Monday, January 24, 2011

കേരളീയത്തിന്റെ കരുണാകരൻ പതിപ്പ്

തൃശ്ശൂരിൽ നിന്ന് പ്രസിദ്ധീകരിക്കപ്പെടുന്ന കേരളീയം മാസികയുടെ ജനുവരി ലക്കം കെ. കരുണാകരന്റെ കാലത്തേക്ക് തിരിഞ്ഞുനോക്കുന്ന നിരവധി ലേഖനങ്ങൾ അടങ്ങുന്ന പ്രത്യേക പതിപ്പാണ്.

“എന്തുകൊണ്ട് കരുണാകരൻ, എന്തുകൊണ്ട് കരിങ്കാലി, എന്തുകൊണ്ട് കരിങ്കാലം“ എന്ന തലക്കെട്ടിലുള്ള കുറിപ്പിൽ പ്രസാധകൻ പറയുന്നു: “കരുണാകരൻ ഒരു വ്യക്തിയല്ല. അനേകം പേർ ആരാധിക്കുന്ന ഒരു പ്രസ്ഥാനമാണ്. അദ്ദേഹത്തിന്റെ ജീവിതവും ഭരണവും മരണത്തോടെ അവസാനിക്കുന്നില്ല. കരുണാകരന്റെ ശവഘോഷയാത്രയും അമിത ആദരവോടെയുള്ള അനുസ്മരണവും കേരളീയസമൂഹത്തെക്കുറിച്ച് ഉയർത്തിയ ആശങ്കയാണ് ഈ പതിപ്പിന്റെ ആദ്യ പ്രേരണ. മരിച്ചാലും മറക്കാൻ പാടില്ലാത്ത ചില മുറിവുകളുണ്ട്. ആ ഓർമ്മകൾ ഇന്നത്തെ വെല്ലുവിളികളെ നേരിടാനും ഭാവിയെ സാധ്യമാക്കാനും സഹായകരമാകുമെന്ന പ്രതീക്ഷയിൽ വായനക്കാർക്ക് സമർപ്പിക്കുന്നു.”

“മറക്കരുത്, പൊറുത്തോളൂ“. ഇത് ഗസ്റ്റ് എഡിറ്റോറിയൽ. എഴുതുന്നത് ടി.എൻ. ജോയി. “അടിയന്തിരാവസ്ഥയും ഫാസിസ്റ്റ് ഭരണവും മറന്നുള്ള കരുണാകര വിലാപം വിഷമാണ്.”

ലേഖനങ്ങളിൽ ചിലത്:
നിർഗുണനായകൻ -- എം.ജി. രാധാകൃഷ്ണൻ
ആയിരം വളവുള്ള കാഞ്ഞിരമരം -- പി.സി. ഉണ്ണിച്ചെക്കൻ
സമനില തെറ്റിയവരുടെ കേരളം -- സി.ആർ. പരമേശ്വരൻ
പി.കൃഷ്ണപിള്ളയേക്കാൾ നമുക്കിഷ്ടം പിണറായി വിജയനെ! – സിവിക് ചന്ദ്രൻ
വികസനം കരുണാകരൻ സ്റ്റൈൽ --സി.ആർ. നീലകണ്ഠൻ
സുകൃതക്ഷയത്തിന്റെ ലക്ഷണമൊത്ത പ്രതിനിധി – കെ.പി. സേതുനാഥ്
കരുണാകരൻ: മിത്തും ചരിത്രവും – എസ്. ഭാസുരേന്ദ്രബാബു
കളിമൺ വിഗ്രഹത്തിന്റെ സ്വർണ്ണചാർത്ത് – നിരഞ്ജൻ
അടിയന്തിരാവസ്ഥയും നിഷ്കളങ്ക മലയാള സിനിമയും – കെ.പി. ജയകുമാർ

മുൻ മാതൃഭൂമി ജീവനക്കാരി പാറുക്കുട്ടിയമ്മ (“പാവം രാജന് അങ്ങനെയൊരു വിധിയുണ്ടായി”), അടിയന്തിരാവസ്ഥ തടവുകാരനായിരുന്ന ശംഭുദാസ് കെ (“കരുണാകരൻ നേതൃത്വം കൊടുത്ത ഉരുട്ടൽ വിദ്യ“) എന്നിവരുമായി നടത്തിയ സംഭാഷണങ്ങളെ അടിസ്ഥാനമാക്കി മുകുന്ദനുണ്ണി തയ്യാറാക്കിയ രണ്ട് ലേഖനങ്ങളും ഇതിലുണ്ട്.

കവിതകൾ:
പേരിടുന്നെങ്കിൽ… --റഫീക്ക് അഹമ്മദ്
പൊറുതികേട് – വി. മോഹനൻ

ഒറ്റപ്രതി വില 20 രൂപ

കെ.എസ്. പ്രമോദ് ആണ് കേരളീയത്തിന്റെ പ്രസാധകനും പത്രാധിപരും.
മേൽ‌വിലാസം:
കേരളീയം,
കൊക്കാലെ,
തൃശ്ശൂർ 21

ഫോൺ 0487-2421385 9446576943
ഇമെയിൽ: keraleeyamtcr@rediffmail.com

Monday, January 10, 2011

ബ്ലോഗർ അങ്കിൾ അന്തരിച്ചു

മലയാളം ബ്ലോഗർ ലോകത്തെ ഞെട്ടിപ്പിച്ചുകൊണ്ട് ‘അങ്കിൾ’ യാത്രയായി.

അദ്ദേഹത്തെ സംബന്ധിച്ച് Trivandrum Bloggers ഗ്രൂപ്പിൽ നിന്ന് ലഭിച്ച വിവരം താഴെ കൊടുക്കുന്നു:

ശ്രീ പത്മനാഭപിള്ളയുടെയും ശ്രീമതി ഓമനഅമ്മയുടെയും മകനായി 1943 ഫെബ്രുവരി 25 ന് ജനിച്ചു. സംഗീത് മകനും ചിത്ര മകളും ആണ്. പൂജാവിദ്യ മരുമകളും മദന്‍കുമാര്‍ മരുമകനും ആണ്. കീര്‍ത്തന, ഹേമു എന്നിവര്‍ മകളുടെ മക്കളും. സുകുമാരന്‍, രാജകുമാര്‍, മോഹന്‍, വിജയകുമാര്‍ എന്നിവര്‍ സഹോദരന്മാരും ആണ്.
തിരുവനന്തപുരം ബ്ലോഗേഴ്സ് ഗ്രൂപ്പിന്റെ തുടക്കംമുതല്‍ സജീവ സാന്നിധ്യമായിരുന്ന ശ്രീ ചന്ദ്രകുമാര്‍ എന്‍.പി എന്ന റിട്ടയേര്‍ഡ് സര്‍ക്കാര്‍ ജീവനക്കാരന്‍ 9-12-2011 ന് ഹൃദ്രോഗസംബന്ധമായ അസുഖം മൂലം നിര്യാതനായി. 'അങ്കിള്‍' എന്ന അപരനാമത്തില്‍ ഉപഭോക്താവ് (http://upabhokthavu.blogspot.com/), സര്‍ക്കാര്‍ കാര്യം (http://sarkkaarkaryam.blogspot.com/) എന്നീ ബ്ലോഗുകള്‍ മറ്റുള്ളവര്‍ക്ക് പ്രയോജനപ്രദമായ ധാരാളം പോസ്റ്റുകള്‍ എഴുതുന്നു. 1986 –ല്‍ ഇദ്ദേഹവും മെക്കാനിക്കല്‍ എഞ്ചിനീയറായിരുന്ന ശ്രീ കെ.ജി നാരായണന്‍ നായരും ചേര്‍ന്ന് ആദ്യമായി മലയാളം കമ്പ്യൂട്ടറിലെത്തിക്കുന്ന ദൌത്യം വിജയകരമായി നിറവേറ്റിയിരുന്നു. ഭാര്യ ചന്ദ്രിക. മകള്‍ ഭര്‍ത്താവും രണ്ട്‌ കുട്ടികളുമൊത്ത്‌ ഗുഡുഗ്ഗാവില്‍ താമസം, ന്യൂഡല്‍ഹിയില്‍ രണ്ടുപേര്‍ക്കും ജോലി. മകന്‍, യു.എസ്.എ.യില്‍ ഉപരിപഠനം കഴിഞ്ഞ്‌ ഭാര്യയുമൊത്ത്‌ ന്യൂജേര്‍സിയില്‍ താമസം, രണ്ടുപേര്‍ക്കും ന്യൂയോര്‍ക്കില്‍ ജോലി. ഔദ്ദ്യോഗിക ജീവിതം: 39 വര്‍ഷം. അതില്‍ 4 വര്‍ഷം സംസ്ഥാന സര്‍ക്കാരിന്റെ Internal Audit Board (currently RIAB) ല്‍ അതിന്റെ സ്ഥാപക സെക്രട്ടറിയായി പണി ചെതു. മറ്റൊരു 7 വര്‍ഷം അക്കൌണ്ടന്റ് ജനറല്‍ ഓഫീസില്‍ തിരിയെ പോയി സംസ്ഥാന സര്‍ക്കാരിന്റെ വരവുചെലവു കണക്കുകളും ബാലന്‍സ് ഷീറ്റും [Finance and Appropriation accounts] നിര്‍മ്മിക്കുന്നതിനു നേതൃത്വം കൊടുത്തു. അവസാനത്തെ 3 വര്‍ഷം വീണ്ടും സംസ്ഥാന സര്‍ക്കാരിലേക്ക്. അവിടുത്തെ ട്രഷറികള്‍ കമ്പ്യൂട്ടറൈസ് ചെയ്യുന്നതിനു വേണ്ടി അഡിഷനല്‍ സെക്രട്ടറി പദവിക്ക് തുല്യമായ Systems Manager ആയിട്ടും പണിയെടുത്തു. ആ പദവിയിലിരുന്നുതന്നെ റിട്ടയറും ചെയ്തു. Institute of Public Auditors, India (IPAI) ലെ അംഗം. അതായത്, ഭാരതത്തിലെ ഏത് പൊതുമേഖലാ സ്ഥാപനത്തിലേയും കണക്കുകൾ പരിശോധിക്കുവാൻ

ഫോൺ : 0471 2360822

Saturday, January 8, 2011

ചതിക്കഥകൾ ചോർന്ന വർഷം

ബി.ആർ.പി.ഭാസ്കർ

പിന്നിട്ട വർഷത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ നിയമനത്തട്ടിപ്പും നീരാ ഏആഡിയ് ടേപ്പുകളും വിക്കിലീക്സ് രേഖകളും പരസ്പരം മത്സരിച്ച് മനസിന്റെ മുകൾത്തട്ടിൽ എത്തുന്നത് എന്തുകൊണ്ടാണ്? എല്ലാം വർഷാവസാനം പുറത്തുവന്നവയായതു കൊണ്ടാണോ? ആവാം. എന്നാൽ ഇപ്പോഴും ഓർമ്മയിൽ പച്ചയായി നിൽക്കുന്നതു കൊണ്ടു മാത്രമല്ല ഇവ പ്രാമുഖ്യം നേടുന്നത്, സമകാലിക യാഥാർത്ഥ്യങ്ങളെക്കുറിച്ച് നമ്മെ ഓർമ്മപ്പെഠുത്തുന്നതുകൊണ്ടു കൂഊടിയാണ്. ഊഹാപോഹങ്ങളുടെ മേഖലയിലായിരുന്ന വസ്തുതകളെ അവ യാഥാർത്ഥ്യത്തിന്റെ മേഖലയിലെത്തിച്ചു.

ലോക് സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടപ്പോൾ ഇടതു ജനാധിപത്യ മുന്നണി നൽകിയ വിശദീകരണം സംസ്ഥാന ഭരണകൂടം ചെയ്ത നല്ല കാര്യങ്ങളെക്കുറിച്ച് ജനങ്ങളെ ബോധ്യ്യപ്പെടുത്താൻ കഴിഞ്ഞില്ലെന്നാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടായപ്പോഴും ഇതേ വിശദീകരണമുണ്ടായി. കേരളം പോലെയുള്ള ഒരു സംസ്ഥാനത്ത് ഭരണകൂടം ചെയ്യുന്നതിനെക്കുറിച്ച് ജനങ്ങൾ അറിയാതിരിക്കുന്നതെങ്ങനെയാണ്? മുഖ്യധാരാ മാധ്യമങ്ങൾ ഇടതുവിരോധം മൂലം അതൊക്കെ മറച്ചുപിടിച്ചാലും ഭരണകക്ഷികൾക്ക് നേരിട്ടുംസ്വന്തം മാധ്യമങ്ങളിലൂടെയും വിവരം ജനങ്ങളിലെത്തിയ്ക്കാനാവും. ആദ്യ വിലയിരുത്തലുകളിൽ ചില വ്യത്യാസങ്ങൾ സി.പി.എം. പിന്നീട് വരുത്തുകയുണ്ടായി. പാർട്ടിയ്ക്കും ജനങ്ങൾക്കുമിടയിൽ അകൽച്ച ഉണ്ടായതായി ഇപ്പോൾ പാർട്ടി അംഗീകരിക്കുന്നുണ്ട്. എന്നാൽ ഈ അകൽച്ച എങ്ങനെയുണ്ടായെന്ന് വിശദീകരിച്ചു കണ്ടില്ല. കുറേക്കൂടി സത്യസന്ധമായി കാര്യങ്ങൾ വിലയിരുത്തിയാൽ എന്താണ് നടക്കുന്നതെന്ന് മനസിലാക്കാനാവാഞ്ഞതിനാലല്ല, മനസിലായതുകൊണ്ടാണ്, ജനങ്ങൾ പാർട്ടിയിൽ നിന്ന് അകലുന്നതെന്ന് വ്യക്തമാകും. ഇവിടെയാണ് നിയമനത്തട്ടിപ്പ് സംബന്ധിച്ച് പുറത്തു വന്നിട്ടുള്ള വസ്തുതകളുടെ പ്രസക്തി.

നേരത്തെ കേരള സർവകലാശാലയിലെ നിയമനങ്ങളിൽ തിരിമറി നടന്നതായി ലോകായുക്ത കണ്ടെത്തുകയും ചില നടപടികൾ ശിപാർശ ചെയ്യുകയും ചെയ്തിരുന്നു. നടപടി ഉണ്ടായില്ല. പിന്നീട് വിഷയം ഹൈക്കോടതിയുടെ മുന്നിലെത്തി. കോടതി നടത്തിയ അന്വേഷണം ലോകായുക്തയുടെ കണ്ടെത്തൽ ശരിവെയ്ക്കുന്നതാണെന്നാണ് റിപ്പോർട്ട്. പാർട്ടിക്കുവേണ്ടി സർവകലാശാല ഭരിക്കുന്നവർ ഏതാനും പേർ പാർട്ടി നേതാക്കളുടെ ബന്ധുക്കൾക്കും പോഷകസംഘടനകളുടെ നേതാക്കൾക്കും ജോലി തരപ്പെടുത്തിയെന്ന് അന്വേഷണങ്ങളിൽ വെളിപ്പെട്ടു. ഇത്തരം തിരിമറികളെക്കുറിച്ച് ജനങ്ങൾ മനസിലാക്കുന്നത് അന്വേഷണ റിപ്പോർട്ടുകളിലൂടെയല്ല, സ്വന്തം അനുഭവങ്ങളിലൂടെയാണ്. ലക്ഷക്കണക്കിനാളുകൾ ജോലിയന്വേഷിച്ചു നടക്കുന്ന നാടാണിത്. ജോലി കിട്ടാതെ വരുമ്പോൾ ആർക്കാണ് കിട്ടിയതെന്ന് അവർ അന്വേഷിക്കും. അപ്പോൾ രാഷ്ട്രീയസ്വാധീനമുള്ളവർക്കാണ് കിട്ടിയതെന്ന് അവർ മനസിലാക്കും. പാർട്ടി വേണ്ടപ്പെട്ടവർക്ക് തരപ്പെടുത്തിക്കൊടുക്കുന്ന ഓരോ ജോലിയിലൂടെയും നേടുന്നതിലേറെ വോട്ടുകൾ അതോടെ നഷ്ടപ്പെടും.

അല്പം സ്വജനപക്ഷപാതമൊക്കെ കേരളം പോലെ ഫ്യൂഡൽ സ്വാധീനത്തിൽ നിന്ന് പൂർണ്ണമോചനം നേടിയിട്ടില്ലാത്ത ഒരു നാട്ടിൽ പ്രതീക്ഷിക്കാവുന്നതാണ്. ഇഷ്ടജനങ്ങളെ സഹായിക്കാനായി ഉദ്യോഗാർത്ഥികളുടെ ഉത്തരക്കടലാസുകൾ മൊത്തത്തിൽ നശിപ്പിച്ചതായാണ് സർവകലാശാലാ നിയമനം സംബന്ധിച്ച അന്വേഷണത്തിൽ വെളിപ്പെട്ടത്. അതിനുത്തരവാദികൾ ആരാണെന്ന് വ്യക്തമായിട്ടും അവർക്കെതിരെ ഒരു നടപടിയുമുണ്ടായിട്ടില്ല. പാർട്ടിയുടെ അറിവോടും സമ്മതത്തോടുമാണ് തിരിമറി നടന്നതെന്നാണ് ഇത് സൂചിപ്പിക്കുന്നത്. പബ്ലിക് സർവീസ് കമ്മിഷൻ സ്ഥാനങ്ങൾ ഭരണകക്ഷികൾ വീതിച്ചെടുക്കുകയാണ് പതിവ്. കമ്മിഷൻ നടത്തുന്ന പരീക്ഷകളിൽ ക്രമക്കേടുകൾ നടക്കുന്നതായി ആരോപണമുണ്ട്. പരീക്ഷ എഴുതാതെ തന്നെ ജോലി തരപ്പെടുത്താൻ കഴിയുന്ന സാഹചര്യം നിലനിൽക്കുന്നതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറയുന്നത്. ജനങ്ങളെ ഭരണകക്ഷികളിൽ നിന്ന് അകറ്റാൻ ഇതൊക്കെ പോറേ?

റാഡിയാ ടേപ്പുകളിലൂടെ വെളിപ്പെട്ടത് അത്യുന്നതങ്ങളിലെ അഴിമതിയാണ്. ടെലിഫോൺ കുംഭകോണം സംബന്ധിച്ച വിവരങ്ങൾ പുറത്തുകൊണ്ടുവന്ന ജെ. ഗോപീകൃഷ്ണൻ എന്ന ലേഖകൻ തന്നെ ആ വിഷയത്തിൽ നിന്ന് പിന്തിരിപ്പിക്കാനായി മന്ത്രി 20 കൊല്ലത്തെ ശമ്പളത്തിനു തുല്യമായ തുക വാഗ്ദാനം ചെയ്തതായി വെളിപ്പെടുത്തിയിട്ടുണ്ട്. അഴിമതി നടത്തുന്നവർ അത് പൂഴ്ത്തിവെക്കാൻ കൂടുതൽ തെറ്റ് ചെയ്യുന്നതിന്റെ മറ്റൊരു ഉദാഹരണമാണിത്. വിക്കിലീക്സിനു ചോർത്തിക്കിട്ടിയ മുഴുവൻ വിവരങ്ങളും നീരാ റാഡിയയുടെ ടേപ്പു ചെയ്യപ്പെട്ട സംഭാഷണങ്ങളും പൂർണ്ണമായും പുറത്തുവന്നിട്ടില്ല. ഒരുപക്ഷെ നിയമനത്തട്ടിപ്പിന്റെ കാര്യത്തിലും എല്ലാ വിവരങ്ങളും പുറത്തുവന്നിട്ടുണ്ടാവില്ല. പക്ഷെ ഒന്ന് വ്യക്തമാണ്. എല്ലാ ഭരണകൂടങ്ങളും ജനങ്ങളെ വഞ്ചിച്ചു കൊണ്ടിരിക്കുകയാണെന്ന് കഴിഞ്ഞ കൊല്ലത്തെ ചോർച്ചകൾ സാക്ഷ്യപ്പെടുത്തുന്നു. ജാഗ്രത പുലർത്താത്ത സമൂഹങ്ങളുടെ വിധിയാണിത്.

(ഇന്ത്യാ ടുഡെ, ജനുവരി 12, 2011)

Friday, January 7, 2011

ഇറോം ശർമിള കേരളത്തിൽ




പട്ടാളത്തിന്റെ അതിക്രമത്തിനെതിരെ പത്തു കൊല്ലമായി മണിപ്പൂരിൽ സഹന സമരത്തിലേർപ്പെട്ടിരിക്കുന്ന ഇറോം ശർമിളയുടെ ധീരവും സമാധാനപരവുമായ ചെറുത്തുനില്പിനെ ആധാരമാക്കിയുള്ള സിവിക് ചന്ദ്രന്റെ നാടകംനരങ്ങിൽ.

ഈ പ്രസ്ഥാനത്തിന് വിജയം ആശംസിക്കുന്നു.