ബി.ആർ.പി. ഭാസ്കർ
മൂന്ന് പതിറ്റാണ്ടായി ജനങ്ങൾ സി.പി.എമ്മും കോൺഗ്രസും നയിക്കുന്ന മുന്നണികളെ മാറിമാറി അധികാരത്തിലേറ്റുന്നു. ഓരോ മുന്നണിയും ഭരണം തുടങ്ങുന്നത് എതിർ മുന്നണി ഖജനാവ് കാലിയാക്കിയിട്ട് പോയി എന്ന് പറഞ്ഞുകൊണ്ടാണ്. അഞ്ചു കൊല്ലത്തിനുശേഷം സംസ്ഥാനത്തെ പൊതുകടത്തിൽ ഏതാണ്ട് 15,000 കോടി രൂപയുടെ വർദ്ധനവുണ്ടാക്കിയിട്ട് അത് പുറത്തു പോകുന്നു. മുന്നണികൾ രൂപപ്പെട്ട കാലത്ത് രണ്ടിനുമിടയിൽ പ്രത്യയശാസ്ത്രപരമായ വേർതിരിവിന്റെ അടയാളങ്ങൾ കാണാമായിരുന്നു. വ്യത്യാസങ്ങൾ കുറഞ്ഞുകുറഞ്ഞു ഒന്നിനെ മറ്റേതിൽനിന്ന് വേർതിരിച്ചു കാണാൻ കഴിയാത്ത അവസ്ഥയാണിപ്പോൾ. ഈ സാഹചര്യത്തിൽ പ്രസക്തമായ ചോദ്യം ആരു ജയിക്കുമെന്നതല്ല, ജയിക്കുന്നവർ എന്തു ചെയ്യുമെന്നതാണ്. പുതിയ പാത വെട്ടിത്തുറക്കാനുള്ള ആർജ്ജവം സംഭരിക്കാൻ അവർക്കാകുമോ?
ഈ മുന്നണികളുടെ കാലത്ത് കാര്യമായ വ്യവസായവത്കരണം നടക്കാതിരുന്നിട്ടും കേരളം കൃഷിയിലൂടെയും ചെറുകിട വ്യവസായങ്ങളിലൂടെയും വൻ പുരോഗതി നേടിയ പഞ്ചാബിനെ പിന്തള്ളി രാജ്യത്തെ സമ്പന്നമായ സംസ്ഥാനമായി മാറുകയുണ്ടായി. ഇത് സാധ്യമാക്കിയത് മുന്നണി സർക്കാരുകളുടെ പദ്ധതികളല്ല, പ്രവാസികൾ അയച്ച പണമാണ്. കൃഷിയും വ്യവസായവും വലിയ സംഭാവന നൽകാതിരുന്നിട്ടും സംസ്ഥാനം ദേശീയ ശരാശരിയേക്കാൾ ഉയർന്ന വളർച്ചാനിരക്ക് രേഖപ്പെടുത്തുകയും ചെയ്തു. ഇത് സാധ്യമാക്കിയതും മുന്നണി സർക്കാരുകളല്ല, സേവന മേഖലയിൽ വൻ കുതിപ്പ് നടത്തുന്ന സംരംഭകരാണ്. രണ്ട് മുന്നണികളും പ്രകടനപത്രികകളിൽ വികസനത്തെക്കുറിച്ച് ധാരാളം പറയുന്നുണ്ട്. എന്നാൽ വികസനത്തെ കുറിച്ചുള്ള അവരുടെ സങ്കല്പം വികലമാണ്. അവർ പിന്തുടർന്ന വികസന നയത്തിന്റെ ഫലമായി ദുരിതം അനുഭവിക്കുന്ന ജനങ്ങൾ ഇവിടെയുണ്ട് -- കാസർകോട്ട്, പെരുമാട്ടിയിൽ, മൂലമ്പള്ളിയിൽ, വിളപ്പിൽശാലയിൽ അങ്ങനെ പലയിടങ്ങളിലും. അധികാരത്തിൽ വരുന്നത് ആരായാലും അവർ ഈ പാവപ്പെട്ട മനുഷ്യരുടെ ദുരിതം പരിഹരിക്കുന്നതിന് മുൻഗണൻ നൽകണം. സത്യസന്ധവും എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്നതുമായ വികസനമാണ് തങ്ങൾ ലക്ഷ്യമിടുന്നത് എന്ന സന്ദേശം അതിലൂടെ നൽകാനാവും.
ഭരണാധികാരികൾ ഏതെങ്കിലും മുതലാളിയൊ കരാറുകാരനൊ ധനകാര്യസ്ഥാപനമൊ സ്വന്തം താല്പര്യം മുൻനിർത്തി തയ്യാറാക്കുന്ന പദ്ധതികളുടെ പിന്നാലെ പോകുന്ന രീതി ഇവിടെയുണ്ട്. തിരുവനന്തപുരത്തെ ചവർ സംസ്കരിക്കാൻ വിളപ്പിൽശാലയിൽ ഫാക്ടറി സ്ഥാപിച്ചത് ഒരു സ്വകാര്യ സംരഭകന്റെ പദ്ധതി പ്രകാരമായിരുന്നു. ഒരു തെക്ക്-വടക്ക് എക്സ്പ്രസ്‌വേ എന്ന ആശയം മുന്നോട്ടുവെച്ചത് റോഡ് നിർമ്മാണ കരാർ തേടുന്ന മലേഷ്യൻ കമ്പനിയുടെ പ്രതിനിധിയാണ്. ഉപജ്ഞാതാക്കൾക്ക് അവരുടേതായ താല്പര്യങ്ങൾ ഉള്ളതുകൊണ്ട് പദ്ധതികൾ നിഷിദ്ധമാകുന്നില്ല. എന്നാൽ അവ നമ്മുടെ ആവശ്യങ്ങൾക്ക് അനുസൃതവും സാഹചര്യങ്ങൾക്ക് അനുയോജ്യവും ആണോ എന്ന് പരിശോധിക്കേണ്ടതുണ്ട്. കേരളമൊട്ടുക്ക് മാലിന്യങ്ങൾ കുമിഞ്ഞുകൂടുന്ന സ്ഥിതിക്ക് ചവർ സംസ്കരണം അടിയന്തിരശ്രദ്ധ അർഹിക്കുന്നു. വാഹനങ്ങളുടെ എണ്ണം ദിനപ്രതി പെരുകുകയും റോഡ് അപകടങ്ങൾ വർദ്ധിക്കുകയും ചെയ്യുന്ന സ്ഥിതിക്ക് പാത വികസനം വൈകിക്കൂടാ. അതേസമയം യാഥാർത്ഥ്യബോധത്തോടെ വേണം ഇതിനൊക്കെ പദ്ധതികൾ തയ്യാറാക്കാൻ. മറ്റ് സംസ്ഥാനങ്ങളിൽ നിന്നു മാത്രമല്ല ലോകത്തെ മറ്റ് പ്രദേശങ്ങളിൽ നിന്നു തന്നെയും തികച്ചു വ്യത്യസ്തമായ സാഹചര്യങ്ങളാണ് ഇവിടെയുള്ളത്. നഗരഗ്രാമത്തുടർച്ചയായ കേരളത്തിൽ നഗരങ്ങൾക്കു പുറത്ത് ചവർ നിക്ഷേപിക്കാൻ വിജനപ്രദേശങ്ങൾ കണ്ടെത്താൻ കഴിയില്ല – നഗരത്തുടർച്ചയായി രൂപാന്തരപ്പെട്ടിരിക്കുന്ന തീരദേശമേഖലയിൽ പ്രത്യേകിച്ചും. കേരളത്തെ ഒരേകീകൃത ആവാസ വ്യവസ്ഥയായികണ്ടുകൊണ്ട് ഉചിതമായ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കുകയാണ് വേണ്ടത്. ഇത് ചെയ്യേണ്ടത് സംസ്ഥാന സർക്കാരാണ്.
പെൻഷൻ പദ്ധതികളുണ്ടായാൽ ക്ഷേമസമൂഹമായെന്ന ധാരണ നമ്മുടെ ഭരണാധികാരികൾക്കുണ്ട്. ഇടതുപക്ഷത്ത് ഈ ധാരണ കൂടുതൽ ശക്തമാണ്. ക്ഷേമസമൂഹത്തെ നിലനിർത്തുന്നതിൽ ഉത്പാദന പ്രക്രിയയ്കുള്ള പങ്കിനെ കുറിച്ച് അവർ ബോധവാന്മാരല്ല. ഫലത്തിൽ കേരളം ഒരു പരാന്നഭോജി സമൂഹമായി വികസിച്ചുകൊണ്ടൊരൊക്കുകയാണ്. ജനസാന്ദ്രതയും ഭൂമിയുടെ ദൌർലഭ്യവും ഗുരുതരമായ സ്ഥിതിവിശേഷം സൃഷ്ടിച്ചിരിക്കുന്നു. ശാസ്ത്രീയമായ ഭൂവിനിമയ നയം രൂപീകരിച്ചുകൊണ്ടാണ് ഇതിന് പരിഹാരം കാണേണ്ടത്. കൃഷിക്കും നിർമ്മാണ സേവന വ്യവസായങ്ങൾക്കും ആവശ്യമായ സ്ഥലം നീക്കിവെക്കുന്നതോടൊപ്പം സാഹചര്യങ്ങൾക്ക് അനുസൃതമായ കൃഷിയും വ്യവസായവും പ്രോത്സാഹിപ്പിക്കുകയും ചെയ്യണം.
വിദ്യാഭ്യാസരംഗം വലിയ മാറ്റങ്ങൾ ആവശ്യപ്പെടുന്നു. അതേക്കുറിച്ച് നമ്മുടെ രാഷ്ട്രീയ നേതൃത്വം ബോധവാന്മാരല്ല, വെള്ളക്കോളർ ജോലി തേടുന്ന 40 ലക്ഷത്തിൽപരം യുവാക്കൾ ഇവിടെയുണ്ട്. അവരിലേറെയും പത്തൊ പന്ത്രണ്ടൊ ക്ലാസു വരെ മാത്രം പഠിച്ചവരാണ്. അവർ ആഗ്രഹിക്കുന്ന തരത്തിലുള്ള ജോലിക്ക് ആ യോഗ്യത പോരാ. ലഭിക്കാവുന്ന തൊഴിലുകളിൽ അവർക്ക് താല്പര്യവുമില്ല. അങ്ങനെ ഒഴിഞ്ഞുകിടക്കുന്ന സ്ഥാനങ്ങൾ ഏറ്റെടുക്കാൻ പുറത്തുനിന്ന് തൊഴിൽരഹിതർ എത്തുന്നു. തൊഴിലുകൾ അപ്‌ഗ്രേഡ് ചെയ്തും ആക്സിലിയറി ഡിഗ്രി സമ്പ്രദായത്തിലൂടെ തൊഴിലന്വേഷകരുടെ യോഗ്യതാ നിലവാരം ഉയർത്തിയും ഈ പ്രശ്നം പരിഹരിക്കാനാവും. രാഷ്ട്രീയ ഉപജാപക സംഘങ്ങളുടെ നിയന്ത്രണത്തിൽ കൂപ്പുകുത്തിയ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം മെച്ചപ്പെടുത്താനും അടിയന്തിര നടപടികൾ ആവശ്യമാണ്.
വിദ്യാഭ്യാസരംഗത്തെന്നപോലെ ആരോഗ്യരംഗത്തും ആദ്യകാലത്തെ നേട്ടങ്ങൾ നിലനിർത്തുവാനും കാലാനുസൃതമായ പുതിയ പദ്ധതികൾ ആവിഷ്കരിക്കാനും നമുക്ക് കഴിഞ്ഞിട്ടില്ല. അതിന്റെ ഫലമായി നിർമ്മാർജ്ജനം ചെയ്യപ്പെട്ട ചില രോഗങ്ങൾ തിരിച്ചു വരുന്നു. ചില പുതിയ രോഗങ്ങളും ഉണ്ടാകുന്നു. പാവങ്ങൾ ആശ്രയിക്കുന്ന സർക്കാർ ആശുപതികൾ ക്ഷയിക്കുമ്പോൾ സാമ്പത്തികശേഷിയുള്ളവർക്കു മാത്രം പ്രാപ്യമായ സ്വകാര്യ ആശുപതികൾ വളരുന്നു. ഏറ്റവും കൂടുതൽ വയോജനങ്ങളുള്ള സംസ്ഥാനമാണ് കേരളം. പക്ഷെ നമ്മുടെ ആരോഗ്യസംവിധാനത്തിൽ വയോജന പരിപാലനം ഇനിയും ഇടം കണ്ടെത്തിയിട്ടില്ല.
ജനങ്ങളെ, പ്രത്യേകിച്ച് ആദിവാസികളെയും ദലിതരെയും മറ്റ് ദുർബല വിഭാഗങ്ങളെയും, ഇരകളാക്കുന്ന രാഷ്ട്രീയ-മുതലാളിത്ത കൂട്ടുകെട്ടിന്റെ സമീപനം ഉപേക്ഷിച്ച് അവരെ ഗുണഭോക്താക്കളാക്കുന്ന സമീപനം സ്വീകരിച്ച് സുസ്ഥിര വികസനം സാധ്യമാക്കുകയെന്ന ചരിത്രദൌത്യം നിർവഹിക്കാൻ കഴിവുള്ള ഒരു ഭരണകൂടമാണ് കാലത്തിന്റെ ആവശ്യം.
മാതൃഭൂമി ദിനപത്രത്തിന്റെ ‘ആരു ജയിച്ചാലും…” പരമ്പരയിൽ 2011 ഏപ്രിൽ 8ന് പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ മൂലരൂപം
എന്റെ മറ്റു ബ്ലോഗുകളിലെ പുതിയ പോസ്റ്റുകള്‍
BHASKAR
Educational institutions held to ransom
The blessing and curse of real estate boom
How relevant are Gandhi's teachings today?
Modi begins US visit with a PR victory
More stimulus but still not enoughel
KERALA LETTER
A Dalit poet in English, based in Kerala
Foreword to Media Tides on Kerala Coast
Teacher seeks V.S.Achuthanandan's intervention to end harassment by partymen
MY SPACE
P.E.Usha's article on Sexual Harassment in PSC (Malayalam)
Globalised Kerala warily watches the meltdown
Not a whimper of protest against Murdoch's entry into Kerala
Foreword to Media Tides on Kerala Coast
Teacher seeks V.S.Achuthanandan's intervention to end harassment by partymen
MY SPACE
P.E.Usha's article on Sexual Harassment in PSC (Malayalam)
Globalised Kerala warily watches the meltdown
Not a whimper of protest against Murdoch's entry into Kerala
2 comments:
ഇത്തവണ ജനകീയ സോളി ജമായത്ത് ജനകീയ മുന്നണി ഇല്ല എന്നൊരു കുറവുണ്ടായിരുന്നു. നിയമ സഭ തിരഞ്ഞെടുപ്പില്‍ ഇനി ആര്‍ക്ക് വോട്ട് ചെയ്യുമെന്റെ റബ്ബെ
ഇന്നത്തെ മാതൃഭൂമി പത്രത്തില്‍ വായിച്ചിരുന്നു. ഈ നിലപാടിന് അഭിവാദ്യങ്ങള്‍ !
Post a Comment