Friday, December 5, 2008

ഭീകരപ്രവര്‍ത്തനവും മനുഷ്യാവകാശപ്രവര്‍ത്തനവും

‘ഭീകരവാദികള്‍ക്ക് എന്ത് മനുഷ്യാവകാശം?‘ മനുഷ്യാവകാശലംഘനങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുമ്പോള്‍ പലപ്പോഴും കേള്‍ക്കാറുള്ള ഒരു ചോദ്യമാണിത്.

അടുത്തകാലാംവരെ ഈ ചോദ്യം ഏറ്റവും ഉച്ചത്തില്‍ ഉയര്‍ത്തിയിരുന്നത് ഹിന്ദു വോട്ട് സമാഹരണം ലക്ഷ്യമിട്ട് തീവ്രവാദം ഇസ്ലാമിക പ്രവര്‍ത്തനമാണെന്ന തരത്തില്‍ പ്രചാരണം നടത്തിവന്നിരുന്ന സംഘ പരിവാര്‍ സംഘടനകളാണ്. മലേഗാവ് സ്ഫോടനങ്ങള്‍ക്ക് പിന്നില്‍ പ്രവര്ത്തിച്ചത് ഹിന്ദുക്കളാണെന്ന നിഗമനത്തില്‍ അന്വേഷണോദ്യോഗസ്ഥര്‍ എത്തുകയും സംഘ പരിവാര്‍ ബന്ധമുള്ള ഏതാനും ‌പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തപ്പോള്‍ അവരുടെ നിലപാടില്‍ ഒരു ചെറിയ മാറ്റമുണ്ടായി. ഭീകരപ്രവര്‍ത്തനത്തിന് അറസ്റ്റ് ചെയ്യപ്പെട്ട ഹിന്ദുക്കളുടെ മനുഷ്യാവകാശലംഘനങ്ങളെക്കുറിച്ച് അവര്‍ പരാതികള്‍ ഉന്നയിച്ചുതുടങ്ങി. ഭീകരര്‍ക്ക് മതമില്ലെന്ന് പ്രഖ്യാപിക്കാനും അവര്‍ തയ്യാറായി.

പൊലീസ് ഐ.ജി. ഡോ. ബി. സന്ധ്യ ‘ഭീകരവാദം നേരിടാന്‍ ജാഗ്രത’ എന്ന തലക്കെട്ടില്‍ ഇന്നത്തെ മാതൃഭൂമി ദിനപ്പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ ചില മനുഷ്യാവകാശ സംഘടനകളുടെയെങ്കിലും പ്രവര്‍ത്തനം ഭീകരവാദികള്‍ക്ക് സഹായകമാണെന്ന ദു:സൂചനയുണ്ട്. സന്ധ്യ എഴുതുന്നു: “ഭീകരവാദികളെ രക്ഷിക്കാന്‍ മാത്രം പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ ഗ്രൂപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ നാം സശ്രദ്ധം വീക്ഷിക്കേണ്ടതുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥരെക്കുറിച്ചും സുരക്ഷാ ഏജന്‍സികളെക്കുറിച്ചും വളരെ മോശമായ അഭിപ്രായം ജനങ്ങളുടെ ഇടയില്‍ പ്രചരിപ്പിക്കുന്നതും അവരില്‍ ജനങ്ങള്‍ക്ക് വിശ്വാസമില്ലാതാക്കാന്‍ ശ്രമിക്കുന്നതും അരക്ഷിതാവസ്ഥ വളര്‍ത്തുന്നതിനുള്ള തന്ത്രമാണെന്ന് തിരിച്ചറിയണം.”

നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സംഘടനകള്‍ പരസ്യമായ പ്രവര്‍ത്തനങ്ങള്‍ക്കായി ‘ഫ്രന്റ്’ സംഘടനകള്‍ ഉണ്ടാക്കുന്നത് ഒരു പുതിയ കാര്യമല്ല. അത്തരം സംഘടനകളുടെ പ്രവര്‍ത്തനം എല്ലാക്കാലത്തും പൊലീസ് സശ്രദ്ധം
വീക്ഷിച്ചുപോന്നിട്ടുണ്ട്. പൊലീസിനെ കൂടാതെ ജനങ്ങളും അവയുടെ പ്രവര്‍ത്തനം സശ്രദ്ധം വീക്ഷിക്കണം എന്നാവണം സന്ധ്യ ഉദ്ദേശിക്കുന്നത്. ഈ നിര്‍ദ്ദേശം തെറ്റാണെന്ന് പറയാനാവില്ല. അതേസമയം സശ്രദ്ധ വീക്ഷണം, ചില സംസ്ഥാനങ്ങളില്‍ സംഭവിച്ചിട്ടുള്ളതുപോലെ, പൊലീസിന്റെ ഒത്താശയോടെ പാര്‍ട്ടി പ്രവര്ത്തകരും ‘ജാഗ്രതാ സമിതി’കളും നിയമം കയ്യിലെടുക്കുന്ന അവസ്ഥയിലേക്ക് നീങ്ങുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.

ജനങ്ങള്‍ പൊലീസിനെയും മറ്റു സുരക്ഷാ ഏജന്‍സികളെയും വിലയിരുത്തുന്നത് അവയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് നേരിട്ടും അല്ലാതെയും കിട്ടുന്ന അറിവിന്റെ അടിസ്ഥനത്തിലാണ്, ഏതെങ്കിലും സംഘടനകള്‍ നടത്തുന്ന പ്രചാരണത്തിന്റെ അടിസ്ഥാനത്തിലല്ല. കാലാകാലങ്ങളില്‍ പുറത്തുവരുന്ന ഉരുട്ടിക്കൊലകളുടെയും പീഡനങ്ങളുടെയും കഥകള്‍ക്കപ്പുറം ആര്, എന്ത് പ്രചരണമാണ് ഇവിടെ നടത്തുന്നത്?

സന്ധ്യ എഴുതുന്നു: “നമ്മുടേത് ഒരു ജനാധിപത്യരാജ്യമാണ്. മനുഷ്യാവകാശങ്ങള്‍ക്ക് നാം ഏറെ വില കല്പിക്കുന്നു.” ഈ ബോധം ഉണ്ടാവുകയും മനുഷ്യാവകാശങ്ങള്‍ മാനിക്കുകയും ചെയ്യുന്നിടത്തോളം ഭീകരവാദികളെ രക്ഷിക്കാന്‍ മാത്രമുള്ളവയുള്‍പ്പെടെ ഒരു മനുഷ്യാവകാശ സംഘടനയുടെ പ്രവര്‍ത്തനവും സുരക്ഷാസേനകളെ അലോസരപ്പെടുത്തേണ്ടതില്ല. മനുഷ്യാവകാശങ്ങള്‍ മാനിക്കണമെന്നല്ലാതെ ഭീകരപ്രവര്ത്തനം തടയരുതെന്ന് ഒരു സംഘടനയും ആവശ്യപ്പെടുന്നില്ല.

10 comments:

Manikandan said...

Sir,

നിരപരാധികാളായ സാധരണജനങ്ങളെ യാതൊരു നീതീകരണവും ഇല്ലാതെ കൊന്നൊടുക്കുന്ന ഭികരപ്രവർത്തകരുടെ മനുഷ്യാവകാശത്തെക്കുറിച്ച് വാദിക്കുന്നതുകേൾക്കുമ്പോൾ അമർഷം തോന്നാറുണ്ട്. മറ്റൊരാളുടെ ജീവൻ ഒരു കാരണവും ഇല്ലാതെ അപഹരിക്കുന്ന ഒരു വ്യക്തിക്കു സ്വന്തം അവകാശങ്ങൾക്കു വേണ്ടി വാദിക്കാൻ എന്താണ് അർഹത.

BHASKAR said...

മണികണ്ഠന്‍, എല്ലാ ഭീകരപ്രവര്‍ത്തനവും മനുഷ്യാവകാശലംഘനമാണ്. ഭീകരപ്രവര്‍ത്തകര്‍ നിയമവ്യവസ്ഥയെ പരസ്യമായി വെല്ലുവിളിക്കുന്നവരാണ്. പൊലീസും മറ്റ് സുരക്ഷാ ഏജന്‍സികളും നിയമവിധേയമായി പ്രവര്‍ത്തിക്കാന്‍ ബാദ്ധ്യസ്ഥതയുള്ളവയാണ്. ഈ വ്യത്യാസം നിലനില്‍ക്കണം.

പരേതന്‍ said...

ജീവിക്കാനുള്ള ഒരുവന്‍റെ അവകാശത്തെ ഹനിക്കുന്ന തീവ്രവാദികള്‍ സ്വന്തം ജീവിക്കാനുള്ള അവകാശം അതോടെ ഇല്ലാതാക്കുകയാണ്..
പക്ഷെ അവരെ ജയില്‍ വെച്ചു കരം കൊടുക്കുന്നവന്‍റെ പണം കൊണ്ടു ഭക്ഷണം തീറ്റുംപോള്‍ വീണ്ടും പാവങ്ങളുടെ ജീവിക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്യുകയാണ്..
കാരണം തീവ്രവാദികള്‍ ജീവിക്കാന്‍ അവകാശമില്ലാത്ത വര്‍ഗ്ഗം ആണ്..അവരെ എന്‍.സി.സി. കുട്ടികള്‍ക്ക് ഉന്നം നോക്കി വെടിവെയ്ക്കാന്‍ കൊടുക്കാം..

chithrakaran ചിത്രകാരന്‍ said...

പ്രിയ ബി.ആര്‍.പി.,
താങ്കള്‍ തിരുവനന്തപുരത്തായതിനാല്‍ തീവ്രവാദ-രാജ്യദ്രോഹ പ്രവര്‍ത്തനങ്ങാളുടെ ചൂട് ശരിയായി അറിയുന്നില്ലെന്നാണ് ചിത്രകാരന്‍ ഊഹിക്കുന്നത്.

മലപ്പുറത്തും,കണ്ണൂരും,കാസര്‍ഗോഡുമൊക്കെ സി.പി.എം. പാര്‍ട്ടി ഗ്രാമങ്ങളെപ്പോലെ ഇസ്ലാമിക തീവ്രവാദി ഗ്രാമങ്ങളും നമ്മുടെ
മനുഷ്യാവകാശബോധത്തിന്റെയും,സി.പി.എം വര്‍ഗ്ഗീയ പ്രീണനത്തിന്റേയും തണലില്‍ വളര്‍ന്നു വന്നിട്ടുണ്ട്. ഡോ.ബി.സന്ധ്യയുടെ ലേഖനം വായിച്ചപ്പോള്‍ പോലീസിന്റെ യാഥാര്‍ത്ഥ്യബോധത്തില്‍ ആശ്വാസം തോന്നുകയാണുണ്ടായത്.

തീര്‍ച്ചയായും നിരപരാധികളെ പീഡിപ്പിക്കുന്നതിനെതിരെ ഉണര്‍ന്നിരിക്കണം.
പക്ഷേ, തീവ്രവാദികള്‍ നമ്മുടെ മഹാമനസ്ക്കതക്കകത്ത് ആയുധം സംഭരിച്ചുവക്കുന്നില്ലെന്നും,യഥാര്‍ത്ഥ മനുഷ്യാവകാശപ്രവര്‍ത്തകര്‍ ഇടക്കിടെ പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതുണ്ട്.

Hari said...

പ്രിയ ഭാസ്കര്‍,
"തെമ്മാടിയുടെ അവസാനത്തെ അഭയകേന്ദ്രമാണ് രാജ്യസേ്‌നഹം" എന്ന സാമുവല്‍ ജോന്‍സന്റെ അഭിപ്രായം ഈ അടുത്ത് കലാകൗമുദിയില്‍ ഉദ്ദരിച്ചുകണ്ടിരുന്നു. ഇന്നലെ കണ്ണൂരില്‍ പോരാട്ടം പ്രവര്‍ത്തകരെ ബി ജെ പി യുടെ യുവജനങ്ങള്‍ ചെരുപ്പുമാലയണിയിച്ച പശ്ചാത്തലത്തില്‍ താങ്കളുടെ പോസ്റ്റിന് തികച്ചും പ്രാധാന്യമുണ്ട്. കണ്ണിന് കണ്ണെന്ന കിരാത നിയമ വാഴ്ചയല്ല നമ്മുടെ നാട്ടില്‍ നിലനില്‍ക്കുന്നത്. കുറ്റവാളികളുടെ കുറ്റത്തിന്റെ തീവ്രതയനുസരിച്ച് അവരെ കൈകാര്യം ചെയ്യാന്‍ പോലീസിനോ മറ്റ് ഏജന്‍സികള്‍ക്കൊ നിയമവാഴ്ച്ച നിലനില്‍ക്കുന്ന ഈ നാട്ടില്‍ അവകാശമില്ല. ഐ ജി യുടെ ലേഖനം, തങ്ങള്‍ക്ക് അപൂര്‍വമായെങ്കിലൂം ഭീഷണിയാകാറുള്ള മനുഷ്യവകാശ പ്രവര്‍ത്തകര്‍ക്കുനേരെ അനുകൂല സാഹചര്യങ്ങള്‍ നിലനില്‍ക്കുമ്പോള്‍ നടത്തിയ ഒരു ആരോപണമാണ്. പക്ഷെ ഇത്തരം ആരോപണങ്ങള്‍ വോട്ടുബാങ്ക് രാഷ്ട്രീയ നാടകനടന്മാര്‍ക്ക്, കണ്ണൂരില്‍ പോരാട്ടം പ്രവര്‍ത്തകര്‍ക്കു നേരെ നടത്തിയതുപോലുള്ള അഭിപ്രായ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നാക്രമണങ്ങള്‍ നടത്താനുള്ള പ്രോത്സാഹനമായി മാറാനുള്ള സാധ്യതയുണ്ട് .

BHASKAR said...

"തീവ്രവാദികള്‍ ജീവിക്കാന്‍ അവകാശമില്ലാത്ത വര്‍ഗ്ഗം ആണ്“. ചിലര്‍ക്ക് ജീവിക്കാന്‍ അവകാശമില്ലെന്ന് പരേതന്‍ വിധിക്കുന്നു. മറ്റ് ചിലര്‍ക്ക് ജീവിക്കാന്‍ അവകാശമില്ലെന്ന് ഒസാമാ ബിന്‍ ലാദന്‍ വിധിക്കുന്നു. ഇതില്‍ ഒരാള്‍ ഭീകരവാദിയും മറ്റേയാള്‍ ജനാധിപത്യവാദിയുമാകുമോ?

ജിവി/JiVi said...

അവസാനകമന്റ് ഞെട്ടിപ്പിച്ചുകളഞ്ഞു ബി ആര്‍ പി സാര്‍, താങ്കള്‍ക്കിതെന്തുപറ്റി?

Sriletha Pillai said...

താങ്കളുടെ അവസാന കമന്റ്‌ കൂടിപ്പോയി!തികച്ചും കൂടിപ്പോയി.അകാരണമായി മരണപ്പെടുന്നവർക്കുവേണ്ടി ഉത്ക്കണ്ടപ്പെടാത്തതെന്തേ?

BHASKAR said...

കമന്റ് ഞെട്ടിപ്പിച്ചെന്ന് ഒരു സുഹൃത്തും തികച്ചും കൂടിപ്പോയെന്ന് മറ്റൊരു സുഹൃത്തും രേഖപ്പെടുത്തിയ സാഹചര്യത്തില്‍ ഖേദം പ്രകടിപ്പിക്കുന്നു.

ഭൂമിപുത്രി said...

‘റൂൾ ഓഫ് ലോ’നിലനിൽക്കുന്ന ഒരു നാട്ടിൽ,ഒരു ഭീകരവാദിയ്ക്ക് കൊടുക്കേണ്ട ശിക്ഷനിശ്ചയിയ്ക്കുന്നത്
പൊതുജനവികാരമല്ല, നീതിപീഠമായിരിയ്ക്കണം.അതിനു മുന്നോടിയായി
മറ്റെല്ലാവർക്കുമെന്നതുപോലെ ഒരു ഫെയർട്രയലിൽക്കൂടിയേ അതു സാദ്ധ്യമാകു.ഇൻഡ്യയിലെ നീതിന്യായവ്യവസ്ഥയ്ക്ക് വിധേയരായി ജീവിയ്ക്കുന്നിടത്തോളം കാലം നമുക്കതംഗീകരിയ്ക്കാതെ പറ്റില്ല.
ഒസാമ പിന്തുടരുന്നത് സ്വന്തം നിയമം മാത്രമാൺ.ആ വ്യത്യാസമാകണം ബി.ആർ.പി.സർ ചൂണ്ടിക്കാണിയ്ക്കാൻ ആഗ്രഹിച്ചത്