Saturday, January 8, 2011

ചതിക്കഥകൾ ചോർന്ന വർഷം

ബി.ആർ.പി.ഭാസ്കർ

പിന്നിട്ട വർഷത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ നിയമനത്തട്ടിപ്പും നീരാ ഏആഡിയ് ടേപ്പുകളും വിക്കിലീക്സ് രേഖകളും പരസ്പരം മത്സരിച്ച് മനസിന്റെ മുകൾത്തട്ടിൽ എത്തുന്നത് എന്തുകൊണ്ടാണ്? എല്ലാം വർഷാവസാനം പുറത്തുവന്നവയായതു കൊണ്ടാണോ? ആവാം. എന്നാൽ ഇപ്പോഴും ഓർമ്മയിൽ പച്ചയായി നിൽക്കുന്നതു കൊണ്ടു മാത്രമല്ല ഇവ പ്രാമുഖ്യം നേടുന്നത്, സമകാലിക യാഥാർത്ഥ്യങ്ങളെക്കുറിച്ച് നമ്മെ ഓർമ്മപ്പെഠുത്തുന്നതുകൊണ്ടു കൂഊടിയാണ്. ഊഹാപോഹങ്ങളുടെ മേഖലയിലായിരുന്ന വസ്തുതകളെ അവ യാഥാർത്ഥ്യത്തിന്റെ മേഖലയിലെത്തിച്ചു.

ലോക് സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടപ്പോൾ ഇടതു ജനാധിപത്യ മുന്നണി നൽകിയ വിശദീകരണം സംസ്ഥാന ഭരണകൂടം ചെയ്ത നല്ല കാര്യങ്ങളെക്കുറിച്ച് ജനങ്ങളെ ബോധ്യ്യപ്പെടുത്താൻ കഴിഞ്ഞില്ലെന്നാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടായപ്പോഴും ഇതേ വിശദീകരണമുണ്ടായി. കേരളം പോലെയുള്ള ഒരു സംസ്ഥാനത്ത് ഭരണകൂടം ചെയ്യുന്നതിനെക്കുറിച്ച് ജനങ്ങൾ അറിയാതിരിക്കുന്നതെങ്ങനെയാണ്? മുഖ്യധാരാ മാധ്യമങ്ങൾ ഇടതുവിരോധം മൂലം അതൊക്കെ മറച്ചുപിടിച്ചാലും ഭരണകക്ഷികൾക്ക് നേരിട്ടുംസ്വന്തം മാധ്യമങ്ങളിലൂടെയും വിവരം ജനങ്ങളിലെത്തിയ്ക്കാനാവും. ആദ്യ വിലയിരുത്തലുകളിൽ ചില വ്യത്യാസങ്ങൾ സി.പി.എം. പിന്നീട് വരുത്തുകയുണ്ടായി. പാർട്ടിയ്ക്കും ജനങ്ങൾക്കുമിടയിൽ അകൽച്ച ഉണ്ടായതായി ഇപ്പോൾ പാർട്ടി അംഗീകരിക്കുന്നുണ്ട്. എന്നാൽ ഈ അകൽച്ച എങ്ങനെയുണ്ടായെന്ന് വിശദീകരിച്ചു കണ്ടില്ല. കുറേക്കൂടി സത്യസന്ധമായി കാര്യങ്ങൾ വിലയിരുത്തിയാൽ എന്താണ് നടക്കുന്നതെന്ന് മനസിലാക്കാനാവാഞ്ഞതിനാലല്ല, മനസിലായതുകൊണ്ടാണ്, ജനങ്ങൾ പാർട്ടിയിൽ നിന്ന് അകലുന്നതെന്ന് വ്യക്തമാകും. ഇവിടെയാണ് നിയമനത്തട്ടിപ്പ് സംബന്ധിച്ച് പുറത്തു വന്നിട്ടുള്ള വസ്തുതകളുടെ പ്രസക്തി.

നേരത്തെ കേരള സർവകലാശാലയിലെ നിയമനങ്ങളിൽ തിരിമറി നടന്നതായി ലോകായുക്ത കണ്ടെത്തുകയും ചില നടപടികൾ ശിപാർശ ചെയ്യുകയും ചെയ്തിരുന്നു. നടപടി ഉണ്ടായില്ല. പിന്നീട് വിഷയം ഹൈക്കോടതിയുടെ മുന്നിലെത്തി. കോടതി നടത്തിയ അന്വേഷണം ലോകായുക്തയുടെ കണ്ടെത്തൽ ശരിവെയ്ക്കുന്നതാണെന്നാണ് റിപ്പോർട്ട്. പാർട്ടിക്കുവേണ്ടി സർവകലാശാല ഭരിക്കുന്നവർ ഏതാനും പേർ പാർട്ടി നേതാക്കളുടെ ബന്ധുക്കൾക്കും പോഷകസംഘടനകളുടെ നേതാക്കൾക്കും ജോലി തരപ്പെടുത്തിയെന്ന് അന്വേഷണങ്ങളിൽ വെളിപ്പെട്ടു. ഇത്തരം തിരിമറികളെക്കുറിച്ച് ജനങ്ങൾ മനസിലാക്കുന്നത് അന്വേഷണ റിപ്പോർട്ടുകളിലൂടെയല്ല, സ്വന്തം അനുഭവങ്ങളിലൂടെയാണ്. ലക്ഷക്കണക്കിനാളുകൾ ജോലിയന്വേഷിച്ചു നടക്കുന്ന നാടാണിത്. ജോലി കിട്ടാതെ വരുമ്പോൾ ആർക്കാണ് കിട്ടിയതെന്ന് അവർ അന്വേഷിക്കും. അപ്പോൾ രാഷ്ട്രീയസ്വാധീനമുള്ളവർക്കാണ് കിട്ടിയതെന്ന് അവർ മനസിലാക്കും. പാർട്ടി വേണ്ടപ്പെട്ടവർക്ക് തരപ്പെടുത്തിക്കൊടുക്കുന്ന ഓരോ ജോലിയിലൂടെയും നേടുന്നതിലേറെ വോട്ടുകൾ അതോടെ നഷ്ടപ്പെടും.

അല്പം സ്വജനപക്ഷപാതമൊക്കെ കേരളം പോലെ ഫ്യൂഡൽ സ്വാധീനത്തിൽ നിന്ന് പൂർണ്ണമോചനം നേടിയിട്ടില്ലാത്ത ഒരു നാട്ടിൽ പ്രതീക്ഷിക്കാവുന്നതാണ്. ഇഷ്ടജനങ്ങളെ സഹായിക്കാനായി ഉദ്യോഗാർത്ഥികളുടെ ഉത്തരക്കടലാസുകൾ മൊത്തത്തിൽ നശിപ്പിച്ചതായാണ് സർവകലാശാലാ നിയമനം സംബന്ധിച്ച അന്വേഷണത്തിൽ വെളിപ്പെട്ടത്. അതിനുത്തരവാദികൾ ആരാണെന്ന് വ്യക്തമായിട്ടും അവർക്കെതിരെ ഒരു നടപടിയുമുണ്ടായിട്ടില്ല. പാർട്ടിയുടെ അറിവോടും സമ്മതത്തോടുമാണ് തിരിമറി നടന്നതെന്നാണ് ഇത് സൂചിപ്പിക്കുന്നത്. പബ്ലിക് സർവീസ് കമ്മിഷൻ സ്ഥാനങ്ങൾ ഭരണകക്ഷികൾ വീതിച്ചെടുക്കുകയാണ് പതിവ്. കമ്മിഷൻ നടത്തുന്ന പരീക്ഷകളിൽ ക്രമക്കേടുകൾ നടക്കുന്നതായി ആരോപണമുണ്ട്. പരീക്ഷ എഴുതാതെ തന്നെ ജോലി തരപ്പെടുത്താൻ കഴിയുന്ന സാഹചര്യം നിലനിൽക്കുന്നതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറയുന്നത്. ജനങ്ങളെ ഭരണകക്ഷികളിൽ നിന്ന് അകറ്റാൻ ഇതൊക്കെ പോറേ?

റാഡിയാ ടേപ്പുകളിലൂടെ വെളിപ്പെട്ടത് അത്യുന്നതങ്ങളിലെ അഴിമതിയാണ്. ടെലിഫോൺ കുംഭകോണം സംബന്ധിച്ച വിവരങ്ങൾ പുറത്തുകൊണ്ടുവന്ന ജെ. ഗോപീകൃഷ്ണൻ എന്ന ലേഖകൻ തന്നെ ആ വിഷയത്തിൽ നിന്ന് പിന്തിരിപ്പിക്കാനായി മന്ത്രി 20 കൊല്ലത്തെ ശമ്പളത്തിനു തുല്യമായ തുക വാഗ്ദാനം ചെയ്തതായി വെളിപ്പെടുത്തിയിട്ടുണ്ട്. അഴിമതി നടത്തുന്നവർ അത് പൂഴ്ത്തിവെക്കാൻ കൂടുതൽ തെറ്റ് ചെയ്യുന്നതിന്റെ മറ്റൊരു ഉദാഹരണമാണിത്. വിക്കിലീക്സിനു ചോർത്തിക്കിട്ടിയ മുഴുവൻ വിവരങ്ങളും നീരാ റാഡിയയുടെ ടേപ്പു ചെയ്യപ്പെട്ട സംഭാഷണങ്ങളും പൂർണ്ണമായും പുറത്തുവന്നിട്ടില്ല. ഒരുപക്ഷെ നിയമനത്തട്ടിപ്പിന്റെ കാര്യത്തിലും എല്ലാ വിവരങ്ങളും പുറത്തുവന്നിട്ടുണ്ടാവില്ല. പക്ഷെ ഒന്ന് വ്യക്തമാണ്. എല്ലാ ഭരണകൂടങ്ങളും ജനങ്ങളെ വഞ്ചിച്ചു കൊണ്ടിരിക്കുകയാണെന്ന് കഴിഞ്ഞ കൊല്ലത്തെ ചോർച്ചകൾ സാക്ഷ്യപ്പെടുത്തുന്നു. ജാഗ്രത പുലർത്താത്ത സമൂഹങ്ങളുടെ വിധിയാണിത്.

(ഇന്ത്യാ ടുഡെ, ജനുവരി 12, 2011)

1 comment:

Unknown said...

Respected Sir, Kindly Search 'Aksharangal" from Googil and take Karthika (Deepika,govt, Mangalam) from top left and pasted the articles by copying and then click 'convert' below. Then, kindly paste it to the blog.Using Aksharangal the squares will be avoided.