Sunday, April 24, 2011

വേദപാരമ്പര്യവും വ്യാജനിർമ്മിതിയും

ബി.ആർ.പി. ഭാസ്കർ

വേദസംസ്കാരത്തിന്റെ പിന്തുടർച്ചക്കാരായ കുടുംബത്തിന്റെ വക്താവായി മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്ന രാഹുൽ ഈശ്വറിനും ആ സംസ്കാരം കേരളത്തിനു പ്രദാനം ചെയ്ത എന്തെങ്കിലും നന്മ എടുത്തു പറയാൻ കഴിയാത്ത സ്ഥിതിക്ക് അത് പറയത്തക്ക ഒരു നന്മയും സമ്മാനിച്ചില്ലെന്ന നിഗമനത്തിലെത്തേണ്ടിയിരിക്കുന്നു. ഇപ്പോഴും അവശേഷിക്കുന്ന ജാതിവ്യവസ്ഥ അത് സമ്മാനിച്ച തിന്മകളിലൊന്നാണ്. താൻ ജാതിവ്യവസ്ഥക്ക് എതിരാണെന്ന ധാരണ പരത്താൻ രാഹുൽ ശ്രമിയ്ക്കുന്നുണ്ട്. കെ.പി. നിർമ്മൽ കുമാർ ചൂണ്ടിക്കാട്ടുന്ന, രാഹുലിന്റെ വെബ്‌സൈറ്റിലെ ‘നമ്പൂതിരി ബ്രാഹ്മണ കുടുംബത്തിൽ ജനിച്ചെ‘ന്ന പരാമർശം അത് എത്രമാത്രം വിശ്വസനീയമാണെന്ന് സൂചിപ്പിക്കുന്നുണ്ട്. ആ പരാമർശം എടുത്തുകളയണമെന്ന നിർമ്മൽ കുമാറിന്റെ ഉപദേശം ക്രൂരമാണ്. കാരണം രാഹുൽ ഈശ്വറിന്റെ അസ്തിത്വവും പൊതുജീവിതവും നിലനിൽക്കുന്നത് അതിന്റെ അടിസ്ഥാനത്തിലാണ്.

എടുത്തുപറയാവുന്ന ഒരു നന്മയും സമ്മാനിക്കാഞ്ഞ, ഇപ്പോഴും തെളിഞ്ഞു കാണാവുന്ന ഒരു വലിയ തിന്മ അവശേഷിപ്പിച്ച സംസ്കാരം പുനരുദ്ധരിക്കാൻ ചിലർ ശ്രമിക്കുമ്പോൾ അവരുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ പരിശോധനക്ക് വിധേയമാക്കേണ്ടതുണ്ട്. ലോക നന്മക്കു വേണ്ടിയാണ് യജ്ഞം നടത്തുന്നതെന്ന വാദം പൊള്ളയാണ്. വേദസമൂഹം യാഗങ്ങളിലൂടെ ഇന്ദ്രനെ പ്രീതിപ്പെടുത്തിയത് ലോകത്ത് ശാന്തി പുലരാനായിരുന്നില്ല, സ്വന്തം അഭിവൃദ്ധിക്കുവേണ്ടിയായിരുന്നു. പണിയർ തുടങ്ങിയ മറ്റ് ജനവിഭാഗങ്ങളുടെ പട്ടണങ്ങളെ നശിപ്പിക്കുക, അവരുടെ കാലികളെ തങ്ങൾക്ക് തരിക തുടങ്ങിയ ആവശ്യങ്ങളാണ് അവർ ദൈവങ്ങളുടെ മുന്നിൽ വെച്ചത്. വൈദിക സമൂഹത്തിന്റെ പ്രസക്ത കാലത്തെ അവസ്ഥ പരിഗണിക്കുമ്പോൾ -- അവർ സിന്ധുനദീ സംസ്കാരം കെട്ടിപ്പടുത്തവർക്കിടയിൽ വന്നുപെട്ട അത്ര തന്നെ വളർച്ച പ്രാപിച്ചിട്ടില്ലാത്ത ഒരു ജനവിഭാഗമായിരുന്നു – ആ പ്രാർത്ഥന മനസിലാക്കാവുന്നതേയുള്ളു. ആ പുരാതന സമൂഹത്തിന്റെ ലളിതമായ പ്രാർത്ഥനകൾക്ക് പണ്ഡിതന്മാർ നൽകുന്ന ഗഹനമായ അർത്ഥം, പിൽക്കാലത്ത് വികസിച്ച ആശയങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് 14ആം നൂറ്റാണ്ടിൽ -- അതായത് 700 കൊല്ലം മുമ്പ് മാത്രം – ജീവിച്ചിരുന്ന സായണൻ നൽകിയ വ്യാഖ്യാനത്തിന്റെ അടിസ്ഥാനത്തിലാണ്. (വേദം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ ഒ.എം.സി.നമ്പൂതിരിപ്പാട് താൻ സായണനെ ആശ്രയിക്കുന്നെന്ന് വ്യക്തമാക്കിയിട്ടുണ്ട്).

ഇല്ലാത്ത തിരുവിതാംകൂർ രാജ്യത്തെ ഇല്ലാത്ത രാജാവിനെ മുൻപിൽ നിർത്തിക്കൊണ്ട് പ്രാതിനിധ്യ സ്വഭാവമില്ലാത്ത ഒരു വ്യാജ ഹിന്ദു പാർലമെന്റ് ഉണ്ടാക്കാൻ ശ്രമിക്കുന്ന ഒരു സംഘത്തിന്റെ നേതാവാണ് രാഹുൽ ഈശ്വർ. വൈദിക പാരമ്പര്യത്തിന്റെ തണലിൽ ശബരിമല അമ്പലത്തിൽനിന്നു മാത്രം പ്രതിവർഷം രണ്ട് കോടിയിലധികം രൂപയുടെ വരുമാനം രാഹുൽ വക്താവായ താഴമൺ കുടുംബത്തിനുണ്ടെന്ന് പറയപ്പെടുന്നു. ഫ്യൂഡൽ കാലത്ത് മതത്തിന്റെ തണലിൽ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇത്തരം കുടുംബങ്ങൾ വളരുകയുണ്ടായി. അവയിൽ ചിലത് പുറത്താക്കപ്പെട്ടു. ചിലത് ഇപ്പോഴും നിലനിൽക്കുന്നു. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യം മഹാത്മാ ഗാന്ധിയുടെ ആശീർവാദത്തോടെ പഞ്ചാബിലെ അകാലി പ്രസ്ഥാനം നടത്തിയ ഐതിഹാസികമായ അക്രമരഹിത സമരം സിക്കുകാരുടെ ഗുരുദ്വാരകളിൽ നിന്നുള്ള വമ്പിച്ച വരുമാനം കൊണ്ട് സുഖലോലുപന്മാരായി കഴിഞ്ഞിരുന്ന പുരോഹിത വർഗ്ഗത്തെ പുറത്താക്കി. സ്വന്തം നാട്ടിൽ മാത്രമല്ല, ദൂരെ, ബോംബേ നഗരത്തിലും, വെപ്പാട്ടികളുണ്ടായിരുന്ന രാജസ്ഥാനിലെ നാഥ്ദ്വാര ക്ഷേത്രത്തിലെ മഹന്തിനും കഴിഞ്ഞ നൂറ്റാണ്ടിൽ ഭക്തജനങ്ങൾ കടിഞ്ഞാണിട്ടു. താഴമൺ കുടുംബത്തിലെ ഒരംഗത്തെ കുറിച്ച് കുറച്ചു കാലം മുമ്പ് പുറത്തു വന്ന വിവരം അനഭിലഷണീയമായ പ്രവണതകൾ ഇവിടെയും നിലനിൽക്കുന്നെന്ന സൂചന നൽകുന്നു. അതിനെതിരെ ഒരു പ്രസ്ഥാനം ഉണ്ടാകാത്തത് 200 കൊല്ലം മുമ്പു വരെ അടിമത്വം നിലനിന്ന കേരളത്തിൽ ഒരു വലിയ വിഭാഗം ജനങ്ങളിൽ ഇപ്പോഴും അടിമത്വ മനോഭാവം നിലനിൽക്കുന്നതുകൊണ്ടാണ്. അറബികളും യൂറോപ്യന്മാരും കേരളത്തിൽ നിന്ന് അടിമകളെ വാങ്ങിയിരുന്നു. മലബാറിൽ 1792ൽ ബ്രിട്ടീഷ് ഭരണകൂടം അടിമ കച്ചവടം നിർത്തലാക്കി. അടിമത്വം അവസാനിപ്പിച്ചുകൊണ്ട് തിരുവിതാംകൂർ രാജാവ് 1812ൽ പുറപ്പെടുവിച്ച വിളംബരത്തിന്റെ പരിധിയിൽ പുലയർ, പറയർ, കുറവർ, വേടർ തുടങ്ങി പല വിഭാഗങ്ങളും ഉൾപ്പെട്ടിരുന്നില്ല. കൊച്ചി രാജാവിന്റെ1821ലെ വിളംബരം അടിമത്വം അവസാനിപ്പിച്ചില്ല, അടിമകളെ ശാരീരികമായി പീഡിപ്പിക്കുന്നത് നിരോധിക്കുക മാത്രമെ ചെയ്തുള്ളു. എന്നാൽ 1854ൽ അടിമത്വം നിർത്തലാക്കിക്കൊണ്ട് പുതിയ വിളംബരം വന്നു. തിരുവിതാംകൂർ 1855ൽ അടിമത്വം പൂർണ്ണമായും നിർത്തലാക്കാൻ വിളംബരം പുറപ്പെടുവിച്ചു. ആ വിളംബരവും ഉടമക്ക് അടിമയെ അയാളുടെ സമ്മതത്തോടെ നിലനിർത്താൻ അനുവാദം നൽകി! വൈദിക സമൂഹം ആധിപത്യം പുലർത്തിയ കാലത്ത് ഒരു സമുദായത്തിലെ സ്ത്രീകൾ അതിന്റെ ലൈംഗിക കോളനിയായിരുന്നു. കഴിഞ്ഞ നൂറ്റാണ്ടിൽ ആ സമുദായത്തിൽ ഉയർന്ന പരിഷ്കരണ പ്രസ്ഥാനത്തിന്റെ നേതാക്കളെല്ലാം ബ്രാഹ്മണ സന്തതികളായിരുന്നു. പഴയ വ്യവസ്ഥയുടെ ഗുണഭോക്താക്കളുടെ പുനരുദ്ധാരണ പദ്ധതികൾ ലക്ഷ്യമിടുന്നത് സ്വാഭാവികമാണ്. ആ പദ്ധതി അടിമത്വത്തിൽ നിന്നും ഇനിയും മാനസികമായി പൂർണ്ണ മോചനം നേടിയിട്ടില്ലാത്ത ജനതയുടെ പ പുനരടിമവത്കരണത്തിലേക്ക് നയിക്കാൻ പാടില്ല.

വേദപാരമ്പര്യത്തിന്റെ പിന്തുടർച്ചക്കാരായ ന്യൂനപക്ഷം ബഹുഭൂരിപക്ഷത്തെ കീഴടക്കിയത് വ്യാജനിർമ്മിതികളിലൂടെയാണ്. ആ രീതി തന്നെയാണ് രാഹുൽ ഈശ്വർ പിന്തുടരുന്നത്. ഈ വാക്കുകൾ ശ്രദ്ധിക്കുക: “I am grateful to God that Sri Narayana Guru was born in this land who has set Lakshmana Rekha and unified our Ezhava Brothers with in the wide umbrella on Indian Heritage.”

ശ്രീനാരായണ ഗുരു തന്റെ ആശയങ്ങൾ വളരെ ലളിതമായ ഭാഷയിലാണ് അവതരിപ്പിച്ചത്. അവ വ്യാഖാനിക്കാൻ ഒരു വ്യാജ സായണന്റെ ആവശ്യമില്ല. ഗുരുവിന്റെ വാക്കുകൾ കാണുക:

ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് (മനുഷ്യന് എന്നാണ് ഗുരു പറഞ്ഞത്, ഈഴവന് എന്നൊ, ഹിന്ദുവിന് എന്നൊ ഇന്ത്യാക്കാരന് എന്നൊ അല്ല).

മതമേതായാലും മനുഷ്യൻ നന്നായാൽ മതി. (ഇവിടെയും അദ്ദേഹം പറഞ്ഞത് മനുഷ്യൻ എന്നാണ്, മലയാളി എന്നൊ ഇന്ത്യാക്കാരൻ എന്നൊ അല്ല)

ജാതി, മതം, വേഷം, ഭാഷ ഇവ മനുഷ്യനെന്യും മനുഷ്യനെയും തമ്മിൽ അകറ്റരുത് (ഇവിടെയും മനുഷ്യൻ തന്നെ, ഈഴവനൊ, ഹിന്ദുവൊ, ഇന്ത്യാക്കരനൊ അല്ല.)

ഗാന്ധി ഗുരുവുമായി നടത്തിയ സംഭാഷണത്തിന്റെ പൂർണ്ണ രൂപം രേഖപ്പെടുത്തിയത് ശിവഗിരിയിൽ സൂക്ഷിച്ചിട്ടുണ്ട്. അത് ചില പുസ്തകങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. ഗാന്ധി ഗുരുവിനോട് മോക്ഷപ്രാപ്തിക്ക് ഹിന്ദുമതം പര്യാപ്തമല്ലേ എന്ന് ചോദിച്ചു. എല്ലാ മതങ്ങളും പര്യാപ്തമാണെന്ന് ഗുരു മറുപടി നൽകി. വീണ്ടും അതേ ചോദ്യം. വീണ്ടും അതേ മറുപടി. മുന്നാമതും ഗാന്ധി ചോദ്യം ആവർത്തിച്ചപ്പോൾ ഗുരു പറഞ്ഞു: ഹിന്ദു മതവും പര്യാപ്തമാണ്.
തന്റെ ജീവിതകാലത്ത് ജാതിവ്യവസ്ഥ ഇല്ലാതാകുമെന്ന പ്രത്യാശ പ്രകടിപ്പിച്ച ഗാന്ധിയോട് അതിന് വീണ്ടും വരേണ്ടി വരുമെന്നാണ് ഗുരു പറഞ്ഞത്.

(Facebook Note dated April 20, 2011)

8 comments:

chithrakaran:ചിത്രകാരന്‍ said...

ഹിന്ദു മതം എന്നതുതന്നെ മൊത്തമായും ഇത്തിക്കണ്ണികളായ ബ്രാഹ്മണ്യത്തിന്റെ ഒരു വ്യാജ നിര്‍മ്മിതിയാണല്ലോ.
ബി.ആര്‍.പി,
ഫേസ് ബുക്കിലെ പൊസ്റ്റിലേക്കു പോകാന്‍ ലിങ്കു ലഭിക്കുമോ ?

BHASKAR said...

chithrakaran:ചിത്രകാരന്‍,ലിങ്ക് ഇതാ: http://www.facebook.com/profile.php?id=739890661#!/note.php?note_id=166147116776332

Anonymous said...

നല്ല ലേഖനം.
നന്ദി മാഷേ.

പാര്‍ത്ഥന്‍ said...

ഏതു സംഭവത്തെയും ആർക്കും എതിർക്കാം. അതിന് പാണ്ഡിത്യം ഒന്നും വേണമെന്നില്ല. പക്ഷെ വേദങ്ങളിലെ പോരായ്മകളെ വിമർശിക്കുമ്പോൾ അത് പഠിച്ചതിനുശേഷമായിരുന്നെങ്കിൽ മറ്റുള്ളവർ തെറ്റായി മനസ്സിലാക്കുന്നത് ഒഴിവാക്കാമായിരുന്നു. വേദങ്ങൾ ചൂഷണത്തിന്റെ ഭാഗമായിരുന്നോ എന്ന് അന്വേഷിക്കുന്ന ഒരാളാണ് ഞാനും. പൊതുജനങ്ങളെ ഈ ചൂഷണം എങ്ങനെ ബാധിച്ചിരുന്നു എന്നതിനെയാണ്മാ വിമർശിക്കേണ്ടത്. ഇ.എം.എസ്സ്. വേദം പഠിച്ച ആളായിരുന്നു. അതുകൊണ്ടായിരിക്കാം ഇത്തരം വിമർശനങ്ങൾ അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും കേൾക്കാതിരുന്നത്.

Ajith said...

".... ആ പദ്ധതി അടിമത്വത്തിൽ നിന്നും ഇനിയും മാനസികമായി പൂർണ്ണ മോചനം നേടിയിട്ടില്ലാത്ത ജനതയുടെ പ പുനരടിമവത്കരണത്തിലേക്ക് നയിക്കാൻ പാടില്ല" .
precise and well articulated. congratulations BRP sir

BHASKAR said...

പാര്‍ത്ഥന്‍, വേദങ്ങളെ വിമർശിക്കാൻ ബ്രാഹ്മണനായി ജനിച്ച് മന്ത്രം ചൊല്ലി പഠിക്കേണ്ട ആവശ്യമൊന്നുമില്ല. വായിച്ച് മനസിലാക്കാൻ കഴിവുള്ള ആർക്കും അത് ചെയ്യാവുന്നതാണ്. വേദം പഠിച്ച ഇ.എം.എസ്. അതിനെ വിമർശിക്കാതിരുന്നതിനു വളരെ ലളിതമായ ഒരു വിശദീകരണമുണ്ട്. ആ പഠനം അദ്ദേഹത്തിന് ഗുണമല്ലാതെ ദോഷമൊന്നും ചെയ്തില്ല. വേദത്തിന്റെ പേരിലാണ് ഭാരതീയ സമൂഹത്തിൽ ദീർഘകാലം നിലനിന്ന പല കൊള്ളരുതായ്മകളും നടന്നത്. അതിന്റെ ദുഷ്‌ഫലങ്ങൾ ഇന്നും അവശേഷിക്കുന്നു.

പാര്‍ത്ഥന്‍ said...

ഇന്ന് വേദം പഠിക്കാൻ ആർക്കുവേണമെങ്കിലും സാധിക്കും. പഠിപ്പിക്കുന്ന സ്ഥലങ്ങളും ഉണ്ട്. കുറച്ചുകാലത്തെ പൌരോഹിത്യ വാഴ്ചയിൽ മാത്രമാണ് വേദങ്ങളെ ദുർവ്യാഖ്യാനം ചെയ്ത് ശൂദ്രന് വേദം നിഷിദ്ധമാണെന്ന് സ്മൃതികളിൽ ചേർത്തത്.

ഏതു ശാസ്ത്രവും അതിന്റെ പ്രയോഗത്തിലാണ് അതിന്റെ ധർമ്മാധർമ്മങ്ങൾ ഉരുത്തിരിയുന്നത്. പ്രയോഗിക്കുന്നവന്റെ സംസ്കാരം അതിൽ പ്രതിഫലിക്കുകയും ചെയ്യും. ജപ്പാനിൽ ആറ്റംബോംബിട്ടതിന് ആറ്റം സ്പ്ലിറ്റ് ചെയ്താൽ ഊർജ്ജം ഉല്പാദിപ്പിക്കാം എന്നു കണ്ടെത്തിയ ശാസ്ത്രജ്ഞനെ കുറ്റപ്പെടുത്തുന്നില്ലല്ലൊ.

ഇന്ന്, അല്ല എന്നും വേദവിധികളിൽ വിമർശിച്ചു കാണുന്നത് അതിലെ ഹിംസയെയാണ്.
‘മാ ഹിംസി’ എന്നു പറയുന്നത് വേദത്തിൽ തന്നെയാണ്. മാറ്ററിനെ മാത്രം അടിസ്ഥാനമാക്കിയല്ല വേദങ്ങൾ നിലനിൽക്കുന്നത്. എല്ലാറ്റിലും ‘സമത്വം’ ദർശിക്കാവുന്ന ഒരു ചൈതന്യത്തെ അടിസ്ഥാനമാക്കിയാണ്. അതുകൊണ്ടുതന്നെ യജ്ഞത്തിൽ മൃഗബലിയും മാംസഭക്ഷണവും നിഷിദ്ധമാണെന്നുതന്നെ വിശ്വസിക്കേണ്ടിയിരിക്കുന്നു. പൊതുവെ യജ്ഞം ചെയ്യുന്നത് പുണ്യം ലഭിക്കാനാണ്. പുരോഹിതന്മാർക്ക് സ്വർഗ്ഗവും (?).

എല്ലാവരും തോന്നിയപോലെ വേദം വായിച്ചതുകൊണ്ടാണ് ഈ പ്രശ്നങ്ങളെല്ലാം ഉണ്ടായത്. ഒരു ഉദാഹരണം പറയാം:
പശുവിനെ ശ്വാസം മുട്ടിച്ചു കൊല്ലാം (ആലംഭനം) എന്ന് വേദവിധിയുണ്ടെന്നാണ് ഭാഷ്യം. വേദങ്ങളിൽ പശു അഘ്ന്യായാണ്.
“അഘ്ന്യ അഹന്തവ്യാഭവതി”- അഘ്ന്യ - ഹനിക്കപ്പെടാൻ പാടില്ലാത്തവൾ എന്നാണ് നിരുക്തത്തിൽ പറയുന്നത്. ആലംഭനത്തിന് ഹിംസിക്കുക എന്നുള്ള അർത്ഥം പലരും വ്യാഖ്യാനിച്ചുണ്ടാക്കി. ഐതരേയ ബ്രാഹ്മണത്തിലെ ‘ആലഭന്തേ’ എന്ന പദത്തിന് ഹിംസാപരമായ അർത്ഥം ഒരിക്കലും ചേരില്ല. ‘ആലഭന്തേ സ്പർശന്തേ ആലഭതേ’ എന്നതിന് സ്പർശിക്കുക എന്നാണ് സായണഭാഷ്യം. പിഞ്ചുകുഞ്ഞുങ്ങളെ ലാളിക്കുന്നതിന് വത്സമാലഭതേ എന്നാണ് പറയുക. യജ്ഞങ്ങളിൽ ഗോവധമല്ല, ഗോദാനമാണ് ആചരിക്കേണ്ടത്. യജമാനൻ പുരോഹിതന് ഗോദാനം ചെയ്യുന്ന വേളയിൽ ദാനം ചെയ്യപ്പെടുന്ന വസ്തുവിനെ സ്പർശിച്ചുകൊണ്ടു വേണം സ്വികരിക്കുവാൻ. ഈ സ്പർശനത്തെയാണ് അഷ്ടപദിയായ പശുവിനെ ആലംഭനം കഴിക്കുന്നതായി വ്യാഖ്യാനിക്കുന്നത്. കന്യാദാനം ചെയ്യുമ്പോൾ വധുവിന്റെ കൈ വരന്റെ കൈകളിൽ സംരക്ഷണാർത്ഥം ഏല്പിക്കുമ്പോഴും ഇതേ അർത്ഥം തന്നെയാണ് കുടികൊള്ളുന്നത്. ആലംഭനം കന്യാദാനത്തിലും ഇപ്പോൾ കൂട്ടിച്ചേർത്ത് വ്യാഖ്യാനിക്കുന്നുണ്ടേന്നുതോന്നും കാലത്തിന്റെ പോക്ക് കാണുമ്പോൾ. ഞാൻ വേദം പഠിച്ചിട്ടൊന്നുമല്ല ഇതെഴുതിയത്. ചില കടലാസുകഷ്ണങ്ങൾ വായിച്ചത് പകർത്തിവെച്ചെന്നേയുള്ളൂ.

ശങ്കരനാരായണന്‍ മലപ്പുറം said...

നല്ല ലേഖനം.