‍ വലിയ മാറ്റങ്ങളുണ്ടാക്കിയ സംഭവങ്ങള്‍ക്ക് സാക്ഷ്യംവഹിച്ച പ്രദേശമാണ് നെയ്യാറ്റിന്‍കര. നവോത്ഥാനത്തിന്റെ ആദ്യ ചലനങ്ങളുണ്ടായത് ഇവിടത്തെ പ്രബല നാടാര്‍ സമുദായത്തിലാണ്. ശ്രീനാരായണഗുരു ശിവപ്രതിഷ്ഠ നടത്തി ജാതിവ്യവസ്ഥയെ വെല്ലുവിളിച്ചത് ഇവിടെയുള്ള അരുവിപ്പുറത്താണ്. സാമൂഹികമാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്നതില്‍ പിന്നിലായിരുന്നെങ്കിലും രാഷ്ട്രീയതലത്തില്‍ കാലത്തിനു മുമ്പേ സഞ്ചരിച്ച സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ള, വൈക്കം സത്യഗ്രഹി സി. കുട്ടന്‍ നായര്‍, ഗാന്ധി ആശ്രമവാസികളാകാന്‍ വടക്കോട്ട് വണ്ടികയറിയ സി. കൃഷ്ണന്‍ നായര്‍, ജി. രാമചന്ദ്രന്‍ എന്നിവരുടെ നാടാണിത്. സ്വാതന്ത്രൃസമരത്തിലെ ആദ്യ മലയാളി രക്തസാക്ഷി രാഘവന്‍ വെടിയേറ്റുവീണത് ഈ മണ്ണിലാണ്. എന്നാല്‍, നെയ്യാറ്റിന്‍കരയുടെ ഈ മഹത്തായ പാരമ്പര്യത്തിന് ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും പിണറായി വിജയന്റെയും കോടിയേരി ബാലകൃഷ്ണന്റെയും കേരളത്തില്‍ എന്ത് പ്രസക്തിയാണുള്ളത്? തെരഞ്ഞെടുപ്പ് രംഗം സജീവമാക്കാന്‍ അവിടെയെത്തിയ ചെന്നിത്തലയോ കോടിയേരിയോ ശ്രീനാരായണന്‍ 'ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്' എന്നെഴുതി സ്ഥാപിച്ച പലക ഇപ്പോഴും കാണാവുന്ന അരുവിപ്പുറത്തേക്ക് പോയില്ല. ജീവിതകാലത്ത് ശ്രീനാരായണന്‍ പരസ്യമായി ഉപേക്ഷിച്ച എസ്.എന്‍.ഡി.പി യോഗത്തിന്റെ ശാഖയും എന്‍.എസ്.എസിന്റെ കരയോഗവുമാണ് ചെന്നിത്തല സന്ദര്‍ശിച്ചത്. രണ്ട് നേതാക്കളും സ്ഥലത്തെ {്രെെസ്തവ സഭാധ്യക്ഷന്മാരെ മുഖം കാണിച്ചു. ഇന്നത്തെ ഇടതുവലതു രാഷ്ട്രീയത്തിന്റെ സമാനസ്വഭാവം ഇതില്‍നിന്ന് വായിച്ചെടുക്കാം.

ഒരു മുന്നണിക്കും കുത്തക അവകാശപ്പെടാനാവാത്ത മണ്ഡലമാണ് നെയ്യാറ്റിന്‍കര. ജാതിയും മതവും വ്യക്തിതലങ്ങളില്‍ ഒതുക്കി നിര്‍ത്തുന്ന പാരമ്പര്യമാണ് ഇവിടത്തെ നാടാര്‍ സമുദായത്തിന്റേത്. ഹിന്ദുനാടാരും ക്രൈസ്തവനാടാരും തമ്മില്‍ വിവാഹബന്ധത്തിലേര്‍പ്പെടുന്നതും രണ്ടു മതങ്ങളില്‍ പെട്ടവരും ഒരു കുടുംബ്ധിലെ അംഗങ്ങളെന്ന നിലയില്‍ ഒരു കൂരക്കു കീഴില്‍ കഴിയുന്നതും ഇവിടെ കാണാനാകും. ഈ മതസൗഹാര്‍ദ പാരമ്പര്യത്തിന് മുന്നണികളുടെ മത്സരിച്ചുള്ള വര്‍ഗീയ പ്രീണനത്തെ അതിജീവിക്കാനാകുമോ? ഇരുമുന്നണികളുടെയും സ്ഥാനാര്‍ഥികള്‍ ഒരു വിഭാഗത്തില്‍പെട്ടവരാണെന്നത് വര്‍ഗീയ ധ്രുവീകരണ സാധ്യത കുറക്കുന്നുണ്ട്. അതേസമയം, മുസ്ലിംലീഗിന്റെ അഞ്ചാം മന്ത്രിവിവാദത്തിന്റെ പശ്ചാത്തലത്തില്‍ പലതവണ പൊളിഞ്ഞുവീണ നായരീഴവസഖ്യം ഹിന്ദു ഏകീകരണമെന്ന വ്യാജേന വീണ്ടും പരീക്ഷിക്കാന്‍ എന്‍.എസ്. എസ്, എസ്.എന്‍.ഡി.പി നേതാക്കള്‍ ആഗ്രഹിക്കുന്നുണ്ട്. അവരില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് ബി.ജെ.പി മണ്ഡലത്തിനു പുറത്തുനിന്ന് പാര്‍ട്ടി അനുഭാവികളല്ലാത്തവര്‍ക്കിടയിലും സ്വീകാര്യതയുള്ള ഒ. രാജഗോപാലനെ സ്ഥാനാര്‍ഥിയാക്കിയിട്ടുള്ളത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കേരളത്തിലെ വോട്ടര്‍മാരെ സംബന്ധിച്ചുള്ള സാമാന്യ ധാരണ പുനഃപരിശോധന ആവശ്യപ്പെടുന്ന ഒന്നായിരുന്നു. ഒരു മുന്നണിക്കും സ്ഥിരമായി അടിമപ്പെടാതെ ഒരു വിഭാഗം വോട്ടര്‍മാര്‍ മാറിമാറി വോട്ട് ചെയ്യുന്നതുകൊണ്ട് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകാലത്ത് ഓരോ തെരഞ്ഞെടുപ്പിലും ഇവിടെ ഭരണമാറ്റമുണ്ടായിട്ടുണ്ട്. ലോക്സഭയിലേക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുമുള്ള തെരഞ്ഞെടുപ്പുകളില്‍ എല്‍.ഡി.എഫ് വന്‍പ്രഹരം ഏറ്റുവാങ്ങിയതിനാല്‍ വലിയ ഭൂരിപക്ഷത്തോടെ തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്ന യു.ഡി.എഫ് എല്ലാ ജാതിമത സംഘടനകളുടെയും പിന്തുണ ഉണ്ടായിരുന്നിട്ടും കഷ്ടിച്ച് കരകയറുകയായിരുന്നു. മുഖ്യമന്ത്രിയും പാര്‍ട്ടി നേതൃത്വവും തമ്മില്‍ തുടര്‍ച്ചയായി ഇടഞ്ഞുനിന്നതുകൊണ്ട് ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ കഴിയാതിരുന്നിട്ടും എല്‍.ഡി.എഫിന് ഉജ്ജ്വലപ്രകടനം കാഴ്ചവെക്കാന്‍ കഴിഞ്ഞത് വി.എസ്. അച്യുതാനന്ദന്റെ വ്യക്തിപ്രഭാവമൊന്നുകൊണ്ട് മാത്രമായിരുന്നു. നമ്മുടെ വോട്ടര്‍മാരുടെ മനസ്സ് എത്ര എളുപ്പത്തിലാണ് അദ്ദേഹത്തിന് മാറ്റാനായത്?

ആ അനുഭവത്തില്‍നിന്ന് നിഷ്പക്ഷമതികള്‍ക്ക് വായിച്ചെടുക്കാവുന്ന പാഠം തെരഞ്ഞെടുപ്പില്‍ ജാതിമത സംഘടനകളുടെ നിലപാട് നിര്‍ണായകമല്ലെന്നാണ്. പക്ഷേ, സി.പി.എം. ഉള്‍ക്കൊണ്ടത് മറ്റൊരു പാഠമാണ്. നാലു മണ്ഡലങ്ങളില്‍ യു.ഡി.എഫ് ജയിച്ചത് നേരിയ ഭൂരിപക്ഷത്തിനാണ്. ഏതെങ്കിലും ജാതിമതവിഭാഗത്തെ പ്രീണിപ്പിച്ച് ആ നാലിടത്തും 1,500 വോട്ടുകള്‍ വീതം നേടാനായിരുന്നെങ്കില്‍ യു.ഡി.എഫ് 72, എല്‍.ഡി.എഫ് 68 എന്നത് എല്‍.ഡി.എഫ് 72, യു.ഡി.എഫ് 68 എന്നാക്കി അധികാരം നിലനിര്‍ത്താനാകുമായിരുന്നെന്നാണ് സി.പി.എം നേതൃത്വം കണ്ടെത്തിയത്. അതിന്റെ അടിസ്ഥാനത്തില്‍ മുന്നണി വിട്ടുപോയവര്‍ക്ക് തിരിച്ചു വരാനായി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി വാതില്‍ തുറന്നിട്ടിരിക്കുന്നു. എതിര്‍ മുന്നണിയില്‍നിന്ന് ആരെയെങ്കിലും അടര്‍ത്തിയെടുത്ത് അധികാരത്തില്‍ തിരിച്ചെത്താന്‍ ഉദ്ദേശ്യമില്ലെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. എന്നാല്‍, എല്‍.ഡി.എഫ് അടുത്തുതന്നെ വീണ്ടും അധികാരത്തിലേറുമെന്ന് കോടിയേരി കഴിഞ്ഞദിവസം പറയുകയുണ്ടായി. ഇത് വി.എസ് തിരിച്ചുവരുമെന്ന പ്രതീക്ഷ നല്‍കി അദ്ദേഹത്തിന്റെ ആരാധകരെ ഉത്തേജിപ്പിക്കാനുള്ള ശ്രമമാണ്.

രണ്ടു മുന്നണികളും വ്യക്തമായ ഒരു രാഷ്ട്രീയ കാഴ്ചപ്പാടും വോട്ടര്‍മാരുടെ മുന്നില്‍ അവതരിപ്പിച്ചിട്ടില്ല. അവക്കിടയിലുണ്ടായിരുന്ന വേര്‍തിരിവുകള്‍ ലോപിച്ച് ഇല്ലാതായ സാഹചര്യത്തില്‍ ഈ മുന്നണികള്‍ നിലനില്‍ക്കുന്നിടത്തോളം തെരഞ്ഞെടുപ്പ് മത്സരങ്ങള്‍ ഇനി ഇത്തരത്തിലുള്ളവയായേ മതിയാകൂ. വിഷയ ദാരിദ്യ്രം അനുഭവിച്ചിരുന്ന മുന്നണികള്‍ വിമത മാര്‍ക്സിസ്റ്റ് നേതാവ് ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകം ചര്‍ച്ച ചെയ്യാന്‍ നിര്‍ബന്ധിതരായിരിക്കുന്നു. എന്നാല്‍, തെരഞ്ഞെടുപ്പ് വിഷയമെന്ന നിലയില്‍ അത് ആര്‍ക്ക് എന്ത് ഗുണംചെയ്യുമെന്ന് പറയാനെളുപ്പമല്ല. ചന്ദ്രശേഖരനെ ആക്രമിച്ചത് വാടക കൊലയാളികളാണെന്ന കാര്യത്തില്‍ എല്ലാവരും യോജിക്കുന്നു. കൊലയാളികളെ ഏര്‍പ്പെടുത്തിയത് ആരാണെന്ന കാര്യത്തിലാണ് അന്വേഷണത്തിലൂടെ പൊലീസ് തീര്‍പ്പു കല്‍പിക്കേണ്ടത്. പൊലീസില്‍ ഇരുമുന്നണികള്‍ക്കും വത്സലപുത്രന്മാരുണ്ടെന്നത് രഹസ്യമല്ല. ഈ സാഹചര്യത്തില്‍ സത്യസന്ധവും നീതിപൂര്‍വകവുമായ അന്വേഷണത്തിലൂടെ കുറ്റകൃത്യം ചെയ്തവരെയും അവരെ നിയോഗിച്ചവരെയും വെളിച്ചത്തു കൊണ്ടുവരാന്‍ പൊലീസിനു കഴിയുമോയെന്ന് സംശയിക്കുന്നവരേറെയാണ്.

ചന്ദ്രശേഖരന്റെ പ്രവര്‍ത്തനം സി.പി.എം നേതൃത്വത്തെ അസ്വസ്ഥമാക്കിയിരുന്നതും എതിരാളികളെ വകവരുത്തുന്ന പാരമ്പര്യം ആ പാര്‍ട്ടിക്ക് ഉണ്ടെന്നതും എല്‍.ഡി.എഫിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നു. ആ നിലക്ക് ഈ സംഭവത്തെ ഉപയോഗിക്കാനുള്ള ശ്രമം യു.ഡി.എഫ് ഉടന്‍തന്നെ ആരംഭിക്കുകയും ചെയ്തു. സി.പി.എമ്മിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശത്രുപക്ഷം നടത്തിയ ഗൂഢാലോചനയാണ് ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ കലാശിച്ചതെന്ന് പാര്‍ട്ടി നേതൃത്വം ആരോപിക്കുന്നു. സി.പി.എം ചന്ദ്രശേഖരനെ കൊല്ലാന്‍ തീരുമാനിച്ചാല്‍തന്നെയും തെരഞ്ഞെടുപ്പ് കാലത്ത് അത് ചെയ്യുമോ എന്ന ന്യായമെന്ന് തോന്നിപ്പിക്കുന്ന വാദവും പാര്‍ട്ടി മുന്നോട്ടുവെക്കുന്നുണ്ട്. ഇതൊരു ദുര്‍ബല വാദമാണ്. തെരഞ്ഞെടുപ്പില്‍ ദോഷംചെയ്യുമെന്നതുകൊണ്ട് സി.പി.എം ഈ സമയത്ത് ഇത്തരത്തിലുള്ള അക്രമത്തിന് മുതിരില്ലെന്ന് ജനങ്ങള്‍ വിശ്വസിക്കുമെന്നുറപ്പുണ്ടെങ്കില്‍ കുറ്റം ചെയ്യാന്‍ ഇതിനേക്കാള്‍ നല്ലസമയം വേറെയുണ്ടോ?

സി.പി.എം അനുകൂലികള്‍ അവരുടെ പാര്‍ട്ടി പറയുന്നതും കോണ്‍ഗ്രസ് അനുകൂലികള്‍ അവരുടെ പാര്‍ട്ടി പറയുന്നതും വേദവാക്യമായി സ്വീകരിക്കുമെന്ന് കരുതാവുന്നതാണ്. മറ്റുള്ളവര്‍ അവരുടെ വാദങ്ങളെ എങ്ങനെ കാണുന്നുവെന്നാണ് അറിയേണ്ടത്. കാലുമാറ്റങ്ങളും കൊലപാതകവും രാഷ്ട്രീയം ദുഷിച്ചതിന്റെ പ്രത്യക്ഷ തെളിവുകളാണ്. ഈ അവസ്ഥയില്‍ മാറ്റംവരുത്താന്‍ കഴിവുള്ള രാഷ്ട്രീയ നേതൃത്വത്തിന്റെ അഭാവം തെരഞ്ഞെടുപ്പ് കഴിഞ്ഞും തുടരുമെന്നതാണ് കേരളത്തിന്റെ ദുര്യോഗം.

2 comments:

Manoj മനോജ് said...

തെരഞ്ഞെടുപ്പിൽ മറ്റേ പാർട്ടിക്ക് ദോഷം വരുമെന്ന് അറിഞ്ഞ് മറ്റ് പാർട്ടികളിലെ ആരെങ്കിലും ചെയ്യുവാനുമുള്ള സാധ്യത തള്ളികളയുവാനാകുമോ? കേരളത്തിൽ അരങ്ങേറിയിട്ടുള്ള രാഷ്ട്രീയ കൊലപാതങ്ങൾക്ക് കാരണക്കാർ ഒരു പ്രത്യേക പാർട്ടിയിലുള്ളവർ മാത്രമല്ലല്ലോ!!

ജനങ്ങൾക്ക് വേണ്ടി എന്ത് ചെയ്യുമെന്ന് പറഞ്ഞ് വോട്ട് ചോദിക്കുന്നതിനുപകരം തുമ്മിയതും കരഞ്ഞതും മാത്രം പ്രചരണം നടത്തുന്ന ദയനീയ കാഴ്ചയുടെ തുടർച്ച.... ഇല്ലാത്ത മതസ്വാധീനം എന്ന ഒന്ന് ഉണ്ടെന്ന് വരുത്തുവാൻ രാഷ്ട്രീയ പാർട്ടികൾ തന്നെ മുന്നിട്ടിറങ്ങുന്ന ദയനീയ കാഴ്ച!!!

ജനശക്തി said...

"തെരഞ്ഞെടുപ്പില്‍ ദോഷംചെയ്യുമെന്നതുകൊണ്ട് സി.പി.എം ഈ സമയത്ത് ഇത്തരത്തിലുള്ള അക്രമത്തിന് മുതിരില്ലെന്ന് ജനങ്ങള്‍ വിശ്വസിക്കുമെന്നുറപ്പുണ്ടെങ്കില്‍ കുറ്റം ചെയ്യാന്‍ ഇതിനേക്കാള്‍ നല്ലസമയം വേറെയുണ്ടോ?"- എന്ന് ഞ്യായീകരിക്കാന്‍ ബീയാര്‍പ്പിയും കൂട്ടരും ഇറങ്ങും എന്നുറപ്പുള്ളപ്പോള്‍ യു.ഡി.എഫിനു കുറ്റം ചെയ്യാന്‍ ഇതിനേക്കാള്‍ നല്ല സമയം ഉണ്ടോ? എന്ന് തിരിച്ച് ചോദിച്ചാല്‍ അങ്ങയുടെ വാദവും ദുര്‍ബലമായിപ്പോകും ഇല്ലേ സാറേ?